Monday, April 12, 2010

ഒരുത്സവത്തിന്റെ ഓര്‍മ്മയ്ക്കു

കള്ളുകുടിച്ച് ബോധം കെട്ട് വഴിയില്‍ കിടക്കുക എന്നതു നിത്യതൊഴിലാക്കിയ സുരേന്ദ്രന്റെ മകന്‍ സനൂപ്.

കുടിയ്ക്കുക എന്നതിനേക്കാല്‍ കുളിയ്ക്കുക എന്ന തത്വത്തില്‍ വിശ്വസിക്കുന്ന ഭാനുവിന്റെ മകന്‍ വിജയന്‍.

അരിമേടിച്ചില്ലേലും ചീട്ടുകളിക്കാന്‍ ഒരു മുടക്കവും വരുത്താത്ത വറീതിന്റെ ഒറ്റ പുത്രന്‍ ആല്‍ബി.

ഈ മൂന്നു പിതാമഹമ്മാരുടേയും എര്‍ത്തായി നടക്കുന്ന ഓസ് രാജുവിന്റെ അനിയന്‍ സാജു.

നാട്ടിലെ ഒരേയൊരു കള്ളവാറ്റുകാരനായ കരുണന്റെ തലതെറിച്ച പുള്ള കുമാര്‍.

ഗ്രാമത്തിലെ അറ്റകൂട്ടുകാരായിരുന്നു ഈ അഞ്ചുപേരും. എന്തിനും ഏതിനും എപ്പോഴും മുമ്പന്തിയിലുള്ളവര്‍. എല്ലാപേരും ഏകദേശം ഒരേപ്രായമൊക്കെതന്നെ.വിദ്യാഭ്യാസം.. ഒന്നും പറയണ്ട. ഇവരെ പഠിപ്പിക്കുന്നതിലും ഭേദം ഒരഞ്ചുകൊല്ലം സെന്‍ട്രല്‍ ജയിലില്‍ കിടക്കുന്നതാണ് നല്ലതെന്നു മാഷിനു തോന്നിയതുമൂലം വീട്ടുകാരെ വിളിപ്പിച്ച് മക്കളെ ഒരു പോറലുപോലുമേല്‍പ്പിക്കാതെ തിരിച്ചേല്‍പ്പിച്ചു. സാറിന്റെ കയ്യും കാലും പിടിച്ച് വീണ്ടും ക്ലാസ്സില്‍ കേറ്റിയെങ്കിലും എവിടെ...നാലഞ്ചുപ്രാവശ്യമായപ്പോള്‍ വീട്ടുകാര്‍ക്കും മടുത്തു. അല്ലേലും മദ്യപാനത്തില്‍ ശ്രദ്ധിക്കുവാന്‍ തന്നെ നേരം കിട്ടാത്തപ്പോള്‍ മക്കളെയെവിടെ നോക്കാന്‍. സകലമാന കൊള്ളരുതായ്മകളും വശത്താക്കിക്കൊണ്ട് അവര്‍ ഒരു സൈഡില്‍ വളര്‍ന്നു. പൊടിമീശപൊടിച്ചുതുടങ്ങിയ സമയമായപ്പോഴേയ്ക്കും അപ്പമ്മാരെ വെല്ലുന്ന തരക്കാരായിക്കഴിഞ്ഞിരുന്നു അഞ്ചുപേരും. പക്ഷേ എല്ലാം അല്‍പ്പം രഹസ്യമായിട്ടൊക്കെയായിരുന്നു.എന്തെങ്കിലും ജോലിക്കൊക്കെ പോയി കിട്ടുന്ന കാശുകൊണ്ട് അടിച്ചുപൊളിച്ച് അവരങ്ങിനെ കഴിഞ്ഞു. ഇടയ്ക്കിടയ്ക്കു കുമാര്‍ അടിച്ചുമാറ്റിക്കൊണ്ടുവരുന്ന ചൂടന്‍ സാധനം രഹസ്യമായി മോന്തി നാണുമൊതലാളിയുടെ തെങ്ങിന്തോപ്പില്‍ നിന്നും ആവശ്യത്തിനു ഇളനീരുകളും അടത്തുകുടിച്ച് അര്‍മ്മാദിച്ചു കഴിയവേ...

