Tuesday, June 22, 2010

രമേഷിന്റെ ആദ്യ വിവാഹം

കല്യാണമണ്ഠപത്തിലേയ്ക്കു ‍കാറില്‍ പൊയ്ക്കൊണ്ടിരുന്നപ്പോള്‍ രമേഷ് ചെറുതായി വിയര്‍ക്കുന്നുണ്ടായിരുന്നു. നാശം പിടിച്ച തന്റെ ബോസ്സ് അനുവദിച്ച് ലീവ് തന്നത് രണ്ടുദിവസം മുമ്പു മാത്രമാണു. അതും കൃത്യം മുപ്പതിന്റന്നു തിരിച്ചു ജോയിന്‍ ചെയ്തിരിക്കണമെന്ന കര്‍ശ്ശനനിര്‍ദ്ദേശത്തോടെ. പെണ്ണിനെയൊന്നു കണ്ടതുകൂടിയില്ല.അച്ഛനുമമ്മാവമ്മാരും കണ്ട് എല്ലാമുറപ്പിച്ചശേഷമാണു തന്നെ അറിയിക്കുന്നതു.ആകെ കണ്ടത് അവളുടെ ഒരു ഫോട്ടോ മാത്രമാണു.തന്റെ അനുജത്തി രാജി മെയിലില്‍ അയച്ചു തന്നതാണത്.നിര്‍മ്മലയെന്നാണു പേര്.ഡിഗ്രീ ഫൈനല്‍ ഇയറിനു പഠിക്കുന്നു.നിമ്മിയെന്നു വീട്ടില്‍ വിളിക്കും.തനിയ്ക്കും അങ്ങനെ വിളിച്ചാ മതി. ഒരനിയനുണ്ട്.നിരഞ്ജന്‍.ആശാന്‍ പ്ലസ്സ് ടൂവിലാണു.നിമ്മിയുടെ ഫോട്ടൊ കണ്ടിട്ടു വലിയ കുഴപ്പമുള്ളതായി തോന്നിയില്ല.താന്‍ ആഗ്രഹിച്ചിരുന്നതുപോലെ ധാരാളം തലമുടിയുണ്ട്.നല്ല വെളുത്ത നിറമാണെന്നു തോന്നുന്നു.എന്തായാലും ഒന്നു രണ്ടു മണിക്കൂറുകള്‍ കൂടി തന്നല്ലോ.അവന്റെ മുഖത്ത് ഒരു ചെറുചിരിയുദിച്ചു.

"എന്താ അളിയാ ഒരു ചിരി.ആക്രാന്തമായോ".തുടയില്‍ ഒന്നു കൈകൊണ്ട് തട്ടിക്കൊണ്ട് സഞ്ജീവന്‍ മറ്റു കൂട്ടുകാരെ നോക്കിച്ചിരിച്ചു.

"ടെന്‍ഷന്‍ കൊണ്ടാണോ മച്ചൂ.പേടിയ്ക്കേണ്ട നിന്റെ ആദ്യത്തെ കല്യാണമായതോണ്ടു കൊറച്ചുകാണും" കണ്ണിറുക്കി കാട്ടിക്കൊണ്ട് നൈബു പറഞ്ഞു

"ഹേയ് ടെന്‍ഷനൊന്നുമില്ല.എന്നാലും ഒരു"

മുഖത്തെ ചമ്മല്‍ പുറത്തുകാട്ടാതെ നെറ്റിയില്‍ പൊടിഞ്ഞ വിയര്‍പ്പുകണങ്ങള്‍ കയ്യിലിരുന്ന കര്‍ച്ചീഫിനാല്‍ തുടച്ചുകൊണ്ട് അവന്‍ സീറ്റില്‍ ചാരിയിരുന്നു.11.30 നും 12 നും ഇടയിലാണു കല്യാണം.എന്തെല്ലാമോ ആലോചിച്ചിരുന്ന രമേഷ് കല്യാണമണ്ഠപമെത്തിയത് അറിഞ്ഞില്ല.

"എടാ സ്വപ്നം കണ്ടത് മതി സ്ഥലമെത്തി.ദേ കൈ വിറയ്ക്കാതിരിക്കുവാന്‍ ഒരെണ്ണം പിടിപ്പിക്കുന്നോ"

കൂട്ടുകാരുടെ കളിയാക്കല്‍ കേട്ട് ചിന്തയില്‍ നിന്നുണര്‍ന്ന്‍ രമേശന്‍ കാറില്‍ നിന്നുമിറങ്ങി.ബന്ധുക്കളും അച്ഛനുമമ്മയും എല്ലാപേരും പുറത്തു നില്‍പ്പുണ്ട്. അല്‍പ്പസമയത്തിനകം വധുവിന്റെ ഭാഗത്തു നിന്നും കുറച്ചുപേര്‍ ഹാളിനുപുറത്തേയ്ക്കു വന്നു. നിരഞ്ജന്‍ രമേഷിനെ ഹാരമണിയിക്കുകയും ഹസ്തദാനം നല്‍കി ഹാളിലേയ്ക്കു ആനയിക്കുകയും ചെയ്തു.

