Tuesday, February 23, 2010

ഉദയനാണു താരം

സ്ഥലത്തെ പ്രധാന ഓട്ടോ ഡ്രൈവറായിരുന്ന ശ്രീമാന്‍ ഉദയനെക്കുറിച്ചാണീ കുറിപ്പ്.ആശാന്‍ ഒരു ചരിത്രപുരുഷനാണ്.ഏതു വകുപ്പില്ലാണു പുള്ളി ചരിത്രപുരുഷനായതെന്നു ചോദിച്ചാല്‍ ഞാന്‍ വിഷമിച്ചുപോകും. അതു സമര്‍ഥിക്കാനെനിക്കൊട്ടു കഴിവുമില്ല.ഒന്നെനിക്കറിയാം ഉദയന്‍ ഒരു ബല്യ സമ്പവം തന്നേര്‍ന്നു.

ഉദയന്‍.വയസ്സു 27 കഴിയുന്നു.അവിവാഹിതന്‍.മാത്രമല്ല ഒന്നാന്തരം ഓട്ടോക്കാരന്‍.‍ഈ ഭൂമിമലയാളത്തില്‍ ആശാനുപേടി പോലീസുകാരെ മാത്രമാണു.പല ഗഡുക്കളായി അവരില്‍ നിന്നും കിട്ടിയിട്ടുള്ള കനപ്പെട്ട സമ്മാനങ്ങള്‍ തന്നെ കാരണം. ആളു കാണാന്‍ സുന്ദരനാണോന്നു ചോദിച്ചാല്‍ എന്താപ്പോ പറയുക.തരക്കേടില്ല അത്ര തന്നെ. ആറടിപൊക്കത്തിനു ഒരു ശകലത്തിന്റെ കൊറവുമാത്രമേയുള്ളു.പക്ഷേ ആറില്‍ കൂടുതലടി പുള്ളി ഡെയ്ലി ആരില്‍ നിന്നെങ്കിലും മേടിക്കാറുണ്ട്.ശരീരമാണെങ്കിലോ നല്ല മുരിങ്ങക്കായപോലെ തടിച്ചുകൊഴുത്ത്.ചുണ്ടില്‍ എപ്പോഴും എരിയുന്ന ബീഡി.പാരമ്പര്യമായി താടിവളരാത്ത ഫാമിലിയില്‍ പെട്ടതായതുകൊണ്ട് ബാര്‍ബര്‍ ഷാപ്പ് സന്ദര്‍ശിക്കുന്നത് തലമുടി വെട്ടുന്നതിനു മാത്രമായി വര്‍ഷത്തില്‍ രണ്ടുപ്രാവശ്യം മാത്രം.കുളി നനപ്പ് തുടങ്ങിയ കര്‍മ്മങ്ങള്‍ സമയവും സൌകര്യവും ഒത്തുവന്നാല്‍ മാത്രം.പെണ്ണുകേസ്സില്‍ ഇതേവരെ പേരുദോഷം കേള്‍‍പ്പിച്ചിട്ടില്ല. മകന്‍ ഉന്നതവിദ്യാഭ്യാസം (കള്ളുകുടി,ചീട്ടുകളി,ബീഡിവലി മുതലായവ...)പൂര്‍ത്തിയാക്കിയെന്നു വീട്ടുകാരറിഞ്ഞതു അലമാരയിലും അരിക്കലത്തിലും ചായപ്പൊടി ഡിന്നിലുമൊക്കെ ഇട്ടുവച്ചിരുന്ന രൂപകള്‍ കാണാതായിതുടങ്ങിയപ്പോള്‍ മാത്രമാണു.വളരെവലിയ ദൈവവിശ്വാസിയായ നാരായണേട്ടനും മീനാക്ഷിയമ്മയും (ക്ഷമിക്കണം പരിചയപ്പെടുത്താന്‍ മറന്നുപോയി നമ്മുടെ ഉദയന്റെ ഫൌണ്ടര്‍ എഡിറ്റേര്‍സ്)ആകെയുള്ള അരുമസന്താനം നേരെയാവുന്നതിനുവേണ്ടി ശിവന്റെ അമ്പലത്തില്‍ ഒരുപാടുവഴിപാടുകള്‍ നേരുകയും അതൊന്നും തന്നെ യാതൊരു ഫലവുമില്ലാതായിതീരുകയും ചെയ്തതുമൂലം ഉദയനെ അവന്റെ വഴിയ്ക്കു തന്നെ വിട്ടു.

