Saturday, September 5, 2015

നിലവിളക്ക്

"മോനതിമ്മേ പിടിക്കാതേ. അത് മറിഞ്ഞ് കുട്ടൂന്റെ കാലിമ്മേ വീഴും ട്ടാ"

അമ്മമ്മയുടെ ഒച്ചകേട്ട് വായിച്ചുകൊണ്ടിരുന്നു പുസ്തകം മടക്കി വച്ചിട്ട് ഞാന്‍ തലയെത്തിച്ച് അകത്തേയ്ക്ക് നോക്കി.

ഹരിക്കുട്ടന്‍ ടീവീ സ്റ്റാന്‍ഡിനടുത്ത് തറയില്‍ വച്ചിരിക്കുന്ന നിലവിളക്ക് എടുത്തുയര്‍ത്താനുള്ള ശ്രമമാണ്. അത് മറിഞ്ഞുവീണ് അവന്റെ ശരീരം  വേദനിക്കുകയോ മുറിയുകയോ ചെയ്യുമെന്നുള്ള വേവലാതിയോടേ അമ്മമ്മ ഒച്ചയെടുത്തിട്ട് ഇരുന്നിടത്തുനിന്നും ബദ്ധപ്പെട്ട് കൈകുത്തിയെഴുന്നേറ്റ് അവനരികിലേയ്ക്ക് ചെല്ലുകയാണ്. അല്‍പ്പം വലിപ്പമുള്ള വിളക്ക് അവന്റെ കാലിലോ മറ്റോ മറിഞ്ഞു വീണേക്കുമോ എന്ന ആധിയോടേ ഞാനും കസേരയില്‍ നിന്നും പിടഞ്ഞെഴുന്നേറ്റ് അകത്തേയ്ക്ക് ചെന്നു. അപ്പോഴേക്കും അമ്മമ്മ കുട്ടൂന്റെ കയ്യില്‍ നിന്നും വിളക്ക് വാങ്ങിച്ച് തറയില്‍ വച്ചു. എന്നിട്ട് കിണ്ടിയും വെള്ളവുമിരിക്കുന്ന തട്ടത്തില്‍ വച്ച് അത് അതേപടിയെടുത്ത് അമ്മമ്മയുടെ മുറിയിലേക്ക് കൊണ്ടുപോയി. കുട്ടുവാകട്ടെ മുഖവും വീര്‍പ്പിച്ച് അടുക്കളയിലേയ്ക്കും. അവന്റെ അമ്മയുടെ അടുത്തേയ്ക്ക്. ഇനി സെക്കന്‍ഡുകള്‍ക്കുള്ളില്‍ അടുക്കളയില്‍ നിന്നും ശ്രീമതിയുടെ ഒച്ച ഉയരാനാരംഭിക്കും

"ദേ ചേട്ടാ ഇങ്ങോട്ട് വന്ന്‍ ഈ ചെക്കനെ ഒന്നു എടുത്തോണ്ട് പോയി കളിപ്പിച്ചേ. ന്നെ ഒരു വസ്തൂം ചെയ്യാന്‍ ഇവന്‍ സമ്മതിക്കുന്നില്ല"

ചുണ്ടിലൂറിയ പുഞ്ചിരി അവിടെത്തന്നെ ഒളിപ്പിച്ചുകൊണ്ട് ഞാന്‍ പൂമുഖത്തേയ്ക്ക് വീണ്ടും നടന്നു. ചാരുകസേരയില്‍ കിടന്നുകൊണ്ട് മടക്കിവച്ച പുസ്തകം വീണ്ടുമെടുത്ത് നിവര്‍ത്തി. അക്ഷരങ്ങളിലൂടെ കണ്ണു പാഞ്ഞപ്പോള്‍ മനസ്സ് കാലത്തിനു പുറകിലേയ്ക്കൊന്നോടി. അമ്മയുടെ മടിയില്‍ കിടക്കവേ തലമുടിയില്‍ തെരുപ്പിടിച്ചുകൊണ്ട് അമ്മ പറയുന്ന കഥകള്‍ ചെവിയ്ക്കടുത്ത് ഇരമ്പമാകുന്നു. പുസ്തകം നെഞ്ചിലേയ്ക്ക് ചേര്‍ത്ത് വച്ച് വെറുതേ കണ്ണടച്ച് ചാരിക്കിടന്നു അല്‍പ്പനേരം. പത്തു മുപ്പത്തിരണ്ട് വര്‍‍ഷങ്ങള്‍ക്ക് പുറകില്‍ നിന്നും ഞാന്‍ കേട്ടിട്ടില്ലാത്ത ഒരു പരുക്കന്‍ ശബ്ദം അന്തരീക്ഷത്തില്‍ വന്നു നിറയാന്‍ തുടങ്ങി.

"ന്താ ഗോമത്യേ ജോലിയൊക്കെ തീര്‍ന്നോ?. എന്നാ അപ്പുറത്ത് ചെന്ന്‍ വേണ്ടതെന്താന്നുച്ച്വാ മേടിച്ചോ. എന്നിട്ട് നാളെ കാലേയിലേ ഇങ്ങ് വരണം"

"ഉവ്വ് ഏട്ടാ. എല്ലാമൊരുവിധം ഒതുക്കീട്ടൊണ്ട്. ഞാന്‍ വേറൊരു കാര്യം ചോദിക്കാനക്കൊണ്ടാണ് നിന്നേ"

ഒച്ച പതുക്കെയാക്കി ഗോമതിയമ്മ.

"ങ്..ഹൂം. എന്ത്യേ പ്രത്യേകിച്ച്?"

"ഓണായിട്ട് ഒരു നെലോളക്ക് കൊളുത്തിവയ്ക്കണമെന്നുണ്ട്. ഏട്ടന്‍ ഒരു വെളക്ക് തരണം"

"ആ ഓലപ്പൊരേല് ഇനി അതു മറിഞ്ഞുവീണ് കത്തോ മറ്റോ ചെയ്താ അതിനും ഞാന്‍ തന്നെ കൂട്ടണം. ന്റെ കയ്യിലിങ്ങിനെ അട്ടിയിട്ടുവച്ചേക്കല്ലേ പുത്തന്‍"

"ഇല്ലേട്ടാ. ഞാന്‍ നന്നായി നോക്ക്യോളാം"

പരമാവധി വിനീതയായി ഗോമതിയമ്മ നിന്നു. കാരണവര്‍ അകത്തേയ്ക്ക് കയറിപ്പോയിട്ട് കുറച്ചുസമയം കഴിഞ്ഞപ്പോള്‍ കയ്യിലൊരു ചെറിയ വിളക്കുമായി പുറത്തേയ്ക്കു വന്നു.

