Tuesday, September 27, 2011

എന്റെ സത്യാന്വോഷണ പരീക്ഷണങ്ങള്‍

അമ്പിളി.എത്ര സുന്ദരിയായിരുന്നവള്‍.നല്ല കറുത്തിരുണ്ട നീളമുള്ള തലമുടിയില്‍ രാവിലെ ഒരു റോസാപ്പൂവും ചൂടി കയ്യിലൊരു വാട്ടര്‍ബോട്ടിലും പിന്നെയൊരു സ്കൂള്‍ ബാഗുമായി എന്റെ വീട്ടിനുമുമ്പിലെ പാടവരമ്പത്ത് എന്നെയും കാത്തുനില്‍ക്കുന്ന കൊച്ചുസുന്ദരി.തോട്ടുവരമ്പേ മിനിയും അജിയും അനിലും രജനിയും പിന്നെ വേറെയും കൂട്ടുകാരുമായി സ്കൂളിലേയ്ക്ക് പോകുമ്പോള്‍ എന്റെ കണ്ണുകള്‍ ഇടയ്ക്കിടയ്ക്ക് അമ്പിളിയുടെ മേലേയ്ക്ക് പാറിവീഴാറുണ്ടായിരുന്നു. ചിലപ്പോളെല്ലാം അവള്‍ എന്നെനോക്കി അതിമധുരമായി പുഞ്ചിരിക്കുമായിരുന്നു. അവളുടെ കവിളുകളില്‍ വിരിയുന്ന നുണക്കുഴികള്‍ ആരെയാണു കൊതിപ്പിക്കാത്തത്.എന്റെ കുട്ടിമനസ്സിലെ പ്രണയത്തിന്റെ ആദ്യാക്ഷരങ്ങള്‍ കിട്ടുവാന്‍ ഭാഗ്യമുണ്ടായത് അമ്പിളിക്കായിരുന്നെന്ന്‍ ചുരുക്കം..

അഞ്ചാം ക്ലാസ്സില്‍ വച്ച് അമ്പിളി സ്കൂള്‍ മാറി മറ്റൊരു സ്കൂളില്‍ ചേര്‍ന്നു.ആദ്യത്തെ കുറച്ചുദിവസം സങ്കടം തോന്നിയെങ്കിലും പ്രീയയുടെ സാമീപ്യം അത് മാറ്റിയെന്നു പറഞ്ഞാല്‍ മതിയല്ലോ.നന്നായി വെളുത്ത കൊലുന്നനെയുള്ള സുന്ദരിക്കോതയായിരുന്നു പ്രീയ.മാത്രമല്ല നന്നായി പഠിക്കുകയും പടം വരയ്ക്കുകയും ചെയ്യും.അവളുവരച്ച പടം കണ്ടിട്ട് ഒരു പുല്ലും തോന്നിയില്ലെങ്കിലും ഹാ എത്ര സുന്ദരമായ പടമെന്ന്‍ ചുമ്മാതെ ഞാനൊന്ന്‍ പറഞ്ഞു.പിറ്റേന്ന്‍ അവള്‍ വരച്ചുകൊണ്ട് വന്നത് എന്റെ ചിത്രമായിരുന്നു.ആ പടം കണ്ട് ഞാന്‍ ഞെട്ടിയെങ്കിലും അവളെ നോക്കി ഒരു ചിരി സമ്മാനിച്ചു.അവള്‍ തിരിച്ചും.എന്തിനേറെ പറയുന്നു അപ്പോള്‍ മുതല്‍ വിശുദ്ധ പ്രണയത്തിന്റെ രണ്ടാമധ്യായം തുടങ്ങുകയായിരുന്നു.

