Wednesday, May 15, 2019

ആര്‍തര്‍ കോനന്‍ ഡോയല്‍

ലോകജനത ഏറ്റവും കൂടുതല്‍ ആരാധിച്ച സാഹിത്യകാരന്മാരിലൊരാളായിരുന്നു ആര്‍തര്‍ കോനന്‍ ഡോയല്‍ . ഷേക്സിപിയറിനെപ്പോലെയോ ഷെല്ലിയെപ്പോലെയോ ഭാവഗീതങ്ങളുടെ തമ്പുരാനായിരുന്നില്ല കോനന്‍ ഡോയല്‍. ബര്‍ണാഡ്ഷായെപ്പോലെ ഹൃദയാവേശം മുറ്റുന്ന നാടകരചനകളുടെ ആളുമായിരുന്നില്ല ഡോയല്‍. അത്യുജ്വലമായ നോവലുകളുടെ സൃഷ്ടാവുമായിരുന്നില്ല അദ്ദേഹം. എന്നിട്ടും ലോകജനത ഡോയലിന്റെ കൃതികള്‍ക്കായി ഊണുമുറക്കവുമുപേക്ഷിച്ചു കണ്ണുനട്ടുകാത്തിരുന്നു. അദ്ദേഹം സൃഷ്ടിച്ച ഒരു കഥാപാത്രത്തിന്റെ പുതിയ കഥയ്ക്കുവേണ്ടിയായിരുന്നു ആ കാത്തിരിപ്പ്. പുസ്തകശാലകള്‍ക്കുമുന്നില്‍ പാതിരാത്രിമുതലേ ആളുകള്‍ ക്യൂനിന്നിരുന്നു. തന്റെ സര്‍വ്വകഴിവുകളും താന്‍ സൃഷ്ടിച്ച ഒരൊറ്റ കഥാപാത്രം വിഴുങ്ങുന്നതുകണ്ട് സഹികെട്ട്, തന്റെ സര്‍വ്വമനസ്സമാധാനവും കെടുത്തിക്കൊണ്ട് പൊതുയിടങ്ങളില്‍പ്പോലും പോകാനാവാത്തവിധം ശല്യപ്പെടുത്തുന്ന ആ കഥാപാത്രത്തിനെ കൊന്നുകളയുകയും എന്നാല്‍ പിന്നീട് ആ കഥാപാത്രത്തെ പുനര്‍ജനിപ്പിക്കാന്‍ നിര്‍ബന്ധിതനായിത്തീരുകയും ചെയ്ത ലോകത്തിലെ ആദ്യത്തെ സാഹിത്യകാരനായിരുന്നു സര്‍ ആര്‍തര്‍ കോനന്‍ ഡോയല്‍.

ഐറിഷ് ദമ്പതികളായ ചാള്‍സ് ആള്‍ട്ടമൊണ്ട് ഡോയലിന്റേയും മേരിയുടേയും മകനായി സ്കോട്ട്ലാന്‍ഡിലെ എഡിന്‍ബര്‍ഗില്‍ 1859 മേയ് 22 നായിരുന്നു ആര്‍തര്‍ ഇഗ്നേഷ്യസ് കോനന്‍ ജനിച്ചത്. പിതാവായ ചാള്‍സ് കടുത്ത മദ്യപാനിയായിരുന്നതിനാല്‍ത്തന്നെ കുഞ്ഞു കോനന്റെ കുട്ടിക്കാലം അത്ര സുഖകരമായിരുന്നില്ല. കോനന്റെ എട്ടാമത്തെ വയസ്സില്‍ ചില ബന്ധുക്കളുടെ സഹായമൂലം ഇംഗ്ലണ്ടില്‍ എത്തിപ്പെടുകയും ഒരു സ്കൂളില്‍ പ്രവേശനം നേടുകയും ചെയ്തു. പ്രൈമറി വിദ്യാഭ്യാസത്തിനുശേഷം റോമന്‍ കാത്തലിക് ഫൌണ്ടേഷനുകീഴിലുള്ള സ്റ്റോണിഹസ്റ്റ് കോളേജില്‍ പ്രവേശനം നേടുകയും 1875 വരെ അവിടെ പഠിക്കുകയും ചെയ്തു. 1875ല്‍ ചില പ്രശ്നങ്ങളുടെ പേരില്‍ കോനനു ആ സ്കൂളില്‍നിന്നു പുറത്തുപോകേണ്ടിവരുകയും അടുത്ത ഒരുവര്‍ഷക്കാലം സ്റ്റെല്ലാ മറ്റ്യൂറ്റിനാ എന്ന ജെസ്യൂട്ട് സ്കൂളില്‍ പഠനം നടത്തേണ്ടിവരുകയും ചെയ്തു. എഡിന്‍ ബര്‍ഗ് യൂണിവേഴ്സിറ്റിയില്‍ 1876 ല്‍ കോനന്‍ ഡോയല്‍ മെഡിക്കല്‍ പഠനത്തിനായിച്ചേര്‍ന്നു. ഈ കാലയളവിലാണ് അദ്ദേഹം ആദ്യമായി എഴുതിത്തുടങ്ങുന്നത്. ആദ്യമായെഴുതിയ രചന ഒരു മാഗസിനിലേയ്ക്കയച്ചുകൊടുത്തെങ്കിലും അത് പ്രസിദ്ധീകരിക്കപ്പെട്ടില്ല. ദ മിസ്റ്ററി ഓഫ് സാഷാ വാലി എന്ന രചന ചേംബേര്‍സ് എഡിന്‍ബര്‍ഗ് ജേര്‍ണല്‍ വീക്കിലിയില്‍ പ്രസിദ്ധീകരിക്കപ്പെട്ടു. അപ്പോള്‍ ഡോയലിനു ഇരുപതുവയസ്സ് തികഞ്ഞിട്ടുണ്ടായിരുന്നില്ല. അതേവര്‍ഷം തന്നെ ഡോയലിന്റെ ആദ്യ അക്കാഡമിക് ലേഖനം ബ്രിട്ടീഷ് മെഡിക്കല്‍ ജേര്‍ണലില്‍ അച്ചടിച്ചുവന്നു. 1881 ല്‍ ബിരുദപഠനകാലമവസാനിച്ചത്തോടെ പടിഞ്ഞാറന്‍ ആഫ്രിക്കന്‍ രാജ്യങ്ങളില്‍ പര്യടനം നടത്തുന്ന ഒരു കപ്പലിലെ ഡോക്ടറായി സേവനമനുഷ്ടിക്കാനാരംഭിച്ചു. മെഡിക്കല്‍ ഡിഗ്രി കരസ്ഥമാക്കിയ ഡോയല്‍ സിപ്ലിറ്റിക് മെലോപ്പതിയില്‍ ഡോക്ടറേറ്റ് നേടുകയും ചെയ്തു.

