"എടാ കുട്ടപ്പായിയേ"....
തണുത്ത പുലരിയില്‍ കരിമ്പടത്തിനുള്ളില്‍ മനോഹരമായൊരു സ്വപ്നവും കണ്ട് ചുരുണ്ടുകൂടിയുറങ്ങുകയായിരുന്ന കുട്ടപ്പന്‍ ആ വിളിയൊച്ച കേട്ടു ഞെട്ടിപ്പിടഞ്ഞെഴുന്നേറ്റു.കണ്ണുതിരുമ്മിക്കൊണ്ട് അവന്‍ തന്റെ ടൈമ്പീസെടുത്തുനോക്കി.ഇല്ല സമയം അഞ്ചാകാന്‍ പോകുന്നതേയുള്ളു.ഈ തള്ളയെക്കൊണ്ട് വല്യ ശല്യമായല്ലോ.ഒന്നു നേരാംവണ്ണമൊന്നുറങ്ങാന്‍ പോലും സമ്മതിക്കുകേലെന്നു വച്ചാ എന്തു ചെയ്യും. ഒരു ദിവസം താന്‍ തള്ളയുടെ കഥ കഴിക്കും.
"എടാ കുട്ടപ്പായിയേ.നീ അവിടെ എന്തെടുക്കുവാടാ ശവമേ.എത്ര നേരമായി വിളിക്കുന്നു"..
"ദേ വരുന്നമ്മച്ചീ".ഉച്ചത്തില്‍ വിളിച്ചു പറഞ്ഞിട്ട് കുട്ടപ്പന്‍ പായും പുതപ്പുമെല്ലാം ചുരുട്ടിവച്ച് സാറാമ്മച്ചിയുടെ റൂമിലേയ്ക്കോടി.
"എന്നതാ അമ്മച്ചി വേണ്ടത്".
"എടാ സമയമെത്രയായീന്ന്‍ വല്ല വിചാരോണ്ടോ നിനക്കു.ഞാനിന്നലെ പറഞ്ഞിരുന്നതല്യോ ന്നേരത്തെ എഴുന്നേക്കണമെന്നു.ആദ്യം ചെന്നാലല്ലേ നല്ല സാധനം കിട്ടൂ.സമയം കഴിയുന്തോറും ഈച്ച തിന്നതിന്റെ ബാക്കിയേ കിട്ടത്തൊള്ളൂ"
"ഇന്നലെ റൂമെല്ലാം വൃത്തിയാക്കി എല്ലാം അടുക്കിപ്പെറുക്കി വച്ചിട്ട് കെടന്നപ്പോ നേരമൊരുപാടായീ.അതാ താമയിച്ചേ"
"കൊണവതിയാരോം പറഞ്ഞോണ്ടു നിക്കാതെ ഒന്നു ചെല്ലടാ.ഉച്ചയാവുമ്പളേയ്ക്കും
എല്ലാം റെഡിയാക്കണം"
തലകുലുക്കിക്കൊണ്ട് ഒരു തോര്‍ത്തെടുത്ത് തലവഴിമൂടിയിട്ട് കുട്ടപ്പന്‍ പുറത്തേയ്ക്കിറങ്ങി.
"വരുമ്പം ഒരു രണ്ടുകിലോ കപ്പകൂടി മേടിക്കാന്‍ മറക്കണ്ട.ആ കറിയേടേന്നു മേടിയ്ക്കണ്ട.അവനെപ്പോലെ തന്നെ അകം കറുത്തതാ അവന്റെ കപ്പേം".
