Wednesday, January 18, 2012

എന്റെ ആദ്യത്തെ പേരമരം

"ചേട്ടാ ഒന്നിങ്ങട്ട് വന്നേ ദേ ഇതിലൊരു തടിയന്‍ പേരയ്ക്ക പിടിച്ചേക്കണ്"

രാവിലെയെഴുന്നേറ്റ് മൊന്തേലു വെള്ളമെടുത്ത് മുഖം കഴുകി വായും കൊപ്ലിച്ചിട്ട് ചായ എടുക്കാന്‍ ശ്രമിക്കുമ്പോഴാണ് മുറ്റത്തുനിന്നു അനുജത്തീട വിളി. അമ്മയാണേ താഴെ തോട്ടില്‍ തുണികഴുകുവാന്‍  പോയിരിക്കുവാണ്. രാവിലെ ഇട്ടു അടുപ്പില്‍ വച്ചിരുന്ന ചായ നന്നായി തണുത്തിരിക്കുന്നു. ഇച്ചിരി ചൂടാക്കാതെ എങ്ങനെ കുടിക്കാനാണ്. കൊറച്ച് ഓലച്ചൂട്ടെടുത്ത് തീപ്പറ്റിച്ച് ചായ ചൂടാക്കുവാന്‍ തുടങ്ങിയപ്പോള്‍ പെണ്ണിന്റെ വിളി വീണ്ടുമുയര്‍ന്നു.

"ചേട്ടോയ് ഇങ്ങോട്ട് വന്നേ.ദേ കണ്ടോ വല്യൊരു പേരയ്ക്കാ"

ചെറുതായി ചൂടായ ചായ ഒരു സ്റ്റീല്‍ ഗ്ലാസ്സിലൊഴിച്ച് അത് ചെറുതായി മൊത്തിക്കുടിച്ചുകൊണ്ട് ഞാന്‍ അടുക്കളയില്‍നിന്നു മുന്‍ വശത്തേക്കുചെന്നു. ചായ അരത്തിണ്‍നയില്‍ വച്ചിട്ട് മുറ്റത്തേക്കിറങ്ങി പേരമരത്തിലേക്കു നോക്കി. ശരിയാണല്ലോ. എന്റെ പേരയില്‍ പേരയ്ക്ക പിടിച്ചിരിക്കുന്നു. ഒരു പേരയ്ക്ക സ്റ്റൈലനായിട്ട് ഒരു ചെറുകൊമ്പേലു തൂങ്ങിക്കിടക്കുന്നു.. സംഭവം ഇച്ചിരി വലുതായിട്ടുണ്ട്. ഇലകള്‍ക്കിടയില്‍ നിന്നതുകൊണ്ടായിരിക്കാം അത് കാഴ്ചയില്‍പ്പെടാതെ പോയത്.എന്തായാലും താന്‍‍ കൊണ്ടു നട്ട പേരമരത്തില്‍ പേരയ്ക്ക് പിടിച്ചല്ലോ. ഞാന്‍ പെങ്ങളെയൊന്നു നോക്കി ചുണ്ടുവക്രിച്ചിട്ട് കണ്ടോടീ എന്റെ പേരയ്ക്ക എന്ന ഭാവത്തില്‍ തല നിവര്‍ത്തി അല്‍പ്പം ഗമയിലങ്ങിനെനിന്നു.

ആ പേരമരത്തിന്റെ ജനനവും വളര്‍ച്ചയും അടങ്ങിയ ബ്ലാക്ക് ആന്‍ഡ് വൈറ്റ് ഫ്ലാഷ്ബാക്ക് എന്റെയുള്ളില്‍ അലയടിച്ചെത്തി.