ഏഴാം ക്ലാസ്സുകഴിഞ്ഞ് ദൂരെയുള്ള ഹൈസ്കൂളിലേയ്ക്ക് മാറിയപ്പോള്‍ പ്രീയയും ഓര്‍മ്മയായി.പുതിയസ്കൂളില്‍ ആണ്‍കുട്ടികളും പെണ്‍കുട്ടികളും വെവ്വേറെ ക്ലാസ്സുകളിലായിരുന്നു. എന്നിരുന്നാലും ട്യൂഷന്‍ സെന്ററില്‍ ഒരേ ക്ലാസ്സില്‍ പെണ്മണിമാരോടൊപ്പം ഒന്നുരണ്ടുമണിക്കൂറുകള്‍ ചിലവഴിക്കുമ്പോള്‍ നഷ്ടബോധമനുഭവപ്പെടാറില്ലായിരുന്നു.ഫിസിക്സ് സാര്‍ ഒരു ചോദ്യം ചോദിച്ചപ്പോള്‍ ഒരു പാവം പെണ്‍കൊടിയെ ഞാന്‍ ഒന്നു സഹായിക്കുവാന്‍ ശ്രമിച്ചതുമൂലം സാറിന്റെ കയ്യിലിരുന്ന ചൂരലിന്റെ തലോടല്‍ മൂന്നാലുപ്രാവശ്യം എനിക്കനുഭവിക്കാന്‍ കഴിഞ്ഞതോടെ മറ്റൊരധ്യായം എന്റെ മുന്നില്‍ തുറക്കപ്പെട്ടു.സരിത അതായിരുന്നു അവളുടെ പേര്.കാണുവാന്‍ സുന്ദരി.എന്തേ ഞാന്‍ മുമ്പവളെ ശ്രദ്ധിച്ചില്ല എന്നെനിക്കറിയില്ല.

"ഇന്നലെ നല്ലോണം നൊന്തോ"

പിറ്റേന്നു ക്ലാസ്സില്‍ വച്ച് അവള്‍ എന്നോട് ചോദിച്ചപ്പോള്‍ ഹൊ ഇതൊക്കെ എന്തോന്നടി എന്ന നിസ്സരമട്ടില്‍ ഞാന്‍ കണ്ണടച്ചുകാണിച്ചു.ആ കണ്ണടി അവളുടെ ഹൃദയത്തിന്റെ പടിവാതിക്കലാണു പ്രതിഫലിച്ചത്.പിന്നീട് പലപ്പോഴും ക്ലാസ്സില്‍ എന്നെത്തന്നെ ശ്രദ്ധിക്കുന്ന ഒരു ജോഡിക്കണ്ണുകളുടെ സാമീപ്യം ഞാന്‍ തിരിച്ചറിയുന്നുണ്ടായിരുന്നു.എന്നിരുന്നാലും എന്നെ അസ്വസ്ഥതപ്പെടുത്തുന്ന ഒരു ബന്ധമായി എന്തുകൊണ്ടോ അതു മാറിയില്ല.അതിനുകാരണം ട്യൂഷന്‍ സെന്ററില്‍ പുതുതായി വന്ന ആഷയെന്ന സുന്ദരിയായിരുന്നു.എന്റെ സ്കൂള്‍കാലഘട്ടത്തില്‍ ഞാന്‍ കണ്ട ഏറ്റവും സുന്ദരി.ചുരുണ്ടു നീണ്ട തലമുടിയില്‍ എന്നും തുളസിക്കതിര്‍ചൂടിയിരിക്കും.നെറ്റിയില്‍ ഒരു ചന്ദനക്കുറി.ചില ദിവസങ്ങളിലവളണിഞ്ഞുവരുന്ന പട്ടുപാവാടയുമുടുപ്പും അവളെ ഒരു ദേവതപോലെയാക്കിയിരുന്നു.ആഷയുടെ ശ്രദ്ധപിടിച്ചുപറ്റാനായി ക്ലാസ്സിലുള്ള ആണ്‍കുട്ടികള്‍ മത്സരിച്ചിരുന്നു.എന്നാല്‍ പഠിത്തം എന്ന ഒറ്റക്കാര്യത്തില്‍ മാത്രം ശ്രദ്ധിച്ചിരുന്ന ആഷ എല്ലാവരെയും സന്താപത്തിലാഴ്ത്തി.

