Thursday, February 4, 2010

സ്നേഹനിധിയായ ഭാര്യ

ഗ്ലാസ്സിലുണ്ടായിരുന്ന നിറമുള്ള ദ്രാവകം ഒറ്റവലിയ്ക്കകത്താക്കിയശേഷം കാലിഗ്ലാസ്സ് മേശപ്പുറത്തുവച്ചിട്ട് ശിവന്‍ സിഗററ്റ് ചുണ്ടോടുചേര്‍ത്തു. അയാളുടെ നാസാരന്ദ്രങ്ങളിലൂടെ കുമുകുമാ സിഗററ്റുപുക പുറത്തേയ്ക്കൊഴുകിപ്പരന്നു. നാലുപെഗ്ഗ് അകത്താക്കിയിട്ടും ഒരു തരിപ്പുപോലും വരാത്തതുപോലെ. ഇന്ന്‍ താന്‍ എത്ര കുടിച്ചാലും ഫിറ്റാകുമെന്ന്‍ തോന്നുന്നില്ല. മദ്യം തലയ്ക്കുപിടിച്ച് ബോധമൊന്നു മറഞ്ഞിരിന്നെങ്കിലെന്ന്‍ ആത്മാര്‍ഥമായുമയാളാഗ്രഹിച്ചുപോയി. അന്തരീക്ഷത്തില്‍ വലയങ്ങള്‍ സൃഷ്ടിച്ചുകൊണ്ട് പറന്നുയരുന്ന പുകവലയങ്ങളെ നോക്കി കസേരയില്‍ ചാഞ്ഞുകിടക്കുമ്പോള്‍ അവന്റെ മനസ്സാകെ എരിപൊരികൊള്ളുകയായിരുന്നു. ഒരു ഡബില്‍ ലാര്‍ജ്ജിനുകൂടി ഓര്‍ഡര്‍ നല്‍കിയിട്ടയാള്‍ കസേര ചുമരിനരുകിലേയ്ക്ക് നീക്കിയിട്ടശേഷം തല ചുമരിച്ചാരി കസേരയില്‍ ചടഞ്ഞുകൂടി കണ്ണടച്ചിരുന്നു.

"ഡാ ശിവാ.  നീയൊന്നാലോചിച്ചുനോക്കിയേ. അവര്‍ക്ക് നല്ല തറവാട്ടീന്ന്‍ ഒരു ചെക്കനെമതി. സാമ്പത്തികമൊന്നും ഒരു പ്രശ്നമല്ല. വിജയയുടെ സ്ത്രീധനബാക്കികൊടുക്കാം. മായക്കുട്ടിയ്ക്ക് വേണ്ടി കുട്ടന്‍ നായര്‍കൊണ്ടുവന്ന ആലോചന നമുക്ക് അങ്ങ് തീര്‍പ്പാക്കാം. പിന്നെ രേഷമയും വളര്‍ന്നുവരുവല്ലേ. എന്നുംകുന്നും അസുഖക്കാരിയായ നിന്റെ അമ്മയെക്കൊണ്ട് കൂട്ടിയാ എത്രാന്നുവച്ചാ കൂടുക. നീയിപ്പോ മറ്റൊന്നുമാലോചിക്കാതെ ഈ കല്യാണത്തിനങ്ങട്ട് സമ്മതിച്ചാ രക്ഷപ്പെടുന്നത് നിന്റെ കുടുംബം മൊത്തത്തിലാ. നീയ് അല്ലേയുള്ളൂ ഈ കുടുംബത്തിനു തുണയായി. അത് മറക്കാണ്ടിരിക്കൂ"