ഒരു അവധിദിവസം അയലോക്കത്തുള്ള പിള്ളേരുമൊത്ത് വയലില്‍ക്കളിച്ചുകൊണ്ടുനിന്നപ്പോഴാണ് പെട്ടന്ന്‍ മാനത്ത് കാറുംകോളും കൊണ്ടുകയറിയത്. കനത്ത മഴപെയ്യും എന്നുറപ്പായതുകൊണ്ട് എല്ലാവരും ഓടി ഓമനയമ്മയുടെ വീടിന്റെ തിണ്ണയില്‍ക്കയറിനിന്നു. മഴക്കുമുന്നോടിയായെന്നവണ്ണം ശക്തമായ കാറ്റടിച്ചുതുടങ്ങിയപ്പോള്‍ ആണ് കൂട്ടത്തില്‍ ആരോ ഗംഗാധരന്‍ സാറിന്റെ പുരയിടത്തില്‍ മാങ്ങാപെറുക്കാന്‍ പോകാം എന്നു പറഞ്ഞത്. കാറ്റ് നന്നായടിക്കുന്നതുകൊണ്ട് മാങ്ങാ വീഴാന്‍ ചാന്‍സ് കൂടുതലാണ്. ഗംഗാധരന്‍ സാറിന്റെ പറമ്പിലാണേല്‍ അഞ്ചെട്ടു തടിയന്‍ മാവുകളുണ്ട്. അതിലൊക്കെ നിറയെ മാങ്ങയും. ചൊവചൊവന്ന കളറിലുഌഅ ആ പഞ്ചാരമാങ്ങയുടെ രുചി നാവില്‍ വെള്ളമൂറിപ്പിക്കുന്നതുപോലെതോന്നി. എല്ലാവരും കൂടി ആ പറമ്പിലേക്കോടി. മാങ്ങാ തപ്പി പറമ്പില്‍ച്ചുറ്റിത്തിരിയുമ്പോഴാണ് ഇന്ന എന്നൊക്കൊണ്ടുപോകു എന്നുപറയുന്നതുപോലെ തലയാട്ടിക്കൊണ്ടുനില്‍ക്കുന്ന ആ പേരത്തൈ എന്റെ കണ്ണില്‍പ്പെട്ടത്.  മുന്‍പെപ്പോഴോ മാങ്ങാപെറുക്കുവാന്‍ കൂട്ടരോടൊത്തുപോയപ്പോള്‍ ആ പുരയിടത്തില്‍നിന്നു കിട്ടിയതാണാ പേര. നല്ല കൊഴുപ്പില്‍ നില്‍ക്കുന്ന ആ തൈ മെല്ലെ വേരൊന്നും പൊട്ടാതെ പിഴുതെടുത്ത് കൊണ്ടുവന്ന്‍ ഞാന്‍ വീട്ടിന്റെ മുറ്റത്തിന്റെ അരികിലായി ഒരു കുഴികുത്തിവച്ചു. എല്ലാ ദിവസവും പല്ലുതേയ്ക്കുമ്പോള്‍ അതിന്റെ ചുവട്ടില്‍ വെള്ളമൊഴിക്കാന്‍ മറന്നില്ല. ഭാഗ്യത്തിന് വീട്ടില്‍ ആട് പശു തുടങ്ങിയ ഉരുപ്പടികളില്ലാതിരുന്നതിനാള്‍ എന്റെ പേരത്തൈ ഇലകളൊന്നും നഷ്ടപ്പെടാതെ അങ്ങിനെ മിനുങ്ങിക്കുണുങ്ങി വളര്‍ന്നുവന്നു.

സംഭവം ഞാന്‍ നട്ടതുകൊണ്ടാവും എന്നോട് ആശാന്‍ വല്ലാണ്ടങ്ങ് താതാത്മ്യം പ്രാപിച്ചു. എന്നെപ്പോലെ മെലിഞ്ഞു ഒരു ചെറുകോലുകണക്കെ അവനങ്ങനെ മന്ദം മന്ദം ആടിക്കുഴഞ്ഞ് വളരുകയാണ്. കൈവളരുന്നോ കാലുവളരുന്നോ എന്ന മട്ടില്‍ ദിനവും ഞാന്‍ എന്റെ പേരമരത്തെ പരിപാലിച്ചുകൊണ്ടിരുന്നു. കുരുത്തക്കേടിനു കൈയുംകാലും വച്ച എന്റെ അനുജത്തി ഒരു ദിവസം എന്റെ പ്രീയപ്പെട്ട പേരയുടെ രണ്ട് സുന്ദരനിലകള്‍ വലിച്ചുപറിച്ചെടുത്ത് ദൂരെക്കളഞ്ഞു. അന്നെനിക്ക് അവളെ തവിടുപൊടിയാക്കണമെന്നുണ്ടായിരുന്നു. പക്ഷേ ഇറയത്തെ ഓലക്കീറിനുള്ളില്‍ വിശ്രമിക്കുന്ന നല്ല സുന്ദരന്‍ കമ്പുകൊണ്ടുള്ള അടിയുടെ സുഖം വേണ്ടായെന്നുള്ളതുകൊണ്ടുമാത്രം ഞാന്‍ ക്ഷമിച്ചു. എന്റെ സ്വഭാവമല്ലെങ്കിലും. അനിയത്തിയൊട് അല്‍പ്പം കണ്ണും കലാശവും കാട്ടി പേടിപ്പിക്കുവാന്‍ നോക്കിയതുകൊണ്ട് അവള്‍ ആ പേരത്തൈ മൂടോടെ പിഴുതെറിയാന്‍ ശ്രമിച്ചത് ഒഴിവാക്കുവാന്‍ പെടപ്പാട് പെട്ടിട്ടുള്ളതാണ്. എത്രവട്ടം പൊന്നേ മോളേ എന്നൊക്കെ വിളിച്ച് സോപ്പിട്ടിരിക്കുന്നു.അങ്ങനെയുള്ള ആ പേരയാണ് ഇപ്പോള്‍ വലുതായി കായ്ച്ചിരിക്കുന്നത്.