"ന്നാ. ഇതെടുത്തോ. ഇച്ചിരി ക്ലാവു പിടിച്ചൂന്നേള്ളൂ. ഒന്നു തിരുമ്മിയെടുത്താ പുതുപുത്തനെപ്പോലാ. ങ്..ഹാ..കാര്യം കഴിഞ്ഞിട്ട് കൊണ്ടത്തരാന്‍ മറക്കണ്ട"

അരഭിത്തിയില്‍ വിളക്ക് വച്ചിട്ട് കാരണവര്‍ അകത്തേയ്ക്ക് കയറിപ്പോയി. ഗോമതിയമ്മ ആ വിളക്കും കയ്യിലെടുത്ത് തന്റെ പുറകിലായി പമ്മി നിന്ന മകളുടെ കയ്യും പിടിച്ചുകൊണ്ട് ധൃതിയില്‍ വീട്ടിലേയ്ക്ക് നടന്നു.

"അമ്മേ. നമ്മളെന്താ ഓലപ്പുരയില്‍ കഴ്യേണെ. അമ്മാവനൊക്കെ വല്യ വീട്ടിലാണല്ലോ. വനജയുടെ കുപ്പായം കണ്ടോ. എന്താ ഭംഗി. എനിക്കെന്താമ്മേ അതേപോലെ പുത്യേത് മേടിച്ചുതരാത്തേ?"

ആ ഏഴുവയസ്സുകാരി തന്റെ അമ്മയെ ചോദ്യഭാവേന നോക്കി.

"ഒന്നു മിണ്ടാണ്ടെ വാ ന്റെ ശാരൂ. ചെന്നിട്ട് എന്തെല്ലാം ജോലീള്ളതാ"

ഗോമതിയമ്മ നടത്തത്തിനു വേഗത കൂട്ടി.

ഗോമതിയമ്മ അല്‍പ്പം പുളിയുപയോഗിച്ച് ക്ലാവുപിടിച്ച വിളക്ക് നന്നായി കഴുകിയിട്ട് പിന്നെ ചാരം കൊണ്ടും കഴുകുന്നത് ശാരദ നോക്കിനിന്നു.

"ശാരൂ, ആ അടുപ്പുകല്ലിനടുത്തെ കലത്തില്‍ ഉമി ഇരിപ്പുണ്ട്. നീ ഇച്ചിരി ഇങ്ങെടുത്തോണ്ട് വന്ന്‍ ഇനി ഈ വിളക്കിലിട്ടൊന്നു തിരുമ്മ്. അപ്പോള്‍ നല്ല തിളക്കം കിട്ടും. എന്നിട്ട് ഒരു വാഴയില വെട്ടി മൊന്തേല് വെള്ളോമെടുത്ത് ആ ചെമ്പരത്തിപ്പൂവൊക്കെ ഒന്നു പറിച്ച് ഒരുക്ക്യേ. അവിടെ വച്ചേക്കണ കടലാസ് പൂവ് ആ വളയത്തിലു ചുറ്റിക്കോ. ഞാന്‍ ഇനി അടുക്കളേലോട്ട് ചെല്ലട്ടെ വല്ലതും ഉണ്ടാക്കണ്ടേ"

ഗോമതിയമ്മ മകളെ വിളക്കേല്‍‍പ്പിച്ചിട്ട് അടുക്കളയിലേയ്ക്ക് നടന്നു. ശാരദ അകത്തേയ്ക്ക് ചെന്ന്‍ ഉമിയെടുത്തുകൊണ്ട് വന്ന്‍ അവളെക്കൊണ്ട് കഴിയുന്ന തരത്തില്‍ നിലവിളക്ക് വൃത്തിയാക്കാനാരംഭിച്ചു. കഴുകിയ വിളക്ക് ഇറയത്ത് കൊണ്ട് വച്ചിട്ട് അടുക്കളയുടെ വശത്തായി നിന്ന വാഴയില്‍ നിന്നും ഒരു ചെറിയ ഇലമുറിച്ചെടുത്തു പിന്നെ ഒരു ചെറിയ മൊന്തയില്‍ വെള്ളവുമെടുത്ത് ഇറയത്തേയ്ക്ക് വന്നു. തൊടിയില്‍ നിന്നും പൊട്ടിച്ച ചെമ്പരത്തിപ്പൂവും, തുളസിയിലയും പിന്നെ അമ്മാമയുടെ വീട്ടില്‍ നിന്നും വരുന്ന വഴികിട്ടിയ ചില പൂക്കളും ഒക്കെ ചേര്‍ത്ത് വിളക്കൊരുക്കാന്‍ ആരംഭിച്ചു. ഇടയ്ക്ക് അടുക്കളയില്‍നിന്നും വന്ന ഗോമതിയമ്മ തുണി സഞ്ചിയില്‍ നിന്നും ഒരു ചെറുകുപ്പി വെളിച്ചെണ്ണയെടുത്ത് വിളക്കിനു മുന്നില്‍ കൊണ്ടുവച്ചു. കുളിച്ചുകയറിവന്ന ശാരദയുടെ തലയില്‍ അല്‍പ്പം പൊടിയിട്ട് തിരുമ്മിക്കൊടുത്തിട്ട് അവര്‍ കുളിക്കാനായിപ്പോയി.

"രാമരാമരാമരാമരാമരാമ പാഹിമാം
രാമപാദം ചേരണേ മുകുന്ദരാമ പാഹിമാം"

കത്തിച്ചുവച്ച വിളക്കിനുമുന്നിലിരുന്ന്‍ ശാരദ നാമ ചൊല്ലുന്നത് നോക്കിയിരിക്കവേ ഗോമതിയമ്മയുടെ മിഴികളില്‍ നീര്‍മണിയൊന്നുരുണ്ടുകൂടി. പാവം കുട്ടി. അദ്ദേഹം ഉണ്ടായിരുന്നെങ്കില്‍ ഈ ദാരിദ്ര്യക്കോലത്തില്‍ ഒരിക്കലും കഴിയേണ്ടിവരില്ലാരുന്നു. നല്ലോരോണമായി ഒരു പുത്തന്‍ കുപ്പായം പോലും അവള്‍ക്ക് മേടിച്ചുകൊടുക്കുവാന്‍ തനിക്ക് കഴിയുന്നില്ല. ഏട്ടന്റെ മക്കളിട്ട് മുഷിഞ്ഞ പഴയത് അലക്കികൊടുക്കുന്നതുതന്നെ അവള്‍ക്കിക്കുറിയും ഓണക്കോടി.

