Tuesday, August 5, 2014

ശീതയുദ്ധം

ശീതയുദ്ധം  

ഫേസ്ബുക്ക് കൂട്ടായ്മയായ ഫ്രീ തിങ്കേര്‍സ് ഗ്രൂപ്പില്‍ വന്ന പാലാരിവട്ടം ശശി എന്ന പ്രൊഫലിന്റെ ഉടമയുടെ ഒരു പോസ്റ്റിനെയും അതിലെ കമന്റുകളേയും ഏകോപിപ്പിച്ച് സ്നേഹിതനായ സച്ചിന്‍ കെ എസ് തയ്യാറാക്കിയ ശീതസമരത്തെക്കുറിച്ചുള്ള ഒരു പിഡി എഫ് ഡോക്യുമെന്റിനെ അധികരിച്ച് എന്റേതായ രീതിയിലാണ് ഈ കുറിപ്പെഴുതിയിരിക്കുന്നത്. ഇതില്‍ പറഞ്ഞിരിക്കുന്ന കാര്യങ്ങള്‍, ചിത്രങ്ങള്‍ എന്നിവ ഒട്ടുമിക്കതും ഇന്റര്‍നെറ്റില്‍ നിന്നും കടം കൊണ്ടതാണ്. ചരിത്രവിഷയങ്ങളില്‍ താല്‍പ്പര്യമുള്ളവര്‍ക്ക് ഇതിനെകുറിച്ച് കൂടുതലായി അറിയാമെങ്കില്‍ തീര്‍ച്ചയായും പങ്കുവയ്ക്കാന്‍ മറക്കരുത്..


ലോകമാനവരാശിയെ അതിഭീകരമാംവിധം ബാധിച്ച രണ്ടാംലോകമഹായുദ്ധത്തിന്റെ പ്രധാനപ്പെട്ടൊരു ഉപോത്പന്നമായിരുന്നു ശീതയുദ്ധം അഥവാ കോള്‍ഡ് വാര്‍. ലോകഭൂപടത്തിലെ രണ്ട് നിര്‍ണ്ണായകശക്തികളായിരുന്ന അമേരിക്കന്‍ഐക്യനാടുകളും( യു എസ് എ) സോവിയറ്റുപ്പബ്ലിക്കുകളുടെ കൂട്ടായ്മയായ സോവിയറ്റുയൂണിയനും (യു എസ് എസ് ആര്‍- ഇന്ന്‍ ഇങ്ങിനെ ഒരു രാജ്യമില്ല. യു എസ് എസ് ആര്‍ 1991 ല്‍ നിരവധി സ്വതന്ത്രരാഷ്ട്രങ്ങളായി വിഘടിച്ചുമാറി) തമ്മിലുടലെടുത്ത സംഘര്‍ഷവും മത്സരവും വിദ്വേഷവും സംജാതമാക്കിയ യുദ്ധസമാനമായ അവസ്ഥാവിശേഷണമായിരുന്നു ശീതയുദ്ധം എന്നറിയപ്പെടുന്നത്. 1940 കളിലാരംഭിച്ച ഈ മത്സരം സോവിയറ്റുയൂണിയന്റെ തകര്‍ച്ചയോടെ ഒരുവിധമവസാനിച്ചുവെങ്കിലും ഇപ്പോഴും ആ ഒരു സാഹചര്യം വലുതായിട്ടല്ലെങ്കിലും നിലനില്‍ക്കുന്നുണ്ട്. സോവിയറ്റ്ചേരിയിലെ ഏറ്റവും പ്രബലരാജ്യമായ റഷ്യയും സഖ്യകക്ഷികളുടേ ചേരിയില്‍പ്പെട്ട അമേരിക്കയും തമ്മിലാണതുതുടരുന്നത്. ബ്രിട്ടീഷ് പത്രപ്രവർത്തകനും രാഷ്ട്രീയലേഖകനും നോവലിസ്റ്റും ഒപ്പം സാമൂഹികനിരീക്ഷകനുമായിരുന്ന ജോർജ്ജ് ഓർവെൽ ഒരു മാസികയിലെഴുതിയ  ലേഖനത്തിലായിരുന്നു ശീതയുദ്ധം എന്ന വാക്ക് ആദ്യമായി പ്രയോഗിച്ചത്. സോവിയറ്റുയൂണിയനും പാശ്ചാത്യശക്തികൾക്കുമിടയിൽ നിലനിന്നിരുന്ന സൈദ്ധാന്തികപോരാട്ടം എന്നാണ് ഓർവെൽ ഈ യുദ്ധസമാനമായ അവസ്ഥയെ വിശേഷിപ്പിച്ചത്.