"ശരിയമ്മച്ചി"
ചന്തയിലേയ്ക്കു നടക്കുമ്പോള്‍ കുട്ടപ്പന് അരിശം വരുന്നുണ്ടായിരുന്നു.ഈ കൊച്ചുവെളുപ്പാങ്കാലത്ത് തന്നെയിങ്ങിനെയോട്ടിക്കുവാന്‍ വല്ല കാര്യവുമുണ്ടോ.തള്ളയുടെ പ്രാന്ത്.അല്ലാതെന്താ.മറ്റെങ്ങും പോകാനിടമില്ലാത്തതുകൊണ്ടും ചോദിക്കാനു പറയാനും ആരുമില്ലാത്തതുകൊണ്ടും എന്തുമാകാമല്ലോ അവര്‍ക്കൊക്കെ.ചുമ്മാതാണോ മക്കളു തിരിഞ്ഞു നോക്കാത്തേ. ഒരു ദെവസി താന്‍ ശരിയാക്കുന്നൊണ്ട്.തണുപ്പുമൂലം പെരുത്തുകയറുന്ന കൈകള്‍ കൂട്ടിത്തിരുമ്മിക്കൊണ്ട് അവന്‍ ആ തണുത്ത പ്രഭാതത്തില്‍ ഒരു മൂളിപ്പാട്ടും പാടി വേഗം നടന്നു. താമസിച്ചാലിനിയതു മതി.
"അല്ല ആരിത് കുട്ടപ്പനോ.എവിടേയ്ക്കാടാ ഇത്ര രാവിലെതന്നെ".കപ്പക്കച്ചവടക്കാരന്‍ കറിയയാണ്.
"ഓ കൊറച്ച് നല്ല എറച്ചി മേടിക്കാനായി ചന്തവരെയൊന്നു പോണ്".ഉദാസീനനായവന് മറുപടി നല്‍കി.
"എന്തൂട്ടിന്നാടാ എറച്ചി.എന്താ വല്ല വിശേഷോണ്ടോ ഇന്നു.അമ്മച്ചീടെ മോനും മോളും അവരുടെ മക്കളുമൊക്കെ വരുന്നുണ്ടോ ഇന്നു.കൊറേ വര്‍ഷമായല്ലോ അവരു വന്നിട്ട്."
"അതൊന്നുമെനിക്കറിയാമ്മേല.എന്നോടു എറച്ചി മേടിയ്ക്കാന്‍ പറഞ്ഞു.ഞാന്‍ പോണ്.അത്ര തന്നെ"
"നീ മുഷിയാതെടാ കുട്ടപ്പാ.ഞാന്‍ വെറുതെ ചോയിച്ചെന്നേയുള്ളു.നിന്റെ സമയം തന്നെ.ഇത്രേം വല്യ വീട്ടില് നീയും ആ തള്ളയും മാത്രം.നീ വല്ലോം അടിച്ചുമാറ്റാറുണ്ടോടാ"
"ദേ കറിയാച്ചാ വേണ്ടാതീനം പറഞ്ഞാലൊണ്ടല്ലോ.ഞാനങ്ങിനെ കക്കാനും മോട്ടിയ്ക്കാനുമൊന്നും നടക്കുന്നോനല്ല"
"അല്ല അതെനിക്കറിയാം.നീ ഒരു മണ്ടന്‍കൊണാപ്പി.എടാ ആ തള്ളേടെ കയ്യിമ്മേ പൂത്തകാശൊണ്ട്.മക്കളുവിളിച്ചാലൊന്നും അവരുടെ കൂടെ പോയി നിക്കാതെ ഈ സ്വത്തൊക്കെ കെട്ടിപ്പിടിച്ചോണ്ടിരിയ്ക്കുന്നതെന്നാത്തിനാ.അവരുടെകൂടെ പോയി നിന്നാ പിന്നെ ഇതേപോലെ നടക്കാന്‍ പറ്റോ.അല്ലേങ്കി ഈ എഴുപത്തഞ്ചാം വയസ്സിലും ഇങ്ങിനെ കയ്യേലും കഴുത്തേലുമെല്ലാം സ്വര്‍ണ്ണോമിട്ടോണ്ട് അണിഞ്ഞൊരുങ്ങി നടക്ക്വൊ തള്ളച്ചി.നീ ഒരു തഞ്ചത്തിലും തരത്തിലുമൊക്കെ നിന്നു കിട്ടുന്നതൊപ്പിച്ചോ.അതാ നെനക്കു നല്ലത്.ഞാമ്പറയാനുള്ളത് പറഞ്ഞു.ഇനി നിന്റെയിഷ്ടം" കറിയാ അരയില്‍ നിന്നും ഒരു ബീഡിയെടുത്തു കത്തിച്ചു.