"അമ്മേ ദേ വിളക്കിലെ എണ്ണ തീര്‍ന്നു"

ശാരുവിന്റെ വിളിയാണ് ഗോമതിയമ്മയെ ഉണര്‍ത്തിയത്. ശരിയാണ് വിളക്കിലെ എണ്ണ തീര്‍ന്നു കരിന്തിരിപടരാന്‍ തുടങ്ങിയിരിക്കുന്നു. അവര്‍ പിടഞ്ഞെഴുന്നേറ്റ് ചെന്ന്‍ അല്‍പ്പം എണ്ണ കൂടി വിളക്കിലേയ്ക്കൊഴിച്ചു.

"ഈ വെളക്ക് പൊത്തതാമ്മേ. ദേ നോക്ക്യേ എണ്ണ ചോരുന്നതുകണ്ടോ?"

ശാരദ വിരല്‍ത്തുമ്പ് കൊണ്ട് വിളക്കിലൂടെ ഒലിച്ചിറങ്ങിക്കൊണ്ടിരുന്ന എണ്ണ തൊട്ടെടുത്ത് കാട്ടി.

"അമ്മാമേടെ വീട്ടില്‍ എന്തോരം വിളക്കുള്ളതാ. അമ്മ ഇന്നും ഒരുപാടെണ്ണം കഴുകിയാണല്ലോ. ഒരു നല്ല വിളക്ക് എന്താ അമ്മാമ നമുക്ക് തരാത്തേ?"

സംശയം നിറഞ്ഞ മിഴികളോടെ ശാരു തന്റെ അമ്മയെ നോക്കി. അവരാകട്ടെ നിര്‍വ്വികാരയെപ്പോലെ മണ്‍ഭിത്തിയില്‍ ചാരിയിരുന്നു.

"വെളക്ക് കെട്ടുപോയാ മാവേലി നമ്മുടെ വീട്ടില്‍ വരില്ലെ അമ്മേ?"

"വരും മോളേ. മാവേലി നമ്മുടെ വീട്ടിലും ഒറപ്പായും വരും"

 മകളെ അടുത്തേയ്ക്ക് ചേര്‍ത്തിരുത്തി അവര്‍ അവളുടെ തലമുടിയില്‍ തലോടി.

"ഞാന്‍ വലുതാവുമ്പം ജോലിക്ക് പോയി പൈസ ഉണ്ടാക്കി അമ്മയ്ക്ക് ആദ്യം വാങ്ങിച്ചു തരുന്നതെന്താണെന്നറിയാവോ?"

ശാരു വിടര്‍ന്ന മുഖത്തോടെ അമ്മയെ നോക്കി

"എന്താ ന്റെ കുട്ടി മേടിക്കുക?"

"ഒരു വലിയ പുതിയ നിലവിളക്ക്. നിറച്ച് എണ്ണയൊഴിച്ചുകത്തിച്ചു ഒരുപാട് നേരമിരിക്കുന്ന നെലവിളക്ക്. അപ്പോ പിന്നെ അമ്മയ്ക്ക് അമ്മാമ്മേട പൊത്ത പഴയ നിലവിളക്ക് ചോദിക്കേണ്ടിവരില്ല"

ഗോമതിയമ്മ മകളുടെ മുഖം കൈകൊണ്ട് കോരിയെടുത്ത് ആ നെറ്റിയില്‍ അമര്‍ത്തിയൊന്നുമ്മ വച്ചു. കണ്ണുനീര്‍ രസം ആ നെറ്റിയില്‍ പടര്‍ന്നു.

"എന്താടാ ഉണ്ണ്യേ പകലിരുന്ന്‍ കിനാവ് കാണുവാണോ നീയ്. അവളു കൊണ്ടുവച്ച ചായ അപ്പടി തണുത്തതു കണ്ടില്ലേ?"

അമ്മമ്മയുടെ ചിലമ്പിച്ച് ഒച്ചയും ചുമലിലെ കുലുക്കവും കൊണ്ട് ഞാന്‍ യാഥാര്‍ത്ഥ്യലോകത്തേയ്ക്ക് മടങ്ങിവന്നു. മുറ്റത്ത് ഓടിക്കളിക്കുന്ന കുട്ടുവിനെ നോക്കിക്കൊണ്ട് അരഭിത്തിയില്‍ ഇരുന്ന അമ്മമ്മ മോനോട് ഓടരുതെന്നൊക്കെ പറയണുണ്ടാരുന്നു. കിണറ്റിന്‍ കരയിലേയ്ക്ക് വന്ന്‍ ഒരു ബക്കറ്റില്‍ വെള്ളം കോരിവച്ചിട്ട് ശ്രീമതി അകത്തേയ്ക്ക് കയറിയിട്ട് നിലവിളക്കും കിണ്ടിയും അതുവയ്ക്കുന്ന ചെമ്പു തട്ടും എടുത്തുകൊണ്ട് പുറത്തേയ്ക്ക് വന്നു. എല്ലാം കഴുകിത്തേയ്ക്കാനുള്ള ഭാവമാണ്.

"സുജേ. അതല്ല ഈ വെളക്ക് തേച്ചെടുക്ക്. ഇത് കത്തിച്ചാമതി. അതില എല്ലാക്കൊല്ലോം കത്തിക്കുന്നേ. ന്റെ മോള് ആദ്യായി വാങ്ങിയ വിളക്കാണിത്"

അകത്തേയ്ക്ക് പോയി മറ്റൊരു നിലവിളക്കെടുത്തുകൊണ്ട് വന്ന്‍ അമ്മമ്മ സുജയുടെ കയ്യില്‍ കൊടുത്തു. സുജ ആ വിളക്ക് വാങ്ങി ചാരവും മറ്റും കൊണ്ട് തേച്ചുകഴുകാന്‍ ആരംഭിച്ചു.