മണ്ഠപത്തിലേയ്ക്കു നടക്കുമ്പോള്‍ രമേഷ് അല്‍പ്പം അസ്വസ്ഥനായിരുന്നു.തനിക്കു നേരെ നീളുന്ന കണ്ണുകളെ നേരിടാനാവാത്തതുപോലെ മുഖം കുനിച്ച്കൊണ്ട് അവന്‍ നടന്നു.ബന്ധുക്കളും സ്നേഹിതരും നാട്ടുകാരുമെല്ലാം ഹാളിന്റെ വിവിധഭാഗങ്ങളിലായി ഇരിപ്പുറപ്പിച്ചു.അച്ഛനും അമ്മാവനും മറ്റും പെണ്ണിന്റെ വേണ്ടപ്പെട്ടവരുമായി എന്തെക്കൊയോ സംസാരിക്കുന്നു.ഒരു സൈഡിലായിരുന്നു നാദസ്വരക്കാര്‍ തങ്ങളുടെ ജോലി ചെയ്യുന്നു.പതിവുപോലെതന്നെ കരയോഗം പ്രസിഡന്റ് എല്ലാം കാര്യങ്ങള്‍ക്കും നേതൃത്വം വഹിച്ചുകൊണ്ട് പലപല നിര്‍ദ്ദേശങ്ങള്‍ പലര്‍ക്കായും നല്‍കുന്നുണ്ട്. ഒരു വശത്തായി നിന്നുകൊണ്ട് രമേശന്‍ ഹാളിലേയ്ക്കു ചെറുതായി കണ്ണോടിച്ചു. നിറയെ ആള്‍ക്കാരുണ്ട്.തന്റെ സ്നേഹിതര്‍ തന്നെ നോക്കി എന്തൊക്കെയോ കമന്റ് പറഞ്ഞു ചിരിയ്ക്കുന്നുണ്ട്.അവമ്മാര്‍ക്കറിയാമോ തന്റെ ടെന്‍ഷന്‍.പത്തെണ്ണൂറാള്‍ക്കാരുടെ മുമ്പില്‍ ഒരു കാഴ്ചവസ്തുവിനെപോലെ നില്‍ക്കുന്നവര്‍ക്കേ അതു മനസ്സിലാകൂ. വീണ്ടും മണ്ഠപത്തിലേയ്ക്കു ശ്രദ്ധതിരിച്ച രമേശന്‍ കാരണവമ്മാര്‍ പെട്ടിയും മറ്റും കൈമാറ്റം ചെയ്യുന്നതും പുടവയും താലിയുമെല്ലാം ശരിയാക്കി വയ്ക്കുന്നതും ഒന്നൊന്നായി നോക്കി നിന്നു.

ചടങ്ങുകള്‍ ആരഭിച്ചു.രമേശന്റെ കയ്യും പിടിച്ച് മനോഹരന്‍ പിള്ള മണ്ഠപത്തിനു വലം വച്ചു.മുത്തശ്ശിയുടേയും അമ്മാവന്റേയും മറ്റു പ്രധാന കാരണവമ്മാരുടേയും അനുഗ്രഹം വാങ്ങി സദസ്യരെ നോക്കി ഒന്നു തൊഴുതിട്ട് കാരണവരുടെ നിര്‍ദ്ദേശപ്രകാരം കത്തിച്ചുവച്ചിരുന്ന നിലവിളക്കിനെ ഒന്നുഴിഞ്ഞ് തലയില്‍ തൊട്ടിട്ട് വിറയാര്‍ന്ന വലതുകാലുയര്‍ത്തി രമേഷ് കതിര്‍മണ്ഠപത്തില്‍ വലതുവശത്തായിട്ടിട്ടിരുന്ന തടുക്കില്‍ ഇരുന്നു.