നാട്ടിലെ അയ്യപ്പക്ഷേത്രത്തില്‍ ഉത്സവത്തിനു കൊടിയേറി. ഇനി അഞ്ചെട്ടുനാള്‍ അഘോഷത്തിന്റേതാണു.വീട്ടില്‍ കയറാത്തതിനു ആരും ചോദിക്കില്ലല്ലോ. അഞ്ചുപേരും കൂടി ഓരോദിവസത്തേയും പരിപാടികള്‍ ആസൂത്രണം ചെയ്തു. നാട്ടില്‍ രഹസ്യമായിരുന്നു കള്ളുകുടിയ്ക്കുവാനും ചീട്ടുകളിക്കുവാനും പറ്റിയ സ്ഥലം പറയിക്കാടാണ്. പണ്ടൊരു ഗര്‍ഭിണിയായ പറയിയെ കൊന്നുകെട്ടിതൂക്കിയസ്ഥലമാണതെന്നാണ് പഴമക്കാര്‍ പറയുന്നത്. പറയിയുടെ പ്രേതം അലഞ്ഞുതിരിഞ്ഞുനടക്കുന്നതുമൂലം പകലുപോലും ആ ഭാഗത്തേയ്ക്കാരും നോക്കാറില്ല. ആദ്യമൊക്കെ അവിടെപ്പോകുവാന്‍ നമ്മുടെ കഥാനായകര്‍ക്ക് ചെറിയപേടിയുണ്ടായിരുന്നു. പിന്നെ പിന്നെ ഈ ലോകത്ത് ഇത്രയും സുരക്ഷിതമായ സ്ഥലം വേറെയില്ലെന്നവര്‍ക്കു മനസ്സിലായി. ഇവര്‍ മാത്രമല്ല മുജീബിന്റേയും ജയന്റേയും മറ്റും നേതൃത്വത്തിലുള്ള മറ്റൊരു സംഘവും പറയിക്കാട് താവളമായിപിടിച്ചിട്ടുണ്ട്. പിന്നെ സ്ഥലത്തെ ചില സീനിയര്‍ സിറ്റിസണ്‍സും ഇവിടം ചില അലുക്കുലുത്തുകള്‍ക്കായി ഉപയോഗിക്കുന്നുണ്ട്.

"പെട്ടന്നാവട്ടെ പരിപാടി തൊടങ്ങുമ്മുമ്പേ നമുക്ക് പറമ്പില്‍ ചെല്ലണം". എല്ലാ ഗ്ലാസ്സിലും സാധനമൊഴിച്ചുകൊണ്ട് വിജയന്‍ പറഞ്ഞു.

പിന്നെ ഗ്ലാസ്സുകള്‍ ചറപറായൊഴിയുകയും നിറയുകയും ചെയ്തുകൊണ്ടിരുന്നു.

"കരിമുരളീരവം കരിത.... അല്‍പ്പം സംഗീതവാസനയുള്ള ആല്‍ബി തന്റെ കഴിവുപ്രകടിപ്പിക്കാനാരംഭിച്ചു.

"ഒന്നു നിര്‍ത്തടാ ശവമേ അവന്റെയൊരു കരിമുരളി. ദേ താഴേ ഏതോ ടീമിരിപ്പൊണ്ട്. ബഹളം കേട്ട് അവമ്മാരാരെങ്കിലും കേറിവന്നാപ്പിന്നെ. പകുതിക്കു നിര്‍ത്തിക്കൊണ്ട് സാജു തന്റെ ഗ്ലാസ്സില്‍ ബാക്കിയുണ്ടായിരുന്നതു ഫിനിഷ്ചെയ്തു.
ഈ സമയം സനൂപ് മെല്ലെയെഴുന്നേറ്റ് മുണ്ടുപൊക്കിനിന്നു മുള്ളാനാരംഭിച്ചു. ആടിയാടി നില്‍ക്കവേ ചക്കവെട്ടിയിട്ടപോലെ ദേ കിടക്കണു തറയില്‍.ആ വണ്ടിയെ ഒരു ഭാഗത്തൊതുക്കി പാര്‍ക്കുചെയ്തശേഷം ബാക്കിയുള്ളവര്‍ വീണ്ടുമാരംഭിച്ചു.

പെട്ടന്നാണു കുമാര്‍ ആ കാഴ്ച കണ്ടതു. രണ്ടുമൂന്നു ടോര്‍ച്ചുകളുടെ വെട്ടം അവിടേയ്ക്കുവരുന്നു. നാലഞ്ചുപേരുണ്ട്.

"ഓടിയ്ക്കോടാ പോലീസാ" കുമാറിന്റെ അലര്‍ച്ചയും ശരവേഗത്തിലൊരോട്ടവും എല്ലാം സെക്കന്‍ഡുകള്‍ക്കുള്ളിലായിരുന്നു നടന്നതു.