1882 ല്‍ തന്റെ പൂര്‍വ്വകാലസഹപാഠിയായിരുന്ന ജോര്‍ജ്ജ് ബഡ്ഡുമൊത്ത് പ്ലിമത്തില്‍ മെഡിക്കല്‍ പ്രാക്ടീസ് ആരംഭിച്ചു. എന്നാല്‍ താമസിയാതെതന്നെ ആ കൂട്ടുകെട്ട് വിട്ട് ഡോയല്‍ ഒറ്റയ്ക്ക് പ്രാക്ടീസ് ആരംഭിച്ചു.ആഴ്ചയില്‍ പത്തു പൌണ്ട് പോലും  സമ്പാദിക്കാനാവാതെ ശരിക്കും വലഞ്ഞ ഡോയല്‍ ഒരു വരുമാനമാര്‍ഗ്ഗത്തിനായിക്കരുതിക്കൊണ്ട് സാഹിത്യരചനകള്‍ സൃഷ്ടിക്കാനാരംഭിച്ചു. പലപ്പോഴും ഭക്ഷണത്തിനുപോലും ബുദ്ധിമുട്ടിയിരുന്ന ഡോയല്‍ തന്റെ സൃഷ്ടി അച്ചടിപ്പിക്കുവാനായി പല പ്രസാധകരേയും സമീപിച്ചെങ്കിലും കാര്യമായ ഗുണമൊന്നുമുണ്ടായില്ല. ഒടുവില്‍ 1886 നവംബര്‍ 20 നു  വാര്‍ലോക്ക് ആന്‍ഡ് കോ എന്ന പബ്ലിഷിംഗ് കമ്പനിക്ക് കോനന്‍ ഡോയല്‍  തന്റെ ആദ്യ ഷെര്‍ലക്ക് ഹോംസ് നോവലായ ഏ സ്റ്റഡി ഇന്‍ സ്കാര്‍ലറ്റ്(ചുകപ്പില്‍ ഒരു പഠനം) വെറും 25 പൌണ്ടിനു സര്‍വ്വ അവകാശങ്ങളോടെയും വിറ്റു. എഡിന്‍ബര്‍ഗ് യൂണിവേഴ്സിറ്റിയില്‍ പഠിക്കുമ്പോള്‍ അവിടെയുണ്ടായിരുന്ന പ്രൊഫസര്‍ ജോസഫ് ബെല്ലിനെ മാതൃകയാക്കിക്കൊണ്ട് കോനന്‍ ഡോയല്‍ സൃഷ്ടിച്ച അപസര്‍പ്പകനായിരുന്നു ഷെര്‍ലക്ക് ഹോംസ് എന്ന കഥാപാത്രം. ഈ രചന തൊട്ടടുത്ത വര്‍ഷം ബീറ്റണ്‍സ് ക്രിസ്മസ് ആനുവല്‍ എന്ന മാഗസിനില്‍ തുടര്‍ നോവലായി അച്ചടിച്ചുവരുകയും മികച്ച നിരൂപണങ്ങള്‍ അതിനുണ്ടാവുകയും ചെയ്തു.

കോനന്‍ ഡോയല്‍ എഴുതിപ്പൂര്‍ത്തിയാക്കിയ ദി ഹിസ്റ്ററി ഓഫ് ക്ലൂംബെര്‍ എന്ന ആദ്യനോവല്‍ പ്രസിദ്ധീകരിക്കപ്പെട്ടത് 1888 ല്‍ ആയിരുന്നു. 1888 നും 1906 നുമിടയ്ക്ക് കോനന്‍ ഡോയല്‍ നിരവധി ചരിത്രനോവലുകളും ലേഖനങ്ങളും എഴുതി. ചരിത്രനോവലുകളോട് അടങ്ങാത്ത ഭ്രമമുണ്ടായിരുന്ന അദ്ദേഹം എഴുതിയ ദ വൈറ്റ് കമ്പനി എന്ന നോവല്‍ തന്റെ ഏറ്റവും മികച്ച സൃഷ്ടിയായിക്കരുതിയിരുന്നു. ആറു വോളിയങ്ങളിലായി എഴുതിപ്പൂര്‍ത്തിയാക്കിയ ഒന്നാം ലോകമഹായുദ്ധത്തിന്റെ ചരിത്രം ഉള്‍പ്പെടെ ഏഴോളം ചരിത്രരചനകള്‍ ഡോയല്‍ നടത്തുകയുണ്ടായി. മാത്രമല്ല 1912 നും 1929 നുമിടയ്ക്ക് പ്രൊഫസര്‍ ചലഞ്ചര്‍ എന്ന കാതാപത്രത്തെ ബേസ് ചെയ്ത് രണ്ടു നോവലുകളും മറ്റു നിരവധി രചനകളും ഡോയല്‍ നടത്തുകയുണ്ടായി. എന്നാല്‍ ഈ എല്ലാ നോവലുകളേയും പരിശ്രമങ്ങളേയുംമൊക്കെ നിഷ്പ്രഭമാക്കിക്കൊണ്ടാണ് അദ്ദേഹം സൃഷ്ടിച്ച ഷെര്‍ലക് ഹോംസ് എന്ന കഥാപാത്രം വളര്‍ന്നത്.

കോനന്‍ ഡോയലിനെ അഖിലലോകപ്രശസ്തനാക്കിയത് 1887 മുതല്‍ അദ്ദേഹം രചിച്ച ഷെർലക് ഹോംസ് കഥകളാണ്. ഹോംസ് എന്ന അതിമാനുഷനായ കുറ്റാന്വേഷകനും സഹായിയായ വാട്സണ്‍ എന്ന ഡോക്ടറും ലോകത്താകമാനമുള്ള വായനക്കാരുടെ മനസ്സില്‍ വിപ്ലവംതന്നെ സൃ‍ഷ്ടിച്ചു. ഹോംസും വാട്സണും പ്രധാനകഥാപാത്രങ്ങളാക്കി നാലു നോവലുകളും 58 ചെറുകഥകളുള്ള 5 കഥാസമാഹാരങ്ങളുമാണ് കോനന്‍ ഡോയല്‍ രചിച്ചത്.

