Saturday, April 24, 2010

സ്വയം വിഡ്ഡികളാകുന്നവര്‍

നല്ല ഒരു കുലുക്കമനുഭവപ്പെട്ടപ്പോഴാണു ദേവന്‍ കണ്ണുകള്‍ തുറന്നത്. വണ്ടി ഏതോ ഗട്ടറില്‍ വീണതാണു. പുറപ്പെട്ടിട്ടിപ്പോള്‍ നാലഞ്ചുമണിക്കൂര്‍ കഴിഞ്ഞിരിക്കുന്നു. രാവിലെ മാത്രമേ തനിക്കിറങ്ങുവാനുള്ളിടത്തെത്തു. ബസ്സില്‍ വളരെക്കുറച്ചാളുകള്‍ മാത്രമേയുള്ളു. മിക്കപേരും നല്ല ഉറക്കമാണു. ദേവന്‍ വീണ്ടുമെന്തൊ ആലോചിച്ചുകൊണ്ട് കയ്യിലിരുന്ന ബാഗ് ഒന്നു കൂടി മുറുക്കെപിടിച്ചുകൊണ്ട് സീറ്റിലേയ്ക്കു ചാരിക്കിടന്നു. അതിവേഗതയില്‍ പുറകിലേയ്ക്കോടി മറയുന്ന ദൃശ്യങ്ങള്‍ നോക്കിയിരിക്കുമ്പോള്‍ മനസ്സില്‍ എന്തെല്ലാമോ തികട്ടി വരുന്നുണ്ടായിരുന്നു.
പെട്ടന്ന്‍ ഒരു കുലുക്കത്തോടുകൂടി വണ്ടി നിന്നു. എന്തുപറ്റിയെന്നറിയാന്‍ അയാള്‍ പുറത്തേയ്ക്കു തലയിട്ട് നോക്കി.ടയര്‍ പഞ്ചറായതാണെന്നു തോന്നുന്നു.

ആരെയൊക്കെയോ പ്രാകിക്കൊണ്ട് കണ്ടക്ടറും ഡ്രൈവറും പുറത്തേയ്ക്കിറങ്ങി. ഇനി വണ്ടി പോകാന്‍ ഒരു മണിക്കൂറെങ്കിലുമെടുക്കും.മയക്കത്തിലായിരുന്നവര്‍ ഒന്നൊന്നായി ഉണര്‍ന്നു പുറത്തേയ്ക്കിറങ്ങുവാന്‍ തുടങ്ങി. ബാഗും തൊളില്‍ തൂക്കി ദേവനും. പുറത്തു നല്ല തണുപ്പ്.അല്‍പ്പം ദൂരെയായി ഒരു വെട്ടം കാണുന്നുണ്ട്. ചെറിയ ചായക്കടയാണ്. ഒരു ചായയോ കാപ്പിയോ കിട്ടുമെന്നറിയാനായി ദേവന്‍ അവിടേയ്ക്കു നടന്നു. രണ്ടു മൂന്നുപേര്‍ ചായകുടിക്കുന്നുണ്ട്. തനിക്കും ഒരു ചായ പറഞ്ഞശേഷം ദേവന്‍ അടുത്തുകണ്ട ബെഞ്ചിലായിരുന്നു.

തന്റെ അടുത്തായി സിഗററ്റു വലിച്ചുകൊണ്ടിരിക്കുന്ന കാവി വസ്ത്രധാരിയെ കണ്ടപ്പോള്‍ ഒരു സിഗററ്റ് വലിക്കുവാന്‍ ദേവനാഗ്രഹം തോന്നി. സിഗററ്റെടുത്തുചുണ്ടില്‍ വച്ചു കത്തിക്കാന്‍ ശ്രമിച്ച് പരാജയപ്പെട്ടപ്പോള്‍ കാവിധാരി തന്റെ കയ്യിലിരുന്ന ലൈറ്റര്‍ ദേവനു നേരെ നീട്ടി. കത്തിച്ചശേഷം നന്ദി പറഞ്ഞുകൊണ്ട് ലൈറ്റര്‍ ദേവന്‍ തിരിച്ചു നല്‍കി.

"എന്താ താങ്കളുടെ പേര്". എന്തെങ്കിലും ചോദിക്കണമല്ലോ എന്നു കരുതി ദേവന്‍ ചോദിച്ചു.