ഫ്ലാഷ്ബാക്കിനു വിട

"ചേട്ടാ പേരയ്ക്ക എപ്പോഴാ തിന്നുന്നത്?"

കൊതിച്ചിപ്പാറുവിന്റെ ആക്രാന്തം

"എടീ അതിന് പേരയ്ക്ക നന്നായി വെളഞ്ഞുപഴുക്കണം. നീ കണ്ടോ ധാരാളം പൂക്കള്‍. ഈ പേരയില്‍‍ നെറയെ പേരയ്ക്കാ പിടിക്കും"

ഞാന്‍ അരുമയായി എന്റെ പേരമരത്തെ തലോടി.

കുറച്ചുദിവസത്തിനുള്ളില്‍ മിക്കപൂക്കളും വിരിഞ്ഞ് കുറേയേറെകായ്കള്‍ പിടിച്ചു. ആദ്യമുണ്ടായ പേരയ്ക്ക് കുറച്ചു വലുതായി കാറ്റത്താടിയാടിക്കളിക്കുന്നുണ്ട്.

"എടാ അത് വല്ല പ്ലാസ്റ്റിക്ക് കൂടെങ്ങാനുമിട്ട് കെട്ടിപ്പൊതിഞ്ഞുനിറുത്ത്.ഇല്ലേല് വവ്വാലു കൊണ്ടോവും"

നടുമുറ്റത്തേക്കുതന്നെ മുറുക്കാന്‍ തുപ്പല്‍ നീട്ടിയഭിഷേകം നടത്തിയിട്ട് ഗ്രാന്‍ഡ്മദര്‍ അഭിപ്രായമറിയിച്ചു. കാലിമ്മേ തെറിച്ച വെറ്റത്തുപ്പല്‍ തുടച്ചുകളഞ്ഞിട്ട് ഞാന്‍പോയി ഒരു പ്ലാസ്റ്റിക് കവറെടുത്തുകൊണ്ടുവന്നു. പക്ഷേ എങ്ങിനെ പേരയ്ക്ക പൊതിഞ്ഞുകെട്ടും. അതാണെങ്കില്‍ ഇച്ചിരി ഉയരമുഌഅ കമ്പിലാണു നില്‍ക്കുന്നേ. പേരമരത്തില്‍ കേരാനും പറ്റില്ല. ചിന്താകുലനായി നിന്നെ അന്റടുത്തേയ്ക്ക് കുഴിമടിച്ചിയാണെങ്കിലും അനിയത്തി സഹായിക്കാന്‍ വന്നു. പേരയ്ക്ക വവ്വാലുകൊണ്ടോവാതെ കിട്ടിയാലല്ലേ അവള്‍ക്ക് കറുമുറെ തിന്നാനാവൂ. എന്നാല്‍ ഈ സംഗതികളിലൊന്നും ഇടപെടാതെ അനുജന്‍ തിണ്ണയിലിരുന്ന്‍ ചായ കുടിച്ചുകൊണ്ടിരുന്നു. ഇടയ്ക്കിടയ്ക്ക് കണ്ണുകള്‍ ഇങ്ങോട്ടേയ്ക്കെറിയുന്നുണ്ട് ധിക്കാരി. ഇറയത്തുകിടന്ന രണ്ട് പ്ലാസ്റ്റിക്ക് കസേരകള്‍ ഒന്നിനുമുകളിലൊന്നായിട്ട് ഞാനതിമ്മേല്‍ക്കയറി പേരയ്ക്കാ പൊതിഞ്ഞുകെട്ടാനാരംഭിച്ചു. ഞാന്‍ മറിഞ്ഞുവീഴാതിരിക്കുവാന്‍ വേണ്ടി കസേരപിടിയ്ക്കുവാന്‍ അമ്മുമ്മയും അനിയത്തിക്കൊപ്പം കൂടി. എന്തായാലും വളരെ കഷ്ടപ്പെട്ട് ഞാന്‍ ആ പെരയ്ക്കയെ ഒരു പ്ലാസ്റ്റിക് കവര്‍ കൊണ്‍റ്റു പൊതിഞ്ഞുകെട്ടി

രാവിലെ ഉറക്കമെഴുന്നേറ്റാല്‍ ആദ്യം നോക്കുന്നത് പൊതിഞ്ഞുകെട്ടിയിരിക്കുന്ന കൂടിനെന്തെങ്കിലും സംഭവിച്ചോ എന്നാണു. കച്ചറകളായ വവ്വാലുകളെക്കൊണ്ടുള്ള ശല്യം അത്രക്കു വലുതായിരുന്നു.