യഥാര്‍ത്ഥത്തില്‍ ശീതയുദ്ധമെന്നത് ആയുധംവച്ചുകൊണ്ട് നടത്തുന്ന നേരിട്ടുള്ള രക്തച്ചൊരിച്ചിലായിരുന്നില്ല. എന്നാല്‍ പരസ്പ്പരമുള്ള മത്സരബുദ്ധിയുടെ ബാക്കിപത്രമെന്നോണം നിരവധി രക്തരൂക്ഷിതമായ യുദ്ധങ്ങള്‍ ഇതിന്റെ ഭാഗമായി നടക്കുകയുണ്ടായി. വിയറ്റ്നാംയുദ്ധം, കൊറിയൻയുദ്ധം, അഫ്ഗാൻയുദ്ധം തുടങ്ങിയ യുദ്ധങ്ങള്‍ ശീതസമരത്തിന്റെ ജാരസന്തതികളായിരുന്നു. ശീതസമരകാലഘട്ടത്തില്‍ മറ്റുലോകരാജ്യങ്ങള്‍ അങ്ങേയറ്റം ഭയാനകമായ ഒരു അവസ്ഥാവിശേഷത്തിലാണ് കഴിഞ്ഞിരുന്നത്. ഈ ഭയപ്പാടുമൂലം  ഒട്ടുമിക്കരാജ്യങ്ങളും പലപല സൈനികഉടമ്പടികളിലൂടെ പരസ്പ്പരം ബന്ധിതരായിമാറി. ലോകത്തിലെ രണ്ട് വന്‍ശക്തികളും ആണവശക്തികളുമായ അമേരിക്കയും സോവിയറ്റ് യൂണിയനും പരസ്പ്പരം ആയുധമെടുക്കാതെ പോരാടി. അതിന്റെഫലമായി അതിനൂതനമായ അനേകം പുതിയ കണ്ടുപിടുത്തങ്ങള്‍ ഉണ്ടാവുകയുണ്ടായി. ഒരേസമയം അങ്ങേയറ്റം നശീകരണശേഷിയാര്‍ന്ന ആയുധങ്ങളും അതേസമയം മനുഷ്യവര്‍ഗ്ഗത്തിനു വളരെയധികം ഉപകാരപ്രദവുമായ പലതും കണ്ടുപിടിയ്ക്കപ്പെട്ടു.ഇക്കാലയളവില്‍ ശാസ്ത്രമേഖലയില്‍ അഭൂതപൂര്‍വ്വമായ കുതിച്ചുചാട്ടമാണ് നടത്തപ്പെട്ടത്. വിവിധയിനം വാഹനങ്ങള്‍, അത്യാധുനികവിമാനങ്ങള്‍, ബഹിരാകാശ ദൌത്യങ്ങള്‍ക്കുള്ള പേടകങ്ങള്‍ എന്നിവയൊക്കെ നിര്‍മ്മിക്കപ്പെട്ടു. ഇവയില്‍പ്പലതും സിവിലിയന്‍ ആവശ്യങ്ങള്‍ക്കായും ഉപകാരപ്പെട്ടുതുടങ്ങി. എത്രയെങ്കിലും കാലങ്ങളെടുക്കുമായിരുന്ന പലപല കണ്ടെത്തലുകളും ത്വരിതഗതിയില്‍ പൂര്‍ത്തിയാക്കി അവ ലോകത്തിനു സമ്മാനിച്ചത് ശീതയുദ്ധം സമ്മാനിച്ച അരക്ഷിതാവസ്ഥ മൂലമായിരുന്നു.


രണ്ടാംലോകമഹായുദ്ധത്തിന്റെ തുടക്കംവരെയും ലോകഗതിയെ പ്രധാനമായും നിയന്ത്രിച്ചിരുന്നത് സൂര്യനസ്തമിക്കാത്ത സാമ്രാജ്യത്തിന്റെ അധിപരായ ബ്രിട്ടണായിരുന്നു. എന്നാല്‍ രണ്ടാംലോകമഹായുദ്ധമായപ്പോഴേയ്ക്കും ബ്രിട്ടന്റെ അപ്രമാദിത്വം അവസാനിച്ചുതുടങ്ങിയിരുന്നു. ജര്‍മ്മനിയുടെ ശക്തമായ ആക്രമണത്താല്‍ ബ്രിട്ടണ്‍ മൂക്കുകുത്താനാരംഭിച്ചു. യുദ്ധകാലഘട്ടത്തില്‍ നിഷ്പക്ഷനായി ആദ്യമൊക്കെനിന്ന അമേരിക്ക ജപ്പാന്റെ കൈയിലിരിപ്പുകൊണ്ട് അവിചാരിതമായി യുദ്ധത്തിലേയ്ക്കിറങ്ങുകയും താമസിയാതെതന്നെ ഒരു അനിഷേധ്യരാജ്യമായി മാറുവാനാരംഭിക്കുകയും ചെയ്തു. സോവിയറ്റുയൂണിയനും ആദ്യസമയത്തെ തിരിച്ചടിയില്‍നിന്നു കരകയറി മുന്നേറാനാരംഭിച്ചു. യുദ്ധാവസാനം കണ്ടപ്പോഴേയ്ക്കും അമേരിക്കയും സോവിയറ്റുയൂണിയനും രണ്ട് ലോകവന്‍ശക്തികളായി മാറിയിരുന്നു. ബ്രിട്ടന്റെ സാമ്രാജ്യം അസ്തമിക്കുകയും പലകോളനികളും അവരില്‍നിന്നു സ്വതന്ത്രരാകുകയും ചെയ്തു. യുദ്ധാനന്തരം ലോകംപങ്കിട്ടെടുക്കാനുള്ള അമേരിക്കയുടേയും റഷ്യയുടേയും വ്യഗ്രതയും ദുരയുമാണ് സത്യത്തില്‍ ശീതയുദ്ധത്തിന്റെ മൂലകാരണമായ് വര്‍ത്തിച്ചത്. ഇരുവരുടേയും ഇടപെടലുകള്‍മൂലം യുദ്ധത്തിനായ് ഒത്തൊരുമിച്ചവര്‍ യുദ്ധാനന്തരം തെറ്റിപ്പിരിയുന്നതിലേയ്ക്കെത്തിച്ചേര്‍ന്നു.