"ഒരു പേരിലെന്തിരിക്കുന്നു സുഹൃത്തേ. എന്നിരുന്നാലും ഒരാളെ തിരിച്ചറിയുന്നതിനുള്ള അടയാളമെന്ന്‍ നിലയ്ക്കു എനിക്കുമൊരു പേരുണ്ട്.പക്ഷേ അതു ഞാന്‍ മറന്നിരിക്കുകയാണ്. എന്നിരിരുന്നാലും എന്നെ വിഡ്ഡി എന്നു വിളിച്ചുകൊള്ളു. എനിക്കാ പേരു വളരെയിഷ്ടമാണു". സിഗററ്റ് ആഞ്ഞുവലിച്ചുകൊണ്ട് അയാള്‍ പറഞ്ഞതുകേട്ടു ദേവന്‍ അത്ഭുതത്തോടെ അയാളെ നോക്കി. നാല്‍പ്പത്തഞ്ച് നാല്‍പ്പത്തെട്ട് വയസ്സു തോന്നിക്കും. നല്ല കുലീനമായ തറവാട്ടില്‍ ജനിച്ചതാണെന്നു തോന്നിപ്പിക്കുന്ന രൂപം. കഴുത്തില്‍ ഒരു രുദ്രാക്ഷ മാല. സ്വര്‍ണ്ണം കെട്ടിയതാണെന്നു തോന്നുന്നു. തോളില്‍ ഒരു ചെറിയ ബാഗുണ്ട്. നല്ല കാവിവേഷം.

'താങ്കള്‍ക്കും ഒരു ചായ പറയട്ടെ'.

"നന്ദി. ഞാന്‍ ചായ കുടിക്കാറില്ല". ഒരു സിഗററ്റ് കൂടി കൊളുത്തിക്കൊണ്ട് കാവിധാരി പറഞ്ഞു.

അയാളെ തന്നെ നോക്കിക്കൊണ്ട് ചായ മൊത്തിക്കുടിയ്ക്കുമ്പോല്‍ ദേവനു അയാളെക്കുറിച്ചു കൂടുതലയിട്ടറിയണമെന്നു തോന്നി. പക്ഷേ എങ്ങിനെ ചോദിക്കും എന്നതോര്‍ത്തു ഒരു വിമ്മിഷ്ടവും അനുഭവിച്ചിരിക്കുമ്പോല്‍ അയാള്‍ അടുത്ത സിഗററ്റും കൊളുത്തി.

"ഇങ്ങിനെ സിഗററ്റ് വലിക്കുന്നതു നല്ലതല്ല. ഒരു സിഗററ്റ് വലിക്കുമ്പോല്‍ നമ്മുടെ ആയുസ്സിന്റെ അഞ്ചുനിമിഷം തീരുകയാണ്". ഒരു വലിയ ജ്ഞാനി കണക്കെ ദേവന്‍ അയാളോടായി പറഞ്ഞു.

"ഹ..ഹ..ഹ" വളരെയുച്ചത്തില്‍ അയാളൊന്നു പൊട്ടിച്ചിരിച്ചു.

"കൂടുതല്‍ വലിക്കുകയാണെങ്കില്‍ ഒരു പാടുനാള്‍ കിടന്നു കൂടുതല്‍ വലിക്കാതെ യാത്രയാകാം"

"സുഹൃത്തേ. നമ്മുടെ ആയുസ്സ് തീരുമാനിക്കുന്നതു ഒരിക്കലും നമ്മളല്ല. പൂര്‍ണ്ണ ആരോഗ്യവാനായ ഒരാള്‍ പെട്ടന്നു മരിച്ചുപോകുന്നില്ലേ. ചിലപ്പോള്‍ അപകടം മൂലമാകാം.അല്ലെങ്കില്‍ മാരകമായാ​‍അസുഖം മൂലമാവാം. ദുശ്ശീലങ്ങള്‍ ഒന്നുമില്ലാതിരുന്നതുമൂലം എനിക്കു നൂറു വയസ്സു വരെ ആയുസ്സ് നീട്ടിക്കിട്ടണമെന്നു ശഠിക്കുവാന്‍ പറ്റുമോ. ഇല്ല. അപ്പോള്‍ നമുക്കൊരിക്കല്‍ മാത്രം കിട്ടുന്ന ഈ ജീവിതം ആസ്വദിച്ചു തീര്‍ക്കുക. നാളെയെക്കുറിച്ചോര്‍ത്തു വേവലാതിപ്പെടാതിരിക്കുക". ചിരിയടക്കിക്കൊണ്ടയാള്‍ ദേവനോടായി പറഞ്ഞു

വളരെയേറെ വ്യത്യസ്തനായ ഒരു മനുഷ്യനായി ദേവനയാളെ അനുഭവപ്പെട്ടുതുടങ്ങി.

"താങ്കളെവിടേയ്ക്കാണു പോകുന്നത്"

വീണ്ടും യാത്ര തുടരവേ തന്റെ സീറ്റില്‍ കൂടെയിരുന്ന അയാളോടായി ചമ്മലോടെ ദേവന്‍ ചോദിച്ചു.