ഒരാഴ്ചയില്‍ കൂടുതല്‍ ഒരു ഓട്ടോയും ഉദയനോടിക്കുവാന്‍ കിട്ടാറില്ല.കയ്യിലിരുപ്പ് തന്നെ കാരണം.എത്രപ്രാവശ്യം അപകടത്തില്‍പെട്ടിട്ടുണ്ടെന്നു ഉദയനു തന്നെ നിശ്ചയമില്ല.സ്ഥലത്തെ ഒരുവിധമുള്ള എല്ലാ ഓട്ടോകളും ഉദയനോടിച്ചിട്ടുമുണ്ട് അതെല്ലാം ഷെഡ്ഡില്‍ കേറ്റിയിട്ടുമുണ്ട്.അവസാനമായി പണിയൊന്നുമില്ലാതെ കരഞ്ഞുംവിളിച്ചും നടന്നപ്പോള്‍ കഷ്ടംതോന്നി വിളിച്ചു വണ്ടിയേല്‍പ്പിച്ചതാണു വിജയേട്ടന്‍.ആദ്യത്തെ ഒരാഴ്ച കുഴപ്പമില്ലാതെ പോയി. ഒരുദിവസം ഉദയനല്‍പം മിനുങ്ങിയിട്ട് നല്ല സ്റ്റൈലായിട്ട് വണ്ടിയോടിച്ചുവന്നു പഞ്ചായത്തു വെയിറ്റിംഗ്ഷെഡ് തവിടുപൊടിയാക്കി.കൂടെ ആട്ടോയും.പാവം വിജയേട്ടന്‍.അതിന്റെ കേസിപ്പോഴും തീര്‍ന്നിട്ടില്ല.

ഈ സംഭവത്തോടെ ഉദയന്‍ ഓട്ടോ ഫീല്‍ഡ് ഉപേക്ഷിച്ചു.നാട്ടില്‍ തന്നെ അല്ലറചില്ലറ പണികള്‍ക്കുപോയിതുടങ്ങി.ഒരു പ്രാവശ്യം എന്തെങ്കിലും പണിചെയ്യുന്നതിനായി ഉദയനെ വിളിച്ചുകൊണ്ടുപോകുന്നവര്‍ പിന്നെ ഉദയനെ തിരക്കി മാത്രം നടക്കും.അതു പക്ഷേ തല്ലാന്‍ വേണ്ടിയായിരിക്കുമെന്നു മാത്രം.

എന്നിരുന്നാലും നാട്ടുകാര്‍ക്ക് ഉദയനോടു എന്തോ ഒരു ഇഷ്ടമുണ്ടായിരുന്നു.അത് ചിലപ്പോള്‍ നാരായണേട്ടനേയും മീനാക്ഷിയമ്മയേയും ഓര്‍ത്തായിരിക്കാം.

സ്ഥലത്തെ അറിയപ്പെടുന്ന പണക്കാരനും തറവാടിയും സര്‍വ്വോപരി പ്രമാണിയുമായ ശിവദാസേട്ടന്റെ പറമ്പില്‍ റബ്ബര്‍ തൈകള്‍ നടുന്നതിനു കുഴിയെടുക്കുന്ന ജോലി ഉദയനെയാണേല്‍പ്പിച്ചതു.അപ്പോള്‍ തന്നെ പലരും ശിവദാസേട്ടനോടു പറഞ്ഞു.

" എന്റെ ശിവാ നിനക്ക് കുഴിയെടുപ്പിക്കാനായി ഇവനെ മാത്രമേ കിട്ടിയൊള്ളോ.ഒള്ളകാര്യം ഇപ്പോഴേ പറഞ്ഞേക്കാം.നിന്റെ കാശ് പോയതു തന്നെ.നിനക്കു റബ്ബറുനടണമെന്നാഗ്രഹമൊണ്ടെങ്കി വേറെയാരെയെങ്കിലും പണിയേപ്പിക്ക്."