ഒരു ദിവസം രാവിലെയെഴുന്നേറ്റപ്പോള്‍ ഹൃദയഭേദകമായ കാഴചയാണു ഞാന്‍ കണ്ടത്. എന്റെ പേരമരം മുക്കാലും താഴേയ്ക്ക് ചാഞ്ഞ് ഏകദേശം ഭൂമിപുത്രിയെ ചുംബിക്കാനെന്നവണ്ണം നില്‍ക്കുന്നു.ഒരു ചെറിയ കമ്പ് ഒടിഞ്ഞും കിടക്കുന്നുണ്ട്. അതിലുമുണ്ട് രണ്ട് പേരയ്ക്കാകള്‍. രാത്രിയില്‍ ശക്തമായി വീശിയടിച്ച കാറ്റും ഒപ്പം മെലിഞ്ഞ തടിയും നിറയെപ്പിടിച്ച പേരക്കായ്കളും കൊണ്‍റ്റാണ് എന്റെ പേരമരത്തിനീ ദുര്‍ഗതി വന്ന്‍ വണ്ടിമറിഞ്ഞത്. എന്തു ചെയ്യണമെന്നറിയാതെ പരിഭ്രമിച്ചുനിന്ന ഞാന്‍ അല്‍പ്പ സമയത്തിനകം കര്‍മ്മനിരതനായി. വീട്ടിന്റെ വടക്കുപുറത്ത് ചാരിവച്ചിരുന്ന നീളമുള്ള മുളങ്കമ്പ് എടുത്തുകൊണ്ടുവന്നു എന്നെക്കൊണ്ടാവുന്ന രീതിയില്‍ ഒരു കുഴിയെടുത്തു പേരമരത്തിനു സപ്പോര്‍ട്ട് കൊടുക്കുവാന്‍ തീരുമാനിച്ചു .എന്തുകൊണ്ടോ അന്നു ജോലിയില്ലാതിരുന്നതിനാലും പിന്നെ മൂഡ് കറക്ടായിരുന്നതിനാലും മമ്മി കൂടി ഹെല്‍പ്പ് ചെയ്യുവാന്‍ വന്നു. പക്ഷേ കശ്മലനും ക്രൂരനുമായ അനുജന്‍ ഇതൊന്നും തന്നെ ബാധിക്കുന്ന കാര്യമല്ല എന്ന മട്ടില്‍ സുഖസുന്ദരമായി തിണ്‍നയിലിരുന്നു ദോശ തിന്നുകൊണ്ടിരുന്നു.

മുളങ്കമ്പ് കെട്ടിവച്ച് പേരയെ ഒന്നു നിവര്‍ത്തി നിര്‍ത്തി. സാധാരണയിലും വലിപ്പമുള്ള പേരക്കകള്‍. കൊച്ചൊരു പേരയെ കവച്ചുവയ്ക്കാനെന്നവണ്ണം നിറയെ കായ്ഫലങ്ങള്‍. അമ്മകൂടി സഹായിച്ച് ഒരുവിധമൊക്കുന്ന എല്ലാ പേര‍ക്കായ്കളും പൊതിഞ്ഞുകെട്ടി.രാത്രിയില്‍ വവ്വാലുകളുടെ ഒച്ച ഉണ്ടായിക്കൊണ്ടിരുന്നെങ്കിലും പൊതിഞ്ഞുകെട്ടിയിരിക്കുന്നതിനാള്‍ അവമ്മാര്‍ നാണിച്ച് മുറ്റത്ത് കാഷ്ടിച്ചേച്ച് പൊയ്ക്കൊണ്ടിരുന്നു.

ഒരു സുപ്രഭാതത്തില്‍ ആദ്യം പൊതിഞ്ഞുകെട്ടിനിറുത്തിയിരുന്ന പേരയ്ക്ക നല്ല നിറമവന്നതുകണ്ട് അമ്മ ഒരു തോട്ടവച്ച് അത് പൊട്ടിച്ചെടുത്തു.പ്ലാസ്റ്റിക് കൂടില്‍നിന്നു സ്വതന്ത്രമാക്കിയ പേരയ്ക്ക് കണ്ട് വായില്‍ വെള്ളമൂറി. നല്ല ചുവന്ന കളര്‍. അസാധ്യവലിപ്പം. അമ്മ തന്നെ കറിക്കത്തിയെടുത്തുകൊണ്ട് വന്ന്‍ അത് മുറിച്ച് ഞങ്ങള്‍ക്കെല്ലാവര്‍ക്കും തന്നു. നാവില്‍ നന്നായി വിളഞ്ഞു പഴുത്ത നാടന്‍ പേരയ്ക്കായുടെ രുചിപ്പെരുമഴ.ഒരു കഷണം കടിച്ച അമ്മയുടെ മുഖത്തും പ്രകാശം. ഇള്ളക്കുട്ടിയായിരുന്ന അനുജന്‍ ആ പീസ് കൂടി അമ്മയില്‍നിന്നു കരസ്ഥമാക്കി. പണിയെടുക്കാത്ത അവന് കൂലികൂടുതല്‍. പിന്നെ രണ്ടുമൂന്ന്‍ ദിവസം കഴിഞ്ഞപ്പോള്‍ വീണ്ടും ഒന്നുരണ്ടെണ്ണം കൂടി ഞങ്ങളുടെ വയറ്റിലായി. രാവിലെയെഴുന്നേറ്റാല്‍ അതിന്റെ ചോട്ടില്‍ പോയിനോക്കും പഴുത്ത പേരക്കായുടെ മണം വരുന്നുണ്ടോയെന്ന്‍. ചെറ്റകളായ വവ്വാലുകള്‍ എല്ലാ സംരക്ഷണങ്ങളേയും പൊളിച്ചടുക്കി ഇതിനിടയില്‍ മൂന്നാലു പേരക്കായ്കള്‍ സാപ്പിട്ടുകഴിഞ്ഞിരുന്നു...

