ബാലന്‍ മാഷ് കയ്യിലിരുന്ന ചൂരല്‍ കൊണ്ട് മേശപ്പുറത്തൊന്നടിച്ചതോടെ ക്ലാസ്സ് റൂമില്‍ സര്‍വ്വത്ര നിശ്ശഃബ്ദത പരന്നു.എല്ലാ കുട്ടികളും സാറിനെതന്നെ നോക്കി നിര്‍ന്നിമേഷരായിരുന്നു.ഒരു വശത്തായൊതുങ്ങി നാരായണന്‍ മാഷും.
"ഡി.ഇ.ഓ ആണു വരുന്നതു.എന്റെ മക്കളേ പറഞ്ഞതെല്ലാമോര്‍മ്മയുണ്ടല്ലോ.സാര്‍ എന്തെങ്കിലും ചോദിച്ചാല്‍ മണിമണിപോലെ ഉത്തരം പറയണം.എന്റെ പണി കളയിക്കരുതു".
കുട്ടികള്‍ എല്ലാം തലയാട്ടി.
"എന്റെ മാഷേ, ഒന്നു ശ്രദ്ധിച്ചോളൂട്ടോ.വരുന്നയാള്‍ കടുകട്ടിയാണെന്നാണറിവ്.അയാളു വന്നിട്ട് ചോദിക്കുവാന്‍ ചാന്‍സുള്ളതൊക്കെ പിള്ളാരെയൊന്നു പഠിപ്പിച്ചു വയ്ക്കൂ.ഞാന്‍ ആ സുമതിടീച്ചറിന്റേം വാസുദേവന്‍ മാഷിന്റേം ക്ലാസ്സുകളില്‍ കൂടിയൊന്നു ചെല്ലട്ടേ."
തന്നെ നോക്കി തലകുലുക്കുന്ന നാരായണന്‍ മാഷിനെ ഒന്നുകൂടി നോക്കി കണ്ണുകൊണ്ടാംഗ്യം കാട്ടിയിട്ട് ബാലന്‍ മാഷ് പുറത്തേയ്ക്കിറങ്ങി.മാഷിന്റെ പേടിയപ്പോഴും മാറിയിരുന്നില്ല.ഹെഡ്മാസ്റ്ററാണെന്നൊന്നും പറഞ്ഞിട്ട് ഒരു കാര്യമില്ല.ഒറ്റയെണ്ണം ഒരു വക അനുസരിക്കത്തില്ല.സാറമ്മാരും കണക്കു തന്നെ പിള്ളേരും കണക്കു തന്നെ.എല്ലാ ക്ലാസ്സിലും കേറിയെറങ്ങി പറഞ്ഞിട്ടുണ്ട്. ക്ലാസ്സിലു വരാതിരുന്ന സകലതിനേയും വീടുകളില്‍ പോയി പിടിച്ചു കൊണ്ടുവന്നതാണു. ഹനുമാനേ കുഴപ്പമൊന്നുമുണ്ടാകാതെ നോക്കിക്കോളണേ.ഒരു വസ്തുവും അറിഞ്ഞുകൂടാത്ത പിള്ളേരാണു.സാറെന്തെങ്കിലും ചോദിച്ചാല്‍ എന്തു തര്‍ക്കുത്തരമാണു പറയുന്നതെന്നു ഒടേതമ്പുരാനുമാത്രമേയറിയൂ.നീ തന്നെ തുണ.മാഷ് മനസ്സില്‍ ഹനുമാനെ നമിച്ചു.പുള്ളിയുടെ ഇഷ്ടദേവനാണു ഹനുമാന്‍.
................................................................................................
ഓഫീസ്സിലേയ്ക്കു കയറിവരുന്ന ഡി.ഇ.ഓയുടെ മുഖം കണ്ടപ്പോള്‍ തന്നെ ബാലമ്മാഷിന്റെ പാതി ഉയിര് പോയി.എന്തോ കുഴപ്പമൊണ്ട്.വന്നപാടേ കയ്യിലുണ്ടായിരുന്ന ഫയലുകള്‍ മേശപ്പുറത്ത് ദേക്ഷ്യത്തോടുകൂടിയിട്ടശേഷം ഡി.ഇ.ഓ ബാലമ്മാഷിനോടായി ചോദിച്ചു.