മുറുക്കാന്‍ ചവച്ചുനിറഞ്ഞതു മുറ്റത്തേയ്ക്ക് നീട്ടിത്തുപ്പിക്കൊണ്ട് വല്യമ്മാമ പറഞ്ഞുതീര്‍ത്തത് നിര്‍വ്വികാരതയോടെയാണ് താന്‍ കേട്ടുതീര്‍ത്തത്. അമ്മയുടെ നേരേ താന്‍ പാളിനോക്കിയപ്പോള്‍ അവര്‍ ദൈന്യതയോടെയും നിര്‍വ്വികാരതയോടെയും പുറത്തേയ്ക്കെവിടെയോ ദൃഷ്ടി പായിച്ചുകൊണ്ട് ചുമരും ചാരി നില്‍ക്കുന്നതാണു കണ്ടത്.വല്യമ്മാമ വീണ്ടും കുടുംബത്തിന്റെ ഇല്ലായ്മകളും വല്ലായ്മകളും പറഞ്ഞുകൊണ്ട് പുത്തന്‍ പുരയ്ക്കലെ പെണ്ണിനെക്കെട്ടിയാല്‍ കുടുംബത്തിനുണ്ടാകുന്ന ഗുണങ്ങളെപ്പറ്റി സംഭാഷണം തുടര്‍ന്നുകൊണ്ടിരുന്നു. സുമതിയമ്മ ഇടയ്ക്ക് മുഖം തിരിച്ചുനോക്കിയപ്പോള്‍ തന്റെ മുഖത്ത് തളംകെട്ടിനിന്ന നിരാശ അവര്‍ കണ്ടുകാണണം. അവര്‍ പതിയെ തന്റെയടുത്തേയ്ക്കുവന്ന്‍ തന്റെ രണ്ടുകൈകളും കൂട്ടിച്ചേര്‍ത്തുപിടിച്ചു. താനാണെങ്കില്‍ പിടയ്ക്കുന്ന മനസ്സോടെയാണ് അമ്മയുടെ മുഖത്തേയ്ക്കുനോക്കിയത്. അവരുടെ കണ്ണുകളില്‍ നൂറായിരം അപേക്ഷകളുടെ ഭാവം അലയടിക്കുന്നതു തനിക്കു കാണാനാകുന്നുണ്ടായിരുന്നു. മുഖത്തൊരു ചിരി വരുത്തിയെന്നുവച്ചിട്ട് താന്‍ അമ്മയുടെ കൈകള്‍ അമര്‍ത്തിപ്പിടിച്ചു.

"വല്യമ്മാമ എന്താന്നുവച്ചാല്‍ ചെയ്തോളൂ. എനിക്കു സമ്മതാണ്"

അമ്മയുടെ കൈകള്‍ വിടുവിച്ചിട്ട് മെല്ലെ പുറത്തേയ്ക്കു നടന്നപ്പോള്‍ തന്റെയുള്ളിലൊരു സമുദ്രം ഇളകിമറിയുന്നതവനറിയുന്നുണ്ടായിരുന്നു. അമ്പലപ്പറമ്പിലെ ആല്‍ത്തറയില്‍ മലര്‍ന്നുകിടക്കവേ ഉള്ളില്‍ നിറഞ്ഞുനിന്നതുമുഴുവന്‍ നീതുവിന്റെ മുഖം മാത്രമായിരുന്നു. ഒരു ജീവിതമുണ്ടെങ്കില്‍ അതു എന്റെ നീതുവിനൊപ്പമായിരിക്കുന്നുവെന്ന്‍ എത്രപ്രാവശ്യം താനവളുടെ കാതില്‍പ്പറഞ്ഞിരിക്കുന്നു. ഇപ്പോള്‍ താന്‍ അവളെവഞ്ചിച്ചുകൊണ്ട് തന്നെമറ്റൊരാള്‍ക്ക് വില്‍‍പ്പന നടത്തിയിരിക്കുന്നു. അവളോട് എങ്ങിനെയിതുപറയുമെന്നോര്‍ത്ത് താനനുഭവിച്ച വേദന.

ശ്യാമയുടെ കഴുത്തില്‍ താലിചാര്‍ത്തുമ്പോള്‍ തന്റെ മനസ്സും ശരീരവും മരവിച്ചതുപോലായിരുന്നു. നിര്‍വ്വികാരനായൊരുപാവയെപ്പോലെ താന്‍ പൂജാരിയും മറ്റും പറഞ്ഞതൊക്കെ അനുസരിച്ചു. അവളുടെ കൈപിടിച്ചു കതിര്‍മണ്ഠപത്തെ വലംവയ്ക്കുമ്പോള്‍ തന്റെ കണ്ണുകള്‍ ആഡിറ്റോറിയത്തിലാകെയൊന്നുപരതി. പുറത്തെ വാതിലിനടുത്തുള്ള ജനലിനരുകില്‍ നില്‍ക്കുന്ന രൂപത്തെക്കണ്ട താന്‍ നിന്ദാബോധത്തൊടെ തലകുനിച്ചുപോയി. ആദ്യരാത്രിയില്‍ പാലുമായി മണിയറയിലേയ്ക്കുകയറിവന്ന ശ്യാമയെക്കണ്ടപ്പോള്‍ തനിക്ക് ഒരു വികാരവും തോന്നിയില്ല. എന്തെല്ലാമോ സംസാരിച്ചെന്നുവരുത്തി നല്ല ക്ഷീണമെന്നുപറഞ്ഞ് കട്ടിലിന്റെ ഓരം ചേര്‍ന്നുകിടന്നു. കുറേ നേരത്തിനുശേഷം ശ്യാമയും കട്ടിലിന്റെ മറ്റേയറ്റത്തായിക്കിടന്നു.