കസേരമേല്‍ കേറിനിന്ന്‍ ഞാന്‍ പഴുത്തെന്നുറപ്പിച്ച പേരക്കായ്കള്‍ പൊട്ടിച്ചുകൊണ്ടിരുന്നപ്പോഴാണ് മുകളിലത്തെ വീട്ടിലെ അമ്മുമ്മ മുറുക്കാന്‍ സാപ്പിടാനും പിന്നെ പരദൂഷണം പറയാനുമുള്ള വിസിറ്റിനുമായി നമ്മുട ഹൌസിലേയ്ക്കെഴുന്നള്ളിയത്. തിണ്ണമേലിരിക്കുന്ന മുഴുത്ത പേരക്കായ്കള്‍ നോക്കി കണ്ണൊന്നു തള്ളിയിട്ട് അവര്‍ വടിയും കുത്തിപ്പിടിച്ച് തിണ്ണയിലേയ്ക്ക് കയറി. അമ്മയുടെ മുഖത്ത് ഒരു ചെറിയ കാര്‍മേഘമിരുണ്ടുകൂടി. പരദൂഷണം പറയാന്‍ വരുന്നതുകൊണ്ടുതന്നെ അമ്മയ്ക്കവരെ കണ്ണെടുത്താല്‍ കണ്ടുകൂടാ. പക്ഷേ ഗ്രാന്‍ഡ്മദറിനു അവര്‍ ചക്കരയും അടയുമായിരുന്നു. കത്തിവച്ചുമുറിച്ച പേരക്കായുടെ ഒരു കഷണം അമ്മ അവര്‍ക്കും കൊടുത്തു. വായില്‍ അവിടേയുമിവിടേയുമായി നിലകൊള്ളുന്ന  ബാക്കിയുള്ള പല്ലുകള്‍ ഉപയോഗിച്ച് തെന്നിച്ച് തെന്നിച്ച് അവരത് വയറ്റിലാക്കി. ആ മുഖത്ത് എന്തൊരു തെളിച്ചം.

"ഹൊ എന്തൊരു മധുരമുള്ള പേരയ്ക്ക. നല്ല മുഴുത്ത സാധനോം. എന്റവിടേമൊന്നൊണ്ട്. എന്നാത്തിനുകൊള്ളാം. ആകെ കളിയടയ്ക്കേരത്രച്ചെയുള്ള മൂന്നോ നാലോ പിടിച്ചാലായി. ഇത് ഇത്രേം ചെറിയ മരത്തീത്തന്നെ എന്തോരം പേരയ്ക്കകളാ. എടിയേ പങ്ക്യേ.ഇതിന്റെ ഒരു തൈ നീ എനിക്കു തരണം കേട്ടോ"

അമ്മ കൊടുത്ത ഒരു മുഴുവന്‍ പേരയ്ക്ക മടിയില്‍വച്ചുകൊണ്ട് കെളവി തട്ടിവിട്ടു. അതേ നല്ല ഒന്നാന്തരം ഫാക്സ്ടമ്പോസ് വളം പോലുള്ള സുന്ദരവചനങ്ങള്‍.

