Thursday, January 12, 2012

ആഗ്രഹങ്ങള്‍

എന്തായിരുന്നു ജീവിതത്തിലെ ഏറ്റവും വലിയ ആഗ്രഹം...തിരിച്ചറിവുണ്ടായ കാലം മുതലേ ആഗ്രഹങ്ങളുടെ ഒരു കൂമ്പാരം തന്നെ മനസ്സിലുണ്ടായിരുന്നു.പലതും നിര്‍ദ്ദോഷവും വലിയ ബുദ്ധിമുട്ടില്ലാത്തതുമായ ആഗ്രഹങ്ങള്‍ തന്നെയായിരുന്നു. എന്നിരുന്നിട്ടും അതിലേതെങ്കിലുമൊന്ന്‍ ഫലവത്തായോ...ഇല്ല..ഒരിക്കലുമില്ല..എന്നിട്ടും ഞാന്‍ വീണ്ടും ആഗ്രഹിക്കുന്നു...എത്ര തന്നെ ആഗ്രഹിച്ചാലും അതൊന്നും സാധ്യമാകാന്‍ പോകുന്നില്ല എന്ന ഉത്തമബോധ്യത്തോടെ...

എനിക്ക് നാലുവയസ്സൊ മറ്റോ ഉള്ളപ്പോളായിരുന്നുവത്. കൈനിറയെ മധുരപലഹാരങ്ങളും കേക്കും മറ്റുമായി വന്ന അച്ഛന്‍ ഞങ്ങള്‍ക്ക് മൂന്നുപേര്‍ക്കുമായി(ഞാന്‍,അനുജന്‍,അനുജത്തി)അതു മുഴുവന്‍ തരികയും നിര്‍ബന്ധിച്ചു തീറ്റിപ്പിക്കുകയും ചെയ്തു.എത്ര മധുരമുള്ളതായിരുന്നുവത്.അത്രയും കാലത്തിനിടയ്ക്ക് ഒരിക്കല്‍പ്പോലും അമ്മ ഞങ്ങള്‍ക്കത്തരം മധുരപലഹാരങ്ങളൊന്നും വാങ്ങിത്തന്നിട്ടുണ്ടായിരുന്നില്ല.എന്നും ആ കേക്ക് തിന്നണമെന്ന്‍ മനസ്സ് നിര്‍ബന്ധം പിടിച്ചു.പിന്നീടെത്രയെങ്കിലും ദിവസം ആ മധുരമുള്ള കേക്ക് വാങ്ങിത്തരണമെന്ന്‍ പറഞ്ഞ് അമ്മയെ ശല്യപ്പെടുത്തിയിരിക്കുന്നു.അത് വാങ്ങിത്തരുവാന്‍ അമ്മയ്ക്ക് കഴിയില്ല എന്നൊന്നുമറിയുവാനുള്ള പ്രായമല്ലായിരുന്നല്ലോ..വലുതാവുമ്പോള്‍ എന്നും ആ കേക്ക് വാങ്ങിതിന്നണം എന്ന്‍ ഞാന്‍ മനസ്സിലുറപ്പിച്ചു..ആഗ്രഹങ്ങള്‍..

വൈകുന്നേരങ്ങളില്‍ അച്ഛന്‍ കുടിക്കാതെവരണേ എന്നായിരുന്നു പിന്നീടുള്ള ഏറ്റവും വലിയ പ്രാര്‍ത്ഥനയും ആഗ്രഹവും..അമ്മയുടെ കരച്ചിലും വലിയ വഴക്കുകളും മറ്റും എന്നും നിത്യസംഭവമായ ജീവിതത്തില്‍ സമാധാനം എന്നൊന്നുണ്ടാകണമെന്ന്‍ കൊതിച്ചിരുന്നു. ഒരു ദിവസം അച്ഛമ്മയുമച്ഛനും പിന്നെ കുറേയേറെ ബന്ധുക്കളും ഒക്കെ വന്ന്‍ വലിയ സംസാരമൊക്കെയായി പിന്നീട് അവരെല്ലാം പോയതോടെ ജീവിതത്തിലെ ഒരാഗ്രഹം കുറച്ചുനാള്‍ സഫലമായി എന്നു പറയാം.വഴക്കും ബഹളവും അച്ഛനുമില്ലാത്ത ദിനങ്ങള്‍... .... ....

മിക്ക ദിവസങ്ങളിലും അമ്മയിരുന്ന്‍ കണ്ണുതുടയ്ക്കുന്നത് കാണാം.മക്കളേയും തന്നേയുമുപേക്ഷിച്ച്മറ്റൊരു ജീവിതം തുടങ്ങിയ ഭര്‍ത്താവിനെയോര്‍ത്താണാ സങ്കടമെന്ന്‍ തിരിച്ചറിയാനുള്ള പ്രായമായിരുന്നില്ലല്ലോ..വലുതായാല്‍ അമ്മയുടെ കണ്ണു നിറയാന്‍ ഒരിക്കലുമനുവദിക്കില്ലെന്ന്‍ അന്നേ ശപഥം ചെയ്തു...പക്ഷേ.....

പാട്ട് പഠിക്കണമെന്നത് ജീവിതത്തിലെ ഏറ്റവും വലിയ ഒരാഗ്രഹമായിരുന്നു..നല്ല വാസനയുമുണ്ടായിരുന്നു.പക്ഷേ പറ്റിയില്ല.അന്നന്ന്‍ കൂലിപ്പണിക്കിറങ്ങിപ്പോയില്ലെങ്കില്‍ വയറുപട്ടിണിയായിപ്പോകുന്ന മൂന്നുമക്കളും പിന്നെയൊരു വയസ്സിത്തള്ളയുമുള്ളപ്പോള്‍ ചെക്കനെ പാട്ടുപഠിപ്പിക്കാനാകുന്നതെങ്ങിനെ...റേഡിയോവിലും മറ്റും പാട്ടുകള്‍ കേള്‍ക്കുമ്പോള്‍ കൂടെപ്പാടി ആ വാശിമുഴുവന്‍ തീര്‍ക്കുമായിരുന്നു.

