Thursday, September 22, 2011

മുക്കുവനും ഭൂതവും

വല വലിച്ചു കയറ്റുമ്പോള്‍ അയാളുടെ മനമാകെ തളര്‍ച്ചബാധിച്ചിരുന്നു.എത്ര നേരമായ് താന്‍ വലയെറിയുന്നു. ഒരു മാനത്തു കണ്ണിപോലും വലയില്‍ കുടുങ്ങിയില്ലല്ലോ.ഇന്നു ഏതു നശിച്ചവനെയാണാവോ കണി കണ്ടത്.നല്ല കോളുകിട്ടി മീനെല്ലാം വിറ്റ് മക്കള്‍ക്ക് ഓരോ ജോടി പുതിയ കുപ്പായം തുന്നിക്കാനുള്ള തുണിയെടുക്കണമെന്നൊക്കെ വിചാരിച്ചതാണ്.സമയവും സന്ധ്യയാകാറായി.ഇന്ന്‍ പട്ടിണി തന്നെ. മനസ്സില്‍ നിറഞ്ഞ വിഷമം മുഖത്തുവരുത്താതെ ശുഭപ്രതീക്ഷയോടെ അയാള്‍ വല വലിച്ച് കരയിലേയ്ക്ക് കയറ്റി.കഷ്ടം തന്നെ.ഒരു മീന്‍ പോലും കുടുങ്ങിയ ലക്ഷണമില്ല. നിരാശനായ മുക്കുവന്‍ വല മടക്കിയെടുക്കാനാരംഭിച്ചു.അപ്പോഴാണയാള്‍ അതു കണ്ടത്.വലയ്ക്കകത്ത് ഒരു ചെറിയ ചെപ്പുകുടം.മിടിക്കുന്ന ഹൃദയത്തോടെ അയാള്‍ ആ ചെപ്പുകുടമെടുത്ത് കുലുക്കി നോക്കി.അകത്തൊന്നുമുള്ള ലക്ഷണമില്ല.വളരെ പണിപ്പെട്ട് ആ ചെപ്പുകുടമടച്ചിരുന്ന കോര്‍ക്ക് അടപ്പ് അയാള്‍ ഊരിമാറ്റി.

"ഹ..ഹാ..ഹാ..ഹാ..

പെട്ടന്നവിടെയൊരു അലര്‍ച്ച മുഴങ്ങി. ആകെ ഭയന്നുപോയ മുക്കുവന്റെ കയ്യില്‍ നിന്നും ചെപ്പുകുടം താഴെവീണു.അതില്‍ നിന്നുമുയരുന്ന പുകച്ചുരുളുകളെ അയാള്‍ പേടിയോടെ നോക്കി നിന്നു.അല്‍പ്പ സമയം കൊണ്ട് ആ പുകച്ചുരുളുകള്‍ ഒരു ഭീമാകാരനായ ഭൂതത്തിന്റെ രൂപം കൈക്കൊണ്ടു.തന്നെ തന്നെ സൂക്ഷിച്ചുനോക്കിക്കൊണ്ടട്ടഹസിക്കുന്ന ഭൂതത്തെ മുക്കുവന്‍ ഭയത്തോടെ നോക്കി.

"ഹും..ഞാനിതാ നിന്നെ തിന്നുവാന്‍ പോകുന്നു"

"അല്ലയോ ഭൂതമേ.എന്നോട് കനിവുണ്ടാകേണമേ.ഞാനല്ലയോ നിന്നെ ആ കുടത്തില്‍ നിന്നും രക്ഷപ്പെടുത്തിയത്"