"എന്താ മാഷേ ഇതെല്ലാം.ഇങ്ങനെയാണോ കുട്ടികള്‍ക്കു ക്ലാസ്സെടുക്കുന്നത്.അഞ്ച് ബി യില്‍ രാമന്റെ വനവാസത്തെക്കുറിച്ചു പഠിപ്പിച്ചുകൊണ്ടിരിക്കുന്നു. ഒരു നാരായണന്‍ മാഷാണു ക്ലാസ്സെടുക്കുന്നത്.ജനകമഹാരാജാവിന്റെ കൊട്ടാരത്തിലുണ്ടായിരുന്ന വില്ല് ഒടിച്ചതാരാണെന്നു ഞാന്‍ ഒരു കുട്ടിയോടു ചോദിച്ചു.അതിനവന്‍ പറഞ്ഞതെന്തായിരുന്നെന്നോ.അവന്‍ ഒടിച്ചിട്ടില്ല ചെലപ്പം സുരേഷായിരിക്കുമെന്നു.എന്താ മാഷേ.ഇതാണോ കുട്ടികള്‍ പഠിച്ചുവച്ചിരിക്കുന്നതെന്ന്‍ മാഷിനോടു ചോദിച്ചപ്പോള്‍ അയാളു പറയുവാണു താന്‍ പഠിപ്പിക്കുന്ന കുട്റ്റികളൊരിക്കലും അങ്ങിനെയൊന്നും ചെയ്യത്തില്ല ചിലപ്പോള്‍ ആറാം ക്ലാസ്സിലേയോ ഏഴിലേയോ പിള്ളാരായിരിക്കുമെന്ന്‍.എന്താ ഇതിന്റെയൊക്കെയര്‍ഥം".
ഡി.ഇ.ഓയുടെ മുമ്പില്‍ ബാലന്‍ മാഷ് അമ്പരന്നു നിന്നു.ഈശ്വരാ ഒരു കുഴപ്പവുമുണ്ടാകാതെ ഇന്‍സ്പെക്ഷന്‍ കഴിയണേയെന്ന്‍ എത്രയാവര്‍ത്തി പ്രാര്‍ത്ഥിച്ചതാ.എന്തേലും ഫലമുണ്ടായോ.ആപത്തുസമയത്ത് എന്നെ കൈവിട്ടല്ലോ ആഞ്ജനേയാ.ഏതോ കുരുത്തം കെട്ടവമ്മാര് വില്ലോ പുല്ലോ എന്തോ ഒടിച്ചേക്കണ്.എത്രയാവര്‍ത്തി സകലവമ്മാരോടും പറഞ്ഞതാണ് കുരുത്തക്കേടൊന്നും കാട്ടരുതെന്നു.ഇനിയിപ്പൊള്‍ എന്തു ചെയ്യും.
"സാര്‍ ക്ഷമിയ്ക്കണം. എന്തു ചെയ്യാം.എതൊരു സ്കൂളിലും ചില താന്തോന്നികളുണ്ടാവുമല്ലോ.ഇത് പുള്ളേരാരെങ്കിലും കളിച്ചപ്പോളോ മറ്റോ അബദ്ധത്തിലൊടിഞ്ഞതായിരിക്കും.എന്തായാലും ശരി സാറിവിടുന്ന്‍ പോകുന്നതിനുമുമ്പ് സംഭവം ചെയ്തതാരാണെന്ന്‍ കണ്ടുപിടിച്ച് ഞാനറിയിക്കാം".
വിനീതവിധേയനെപോലെ താണുവണങ്ങിനിന്നുകൊണ്ട് ഹെഡ്മാസ്റ്റര്‍ പറയുന്നതുകേട്ട് ഡി.ഇ.ഓയുടെ തലകറങ്ങി.ദൈവമേ ഇതേപോലുള്ള അധ്യാപകര്‍ പഠിപ്പിക്കുന്ന കുട്ടികളുടെ ഗതിയെന്താവും.ഇതിനൊരു പരിഹാരം കണ്ടിട്ടേയുള്ളു മറ്റെന്തും.ഡി.ഇ.ഓ ഉടന്‍ തന്നെ ഫോണെടുത്ത് പൊതുവിദ്യാഭ്യാസ ഡയറക്ടറെ കാര്യം ധരിപ്പിച്ചു.
പൊതുവിദ്യാഭ്യാസ ഡയറക്ടര്‍ ഉടന്‍ തന്നെ വകുപ്പുമന്ത്രിക്കു വിവരം കൈമാറി.