സ്കൂള്‍ തുറക്കുമ്പോള്‍ പുതിയ പാന്റും ഷര്‍ട്ടും മറ്റുള്ളവരെപ്പോലെ ധരിച്ച് മോടിയില്‍ പോകണമെന്നത് മറ്റൊരു കടുത്ത ആഗ്രഹമായിരുന്നു.ആദ്യമായി ഞാന്‍ ഒരു പാന്റിടുന്നത് സത്യത്തില്‍ പത്താം ക്ലാസ്സില്‍ പഠിക്കുമ്പോളാണ്.അതും ഒരു സുഹൃത്ത് തന്ന പാകമല്ലാത്ത പഴയ പാന്റ്.കൈകൊണ്ട് പിടിച്ചില്ലെങ്കില്‍ ഊര്‍ന്നിറങ്ങിപ്പോകുന്ന ടൈപ്പ്.അന്നു മറ്റു കുട്ടികളുടെ മുഖത്ത് നിറഞ്ഞ പരിഹാസദ്യോതകമായ ചിരിയില്‍ മനസ്സ് നീറിയിട്ട് വീണ്ടും ഒറ്റമുണ്ട് തന്നെയാക്കി...

എസ് എസ് എല്‍ സിക്ക് പഠിക്കുമ്പോഴാണ് ഒരു ശാസ്ത്രജ്ഞനാകണമെന്ന ആഗ്രഹം മനസ്സില്‍ ഉടലെടുത്തത്..പലപല പുതിയ കണ്ടുപിടുത്തങ്ങള്‍ നടത്തി ആള്‍ക്കാരുടെയെല്ലാം മുമ്പില്‍ തലയുയര്‍ത്തിപ്പിടിച്ച് വെള്ളിവെളിച്ചത്തില്‍ പ്രസംഗിച്ചുകൊണ്ട് നില്‍ക്കുന്ന മധുരസ്വപ്നം എത്രയെത്രപ്രാവശ്യമാണ് കണ്ടിട്ടുള്ളത്...അതുപോലെ തന്നെയായിരുന്നു ഒരു പത്രപ്രവര്‍ത്തകനാവുകയെന്ന സ്വപ്നവും..മുഖം നോക്കാതെ പക്ഷം പിടിക്കാതെ നിശിതമായി വിമര്‍ശിച്ചുകൊണ്ട് സ്ഫോടനാത്മകമായ ഭാഷയില്‍ എഴുതുന്ന ഒരു ചങ്കൂറ്റമുള്ള പത്രക്കാരന്‍. ...ആ ആഗ്രഹവും എന്റെ മനസ്സെന്ന ശവപ്പറമ്പില്‍ ഇപ്പോഴും വിശ്രമിക്കുന്നു.അന്ത്യകര്‍മ്മങ്ങള്‍ ശരിയായി ചെയ്യാത്തതുകൊണ്ടായിരിക്കാം ഇപ്പോഴും ഇടയ്ക്കിടയ്ക്ക് അത് തലയുയര്‍ത്തിപ്പിടിക്കുന്നുണ്ട്..

ആദ്യമായി ഒരു പെണ്‍കുട്ടി ഇങ്ങോട്ട് ഇഷ്ടമാണെന്ന്‍ പറഞ്ഞപ്പോള്‍ സത്യത്തില്‍ ലോകം കീഴടക്കിയ പോരാളിയുടെ ഭാവമായിരുന്നു.അവള്‍ എന്നെ പ്രണയിക്കണേ എന്ന പ്രാര്‍ഥനയുമായി എത്രയെത്ര രാവുകളും പകലുകളും ഞാന്‍ തള്ളിനീക്കിയിട്ടുണ്ട്.ജീവിതമെന്നൊന്നുണ്ടെങ്കില്‍ അവളുമൊരുമിച്ച് സന്തോഷത്തോടെ ജീവിച്ചുതീര്‍ക്കണമെന്ന്‍ എത്രവട്ടം പ്രതിജ്ഞയെടുത്തു...അനുജത്തിയെ നല്ലൊരു ജീവിതപാതയിലെത്തിച്ച് ശേഷം എന്റെ ജീവിതം കരുപ്പിടിപ്പിക്കണമെന്ന്‍ കൊതിച്ചു...എന്നിട്ടെന്തായി..നാമാഗ്രഹിക്കുന്നതൊന്ന്‍ സംഭവിക്കുന്നതൊന്ന്‍....
ആഗ്രഹങ്ങള്‍ എന്നത് ശവപ്പറമ്പുകളാണ്...ഒരാളെ ജീവനോടെ കുഴിച്ചുമൂടുന്ന കുഴിമാടങ്ങള്‍ ...പ്രാണന്‍ കിട്ടാതെ പിടഞ്ഞു പിടഞ്ഞ് മണ്ണോട് ചേരുന്നിടം....

പഠിച്ചു വലിയ ആളാവണമെന്ന ആഗ്രഹമൊക്കെ ഞാന്‍ എപ്പോഴേ ഉപേക്ഷിച്ചുകഴിഞ്ഞിരുന്നു.ഐ ടി ഐ ല്‍ നിന്നും പാസ്സായശേഷം പഠിത്തം ഞാന്‍ നിര്‍ത്തി.അമ്മ പോലുമറിയാതെ. രാവിലെ കൂലിപ്പണിക്ക് പോകാനായിറങ്ങിയ അമ്മയുടെ കയ്യില്‍ 200 രൂപാ കൊടുത്തപ്പോള്‍ എന്നെ ചോദ്യഭാവത്തില്‍ ഒന്നു നോക്കി. ഞാന്‍ മേസ്തിരിപ്പണിക്ക് പോവുകയാണ് എന്നു പറഞ്ഞപ്പോള്‍ ആ കണ്ണുകള്‍ നിറഞ്ഞത് ഇന്നും എന്റെ ചങ്കിലിരുന്ന്‍ പൊള്ളുന്നുണ്ട്.പഠിപ്പിക്കുവാന്‍ കഴിവില്ലാതിരുന്ന ഒരമ്മയുടെ മകനായിപ്പോയതില്‍ നിനക്ക് സങ്കടമുണ്ടോ എന്ന അമ്മയുടെ ചോദ്യം ഞാനെങ്ങിനെ മറക്കാനാണ്...

