Thursday, November 17, 2011

നാട്ടിന്‍പുറം

"എടീ ജാനു നീയറിഞ്ഞില്ലേ നമ്മുടെ ശാന്തയുടെ മോളെ കാണാനില്ലെന്നു.ഇന്നലെ എന്തോ പരീക്ഷ എഴുതാനെന്നും പറഞ്ഞു പോയതാ.ഇന്നിതേവരെ വന്നിട്ടില്ലാത്രേ.സമയമിത്രേമായില്ലേ..

"ഹമ്മേ ഒള്ളതാണോ ചേച്ചി.ആരുടെ കൂടെയെങ്കിലും പോയതായിരിക്കും. ഒറപ്പ്.എന്തായാലും അവളുടെ അഹങ്കാരം ഇതോടെ തീരുമല്ലോ.അല്ലെങ്കിലും ചാന്തയ്ക്കിതുതന്നെ വരണം.എന്തായിരുന്നു പൊങ്ങല്.തറേവയ്ക്കാതെ കൊണ്ടു നടന്നതല്ലേ അനുപവിയ്ക്കട്ട്".

"ആ പെണ്ണിനു മ്മട സരോജിനീട മോനുമായിട്ടെന്തോ ചുറ്റിക്കളിയുണ്ടായിരുന്നു.ഞാന്‍ പലപ്പോഴും കണ്ടിട്ടൊണ്ടെന്നേ.രണ്ടും കൂടി ഒരുമിച്ചു സംസാരിച്ചും ചിരിച്ചും വരുന്നത്".

"ഹും കണ്ടാപ്പറയ്യോ.ഒരു പഞ്ചപ്പാവം.കയ്യിലിരുപ്പ് ആര്‍ക്കറിയാം.ആട്ടെ ആ ചെക്കനിവിടൊണ്ടോ"

"അതല്ലേ രസം അവനിന്നലെ ഒരു കൂട്ടുകാരന്റെ വീട്ടിപ്പോണെന്നും പറഞ്ഞുപോയത്രേ.രണ്ടുംകൂടെ വച്ചുനോക്കുമ്പം എനിയ്ക്കു തോന്നുന്നത് അവര് കുടുംബം തൊടങ്ങിക്കാണുമെന്നാ"

"ഹൊ.ഒന്നിനെ എറക്കിവിടണകാര്യം അങ്ങിനെ ചാന്തയ്ക്കു ലാഭമായി.ഇനിയൊന്നുണ്ടല്ലോ.ഒരു ചുന്ദരിക്കോത.അവളും വല്ലവനേം നോക്കിവച്ചിട്ടുണ്ടാവും."

"നമ്മുടെ പഞ്ചായത്തുമെംബറും മറ്റു രണ്ടുമൂന്നുപേരും കൂടി പട്ടണത്തില്‍ തെരക്കാനെന്നും പറഞ്ഞ് പോയിട്ടുണ്ട്."

"ഹോ എന്റെ ചേച്ചി ഇനി തെരക്കിപ്പോവാത്ത കൊറവേയുള്ളു. കൊറച്ചുദിവസം കഴിയുമ്പം അവരു തിരിച്ചുവരും.അത്ര തന്നെ"

"എടി ജാനു നിന്റെ മോള് ഇപ്പോഴും തയ്യലു പഠിയ്ക്കാന്‍ പോകുന്നുണ്ടോ.ഒരു കണ്ണു വച്ചോ.ഇപ്പോഴത്തെ പുള്ളേരെയൊന്നും വിശ്വസിക്കന്‍ പറ്റില്ല".

"അതെന്താ വസന്തേച്ചി അതിന്റെടയ്ക്കൊരു കുത്ത്.എന്റെ മോളെ ഞാന്‍ മര്യാദയ്ക്കാ വളര്‍ത്തുന്നത്".