പോട്സ്ഡാം കോണ്‍ഫറന്‍സ്

ജര്‍മ്മനി രണ്ടാംലോകമഹായുദ്ധത്തില്‍ പരാജയംസമ്മതിച്ചതോടെ 1945 ഓഗസ്റ്റില്‍ ജര്‍മ്മനിയിലെ പോട്സ്ഡാം എന്ന സ്ഥലത്തുവച്ച് ബ്രിട്ടന്റേയും അമേരിക്കയുടേയും റഷ്യയുടേയും പ്രതിനിധികള്‍ ഒരുമിച്ചുകൂടി.യുദ്ധത്തില്‍ പരാജയപ്പെട്ട രാജ്യങ്ങളുമായി ഉണ്ടാക്കേണ്ട കരാറുകള്‍ ചര്‍ച്ചചെയ്യാനും യൂറോപ്പിന്റെ ഗതിയെന്തെന്ന്‍ നിര്‍ണ്ണയിക്കാനുമായിരുന്നു ആറ്റ്ലി, സ്റ്റാലിന്‍, ട്രൂമാന്‍ എന്നിവരുടെ നേതൃത്വത്തില്‍ ചേര്‍ന്ന ഈ കോണ്‍ഫറന്‍സിന്റെ പ്രധാന ഉദ്ദേശ്യം. ഈ കോണ്‍ഫറന്‍സില്‍വച്ച് അമേരിക്കന്‍ പ്രസിഡന്റായിരുന്ന ട്രൂമാന്‍ തങ്ങള്‍ താമസിയാതെതന്നെ ഒരു ശക്തമായ ആയുധപരീക്ഷണം നടത്തുമെന്ന്‍ പ്രഖ്യാപിക്കുകയുണ്ടായി. ഈ പ്രഖ്യാപനംകഴിഞ്ഞ് ഒരാഴ്ചക്കുശേഷമാണ് ഹിരോഷിമായില്‍ അമേരിക്ക അണുബോംബ് വര്‍ഷിച്ചത്. രണ്ടുദിവസത്തിനുശേഷം നാഗസാക്കിയിലും മറ്റൊരു അണുബോംബ് വര്‍ഷിച്ചതോടെ ജപ്പാനും കീഴടങ്ങി രണ്ടാം ലോകമഹായുദ്ധത്തിനന്ത്യമാകുകയും ചെയ്തു.


ആറ്റ്ലി, ട്രൂമാന്‍, സ്റ്റാലിന്‍ തുടങ്ങിയവര്‍ കോണ്‍ഫറന്‍സിനിടയില്‍

പോട്സ്ഡാം കോണ്‍ഫറന്‍സില്‍വച്ച് ജര്‍മ്മനിയെ നിരായുധീകരിക്കാനും ഒപ്പം നാലുമേഖലകളായി വിഭജിച്ച് ഈ നാലുമേഖലകള്‍ ബ്രിട്ടന്‍, അമേരിക്ക, ഫ്രാന്‍സ്, സോവിയറ്റ് യൂണിയന്‍ എന്നിവരുടെ അധീനതയിലാക്കുവാനും  തീരുമാനിക്കപ്പെട്ടു. രണ്ടാം ലോകമഹായുദ്ധത്തില്‍ ഏകദേശം യൂറോപ്പ് മുഴുവനായും നാസിജര്‍മ്മനി പിടിച്ചടക്കിയിരുന്നു. ഇതില്‍ കിഴക്കന്‍ യൂറോപ്പിനേയും ജര്‍മ്മനിയുടെ പകുതിയേയും നാസികളില്‍നിന്നു മോചിതരാക്കിയത് റഷ്യന്‍ചേരിയായിരുന്നു. അതുകൊണ്ടുതന്നെ തങ്ങള്‍ മോചിതരാക്കിയ ഈ രാജ്യങ്ങളില്‍ യുദ്ധാന്നതരം കമ്യൂണിസ്റ്റ്സര്‍ക്കാരുകള്‍ നിലവില്‍വരണമെന്ന്‍ സ്റ്റാലിന്‍ ആഗ്രഹിച്ചു. പൊതുതിരഞ്ഞെടുപ്പുകളോ മറ്റുപാര്‍ട്ടികളുടെ പ്രവര്‍ത്തനമോ ഇവിടം അനുവദിക്കാനാകില്ല എന്നു സ്റ്റാലിന്‍ നിലപാടെടുത്തത് പടിഞ്ഞാറന്‍ ചേരിയില്‍പ്പെട്ട അമേരിക്കയ്ക്കൊന്നും സ്വീകാര്യമായില്ല. രണ്ടാം ലോകമഹായുദ്ധാവസാനംവരെ കമ്മ്യൂണിസ്റ്റുകളെയും റഷ്യയേയും വലുതായ് ആരുംതന്നെ അംഗീകരിച്ചിരുന്നില്ല. മാത്രമല്ല കമ്മ്യൂണിസ്റ്റ്ആശയങ്ങളെ മറ്റുരാജ്യങ്ങള്‍ അതിശക്തമായിത്തന്നെ അടിച്ചമര്‍ത്തിയിരുന്നു. പലവിധഉപരോധങ്ങളാലും നട്ടംതിരിഞ്ഞിരുന്ന കമ്മ്യൂണിസ്റ്റുകള്‍ അവര്‍ക്കാവശ്യമായതൊക്കെയും സ്വന്തമായിത്തന്നെ സൃഷ്ടിച്ചെടുക്കേണ്ട അവസ്ഥയിലുമായിരുന്നു. ഈ അവസരത്തിലുണ്ടായ യുദ്ധത്തില്‍ തങ്ങള്‍നേടിയ അധീശത്വം കൈവിട്ടുകളഞ്ഞാല്‍ പിന്നീടൊരിക്കലും കമ്മ്യൂണിസത്തിനു നിലനില്‍പ്പുണ്ടാകില്ല എന്നു ദീര്‍ഘദര്‍ശനംചെയ്ത സ്റ്റാലിന്‍ തങ്ങളുടെ അധീനതയിലും നിയന്ത്രണത്തിലുമുള്ള രാജ്യങ്ങളില്‍ കമ്മ്യൂണിസ്റ്റ് സര്‍ക്കാരുകളുണ്ടാക്കുന്നതില്‍ ബദ്ധശ്രദ്ധനായി നിലകൊണ്ടു.