"ആരും നോക്കാനില്ലാതെ വിശന്നുകരഞ്ഞ് റോഡിമ്മെ നിന്ന എന്നെ വിളിച്ചുകൊണ്ട്പോയി വയറുനെറച്ച് ആഹാരോം തന്ന്‍ കെടക്കാനൊരെടോം തന്ന്‍ ഇത്രേമാക്കിയത് ആ അമ്മച്ചിയാ.അവരെ ദ്രോഹിക്കാന്‍ എനിക്ക് പറ്റൂല്ല.അച്ചായന്‍ വേറെ വല്ലോമൊണ്ടെങ്കിപ്പറ"
കറിയ ഒന്നും മിണ്ടാതെ നടന്നു.കുട്ടപ്പനും.
ചന്തയില്‍ നിന്നും നല്ല ഫ്രെഷ് മാട്ടിറച്ചിയും മേടിച്ച് തിരിച്ച് വരുമ്പോള്‍ കുട്ടപ്പായി അമ്മിണിയേട്ടത്തിയുടെ വീട്ടില്‍കയറി.അവിടെ നിന്നും അപ്പോള്‍ പറമ്പില്‍ നിന്നും പറിച്ച് രണ്ടുകിലോ കപ്പയും മേടിച്ചു ഒരു മൂളിപ്പാട്ടും പാടി അവന്‍ വേഗം നടന്നു.നേരം നന്നായി വെളുത്തു.
"അമ്മച്ചിയേ ദേ പറഞ്ഞ സാധനം മുഴുവനും ഒണ്ട്.ഇനിയെന്നാ വേണം".കുട്ടപ്പന്റെ വിളികേട്ട് സാറാമ്മച്ചി പൊറത്തേയ്ക്കു വന്നു.
"അതുകൊണ്ട് അടുക്കളേ വയ്ക്കെടാ.എന്നിട്ടുപോയി ആ നാണിയെ പെട്ടന്ന്‍ വരാമ്പറ.പത്തുമണിയാകാറാവുമ്പളേയ്ക്കും എല്ലാം തയ്യാറാക്കണം"
"അമ്മച്ചി.സത്യത്തീ എന്നതാ ഇന്നു വിശേഷം.ഞാനുംകൂടിയൊന്നറിയട്ടമ്മച്ചീ"കുട്ടപ്പന്‍ തലേം ചൊറിഞ്ഞു നിന്നു
"നീയെന്റെ കയ്യീന്ന്‍ മേടിയ്ക്കും.പോയേച്ചുവാടാ.അപ്പോഴേയ്ക്കും ഞാനൊന്നു പള്ളി വരെ പോയേച്ചും വരാം" ഉച്ചത്തില്‍ പറഞ്ഞുകൊണ്ട് അമ്മച്ചി അകത്തേയ്ക്കുപോയി.
നാണിയും കുട്ടപ്പനും കൂടി ഉച്ചയാകുന്നതിനു മുമ്പേ തന്നെ അപ്പവും മട്ടന്‍ കറിയും മട്ടനൊലത്തിയതും കപ്പ പുഴുങ്ങിയതും എല്ലാം യുദ്ധകലാടിസ്ഥാനത്തില്‍ തയ്യാറാക്കി.അമ്മച്ചിയെ കാത്തിരുന്നു.
"എന്നതാടാ കുട്ടപ്പാ ഇന്ന്‍ വിശേഷം".
"എനിക്കൊന്നുമറിയാമ്മേല നാണിയേച്ച്യേ.അമ്മച്ചിയുടെ ആരാണ്ട് വരണൊണ്ടെന്നാ തോന്നുന്നേ".
"ദേ അമ്മച്ചി വരുന്നെടാ".തിടുക്കപ്പെട്ട് നാണി എഴുന്നേറ്റ് അടുക്കളയിലേയ്ക്കു നടന്നു.
"നീ പോയി കുളിച്ച് ഈ ഡ്രെസ്സിട്ടോണ്ടു വന്നേ". വന്നപാടേ കയ്യിലിരുന്ന കവര്‍ കുട്ടപ്പനു നീരെ നീട്ടിയിട്ട് അമ്മച്ചി പറഞ്ഞു.ഒന്നും മനസ്സിലാകാതെ അവന്‍ ആ കവര്‍ മേടിച്ചോണ്ട് അകത്തേയ്ക്കു നടന്നു.