ഊരി തറയില്‍ വച്ചിരുന്ന ഷര്‍ട്ടുപോലുമെടുക്കാതെ ആല്‍ബിയും വിജയനും സാജുവും പറപറന്നു. നിലംതൊടാതെ ഓടുന്നതിനിടയില്‍ താഴെഭാഗത്തിരുന്നു ചീട്ടുകളിച്ചുകൊണ്ടിരുന്നവരോടു വിളിച്ചുപറയാനവര്‍ മറന്നില്ല. പിന്നെ നാനാവഴിക്കും ഓട്ടക്കാര്‍ മാത്രമേയുണ്ടായിരുന്നുള്ളു.

പൊട്ടക്കിണറുകളില്‍ വീഴാതെ എങ്ങിനെ ഉത്സവപറമ്പിലെത്തിയെന്നു ആലോചിച്ച് വിജയന്‍ അത്ഭുതപ്പെട്ടു.

നാണുവേട്ടന്റെ കടയില്‍ നിന്നും ചടപടാ ഈരണ്ടു നാരങ്ങാവെള്ളം കുടിച്ചിട്ടും അവരുടെ ദാഹം തീര്‍ന്നില്ല. ഈ സമയം ഒരു കോണില്‍ നിന്നും കുമാര്‍ അവരുടെയടുത്തെത്തിച്ചേര്‍ന്നു.

"നാശം പിടിയ്ക്കാന്‍ അടിച്ചതെല്ലാം ദഹിച്ചുപോയല്ലോ ഭഗവാനേ".പിറുപിറുത്തുകൊണ്ട് കുമാര്‍ ഒരു സിഗററ്റ് കൊളുത്തി.

പെട്ടന്നാണ് ഒരുകാര്യമവര്‍ ശ്രദ്ധിച്ചത്. സനൂപെവിടെ.

"ദൈവമേ പോലീസുകാരവനെകൊണ്ടുപോയിക്കാണുമോ".

"നിന്റെ കരിനാക്കു വളച്ചു പറയാതെ നമുക്കൊന്നു നോക്കാം". ദേക്ഷ്യപ്പെട്ടുകൊണ്ട് ആല്‍ബി പറഞ്ഞു.

നാലുപേരും കൂടി ഉത്സവപറമ്പുമുഴുവന്‍ സനൂപിനെ തിരക്കി നടന്നു. കുറച്ചുനേരം കഴിഞ്ഞ് അവര്‍ സനൂപിന്റെ വീട്ടില്‍ പോയി നോക്കി. അവിടെയാരും എത്തിയ ഒരു ലക്ഷണവുമില്ല. ചെറിയ ഭയം അവരെ വേട്ടയാടുവാന്‍ തുടങ്ങി. ഒടുവില്‍ രണ്ടും കല്‍പ്പിച്ച് പറയിക്കാട്ടിലൊന്നുപോയി നോക്കാമെന്നു തീരുമാനിച്ച് വിജയനും കുമാറും കൂടി രാത്രി അവിടേയ്ക്കു നടന്നു. തങ്ങളിരുന്ന ഭാഗത്തോ വഴിയിലെങ്ങുമോ ഒന്നും അവര്‍ക്ക് സനൂപിനെ കണ്ടെത്താനായില്ല. അവന്റെ പേരു വിളിച്ചവര്‍ ആ കാടുമുഴുവന്‍ നടന്നു.പെട്ടന്ന്‍ ആരോ കാട്ടിലുള്ളതായി അവര്‍ക്കു തോന്നി.ഒരിടത്തു പതുങ്ങിയിരുന്നുകൊണ്ടവര്‍ സൂക്ഷിച്ചുനോക്കിയപ്പോള്‍ രണ്ടുപേരുള്ളതായി മനസ്സിലായി. പറങ്കിമാവിന്റെ ചുവട്ടിലായിട്ടാണ്. ചീട്ടുകളിക്കാരായിരിക്കുമോ.രണ്ടുപേര്‍വച്ചെന്തു ചീട്ടുകളി.പെട്ടന്ന്‍ ഒരു പെണ്ണിന്റെ ഒച്ചകേട്ടതുപോലെയവര്‍ക്കു തോന്നി. അങ്ങിനെ വരട്ടെ ഡിങ്കോല്‍ഫിയാണു സംഭവം. സനൂപിനെ കാണാത്ത ദേക്ഷ്യവും സങ്കടവും സഹിക്കാനാവാതെ കുമാര്‍ കുനിഞ്ഞൊരു കല്ലെടുക്കുകയും അവിടേയ്ക്കു ആഞ്ഞെറിയുകയും ചെയ്തു.

"എന്റമ്മേ".