"സത്യമായും സുഹൃത്തേ എനിക്കതറിയില്ല. യാത്രകള്‍ എനിക്കൊരു ലഹരിയാണ്. ഒരോ ദിവസം എനിക്കു തോന്നുന്നിടത്തേയ്ക്കു യാത്രയാവും. ചിലപ്പോള്‍ അതു ആഴ്ചകളും മാസങ്ങളുമായിട്ടുണ്ട്. എന്നിരുന്നാലും എനിക്കു മടുക്കുന്നില്ല. ഈ ബസ്സിന്റെ യാത്ര എവിടെയാണോരാവസാനിക്കുന്നതു അവിടെ നിന്നും പുതിയ തുടക്കം അതിങ്ങനെ തുടരും. യാത്രക്കുള്ള ചിലവുകള്‍ക്കായി ഇതുപകരിക്കും". ബാഗില്‍ നിന്നും രണ്ടുമൂന്നു ബാങ്കുകാര്‍ഡുകളുയര്‍ത്തിക്കാണിച്ചുകൊണ്ടയാള്‍ പറഞ്ഞു.

"അപ്പോള്‍ വീട്ടുകാര്‍"

"എന്താ നിങ്ങളുദ്ദേശിച്ചതു ഭാര്യയേയും കുട്ടികളേയുമാണൊ. അങ്ങനെയാരുമില്ല. അതുകൊണ്ടാണല്ലോ ഈ സഞ്ചാരം".

"എന്താ വിവാഹം വേണ്ടന്നു വച്ചതാണോ".

ഒരു നിമിഷം അയാള്‍ ദേവന്റെ കണ്ണുകളിലേയ്ക്കു നോക്കി.

" അതു പറയുകയാണെങ്കില്‍ കുറച്ചുകാര്യം പറയേണ്ടിവരും"

"താങ്കള്‍ക്കു വിരോധമില്ലെങ്കില്‍....

"ഞാനെന്ന സൂര്യനുചുറ്റും കറങ്ങുന്ന ഒരുപാടു ഗ്രഹങ്ങളും ഉപഗ്രഹങ്ങളുമുണ്ടായിരുന്നു. അവരൊരിക്കലും ഒരു സൂര്യഗ്രഹണം ആഗ്രഹിച്ചിരുന്നില്ല. ഒരു നിമിഷത്തേയ്ക്കുപോലും എന്നെ അവരില്‍ നിന്നും മറയ്ക്കുന്ന ഒരു ശക്തി ഉണ്ടാവരുതെന്നു അവര്‍ ഉറപ്പിച്ചു. എന്റെ വെളിച്ചം മറയ്ക്കുവാനായി വരുന്ന എന്തിനേയും അവര്‍ തടയുവാന്‍ തടയിട്ടു. പക്ഷേ അവര്‍ക്കറിയില്ലായിരുന്നു ഏതു ഗ്രഹണം ഞാനെന്ന സൂര്യനെ വലയം ചെയ്താലും അതുമൂലം അവര്‍ക്കു കിട്ടുന്ന പ്രകാശത്തിന് ഒരു കുറവുമുണ്ടാകത്തില്ലായിരുന്നെന്നു. അതു എന്റെ പരാജയമാണു. ഞാനും മറന്നുപോയി എന്നെക്കുറിച്ചു. ഓര്‍ത്തെടുക്കുമ്പോഴേയ്ക്കും ഒരുപാടു വൈകിയും പോയിരുന്നു. ആരും ആര്‍ക്കുവേണ്ടിയും കാത്തുനില്‍ക്കരുതു. കിട്ടുന്ന സമയത്തു മുമ്പിലേയ്ക്കു തള്ളിക്കയറിപ്പൊക്കൊള്ളണം. പിന്നില്‍ നിന്നുന്തുന്നവര്‍ നിങ്ങളെ സഹായിക്കുകയല്ല മറിച്ച് മുമ്പിലെത്തുവാന്‍ പരിശ്രമിക്കുകയാണെന്ന്‍ മനസ്സിലാക്കിയാള്‍ നിങ്ങള്‍ വിഡ്ഡിയാക്കപ്പെടില്ല. മുമ്പു താങ്കള്‍ എന്റെ പേരു ചോദിച്ചപ്പോള്‍ വിഡ്ഡി എന്നു വിളിച്ചുകൊള്ളു എന്നു പറഞ്ഞതെന്തുകൊണ്ടാണെണ്ണ്‍ ഇപ്പോള്‍ മനസ്സിലായില്ലേ".

ഒരു നിമിഷം നിര്‍ത്തിക്കൊണ്ടയാള്‍ വീണ്ടും തുടര്‍ന്നു.