കുളികഴിഞ്ഞു വന്ന കുട്ടപ്പന്‍ കണ്ടത് അമ്മച്ചിയും നാണിയും കൂടി മേശവിരിപ്പെല്ലാം നേരെയാക്കി ആഹാരസാധനമെല്ലാം ഒരുക്കിവച്ചിരിയ്ക്കുന്നതാണ്.അവന്‍ അത്ഭുതപ്പെട്ടത് മേശയുടെ മധ്യത്തിലായിരിക്കുന്ന വലിയ ഒരു കേക്കു കണ്ടിട്ടാണ്.അടുത്ത് തന്നെ ഒരുകൂട് മെഴുകുതിരിയും.ഇതെപ്പോഴാണു മേടിച്ചത്.താനറിഞ്ഞില്ലല്ലോ. ഇനി അമ്മച്ചിയുടെ പെറന്നാളായിരിക്കുമോ ഇന്നു.ഇതേവരെ അമ്മച്ചി പെറന്നാള് കൂടുന്നത് താന്‍ കണ്ടിട്ടില്ലല്ലോ.ആകെ ചിന്താകുലനായി നിന്നെ അവനെ ചേര്‍ത്തുപിടിച്ചിട്ട് അമ്മച്ചി ആ മെഴുകുതിരിയില്‍ നിന്നുമൊരെണ്ണമെടുത്ത് കേക്കില്‍ കുത്തിനിര്‍ത്തിയിട്ട് അത് കത്തിക്കാനായി കുട്ടപ്പനോടു പറഞ്ഞു.ഒന്നും മനസ്സിലാകാതെ അവന്‍ ആ മെഴുകുതിരി കത്തിച്ചപ്പോള്‍ അമ്മച്ചി കൈകള്‍ നെഞ്ചോടുചേര്‍ത്ത് പിടിച്ചുകൊണ്ട് ഒരു നിമിഷം കണ്ണടച്ചുനിന്നു.
"ഹാപ്പി ബെര്‍ത്ത്ഡേ റ്റൂ യൂ...." അമ്മച്ചി പറഞ്ഞത് കേട്ട് നാണിയും അതേറ്റു പറഞ്ഞു.ആ കേക്കില്‍ നിന്നും ഒരു കഷണം മുറിച്ച് മിഴിച്ചു നിന്ന കുട്ടപ്പനുനേരെ സ്നേഹവായ്പ്പോടെ അമ്മച്ചി നീട്ടി.ആ കേക്കു കഷണവും കയ്യില്‍ പിടിച്ച് കുട്ടപ്പന്‍ ഒരു നിമിഷം നിന്നു.നിറഞ്ഞ മിഴികള്‍ തുടച്ചുകൊണ്ട് തിന്നിട്ട് അമ്മച്ചി നാണിയോടായി പറഞ്ഞു.
"നെനക്കറിയോ നാണീ.ഇന്ന്‍ എനിയ്ക്ക് ഇവന്‍ മാത്രമേയൊള്ളൂ.മോനും മോളുമൊക്കെയില്ലേന്നു ചോദിച്ചാ ഒണ്ട്.പക്ഷേ എന്തു ഫലം.എന്റെ മക്കള്‍ എന്നെ ഒന്നു വന്ന്‍ കണ്ടിട്ട് പതിനൊന്നു വര്‍ഷമായിരിയ്ക്കുന്നു. വല്ലപ്പോഴും ചെലപ്പോ വിളിച്ചാലായി.ഞാന്‍ ചത്തുമണ്ണടിഞ്ഞെങ്കി ആ മെനക്കെടുത്തുകൂടി ഒഴിവാകുമല്ലൊ എന്ന ചിന്ത മാത്രമാണവര്‍ക്ക്. അങ്ങര് ബുദ്ധിപൂര്‍വ്വം ആദ്യമേയങ്ങു പൊയ്ക്കളഞ്ഞു.കള്ളന്‍.പെറ്റുവളര്‍ത്തി വളര്‍ത്തി വലുതാക്കിയ സ്വന്തം മക്കള്‍ക്ക് എന്നെ വേണ്ട.ഇവന്‍ എന്റെ കയ്യിലെത്തിയിട്ട് ഇന്നു കൃത്യം പത്തുകൊല്ലമായി.ഇന്നെവരെ എനിയ്ക്കു ഇങ്ങിനെ തോന്നിയില്ല.ഇപ്പോ കര്‍ത്താവ് തോന്നിപ്പിച്ചതാവും.എനിയ്ക്കു അന്ത്യനേരത്ത് ഒരിറ്റുവെള്ളം തരാന്‍ ഇവനേയുണ്ടാവൂ".