മൂന്നാം നാള്‍ രാവിലെ ചായകുടിച്ചുകൊണ്ടിരുന്നപ്പോഴാണ് ചങ്ങാതിയായ വിനയന്‍ അക്കാര്യമറിയിച്ചത്. കീടനാശിനികഴിച്ച് നീതു ആത്മഹത്യക്കു ശ്രമിച്ചിരിക്കുന്നു. എന്നാല്‍ സമയത്തുകണ്ടതുകൊണ്ട് കുഴപ്പമൊന്നുമുണ്ടായില്ല എന്നറിഞ്ഞപ്പോള്‍ ഒരു ദീര്‍ഘനിശ്വാസം വിട്ടു. അതോടെ ശ്യാമയെക്കാണുന്നതുപോലും വെറുപ്പായിത്തീര്‍ന്നു. കൂട്ടുകാരനുമായിച്ചേര്‍ന്ന്‍ നീതുവിന്റെ വീട്ടില്‍ച്ചെന്നെങ്കിലും തലേദിവസം അവര്‍ വീടുമാറിപ്പോയി എന്നാണറിയാന്‍ കഴിഞ്ഞത്. ഒരാഴ്ച്ചയ്ക്കുശേഷം പോസ്റ്റുമാന്‍ കൊണ്ടുത്തന്ന കത്തിലെ കൈയക്ഷരം കണ്ടപ്പോള്‍ മനസ്സു പിടച്ചുപോയി. വിറയാര്‍ന്ന കൈകളാലാണത് പൊട്ടിച്ചു വായിച്ചത്.

"സ്നേഹമുള്ള എന്നിനിവിളിക്കുന്നതിലര്‍ത്ഥമില്ലല്ലോ?.എന്തായാലും ശിവേട്ടന്‍ സന്തോഷായി ജീവിക്കൂ. ഞാന്‍ ഈ നാട്ടീന്നു പോകുവാ.ഇനി മറ്റൊരാള്‍‍ക്കു നല്‍കാനെന്റെയുള്ളില്‍ തരിമ്പും സ്നേഹമവശേഷിച്ചിട്ടില്ലാത്തതിനാല്‍ ജീവിക്കണ്ടായെന്നു തീരുമാനിച്ചതാണു.പക്ഷേ ? സാരമില്ല. ഇനി എന്റെ ജീവിതത്തിലൊരു പുരുഷനുണ്ടാകില്ല. സ്നേഹം അതൊരാള്‍ക്കു മാത്രേ നല്‍കാനാവൂ.എന്റെ മനസ്സിപ്പൊള്‍ ശൂന്യമാണ്. ഇനിയൊരിക്കലും തമ്മില്‍ക്കാണാനിടയാവാതിരിയ്ക്കട്ടെ".

ആ കത്തുവായിച്ചുതീര്‍ന്നതില്‍പ്പിന്നെ താന്‍ ഇന്നേവരെ മനസ്സമാധാനമെന്തന്നറിഞ്ഞിട്ടില്ല. കഴിഞ്ഞ നാലുകൊല്ലത്തിനിടയില്‍ താന്‍ ഒരു ദിവസംപോലും ശ്യാംമയെ സ്നേഹിച്ചിട്ടില്ല.സ്നേഹമായിട്ടൊരു വാക്കോ നോട്ടമോ നല്‍കിയിട്ടില്ല.എന്നിട്ടുമവള്‍ എല്ലാം സഹിച്ചു തന്നോടൊപ്പം ജീവിക്കുന്നു. മറ്റുള്ളവര്‍ക്കുമുന്നില്‍ അഭിനയിച്ചുകൊണ്ട്.എന്നെങ്കിലുമൊരിക്കല്‍‍ തന്റെ മനസ്സു മാറുമെന്നവള്‍ കരുതിക്കാണും.