"നീ പെണങ്ങാതെടീ ഞാന്‍ ചുമ്മാ പറഞ്ഞതാ.നീ വാ നമുക്ക് ചാന്തയുടെ വീടുവരെ ഒന്നു പോകാം.അല്ലെങ്കി അവളെന്തുവിചാരിയ്ക്കും"

"ഓ ഞാനില്ല.എനിക്കു കൊറച്ചു പണിയുണ്ട്.കൊറച്ചുകഴിഞ്ഞ് ഒന്നു പോവാം.ഇപ്പം ചേച്ചിപോയേച്ചുവാ"

.................................................................................................................

"നീ വെഷമിയ്ക്കണ്ട ചാന്തേ.അവള് വരും. എന്തായാലും നമ്മുടെ മെംബറും മറ്റുമൊക്കെ തെരക്കിപ്പോയിരിക്കുവല്ലേ.അവരു വരട്ടെ ആദ്യം.എന്താണുണ്ടായതെന്ന്‍ നമുക്കറിയില്ലല്ലോ"

"എന്നാലും വസന്തേച്ചീ എനിക്കൊരു സമാധാനോമില്ല.ഞാനിനിയെങ്ങിനെ ആള്‍ക്കാരുടെ മൊകത്ത് നോക്കും.എന്നാലും അവള്" ശാന്ത മൂക്ക് പിഴിഞ്ഞ് കളഞ്ഞിട്ട് കൈലിയുടെ കോന്തലകൊണ്ട് മുഖം തുടച്ച് കരച്ചില്‍ തുടര്‍ന്നു.

"അവളെവിടെ പോവാനാ.പരീക്ഷകഴിഞ്ഞിട്ട് വണ്ടികിട്ടിക്കാണത്തില്ല.പട്ടണത്തിലല്ല്യോ.ഇനിയിപ്പം അവിടെ ഏതേലും കൂട്ടുകാരുടെ വീട്ടിലെങ്ങാനും കിടന്നേച്ച് രാവിലെയുള്ള വണ്ടിപിടിച്ച് ഇങ്ങുവരും. അതൊന്നും നീ കാര്യമാക്കണ്ട.എന്തായാലും മെംബറും മറ്റും പോയിരിക്കയല്ലേ .അവരു മടങ്ങി വരട്ടെ എന്നിട്ടു തീരുമാനിക്കാം.നീ വെഷമിച്ചിരിക്കാതെ വല്ലതും കുടിയ്ക്കാന്‍ നോക്ക്.എന്നാപ്പിന്നെ ഞാനെറങ്ങുവാണ്.പെണ്ണു മാത്രമേയുള്ളൂ.അതിയാന്‍ രാവിലെ പണിക്കെറങ്ങിപ്പോയശേഷം ഒള്ള സമയത്തിനെടയ്ക്കാ ഞാനോടിവന്നേ.ഞാന്‍ പിന്നെ വരാം"

കരഞ്ഞുകൊണ്ടിരിക്കുന്ന ശാന്തയുടെ പുറത്തുതട്ടി ആശ്വസിപ്പിച്ചിട്ട് വസന്ത പുറത്തേയ്ക്കിറങ്ങി.

...........................................................................................................................


"അല്ല ഇതാരു ജാനുവോ.നീ ഈ രാവിലെ ഇതെവിടെപോയിട്ട് വരേണ്".

"ഒന്നും പറയണ്ട ശാരദേ.നമ്മുടെ ചാന്തേട വീടുവരെ ഒന്നുപോയി.അവട മോള് ഇന്നലെ എന്തോ പരീക്ഷയെഴുതാനെന്നും പറഞ്ഞ് പോയിട്ട് ഇതേവരെ വന്നില്ലാന്ന്‍.ആരാന്റെകൂടെ ഒളിച്ചോടിയെന്നൊക്കെ ചെലവമ്മാരു പറയുന്നുണ്ട്. അല്ലേലും ആള്‍ക്കാരക്ക് എന്താ പറയാന്‍ വയ്യാത്തേ..അലവലാതികള്‍ ..ത്ഫൂ".

"ങ്ഹേ..സത്യമാണോ.ശ്ശോ കഷ്ടമായിപ്പോയല്ലോ.ആ കൊച്ച് ഒത്തിരി നല്ല കൂട്ടത്തിലാണെന്നാണല്ലോ കരുതിയിരുന്നത്.എന്നിട്ട്.."