"ഇനി പെണ്ണിനെ വിളിക്കാം"

ആരോ വിളിച്ചു പറഞ്ഞു. നാദസ്വരക്കാര്‍ തങ്ങളുടെ റോള്‍ ഭംഗിയാക്കുന്നുണ്ട്. രമേഷ് തലതിരിച്ചൊന്നു നോക്കി.ആറേഴു താലപ്പൊലിയേന്തിയ ബാലികമാര്‍ക്കൊപ്പം വരുന്ന നിര്‍മ്മലയെ അവനു നേരെ കാണാന്‍ പറ്റിയില്ല.ആരോ കാഴ്ച മറച്ചു.തന്റെ ആകാംഷ ഉള്ളിലൊതുക്കിക്കൊണ്ട് അവന്‍ തല താഴ്ത്തിയിരുന്നു.അവളുടെ അച്ഛന്‍ അവളെ കൈപിടിച്ചുകൊണ്ട് നടന്ന്‍ വേണ്ടപ്പെട്ടവരുടെയെല്ലാം അനുഗ്രഹം വാങ്ങിക്കുന്നതും പിന്നെ പോറ്റിയുടെ നിര്‍ദ്ദേശാനുസരണം എല്ലാം ചെയ്തശേഷം വലതുകാലു വച്ചു കയറി തന്റെ ഇടതു വശത്തായി അവള്‍ വന്നിരുന്നതും എല്ലാം രമേഷ് അറിയുന്നുണ്ടായിരുന്നു.ഒരു നിമിഷം ഇടങ്കണ്ണിട്ട് അവളെ നോക്കിയ രമേഷ് പൂര്‍ണ്ണമായും സംതൃപ്തനായി.തന്റെ സങ്കല്‍പ്പത്തിലുണ്ടായിരുന്നത് പോലെയൊരു സുന്ദരി.എന്നാല്‍ അവളുടെ മുഖത്ത് അത്ര സന്തോഷമുള്ളതായി അവനു തോന്നിയില്ല.വിവാഹത്തിന്റെ ടെന്‍ഷനായിരിക്കും.

"മുഹൂര്‍ത്തമാവാറായി.ചടങ്ങുകള്‍ ആരംഭിക്കാം". പോറ്റി പറഞ്ഞു.

നാദസ്വരമേളം മുറുകാന്‍ തുടങ്ങി. തനിക്കു നേരെ നീട്ടിയ താലിമാല വിറയ്ക്കുന്ന കൈകളാല്‍ മേടിച്ചുകൊണ്ട് അതു നിര്‍മ്മലയുടെ കഴുത്തിലണിയിക്കാനായി രമേഷ് തിരിഞ്ഞു.

"എനിക്കീ കല്യാണത്തിനു ഇഷ്ടമല്ലാ​".

ഉറക്കെവിളിച്ചുപറഞ്ഞുകൊണ്ട് ആ താലിമാല കൈകൊണ്ട് തട്ടിത്തെറിപ്പിച്ച് ചാടിയെഴുന്നേറ്റ നിര്‍മ്മലയെ ഒരു നിമിഷം അവിശ്വസനീയതയോടെ രമേഷ് നോക്കി.

വാദ്യമേളങ്ങളെല്ലാം ഒരു നിമിഷം കൊണ്ടു നിന്നു. മണ്ഠപത്തിലും സദസ്സിലുമാകെ ഒരു കൊടിയ നിശബ്ദത പരന്നു. ആരോ ഒരു ബോംബിട്ട പ്രതീതി.നിമിഷങ്ങള്‍കൊണ്ട് അവിടമാകെ ബഹളത്തില്‍ മുങ്ങി.

"ഞാനാദ്യമേ പറഞ്ഞതാ ഈ കല്യാണത്തിനിഷ്ടമല്ലെന്നു.എനിക്കു മറ്റൊരാളെ ഇഷ്ടമാണു.അയാളോടൊപ്പം ജീവിക്കാനെന്നെ അനുവദിച്ചില്ലെങ്കില്‍ ഞാന്‍ ചത്തുകളയും"

ഒരു ഭ്രാന്തിയെപ്പോലെ സദസ്സിനെ നോക്കി ഉച്ചത്തില്‍ വിളിച്ചുപറഞ്ഞുകൊണ്ട് മണ്ഠപത്തില്‍നിന്നുമിറങ്ങിപ്പോകുന്ന നിര്‍മ്മലയെ അപ്പോഴും അമ്പരപ്പ് വിട്ടുമാറിയിട്ടില്ലാത്ത കണ്ണുകളാല്‍ രമേഷ് നോക്കിയിരുന്നു.നിരഞ്ജന്‍ ഓടിവന്നു അവളുടെ കൈപിടിച്ചു നിര്‍ത്തുന്നതും അവളാ കൈ തട്ടിമാറ്റുന്നതും ഇതിനിടയില്‍ തളര്‍ന്നുവീണ നിര്‍മ്മലയുടെ അച്ഛനെ ആരൊക്കെയോ ചേര്‍ന്നു താങ്ങിപ്പിടിച്ചു നിലത്തു കിടത്തുന്നതും തന്റെ ബന്ധുക്കളും മറ്റും നിര്‍മ്മലയുടെ ആള്‍ക്കാരുമായി വാഗ്വാദത്തിലേര്‍പ്പെടുന്നതും തന്റെ കൂട്ടുകാര്‍ തന്റടുത്തേയ്ക്കു പാഞ്ഞുവരുന്നതും എല്ലാം രമേഷ് അറിയുന്നുണ്ടായിരുന്നു. ഒരു വിഡ്ഡിയെപ്പോലെ അവന്‍ ചുറ്റുപാറ്റുമൊന്നു നോക്കി. മരവിച്ച മിഴികളുമായി തന്നെ തന്നെ നോക്കി നില്‍ക്കുന്ന തന്റെ അച്ഛന്റെ കണ്ണുകള്‍ നിറയുന്നതവന്‍ കണ്ടു. പലരുടേയും പരിഹാസം നിറഞ്ഞ നോട്ടം നേരിടാനാവാതെ അവന്‍ തന്റെ ഇരിപ്പിടത്തില്‍ നിന്നും എഴുന്നേറ്റു.ഈ സമയം ആരൊക്കെയോ നിര്‍മ്മലയോടു സംസാരിക്കുന്നുണ്ടായിരുന്നു.