1. ചുകപ്പില്‍ ഒരു പഠനം(A Study in Scarlet)
2. നാൽവർ ചിഹ്നം(The Sign Of Four)
3. ബാസ്കർവിൽസിലെ വേട്ടനായ(The hound of Baskervills)
4. ഭീതിയുടെ താഴ്വര(Valley Of Fear)

എന്നീ നാലു നോവലുകളും

1. Adventures of Sherlock Holmes
2. The memories of Sherlock Holmes
3. The return of Sherlock Holmes
4. The last bow
5. The case book of Sherlock Holmes

എന്നിങ്ങനെ 5 ചെറുകഥാസമാഹാരങ്ങളും ഹോസിന്റേതായി പുറത്തിറങ്ങി. ഇതില്‍ ആദ്യത്തെ സമാഹാരത്തില്‍ 13 ചെറുകഥകളും രണ്ടാമത്തേതില്‍ 12 എണ്ണവും മൂന്നാമത്തേതില്‍ 13 എണ്ണവും നാലാമത്തേതില്‍ 8 എണ്ണവും അവസാനസമാഹാരത്തില്‍ 12 കഥകളുമാണുള്ളത്. ഹോംസിന്റെ അനന്യസാധാരണമായ കഴിവുകള്‍മൂലം ലോകജനത ആ കഥാപാത്രത്തെ നെഞ്ചേറ്റിയപ്പോള്‍ കോനന്‍ ഡോയലിന്റെ കൈയില്‍‍ നില്‍ക്കാത്തവണ്ണം അത് വളരാന്‍തുടങ്ങി. ലോകംമുഴുവന്‍ ഷെര്‍ലക്കിനു ആരാധകരുണ്ടായി. ഓരോ പുതിയ പുസ്തകമിറങ്ങുമ്പോഴും അവ റിക്കോര്‍ഡ് വില്‍പ്പനയാണു സൃഷ്ടിച്ചത്. ഹോംസ് ഒരു കഥാപാത്രമല്ല മറിച്ച് യഥാര്‍ത്ഥത്തില്‍ ജീവിച്ചിരിക്കുന്ന ഒരാളാണെന്ന്‍ ലോകം വിശ്വസിക്കാനാരംഭിച്ചു. ഹോംസിന്റെ വസതിയായ ബേക്കര്‍ സ്ട്രീറ്റിലുള്ള 221 B യിലേക്ക് അന്വേഷണങ്ങളും പരാതിപരിഹാരവുമാവശ്യപ്പെട്ട് കത്തുകളുടേ പ്രളയമാരംഭിച്ചു. അതോടെ കോനന്‍ ഡോയല്‍ എന്ന എഴുത്തുകാരനും അസഹ്യത അനുഭവപ്പെട്ടുതുടങ്ങി. പലപ്പോഴും കോനന്‍ ഡോയലിനു പൊതുസദസ്സുകളില്‍ പങ്കെടുക്കാന്‍ കഴിയാതെവന്നു. എല്ലാ സദസ്സുകളിലും ആളുകള്‍ക്ക് അറിയുവാന്‍ ഒറ്റകാര്യമേയുണ്ടായിരുന്നുള്ളൂ. എന്താണ് അടുത്ത ഷെര്‍ലക് ഹോംസ് കഥ?. എന്നാണതു പുറത്തിറങ്ങുക?. മാത്രമല്ല ഹോംസ് എന്ന അതിമാനുഷനുമുന്നില്‍ തന്റെ ഏറ്റവും വലിയ മറ്റുവര്‍ക്കുകള്‍ മുങ്ങിപ്പോകുകയും ചെയ്തതോടെ സഹികെട്ട കോനന്‍ ഡോയല്‍ താന്‍ സൃഷ്ടിച്ച ആ ഇതിഹാസകഥാപാത്രത്തെ കൊന്നുകളയുവാന്‍ തീരുമാനിച്ചു. അങ്ങനെ ദ മെമ്മറീസ് ഓഫ് ഷെര്‍ലക്ക്ഹോംസ് എന്ന സമാഹാരത്തിലെ ഫൈനല്‍ പ്രോബ്ലം എന്ന കഥയില്‍ ഹോംസിനെ ഡോയല്‍ വിദഗ്ദമായിക്കൊലപ്പെടുത്തി.

ഫൈനല്‍ പ്രോബ്ലം എന്ന കഥ പുറത്തിറങ്ങിയപ്പോള്‍ ഒരു ഭൂകമ്പം തന്നെയുണ്ടായ പ്രതീതിയായിരുന്നു ലോകംമുഴുവന്‍. ഈ കഥ പ്രസിദ്ധീകരിച്ച സ്ട്രാന്‍ഡ് മാഗസിനു ഒറ്റദിവസം കൊണ്ട് നഷ്ടമായത് ഇരുപത്തയ്യായിരത്തിനുമേല്‍ വായനക്കാരെയായിരുന്നു. ലോകജനത അവിശ്വസനീയതയോടെയാണ് ഹോംസിന്റെ മരണവാര്‍ത്ത വായിച്ചത്. പല ലോകരാജ്യങ്ങളും അന്നേദിവസം ഔദ്യോഗികദുഃഖാചരണം പ്രഖ്യാപിച്ചു. ചില രാജ്യങ്ങള്‍ ഹോംസിനോടുള്ള ആദരസൂചകമായി തങ്ങളുടെ ദേശീയപതാകപോലും താഴ്ത്തിക്കെട്ടുകയുണ്ടായി. ഹോംസ് താമസിച്ചിരുന്ന ബേക്കര്‍ സ്ട്രീറ്റിലെ 221 ബി എന്ന അഡ്രസ്സിലേക്ക് പതീനായിരക്കണക്കിനു അനുശോചനസന്ദേശങ്ങളും കമ്പികളുമാണ് എത്തിചേര്‍ന്നത്. ഹോംസിനെ പുനര്‍ജ്ജീവിപ്പിക്കണമെന്നാവശ്യപ്പെട്ട് ലോകത്തിന്റെ നാനാഭാഗത്തുനിന്നും കോനന്‍ ഡോയലിന്റെ മുന്നിലേക്ക് നിവേദനങ്ങളുടെ പെരുമഴയായിരുന്നു പിന്നീടുണ്ടായത്. അതിനായി പല പ്രസാധകരും വന്‍തുകകളാണ് ഡോയലിനു  ഓഫര്‍ ചെയ്തത്. ഭീഷണികളും കുറവല്ലായിരുന്നു. ഒരു അമേരിക്കന്‍ പ്രസാധകര്‍ പുതിയ കഥയുടെ ഓരോ വാക്കിനും ഓരോ പവന്‍ എന്ന കൊതിപ്പിക്കുന്ന ഓഫര്‍പോലും മുന്നോട്ടുവച്ചു. ഒടുവില്‍ ഗത്യന്തരമില്ലാതെ കോനന്‍ ഡോയലിനു ഷെര്‍ലക്ക് ഹോംസിനെ പുനര്‍ജ്ജനിപ്പിക്കേണ്ടിവന്നു. ഒരു കഥാകൃത്തിനെ സ്വന്തം കഥാപാത്രം തന്നെ പരാജയപ്പെടുത്തിയ അപൂര്‍വ്വനിമിഷമായിരുന്നു അത്. പരേതന്റെ തിരിച്ചുവരവ് (The Return of Sherlock Holmes) എന്ന കൃതിയിലൂടേ കോനന്‍ ഡോയല്‍ അതിസമര്‍ത്ഥമായും യുക്തിസഹമായും ഹോംസിനെ പുന:സൃഷ്ടിച്ചു.