രാവിന്റെ നിശബ്ദതയെ തകര്‍ത്തുകൊണ്ട് ഒരലര്‍ച്ച മുഴങ്ങി. ആരോ ഓടുന്ന ഒച്ചയും കേട്ടു. നല്ല പരിചയമുള്ള ശബ്ദം പോലെ കുമാറിനു തോന്നി.പിന്നെയവര്‍ അവിടെ നിന്നില്ല. നിലം തൊടാതെയുള്ള പറക്കലായിരുന്നു.ഓട്ടത്തിനിടയ്ക്കു കുമാറിന്റെ വാച്ച് എവിടേയ്ക്കോ ഊരിത്തെറിച്ചു.

രാത്രി ചെന്നു കിടന്നെങ്കിലും അവര്‍ക്കാര്‍ക്കും ഉറക്കം വന്നില്ല. ഈ സനൂപെവിടെ പോയി ഒളിച്ചു.

രാവിലെ 9 മണിയ്ക്കാണു കുമാര്‍ ഉണര്‍ന്നതു. എഴുന്നേറ്റപാടേ അവന്‍ നാണുവേട്ടന്റെ കടയിലേയ്ക്കു വച്ചുപിടിച്ചു. വിജയനും ആല്‍ബിയും അവിടെയുണ്ട്.

"എന്തായെടാ. അവനെക്കണ്ടോ" ആകാംഷയോടെ കുമാര്‍ തിരക്കി.

"അതു പറഞ്ഞാല്‍ ബഹുരസമാ. പോലീസെന്നുകേട്ടോടിയ അവന്‍ താഴെയുള്ള പൊട്ടക്കിണറ്റില്‍ വീണു. അപ്പോത്തന്നെ ബോധവും പോയി. പിന്നെ രണ്ടാമതു നമ്മള്‍ തിരക്കിചെന്നില്ലേ. അപ്പോള്‍ ഒച്ചകേട്ട അവന്‍ കരുതി പോലീസു വീണ്ടും വന്നതായിരിക്കുമെന്നു. വന്ന ബോധം വീണ്ടും പോയി.രാവിലെ പാലുകൊടുത്തിട്ടുവന്ന പ്രകാശനാണു ഒച്ചകേട്ട് കള്ളപ്പുല്ലിനെ കിണറ്റീന്ന്‍ വലിച്ചുകേറ്റിയത്. പെറമ്മുഴുവന്‍ മുറിഞ്ഞുവാരി അവിടെ കെടപ്പൊണ്ട്". ആല്‍ബി പറഞ്ഞതുകേട്ട് ആശ്വാസത്തോടെ ഒരു ചായ പറഞ്ഞതിനുശേഷം കുമാര്‍ ഒരു സിഗററ്റ് കൊളുത്തി.

"അല്ല സാജുവെവിടെ കണ്ടില്ലല്ലോ"

"അപ്പം നിങ്ങളറിഞ്ഞില്ലെ. അവന്റെ അച്ഛനെ ഇന്നലെ രാത്രി ആരോ കല്ലെടുത്തെറിഞ്ഞു കൊല്ലാന്‍ നോക്കി. കള്ളുകുടിച്ചു ബഹളമുണ്ടാക്കുന്നതിന്റെ വൈരാഗ്യത്തിനു അപ്പറത്തെ സുഗതന്‍ ചെയ്തതെന്നാ എല്ലാരും പറയുന്നതു. പതിമൂന്നു തുന്നലുണ്ടത്രേ. രാത്രി തന്നെ ആശൂത്രീ​ക്കൊണ്ടോയതോണ്ടു രക്ഷപെട്ടു". ചായഗ്ലാസ്സ് തിരിച്ചുമേടിച്ചുകൊണ്ട് നാണുവേട്ടന്‍ പറയുന്നതുകേട്ട് വിജയനും കുമാറും കണ്ണില്‍ കണ്ണില്‍ നോക്കി.

അപ്പോള്‍ ഇന്നലെ രാത്രി...........

5 comments:

  1. അപ്പോള്‍ ഇന്നലെ രാത്രി...........

    കൊള്ളംട്ടോ

    ReplyDelete
  2. Oru padu twist undallo?

    Still i couldn't place all the characters dude?

    It was a real fun to read...

    Hope we can expect something related to Kuluuus and Chenda soon? isn't?

    Why can't you give a role for PULUVAN MOHANAN in your stories? Hope you still remember that ANA kadhaaaa...ha haaa

    Cheers,
    Deepu

    ReplyDelete
  3. "Fabinho lost the chance to help Liverpool. Game against West Ham> Captain Henderson has no fitness issues."

    ReplyDelete