"ഇല്ല നിന്നെ ഞാന്‍ തിന്നാതെ വിടില്ല.നിനക്കറിയുമോ കഴിഞ്ഞ അഞൂറുകൊല്ലമായി ഞാന്‍ ആ കുടത്തിലടയ്ക്കപ്പെട്ട് കടലിനടിയില്‍ കിടക്കുകയായിരുന്നു.ആദ്യത്തെ നൂറുകൊല്ലമാവാറായപ്പോള്‍ ഞാനൊരു ശപഥമെടുത്തു.എന്നെ രക്ഷിക്കുന്നതാരായാലും അവനെ ഞാന്‍ ഈ ഭൂമിയിലെ ഏറ്റവും വലിയ സമ്പന്നനാക്കുമെന്നു.എന്നാല്‍ എന്നെ രക്ഷിക്കാന്‍ ആരും വന്നില്ല.ഇരുനൂറാമത്തെ കൊല്ലമായപ്പോള്‍ എന്നെ രക്ഷിക്കുന്നവന് ഈ ഭൂമിയിലുള്ള മുഷുവന്‍ നിധികളും നല്‍കുമെന്ന്‍ ഞാന്‍ തീരുമാനിച്ചു.പിന്നെയും നൂറുകൊല്ലം കഴിഞ്ഞപ്പോള്‍ എന്നെ ആരെങ്കിലും രക്ഷിച്ചാല്‍ ഈ ഭൂലോകത്തുള്ള സകലമാന സുന്ദരികളേയും അവനു നല്‍കുമെന്ന്‍ ഞാന്‍ ഉറപ്പിച്ചു.നാനൂറാമത്തെ കൊല്ലമായപ്പോള്‍ എന്നെ രക്ഷിക്കുന്നവനെ ഈ ലോകത്തിന്റെ ചക്രവര്‍ത്തിയാക്കാമെന്നു കരുതി.പക്ഷേ ആരും വന്നില്ല.അഞ്ഞൂറാമത്തെ കൊല്ലമായപ്പോള്‍ എന്നെ രക്ഷിക്കുന്നതാരായാലും അവനെ അപ്പോള്‍ തന്നെ ഭക്ഷിക്കുമെന്ന്‍ ഞാന്‍ ഉഗ്രശപഥം ചെയ്തു.ഇപ്പോള്‍ നീ എന്നെ രക്ഷിച്ചിരിക്കുന്നു.ഹ..ഹാ "

തന്നെ നോക്കി അലറിച്ചിരിച്ചുകൊണ്ടടുക്കുന്ന ഭൂതത്തില്‍ നിന്നും രക്ഷപ്പെടാനൊരു വഴിയും കാണാതെ മുക്കുവന്‍ കുഴങ്ങി.ഒരടവു പ്രയോഗിക്കുവാന്‍ തന്നെ അയാള്‍ തീരുമാനിച്ചു.

"അല്ലയോ ഭൂതമേ, ഇത്രയും ഭീമാകാരനായ അങ്ങ് എങ്ങിനെയാണ് ഈ ചെറിയ ചെപ്പുകുടത്തില്‍ കഴിഞ്ഞിരുന്നത്.എനിക്ക് വിശ്വസിക്കാനാകുന്നില്ല.എന്നെ തിന്നുന്നതിനു മുമ്പ് ഒരു പ്രാവശ്യം അങ്ങ് ഈ കുടത്തിനകത്ത് ഒന്നു കയറിക്കാണിച്ചുതരാമോ"

"എടാ മുക്കുവാ പണ്ടൊരു മണ്ടന്‍ ഭൂതത്തെ പറ്റിച്ച കഥയുമോര്‍മ്മിച്ച് എന്നെ പൊട്ടനാക്കാമെന്നു കരുതിയോ.നിന്നെ ഞാനിപ്പോള്‍ തിന്നും"

"അയ്യോ എന്നോട് കരുണ കാട്ടണേ.എന്നെ തിന്നല്ലേ". മുക്കുവന്‍ വലിയ വായില്‍ നിലവിളിക്കാനാരംഭിച്ചു.ചെറിയൊരു മനസ്സലിവു തോന്നിയ ഭൂതം ഇങ്ങിനെ പറഞ്ഞു.