ഹോംസ് എന്ന കഥാപാത്രം തന്റെ മറ്റെല്ലാ രചനകളേയും വിഴുങ്ങിക്കളയുന്നതില്‍ അങ്ങേയറ്റം ദുഃഖിതനായിരുന്നു കോനന്‍ ഡോയല്‍. അദ്ദേഹം ജീവിച്ചിരുന്നപ്പോള്‍ത്തന്നെ സ്കോട്ട്ലന്‍ഡ് യാര്‍ഡ് ഉള്‍പ്പെടെയുള്ള ലോകത്തെ പല കുറ്റാന്വേഷണസേനകളും തങ്ങളുടെ ടെക്സ്റ്റ് ബുക്കുകളായി ഹോംസ്കഥകളെ ഉപയോഗിച്ചുതുടങ്ങിയിരുന്നു.  ഇന്നും ഹോസ് അനുവര്‍ത്തിച്ചിരുന്ന പല രീതികളും അതേപടി പലരാജ്യങ്ങളുടേയും പോലീസ് സേനകള്‍ ഉപയോഗിക്കുന്നുണ്ട്. ഒരു സാഹിത്യകാരന്‍ മാത്രമായിരുന്നില്ല കോനന്‍ ഡോയല്‍. മികച്ച ഒരു ശാസ്ത്രജ്ഞന്‍ കൂടിയായിരുന്നു അദ്ദേഹം. നേവിയുടെ ലൈഫ് ജാക്കറ്റ് അദ്ദേഹം കണ്ടുപിടിച്ചതായിരുന്നു. ഇംഗ്ലണ്ടിന്റെ ദേശീയ ക്രിക്കറ്റ് ഫുട്ബോള്‍ ടീമുകളില്‍ അംഗവുമായിരുന്നു ഡോയല്‍. മികച്ചൊരു ബില്യാര്‍ഡ്സ് കളിക്കാരനും ഒപ്പം ഒരു ഗുസ്തിക്കാരനുമായിരുന്ന ഡോയല്‍ ഒരു അഡ്വക്കേറ്റായും സ്വകാര്യ കുറ്റാന്വേഷകനായും സേവനമനുഷ്ഠിച്ചിട്ടുണ്ട്. അദ്ദേഹം സര്‍വ്വാത്മനാ ഒരു ബഹുമുഖപ്രതിഭ തന്നെയായിരുന്നു.

കോനന്‍ ഡോയല്‍ രണ്ടുവട്ടം വിവാഹിതനായി. 1885 ല്‍ ആദ്യം വിവാഹം കഴിച്ച ലൂസിയ ഹാക്കിന്‍സ് ക്ഷയരോഗബാധിതയായി മരണപ്പെട്ടപ്പോള്‍ 1907 ല്‍ അദ്ദേഹം എലിസബത്ത് ജീനിനെ വിവാഹം കഴിച്ചു. ആദ്യഭാര്യയില്‍ രണ്ടും രണ്ടാമത്തെ ഭാര്യയില്‍ മൂന്നും കുട്ടികളാണദ്ദേഹത്തിനുണ്ടായത്. 1930 ജൂലൈ 7 നു ഈസ്റ്റ് സസക്സിലുള്ള തന്റെ ഭവനത്തില്‍ വച്ച് ഹൃദയാഘാതം സംഭവിച്ചാണ് ആ മഹാപ്രതിഭ ലോകത്തോട് വിടപറഞ്ഞത്.

(വിക്കീപ്പീഡിയ, പലപല ഓണ്‍ ലൈന്‍ സൈറ്റുകള്‍, എഴുത്തുകള്‍ എന്നിവയൊക്കെ ആധാരമാക്കിയാണ് ഈ ചെറുകുറിപ്പു തയ്യാറാക്കിയിരിക്കുന്നത്. വസ്തുതാപരമായ തിരുത്തലുകള്‍, ലേഖനത്തില്‍പ്പെടാതെപോയ മറ്റു വിവരണങ്ങള്‍, കൃതികള്‍, അതിന്റെ വിശകലനങ്ങള്‍ എന്നിവയൊക്കെ അറിവുള്ളവര്‍ കമന്റുകളായി ചേര്‍ക്കണമെന്ന്‍ അഭ്യര്‍ത്ഥിക്കുന്നു.

ശ്രീ.....