ഇന്നുരാവിലെ നഗരത്തില്‍ ഒരു കൂട്ടുകാരനെക്കാണാന്‍ വന്നതായിരുന്നു താന്‍. അവന്റെ ബൈക്കുമായി ചുമ്മാ ചുറ്റിയടിക്കവേയാണ് അശ്രദ്ധമായി റോഡു ക്രോസ്സുചെയ്യാന്‍ നോക്കിയ ഒരു വല്യമ്മയെ തട്ടിവീഴ്ത്താതിരിക്കുവാന്‍ വേണ്ടി തനിക്ക് ബൈക്ക് ഇടതുവശത്തേയ്ക്ക് പെട്ടന്നു വെട്ടിച്ചെടുക്കേണ്ടിവന്നു. എന്നാല്‍ ബാലന്‍സുതെറ്റിയ താന്‍ ബൈക്കുമായി മറിഞ്ഞു സൈഡില്‍നിന്ന ഒരു യുവാവിന്റെ പുറത്തേയ്ക്കു വീണു.റോഡിലേയ്ക്ക് തല്ലിയലച്ചുവീണ യുവാവിന്റെ തല ടാറിലടിച്ചു നെറ്റിപൊട്ടിച്ചോരയൊഴുകി. പിടഞ്ഞെഴുന്നേറ്റ താന്‍ പെട്ടന്ന്‍ ബൈക്ക് നിവര്‍ത്തിവച്ചിട്ട് ചെറുപ്പക്കാരനെ എഴുന്നേല്‍പ്പിക്കാന്‍ ശ്രമിച്ചു. ചെറുപ്പക്കാരന്റെ നെറ്റിയില്‍ ഉള്ള മുറിവില്‍നിന്നു ചോരയൊഴുകുന്നു. പാന്റും അല്‍പ്പം കീറിയിട്ടുണ്ട്. തന്റെ കാല്‍വണ്ണയും കുറച്ചുമുറിഞ്ഞെന്നുതോന്നുന്നു. നല്ല നീറ്റല്‍. നാലഞ്ചുപേര്‍ പെട്ടന്നുചുറ്റും കൂടി. താന്‍ ആ ചെറുപ്പക്കാരനെ ഒരുഓട്ടോയില്‍ക്കയറ്റി തൊട്ടടുത്തുള്ള ആശുപത്രിയില്‍പ്പോയി വച്ചുകെട്ടി. നെറ്റിയില്‍ രണ്ട് സ്റ്റിച്ചുണ്ടായിരുന്നു. കാലിലെ തൊലിയും അല്‍പ്പം പോയിട്ടുണ്ട്. റതാനും മരുന്നൊക്കെ വച്ചുകെട്ടി ആ ചെറുപ്പക്കാരനെ ഓട്ടോയില്‍ക്കയറ്റി അയാളുടെ വീട്ടിലേക്കു പോയി. കുഴപ്പമൊന്നുമില്ല താനൊറ്റയ്ക്കുപോകാം എന്നു അയാള്‍ പറഞ്ഞെങ്കിലും അതിനനുവദിക്കാതെ താന്‍ അയാലെക്കൊണ്ടാക്കാം എന്നുപറഞ്ഞു.
വീടിന്റെ കോളിംഗ് ബെല്ലില്‍ വിരലമര്‍ത്തി കാത്തുനിന്നു. ഒന്നുരണ്ടുനിമിഷത്തിനുള്ളില്‍ വാതില്‍ തുറക്കപ്പെട്ടു. വാതില്‍തുറന്നുപുറത്തേയ്ക്കുവന്ന സ്ത്രീയെക്കണ്ട താന്‍ ശരിക്കും ഞെട്ടി. അത് നീതുവായിരുന്നു.

"സാര്‍ ഇതാ ലാര്‍ജ്ജ്. മറ്റെന്തെങ്കിലും വേണോ?

ചുമ്മലില്‍ ഒന്നു തൊട്ടുവിളിച്ചുകൊണ്ട് ബെയറര്‍ കുലുക്കിയുണര്‍ത്തിയപ്പോള്‍ ശിവന്‍ ചിന്തകളില്‍നിന്നു ഞെട്ടിയുണര്‍ന്നു. നാലുപാറ്റും ഒന്നു നോക്കിയിട്ട് മതി എന്ന ഭാവത്തോടെ ബെയററെ നോക്കി അവന്‍ തലയാട്ടി. പുതിയൊരു സിഗററ്റെടുത്തി കൊളുത്തിയിട്ട് ഗ്ലാസ്സിലുണ്ടായിരുന്ന ദ്രാവകം കുറച്ചു അകത്താക്കി.