കുട്ടിക്കാലം മുതലേ അനുഭവിച്ച,കണ്ടുപരിചയിച്ച ദുരിതങ്ങള്‍ ഒരിക്കലും എന്റെ ജീവിതത്തില്‍ ഞാന്‍ പിന്തുടരില്ല എന്ന്‍ ശപഥമെടുത്തിരുന്നിട്ടും എല്ലാ ദുശ്ശീലങ്ങളിലേയ്ക്കും ഞാന്‍ കൂപ്പുകുത്തി.മിയ്ക്കദിവസങ്ങളിലും പണം വച്ചുള്ള ചീട്ടുകളിയും മദ്യപാനവും പുകവലിയും...എന്റമ്മയുടെ കണ്ണുകള്‍ ഞാന്‍ വലുതായിട്ടും ഒരിക്കലും തോര്‍ന്നില്ല...എന്തുകൊണ്ടായിരിക്കാം ഞാനിങ്ങിനെയായത്...എന്റെ നശിച്ച ആഗ്രഹങ്ങള്‍ ഒന്നും തന്നെ നടക്കാതെ വന്നപ്പോള്‍ ഞാന്‍ എന്നെത്തന്നെ ശിക്ഷിക്കുകയായിരുന്നോ..അറിയില്ല....

ആകെയുള്ള ആശ്വാസം പുസ്തകങ്ങളായിരുന്നു. ഇടയ്ക്ക് നിര്‍ത്തിവച്ചിരുന്ന ആ ശീലം വീണ്ടും ഞാനാരംഭിച്ചു..വായനയുടെ ലഹരിയില്‍ ഒരു എഴുത്തുകാരനാവുക എന്ന ആഗ്രഹം പതിയെപ്പതിയെ തലപൊക്കാനാരംഭിച്ചു.ഉറക്കം വരാത്ത രാത്രികളില്‍ ചുമ്മാ പെപ്പറുകളില്‍ അതുമിതുമൊക്കെ എഴുതി വായിച്ചു നോക്കി ചുരുട്ടിക്കൂട്ടിക്കളഞ്ഞുകൊണ്ടിരുന്നതുതന്നെ മിച്ചം...അത്താഴപ്പട്ടിണിക്കാരനെവിടെയെഴുവാന്‍..എന്തെഴുതുവാന്‍..

കുടുംബത്തിന്റെ ദാരിദ്ര്യം എന്ന നശിച്ച അവസ്ഥയ്ക്കൊരു ശമനമുണ്ടാക്കുക എന്ന കഠിനവ്രതത്തോടമ്യാണ് ഒരിക്കലുമിഷ്ടമില്ലാതിരുന്നിട്ടുകൂടി സ്വന്തം നാടിനെ ഉപേക്ഷിച്ച് പലായനം ചെയ്യുക എന്ന ശ്രമത്തില്‍ ഞാനുമെത്തിച്ചേര്‍ത്ത്.കണ്ണെത്താ ദൂരത്തോളം നീണ്ടുനിവര്‍ന്നുകിടക്കുന്ന മണല്‍ഭൂമിയില്‍ കണ്ണു നിറഞ്ഞ് നില്‍ക്കവേ എന്റെയീയാഗ്രഹമെങ്കിലും സഫലമാകണേ എന്നായിരുന്നു പ്രാര്‍ഥന...അതൊരളവുവരെ പരിഹരിക്കപ്പെട്ടെങ്കിലും എനിക്കെന്താണ് ബാക്കിയായത്..ഒരിക്കലുമവസാനമില്ലാത്തതെന്നു തോന്നിക്കുന്ന പ്രശ്നങ്ങള്‍...എന്നു തീരുവാനാണീ ദുരിതങ്ങള്‍...

ഞാന്‍ ഒരിക്കലും ആഗ്രഹിക്കാതിരുന്ന പലതുമാണിപ്പോള്‍ എന്റെ ജീവിതത്തില്‍ നടന്നുകൊണ്ടിരിക്കുന്നത്...ചിലപ്പോള്‍ എന്നെ കരുണാമയനായ നാഥന്‍ അനുഗ്രഹിക്കുന്നതാവാം..അല്ലെങ്കില്‍ വീണ്ടും വീണ്ടും പരീക്ഷിക്കുന്നതാവാം...എല്ലാത്തിനേയും അതിജീവിക്കുവാന്‍ എനിക്ക് കഴിയുമായിരിക്കാം....ഇല്ലായിരിക്കാം...

ഇപ്പോഴുള്ള ഒരേയൊരഗ്രഹം ബാധ്യതകളില്‍ നിന്നും രക്ഷപ്പെട്ടൊന്നു നടുനിവര്‍ക്കാനായെങ്കിലെന്നാണ്..അതല്ലെങ്കില്‍ ഒന്നുമൊന്നുമറിയാതെ ഉറങ്ങിക്കിടക്കവേ നിത്യമായ ഉറക്കത്തിലേയ്ക്കാണ്ടുപോകണേയെന്ന്‍....... ...