Thursday, April 25, 2019

കോപ്പിയാപ്പോ - ലോകംകണ്ട ഏറ്റവും അവിശ്വസനീയമായ രക്ഷപ്പെടല്‍

മനുഷ്യരാല്‍ അസാധ്യമായത് ഒന്നുമില്ല എന്നൊരു പറച്ചിലുണ്ട്. എത്രതന്നെ സങ്കീര്‍ണ്ണമായതും അപകടകരമായതും ദുഷ്ക്കരമായതുമായ സംഭവമായിരുന്നാലും പലപ്പോഴും അവയെ അതിജീവിക്കുവാന്‍ മനുഷ്യനു സാധ്യമായിട്ടുണ്ട്. ജീവിതത്തിന്റെ വെള്ളിവെളിച്ചത്തിലേയ്ക്ക് ഇനിയൊരിക്കലും മടങ്ങിവരില്ലയെന്നു വിശ്വസിച്ചവര്‍ എത്രയോ നാളുകള്‍ക്കുശേഷം സകലരേയും അത്ഭുതപ്പെടുത്തിക്കൊണ്ട് മടങ്ങിവരുമ്പോള്‍ ലോകം അതിശയിച്ചുപോയിട്ടുണ്ട്. ദുഷ്ക്കരമായ ഇടങ്ങളില്‍ അപകടങ്ങളില്‍പ്പെട്ട് അകപ്പെട്ടുപോകുന്നവരെ അത്ഭുതകരമായി രക്ഷപ്പെടുത്തി ജീവിതത്തിലേയ്ക്കുകൊണ്ടുവന്ന എത്രയെങ്കിലും സംഭവങ്ങളുണ്ടായിട്ടുണ്ട്.ചിലതെല്ലാം ഫലവത്തായിട്ടുനില്ല. മനുഷ്യസാധ്യമായ സകലമാര്‍ഗ്ഗങ്ങളുപയോഗിച്ച് നടത്തുന്ന രക്ഷാപ്രവര്‍ത്തനങ്ങളെ ലോകജനതമുഴുവന്‍ പ്രാര്‍ത്ഥനാനിര്‍ഭരമായ മനസ്സുമായാണ് നോക്കിക്കാണുന്നത്. കഴിഞ്ഞകൊല്ലം തായ് ലണ്ടിലെ താം ലുവാങ്ങ് ഗുഹയില്‍ അകപ്പെട്ട പതിമൂന്നോളം പേരെ 17 ദിവസത്തിനുശേഷം അതിസാഹസികമായി രക്ഷപ്പെടുത്തിയ റസ്ക്യൂമിഷന്‍ അപ്രകാരമൊന്നായിരുന്നു. ലോകരാഷ്ട്രങ്ങളുടെ സഹായസഹകരണത്തോടെ നടത്തിയ ആ രക്ഷാപ്രവര്‍ത്തനത്തില്‍ ലോകജനതമുഴുവന്‍ ഒറ്റക്കെട്ടോടെ പ്രാര്‍ത്ഥിച്ചത് ഒരു കുഴപ്പവും കൂടാതെ ഗുഹയ്ക്കുള്ളില്‍ക്കുടുങ്ങിയവര്‍ രക്ഷപ്പെട്ട് പുറത്തെത്തണേ എന്നായിരുന്നു. അതീവ ദുഷ്ക്കരമായ ആ രക്ഷാപ്രവര്‍ത്തനത്തില്‍ ഒടുവില്‍ 17 ദിവസത്തിനുശേഷം ഗുഹയ്ക്കുള്ളില്‍ക്കുടുങ്ങിയ പതിമൂന്നുപേരെയും സുരക്ഷിതമായിപുറത്തെത്തിച്ചപ്പോള്‍ ലോകം മുഴുവന്‍ ആശ്വാസത്തോടെ നെടുവീര്‍പ്പിടുകയും കൈയടിക്കുകയും ചെയ്തു. ഈ സംഭവവത്തിനു സമാനമായ രീതിയില്‍ നടത്തിയ ഒരു രക്ഷാപ്രവര്‍ത്തനത്തെപ്പറ്റിയാണ് ഈ പോസ്റ്റ്. ചിലിയിലെ കോപ്പിയാപ്പോ എന്ന ചെമ്പുഖനിയില്‍ ഉണ്ടായ അപകടത്തെത്തുടര്‍ന്ന്‍ ഭൂമിക്കടിയില്‍ 2300 ഓളം അടിത്താഴ്ചയില്‍ അകപ്പെട്ടുപോയ 33 മനുഷ്യരെ 69 ദിവസങ്ങള്‍ക്കുശേഷം ജീവനോടെ പുറത്തെത്തിച്ച അത്ഭുതകരവും ദുഷ്ക്കരവുമായ രക്ഷാപ്രവര്‍ത്തനം. നിരവധി ഖനികളുള്ള രാജ്യങ്ങളിലൊന്നാണ് ചിലി. പ്രത്യേകിച്ചും ചെമ്പുഖനനത്തില്‍ മുന്‍പന്തിയില്‍ നില്‍ക്കുന്ന രാജ്യം. ലോകത്തില്‍ ഏറ്റവും കൂടുതല്‍ ചെമ്പ് ഉത്പ്പാദിപ്പിക്കുന്ന രാജ്യംകൂടിയാണ് ചിലി. ചിലിയിലെ മിക്ക ഖനികളും യാതൊരുവിധസുരക്ഷാമാനദണ്ഡങ്ങളും പാലിക്കാതെയാണ് പ്രവര്‍ത്തിക്കുന്നതു. ചിലിയിലെ ഏറ്റവും വലിയ മൈനിംഗ് കമ്പനികളിലൊന്നാണ് സാന്‍ ഈസ്റ്റബന്‍ മൈനിംഗ് കമ്പനി. ഈ കമ്പനിയുടെ ഉടമസ്ഥതിയിലുള്ള ഒരു ഖനിയായിരുന്നു സാന്‍ ജോസ്. നോര്‍ത്തേന്‍ ചിലി്ലെ കോപ്പിയാപ്പോ ടൌണില്‍നിന്നു ഏകദേശം 45 കിലോമീറ്റര്‍മാറി ‍അറ്റക്കാമാ മരുഭൂമിയ്ക്കുള്ളില്‍ സ്ഥിതിചെയ്യുന്ന ഈ ഖനിയില്‍ ഖനനം ചെയ്തിരുന്നത് ചെമ്പും സ്വര്‍ണ്ണവുമായിരുന്നു. സാന്‍ ഈസ്റ്റബന്‍ മൈനിംഗ് കമ്പനി തങ്ങളുടെ അധീനതയിലുള്ള ഖനികളില്‍പ്പണിയെടുക്കുന്ന തൊഴിലാളികള്‍ക്ക് ആവശ്യമായ സുരക്ഷയൊരുക്കുന്നതില്‍ പലപ്പോഴും അലംഭാവം കാണിക്കുകയും