"എല്ലാപേരെയും പറ്റിയ്ക്കുന്നതുപോലെ അവന്‍ എന്നെ പറ്റിയ്ക്കാന്‍ വന്നാല്‍ വെവരമറിയും.അവന്റെ ഒരു തരികിടയും എന്റടുത്ത് നടക്കില്ല.നിങ്ങളു നോക്കിക്കോ".തന്നോടു പറഞ്ഞവരോടെല്ലാം ആത്മവിശ്വാസത്തോടെ ശിവേട്ടന്‍ മറുപടിപറഞ്ഞെങ്കിലും ഉള്ളില്‍ ഒരു വല്ലായ്മയില്ലാതിരുന്നില്ല.

"എടാ ഉദയാ നിന്റെ മറ്റേ തരികിടയൊന്നും എന്റടുത്തെടുക്കരുതു.ഒരു മീറ്റര്‍ സമചതുരത്തിനുള്ള കുഴിയെടുക്കണം.ദേ ഇതാണു അളുവുകോല്".ഒരു മീറ്റര്‍ നീളത്തില്‍ മുറിച്ച് വൃത്തിയാക്കിയ ഒരു മരച്ചീനികമ്പ് നീട്ടികൊണ്ട് ശിവേട്ടന്‍ പറഞ്ഞു.

"ഇല്ല ശിവേട്ടാ ഞാന്‍ ഒരു കൊഴപ്പവും കാണിയ്ക്കത്തില്ല.ചേട്ടന്‍ വൈകുന്നേരം വരുമ്പം 10 കുഴിയെങ്കിലും ഞാന്‍ എടുത്തിട്ടുണ്ടാവും".

"ങ്.ഹാ ആ വേല മനസ്സിലിരിക്കട്ടെ.ഞാനെങ്ങു0 പോകുന്നില്ല".

ഉദയന്റെ തരികിടകല്‍ക്കൊന്നുമിടകൊടുക്കാതെ ശിവേട്ടന്‍ അന്നു വൈകുന്നേരം വരെ അവിടെ തന്നെയിരുന്നു.കൃത്യം 6 കുഴികള്‍ അന്നെടുത്തു.

രണ്ടാം ദിവസം...

ഉച്ചയ്ക്കുള്ള ആഹാരമെല്ലാം കഴിച്ച് പണി വല്യമ്മാവന്‍ വിളിക്കുന്നു എന്നു മകളു വന്നു പറഞ്ഞതുമൂലം ശിവേട്ടനു വീട്ടിലേയ്ക്കു പോകേണ്ടി വന്നു.വൈകിട്ട് പരിശോധിച്ചപ്പോള്‍ അന്നു ഉദയന്‍ 8 കുഴികളെടുത്തിട്ടുണ്ട്.

മൂന്നാം ദിവസം....

പഞ്ചായത്തിലെ ചില കാര്യങ്ങള്‍ക്കായി പോകേണ്ടിവന്നതുകൊണ്ട് 3 മണിയ്ക്കുശേഷമാണു ശിവേട്ടനെത്താന്‍ പറ്റിയതു.അന്നു ഉദയന്‍ 12 കുഴികളെടുത്തിരിക്കുന്നതുകണ്ട് അത്ഭുതപ്പെട്ട പുള്ളിക്കാരന്‍ അളവുകോലുവച്ച് പരിശോധിച്ചപ്പോള്‍ എല്ലാം കൃത്യമാണെന്നുകണ്ട് ശരിക്കും വണ്ടറടിച്ചു.