ശ്രീക്കുട്ടന്‍

41 comments:

  1. കുറേയേറെ നാളുകള്‍ക്ക് ശേഷമാണ് വീണ്ടുമൊരു പോസ്റ്റ്..ഇന്നലെ ഒരു ചങ്ങാതിയുടെ പോസ്റ്റില്‍ ഇട്ട ഒരു കമന്റ് അല്‍പ്പം വലുതാക്കിയതാണിത്

    ReplyDelete
  2. ഈ കുറിപ്പ് കയറിക്കൂടിയത് ഹൃദയത്തിലേക്കാണ്.
    നടക്കാതെ പോയ ആഗ്രഹങ്ങളെക്കാള്‍ ഇതില്‍ നിറയുന്ന നൊമ്പരത്തിന്റെ , കണ്ണീരിന്‍റെ , സ്വപ്നങ്ങളുടെ, ജീവിതത്തിന്റെ ഭാഷ.
    നല്ല പോസ്റ്റ്‌ എന്ന് പറയുന്നതിനേക്കാള്‍ എനിക്കിഷ്ടം " ആത്മാവുള്ള വരികള്‍ " എന്ന് വിളിക്കാനാണ്.
    അമ്മയെ കുറിച്ച് പറയുമ്പോള്‍ കണ്ണു നിറയാത്തവര്‍ ഉണ്ടാകുമോ..?

    ReplyDelete
  3. ഈ വരികള്‍ എനിക്ക് ശെരിക്കും മനസിലാകും ചേട്ട, ഇത്തരം ഒരു അനുഭവം അനുഭവിക്കുമ്പോഴാണ് എന്താണ് ജീവിതത്തിലെ വേദന എന്ന് ശെരിക്കും മനസ്സിലാകൂ,
    അമ്മ, പറയാന്‍ കഴിയില്ലാ ആ വാക്

    ReplyDelete
  4. നിങ്ങളുടെ എഴുത്ത് മനോഹരമാണ്. നന്നായി എഴുതുവാനുള്ള കഴിവുണ്ട്.

    ReplyDelete
  5. എന്ത് പറ്റി കുട്ടാ ?
    ഇതിക്കെ തന്നെയല്ലേ ജീവിതം . സുഖ ദുഖ സമ്മിശ്രമല്ലെ അത് ... അനുഭവിക്കാതെ വയ്യല്ലോ ....

    എന്റെയും ബാല്യ കൌമാരങ്ങള്‍ ഇത് പോലുള്ള വിഷമ വൃത്തത്തിലൂടെ തന്നെയാണ് കടന്നു പോന്നത് . ആയതിനാല്‍ ഈ പോസ്റ്റിലെ ഓരോ വരിയിലേയും നോവുകള്‍ എന്റെ കൂടി നോവുകള്‍ ആവുകയായിരുന്നു ... പ്രാര്‍ഥിക്കുക... സര്‍വശക്തന്‍ കൈവിടില്ല അനിയാ ....
    ആശംസകള്‍

    ReplyDelete
  6. ശ്രീകുട്ടാ... ഞാനെന്താ പറയേണ്ടത്..? ദാരിദ്ര്യവും സങ്കടവുമോന്നും അത്രയേറെ അറിഞ്ഞിട്ടില്ല...
    എന്നാലും മറ്റുള്ളവരെ മനസ്സിലാക്കാനാവും.. ഉള്ളില്‍ തട്ടിയുള്ള വരികള്‍, അതെ വിങ്ങലോടെ ഞാനും അറിയുന്നു..
    നന്മ മാത്രം..

    ReplyDelete
  7. ശ്രീക്കുട്ടാ, മനസ്സൊന്നു പതറിയല്ലോ. പാടില്ല. കുറച്ചുകൂടി വാശിയോടെ പോകട്ടെ. ഈശ്വരന്‍ കൂടെയില്ലാതെ വരുമോ ഈ മനസ്സിന്റെ കൂടെ. അതുകൊണ്ട് ധൈര്യത്തെ നടക്ക്. പക്ഷെ, വേദനിപ്പിക്കേണ്ടിയിരുന്നില്ല ഇങ്ങനെ. എനിക്ക് ഇത്രത്തോളം വേദന തിന്നേണ്ടിവന്നിട്ടില്ല. പക്ഷെ, മറ്റുള്ളവരുടെ ആഡംബരങ്ങളും ഞാന്‍ അനുഭവിച്ചിട്ടില്ല.നമ്മള്‍ അനുഭവിക്കുന്ന വേദനകള്‍ക്കൊക്കെ മധുരം നിറഞ്ഞ ഒരു മറുവശമുണ്ട്. തീര്‍ച്ച.

    ReplyDelete
  8. പുളൂസ് വായിക്കാന്‍ വന്നതാണ്.. ഇതിപ്പോ ജീവിതം തന്നെ എഴുതി വച്ചിരിക്കുന്നു ... ഇതിനെ എങ്ങനെ പുളൂസ് എന്ന് വിളിക്കും...

    ആഗ്രഹാങ്ങലാണല്ലോ നമ്മളെയൊക്കെ ജീവിക്കാന്‍ പ്രേരിപ്പിക്കുന്നത്... ഇതൊന്നുമില്ലാതെ പിന്നെന്തു ജീവിതം... സൊ വിട്ടുകളയൂ.....

    സ്നേഹാശംസകള്‍...

    ReplyDelete
  9. ഇതു കടലാസ്സിലെഴുതിയിരുന്നെങ്കിൽ അക്ഷരങ്ങളുടെ ചൂടേറ്റ്‌ കടലാസ്‌ കരിഞ്ഞു പോയെനെ.. ദൈവം എപ്പോഴും കൂടെയുണ്ടാവട്ടെ. നന്മകൾ നേരുന്നു.

    ReplyDelete
  10. ശ്രീക്കുട്ടന്റെ ഇത്രയും നാളത്തെ എഴുത്തില്‍ എന്റെ മനസ്സില്‍ തട്ടിയത് ഇത് മാത്രമാണ് ,കാരണം ഇത് വെറും പുളൂസു അല്ല ,ജീവിതാനുഭവം ആണ്. എല്ലാ മനുഷ്യരുടെ ഉള്ളിലും ഉണ്ട് ആരും കാണാതെ മറച്ചു പിടിച്ചിരിക്കുന്ന ഒരഗ്നി പര്‍വ്വതം...ക്ഷമയോടെ സഹനം വ്രതമാകി/കവി അയ്യപ്പന്‍ പറഞ്ഞത് പോലെ നോവുകളെല്ലാം പൂവുകള്‍ ആക്കി ജീവിക്കാന്‍ ശ്രമിക്കുക .എല്ലാ നന്മകളും നേരുന്നു .