"ഒരു കാര്യം ചെയ്യാം.നീ എന്നോട് കടുപ്പപ്പെട്ട മൂന്നു ചോദ്യങ്ങള്‍ ചോദിക്കുക.ഞാന്‍ ഏതിനെങ്കിലും ഒന്നിന് ഉത്തരം പറഞ്ഞില്ലെങ്കില്‍ നിന്നെ കൊല്ലില്ല എന്നു മാത്രമല്ല ഞാന്‍ നാലു നൂറ്റാണ്ടുകളിലും തീരുമാനിച്ച എല്ലാ സൌഭാഗ്യങ്ങളും നിനക്ക് തരും.ഞാന്‍ നിന്റെ അടിമയുമാകും.പക്ഷേ ഞാന്‍ എല്ലാ ചോദ്യത്തിനും ഉത്തരം പറഞ്ഞാല്‍ തീര്‍ച്ചയായും നിന്നെ കൊന്നുതിന്നും. സമ്മതമാണെങ്കില്‍ എന്നോട് മൂന്ന്‍ ചോദ്യങ്ങള്‍ ചോദിക്കുക"

ജീവന്‍ തിരിച്ചുപിടിക്കാനായി കിട്ടിയ കച്ചിതുരുമ്പാണ്.മുക്കുവന്‍ വളരെയാലോചിച്ച് ആദ്യത്തെ ചോദ്യം ചോദിച്ചു.

"കടലില്‍ എത്ര തിരകളുണ്ട്"

"ഹ..ഹാ ഇത്ര നിസ്സാരചോദ്യമാണോ എന്നോട് ചോദിക്കുന്നത്.ലക്ഷം കോടി അറുപത്തിമൂവായിരത്തി അഞ്ഞൂറ്റി പതിനാല് തിരകളുണ്ട്"

ഭൂതത്തിന്റെ മറുപടികേട്ട മുക്കുവന്‍ ഞെട്ടി.

"ആകാശത്തില്‍ മൊത്തം എത്ര നക്ഷത്രങ്ങളുണ്ട്"

"മുന്നൂറ്റിഅറുപത്തഞ്ച് കോടി തൊണ്ണൂറ്റേഴുലക്ഷത്തി ഇരുപത്തിയേഴായിരത്തിയറുനൂറെണ്ണം"

റെഡിമെയ്ഡ് പോലെ ഭൂതത്തിന്റെ മറുപടി പെട്ടന്നായിരുന്നു.

ശരീരമാസകലം തളര്‍ന്ന മുക്കുവന്‍ മണല്‍പ്പുറത്ത് മുട്ടുകാലില്‍ നിന്നു.ഈശ്വരാ ഒരു ചോദ്യത്തിലാണല്ലോ തന്റെ ജീവനിരിക്കുന്നത്.കുടിലില്‍ തന്നേയും കാത്തിരിക്കുന്ന ഭാര്യയുടേയും മക്കളുടേയും മുഖം ഒരു നിമിഷമോര്‍മ്മിച്ചശേഷം വിറയാര്‍ന്ന ശബ്ദത്തില്‍ മുക്കുവന്‍ മൂന്നാമത്തെ ചോദ്യം ചോദിച്ചു.

"ഐഡിയാ സ്റ്റാര്‍ സിംഗര്‍ എന്നു തീരും"

തുറിച്ച കണ്ണുകളുമായി ഭൂതം മുക്കുവനെ ഒരു നിമിഷം നോക്കി നിന്നു.തലമുടി ചൊറിഞ്ഞുകൊണ്ട് ആലോചനയോടെ ഭൂതം തെക്കുവടക്ക് കുറച്ചുനേരം നടന്നു.ഒടുവില്‍ പരാജയം സമ്മതിച്ച് ഭൂതം മുക്കുവന്റെ മുന്നില്‍ മുട്ടുകുത്തി.