ഉറക്കപ്രാന്തിലായിരുന്ന മന്ത്രി വാര്‍ത്തകേട്ടതും പിടഞ്ഞെഴുന്നേറ്റു.എന്തു വില്ലൊടിച്ചെന്നോ.എന്റെ കര്‍ത്താവേ.മനുഷ്യനെ സമാധാനമായി ഒരഞ്ചുകൊല്ലം ഭരിക്കാന്‍ സമ്മതിക്കത്തില്ലല്ലോ.ഇനി ഈ വാര്‍ത്തയെങ്ങാനും പുറത്തറിഞ്ഞാല്‍ പിന്നെ പ്രതിഷേധമായി ധര്‍ണ്ണയായി ഹര്‍ത്താലായി കല്ലേറായി വെടിവയ്പ്പായി മന്ത്രിസഭേട രാജിയായി. ഇതങ്ങനെ വിട്ടാല്‍ പറ്റില്ല.മന്ത്രിയാവാനായി കൊറേയേറേ പൊടിച്ചതാ.അതും അതിന്റെ പലിശേടപലിശേം മൊതലാക്കാതെ താനങ്ങിനെ മന്ത്രിസ്ഥാനത്തൂന്നിറങ്ങില്ല.മന്ത്രി ഉടന്‍ തന്നെ ഡി.ജി.പിയെ വിളിച്ചു.
"എടോ ഡി.ജി.പി അറിയാമല്ലോ.ഇക്കാര്യമെങ്ങാനും പുറത്തറിഞ്ഞാല്‍ പിന്നത്തെക്കാര്യമൊന്നും പറയണ്ടല്ലോ.അതുകൊണ്ട് ഇന്നിരുട്ടുന്നതിനുമുമ്പ് എനിക്കറിയണം ആരാണതു ചെയ്തതെന്നു.ഉടന്‍ തന്നെ അവനെ കണ്ടെത്തിയിരിക്കണം.ചെവിയ്ക്കുചെവിയറിയാതെ വല്ല സൂപ്പര്‍ഗ്ലൂവോ മറ്റോ വച്ച് ഒടിഞ്ഞവില്ല് പഴയതുപോലെ ഒട്ടിച്ചും വയ്ക്ക്".
"ശരി സാര്‍.ഇന്നു തന്നെ അവനെ പൊക്കിയിരിക്കും.സാര്‍ ധൈര്യമായിട്ടിരിക്കണം.എന്തെങ്കിലും വിവരം കിട്ടിയാല്‍ ഞാന്‍ വിളിക്കാം.ഓ.ക്കെ സാര്‍".ഫോണ്‍ വച്ച ഡി.ജി.പി ഉടന്‍ തന്നെ കേസന്യോഷിക്കാനായി സ്ഥലം എസ് ഐയെ ചുമതലപ്പെടുത്തി.
"ഈ കേസ്സ് എന്റെ പ്രസ്റ്റീജിന്റെ പ്രശ്നമാണു.ഇന്നു വൈകിട്ട് കൃത്യം അഞ്ചുമണിയ്ക്കു എനിക്കിതിന്റെ റിസള്‍ട്ട് കിട്ടിയിരിക്കണം.താനാരെവേണോ പിടിക്കോ ഉരുട്ടുകയോ തൂക്കുകയോ ചെയ്തോ.പക്ഷേ റിസള്‍ട്ട്.അതാണു മുഖ്യം.ഈ കേസ് തെളിയിച്ചാല്‍ താന്‍ സര്‍ക്കിളാ സര്‍ക്കിള്‍. അതു മറക്കണ്ട ".
ഡി.ജി.പി. യുടെ ആജ്ഞ കേട്ടു തലകുലുക്കിക്കൊണ്ട് ബഹുമാനപ്പെട്ട എസ് ഐ തന്റെ അനുചരവൃന്ദത്തോടൊപ്പം തന്റെ ഇന്‍വെസ്റ്റിഗേഷനാരംഭിച്ചു.
...........................................................................................
സമയം കൃത്യം അഞ്ചുമണി.
ടെലിഫോണിനു മുമ്പില്‍ അക്ഷമനായിരുന്ന ഡി.ജി.പി. യുടെ മനസ്സു തണുപ്പിച്ചുകൊണ്ട് സര്‍ക്കിളിന്റെ വിളിയെത്തി.