"അവളിപ്പോളുണ്ടാരുന്നേല്‍ ഇതെല്ലാം കണ്ണാടിപോലാക്കിയേനേ. അവള്‍ക്ക് വിളക്കെന്നുവച്ചാ ഭ്രാന്തിന്റെ കൂട്ടാരുന്നു. ഒരു ഓട്ടവിളക്കിനു പകരായി എത്ര വിളക്കാ ന്റെ കുട്ടി വാങ്ങ്യേ. എന്നിട്ട് കൊതിതീരെ അതെല്ലാം കത്തിച്ചു കാണും മുന്നേ എന്നേം ഈ ചെക്കനേം വിട്ടേച്ച് അവളും അവനും കൂടിയങ്ങ് പോയേക്കണ്. പോണൊര്‍ക്കങ്ങ് പോയാ മതിയല്ലോ"

അമ്മമ്മ മൂക്കൊന്നുപിഴിഞ്ഞു കോന്തലയില്‍ തുടച്ചു

"ഇച്ചിരി പുളി കൊണ്ടുരച്ചാല്‍ വിളക്ക് നന്നായി വൃത്തിയാകും. എന്നിട്ട് അല്‍പ്പം ഉമി ഇട്ട് തിരുമ്മ്യാ മതി വെട്ടിത്തിളങ്ങും"

അമ്മമ്മ സുജയ്ക്ക് പറഞ്ഞുകൊടുക്കുകയാണ്. ഞാന്‍ തല തിരിച്ച് ഹാളിനുള്ളിലെ ചുമരിലേയ്ക്ക് നോക്കി. അമ്മ ചിരിച്ചുകൊണ്ട് എന്നെത്തന്നെ നോക്കിയിരിക്കുകയാണ്.‍

"കുട്ടുവേ കയ്യിമ്മേ അപ്പടി അഴുക്കാവും. നീയ് അതില്‍ പിടിക്കാണ്ടിരി"

വിളക്കു തേയ്ക്കാന്‍ ഒപ്പം കൂടിയ കുട്ടുവിനെ ശാസിക്കുകയാണ് അമ്മമ്മ.

"ഉണ്ണ്യേ,നീയ് ഇവനെ അങ്ങട്ട് കൂട്ട്യേ. എന്നിട്ട് രണ്ടാളും കൂടി ആ വെളക്കൊരുക്കാനുള്ള പൂവൊക്കെ കെട്ടി ഒന്നു റെഡ്യാക്ക്"

അമ്മമ്മയുടെ പറച്ചില്‍ കേട്ട് കസേരയില്‍ നിന്നും എഴുന്നേറ്റ ഞാന്‍ കുട്ടുവിനെ അടുത്തേയ്ക്ക് വിളിച്ചിട്ട് വിളക്കൊരുക്കാനുള്ള ശ്രമം തുടങ്ങി. കെട്ടിയുണ്ടാക്കി വച്ചിരിക്കുന്ന വളയങ്ങളില്‍ സുജ കെട്ടിവച്ചിരുന്ന പൂക്കള്‍‍ ഒക്കെ ചുറ്റി. കുട്ടുവും ഒപ്പം കൂടി എന്തെല്ലാമോ ഒകെക് ചെയ്യുന്നുണ്ട്. കടയില്‍ നിന്നും മേടിച്ചുകൊണ്ട് വന്ന പുതിയ വര്‍ണ്ണക്കടലാസ് പൂക്കളും ചുറ്റി തൂശനില നേരേ വച്ചു. അതില്‍ ഒരു കരിക്കും മുറുക്കാനും ഒക്കെ വച്ച് ഒരു പടല പഴവും വച്ചു. ചന്ദനത്തിരിയുടെ രണ്ട് പായ്ക്കറ്റും വിളക്കുത്തിരിയുടെ ഒരു പായ്ക്കറ്റും വച്ച് എല്ലാം ശരിയല്ലേ അമ്മേ എന്ന ചോദ്യഭാവത്തോടെ തലതിരിച്ച് ഭിത്തിയിലേയ്ക്ക് നോക്കി. അമ്മ ചിരിച്ചുകൊണ്ട് തലകുലുക്കുന്നുണ്ട്.

"രാമരാമരാമരാമരാമരാമ പാഹിമാം
രാമപാദം ചേരണേ മുകുന്ദരാമ പാഹിമാം"

"കുട്ടൂന് മഹാബലി ആരാന്നാറിയാവോ. നമ്മളെ ഒക്കെ ഭരിച്ചിരുന്ന വല്യ രാജാവാ. ആ രാജാവ് എല്ലാ കൊല്ലത്തിലും ഒരു ദിവസം നമ്മളെ ഒക്കെ കാണാന്‍ വരും. നാളെയാണ് ആ ദിവസം. അപ്പോ കുട്ടു നല്ല പുത്യേ കുപ്പായോക്കെയിട്ട് മഹാബലിയെ കാണും. ന്നിട്ട് സദ്യ ഒക്കെ കഴിക്കും. കുട്ടൂന് പായസം ഇഷ്ടാല്ലേ. നാളെ ചിലപ്പോ കുട്ടൂന്റെ അമ്മുമ്മേം മഹാബലിയൊടൊപ്പം വരും. അപ്പോ നമുക്ക് അവര്‍ക്ക് രണ്ടുപേര്‍ക്കും പായസം കൊടുക്കാം ട്ടോ"

കുട്ടുവിനെ മടിയിലിരുത്തിക്കൊണ്ട് നാമം ചൊല്ലിയശേഷം അമ്മമ്മ അവന് കഥ പറഞ്ഞുകൊടുക്കുന്നത് കേട്ടുകൊണ്ട് ഞാന്‍ പുറത്തേയ്ക്കിറങ്ങി ചാരുകസേരയിലേയ്ക്കമര്‍ന്നു. അടുക്കളയില്‍ സുജ എന്തോ പലഹാരമുണ്ടാക്കാനുള്ള ശ്രമത്തിലാണെന്ന്‍ തോന്നുന്നു. അന്തരീക്ഷത്തില്‍ എണ്ണപ്പലഹാരങ്ങളുടെ മണം നിറയുന്നുണ്ട്. അയല്‍പക്കത്തെ വീട്ടില്‍ അച്ചപ്പമോ ഉണ്ണിയപ്പമോ ഒക്കെ റെഡി ആയിക്കാണണം. ഇടയ്ക്ക് തലയെത്തിച്ച് അകത്തേയ്ക്ക് നോക്കിയപ്പോള്‍ അമ്മമ്മ വിളക്കിലേയ്ക്ക് അല്‍പ്പം കൂടി എണ്ണപകരുകയാണ്. കുട്ടു ആ മടിയില്‍ കിടന്ന്‍ ഉറക്കം ആരംഭിച്ചിരിക്കുന്നു. തെളിഞ്ഞു‍ കത്തുന്ന നിലവിളിക്കില്‍ നിന്നുള്ള വെട്ടം വീണ് അമ്മയുടെ മുഖം വെട്ടിത്തിളങ്ങുന്നു. നിറഞ്ഞ സംതൃപ്തി ആ മുഖത്തുള്ളതുപോലെ. ഞാന്‍ കസാലയിലേയ്ക്ക് ചാരികിടന്നു. എന്നെ തഴുകിപ്പോയ കാറ്റിനു അമ്മയുടെ മണമായിരുന്നു.