"പ്രഭോ ഞാന്‍ ഇനി മുതല്‍ അങ്ങയുടെ അടിമ.എന്തു വേണമെന്ന്‍ കല്‍പ്പിച്ചാലും"

ശുഭം

ശ്രീക്കുട്ടന്‍

16 comments:

  1. എന്റെ പാവപ്പെട്ട മുക്കുവനേയും ഭൂതത്തേയും ഒന്നു പരിചയപ്പെട്ടാലും..

    ReplyDelete
  2. തേങ്ങ ഞാന്‍ തന്നെ ഉടച്ചു ..നല്ല ഒരു ദിവസമായിട്ടു ഏതെങ്കിലും ഒരു ഭൂതത്തെ കിട്ടുമോ എന്ന് നോക്കി നടക്കുകയായിരുന്നു ..............

    ReplyDelete
  3. ഇതിലും നല്ലത് ആ ഭൂതം അവിടെ തന്നെ കിടക്കുന്നതായിരുന്നു ....
    സംഭവം അടിപൊളി .......
    മാനത്തുകണ്ണിയും, സ്റ്റാര്‍ സിങ്ങര്‍ ..എല്ലാം കലക്കി ട്ടോ ...

    ReplyDelete
  4. പാവം ഭൂതം.

    നല്ല കഥ.കുറെ ചിരിച്ചു. താങ്ക്സ്.

    ReplyDelete
  5. ഹ..ഹ..കലക്കി, സൂമാരാ...:)

    ദ പാരിജാതത്തിൽത്തെ ദവൾ ദെപ്പൊ പ്രസവിയ്ക്കുമ്ന്ന് ചോദിച്ചാലും ഭൂതത്തനു കലിപ്പ് ആയേനെ - though, she delivered, eventually..

    :)

    ReplyDelete
  6. തള്ളേ കലിപ്പു തീര്‌ണില്ലല്ലാ..എന്നാലും ന്റെ ശ്രീകുട്ടാ കലക്കീട്ടൊ..

    ReplyDelete
  7. നാമിത്തരം പരിപാടികള്‍ക്ക് എന്നേ അടിമപ്പെട്ടു കഴിഞ്ഞിരിക്കുന്നു..!!

    ReplyDelete
  8. ഇരുത്തി ചിരിപ്പിച്ചു ട്ടൊ...അതും ഒരു കഴിവാ,അഭിനന്ദനങ്ങള്‍.

    ReplyDelete
  9. ഹഹ ഭൂതം കലക്കി സറ്റാര്‍ സിഗറിന്റെ ഭാവി പറയാന്‍ ആര്‍ക്കും പറ്റില്ല

    ReplyDelete
  10. മുക്കുവനോട് കളിക്കുന്നത് ഇനി മുതല്‍ സൂക്ഷിച്ചു മതീട്ടാ.ഒരൊന്നന്തരം ഭൂതം ഇഷ്ടന്റെ കൂടേണ്ട്...ചുമ്മാതെ പണിമേടിക്കരുത്....

    എന്റെ മുക്കുവനേം ഭൂതത്തേം ഇഷ്ടപ്പെട്ട എല്ലാപേര്‍ക്കും ഒരു കുട്ട നന്ദി..

    ReplyDelete
  11. This comment has been removed by the author.

    ReplyDelete
  12. 'an idea can change your life..'എന്നല്ലേ..? മുക്കുവനും സ്റ്റാര്‍ സിങെര്‍ കണ്ട് ഐഡിയ കിട്ടിക്കാണും ..!!!

    ReplyDelete
  13. കലക്കി....നന്നായി ചിരിച്ചു :)

    ReplyDelete
  14. ഹ..ഹ.. ഇപ്പഴാണ് കൂറേ വായിക്കുന്നത്.. തകര്‍ത്ത്...

    ReplyDelete