"യേസ് സാര്‍.പിടിച്ചുസാര്‍.എന്റെ കയ്യില്‍ നിന്നവന്‍ രക്ഷപ്പെടുമോ.മറ്റാരുമല്ല സാര്‍.നാലു ബി യില്‍ പഠിക്കുന്ന ഒരുത്തനാണതു ചെയ്തതു. ആദ്യമൊന്നുമവന്‍ സമ്മതിച്ചില്ല.പിന്നീട് നല്ല വള്ളിച്ചൂരലിനു രണ്ടു പെട കൊടുത്തപ്പം അവനാണൊടിച്ചതെന്നു സമ്മതിച്ചു സാര്‍. അവന്റെ കൂടെ വേറൊരുത്തനും കൂടിയുണ്ടായിരുന്നു.അവന്‍ പനിപിടിച്ച് സിറ്റി ഹോസ്പിറ്റലിലഡ്മിറ്റഡാണ്.ചോദ്യം ചെയ്ത വകയില്‍ അവിടത്തെ സാറമ്മാരേം ഹെഡ്മാസ്റ്ററേമൊക്കെ ചെറുതായൊന്നു പെടയ്ക്കേണ്ടി വന്നു സാര്‍. അതിന്റെ പെരില്‍ ഇനി വല്ല കുഴപ്പവുമുണ്ടാവുമോ. അതെ..സാര്‍.കാവലിനാളുണ്ട്.. സാര്‍.അപ്പോള്‍ മന്ത്രിയോടു പറഞ്ഞെന്റെ പ്രൊമോഷന്‍......."
"ഹൊ എന്റെ പാറമേക്കാവിലമ്മേ. ശ്വാസം നേരെ വീണതിപ്പോഴാണു. പ്രൊമോഷന്റെ കാര്യമൊക്കെ നമുക്ക് ഉടനേ ശരിയാക്കാം.ആദ്യം ഞാനീ വിവരം മന്ത്രിയദ്ദ്യേത്തെ അറിയിക്കട്ടേ"
അത്യന്തം ആശ്വാസത്തോടെ ഫോണ്‍ വച്ച ഡി.ജി.പി മന്ത്രിയെ വിവരം ധരിപ്പിക്കാനായി തന്റെ മൊബൈലെടുത്തു......
ശുഭം....
ശ്രീക്കുട്ടന്‍
ഹൃദയമിടിപ്പ് നിലച്ചുപോകുന്നത്രയ്ക്ക് ആകാംഷാഭരിതമായ ഒരു കുറ്റാന്വോഷണ സസ്പെന്‍സ് ത്രില്ലര്‍ കഥ.വായിക്കുവിന്‍ അനുഗ്രഹിക്കുവിന്‍...
ReplyDeleteപഴയ ഒരുരുപ്പടിയാന്നേ.ചുമ്മ പൊടിതട്ടിയെടുക്കുന്നു...അത്രേള്ളൂ...
പൊടി തട്ടിയെടുത്ത ഉരുപ്പടി പഴയതിനെക്കളും നന്നായി വെളുത്തിട്ടുണ്ട്....
ReplyDeleteഈ ത്രില്ലെര്‍ വായിച്ചപോള്‍ മോഹന്‍ലാലിന്‍റെ സാള്‍ട്ട് മംഗോ ട്രീ യാ ഓര്മ വന്നെ....
ഇനിയും പ്രതീക്ഷിക്കുന്നു ഒരുപാട് നല്ല ത്രില്ലറുകള്‍...
അതൊരു ബഷീറൊ പോക്കറോ ഒന്നുമല്ലല്ലോ..ദൈവമേ എങ്കി കളി കാര്യാവും.
ReplyDeleteഎത്ര തവണ കേട്ടതാ ഈശ്വാരാന്നും ഓര്‍ത്തോണ്ടാ വായന തുടങ്ങിയത്...പൊടി തട്ടി എടുത്ത് മിനുക്കിയത് സാവകാശം അറിഞ്ഞു..നര്‍മ്മ ഭാവന ഒരു കഴിവാണ്‍...അത് വായനക്കാര്‍ക്ക് കൈമാറിയതില്‍ സന്തോഷം, നന്ദി..
ReplyDeleteചിരിപ്പിചു ട്ടൊ..ആശംസകള്‍.
ഇങ്ങനെപോയാല്‍ എന്താവും അടുത്ത തലമുറ...
ReplyDeleteആ ചെക്കന്‍ നാലാം ക്ലാസില്‍ എത്തിയിട്ടല്ലെയുള്ളൂ...
കൊള്ളാമല്ലോ...ആശംസകള്‍ :)
ReplyDeleteപണ്ടെങ്ങോ വില്ലോടിച്ചവന്മാര്‍ തന്നെയാണ് ഇതിലെ മന്ത്രിയും പോലീസുകാരും..:) നന്നായിരിക്കുന്നു..
ReplyDelete