തന്റെ കയ്യിലിരുന്ന കേക്ക് കഷണം കുട്ടപ്പന്‍ അമ്മച്ചിയുടെ വായിലേയ്ക്കു വച്ചുകൊടുത്തു.സന്തോഷം കൊണ്ടാണോ സങ്കടം കൊണ്ടാണോ എന്നറിയാതെ അവന്റെ മിഴികള്‍ നിറഞ്ഞൊഴുകുന്നുണ്ടായിരുന്നു.
"എടാ ചെക്കാ എനിക്കു പഞ്ചാരേം മറ്റുമൊള്ളതാ.നീ എന്നെ ഒടനെ തന്നെ പെട്ടീലാക്കുവോ".അമ്മച്ചി പറഞ്ഞിട്ട് ചിരിച്ചുകൊണ്ട് ആ കേക്ക് തിന്നിറക്കി.അവരുടെ കണ്ണുകളും നിറഞ്ഞിരുന്നു.
"എന്റെ മക്കള് തിന്ന്‍"
കുട്ടപ്പനെ ചേര്‍ത്തുപിടിച്ച് അവനെ കസേരയിലിരുത്തി വിഭവങ്ങള്‍ ഒന്നൊന്നായി അമ്മച്ചി അവന്റെ പാത്രത്തിലേയ്ക്കു വിളമ്പി.നാണിയും അമ്മച്ചിയെ സഹായിച്ചു. കുട്ടപ്പന്റെ കണ്ണുകളില്‍ നിറഞ്ഞ നീര്‍മണികള്‍ അവന്റെ കാഴ്ച മറയ്ക്കുന്നുണ്ടായിരുന്നു.അന്നെവരെ അമ്മച്ചിയോടു തോന്നിയ ദേക്ഷ്യവും വെറുപ്പുമെല്ലാം ഒരു കുന്നോളം സ്നേഹമായി മാറുന്നതവനുള്ളിലറിയുന്നുണ്ടായിരുന്നു.
ശ്രീക്കുട്ടന്‍
Ethu vayichu kazhinjappol eppolokkeyo satyan athinthikkadine Manasinakkare movie orma vannnu...
ReplyDeleteEnthayalum kollam.....
Ee lokathu ethupolulla ethrayo Kuttappanmarum Saramma chettattimarum undu.....
പലരും പല ഉരു പറഞ്ഞ കഥ എങ്കിലും അവതരണ ശൈലി കൊള്ളാം
ReplyDeleteദീപു,
ReplyDeleteഒരൊറ്റ സിനിമയും വിടരുതു.എന്തെഴുതിയാലും അതെല്ലാം രണ്ടുകൊല്ലം മുമ്പേ ആരേലും മോട്ടിയ്ക്കുന്നത് എന്റെ കുറ്റമാണോ.
ഓഴാക്കന്‍,
ഞാനുമൊന്നു ശ്രമിച്ചു.അത്ര മാത്രം.
വായനയ്ക്കും അഭിപ്രായത്തിനും ഇരുവര്‍ക്കും നന്ദി
kollam oru serial akkan pattum
ReplyDeleteതീം പുതിയതല്ലെങ്കിലും വളരെ പ്രസക്തിയുള്ളതാണ്. നമ്മുടെ സമൂഹം ഇന്ന് ഇങ്ങനെയാണ്.
ReplyDeleteപുതുമകളുമായി വരാൻ ആശംസകൾ!
എനിക്കിഷ്ട്ടായി...
ReplyDelete