ബെര്‍ലിന്‍ മതില്‍

കിഴക്കന്‍ജര്‍മ്മനിയെ സോവിയറ്റുയൂണിയന്‍ കമ്മ്യൂണിസ്റ്റുവത്ക്കരിക്കുന്നു എന്നാരോപിച്ച് അമേരിക്കയും ബ്രിട്ടണും ഫ്രാന്‍സും ചേര്‍ന്ന്‍ തങ്ങളുടെ അധീനതയിലുണ്ടായിരുന്ന പടിഞ്ഞാറന്‍ജര്‍മ്മനിയില്‍ ഒരു ജനാധിപത്യഗവണ്മെന്റിനു രൂപംനല്‍കി. റഷ്യന്‍ നിയന്ത്രണത്തിലുള്ള ഭാഗം ജര്‍മ്മന്‍ ഡെമോക്രാറ്റിക്റിപ്പബ്ലിക് എന്നും പടിഞ്ഞാറന്ചേരിയുടേത് ഫെഡറല്‍ റിപ്പബ്ലിക് ഓഫ് ജര്‍മ്മനി എന്നുമറിയപ്പെട്ടു. ജര്‍മ്മനിയുടെ തലസ്ഥാനമായിരുന്ന ബെര്‍ലിന്‍  കിഴക്കന്‍ പടിഞ്ഞാറന്‍ എന്നിങ്ങനെ രണ്ടായിമുറിക്കപ്പെട്ടു. സമ്പൽസമൃദ്ധിയിലും സ്വാതന്ത്ര്യത്തിലും പശ്ചിമജർമ്മനി ഏറെമുന്നിലായിരുന്നു. അതുകൊണ്ടുതന്നെ പൂര്‍വ്വജര്‍മ്മനിയില്‍നിന്നു പശ്ചിമജർമ്മനിയിലേയ്ക്ക് വളരെവലിയതോതിലുള്ള അഭയാര്‍ത്ഥിപ്രവാഹമുണ്ടായി. മാത്രമല്ല ഇരുജര്‍മ്മനികളും തമ്മില്‍ അഭിപ്രായവ്യത്യാസങ്ങള്‍ രൂക്ഷമാകുകയും ഒരു യുദ്ധസമാന അന്തരീക്ഷം സംജാതമാകുകയും ചെയ്തതോടെ 1961 ആഗസ്റ്റിൽ പൂർ‌വ്വജർമ്മനിനിയിലെ കമ്യൂണിസ്റ്റ്സർക്കാർ ഇരുജർമ്മനികളെയും വേർതിരിച്ചുകൊണ്ട് 150 കിലോമീറ്റര്‍ നീളത്തില്‍ ഒരു മതിൽ തീർക്കുകയുണ്ടായി. ഇതാണ്‌ ചരിത്രപ്രസിദ്ധമായ ബെർലിൻമതിൽ. മാത്രമല്ല തങ്ങളുടെ അധീനതയിലുള്ള സ്ഥലത്തുനിന്നു കൂട്ടത്തോടെയുള്ള അഭയാര്‍ത്ഥിപ്രവാഹം കമ്മ്യൂണിസത്തിനു അപകടംവരുത്തിവയ്ക്കുമെന്ന്‍ മനസ്സിലാക്കിയ സ്റ്റാലിന്‍ പശ്ചിമജർമ്മനിയ്ക്കെതിരേ ഉപരോധവുമേര്‍പ്പെടുത്തി.

ഈ ഉപരോധത്തില്‍ പശ്ചിമജർമ്മനിയും ജനങ്ങളും വലഞ്ഞെങ്കിലും അമേരിക്കയുടെ സമയോജിതമായ ഇടപെടല്‍മൂലം അവര്‍ക്ക് അതിനെ അതിജീവിക്കുവാന്‍കഴിഞ്ഞു. അമേരിക്കന്‍ കാര്‍ഗോ വിമാനങ്ങളില്‍ അവര്‍ ജനങ്ങള്‍ക്കാവശ്യമായ എല്ലാസാധനങ്ങളും വലിയ മുടക്കംകൂടാതെ എത്തിച്ചുകൊടുത്തു. ഈ കാര്‍ഗോഷിപ്പിംഗാണ് ചരിത്രപ്രസിദ്ധമായ ബെര്‍ലിന്‍ എയര്‍ലിഫ്റ്റ് എന്നറിയപ്പെടുന്നത്. ഒടുവില്‍ ഉപരോധം ഒരു പരാജയമാണെന്ന്‍ കണ്ടതോടെ സ്റ്റാലിന്‍ അത് പിന്‍വലിക്കുകയുണ്ടായി. 1990 കളില്‍ ജര്‍മ്മനിയിലെ കമ്മ്യൂണിസ്റ്റ്ഭരണകൂടം തകര്‍ന്നതോടെയുണ്ടായ ജനകീയ മുന്നേറ്റത്തെതുടര്‍ന്ന്‍ കാലഘട്ടത്തിന്റെ അനിവാര്യതയെന്നോണം ബെര്‍ലിന്‍മതിലും തകര്‍ന്നുവീണു.

ബെര്‍ലിന്‍ മതില്‍ തകര്‍ന്നു വീഴുന്നു..


പല രാജ്യങ്ങള്‍തമ്മിലും രണ്ടാംലോകമഹായുദ്ധസമയത്തുണ്ടായിരുന്ന സൌഹാര്‍ദ്ധവും സഖ്യവുമൊക്കെ ആ യുദ്ധത്തിന്റെ അവസാനത്തോടെ ഇല്ലാതായി. ആശയപരമായ വ്യത്യസ്തതയാല്‍ ലോകം രണ്ടുചേരികളായിപ്പിരിഞ്ഞു. സോവിയറ്റ് യൂണിയന്റെ നേതൃത്വത്തിലുള്ള സോഷ്യലിസ്റ്റ്ചേരിയും മറ്റേത് അമേരിക്കയുടെ നേതൃത്വത്തിലുള്ള മുതലാളിത്തചേരിയും. ഒട്ടുമിക്കലോകരാജ്യങ്ങളും രണ്ടിലേതെങ്കിലുമൊരു ചേരിയില്‍ച്ചേരാന്‍ നിര്‍ബന്ധിതരായി. ഈ അവസരത്തില്‍ നമ്മുടെ രാജ്യം സ്വീകരിച്ച ചേരിചേരാനയം വളരെ പ്രസിദ്ധമാണ്.പരസ്പ്പരം ശത്രുതവച്ചുപുലര്‍ത്തിയിരുന്ന് ഇരുചേരികളും തമ്മിലുള്ള സംഘര്‍ഷങ്ങള്‍ ഒരു തുറന്ന യുദ്ധത്തിലേയ്ക്ക് നീങ്ങിയില്ലെങ്കിലും പില്‍ക്കാലത്ത് ലോകഗതിയിലുണ്ടായ പല പ്രധാനസംഭവവികാസങ്ങള്‍ക്കുംകാരണം ആശയപമായവെറുപ്പും രാഷ്ട്രീയഅവിശ്വാസവും അടിസ്ഥാനമാക്കി നിലനിന്നിരുന്ന ശീതയുദ്ധമെന്ന വൈരം ഒന്നുമാത്രമായിരുന്നു.
തുടരും.......


ശ്രീക്കുട്ടന്‍




Saturday, July 26, 2014

പാപികളുടെ ലോകം

ആള്‍ക്കാര്‍ വെപ്രാളപ്പെട്ടെന്നവണ്ണം ഓടുന്നത് കണ്ട് ദേവന്‍ ഒരു നിമിഷം അമ്പരന്നു. എന്തു പറ്റിയതായിരിക്കും ആരെങ്കിലും മരിച്ചുവോ. അതോ എന്തെങ്കിലും വലിയ അപകടമോ മറ്റോ നടന്നോ. ഒന്നും മനസ്സിലാകാതെ നിന്ന ദേവന്‍ പാഞ്ഞുപോവുകയായിരുന്ന സുനിലിനെ തടഞ്ഞുനിര്‍ത്തി.

"എന്താടാ അളിയാ. എങ്ങോട്ടാ ഈ പറപറക്കുന്നത്. എന്താ പ്രശ്നം"

"അപ്പോ നീയറിഞ്ഞില്ലേ. ആ വിജയന്‍ ശാരദേച്ചിയുടെ മകളുടെ കൊച്ചിനെ പീഡിപ്പിക്കാന്‍ ശ്രമിച്ചെന്നു. നഴ്സറീലെ ചേച്ചി കണ്ടതുകൊണ്ട് രക്ഷപ്പെട്ടു. അവരു നെലവിളിച്ചപ്പോഴേയ്ക്കും ആ കള്ള നായീന്റമോന്‍ ഓടിക്കളഞ്ഞെന്നു."

കിതച്ചുകൊണ്ട് സുനില്‍ പറഞ്ഞു.

"ങ്ഹേ ഏതു വിജയന്‍?"

ഒരു ഞെട്ടലോടെ ദേവന്‍ ചോദിച്ചു

"തല്ലുകൊള്ളി വിജയന്‍ തന്നെ. അല്ലാതാരാ ഇതൊക്കെ ചെയ്യണേ. നീ വരുന്നെങ്കില്‍ വാ. ഞാനങ്ങോട്ടു പോകുവാ. കയ്യിക്കിട്ടുവാണെങ്കില്‍ അവന്റെ കൂമ്പു വാട്ടണം" പറഞ്ഞുതീര്‍ന്നതും അവന്‍ ഓട്ടമാരംഭിച്ചു.

ഒരു നിമിഷം എന്തൊ ആലോചിച്ചുനിന്ന ദേവന്‍ ധൃതിയില്‍ ശാരദചേച്ചിയുടെ വീട്ടിലേയ്ക്ക് നടക്കുവാനാരംഭിച്ചു. നടത്തത്തിനിടയില്‍ അവന്റെ മനസ്സില്‍ വലിയ സംഘര്‍ഷം നടക്കുന്നുണ്ടായിരുന്നു. താനങ്ങോട്ടു പോകണമോ?.വിജയനെ പിടിച്ചാല്‍ താനവനെ ശിക്ഷിക്കുന്നതില്‍ പങ്കാളിയാകാമോ.? അതിനു തനിയ്ക്കു കഴിയുമോ.? പഴയ ചില ഓര്‍മ്മകള്‍ അവന്റെ മനസ്സില്‍ കുത്തിയലച്ചുവന്നുകൊണ്ടിരുന്നു. അതോര്‍ത്തപ്പോള്‍ തന്നെ അവന്‍ ഒന്നു നടുങ്ങി. കാലുകള്‍ക്ക് വേഗത കുറഞ്ഞുവോ. എന്നിട്ടും മറ്റെന്തോ ഒന്നു നയിക്കുന്നതുപോലെ അവന്‍ മുന്നോട്ട് തന്നെ നടന്നു.