ശിക്ഷാനടപടികള്‍ക്കു വിധേയമാകുകയും ചെയ്തിട്ടുള്ള ഒരു കമ്പനികൂടിയായിരുന്നു. പലപ്പോഴും അപകടങ്ങള്‍ ഉണ്ടാകുകയും ചില തൊഴിലാളികള്‍ കൊല്ലപ്പെടുകയും ചെയ്തിട്ടുണ്ടെങ്കിലും ഈ ഖനികളില്‍ ധാരാളം തൊഴിലാളികള്‍ ജോലിയെടുക്കുന്നുണ്ടായിരുന്നു. അതിനുള്ള പ്രധാനകാരണം മറ്റിടങ്ങളിലെ ഖനിത്തൊഴിലാളികളെ അപേക്ഷിച്ച് തെക്കന്‍ ചിലിയിലെ ചെമ്പുഖനനത്തൊഴിലാളികള്‍ക്കു ലഭിച്ചിരുന്ന ഉയര്‍ന്ന കൂലിയായിരുന്നു. ഖനിയുടെ ഏകകവാടത്തില്‍നിന്നു വളഞ്ഞുപുളഞ്ഞു റാമ്പുകള്‍ പോലെയുള്ള പാതയില്‍ക്കൂടി 5 കിലോമീറ്ററോളം സഞ്ചരിച്ചാണ് ഖനിയ്ക്കുള്ളിലെത്താനാകുക. ഏകദേശം 70 മീറ്ററില്‍ക്കൂടുതല്‍(2300 അടി) താഴ്ചയിലാണ് അപ്പോള്‍ ഖനനം നടന്നുകൊണ്ടിരുന്നത്. 2010 ആഗസ്റ്റ് 5 വ്യാഴാഴ്ച പതിവുപോലെ ഖനിത്തൊഴിലാളികള്‍ ഖനിയിലേയ്ക്കുപോകുവാന്‍ തയ്യാറായി എത്തി. ഖനിയിലേയ്ക്കു കടക്കുന്നതിനുമുന്നേ സൂപ്പര്‍വൈസറായിരുന്ന ലൂയിസ് ഉര്‍സാ ഖനിയ്ക്കുള്ളിലെ സ്ഥിതി അത്ര നന്നായി തോന്നുന്നില്ലെന്നും സുരക്ഷിതത്വം കൂട്ടണമെന്നും കമ്പനി വക്താവിനോട് പറഞ്ഞെങ്കിലും അയാള്‍ അതു ചെവിക്കൊള്ളാതെ നിങ്ങളുടെ ടീം പ്രൊഡക്ഷന്‍ ഇനിയും കൂട്ടണമെന്നുപറഞ്ഞ് ലൂയിസിനെ ഖനിയിലേയ്ക്കു പോകാന്‍ നിര്‍ദ്ദേശിക്കുകയായിരുന്നു. 32 ചിലിയന്‍ തൊഴിലാളികളും അന്നേ ദിവസം ജോയിന്‍ ചെയ്ത ഒരു ബൊളീവിയന്‍ തൊഴിലാളിയുമായി വാഹനം ഖനിയ്ക്കുള്ളിലേയ്ക്കു യാത്രയായി. ഖനിയ്ക്കുള്ളിലെത്തി ആ തൊഴിലാളികള്‍ ജോലിതുടങ്ങാന്‍ തയ്യാറാകുന്ന‍ സമയത്താണ് എല്ലാവരേയും ഒരേപോലെ ഭയചകിതരാക്കിക്കൊണ്ട് ആ ദുരന്തമാരംഭിച്ചത്. ഖനിയുടെ ഉള്‍ഭാഗം തകര്‍ന്നുനിലം പൊത്താനാരംഭിച്ചു. ഖനിയ്ക്കുള്ളിലേയ്ക്കു തൊഴിലാളികളുമായി പ്രവേശിച്ചുകൊണ്ടിരുന്ന ഒരു വാഹനത്തിലുണ്ടായിരുന്ന തൊഴിലാളികള്‍ അത്ഭുതകരമായി രക്ഷപ്പെടുകയും ആദ്യം ഖനിയില്‍ പ്രവേശിച്ച 33 തൊഴിലാളികള്‍ ഖനിയില്‍ കുടുങ്ങുകയും ചെയ്തു.മണ്ണിടിഞ്ഞും പാറകള്‍ അടര്‍ന്നുവീണും ഖനിയുടെ ഗുഹാമുഖം പൂര്‍ണ്ണമായുമടഞ്ഞു. ഖനിയ്ക്കുള്ളിക്കുടുങ്ങിയ തൊഴിലാളികള്‍ സൂപ്പര്‍വൈസറായ ലൂയിസിന്റെ നിര്‍ദ്ദേശാനുസരണം ഖനിക്കുള്ളിലുണ്ടായിരുന്ന എമര്‍ജെന്‍സി ഷെല്‍റ്ററില്‍ ഒത്തുകൂടി. വെന്റിലേഷന്‍ ഷാഫ്റ്റില്‍ക്കൂടി വായൂ സഞ്ചാരമുണ്ടായിരുന്നെങ്കിലും അതില്‍ക്കൂടി രക്ഷപ്പെടാനുള്ള മാര്‍ഗ്ഗങ്ങള്‍ ഒന്നും തന്നെയില്ലായിരുന്നു. ഒരു എമര്‍ജന്‍സി സിറ്റുവേഷന്‍ ഉണ്ടായാല്‍ തൊഴിലാളികള്‍ക്ക് രക്ഷപ്പെടാന്‍ ഉള്ള ഒരു രക്ഷാസംവിധാനവും ഖനി അധകൃതര്‍ കൈക്കൊണ്ടിട്ടില്ലായിരുന്നു. ആ എമര്‍ജെന്‍സി ഷെല്‍റ്ററില്‍ ഫസ്റ്റ് എയിഡിനുള്ള മരുന്നുകളൊന്നും തന്നെ ഉണ്ടായിരുന്നില്ല. എട്ടോപത്തോ ടിന്‍ ആഹാരം മാത്രമാണവിടെയുണ്ടായിരുന്നത്. അപകടം മനസ്സിലാക്കിയ ഉടന്‍ ഖനി അധകൃതര്‍ സ്വന്തം നിലയ്ക്ക് ഒരു രക്ഷാപ്രവര്‍ത്തനം നടത്തിനോക്കി. എന്നാല്‍ അതുകൊണ്ടു ഒരു ഫലവുമുണ്ടായില്ല. ഖനിക്കുള്ളില്‍ക്കുടുങ്ങിയവരുടെ ബന്ധുജനങ്ങളും മറ്റും വന്ന്‍ വലിയ ഒച്ചപ്പാടും ബഹളവുമൊക്കെയായതോടെ ചിലി‍ ഗവണമെന്റ് പ്രശ്നത്തില്‍ ഇടപെട്ടു. വിദേശപര്യടനത്തിലായിരുന്ന ചിലി പ്രസിഡന്റ് സെബാസ്റ്റ്യന്‍ പിനേറ പര്യടനം