ആദ്യമായി എന്റെ മനസ്സിലെ പ്രണയം തുറന്നു പറയുന്നത് അവളോടായിരിക്കണമെന്ന്‍ ഞാന്‍ കരുതി.ഒരു വെള്ളിയാഴ്ചദിവസം ട്യൂഷന്‍ സെന്ററില്‍ രാവിലെ അധികമാരുമില്ലാതിരുന്ന സമയം ഞാനെന്റെ ഹൃദയത്തിന്റെ വാതിലുകള്‍ അവള്‍ക്കു മുന്നില്‍ മലര്‍ക്കെ തുറന്നിട്ടു.അവളാകട്ടെ നിഷക്കരുണം ആ വാതില്‍ വലിച്ചടച്ചു എന്നു മാത്രമല്ല പ്രിന്‍സിപ്പാള്‍ എന്ന കഠിനഹൃദയന്റെയടുത്ത് പരാതി നല്‍കുകയും ചെയ്തു.എല്ലാപേരുടേയും മുമ്പില്‍ വച്ച് കണക്കറ്റ് അപമാനിക്കപ്പെടുകയും ശിക്ഷയേറ്റുവാങ്ങേണ്‍റ്റിയും വന്ന ഒരു യുവകോമളന്റെ നൊന്ത ഹൃദയവേദന ആരുകാണാന്‍.പിറ്റേന്നുതന്നെ ആ ട്യൂഷന്‍ സെന്ററിനോടും നശിച്ച ഓര്‍മ്മകളോടും വിട ചൊല്ലി ഞാന്‍..

കോളേജിന്റെ പടിവാതിലില്‍ ഒരു നിമിഷം ഞാന്‍ അന്തിച്ചുനിന്നു.എവിടെതിരിഞ്ഞൊന്നു നോക്കിയാലും അവിടെല്ലാം സുന്ദരീസുന്ദരമ്മാരുടെ സമ്മേളനം മാത്രം.എല്ലായിടത്തും ജോടികളായി നീങ്ങുന്ന ചുള്ളമ്മാരും ചുള്ളത്തികളും.സ്വാതന്ത്ര്യത്തിന്റെ വാതിലുകള്‍ മലര്‍ക്കെ തുറക്കപ്പെട്ട ആ കലാലയത്തില്‍ ഞാനും മുങ്ങാം കുഴിയിട്ടു.ആദ്യ ദിനങ്ങള്‍ കഴിഞ്ഞപ്പോള്‍ തന്നെ എന്റെ കണ്ണുകള്‍ രണ്ടുജോഡിക്കണ്ണുകളുമായുടക്കി.ബിനി.അതായിരു‍ന്നവളുടെ നാമം.ഒരു സുന്ദരി.ഒന്നൊന്നരയാഴ്ച പുറകേ നടന്നിട്ടും രക്ഷയൊന്നുമില്ലെന്ന്‍ കണ്ട് ആ ഉദ്യമത്തില്‍ നിന്നും പിന്മാറി.അന്നൊരിക്കലാണവളെ ഞാന്‍ കണ്ടത്.കത്തിജ്വലിക്കുന്ന സൌന്ദര്യധാമം.ഒരു വാര‍സ്യാരുകുട്ടി.പഠിക്കുവാന്‍ അതിസമര്‍ഥ.മനം മയക്കുന്ന ചിരിക്കുടമ.എന്റെ കനവുകളില്‍ നിറസാന്നിധ്യമായി അവള്‍ വരുവാന്‍ തുടങ്ങി.ഓരോ ദിവസവും പെട്ടന്ന്‍ നേരം വെളുക്കണേ എന്നു പ്രാര്‍ഥിച്ചുകൊണ്ടാണ് കിടക്കുന്നതുതന്നെ.‍