ശാരദേച്ചിയുടെ വീട്ടുമുറ്റത്ത് നല്ലൊരാള്‍‍ക്കൂട്ടം കൂടിയിട്ടുണ്ടായിരുന്നു. അകത്തുനിന്നും ശാരദേച്ചിയുടെ ഉച്ചത്തിലുള്ള കരച്ചില്‍ കേള്‍ക്കുന്നുണ്ട്. പുറത്ത് ആള്‍ക്കാരുടെ പിറുപിറുക്കലുകള്‍. ദിവാകരന്‍ തലയ്ക്കു കയ്യും കൊടുത്തു തിണ്ണയില്‍ ഇരിപ്പുണ്ട്.

"ഈ നായിന്റമോനെക്കൊണ്ട് വല്യ ശല്യായല്ലോ. മുമ്പ് ഒളിച്ചുനോട്ടോം കമന്റടീം മാത്രമേ ഒണ്ടായിരുന്നൊള്ളു. ഇപ്പം ദേ ഇതും. അതും ഒരു ഇത്തിരിപ്പോന്ന പാക്കാന്തക്കൊച്ചിനോട്. ഇവന്റെ ആ സാധനം വെട്ടിയെടുത്ത് മൊളകു തേയ്ക്കണം"

രോഷത്തോടെ ഉറക്കെപ്പറഞ്ഞ ആളിനെ ദേവന്‍ സൂക്ഷിച്ചുനോക്കി. സുദേവന്‍ മാമനാണു.

"എന്നാലും ഈ നാലുവയസ്സൊള്ള കൊച്ചിനോടിവനിങ്ങിനെ ചെയ്യാന്‍ തോന്നീലോ ദൈവമേ. ഇന്നത്തെക്കാലത്ത് പത്തോ നൂറോ കൊടുത്താ എത്രയെണ്ണത്തിനെ വേണോലും കിട്ടൂലോ. എന്നിട്ടും?"

ബീഡിക്കുറ്റി വലിച്ചെറിഞ്ഞുകൊണ്ട് ഭാസ്ക്കരപിള്ള തലചൊറിഞ്ഞു.

"ആ സുനന്ദപ്പെണ്ണ് കണ്ടില്ലാര്‍ന്നെങ്കി കൊച്ചിനെ അവന്‍ കൊന്നേനെ. മൂത്രമൊഴിക്കാന്‍ വേണ്ടി പൊറത്തേയ്ക്കു പോയ കൊച്ചിനെ കൊറച്ചു നേരമായിട്ടും കാണാത്തോണ്ട് അവള്‍ പൊറകുവശത്തുവന്നു നോക്കിയപ്പോളല്ലേ സംഭവം കണ്ടത്. ഭാഗ്യത്തിനു ഒന്നും ചെയ്യാമ്പറ്റീല്ല. അവളു ബഹളം വച്ചപ്പോ അവന്‍ ഒറ്റയോട്ടം". നാണുപിള്ള കുറുപ്പിനോടായിപ്പറഞ്ഞു.

"ഇക്കണക്കിനു കൊച്ചുങ്ങളെയൊക്കെ എങ്ങിനെ വിശ്വസിച്ച് നഴ്സറീലും സ്കൂളിലും ഒക്കെ അയക്കും. എന്തൊക്കെ കണ്ടാ കാലം കഴിയണമെന്റെ തമ്പുരാനെ. കലികാലം തന്നെ"

കുറുപ്പ് ആരോടെന്നില്ലാതെ പറഞ്ഞു.

"നല്ല പസ്റ്റ്ക്ലാസ് അടികിട്ടാത്തതിന്റെ കൊഴപ്പമാണവനു"

"എത്ര കിട്ടീതാ പിള്ളേച്ചാ. എന്നിട്ടും വല്ല ഉപയോഗവുമുണ്ടോ .ഈ തലതെറിച്ചോനെക്കാരണം ആ പാവം പ്രഭാകരന്‍ കവലേലോട്ടുപോലും എറങ്ങാറില്ല. എത്രാന്നുവച്ചാ ആള്‍ക്കാരോടു സമാനം പറേണത്. ഈ ഒരുത്തന്‍ മൂലം എന്തോരം ബാധ്യതകളാ അയാള്‍ താങ്ങണത്. എത്രയാന്നു വച്ചാ നാണം കെടുന്നത്"

"തന്തയ്ക്കു മുമ്പൊണ്ടായത് എന്നൊക്കെ കേട്ടിട്ടേയൊള്ളു".