    ReplyDelete
  11. പ്രീയപ്പെട്ടവരേ,

    ആത്മാര്‍ഥമായ അഭിപ്രായങ്ങള്‍ അറിയിച്ച എല്ലാപേര്‍ക്കും നന്ദി..ജീവിതത്തെ സന്തോഷത്തിന്റെ കണ്ണിലൂടെ മാത്രം നോക്കിക്കാണാനാഗ്രഹിക്കുന്ന എല്ലാപേരെയും പോലുള്ള ഒരു സാധാരണക്കാരന്‍ തന്നെ ഞാനും..സങ്കടപ്പെരുംകടലില്‍ ചിലപ്പോള്‍ ഒന്നാടിയുലഞ്ഞുപോകുന്നു..അത്രമാത്രം..എനിക്ക് ധൈര്യം പകര്‍ന്നുതരുന്ന എല്ലാപേര്‍ക്കും നന്ദി...

    ReplyDelete
  12. കരുണാമയനായ നാഥന്‍ അനുഗ്രഹിക്കട്ടെ ....( നാഥാ നീ വരും കാലൊച്ച കേള്‍ക്കുവാന്‍ കാതോര്‍ത്തു ഞാനിരുന്നു .. താമര വീഥിയില്‍) .... വരും ഒരു താമര വീഥി ..

    ReplyDelete
  13. ഒരു ശരാശരി മനുഷ്യന്റെ മനസ്സാണ് പകര്‍ത്തിയത്.ഒരു പ്രവാസിയുടെ ജീവിതമാണതില്‍ നിഴലിച്ചത്‌..... .,
    ഓരോ വഴിത്തിരുവില്‍ നിന്ന് തിരിഞ്ഞു നോക്കുമ്പോഴും പിന്നിട്ടതൊരുപാടുണ്ടാകും.മുന്നില്‍ എത്രയുണ്ടെന്നറിയാത്ത വെപ്രാളവും.
    ആ വെപ്രാളപ്പെടല്‍ നന്നായി അവതരിപ്പിച്ചു.

    ReplyDelete
  14. പതിവുപോലെ എന്തെങ്കിലും ഒപിച്ച്ചു വെച്ചായിരിക്കും എന്ന് കരുതിയാണ് വന്നത്. ഇതിപ്പോള്‍ വല്ലാത്തൊരു അവസ്ഥയാണ് ഉണ്ടാക്കിയത്. മനസ്സില്‍ കുറിച്ചിട്ടു ഈ വരികളെല്ലാം.. കൂടെ നില്‍ക്കുന്നു സങ്കടത്തിലും, സന്തോഷത്തിലും..

    ReplyDelete
  15. സമാനമായ ജീവിതാവസ്ഥകളിലൂടെ കടന്നുവന്നൊരാളെന്ന നിലക്ക് ശ്രീക്കുട്ടന്‍ പറയുന്നതിന്റെ ചൂടും അതിന്റെ ഉരുക്കവും എനിക്ക് നല്ലോണം മനസ്സിലാകും. ഇതത്രയും നമ്മെ ഒരുക്കുന്നതില്‍ നമ്മെ പരുവപ്പെടുത്തുന്നതില്‍ വലിയ വലിയ പങ്കു വഹിക്കുന്നുണ്ടെന്ന് അറിയുക. ഓരോന്നും അതാതു കാലത്ത് നമുക്കാവശ്യമായിരുന്നുവെന്ന് തിരിച്ചറിയുമ്പോള്‍ നമ്മുടെ പൂര്‍വ്വ കാല അനുഭവങ്ങള്‍ വര്‍ത്തമാനത്തിലും ഭാവിയിലേക്കും ജീവിതത്തെ എളുപ്പമാക്കാന്‍ സഹായിക്കുമെന്നാണ് എന്റെ അഭിപ്രായം. മാത്രവുമല്ല: 'ശക്തമായ നിരാകരണം പോലും അവന്റെ അളവറ്റ കാരുണ്യമാണെന്നും' അറിയുക ചങ്ങാതി. തുടര്‍ന്നും ജീവിപ്പിക്കുന്ന അനേകം സ്വപനങ്ങളുണ്ട്. സ്നേഹിക്കുകയും സ്നേഹിക്കപ്പെടുകയും ചെയ്യുക എന്നാ സ്വപ്നമാണത്. തീര്‍ച്ച.. ഒരുനാള്‍ വാനം നിനക്കായി പൂ പൊഴിക്കും. സുഹ്രിത്തിനെന്നും എന്റെ ഹൃദയ സ്മിതം കൂട്ടെന്നു വാഗ്ദത്തം. സ്നേഹ സലാം.