ശ്രീക്കുട്ടന്‍

Tuesday, August 18, 2015

ഓണത്തിന്റെ ഓര്‍മ്മകള്‍

ഓണം അതിന്റെ മുഴുവന്‍ വശ്യതയോടും കൂടി ഞങ്ങള്‍ ആഘോഷിച്ചിരുന്നത് ഒരു പത്തിരുപത് വര്‍ഷങ്ങള്‍ക്ക് മുന്നേയായിരുന്നു. അത്തം തുടങ്ങുന്നതിനു നാലഞ്ചുദിവസം മുന്നേ ഞാനും അനുജനും കൂടി മണ്ണു കുഴച്ച് അത്തത്തിട്ടയുണ്ടാക്കും. അനുജത്തി അല്‍പ്പം വലുതായപ്പോള്‍ അത്തമിടാന്‍ അവള്‍ കൂടി കൂടുമായിരുന്നു. ഒരു സ്റ്റാര്‍ ആകൃതിയില്‍ ആദ്യം ഉണ്ടാക്കിയിട്ട് അതിന്റെ മധ്യഭാഗത്തായി വട്ടത്തില്‍ പത്ത് തിട്ടകള്‍ ഉണ്ടാക്കും. സ്റ്റാറിനു ചിലപ്പോള്‍ 5 വാലുണ്ടാകും. ചിലപ്പോള്‍ അത് ഏഴെണ്ണമായിരിക്കും. എന്നിട്ട് അത് ചാണകം മെഴുകി വൃത്തിയാക്കും. അത്തത്തിന്റെ അന്ന്‍ ആകുമ്പോള്‍ ആ മണ്‍ തിട്ട ഒരു വിധം ഉണങ്ങിയിട്ടുണ്ടാവും. രാവിലെ തന്നെ എഴുന്നേറ്റ് അക്കരെയുള്ള രാജന്‍ മാമന്റെ വീട്ടില്‍പോയി ചാണകം എടുത്തുകൊണ്ട് വന്ന്‍ അത്തത്തിട്ട മുഴുവന്‍ മെഴുകും. പിന്നെ മുറ്റത്ത് തന്നെയുള്ള ചെമ്പരത്തിയില്‍ നിന്നും ചെമ്പരത്തിപ്പൂവ് പൊട്ടിച്ച് ഉണ്ടയുരുട്ടി സ്റ്റാറിന്റെ വാലുകളുടെ അഗ്രത്തില്‍ വച്ച ചാണകയുണ്ടകളില്‍ ആ പൂക്കള്‍ കൊരുത്തുവയ്ക്കും. തിട്ടയുടെ ഏറ്റവും മുകളിലായി ഏറ്റവും നല്ലൊരു പൂവ് ആയിരിക്കും വയ്ക്കുക. എന്നിട്ട് ആദ്യത്തെ ദിവസം അതിനു ചുറ്റും കാശിത്തുമ്പപ്പൂവ് നിരത്തിചുറ്റിവയ്ക്കും. പിന്നെ ഓരോ ദിവസവും പൂക്കള്‍ എണ്ണം കൂട്ടിക്കൊണ്ടിരിക്കും. കാശിത്തുമ്പ, തെച്ചി, പെരുമരം, തുളസിയില, ശംഖുപുഷ്പം, മൊസാന്ത, പുളിയില, റോസാപ്പൂവ്, മുല്ല, പിന്നെ വയലിന്റെ മധ്യത്തുകൂടി ഒഴുകുന്ന തോട്ടില്‍ ഒരു പൂവുണ്ട്. റോസ് കളറില്‍. അതിന്റെ പേരോര്‍മ്മയില്ല, തൊട്ടാവാടിപ്പൂവ്, ചെമ്പരത്തിപ്പൂവ്..അങ്ങിനെയങ്ങിനെ പലതും. അത്തമിട്ടു തീര്‍ന്നശേഷം എല്ലാ ദിവസവും അതാത് ദിവസത്തെ പേര് അത്തം,ചിത്തിര,ചോതി എന്നിങ്ങനെ തെച്ചിപ്പൂവ് കൊണ്ട് അത്തത്തിട്ടയ്ക്ക് മുന്നിലായി എഴുതിവയ്ക്കും. ചന്ദനത്തിരിയുണ്ടെങ്കില്‍ അതൊന്നു കത്തിച്ചും വയ്ക്കും.

തിരുവോണ ദിവസം രാവിലെ അതിഗംഭീരമായ അത്തമാണിടുന്നത്. അന്നേ ദിവസം പൂക്കള്‍‍ പൊട്ടിച്ചുകൂടാത്തതിനാല്‍ ഞങ്ങള്‍ ഉത്രാടദിവസം വിളക്കുകത്തിയ്ക്കുന്നതിനു മുന്നേ കഴിയുന്നിടത്തോളം പൂക്കള്‍‍ ഒക്കെയും ശേഖരിച്ച് ചെറിയ വാഴയിലകളില്‍ ഇട്ട് വെള്ളവും തളിച്ച് മുറ്റത്ത് അത്തത്തിട്ടയ്ക്കടുത്ത് വച്ചിരിയ്ക്കും. ചാണകവും എടുത്തുകൊണ്ട് വച്ചേക്കും. രാവിലെ തന്നെ അമ്മ വിളിച്ചുണര്‍ത്തും. പിടഞ്ഞെഴുന്നേറ്റ് വായൊന്നു കൊപ്ലിച്ചെന്ന്‍ വരുത്തി മുഖവും കഴുകിയിട്ട് അത്തമിടല്‍ ആരംഭിക്കുന്നു. അത്തം ഏറ്റവും ഭംഗിയാക്കുവാന്‍ ഞങ്ങള്‍ പരമാവധി ശ്രമിക്കും. മുഴുവന്‍ പൂക്കളും കൊണ്ട് അത്തം അലങ്കരിച്ച് നാലഞ്ചു ചന്ദനത്തിരികളും കത്തിച്ചുവച്ച് ചിലപ്പോള്‍ ഒരു കുഞ്ഞു നിലവിളക്കും വയ്ക്കും. കാരണം അയല്‍ വീടുകളിലുള്ള കുട്ടികള്‍, ചിലപ്പോള്‍ മുതിര്‍ന്നവര്‍ ഒക്കെ വീടുകളില്‍ അത്തം കാണുവാന്‍ വരാറുണ്ട്.  ഞങ്ങളും പല വീടുകളിലും പോകാറുമുണ്ട്. ആ സമയങ്ങളില്‍ വീടുകളില്‍ നിന്നും എല്ലാവര്‍ക്കും അച്ചപ്പവും ആലങ്ങയും ഉണ്ണിയപ്പവും മുറുക്കും ഒക്കെ തിന്നാന്‍ കിട്ടും. അതെല്ലാം കഴിഞ്ഞിട്ടാണ് രാവിലെയുള്ള കാപ്പികുടിപോലും നടത്തുന്നത്.