സംസാരങ്ങളെല്ലാം കേട്ടുകൊണ്ടു നിന്ന ദേവന്‍ ആകെ വല്ലാത്തൊരവസ്ഥയിലായിരുന്നു. അവന്റെ മനസ്സില്‍ ചില ഓര്‍മ്മകള്‍ തികട്ടിവന്നുകൊണ്ടിരുന്നു. രാത്രിയുടെ ഇരുട്ടില്‍ ഒരു കാളസര്‍പ്പം പോലെ ഒരു കൊച്ചു ദേഹത്തേയ്ക്കു പതിയെ അണയുന്നതും എവിടെയൊക്കെയോ എന്തെല്ലാമോ പൊട്ടിത്തകരുന്നതും പിന്നെ തിരമാലയടങ്ങിയ കടലുപോലെ നിശ്ചലമാകുന്നതും ദീര്‍ഘനിശ്വാസം വിട്ടുകൊണ്ട് മലര്‍ന്നുകിടക്കുമ്പോള്‍ ഒന്നു മറിയാതെ ചരിഞ്ഞുകിടന്നുറങ്ങുന്ന ചെറുരൂപവുമെല്ലാം ഒരു തിരശ്ശീലയിലെന്നവണ്ണം മിഴിവാര്‍ന്നു വന്നുകൊണ്ടിരുന്നു. മറ്റാരുടേയും ശ്രദ്ധയില്‍പ്പെടാതെ അവന്‍ അല്‍പ്പം താഴേക്ക് മാറിനിന്ന്‍ ഒരു സിഗററ്റെടുത്ത് കൊളുത്തിവലിക്കാനാരംഭിച്ചു. ശരീരവും മനസ്സും ഒക്കെ അകാരണമായ് പുകയുന്നതുപോലേ.

അകലെ നിന്നും ഒരു ബഹളം കേട്ട് ദേവന്‍ അങ്ങോട്ട് നോക്കി. കുറേ ചെറുപ്പക്കാരുടെ മധ്യത്തിലായി കൈകള്‍ ബന്ധിക്കപ്പെട്ട് തലയും കുനിച്ച് നടന്നുവരുന്ന വിജയന്‍. ഒരു കൈലിമാത്രമാണു വേഷം. ചെറുപ്പക്കാര്‍ ആര്‍പ്പുവിളിക്കുന്നുണ്ട്. കൂട്ടത്തില്‍ സുനിലുമുണ്ട്. ശാരദേച്ചിയുടെ വീട്ടുമുറ്റത്ത് അവരെത്തിയപ്പോള്‍ അവിടെ നിന്നവരെല്ലാം കൂടി വിജയനു ചുറ്റും കൂടി. പലരുടേയും കണ്ണില്‍ അഗ്നിയെരിയുന്നുണ്ടായിരുന്നു. ചകിതമായ കണ്ണുകളോടെ എല്ലാവരെയും നോക്കിയ വിജയന്‍ തലകുനിച്ചു നിന്നു.

"കടന്നുകളയാനൊള്ള ശ്രമമായിരുന്നു. പക്ഷേ ഞങ്ങള് വിടോ".

നെറ്റിയിലെ വിയര്‍പ്പ് വടിച്ചുകളഞ്ഞുകൊണ്ട് സുനില്‍ പറഞ്ഞു.

"കള്ള പന്നീടമോന്റെ നിപ്പ് കണ്ടില്ലേ".

പറഞ്ഞുതീര്‍ന്നതും സുദേവന്‍ തന്റെ പരുക്കന്‍ കൈകളാല്‍ അവന്റെ കരണക്കുറ്റിയ്ക്ക് ഒന്നുകൊടുത്തതും ഒരുമിച്ചായിരുന്നു. പെട്ടന്ന്‍ ഒരു കടലിളകിയതുപോലെ പലപല കൈകള്‍ ഉയര്‍ന്നു പൊങ്ങി. വിജയന്റെ ദീനരോദനം കലിപിടിച്ച ആള്‍ക്കാരുടെ അലര്‍ച്ചയില്‍ മുങ്ങി. ഒരു വെട്ടുകത്തിയുമായി അലറിക്കൊണ്ട് ഓടിവന്ന ദിവാകരേട്ടനെ ഇതിനിടയില്‍ ആരോ പിടിച്ചു തടഞ്ഞു തിരിച്ചുകൊണ്ടുപോയി.

"മതി മതി ഇനി തല്യാ അവന്‍ ചത്തുപോവും. പോലീസിനെ വിളിക്കാം. അവരു ബാക്കി തീരുമാനിക്കും"

ഉച്ചത്തില്‍ പറഞ്ഞുകൊണ്ട് പഞ്ചായത്തുമെംബര്‍ മനോഹരന്‍ എല്ലാവരേയും തടഞ്ഞു നിര്‍ത്തി. ചെന്നിയിലൂടെയും മറ്റും ചോര കിനിഞ്ഞിറങ്ങിയ രൂപവുമായി വിജയന്‍ തറയില്‍ ചുരുണ്ടുകൂടി കിടക്കുന്നുണ്ടായിരുന്നു.

തന്റെ കൈകളിലേയ്ക്കു സൂക്ഷിച്ചു നോക്കിയ ദേവനു ‍തലകറങ്ങി. കൈകളില്‍ പറ്റിയിരുന്ന ചോര അവന്‍ തന്റെ മുണ്ടില്‍ പെട്ടന്ന്‍ തുടച്ചു. ഏതോ നിമിഷത്തില്‍ താനും വിജയനെ തല്ലിയിരിക്കുന്നു. അതെ താനും കൂടിയിരിക്കുന്നു. ആ രംഗത്തുനിന്നും എവിടേയ്ക്കെങ്കിലും ഓടിയൊളിക്കുവാന്‍ അവന്റെയുള്ളം വെമ്പി. ഇനിയുമവിടെ നിന്നാല്‍ തനിയ്ക്കു ഭ്രാന്തുപിടിയ്ക്കുമെന്നവനു തോന്നി. ഭ്രാന്തമായ ചലനങ്ങളോടെയവന്‍ കാലുകള്‍ നീട്ടിവലിച്ചു നടന്നു.