    ReplyDelete
  16. കുടുംബത്തിന്റെ ദാരിദ്ര്യം എന്ന നശിച്ച അവസ്ഥയ്ക്കൊരു ശമനമുണ്ടാക്കുക എന്ന കഠിനവ്രതത്തോടമ്യാണ് ഒരിക്കലുമിഷ്ടമില്ലാതിരുന്നിട്ടുകൂടി സ്വന്തം നാടിനെ ഉപേക്ഷിച്ച് പലായനം ചെയ്യുക എന്ന ശ്രമത്തില്‍ ഞാനുമെത്തിച്ചേര്‍ത്ത്.കണ്ണെത്താ ദൂരത്തോളം നീണ്ടുനിവര്‍ന്നുകിടക്കുന്ന മണല്‍ഭൂമിയില്‍ കണ്ണു നിറഞ്ഞ് നില്‍ക്കവേ എന്റെയീയാഗ്രഹമെങ്കിലും സഫലമാകണേ എന്നായിരുന്നു പ്രാര്‍ഥന...അതൊരളവുവരെ പരിഹരിക്കപ്പെട്ടെങ്കിലും എനിക്കെന്താണ് ബാക്കിയായത്..ഒരിക്കലുമവസാനമില്ലാത്തതെന്നു തോന്നിക്കുന്ന പ്രശ്നങ്ങള്‍...എന്നു തീരുവാനാണീ ദുരിതങ്ങള്‍...
    എഴുതുമ്പോള്‍ സ്വന്തം ജീവിതത്തിന്റെ മണമുള്ള ഓര്‍മ്മകള്‍ അത് വായനക്കാരന്റെയും കണ്ണ് നനയിക്കുന്നു...മനോഹരമായി എഴുതിയ ഈ ജീവിതം ഇനിയും നല്ല നല്ല നാളെകള്‍ ആഗ്രഹിച്ചു കൊണ്ടേ ഇരിക്കുക നന്മ നേരുന്നു

    ReplyDelete
  17. അനുഭവത്തെ നേരെ പകര്‍ത്തി അല്ലെ? അധികം പേരും ഇത്തരം അവസ്ഥകളിലൂടെ തന്നെയായിരിക്കും കടന്നു വന്നിട്ടുണ്ടാകുക എന്ന് തോന്നുന്നു. ഇന്നത്തെ ജീവിതം എന്നത് ആഡംബരജീവിതം എന്നായിത്തീര്‍ന്നിരിക്കുന്നു. ആഗ്രഹങ്ങളും മനുഷ്യനില്‍ കൂടികൂടിക്കൊണ്ടിരിക്കുന്നു. സാധാരണക്കാര്‍ക്ക്‌ ജീവിക്കാന്‍ കഴിയാത്ത അവസ്ഥ വന്നുപെട്ടിരിക്കുന്നു.
    എല്ലാം ശരിയാകും ശ്രീക്കുട്ടാ.
    മനസ്സില്‍ തട്ടുന്ന വിധത്തില്‍ മറവില്ലാതെ കാര്യങ്ങള്‍ അവതരിപ്പിച്ചു, ഒരു നൊമ്പരം പടര്‍ന്നെങ്കിലും...

    ReplyDelete
  18. എല്ലാവരുടെയും ജീവിതത്തില്‍ ഇതുപോലെ ഒരേട്‌ ഉണ്ടാകും .. ഞാനും എന്നും ഓര്‍ത്തു സങ്കടപ്പെടാറുണ്ട് , കഷ്ടപ്പെട്ട് ദിന രാത്രങ്ങള്‍ എനിക്കായ്
    കഷ്ട്ടപ്പെട്ട മാതാ പിതാക്കള്‍ അല്പം എങ്കിലും സുഖം നുകരാന്‍ എന്റെ ചാരത്ത് ഇന്ന് ഇല്ലല്ലോ എന്നോര്‍ത്ത് .............
    നിരാശ അരുത് ശ്രീകുട്ടാ.. ദൈവം കൂടെ ഉണ്ടാകും തീര്‍ച്ച ......................

    ReplyDelete
  19. നാട്ടിന്നു വന്നിട്ട് ആദ്യായി വായിക്കുന്ന പോസ്റ്റാണ്..സങ്കടപ്പെടുത്തിയല്ലോ..പ്രശങ്ങള്‍ ഇല്ലാത്ത ആരും ഇല്ല ശ്രീക്കുട്ട..എല്ലാ പ്രശ്നങ്ങളും പരിഹരിക്കാന്‍ കഴിയട്ടെ എന്ന് ആത്മാര്‍ഥമായി പ്രാര്‍ത്ഥിക്കുന്നു..

    ReplyDelete
  20. ഒരു ജീവിതമാണിവിടെ കാണുന്നത്.
    ധൈര്യപൂർവ്വം മുന്നേറുക.
    നന്മകൾ നേരുന്നു...

    ReplyDelete
  21. നിന്റെ സ്വപ്നങ്ങള്‍ക്ക്
    മുഖത്തു തെളിയുന്ന പുഞ്ചിരിയുടെ തിളക്കമായിരിക്കുമെന്നു
    ഞാന്‍ തെറ്റിദ്ദരിച്ചു.
    അത് പോലെ ചിരിക്കാന്‍ കഴിഞ്ഞെങ്കിലെന്ന് ആശിച്ചു.
    ഉള്ളു പൊള്ളുന്ന വരികള്‍ക്ക് മുന്നില്‍ എന്റെ ആശകള്‍
    എത്ര നിസ്സാരം .
    വാക്കുകളില്ല കൂട്ടുകാരാ
    നന്മകള്‍ മാത്രം നേരുന്നു

    ReplyDelete
  22. ഈ പോസ്റ്റ്‌ ഞാന്‍ വാടിച്ചു കണ്ണ് നിറഞ്ഞു. ശ്രീകുട്ടന്റെ ബ്ലോഗില്‍ നിന്ന് സാധാരണം ചിരിച്ചാണ് മടങ്ങുക.
    ഹൃദയത്തില്‍ നിന്ന് വരികള്‍ക്ക് മനോഹാരിതകൂടുന്നത് ആത്മാര്‍ത്ഥമായ വരികലാനെന്നത് കൊണ്ടാണ്. ദൈവം അനുഗ്രഹിക്കട്ടെ. എല്ലാ പ്രശന്ങ്ങള്‍ക്കും പരിഹാരമുണ്ടാകട്ടെ, നല്ല സ്വപ്നങ്ങളൊക്കെ സഫലമാകട്ടെ/ ഏഎ സഹോദരന്റെ പ്രാര്‍ഥനകള്‍

    ReplyDelete
  23. പൊള്ളുന്ന ജീവിതാനുഭവങ്ങള്‍! ഒരു എഴുത്ത് കാരന് ആവശ്യം വേണ്ട അസംസ്കൃത വസ്തു. അത് താങ്കള്‍ക്ക് വേണ്ടുവോളം ഉണ്ടായല്ലോ. അത് ഉപയോഗപ്പെടുത്തുക. ലോകം കീഴടക്കിയ മഹാന്മാര്‍ അധികവും സ്കൂളില്‍ വേണ്ടത്ര പോകാന്‍ ഭാഗ്യം(?) ഉണ്ടാവാത്തവര്‍ ആണ്. എഴുത്ത് വളരെ ഇഷ്ടപ്പെട്ടു.