ഉത്രാടദിവസം വിളക്കൊരുക്കുന്നതും ഗംഭീരമായിട്ടായിരുന്നു. തെങ്ങോലയില്‍ നിന്നും വഴുതവിരിഞ്ഞെടുത്ത് അതുപയോഗിച്ച് വളയങ്ങള്‍ ഉണ്ടാക്കും. ചിലപ്പോള്‍ അഞ്ചെണ്ണം. അല്ലെങ്കില്‍ ഏഴെണ്ണം. എന്നിട്ട് അതില്‍ നല്ല വെളുത്ത തുണി ചുറ്റിയെടുക്കും. കടയില്‍ നിന്നും മേടിച്ച പ്ലാസ്റ്റിക് പൂക്കള്‍ കൊണ്ടുള്ള മാലകള്‍ ആദ്യം ഒരു കയറില്‍ കെട്ടിയിടും. അത് വിളക്കു വയ്ക്കാനുദ്ദേശിക്കുന്ന സ്ഥലത്തിനു മുകളിലായി ആണ് കെട്ടിയിടുന്നത്. എന്നിട്ട് ഈ വളയങ്ങള്‍ അവയില്‍ പിടിപ്പിക്കും. ഏറ്റവും മുകളില്‍ ചെറിയ വളയം അതിനുതാഴെ അല്‍പ്പം കൂടി വലുത് അങ്ങിനെ വലിപ്പമനുസരിച്ച് മുഴുവന്‍ വളയങ്ങളും പൂക്കള്‍ കൊണ്ട് ചുറ്റിയെടുത്ത് അത് വിളക്കിനു മുകളിലാക്കി റെഡിയാക്കി നിര്‍ത്തും. തൊടിയില്‍ നിന്നും മറ്റു വീടുകളില്‍ നിന്നും ശേഖരിച്ച പലയിനം പൂക്കള്‍ കൊണ്ടുള്ള മാലയും അതിനോടൊപ്പം ആ  വളയത്തില്‍ തൂക്കിയിടും. തുളസിമാലയും ഉണ്ടാകും. ഒരു നല്ല തൂശനില മുറിച്ചുകൊണ്ട് വന്ന്‍ അതില്‍ നനായി വൃത്തിയാക്കിയ നിലവിളക്ക് വയ്ക്കും. ഒരു കിണ്ടിയില്‍ വെള്ളവും. പിന്നെ മുറുക്കാന്‍, ഒരു കരിക്ക്, അല്‍പ്പം ചന്ദനം, ഒരു പടല പാളയങ്കോടന്‍ പഴം ഒക്കെയും റെഡിയാക്കി വയ്ക്കും. രണ്ട് കവര്‍ വിളക്കുതിരിയും മൂന്നോ നാലോ കവര്‍ ചന്ദനത്തിരിയും ഉണ്ടാവും. താഴെയുള്ള ശിവന്റമ്പലത്തില്‍ വിളക്കുകൊളുത്തുന്നോ എന്ന്‍ ഇടയ്ക്കിടയ്ക്ക് നോക്കുന്ന അമ്മമ്മ സമയമാകുമ്പോള്‍ വീട്ടിലെ വിളക്കുകത്തിക്കും. നിറയെ എണ്ണയൊഴിച്ച് മൂന്നു തിരിയിട്ടാണ് വിളക്ക് കൊളുത്തുന്നത്. ദാരിദ്ര്യത്തിന്റെ മുഴുവന്‍ ഇരുട്ടിനേയും അന്നേ ദിവസം ആ പ്രകാശം പുറത്തേയ്ക്ക് പായിക്കും. ചന്ദനത്തിരികള്‍ എടുത്ത് കത്തിച്ച് പഴത്തില്‍ കൊരുത്തുവയ്ക്കും. പിറ്റേന്ന്‍ പന്ത്രണ്ട് മണിയാകാറാകുമ്പോഴാണ് ആ വിളക്ക് അണയ്ക്കുന്നത്. ഓണം പ്രമാണിച്ച് പുതിയ പുല്‍പ്പായ് വാങ്ങിയിട്ടുണ്ടാവും. ഞാനും അനുജനും കൂടി അതിലാണു കിടക്കുക. അടുത്തു തന്നെ അമ്മമ്മയും കിടക്കും. വിളക്ക് അണഞ്ഞുപോകാതിരിക്കാനായി അമ്മമ്മ ഇടയ്ക്കിടയ്ക്ക് എഴുന്നേറ്റ് എണ്ണയൊഴിച്ചുകൊടുക്കും.

വിളക്കെല്ലാം കത്തിച്ചു കുറച്ചു നേരം കഴിയുമ്പോള്‍ അമ്മ പലഹാരങ്ങള്‍ ഉണ്ടാക്കാനാരംഭിക്കും. വര്‍ഷത്തിലൊരിക്കല്‍ മാത്രം സംഭവിക്കുന്ന കാര്യമാണവയൊക്കെ. മുന്നേ മുതല്‍ തന്നെ ശേഖരിച്ചതും വിലകൊടുത്തുവാങ്ങിയതുമായ നാളികേരങ്ങള്‍ സൂക്ഷിച്ചുവച്ചിരുന്ന്‍ ഓണക്കാലമാ​‍കാറാകുമ്പോള്‍ അവയെല്ലം പൊതിച്ച് ഉടച്ച് ഉണക്കിയെടുത്ത് മില്ലില്‍ കൊണ്ടുപോയി ആട്ടി എണ്ണയാക്കി കൊണ്ടുവന്നിട്ടുണ്ടാകും. അതുപയോഗിച്ചാണ് പലഹാരമുണ്ടാക്കല്‍. അച്ചപ്പം, ആലങ്ങ എന്നിവയാണ് മെയിന്‍ ആയി ഉണ്ടാക്കുന്നത്. ചിലപ്പോള്‍ മുറുക്കും കായവറുത്തതും ഒക്കെ ഉണ്ടാക്കും. ആലങ്ങ എന്നു പറയുന്നത് ശര്‍ക്കരയും തേങ്ങയും ചേര്‍ത്ത് അരിമാവ് കട്ടിയായ് കുഴച്ച് ചെറിയ ഗോലിസോഡയുടെ വലിപ്പത്തില്‍ ഉണ്ടതട്ടി എണ്ണയില്‍ മൊരിച്ചെടുക്കുന്ന സാധനമാണ്. മൊരിയുന്നതു കൂടിപ്പോയാല്‍ കടിച്ചുപൊട്ടിച്ചു തിന്നുന്ന കാര്യം ഇച്ചിരി പാടാകും. പലഹാരമുണ്ടാക്കുമ്പോള്‍ തന്നെ ഒരിടത്ത് അച്ചാറും പച്ചടി കിച്ചടി തുടങ്ങിയ ഐറ്റങ്ങളും ഒരുക്കാന്‍ തുടങ്ങും. സാമ്പാറിന്റെ കഷണങ്ങള്‍ പകുതി പാകമാക്കി വയ്ക്കും. ബാക്കി ജോലികള്‍ പുലര്‍ച്ചെയെഴുന്നേറ്റാണ് ആരംഭിക്കുന്നത്. ഞാനും അനുജനും അമ്മമ്മയും കഴിയുന്ന സഹായമൊക്കെ ചെയ്യും. കാണം വിറ്റും ഓണം ഉണ്ണണമെന്ന ആപ്തവാക്യം നടപ്പിലാക്കുവാനുള്ള വ്യഗ്രതയാണ്.