ആശ്വസിപ്പിക്കാന്‍ ശ്രമിക്കുന്ന തന്റെ കൂട്ടുകാരെ അവന്‍ ദയനീയമായൊന്നു നോക്കി.തന്നെ കെട്ടിപ്പിടിച്ച് ഉച്ചത്തില്‍ കരയുന്ന അനുജത്തിയുടെ കൈകള്‍ വിടുവിച്ച് അവന്‍ പുറത്തേയ്ക്കു നടന്നു.കണ്ണുകളില്‍ നിറഞ്ഞ നീര്‍മുത്തുകളാല്‍ അവന്റെ കാഴ്ച മറയ്ക്കപ്പെടുന്നുണ്ടായിരുന്നു.


ശ്രീക്കുട്ടന്‍

8 comments:

  1. ഇതെവിടെയോ കേട്ട പോലെ...? ഏതൊക്കെയോ സിനിമകളില്‍...?

    ReplyDelete
  2. മൈലാഞ്ചി,

    "ഇതെവിടെയോ കേട്ട പോലെ...? ഏതൊക്കെയോ സിനിമകളില്‍..?

    ഏതൊക്കെയോ സിനിമകളിലല്ല പ്രീയ മൈലാഞ്ചി.ദിനവും നടക്കുന്നതാണിത്.മാനം കെടുന്ന ചെറുപ്പക്കാരെ ആരും കാണുന്നില്ല.ഇന്നലേയുമൊന്നുണ്ടായിരുന്നു.കേരളകൌമുദി പത്രത്തില്‍ വാര്‍ത്തയുണ്ട്.സൌകര്യമുണ്ടെങ്കില്‍ വായിക്കാം.

    ReplyDelete
  3. ഇത് എത്രയോ വട്ടം പേപ്പറില്‍ വന്നിരുന്നു... ശരിയാണ് പറഞ്ഞത്.... കല്യാണ ചെറുക്കന്റെ കാര്യം ആരു ഓര്‍ക്കുന്നു??പാവം.....

    ReplyDelete
  4. ഇങ്ങനെ ഒരു അവസ്ഥ ആര്‍കും വരത്തല്ലേ എന്ന് പ്രാര്‍ഥിക്കം....

    ReplyDelete
  5. I was really disappointed after reading that news in Keralakaumudi... why the hell she had agreed to marry that poor fellow, if she had some affair it should have been well informed to the groom and then he wouldn't prepare for the wedding!

    See our Ramesh...

    Sree - Good inspiration dude.

    ReplyDelete
  6. @മഞ്ജു മനോജ്,

    സത്യമാണ്.വരന്റെ വേഷം കെട്ടി കോമാളിയാവേണ്ടിവരുന്ന യുവാവിന്റെ കാര്യം ഓര്‍ക്കുന്നു??

    @ജിഷാദ്,

    അതേ.എനിയ്ക്കും ആ ഒരു പ്രാര്ഥനനയേയുള്ളു

    @ദീപു,

    തൊട്ടതിനും പിടിച്ചതിനുമെല്ലാം ഉറഞ്ഞുതുള്ളുന്ന ഒരു സ്ത്രീസംഘടനകളും ഇതുപോലുള്ള സംഭവങ്ങളുണ്ടാകുമ്പോള്‍ ഒന്നു പ്രതികരിക്കുന്നതായിപോലും കാണാത്തതില്‍ അത്ഭുതം തോന്നുന്നു.അല്ലെങ്കില്‍ എന്തിനു പ്രതികരിക്കണം.നാറുന്നത് ആണല്ലേ അല്ലേ.

    ReplyDelete