എന്തിനേറെ പറയുന്നു.കൃത്യം അഞ്ചുദിവസം കൊണ്ട് ഉദയന്‍ 50 കുഴികള്‍ പൂര്‍ത്തിയാക്കുകയും ഒരു കുഴിയ്ക്കു 35 രൂപാ കണക്കില്‍ 1750 രൂപ ശിവേട്ടന്റെ കയ്യില്‍ നിന്നും എണ്ണി വാങ്ങുകയും ചെയ്തു.കള്ളത്തരമൊന്നും കാട്ടാതെ പെട്ടന്നു തന്നെ പണി പൂര്‍ത്തിയാക്കി തന്നതിനു ഒരു 50 രൂപ കൂടുതല്‍ കൊടുക്കുകയും ചെയ്തു.

.......

ഒരു കൊടുങ്കാറ്റുപോലെ പാഞ്ഞുവരുന്ന ശിവദാസനെ കണ്ടപ്പോഴേ ചായക്കടക്കാരന്‍ കുമാരന്‍ പറഞ്ഞു.എന്തോ കുഴപ്പമുണ്ട്.

"ആ ഉദയനെ കണ്ടോ" വന്നപാടേ ശിവേട്ടന്‍ കുമാരനോടായി ചോദിച്ചു.

"അവനിന്നിവിടെ വന്നില്ല.ഇനി ഒരാഴച അവനെ കണികാണാന്‍ കിട്ടില്ല.കയ്യിലുകാശുണ്ടല്ലോ.അല്ല എന്താ എന്തുപറ്റി"


"ഇനി എന്തു പറ്റാന്‍ ആ നായീന്റമോന്റെമോന്‍ എന്നെ.ഒരു മീറ്റര്‍ സമചതുരത്തില്‍ കുഴിയെടുക്കുന്നതിനായി ഞാനവനു അളവുകോലു ഉണ്ടാക്കിക്കൊടുത്തതാ.ആദ്യമെടുത്ത അഞ്ചെട്ടു കുഴികള്‍ കറക്ട് അളവിലൊണ്ട്.പിന്നെപിന്നെ അളവുകോലവനൊടിച്ചൊടിച്ച് അരമീറ്ററാക്കിയതു ഞാനറിഞ്ഞില്ല കുമാരാ.ഞാന്‍ നോക്കുമ്പോള്‍ അളവിനു കറക്ടായിരുന്നു കുഴികളെല്ലാം.അവനെ എന്റെ കയ്യിക്കിട്ടും".

ദേക്ഷ്യത്തോടെ പിറുപിറുത്തുകൊണ്ട് ശിവേട്ടന്‍ നടന്നുപോയപ്പോള്‍ അതിര്‍ത്തിയില്‍ ഒരു തര്‍ക്കവസ്തുവായി നിലകൊണ്ടുകൊണ്ട് നിരവധി വഴക്കുകള്‍ക്കു കാരണമായ ഒരു വലിയ പറങ്കിമാവു മുറിയ്ക്കുന്നതിനുള്ള കൊട്ടേഷനേറ്റെടുക്കുകയായിരുന്നു ഉദയനപ്പോള്‍.

4 comments:

  1. ഉദയന്റെ ഐഡിയ കൊള്ളാലോ..
    പറങ്കിമാവിന്റെ ഐഡിയ എന്താവും?
    ആശംസകള്‍ ശ്രീക്കുട്ടന്‍....

    ReplyDelete
  2. അന്നു ഉദയന്‍ 12 കുഴികളെടുത്തിരിക്കുന്നതുകണ്ട് അത്ഭുതപ്പെട്ട പുള്ളിക്കാരന്‍ അളവുകോലുവച്ച് പരിശോധിച്ചപ്പോള്‍ എല്ലാം കൃത്യമാണെന്നുകണ്ട് ശരിക്കും വണ്ടറടിച്ചു.

    അങ്ങിനെ വേണം. കൊള്ളാലോ ഉദയന്‍...

    ReplyDelete
  3. ഹഹ.. ഉദയന്‍ ചിരിപ്പിച്ചു. നല്ല ബെസ്റ്റ് പണിക്കാരന്‍ തന്നെ.

    ReplyDelete
  4. ഉദയന്‍ കൊള്ളാല്ലോ . കക്ഷി ഇപ്പോഴും നാട്ടില്‍ തന്നെ ഉണ്ടോ

    ReplyDelete