പിറ്റേന്നുരാവിലെ ഉറക്കമുണര്‍ന്നപ്പോള്‍ മുറ്റത്ത് പൊഴിഞ്ഞുകിടക്കുന്ന ആറേഴ് പേരക്കായ്കള്‍ കണ്ട് ആ കല്ലക്കെളവിയുടെ കണ്ണുപെട്ടതുകൊണ്ടാണെന്നും പറഞ്ഞു അമ്മ ശരിക്കും ദേഷ്യപ്പെട്ടു. താഴെ അമ്പലത്തില്‍പ്പോയി അഭിഷേകവെള്ളം വാങ്ങിക്കൊണ്ടുവന്ന്‍ പേരയില്‍ത്തളിക്കുകയും അതിന്റെ ചുവട്ടിലൊഴിക്കുകയും ചെയ്തു. മാത്രമല്ല മാടന്റെ ശിലയില്‍കിടന്നിരുന്ന ഒരു ഹാരമെടുത്തുകൊണ്ടുവന്ന്‍ പേരമരത്തില്‍ തൂക്കിയിടുകയും ചെയ്തു. പക്ഷേ ഒരു ഫലവുമുണ്ടായില്ല. ഒന്നൊന്നര ആഴ്ചയ്ക്കുള്ളില്‍ ആ പേരമരത്തിന്റെ ചുള്ളികൊണ്ട് അമ്മ മീങ്കൂട്ടാന്‍ വച്ചു. അത്രതന്നെ. സുധാരേട്ടന്റെ ആദ്യത്തെ മരം കാണാന്‍ വരുന്നോ അമ്മേ എന്ന്‍ ഉര്‍വ്വശി ചോദിച്ചതുപോലെ ചേട്ടന്റെ ആദ്യത്തെ പേരമരം കാണാന്‍ വരുന്നോ എന്ന്‍ എന്റെ അനുജത്തിയ്ക്ക് അവളുടെ കൂട്ടുകാരിയായ താഴെയുള്ള ആ എലുമ്പിപ്പെണ്ണിനോട് പിന്നീട് പറയുവാന്‍ കഴിഞ്ഞില്ല എന്നൊരു സങ്കടം മാത്രം ബാക്കിയാക്കി എന്റെ പേര ഒരു ഉണക്കച്ചുള്ളിയായി നിലം പതിച്ചു.

(മുപ്പത്തിരണ്ടോളം വര്‍ഷം പഴക്കമുള്ളൊരു ചെറിയ കളര്‍ സംഭവം)

ശ്രീ....

27 comments:

  1. ഈ കണ്ണേറ് കണ്ണേറ് ന്ന് പറയുന്നത് ഇതാണോ കുട്ടേട്ടാ ? ഞാനത്തരം കാര്യങ്ങൾ ഒരു തമാശയോടെയേ കാണാറുള്ളൂ. എന്തായാലും പേര വിശേഷം കൊള്ളാം, എനിക്കിഷ്ടായി.

    ReplyDelete
  2. എന്റെ ചെറുപ്പകാലവും പേരക്ക മനമുല്ലതായിരുന്നു.. മുറ്റത്തു തന്നെ ഉണ്ടായിരുന്നു നല്ല വന്നതിലുള്ള പടര്‍ന്നു പന്തലിച്ച ഒരു അപ്പൂപ്പന്‍ പേര മരം.. പെരക്കക്ക് പേരുകേട്ട വീടായിരുന്നു എന്റെ വീട്... സ്കൂള്‍ വിട്ടു പോകുന്നവരും വഴിയെ പോകുന്നവരും പെരക്കക്ക് വേണ്ടി വരുമായിരുന്നു... പക്ഷെ ഇന്നാ മരം അവിടെ ഇല്ലെന്നത് സത്യം... ഞങ്ങളൊക്കെ കൂടി തന്നെ നശിപ്പിച്ചു... :(

    ReplyDelete
  3. ഇത്തരം ചൊല്ലുകളില്‍ നമ്മള്‍ അറിയാതെ വിശ്വാസിച്ചു പോവാണ്‍..
    ന്റ്റെ വീട്ടില്‍ ഒരു മാതള നാരങ്ങ മരം ഉണ്ടായിരുന്നു...അതിനും സംഭവിച്ചത് ഇതൊക്കെ തന്നെ..

    കരിഞ്ഞു പോയ മരത്തിന്‍റെ അരികില്‍ അതിന്‍റെ തന്നെ ഒരു ചെടി നട്ട് പ്രതിഷേധം അറിയിയ്ക്കാ....അങ്ങനെ ആവട്ടെ പകരം വീട്ടലുകള്‍.. :)

    ആശംസകള്‍ ട്ടൊ...!

    ReplyDelete
  4. ഹൊ
    നല്ല രസായി വിവരിച്ചു

    ReplyDelete
  5. ഓര്‍മ്മകള്‍ എല്ലാം പുറത്തെടുക്കുകയാണ് അല്ലെ? നല്ല മധുരം.

    ReplyDelete
  6. എന്റെ പേരമരം വീണത്‌ കണ്ണ് തട്ടിയല്ല, കാറ്റ് തട്ടിയായിരുന്നു....

    ReplyDelete
  7. നന്നായി ശ്രീകുട്ടാ. ഈ കണ്ണ് വെക്കല്‍ പരിപാടി എല്ലായിടത്തും ഉണ്ടല്ലേ. ഞാന്‍ വിചാരിച്ചു നമ്മടെ നാട്ടില്‍ മാത്രമേ ഉള്ളൂ എന്ന് :) ഈ കണ്നെന്താ നോക്ക് കൂലി വാങ്ങുന്നവരുടെ മേല്‍ തട്ടാത്തെ..
    നന്നായി അവതരിപ്പിച്ചു..

    ReplyDelete
  8. നന്നായി അവതരിപ്പിച്ചു..