കോളേജ് ഡേയില്‍ ഞാന്‍ കൂട്ടുകാരുടെ നിര്‍ബന്ധം മൂലം ഒരു പാട്ടുപാടി.മുന്നിലെ കസേരയില്‍ ശ്രദ്ധാപൂര്‍വ്വം പാട്ടുകേട്ടിരിക്കുന്ന അവളെ കണ്ടപ്പോള്‍ എന്റെ ഉത്സാഹം കൂടി.പാട്ടെല്ലാം കഴിഞ്ഞ് കൂട്ടുകാരോടൊപ്പം സംസാരിച്ചുകൊണ്ടു നിന്ന എന്റെയടുത്ത് വന്ന്‍ അവള്‍ അഭിനന്ദനങ്ങളറിയിച്ചപ്പോള്‍ മറ്റു കൂട്ടുകാര്‍ എന്നെ അസൂയയോടെ നോക്കി.പിന്നീട് ക്ലാസ്സില്‍ വച്ചും മറ്റും പലപ്പോഴും അവളെന്നോട് സംസാരിക്കുമ്പോള്‍ ലോകം കീഴടക്കിയ ജേതാവിനെപ്പോലെ ഞാന്‍ അഹങ്കരിച്ചു.എനിക്കായി മാത്രം പിറന്നവളാണവളെന്ന്‍ ഞാന്‍ വിശ്വസിച്ചു.എല്ലാത്തിനോടും എനിക്കസൂയ തോന്നിത്തുടങ്ങി.അവളണിയുന്ന ഉടയാടകളോട് അവളെ തഴുകുന്ന കാറ്റിനോട് എനിക്കുള്ള ചുംബനങ്ങള്‍ കവര്‍ന്നെടുക്കുന്ന തലയിണയോട് അവളെ നോക്കുന്ന കണ്ണുകളോട്.ഒടുവില്‍ ക്ലാസ്സവസാനിക്കുന്ന ദിനം എന്റെ ഓട്ടോഗ്രാഫില്‍ നന്നായി പഠിച്ചുയരങ്ങളിലെത്തണം എന്നു സ്വന്തം സഹോദരി എന്നവളെഴുതിയപ്പോള്‍ എന്റെ ഹൃദയം പൊടിഞ്ഞ് ചോര വരുന്നുണ്ടായിരുന്നു.തോള്‍വികളേറ്റുവാങ്ങാന്‍ വീണ്ടുമൊരു ജന്മം.
വീട്ടിനടുത്തുള്ള സോണി എന്ന കോമളാംഗി ഇതിനിടയിലെപ്പോഴേ എന്റെ ബസ്സിനു കൈകാണിച്ചിരുന്നു.നഷ്ടബോധത്താല്‍ നീറിക്കൊണ്ടിരുന്ന ഞാന്‍ അവളില്‍ എന്റെ വിഷമങ്ങള്‍കാശ്വാസം കണ്ടെത്തുവാന്‍ തുടങ്ങി.തീകൊണ്ടുള്ള മറ്റൊരു തലചൊറിച്ചിലായിരുന്നുവത്.നാട്ടുകാരും വീട്ടുകാരുമെല്ലാമറിഞ്ഞ് കാര്യങ്ങളെല്ലാം ഏകദേശമൊരു തീരുമാനമായി എന്നു പറഞ്ഞാല്‍ മതിയല്ലോ.നാട്ടില്‍ നിക്കാന്‍ വയ്യാതായ ഞാന്‍ ആറേഴുമാസം പലസ്ഥലങ്ങളിലായി അലഞ്ഞു നടന്നു.എല്ലാമൊന്ന്‍ ആറിത്തണുത്ത് ഡിസംബറിലെ ഒരു തണുപ്പുള്ള രാത്രിയില്‍ നാട്ടിലേയ്ക്കുള്ള തീവണ്ടിയാത്ര നടത്തുമ്പോള്‍ ഞാനൊരു ശപഥമെടുത്തിട്ടുണ്ടായിരുന്നു. ഇനി ജീവിതത്തില്‍ ഒരുപെണ്ണിനേം പ്രേമിക്കത്തില്ല.ഇനി അഥവാ പ്രേമിക്കുന്നെങ്കില്‍ അതൊരു പെണ്ണിനെ കെട്ടീട്ട് അവളെ മാത്രം..