    ReplyDelete
  24. ആഗ്രഹങ്ങള്‍ എന്നത് ശവപ്പറമ്പുകളാണ്.
    എത്ര തന്നെ ആഗ്രഹിച്ചാലും അതൊന്നും സാധ്യമാകാന്‍ പോകുന്നില്ല എന്ന ഉത്തമബോധ്യത്തോടെ


    അങ്ങിനേയല്ല എന്റെ വിശ്വാസം. ഈ പറഞ്ഞ ആഗ്രഹങ്ങളാണ് നമ്മെ ജീവിക്കാൻ പ്രേരിപ്പിക്കുന്നത്. ആഗ്രഹങ്ങൾ നടക്കുന്നുണ്ടോ എന്നത് പിന്നത്തെ കാര്യം മാത്രം,പക്ഷെ ഈ ആഗ്രഹങ്ങളാണല്ലോ നമ്മെ ജീവിപ്പിക്കുന്നതും, അതിനൊരു അർത്ഥം തരുന്നതും. ഇതെല്ലാം അങ്ങ് ഫലവത്തായിക്കഴിഞ്ഞാൽ ജീവിക്കുന്നതെന്തിന് ? അത് നമ്മൾ ജീവിക്കുമ്പഴല്ലേ ഫലവത്താകേണ്ടത്, അതപ്പോൾ ആവുകയും ചെയ്യുമല്ലോ ?


    നല്ല വാസനയുമുണ്ടായിരുന്നു.

    പേടിക്കണ്ട കുട്ടേട്ടാ അതിപ്പൊഴുമുണ്ട് ട്ടോ, ആ ടീ ഷർട്ട് ഒന്ന് മണത്തു നോക്കിയേ ?

    ReplyDelete
  25. This comment has been removed by the author.

    ReplyDelete
  26. ഈ കുറിപ്പ് കയറിക്കൂടിയത് ഹൃദയത്തിലേക്കാണ്.നമ്മള്‍ അനുഭവിക്കുന്ന വേദനകള്‍ക്കൊക്കെ മധുരം നിറഞ്ഞ ഒരു മറുവശമുണ്ട്. തീര്‍ച്ച.ഓരോന്നും അതാതു കാലത്ത് നമുക്കാവശ്യമായിരുന്നുവെന്ന് തിരിച്ചറിയുമ്പോള്‍ നമ്മുടെ പൂര്‍വ്വ കാല അനുഭവങ്ങള്‍ വര്‍ത്തമാനത്തിലും ഭാവിയിലേക്കും ജീവിതത്തെ എളുപ്പമാക്കാന്‍ സഹായിക്കുമെന്നാണ് എന്റെ അഭിപ്രായം.

    ReplyDelete
  27. ആഗ്രഹങ്ങള്‍ ആണ് നമ്മളെയൊക്കെ മുന്നോട്ടു കൊണ്ടുപോകുന്നത്...വായിച്ചപ്പോള്‍ നല്ല വിഷമം തോന്നി ...നന്നായി എഴുതു, എല്ലാവിധ ആശംസകളും നേരുന്നു..

    ReplyDelete
  28. ശരിക്കും ഹൃദയത്തെ സ്പർശിച്ചു...

    ReplyDelete
  29. ശ്രീ എന്തെഴുതണമെന്നറിയില്ല ..ഹൃദയത്തില്‍ തട്ടിയ വരികള്‍ ...ദാരിദ്ര്യവും,കഷ്ട്ടപ്പാടും , സങ്കടവുമൊന്നും അന്നും ഇന്നും അനുഭവിച്ചിട്ടില്ല ..ഇനിയത്തെ കാര്യം പറയാന്‍ പറ്റില്ല ...എന്നാലും മറ്റുള്ളവരുടെ ദുഃഖത്തില്‍ എന്നും പങ്കുചേര്‍ന്നിട്ടുണ്ട്,ഇപ്പോളും പങ്കുചേരുന്നുമുണ്ട് ...എല്ലാരും സ്നേഹത്തോടും,സന്തോഷത്തോടും ഇരിക്കണം എന്ന് ആഗ്രഹം ഉണ്ട്,അതുകൊണ്ട് ശ്രീകുട്ടന്റെ ദുഖങ്ങള്‍ ഒക്കെ മാറി സന്തോഷം കിട്ടാന്‍ ഞാനും ആത്മാര്‍ഥമായി പ്രാര്‍ത്ഥിക്കാം ..

    ബുദ്ധി കണക്കുകൂട്ടുന്ന യന്ത്രമാണ് ഹൃദയം(ഞാന്‍ മനസ്സിലാക്കിയത് ശരിയോ തെറ്റോ അറീല്ല ) സ്നേഹിക്കുന്ന കേന്ദ്രമാണ്,സ്നേഹം ഹൃദയത്തിലാണ് ..മാതാവിനെ മനസ്സിലാക്കുന്നത് ഹൃദയമാണ് ...മാതാവിനെ മനസ്സിലാക്കുന്ന ശ്രീ ഒരു നല്ല ഹൃദയം ഉള്ളവനാണ് ട്ടോ ..

    ReplyDelete
  30. എന്ത് പറയണമെന്നറിയില്ല ശ്രീക്കുട്ടാ....
    ദൈവം നല്ലത് വരുത്തട്ടെയെന്നു പ്രാര്‍ഥിക്കാം...