    ReplyDelete
  9. കണ്ണേറു പരിപാടി നന്നായി.... :)

    ReplyDelete
  10. അവതരണം അസ്സലായി ബാല്ല്യത്തിലേക്ക് പോയതറിഞ്ഞില്ല .ഇഷ്ട്ടായി ആശംസകള്‍

    ReplyDelete
  11. നല്ല മധുരമുള്ള ഓര്‍മ്മകള്‍...........

    ReplyDelete
  12. പ്രീയരേ,

    വായനയ്ക്കും അഭിപ്രായങ്ങള്‍ക്കും വളരെയേറെ നന്ദി..ഈ കഥയിലെ ലാസ്റ്റില്‍ പ്രത്യക്ഷപ്പെടുന്ന അമ്മുമ്മ കഴിഞ്ഞ കൊല്ലമാണ് ദിവംഗതയായത്.അമ്മുമ്മയുടെ ഇഷ്ടവിനോദമായിരുന്നു എന്തെങ്കിലും പറയുക എന്നത്.സത്യം കുലച്ചു നില്‍ക്കുന്ന ഒരു വാഴയെനോക്കി ചുമ്മാതൊന്നു ചിരിച്ചാമതി..പ്ടോം....എന്റമ്മോ..ഞങ്ങളുടെ വീട്ടില്‍ മിക്കപ്പോഴും വരുമായിരുന്നു.എന്റെ അമ്മുമ്മയും ഇവരും കൂടിയിരുന്നു മുറുക്കാനൊക്കെതിന്ന്‍ നൊണയൊക്കെപ്പറഞ്ഞ്........കള്ളക്കെളവികള്‍..ഹ..ഹ..ചുമ്മാ....

    ReplyDelete
  13. കണ്ണും കണ്ണേറും അവിടെ നിക്കട്ടെ.
    പേര മരങ്ങള്‍ക്ക് ഒരു പാട് കഥ പറയാനുണ്ട്
    നമ്മുടെതായാലും നാട്ടുക്കാരുടെതായാലും പഴുത്ത പേരക്കകള്‍ കുട്ടികളുടെ അവകാശമായിരുന്നു.
    പിന്നെ അതിന്മേല്‍ കയറിയുള്ള അഭ്യാസം.
    പക്ഷെ അതിന്‍റെ ചുള്ളി വെച്ച്‌ കിട്ടുന്ന അടി. ഹോയ്യോ..എന്ത് വേദനയാ ..
    നന്നായി ട്ടോ കുറിപ്പ്

    ReplyDelete
  14. വർഷിണി പറഞ്ഞതുപോലെ, വിശ്വസിക്കാനാഗ്രഹമില്ലെങ്കിലും എല്ലാവടെയുമുണ്ട് ഇത്തരം കഥാപാത്രങ്ങൾ..ചിലപ്പോൾ അവരെപ്പോലെ എല്ലാവരും പറയുന്നുണ്ടാകും,ചിലതൊക്കെ നശിച്ചു പോകുന്നുണ്ടായിരിക്കും. പക്ഷെ അവർ പറയുമ്പോൾ നാം കൂടുതൽ ശ്രദ്ധിക്കും.ഒരു കാര്യം ചെയ്താലോ ? എല്ലാത്തിനെയും കൂടെ ചൈനയുടെ അതിർത്തിയിലേക്കു വിട്ടാലോ ?

    ReplyDelete
  15. നല്ല ഓര്‍മ്മ. ഈ കണ്ണേറ് നല്ല രസകരമായ് ഇന്ന്സെന്റ് സ്നേഹവീട്ടില്‍ ചെയ്തിട്ടുണ്ട്. അത് പോലുള്ള ഒരാള്‍ ഞങ്ങടെ നാട്ടിലും ഉണ്ടായിരുന്നു. ആരേം നമ്മളങ്ങനെ മുദ്ര കുത്താനൊന്നും പാടില്ല എന്നാലും എങ്ങനെയോ അത് അങ്ങനെ തന്നെ സംഭവിക്കും. കോ ഇന്‍സിഡെന്‍സാവാം ല്ലേ...

    ആശംസകളോടേ...

    ReplyDelete
  16. ഓര്‍മകളെ കുട്ടി കാലത്തേക്ക് കൈ പിടിച്ചു നടത്തി ശ്രീ കുട്ടാ ....
    കണ്ണ് തട്ടുക .... എന്ന കാര്യം ചില സംഭവങ്ങള്‍ (കണ്ടറിഞ്ഞതും കേട്ടറിഞ്ഞതും )
    ആസ്പദമാക്കി നോക്കിയാല്‍ ആരും വിശ്വസിച്ചു പോകും

    ReplyDelete
  17. പേര മരം കേള്‍ക്കുമ്പോഴേക്കു, നന്മ നിറഞ്ഞ ആ കുട്ടിക്കാലം ഓര്‍മ്മയിലേക്ക് വരുന്നു...ശ്രീ നന്നായിട്ടുണ്ട്..ആശംസകള്‍ ...