ചെക്കനെ ഇനിയെവിടെയെങ്കിലും ഒന്നു പിടിച്ചുകെട്ടണമെന്നു വിചാരിച്ച വീട്ടുകാര്‍ കല്യാണാലോചനകള്‍ തുടങ്ങി.അങ്ങിനെ പെണ്ണുകാണല്‍ ആരംഭിച്ചു.ദോഷം പറയരുതല്ലോ.ആകെ രണ്ടു പെണ്ണുകാണല്‍ നടത്തി.അതും ഒരു ദിവസം.രണ്ടാമതുകണ്ട ഉരുപ്പടിയെ കെട്ടാമെന്നു കരുതി.എന്റെ സങ്കല്‍പ്പത്തിലുണ്ടായിരുന്ന ഒരു രൂപമല്ലായിരുന്നുവെങ്കിലും ഒറ്റനോട്ടത്തില്‍ അവളെന്റെ ഹൃദയം കീഴടക്കിക്കളഞ്ഞു. ഒടുവില്‍ 2008 നവംബര്‍ 10 നു 9.45 നും 10 നുമിടയ്ക്കുള്ള ശുഭമുഹൂര്‍ത്തത്തില്‍ എന്റെ വിവാഹമങ്ങട്ട് കഴിഞ്ഞു.ഇന്ന്‍ എന്റെ എല്ലാ സുഖത്തിലും സന്തോഷത്തിലും സന്താപത്തിലും ഇല്ലായ്മയിലും വല്ലായ്മയിലുമെല്ലാം കൂടെ നില്‍ക്കുന്ന എന്നെ ശരിക്കും മനസ്സിലാക്കുന്ന എന്റെ ശ്രീഹരിമോന്റെ അമ്മയായി എന്റെ ഹൃദയത്തിന്റെ മുഴുവനറകളിലും നിറഞ്ഞ് പരിലസിക്കുന്നവള്‍.എല്ലാപേര്‍ക്കുമായി വീതം വച്ചുകൊടുത്തുപോയ മനസ്സിലവശേഷിക്കുന്ന സ്നേഹം അവള്‍ക്കും കുഞ്ഞിനുമായി കോരിച്ചൊരിഞ്ഞുകൊണ്ട് ഞാനും ഇങ്ങിനെ കഴിയുന്നു.

ശ്രീക്കുട്ടന്‍

8 comments:

  1. പകുതി പുളുവും ബാക്കി നഗ്ന സത്യവും...

    ReplyDelete
  2. എവിടെത്തിനിഞ്ഞൊന്നു നോക്കിയാലും
    അവിടെല്ലാം സൗന്ദര്യധാമങ്ങള്‍ മാത്രം!!

    ഇതെന്താ ശ്രീക്കുട്ടന്റെ കണ്ണിനെന്തോ കുഴപ്പമുണ്ടൊ? അതോ, സൗന്ദര്യ മത്സരത്തിന് സുന്ദരികളെയും കൊണ്ട് പറക്കുന്ന ഏതെങ്കിലും വിമാനം വീടിനടുത്ത് നിലം പതിച്ചോ? അല്ല, കാണുന്നതെല്ലാം സുന്ദരിമാര്‍!! നിങ്ങള്‍ക്ക് സുന്ദരമായ കണ്ണുകളുണ്ടായിരിക്കാം അല്ലെങ്കില്‍ സൗന്ദര്യം കണ്ടെത്തുന്ന ഒരു മനസ്സ്. അതാണല്ലോ Beauty is in the beholder's eye എന്ന് പറഞ്ഞു വെച്ചത്.

    ReplyDelete
  3. ഒരു കുഞ്ഞായതിനു ശേഷം ധൈര്യം വന്നല്ലേ പഴയ പ്രണയങ്ങള്‍ വിളിച്ചുപറയാന്‍.. കൊള്ളാം...
    അധവാ ഭാര്യ വായിച്ചാല്‍ രക്ഷപ്പെടാനുള്ള പഴുത് അവസാന പാരയില്‍ കൊടുത്തിട്ടുമുണ്ട്... :)

    ReplyDelete
  4. അവസാനം പറഞ്ഞതാണോ പുളു ... ?

    ReplyDelete
  5. തിരചിലാന്‍ പറഞ്ഞ പോലെ ഒരുകുഞ്ഞായപ്പോള്‍ പറയാന്‍ ഉള്ള ധൈര്യം വന്നു
    ഈ പ്രണയം ഇങ്ങനെ ആണ് കുടുംബം കുട്ടികള്‍ എല്ലാം ആവുമ്പോള്‍ ഓര്‍മിക്കാന്‍ സുഘമുള്ള നോവ് അല്ലെ

    ReplyDelete
  6. "പകുതി പുളുവും ബാക്കി നഗ്ന സത്യവും..."

    അതു ശരി.

    അപ്പോ ശ്രീക്കുട്ടൻ പേരു വേഗം മാറ്റിക്കോ...

    പുളു സത്യൻ!

    ReplyDelete