രാവിലെ ഉറക്കമെഴുന്നേറ്റ് അത്തമിട്ട് തീര്‍ന്നശേഷം ഞങ്ങള്‍ ചുറ്റുവട്ടത്തുള്ള പയ്യന്മാരെല്ലാവരും കൂടി ഒരു പരിപാടി ഉണ്ടാക്കും. കടുവകെട്ടല്‍.  കൂട്ടത്തില്‍ ആരെയെങ്കിലും ഒരാളെ സെലക്ട് ചെയ്ത് അവന്റെ പുറത്തുമുഴുവന്‍ വാഴക്കരിയിലകളും മറ്റും വച്ചുകെട്ടി മുഖത്ത് ഒരു മുഖം മൂടിയും ഫിറ്റ് ചെയ്യും. തലമുഴുവന്‍ മറയ്ക്കുന്ന തരത്തില്‍ ഒരു തോര്‍ത്ത് കൊണ്ട് ചുറ്റിക്കെട്ടിയിരിക്കും. കടുവയായി വേഷം കെട്ടിയ ആളാരാണെന്നറിയാതിരിക്കുവാന്‍ പരമാവധി ശ്രമിച്ച് കടുവകളി ആരംഭിക്കുകയായി. അഞ്ചെട്ടുപേരുടെ സംഘമായി ഞങ്ങള്‍ കയ്യിലുള്ള പാട്ടകളില്‍ കമ്പുകൊണ്ട് കൊട്ടി ഒച്ചയുണ്ടാക്കുകയും ആര്‍പ്പുവിളികളും കൂവലുമൊക്കെയായ് ബഹളത്തോടെ നീങ്ങുന്നു. ഒരു വീട്ടിന്റെ മുന്നില്‍ ചെന്നു കടുവ ഡാന്‍സുകളിക്കും. പുറത്തേയ്ക്ക് വരുന്ന ചെറിയ പിള്ളാരെയെല്ലാം പേടിപ്പിക്കും. ചീത്തവിളിക്കില്ല എന്നുറപ്പുള്ളവരുടെ വീട്ടുമുറ്റത്തുള്ള അത്തം ചവിട്ടിപ്പൊളിച്ച് നാശകോശമാക്കും. ഒരു നാലഞ്ചുമിനിട്ട് കലാപ്രകടനം. വീട്ടുകാര്‍ അമ്പതു പൈസയോ ഒരുരൂപയോ മറ്റോ സംഭാവനയായ് തരും. തലേദിവസം വിളക്കുകത്തിച്ചുവക്കുമ്പോള്‍ അതില്‍ അമ്പതു പൈസയോ ഒരു രൂപയോ ഇട്ടേയ്ക്കാറുണ്ട്. അതെടുത്തായിരിക്കും തരിക. അതു വായ്മൂടിക്കെട്ടിയ ഒരു മൊന്തയില്‍ ഇട്ട് വീണ്ടും ബഹളമുണ്ടാക്കി അടുത്ത വീടുകളിലേക്ക്. ഏകദേശം പത്തുമണിയൊക്കെ ആകുന്നതിനുമുന്നേ പരിപാടി നിര്‍ത്തും. എല്ലായിടത്തുനിന്നും കൂടി പിരിഞ്ഞുകിട്ടിയത് ചിലപ്പോള്‍ അമ്പതോ അറുപതോ രൂപ മാത്രമേ കാണൂ. ഗ്രാമത്തില്‍ ഉള്ള തൊണ്ണൂറ്റൊമ്പതു ശതമാനവും ഓണനാളുകളില്‍ മാത്രം സമ്പന്നരായ ദരിദ്രരാണ്. കിട്ടിയ കാശില്‍ നിന്നും കടുവയായ് വേഷം കെട്ടിയവന് കുറച്ചു കൂടുതലും കൊടുത്തു ബാക്കി എല്ലാവരും കൂടി വീതിച്ചെടുക്കും. എന്നിട്ട് വീടുകളിലേക്ക് മടങ്ങി കുളിയും നനയും പുത്തന്‍ കുപ്പായമിടലും ഒക്കെ.