തന്നെക്കണ്ട നീതു ഒരു നിമിഷം അത്ഭുതസ്തബ്ധയാകുന്നതും എന്നാല്‍ തൊട്ടടുത്ത നിമിഷം അവള്‍ വച്ചുകെട്ടുമായിനില്‍ക്കുന്ന തന്റെ ഭര്‍ത്താവിനെക്കണ്ട് അയ്യോ ഇതെന്തുപറ്റിയെന്ന നിലവിളിയോടെ പുറത്തേയ്ക്ക് പാഞ്ഞുവരുകയും ചെയ്തു. അയാളോട് അവള്‍ നൂറുനൂറുചോദ്യങ്ങള്‍ ചോദിക്കുന്നതും മുറിവുകളില്‍പ്പരതുന്നതും മറ്റെന്തെങ്കിലും പറ്റിയോ എന്നൊക്കെ വേവലാതിപ്പെടുന്നതും മായക്കാഴ്ചയിലെന്നവണ്ണം താന്‍ നോക്കിക്കണ്ടുനിന്നു. തന്റെ അശ്രദ്ധമൂലം ബൈക്ക് ഉറത്തുതട്ടിയതാണെന്ന്‍ താന്‍ പറഞ്ഞപ്പോള്‍ ഒരുനിമിഷം അവളുടെ കണ്ണുകളില്‍ അഗ്നിയെരിഞ്ഞുവെന്ന്‍ തനിക്കു തോന്നിപ്പോയി. കൂടുതല്‍ സമയം ചിലവഴിക്കാതെ താന്‍ അവിടെനിന്നിറങ്ങുമ്പോള്‍ പരിചയഭാവത്തിന്റെ ഒരു ലാഞ്ചനപോലും അവളുടെ ഭാഗത്തുനിന്നുണ്ടായില്ല എന്നത് തന്നെ അമ്പരപ്പിച്ചു. അവളുടെ മുഴുവന്‍ ശ്രദ്ധയും അവളുടെ ഭര്‍ത്താവിലായിരുന്നു. ഇനി മറ്റൊരു പുരുഷന്‍ തന്റെ ജീവിതത്തിലില്ല എന്നു പറഞ്ഞു കത്തെഴുതിയത് മറ്റേതോ നീതുവാണെന്ന്‍ തോന്നിപ്പോയി.

സത്യത്തില്‍ താന്‍ എന്തൊരു വിഡ്ഡിയാണ്?. ആര്‍ക്കുവേണ്ടിയാണ് തന്റെ ജീവിതത്തിലെ വിലപ്പെട്ട നാലു വര്‍ഷങ്ങള്‍ താന്‍ പാഴാക്കിയത്? തന്റെ ഭാര്യയായവളെ മനസ്സിലാക്കാന്‍ ശ്രമിക്കാതെ നഷ്ടപ്രണയത്തിന്റെ ഓര്‍മ്മകളും കെട്ടിപ്പിടിച്ചിരുന്നു കണ്ണീര്‍‍വാര്‍ത്ത താന്‍ ലോകത്തിലെ ഏറ്റവും വലിയ പമ്പരവിഡ്ഡിയാണെന്നു വിളിച്ചുകൂവുവാന്‍ അയാള്‍ക്കു തോന്നി.

ഒഴിഞ്ഞ ഗ്ലാസ്സ് ടേബിളില്‍വച്ചിട്ട് എഴുന്നേല്‍ക്കുമ്പോള്‍ ശിവനൊരു തീരുമാനമെടുത്തിരുന്നു. മദ്യപാനത്തിനു ഇന്നുമുതല്‍ വിട. ഇത്രയും നാളും നിഷേധിച്ച സ്നേഹം മുഴുവന്‍ ശ്യാമയ്ക്കു വാരിക്കോരി നല്‍‍കണം.
വീട്ടിലേക്കു മടക്കയാത്ര നടത്തവേ അയാളുടെ മനസ്സ് തുള്ളിച്ചാടുകയായിരുന്നു.ചെന്നയുടനെ ശ്യാമയെ വാരിപ്പുണര്‍ന്ന്‍ ഉമ്മകള്‍ കൊണ്ടുപൊതിയണം.അവളുടെ മുഖത്തുണ്ടാകുന്ന അമ്പരപ്പ് നേരില്‍കാണുന്നതുപോലെ ശിവന്‍ ചെറുതായി ചിരിച്ചു.