വെട്ടിച്ചുരുക്കി ചിലിയിലേയ്ക്കു മടങ്ങി. മൈനിംഗ് മിനിസ്റ്റര്‍ ആയിരുന്ന ലോറന്‍സ് ഗോള്‍ബോര്‍ണ്‍ രക്ഷാപ്രവര്‍ത്തനങ്ങള്‍ക്കു ചുക്കാന്‍പിടിച്ചു. ഗവണമെന്റ് ഉടമസ്ഥതയിലുണ്ടായിരുന്ന കോഡെല്‍ക്കോ മൈനിംഗ് കമനിയിലെ സുരക്ഷാ ഉദ്യോഗസ്ഥര്‍ റെസ്ക്യൂ മിഷന്‍ ഏറ്റെടുത്തു. ഖനിക്കുള്ളില്‍ കുടുങ്ങിയിട്ടുള്ള തൊഴിലാളികളെ ബന്ധപ്പെടാന്‍ ഒരു മാര്‍ഗ്ഗവുമില്ലായിരുന്നു. ഖനിയിലേയ്ക്കുള്ള ഏകഗുഹാമാര്‍ഗ്ഗം പൂര്‍ണ്ണമായുമടഞ്ഞതിനാല ഖനിക്കുള്ളിലേയ്ക്ക് തുരങ്കമുണ്ടാക്കിച്ചെല്ലുകയേ നിര്‍വ്വാഹമുണ്ടായിരുന്നുള്ളൂ. തൊഴിലാളികള്‍ ജീവനൊടെ ഉണ്ടാകുമോ എന്ന ഉറപ്പില്ലായിരുന്നെങ്കിലും ഒരുവേള അവര്‍ രക്ഷപ്പെട്ടിട്ടുണ്ടെങ്കില്‍ എമര്‍ജെന്‍സി ഷെല്‍ട്ടറിനുള്ളിലായിരിക്കുമവരുണ്ടാകുകയെന്നു ധരിച്ച് ഡ്രില്ലിംഗ് ജോലികള്‍ 24 മണിക്കൂറും തുടര്‍ന്നുകൊണ്ടിരുന്നു.
< എമര്‍ജെന്‍സി ഷെള്‍ട്ടറിലുണ്ടായിരുന്ന തൊഴിലാളികളുടെ നില തുലോം പരിതാപകരമായിരുന്നു. ഭക്ഷണവും വെള്ളവും ഇല്ലായ്മയും തങ്ങളെ രക്ഷപ്പെടുത്തുവാന്‍ എന്തെങ്കിലും ശ്രമങ്ങള്‍ നടക്കുന്നുണ്ടോ എന്നുമറിയാതെ അവര്‍ ആകെ നിരാശരായി. എന്നാല്‍ ലൂയിസ് അവര്‍ക്കെല്ലാം ധൈര്യം പകര്‍ന്നുനല്‍കി. ഉള്ള ഭക്ഷണവും വെള്ളം വളരെ തുച്ഛമായ രീതിയില്‍ കൃത്യമായി എല്ലാവര്‍ക്കും വീതം വച്ചു ജീവന്‍ നിലനിറുത്തുവാനുള്ള മാര്‍ഗ്ഗം നോക്കിയ ലൂയിസ് സംഘാങ്ങളെ ആശ്വസിപ്പിച്ചുകൊണ്ടുമിരുന്നു. ഡ്രില്ലിംഗിന്റെ ചെറിയ ശബ്ദം കാതുകളിലേക്കരിച്ചെത്തിയപ്പോള്‍ അവര്‍ ആഹ്ലാദത്തിമിര്‍പ്പിലായി. തങ്ങള്‍ താമസിയാതെ രക്ഷപ്പെടുമെന്നവര്‍ ഉറപ്പിച്ചു. മൂന്നു ഡ്രില്ലിംഗ് ടീമുകള്‍ അഹോരാത്രം ഡ്രില്‍ ചെയ്തുകൊണ്ടിരുന്നു. ചിലിയന്‍ ഗവണ്മെന്റും അമേരിക്കന്‍ സ്പെസ് ഏജന്‍സിയായ നാസയും മറ്റു നിരവധി കോര്‍പ്പറേറ്റുകളും ഈ രക്ഷാപ്രവര്‍ത്തനത്തില്‍ പങ്കാളികളായി. ലോകജനതമുഴുവന്‍ പ്രാര്‍ത്ഥനാനിര്‍ഭരമായ മനസ്സുമായി കാത്തിരുന്നു. അപകടമുണ്ടായി കൃത്യം 17 ആം ദിവസം അതായത് ആഗസ്റ്റ് 22 നു ഡ്രില്ല് ചെയ്ത് എമര്‍ജന്‍സി ഷെല്‍റ്ററിലെത്തി. ഷെല്‍റ്ററിലുണ്ടായിരുന്ന തൊഴിലാളികള്‍ ഭക്ഷണവും വെള്ളവുമില്ലാതെ അവശരായിരുന്നെങ്കിലും പ്രത്യാശയുടെ പുതുവെളിച്ചം കിട്ടിയ സന്തോഷത്തില്‍ ആര്‍ത്തുവിളിച്ചു. ഒരു പെയിന്റു ബോട്ടിലിലുണ്ടായിരുന്ന പെയിന്റ്കൊണ്ട് ഡ്രില്‍ ബിറ്റില്‍‍ പെയിന്റടിക്കുകയും ഒരു പേപ്പറില്‍ തങ്ങള്‍ മുപ്പത്തിമൂന്നുപേരും ജീവനോടെ കുഴപ്പമൊന്നുമില്ലാതെ ഇവിടെയുണ്ട് എന്ന കുറിപ്പെഴുതി വളരെ ഭദ്രമായി കെട്ടിവയ്ക്കുകയും ചെയ്തു. ഈ കുറിപ്പ് കിട്ടിയ റെസ്ക്യൂമിഷന്‍ തങ്ങളുടെ പ്രയത്നത്തിനു ഫലമുണ്ടായല്ലോ എന്ന സന്തോഷം കൊണ്ട് ആര്‍ത്തുവിളിച്ചു. പ്രസിഡന്റ് നേരിട്ട് ആ കുറിപ്പ് തൊഴിലാളികളുടെ ബന്ധുക്കള്‍ക്ക് മുന്നില്‍ ഉറക്കെ വായിച്ചുകേള്‍പ്പിച്ചപ്പോള്‍ എല്ലാവരും സന്തോഷത്താല്‍ തുള്ളിച്ചാടി. ബോര്‍ഹോളിലൂടെ ഇറക്കിയ വീഡിയോ ക്യാമറയിലൂടെ ഷെല്‍ട്ടറിനകത്തുള്ള തൊഴിലാളികളുമായി കോണ്ടാക്ട് ചെയ്യാനും സ്ഥിതിഗതികള്‍ മനസ്സിലാക്കാനും സുരക്ഷാടീമിനായി. ഭൂമിക്കടിയില്‍ 2800 ഓളം അടിതാഴ്ചയില്‍ക്കുടുങ്ങിക്കിടക്കുന്ന ഈ തൊഴിലാളികളെ എങ്ങനെ ഇനി പുറത്തെത്തിക്കും എന്നതായി അടുത്ത ശ്രമം. ബോര്‍ഹോളുകളുടെ വലിപ്പം കൂട്ടി അതില്‍ക്കൂടിമാത്രമേ തൊഴിലാളികളെ പുറത്തെത്തിക്കാനാകൂ എന്നു മനസ്സിലാക്കിയ അവര്‍ അതിനായി കൂടുതല്‍ ശക്തിയോടെ ഡ്രില്ലിംഗ് ആരംഭിച്ചു. അമേരിക്ക കാനഡ ഓസ്ട്രേലിയ ഫ്രാന്‍സ് തുടങ്ങി ലോകരാജ്യങ്ങളില്‍ പലരും രക്ഷാദൌത്യത്തില്‍ പങ്കാളികളായി. നൂതനമായ ടെക്നൊളജികളും ശക്തിയേറിയ ഡ്രില്ലിംഗ് മെഷീനുകളുമുപയോഗിച്ച് വലിപ്പമുള്ള ബോര്‍ഹോള്‍ നിര്‍മ്മാണം അനസ്യൂതം തുടര്‍ന്നു. നാസ പ്രത്യേകം ഡവലപ്പ് ചെയ്തെടുത്ത ക്യാപ്സൂള്‍ രൂപത്തിലുള്ള ഭക്ഷണം ബോര്‍ഹോളുകളിലൂടെ തൊഴിലാളികള്‍ക്കെത്തിച്ചുകൊടുത്തുകൊണ്ടിരുന്നു. വസ്ത്രങ്ങളും മരുന്നുകളും എല്ലാം ലഭ്യമാക്കി. ഖനിക്കടിയിലെ ഉയര്‍ന്ന താപനിലയില്‍ പലര്‍ക്കും അലര്‍ജിയും ത്വക് രോഗങ്ങളും പിന്നെ ചെറിയ ചെറിയ പരുക്കുകളും ഒക്കെ ഉണ്ടായിരുന്നു. തൊഴിലാളികളെ സുരക്ഷിതമായി പുറത്തെത്തിക്കുവാന്‍ പ്രത്യേകം തയ്യാറാക്കിയ ഫീനിക്സ് എന്നു പേരിട്ട കവചിതഅറ ബോര്‍ഹോള്‍ വഴി താഴേയ്ക്കിറക്കി. ലോകരാജ്യങ്ങള്‍ മുഴുവന്‍ ഈ രക്ഷാപ്രവര്‍ത്തനത്തിലേയ്ക്കു കണ്ണുനട്ടു. ലോകമാകമാനമായി ഏകദേശം ഒരു ബില്യണോളം ആളുകളാണ് ഈ രക്ഷാപ്രവര്‍ത്തനം ടെലിവിഷനിലൂടെ നോക്കിക്കണ്ടുകൊണ്ടിരുന്നത്. 2010 ഒക്ടോബര്‍ 10 നു ചിലിയിലെ സമയം അര്‍ദ്ധരാത്രി 12.11 നു 2300 ഓളം അടിത്താഴ്ചയില്‍നിന്നു 69 ദിവസങ്ങള്‍ക്കുശേഷം ഫ്ലോറന്‍സ് അന്റോണിയോ സില്‍വ എന്ന തൊഴിലാളിയുമായി ഫീനിക്സ് ഉയര്‍ന്നുവന്നു സുരക്ഷിതമായി ഭൂമിതൊട്ടപ്പോള്‍ ചിലിയന്‍ രക്ഷാപ്രവര്‍ത്തകര്‍ക്കും ബന്ധുജനങ്ങള്‍ക്കും ചിലിയന്‍ ജനതയ്ക്കുമൊപ്പം ലോകം മുഴുവന്‍ കൈയടിക്കുകയായിരുന്നു. ഖനിക്കുള്ളില്‍ക്കുടുങ്ങിയ ഓരോ തൊഴിലാളിയേയും സുരക്ഷിതമായി പുറത്തെത്തിച്ചുകൊണ്ടിരുന്ന രക്ഷാപ്രവര്‍ത്തനം പൂര്‍ത്തിയായത് അടുത്ത ദിവസം രാത്രി 9.55 ആയതോടെയായിരുന്നു. 33 ആമനായി പുറത്തെത്തിയത് സൂപ്പര്‍വൈസര്‍ ആയിരുന്ന ലൂയിസ് ഉര്‍സ ആയിരുന്നു. പുറത്തെത്തിയ 33 പേര്‍ക്കും പറയത്തക്ക ശാരീരിക അസ്വസ്ഥതകള്‍ ഒന്നുംതന്നെയുണ്ടായിരുന്നില്ല. അങ്ങനെ 69 ദിവസങ്ങള്‍ക്കുശേഷം ഖനിയ്ക്കുള്ളിക്കുടുങ്ങിയ മുഴുവന്‍ തൊഴിലാളികളും സുരക്ഷിതരായി പുറംലോകത്തെത്തി. 20 മില്യണില്‍ക്കൂടുതല്‍ യു എസ് ഡോളര്‍ ചിലവു വന്ന ഈ രക്ഷാപ്രവര്‍ത്തനം ലോകത്തിലെ ഏറ്റവും അത്ഭുതകരമായ രക്ഷാപ്രവര്‍ത്തനങ്ങളിലൊന്നായാണ് വാഴ്ത്തപ്പെടുന്നത് അതിശയകരമായ ഈ രക്ഷപ്പെടലിന്റെ വിവരണങ്ങള്‍ അടങ്ങിയ നിരവധി പുസ്തകങ്ങള്‍ പുറത്തിറങ്ങിയിട്ടുണ്ട്. ഡീപ് ഡൌണ്‍ ഡാര്‍ക്ക്, മിറക്കില്‍ ഇന്‍ ദ മൈന്‍ എന്നിവ അവയില്‍ച്ചിലതാണ്. പട്രീഷ്യ റിഗ്ഗെന്‍ സംവിധാനം ചെയ്ത് 2015 ആഗസ്റ്റില്‍ റിലീസ് ചെയ്ത് ദ തേര്‍ട്ടീ ത്രീ എന്ന ചിത്രം ഈ സംഭവത്തിന്റെ യഥാര്‍ത്ഥകാഴ്ച സമ്മാനിക്കുനന്‍ ഒന്നാണ്. ഖനിയ്ക്കുള്ളില്‍ കുടുങ്ങിക്കിടക്കുന്ന തൊഴിലാളികളുടെ മാന്‍സികസംഘര്‍ഷങ്ങള്‍, ദയനീയത, രക്ഷപ്പെടാന്‍ പോകുന്നുവെന്നറിയുമ്പോഴുള്ള സന്തോഷം, ബന്ധുജനങ്ങളുടെ ആകുലതകള്‍, ഒക്കെയും അതിശയകരമാംവിധം അടയാളപ്പെടുത്തുന്നുണ്ട് ഈ ചിത്രം. ശ്രീ