കുളിച്ച് ഭംഗിയായ് ഒരുമണിയാവുന്നതിനുമുന്നേ സദ്യയുണ്ണും. അഞ്ചെട്ടുകറിയും പായസവുമൊക്കെ കാണും. അങ്ങിനെ സദ്യ കഴിക്കുന്നത് വല്ല കല്യാണത്തിനും പോകുമ്പോഴും ഇതേപോലെ ഓണം വരുമ്പോഴും മാത്രമായിരുന്നു. ഊണെല്ലാം കഴിഞ്ഞ് ഞങ്ങള്‍ അവിടെയുള്ള എല്ലാ പിള്ളാരും ചേര്‍ന്ന്‍ സെവന്റീസ് കളിയും മറ്റുമൊക്കെയായ് തകര്‍ക്കും. ആണും പെണ്ണും എല്ലാം കൂടി കുത്തിമറിഞ്ഞ്. ഊഞ്ഞാലാട്ടം, സാറ്റുകളി, സെവന്റീസ്. രണ്ടാം ഓണത്തിനു മാമന്റെ വീട്ടിലാണു ഊണ്. പതിനഞ്ചു വയസ്സൊക്കെ ആയതിനുശേഷം മാമന്റെ വീട്ടില്‍ നിന്നും ഊണുകഴിഞ്ഞിട്ട് പുതിയ സിനിമകാണാനായി പോകുമായിരുന്നു. മൂന്നുനാലു തിയേറ്ററുകളില്‍ റിലീസ് ചെയ്തിരിക്കുന്ന പുതിയ സിനിമകള്‍ ഒന്നൊന്നായ് ഓരോ ദിവസവും കണ്ടു തീര്‍ക്കും. അന്നു ടിക്കറ്റ് ചാര്‍ജ്ജ് വളരെ വലുതല്ലാത്തതിനാലും ഇട്ടുകൂട്ടിയും മറ്റും വച്ചിരിക്കുന്ന കാശും ഓണം പ്രമാണിച്ച് അമ്മ തരുന്നതും കടുവകളിച്ചുകിട്ടുന്നതും ഒക്കെ കൊണ്ടാണ് ആ സിനിമകാണല്‍.

ഏകദേശം ഇരുപതു വയസ്സുവരെയൊക്കെ ഇതു എല്ലാ ഓണക്കാലത്തും തുടര്‍ന്നിരുന്ന ഒന്നുതന്നെയാണ്. പിന്നെ പിന്നെ പലതും ഇല്ലാതായ് തുടങ്ങി. ഇന്നു തുമ്പപ്പൂക്കള്‍ കണികാണാന്‍ കൂടിയില്ല. വയല്‍ വരമ്പിലും തോടിനുള്ളിലും വിടര്‍ന്നുനിന്നിരുന്ന ആ റോസ് നിറമുള്ള പൂക്കള്‍‍ പിടിക്കുന്ന വള്ളിപ്പടര്‍പ്പുകള്‍ അപ്രത്യക്ഷം. വയലുകളും‍ അപ്രത്യക്ഷം. ഊഞ്ഞാലുകള്‍ കെട്ടുവാന്‍ മരങ്ങളില്ല. സാറ്റുകളിക്കാനും  സെവന്റീസ് കളിക്കാനും ഒന്നും സ്ഥലമില്ല. ആള്‍ക്കാരുമില്ല. ഉത്രാടദിവസം രാത്രി പലഹാരങ്ങള്‍ ഉണ്ടാക്കലില്ല. എല്ലാം എല്ലാം നഷ്ടപ്പെടുത്തിക്കളയുകയാണ്. തിരുവോണദിവസം വീട്ടുമുറ്റത്ത് മണ്‍ തിട്ടകളാല്‍ അത്തമൊരുങ്ങുന്നില്ല. അപൂര്‍വ്വം ചില വീട്ടുമുറ്റങ്ങളില്‍ തിരുവോണദിവസം അല്‍പ്പം ചാണകം മെഴുകി പത്തിനം പൂക്കള്‍ ഇടുന്നുണ്ട്. അവയും താമസിയാതെ വംശനാശമടയും. ചില പിള്ളാര്‍ അമ്പലത്തിനു മുന്നില്‍ ഉപ്പും കളര്‍ പൊടിയും കൊണ്ട് ചില കോലങ്ങള്‍ ഒക്കെയും വരച്ചുവയ്ക്കാറുണ്ട്. അവയ്ക്കൊട്ട് ആത്മാവുമില്ല. തിരുവോണ ദിവസം കണ്ണിലെണ്ണയൊഴിച്ച് കാത്തിരിക്കുന്ന മഹാബലി ചക്രവര്‍ത്തി അതിവേഗം ഒരു പരിഹാസകഥാപാത്രമായിക്കൊണ്ടിരിക്കുന്നു. ടെലിവിഷനുകളില്‍ നിറയുന്ന്‍ അസിനിമാതാരങ്ങളുടെ വിശേഷങ്ങളിലും പുതിയ സിനിമകളിലും മുഴുകുമ്പോള്‍ മഹാബലി വന്നാലും മൈന്‍ഡ് ചെയ്യുവാന്‍ പോലും ആര്‍ക്കും സമയമുണ്ടാകില്ല. സാര്‍വ്വ ലൊകികമായി ഒരു ജനതമുഴുവന്‍ അഘോഷപൂര്‍വ്വം കൊണ്ടാടിയിരുന്ന കാര്‍ഷികവിളവെടുപ്പുത്സവമായ ഓണം ഇപ്പോള്‍ സവര്‍ണ ഭീകര‍ന്മാരുടെ വെറുമൊരാഘൊഷം മാത്രമാണെന്ന്‍ വരുത്തിതീര്‍ക്കുവാന്‍ പാടുപെടുന്ന വലിയൊരു വിഭാഗം പ്രജകളുടെ മുന്നില്‍ വരുവാന്‍ മടിച്ച് സര്‍വ്വ ജനങ്ങളെയും സമഭാവേന കണ്ടിരുന്ന കള്ളവും ചതിയും പൊളിവചനങ്ങളും എള്ളോളമില്ലാതിരുന്ന ഒരു കാലഘട്ടത്തിന്റെ അമര്‍ക്കാരന്‍ ഇന്ന്‍ പാതാളത്തിന്റെ ഇരുണ്ടഗര്‍ത്തങ്ങളില്‍ മാത്രം കഴിയുവാനാഗ്രഹിക്കുകയായിരിക്കണം.

എന്റെ മകനോടും അവന്റെ കൂട്ടുകാരൊടുമൊക്കെ ഞാന്‍ ഇങ്ങിനെയൊക്കെയാണ് നിങ്ങളുടെ പ്രായത്തില്‍ ഓണമാഘോഷിച്ചിരുന്നതെന്നെങ്ങാനും പറഞ്ഞാല്‍ അവന്‍ വായ് പൊത്തി ചിലപ്പോള്‍ പൊട്ടിച്ചിരിച്ചേക്കും..

ഓര്‍മ്മകളില്‍ നിന്നും പൊഴിഞ്ഞുപൊയ്ക്കൊണ്ടിരിക്കുന്നത് ഒരു കാലഘട്ടത്തിന്റെ ഓര്‍മ്മകളും മാധുര്യവും കൂടിയാണ്..

(ചിത്രങ്ങള്‍ ഗൂഗിളില്‍‍ നിന്നും)
എല്ലാ പ്രീയകൂട്ടുകാര്‍ക്കും ഐശ്വര്യസമൃദ്ധമായ ഓണാശംസകള്‍ നേരുന്നു..

ശ്രീക്കുട്ടന്‍