"ഞാന്‍ ഒരു വിഡ്ഡിയായി എന്നു മനസ്സിലാക്കിയതു വൈകിയാണ്. അപ്പോഴേയ്ക്കും എന്നെ ചുറ്റിക്കൊണ്ടിരുന്ന ഉപഗ്രഹങ്ങളും ഗ്രഹങ്ങളുമെല്ലാം സ്വന്തം അച്ചുതണ്ടില്‍ നിലയുറപ്പിച്ചുകഴിഞ്ഞിരുന്നു. ഞാന്‍ മാത്രം വീണ്ടും ശുഷ്കപ്രകാശമവശേഷിപ്പിച്ചുകൊണ്ട് ഇങ്ങനെ പ്രയാണം ചെയ്യുന്നു. ഈ യാത്രയില്‍ ഇപ്പോള്‍ എനിക്കു കൂട്ടായി ആരുമില്ല. എന്നിലെ പ്രകാശം അണയുവാന്‍ പോകുന്നതായി അവര്‍ക്കു തോന്നിക്കാണും. എന്റെ പ്രകാശം മുഴുവനുമണയുമ്പോള്‍ എന്റേതായ ആരും എന്റടുത്തുവേണ്ട. അതെന്റെയൊരു വാശിയാണു. അതിനുവേണ്ടിയാണീ അന്തമില്ലാത്ത യാത്രകള്‍. ഏതെങ്കിലും പേരറിയാത്തൊരു വിജനസ്ഥലത്തണഞ്ഞസ്തമിച്ചുതീരുവാനായി ഞാനെന്ന സൂര്യന്‍ കൊതിക്കുന്നു സുഹൃത്തേ" പറഞ്ഞു നിര്‍ത്തിക്കൊണ്ടയാള്‍ സീറ്റിലേയ്ക്കു തലചായ്ച്ചു കണ്ണുകള്‍ ഒന്നടച്ചു.

ഒരു നിമിഷം ദേവനും ചിന്തയുടെ മഹാസാഗരത്തിലേയ്ക്കൂളിയിട്ടു. ഉണ്ടായിരുന്ന ജോലി നഷ്ടമായി ഉടുതുണി മാത്രമായി മടങ്ങിവരുന്ന തന്നെ കാത്തിരിക്കുന്ന ഗ്രഹങ്ങളും ഉപഗ്രഹങ്ങളും അയാളുടെ മനോമുകുരത്തിലപ്പോള്‍ പ്രയാണം ചെയ്യുകയായിരുന്നു. താനെന്ന നക്ഷത്രത്തിന്റെ പ്രകാശം നഷ്ടപ്പെട്ടന്നറിയുമ്പോഴുള്ള അവരുടെ പ്രതികരണം കാണാന്‍ വയ്യെന്നപോലെ അയാള്‍ തന്റെ കണ്ണുകള്‍ ഇറുക്കെയടച്ചു.

7 comments:

  1. എന്റെ പ്രീയസുഹൃത്തുമൊത്തുള്ള സൌഹൃദ സംഭാഷണത്തിനിടയ്ക്ക് അവന്‍ പറഞ്ഞ ഒരു സംഭവത്തില്‍ നിന്നും പ്രചോദനമുള്‍ക്കൊണ്ടെഴുതിയതു. എനിക്കു പറ്റുന്ന രീതിയില്‍ ഞാന്‍ പറഞ്ഞു......

    ReplyDelete
  2. മ്മ്ഹ്...
    ഒരു സശയം, <<< കഴുത്തില്‍ ഒരു രുദ്രാക്ഷ മാല. സ്വര്‍ണ്ണം കൊണ്ടുണ്ടാക്കിയതാണെന്നു തോന്നുന്നു >>> അല്ല ഈ രുദ്രാക്ഷ മാല രുദ്രാക്ഷം കൊണ്ടല്ലേ ഉണ്ടാക്കാ...???

    ReplyDelete
  3. എന്റെ മാഷേ ക്ഷമിച്ചുകള. സ്വര്‍ണ്ണം കെട്ടിയത് എന്നാണുദ്ദേശിച്ചതു. തിരുത്തിയിട്ടുണ്ട്. തെറ്റു ചൂണ്ടിക്കാട്ടിയതിനു നന്ദി.

    ReplyDelete
  4. എന്റെ മാഷേ ക്ഷമിച്ചുകള. സ്വര്‍ണ്ണം കെട്ടിയത് എന്നാണുദ്ദേശിച്ചതു. തിരുത്തിയിട്ടുണ്ട്. തെറ്റു ചൂണ്ടിക്കാട്ടിയതിനു നന്ദി.

    ReplyDelete
  5. അപാരം പറയാതിരിക്കാന്‍ നിവര്‍ത്തിയില്ല

    ReplyDelete
  6. കൊള്ളാം മാഷേ, ഇടയ്ക്ക് ഇത്തരം പോസ്റ്റുകളുമാകാം

    ReplyDelete