"ഇപ്പഴത്തെ പുള്ളെരെപ്പറ്റി ഒന്നും വലിയ കിനാവുകാണണ്ട.തരം കിട്ടിയാ വേലിചാടും. ഹൊ സംസാരിച്ചു നിക്കാന്‍ സമയമില്ല.രാവിലെ വീട്ടീന്നെറങ്ങിയതാ.പെണ്ണിനിന്നു

ക്ലാസ്സൊണ്ട്".

.........................................................................................................................

"അല്ല മെംബറേ.എന്തായി പെണ്ണിന്റെ വല്ല വെവരോം കിട്ടിയാ"

"ഒന്നും പറയണ്ടെന്റെ വസന്തേ. പെണ്ണ്‍ ആശൂത്രിയില്‍ കെടക്കുവാ.ഇന്നലെ പരീ​ക്ഷകഴിഞ്ഞു ബസ്റ്റാന്‍ഡിലേയ്ക്ക് വരുന്ന വഴി ഒരു കാരവളുടെ മേത്തുമുട്ടി.ചെറിയ പരിക്കേയുള്ളുവെങ്കിലും ബോധം വീണത് പാതിരാത്രിയാ.പേടിച്ചിട്ടായിരിക്കും.രണ്ടീസം അവിടെ കെടക്കേണ്ടിവരൂന്നാ ഡോക്ടര്‍ പറഞ്ഞത്.ഞാന്‍ ശാന്തയെ അറിയിക്കട്ടേ.അവളു പേടിച്ചിരിക്കുവായിരിക്കും.ആശുപത്രീല് നമ്മുടെ കുമാരന്‍ നിക്കുവാ. എവളു ചെന്നേച്ചുവേണം അവനു മടങ്ങിവരാന്‍".

"ഹൊ മഹാഭാഗ്യം.വല്യ ആപത്തൊന്നും പറ്റീലല്ലോ.എന്നാലും ഈ നാട്ടുകാരുടെ ഒരു കാര്യം.അതിനെടയ്ക്കു എന്തെല്ലാം പറഞ്ഞൊണ്ടാക്കി.ആ സരോജിനീട മോന്റോടൊപ്പം ഒളിച്ചൊടിയെന്നോ നാടുവിട്ടെന്നോ.ഒന്നും പറയണ്ട.ഞാനപ്പോഴേ പറഞ്ഞതാ.ആ കൊച്ച് അങ്ങിനെയുള്ളവളല്ല.ചാന്ത നല്ല അടക്കത്തിലും ഒതുക്കത്തിലും വളര്‍ത്തുന്നതാണെന്നൊക്കെ.ആരു കേക്കാന്‍.എന്നാപ്പിന്നെ ഞാനങ്ങോട്ട് ചെല്ലട്ടെ മെംബറേ.രാവിലെ വീട്ടീന്നെറങ്ങിയതാ.ഇനി ചെന്നേച്ചു വേണം വല്ലോം വച്ചൊണ്ടാക്കാന്‍"

"ശരി വസന്തേ.അങ്ങനായാവട്ടെ"
.......................................................................................

"ജാനൂ എടീ ജാനൂ". വസന്ത കയ്യാലയ്ക്കല്‍ നിന്ന്‍ ജാനുവിനെ വിളിച്ചു.

"എന്നാ ചേച്ചീ"

"ആ പെണ്ണിനെ വണ്ടിയോ മറ്റോ മുട്ടിയതാത്രേ.ആശൂത്രീക്കെടപ്പൊണ്ട്.എന്നാലും കൃത്യമായി അവടമേത്ത് തന്നെ വണ്ടി മുട്ടിയല്ലോന്നാ ഞാനാലോചിക്കണത്"

"ചാന്തയ്ക്ക് വീണ്ടും രണ്ടെണ്ണത്തിനുള്ള വക കണ്ടെത്തണണം"

ചിരിച്ചുകൊണ്ട് പറഞ്ഞിട്ട് ജാനു വീട്ടിനകത്തേയ്ക്ക് പോയീ..വസന്ത തന്റെ വീട്ടിലേയ്ക്കും.