"ഒന്നു പെട്ടന്ന്‍ പോ മാഷേ"

ടാക്സിക്ക് ഒട്ടും സ്പീഡില്ലാത്തതുപോലെ തോന്നിയ ശിവന്‍ അക്ഷമയോടെ ടാക്സിക്കാരനോടു പറഞ്ഞു.

"സാറെ ഇതില്‍ക്കൂടുതല്‍ സ്പീഡില്‍ ഈ വണ്ടി പോകില്ല.സാറു വേണോങ്കി വല്ല വിമാനവും പിടിച്ചുപോ".

മുഷിച്ചിലോടെ അയാള്‍ പറയുന്നതുകേട്ട് ശിവനു ദേഷ്യംവന്നു.

തന്റെ വീട്ടിലേക്കുള്ള ദൂരം കൂടിയതുപോലെ ശിവനുതോന്നി.തനിക്കു രണ്ടു ചിറകുകളുണ്ടായിരുന്നെങ്കിലെന്ന്‍ അയാള്‍ ആത്മാര്‍ഥമായുമാഗ്രഹിച്ചു.തുടിക്കുന്ന മനസ്സിനെ നിയന്ത്രിക്കാനാവാതെ സീറ്റില്‍ ചാരിക്കിടക്കുമ്പോല്‍ ആ നാഷണല്‍പെര്‍മിറ്റ് ലോറി അതിവേഗം എതിര്‍ദിശയില്‍നിന്നു പാഞ്ഞുവന്നുകൊണ്ടിരിക്കുകയായിരുന്നു. ഈ സമയം ദീപാരാധന തൊഴാനെത്തിയ ശ്യാമ തന്റെ ഭര്‍ത്താവിന്റെ ദീര്‍ഘായുസ്സിനുവേണ്ടി ഒരു പുഷ്പാഞ്ജലി വഴിപാടുനേര്‍ന്നിട്ട് കണ്ണടച്ചു കൈകള്‍കൂപ്പി ഭഗവാനെത്തൊഴുതുനിന്നു. തന്റെ ഭര്‍ത്താവിന്റെ മനസ്സുമാറി തന്നോട് സ്നേഹം തോന്നിപ്പിക്കണേ എന്നുമാത്രമായിരുന്നു അവളുടെ പ്രാര്‍ത്ഥന

ശ്രീ

10 comments:

  1. എഴുതുവാന്‍ വന്നതൊന്നു എഴുതിതീര്‍ന്നപ്പോള്‍ മറ്റൊന്നു.പിന്നെ മാറ്റാനൊന്നും നിന്നില്ല..

    ReplyDelete
  2. ശ്രീ,
    വായിച്ചു...നന്നയിട്ടൂണ്ട്.
    http://tomskonumadam.blogspot.com/

    ReplyDelete
  3. ചാവുമോ..അതോ പുഷ്പാഞ്ജലി ഫലിക്കുമോ....

    ReplyDelete
  4. പുഷ്പാഞ്ജലി ഫലിക്കുമോ....

    ReplyDelete
  5. iii sree kutta kollam adipoliyaaa

    ReplyDelete
  6. സത്യത്തില്‍ താന്‍ ആര്‍ക്കുവേണ്ടിയാണ് തന്റെ ജീവിതത്തിലെ വിലപ്പെട്ട നാലു വര്‍ഷങ്ങള്‍ പാഴാക്കിയത്.

    കൊള്ളാം.
    ഉള്ളടക്കം ഒന്നുകൂടി കാര്യഗൗരവമുള്ളത് ആയാല്‍
    കൂടുതല്‍ ഭംഗി ആവും.

    ആസംസകള്‍.

    ReplyDelete
  7. അഭിപ്രായമറിയിച്ച

    റ്റോംസ്,എറക്കാടന്,മനോരാജ്,ശിവപ്രസാദ്,റാംജി..

    എല്ലാപേര്‍ക്കും നന്ദി

    ReplyDelete