അലറിക്കുതിച്ചെത്തുന്ന കടല്‍ത്തിരകളെ നോക്കി ആ പാറക്കെട്ടിന്റെ മുകളില്‍ നില്‍ക്കുമ്പോള്‍ ദേവന്റെയുള്ളിലും ഒരു മഹാസമുദ്രം ഇളകിമറിയുന്നുണ്ടായിരുന്നു. താന്‍ ശരിയാണൊ? തനിക്ക് വിജയനെ തല്ലുവാന്‍ എന്തു യോഗ്യതയാണുണ്ടായിരുന്നത്? താനും അതേ തെറ്റു ചെയ്തവനല്ലേ? തനിക്ക് ആ പരിസരത്ത് നില്‍ക്കുവാനെങ്കിലുമുള്ള യോഗ്യത ഉണ്ടായിരുന്നോ? താന്‍ നല്ലവനാണോ??

ആ ചോദ്യമവന്‍ നൂറാവര്‍ത്തി സ്വയം ചോദിച്ചു. ഇല്ല...ഇല്ല...ഇല്ല. അശരീരി എന്നെന്നവണ്ണം ഉത്തരം അന്തരീക്ഷത്തില്‍ക്കൂടി തനിക്കു ചുറ്റും വന്നുനിറയുകയാണ്....തെറ്റുചെയ്തവനെ ശിക്ഷിക്കുവാന്‍ തനിക്കവകാശമില്ല. കാരണം താനും ......

കയ്യിലുണ്ടായിരുന്ന മദ്യക്കുപ്പി അവന്‍ വായിലേയ്ക്കു കമിഴ്ത്തിപ്പിടിച്ചു. അന്നനാളവും കുടലുമെല്ലാം കത്തിയെരിയുന്നതുപോലെ ആ ദ്രാവകം അവന്റെയുള്ളിലേയ്ക്കിറങ്ങിപ്പോയി. കത്തട്ടെ. ശരീരവും മനസ്സും കത്തിയെരിയട്ടെ. കണ്ണടച്ചവന്‍ അല്‍പ്പനേരം പാറക്കെട്ടില്‍ മലര്‍ന്നുകിടന്നു. കൂരിരുട്ടില്‍ ആകാശത്തു ചന്ദ്രനോ നക്ഷത്രങ്ങളൊ ഒന്നും തന്നെയില്ല. പാപിയായ തനിയ്ക്കു മുമ്പില്‍ നിന്നവര്‍ ഓടിയൊളിച്ചതായിരിക്കുമോ. ഒരാറുവയസ്സുകാരിയുടെ ഓമനത്തം തുളുമ്പുന്ന രൂപം മനസ്സില്‍ വന്നലച്ചുകൊണ്ടിരിക്കുന്നു. ആ നശിച്ച രാത്രിയില്‍...ച്ഛേ..താന്‍ എപ്പോഴാണൊരു പിശാശായി മാറിയത്. അറിവില്ലായ്മയെന്നോ പ്രായത്തിന്റെ ചാപല്യമെന്നോ വിളിയ്ക്കാമോ അതിനെ. ഇല്ല. തന്റെ കാടത്തരത്തിന്റെ ഇരയായിട്ടും ഒന്നുമറിയാതെ കിടന്നുറങ്ങുന്ന ആരൂപം പിന്നീട് പലപ്പോഴും തന്നെ അലട്ടിയിട്ടൊണ്ട്. ഇപ്പോളവള്‍ തന്റെ മുമ്പില്‍ എത്തുമ്പോള്‍ ആ മുഖത്തേയ്ക്കൊന്നു നോക്കുവാന്‍ ശക്തിയില്ലാതെ താന്‍ പലപ്പോഴും തല കുമ്പിട്ടു മാറിപ്പോയിട്ടുണ്ട്. ഇപ്പോള്‍ ചേട്ടാ എന്നു സ്നേഹത്തോടെ വിളിച്ചുകൊണ്ട് കുശലം പറയാനൊക്കെ വരുന്ന അവള്‍ ഇതറിയുകയാണെങ്കില്‍‍....

ഇല്ല.അതുണ്ടാവരുത്. ഇതുവരെയാരുമതറിഞ്ഞിട്ടില്ല. താന്‍ ചെയ്തുപോയ മഹാപാപം തന്നോടുകൂടിയതവസാനിക്കട്ടെ. എന്തോ തീരുമാനിച്ചപോലെ ദേവന്‍ എഴുന്നേറ്റു. കുപ്പിയിലവശേഷിച്ചിരുന്ന ബാക്കി മദ്യവും അവന്‍ ഒരു ധൈര്യത്തിനെന്നവണ്ണം വായിലേയ്ക്കു കമിഴ്ത്തി. തിരമാലകള്‍ തന്നെ അണയുവാനായി വെമ്പുന്നുന്നുവോ. എല്ലാ മാലിന്യങ്ങളേയും പേറുന്ന കടലമ്മ അടുത്തതിനായെന്നവണ്ണം അവന്റെയടുത്തേയ്ക്കു തന്റെ മക്കളാകുന്ന തിരമാലകളെയയച്ചു. സംഹാരരൂപത്തോടെയടുത്ത ആ തിരമാലകളുടെ താഡനത്തിനവന്‍ വെമ്പിക്കൊണ്ട് ചെയ്തുപോയ മഹാപാതകത്തിനു ശിക്ഷയേറ്റുവാങ്ങാനെന്നവണ്ണം പാറക്കെട്ടില്‍ നിന്നും മുമ്പോട്ടു നടന്നു. സര്‍വ്വതിനും സാക്ഷിയായി ആ ഒഴിഞ്ഞ മദ്യക്കുപ്പി അവിടെത്തന്നെ കിടന്നു.

ശ്രീക്കുട്ടന്‍