"എടീ മായേ. ഈ നശിച്ചവളെവിടെപ്പോയികെടക്കേണു രാവിലെ.ഇന്നു ക്ലാസ്സൊണ്ടെന്നു പറഞ്ഞതല്ലേ.എന്നിട്ടു രാവിലെ തന്നെ തെണ്ടാന്‍ പോയോ.അയ്യോ ഇതെന്താ ഈ അലമാര

തൊറന്നുകെടക്കണത്.ങ്ഹേ.ഇതിലിരുന്ന സ്വര്‍ണ്ണോം പണവുമൊക്കെ.ചതിച്ചോ ദൈവമേ"

പ്തോം....വെട്ടിയിട്ടപോലെ ജാനു നിലത്തേയ്ക്കുവീണു. വീട്ടിലേയ്ക്ക് നടന്ന വസന്ത ഒച്ചേം ബഹളോം കേട്ട് ജാനുവിന്റെ വീട്ടിലേയ്ക്കോടി വന്നു..

മേശപ്പുറത്തപ്പോഴും ഒരു കഷണം കടലാസ് വായിക്കപ്പെടുന്നതിനായി കാത്തിരിക്കുന്നുണ്ടായിരുന്നു.


ശുഭം

ശ്രീക്കുട്ടന്‍

23 comments:

  1. നാട്ടിന്‍പുറത്തേയ്ക്ക് ഒന്നു പോയിവരാനാഗ്രഹമുള്ളവര്‍ക്ക് സ്വാഗതം...

    ReplyDelete
  2. ഇതു കൊള്ളാം കേട്ടോ... നാട്ടിന്‍ പുറം തന്നെ.. കഥാപാത്രങ്ങളും അവരുടെ സംസാര ശൈലിയും കറക്റ്റ്.
    "ചക്കിനു വെച്ചത് കൊക്കിനു കൊണ്ടു"

    ReplyDelete
  3. നട്ടുകാരുടെ കാര്യം നോക്കി വന്നപ്പോഴേക്കും വീട്ടുകാരി പിഴച്ചുപോയല്ലേ...? :)

    ReplyDelete
  4. ഹഹഹ്...ഇതാണ് അസല്‍ നാട്ടിന്‍ പുറം..

    നന്നായിട്ടുണ്ട്...ട്ടാ..

    ReplyDelete
  5. ഇതു നല്ല കഥ അല്ല കാര്യം.

    ReplyDelete
  6. ഹ ഹ...അത് കലക്കി...അല്ലെങ്കിലും പരദൂഷണം ഈ പെണ്ണുങ്ങളുടെ ഒരു വീക്നെസ് അല്ലെ...

    ReplyDelete
  7. നാട്ടിന്‍ പുറം പര ദൂക്ഷണ സമൃദ്ധം ... ഇത്തരം കഥ പാത്രങ്ങള്‍ എല്ലായിടത്തുമുണ്ട് ... ആരാന്റെ കഞ്ഞിയിലെ വറ്റ് തിരയാന്‍ പോയി വരുമ്പോഴേക്കും സ്വന്തം കഞ്ഞി കാലം കാണാതാവും ..... ആശംസകള്‍

    ReplyDelete
  8. ഹ ഹ, മറ്റുള്ളവരുടെ കണ്ണീരില്‍ ആനന്ദം കണ്ടെത്തുന്നവര്‍ നഗരത്തിലെക്കാള്‍ നാട്ടിന്‍ പുറത്താണോ കൂടുതല്‍? കഥയുടെ അവസാനമെത്തിയപ്പോള്‍ ഏതാണ്ടൂഹിച്ചിരുന്നു വസന്തേചിക്ക് എന്തോ പണി കിട്ടാന്‍ പോകുന്നുവെന്ന്.രസായി ശ്രീകുട്ടാ