    ReplyDelete
  18. ന്നൊന്നരയാഴ്ചയ്ക്കുള്ളില്‍ ആ പേരമരത്തിന്റെ ചുള്ളികൊണ്ട് അമ്മ മീങ്കൂട്ടാന്‍ വച്ചു..

    ഉഗ്രന്‍ പോസ്റ്റ്‌ ... എന്റെ കണ്ണ് കൊള്ളാതെ സൂക്ഷിച്ചോ :)

    ReplyDelete
  19. ശ്രീ കുട്ടന്‍ നിവര്‍ത്തി വെച്ചപ്പോ പേരയുടെ വേരോടിഞ്ഞത് അല്ലെ യഥര്‍ത്ഥ ക്കാരണം
    ഏതായാലും ബോറില്ലാതെ വായിച്ചു

    ReplyDelete
  20. ആദ്യത്തെ പേരമരം ഹ..ഹ..നല്ല ഓര്മ ..പുളുസിന്റെ ഈ നര്‍മ്മം.. എത്ര പറഞ്ഞാലും തീരില്ല കുട്ടികാലം ..ഇപ്പോള്‍ നമ്മള്‍ അതിനാണ് ജീവിക്കുന്നത് എന്ന് പോലും ഓര്‍ത്തുപോകും ..

    ReplyDelete
  21. കരിങ്കണ്ണാ നോക്കല്ലേ !! എന്ന് ചിലയിടങ്ങളില്‍ എഴുതി വെച്ച് കണ്ടിട്ടുണ്ട്.. അതു പോലൊന്ന് വെയ്ക്കാമായിരുന്നു.. ഒരു കോലവും വെയ്ക്കാമായിരുന്നു....
    സംഭവം ഉഷാറായി... ന്റെ വീട്ടിലും ഒരു പേര മരം ഉണ്ടാര്‍ന്നു... കുറെ പേരയ്ക്ക തന്നിട്ടുണ്ട് അതെനിക്ക്... എന്റെ ചെറുപ്പത്തില്‍ അതിന്റെ ഏറ്റവും മുകളില്‍ കയറിയിരുന്നു കയ്യെത്തി പിടിച്ചു പേരയ്ക്കാ പൊട്ടിച്ചു തിന്നിരുന്ന കാര്യങ്ങള്‍ ഒക്കെ ഓര്‍ത്തു.. പക്ഷെ പാവം മരം.... വീടുപണിയ്ക്കായി മുറിച്ചു കളഞ്ഞു അതിനെ... :(

    ReplyDelete
  22. ചെറുപ്പകാലത്തിലേക്കുള്ള ഇത്തരം ഒളിഞ്ഞു നോട്ടങ്ങള്‍ പലപ്പോഴും പറഞ്ഞറിയിക്കാന്‍ പറ്റാത്തൊരു നൊമ്പരം തരുന്നവയാണ്. ഈ പേരക്ക പുരാണത്തിന്റെ അവതരണവും അങ്ങനെ തന്നെ. നന്ദി.

    ReplyDelete
  23. പേര മരത്തെ കുറിച്ചുള്ള കഥ വായിച്ചു. മരം നട്ടു വളര്‍ത്തുന്നതിനെ കുറിച്ചും, അതിന്‌റെ കായ്‌ ഫലങ്ങള്‍ കഴിക്കുന്നതിന്‌ കുറിച്ചുമെല്ലാം ആലോചിച്ചപ്പോള്‍ ഒരു ഗൃഹാതുരത്വ സ്മരണയുണ്‌ടായി. എന്നേയും കുറെ പിറകിലേക്ക്‌ കൊണ്‌ട്‌ പോയി. പ്ളാസ്റ്റിക്‌ കവറുകള്‍ പൊതിഞ്ഞ കൂട്ടത്തില്‍ ഒരു കറുത്ത മണ്‍കലം കുന്തത്തില്‍ നാട്ടി വെച്ച്‌ കരിങ്കണ്ണാ നോക്ക്‌ എന്നൊരു ബോറ്‍ഡു കൂടി വെച്ചിരുന്നേല്‍ ചുള്ളികളില്‍ കായ്‌ ഫലങ്ങള്‍ പിന്നീടും ഉണ്‌ടായേനെ... ആശംസകള്‍ സുഹൃത്തെ...

    കമ്പ്യൂട്ടറ്‍ കേടായിരുന്നു അതാണ്‌ കമെന്‌റിടാന്‍ വൈകിയത്‌.. വൈകിയതില്‍ ക്ഷമിക്കുമല്ലോ ?

    ReplyDelete
  24. പഴയ കാലത്തേക്ക് ഒന്ന് പോയൊന്നു ഒരു ഒന്നൊന്നര സംശയം..

    ReplyDelete
  25. പഴയ കാലത്തേക്ക് ഒന്ന് പോയൊന്നു ഒരു ഒന്നൊന്നര സംശയം..

    ReplyDelete