    ReplyDelete
  9. കൊള്ളാം.
    നല്ല കഥ.
    പരദൂഷണം മൊത്തമായും ചില്ലറയായും വില്‍ക്കപ്പെടും

    ReplyDelete
  10. കൊള്ളാം.
    നല്ല കഥ

    ReplyDelete
  11. അവരുടെ ശൈലിയില്‍ രസകരമായി തന്നെ അവതരിപ്പിച്ചു ട്ടൊ..
    ചിരിപ്പിച്ചുവെങ്കിലും, യാഥാര്‍ത്ഥ്യങ്ങളുടെ കാമ്പ് ഉള്‍കൊള്ളുന്നിടങ്ങളില്‍ ചിരി അറിയാതെ തന്നെ മാഞ്ഞു പോകുന്നുമുണ്ട്..
    നല്ല എഴുത്ത്...ആശംസകള്‍.....!

    ReplyDelete
  12. njan oru assal nattin purathu kaari aanu...ippol husband nte koode USA l thaamasikkunnu. ivide USA l kaanunna paradooshanam onnum 23 varsham ente nattin purath njan kandittilla.

    ReplyDelete
  13. പ്രീയകൂട്ടുകാരേ,

    നാട്ടിന്‍പുറത്തെത്തി പരദൂഷണങ്ങളെല്ലാം കേള്‍ക്കുകയും അഭിപ്രായം പറയുകയും ചെയ്ത എല്ലാപേര്‍ക്കും നന്ദി....ഈ കഥകള്‍ തുടര്‍ന്നുകൊണ്ടിരിക്കും എന്ന മുന്നറിയിപ്പോടേ...

    ReplyDelete
  14. നാട്ടിന്പുറം അസ്സലായി അവതരിപ്പിച്ചു....

    ReplyDelete
  15. കഥ നന്നായിട്ടുണ്ട്.. ശ്രീ..
    നാട്ടിന്‍പുറത്തെ ചിത്രം തന്നെ..

    ReplyDelete
  16. നാട്ടിന്‍പുറം ചിരിക്കാന്‍ ഉള്ള വകകളാല്‍ സമൃദ്ധം ..:)..ആശംസകള്‍...

    ReplyDelete
  17. നാട്ടിന്‍പുറങ്ങളില്‍ നടക്കുന്ന കാര്യം.
    ശ്രീക്കുട്ടന് നല്ല നിരീക്ഷണ പാടവം ഉണ്ട്,കേട്ടോ

    ReplyDelete
  18. നാട്ടിൻ പുറം പരദൂക്ഷണത്താൽ സമ്പുഷ്ടം...!!
    ഇഷ്ടപ്പെട്ടു..!!

    ReplyDelete
  19. പ്രിയപ്പെട്ട ശ്രീകുട്ടന്‍,
    ഈ പരദൂഷണം നാട്ടിന്‍പുറത്തു മാത്രമല്ല,നഗരങ്ങളിലും ഉണ്ട്,കേട്ടോ!
    നര്‍മം വാരി വിതറി എഴുതിയ പോസ്റ്റ്‌ ഇഷ്ടായി. താന്‍ കുഴിച്ച കുഴിയില്‍ താന്‍ തന്നെ വീഴും എന്ന സാരോപദേശവും നല്‍കിയല്ലോ.
    സസ്നേഹം,
    അനു

    ReplyDelete
  20. അനുപമ പറഞ്ഞ പോലെ ഈ പരദൂഷണം നാട്ടിന്‍ പുറങ്ങളില്‍ മാത്രമല്ല കേട്ടോ.. നല്ല ക്ലാസിക് പരദൂഷണങ്ങള്‍ പട്ടണത്തിലും ധാരാളം. കഥ ഇഷ്ടമായി. നല്ല ഒഴുക്കോടെ പറഞ്ഞിരിക്കുന്നു.
    അഭിനന്ദനങ്ങള്‍

    ReplyDelete
  21. ദേ ഇതാ നല്ല കലര്‍പ്പില്ലാത്ത നാടന്‍ പരദൂഷം!

    ReplyDelete