    ReplyDelete
  31. ശ്രീക്കുട്ടാ.. എന്തേ ഇങ്ങനെയൊക്കെ എഴുതി വിട്ടിരിക്കുന്നത്‌. ജീവിതമെന്ന പരീക്ഷണ ശാലയില്‍ കരുത്തോടെ മുന്നോട്ട്‌ പോകൂ... താങ്കളിവിടെ എഴുതിയത്‌ പോലെയുള്ള നിരവധി പ്രശ്‌നങ്ങളുള്ള ആളുകള്‍ ഈ വായനക്കാരിലുണ്‌ട്‌. ഇത്രയൊന്നും അനുഭവിച്ചിട്ടില്ലേലും എന്‌റെ അനുഭവങ്ങള്‍ ഇവിടെ വിവരിച്ചാല്‍ താങ്കള്‍ അത്ഭുതപ്പെട്ട്‌ പോകും. ചിലതെല്ലാം രഹസ്യമാക്കി തന്നെ വെക്കണം. നമ്മുടെ വേദനകളെല്ലാം നമ്മില്‍ തന്നെ അലിഞ്ഞ്‌ ഇല്ലാതാവണം... കരുത്തോടെ മുന്നോട്ട്‌ പോകൂ... സ്വപ്നങ്ങള്‍ കണ്‌ട്‌ ആ സ്വപ്ന സാക്ഷാത്ക്കാരത്തിന്‌ വേണ്‌ടി ശ്രമിക്കൂ...

    ReplyDelete
  32. ആഗ്രഹങ്ങള്‍ എന്നത് ശവപ്പറമ്പുകളാണ്...ഒരാളെ ജീവനോടെ കുഴിച്ചുമൂടുന്ന കുഴിമാടങ്ങള്‍ ...പ്രാണന്‍ കിട്ടാതെ പിടഞ്ഞു പിടഞ്ഞ് മണ്ണോട് ചേരുന്നിടം.
    വളരെ തീക്ഷ്ണമായ ജീവിതാനുഭവങ്ങളില്‍ നിന്ന് ഉരുത്തിരിഞ്ഞ ഗഹനമായ ചിന്ത അതാണ്‌ ഇത്

    ഒരു പക്ഷെ സമൂഹത്തില്‍ വലിയൊരു വിഭാഗത്തിം ജീവിത ചരിത്രം
    ശ്രീകുട്ടാ ആശംസകള്‍

    ReplyDelete
  33. സുഖ ദുഃഖ സമ്മിശ്രമാണ് ജീവിതം ... സത്യങ്ങള്‍ മാത്രം എഴുതുകയും കണ്ടു പിടിക്കുകയും ചെയ്യുന്ന നല്ലൊരു പത്ര പ്രവര്‍ത്തക ആകണം എന്നായിരുന്നു ചെറുപ്പത്തിലെ ഉള്ള മോഹം. പക്ഷെ ജീവിത പ്രാരാബ്ധങ്ങള്‍ കൊണ്ട് വന്നു എത്തിച്ചത് രോഗികളെയും വേദനിക്കുന്നവരെയും ശുശ്രൂഷിക്കുക എന്നാ മഹത്തായ ജോലിയിലെക്കാന്.......മനുഷ്യര്‍ ഒന്ന് ആഗ്രഹിക്കുന്നു ,, ദൈവം മറ്റൊന്ന് തരുന്നു . . എല്ലാം നന്മക്കായി ഈശ്വരന്‍ നമുക്ക് തരുന്നു . എന്നും നന്മകള്‍ മാത്രം ഉണ്ടാകട്ടെ എന്ന് പ്രാര്‍ത്ഥിക്കുന്നു ..

    ReplyDelete
  34. ശ്രീക്കുട്ടാ ;
    ജീവിതം നമുക്ക് വെല്ലുവിളികളെ തരുന്നു ,ബാല്യകൌമാരത്തിലെ അത്തരം വൈതരനികളെ ഒക്കെ ധീരമായി നേരിട്ട ശ്രീക്കുട്ടന് ഇനിയും ലക്ഷ്യബോധത്തോടെ മുന്നേറാന്‍ കഴിയും ,എല്ലാ നന്മകളുമുണ്ടാവട്ടെ .വായന ഒരു ദീപശിഖയാണ് ,കൈവിട്ടുകളയരുത്.ഭാഷ ഹൃദയത്തില്‍ നിന്ന് വന്നതിനാല്‍ നേരെ മനസ്സിലേക്ക് കേറിയിരിക്കുന്നു ,ഇത് പോലെ രണ്ടു വരി എഴുതാന്‍ കഴിയണേ എന്ന് എപ്പോഴും പ്രാര്‍ഥിക്കും;പക്ഷെ കഴിയാറില്ല ,,,

    ReplyDelete
  35. ശോഭനമായ ഒരു ഭാവി, അല്ലലില്ലാത്തജീവിതം,മൻസ്സിലെ നെരിപ്പോടണക്കുക...ചങ്കുറപ്പോടെ മുന്നോട്ട് നടക്കുക...കാലം നമ്മോടൊപ്പം വരും...നന്മയുമായി........

    ReplyDelete
  36. ബ്ലോഗിന്‍റെ പേര് വായിച്ചു ചെറിയൊരു ചിരിയോട് കൂടിയാണ് പോസ്റ്റ്‌ വായിച്ചത്..ശെരിക്കും മനസ്സില്‍ തട്ടി..സ്നേഹാശംസകള്‍

    ReplyDelete
  37. പ്രീയരേ,

    എല്ലാപേര്‍ക്കും നന്ദി....

    ReplyDelete
  38. ന്റ്റെ ആഗ്രഹങ്ങളും ആശകളും ഒന്നുമല്ലായിരുന്നു എന്ന് അറിയുന്നു ഞാന്‍....

    ആ അമ്മയുടെ കഴിഞ്ഞു പോയ അവസ്ത്ഥകള്‍....ജീവിതാനുഭവങ്ങള്‍... വായിയ്ക്കുന്തോറും തൊട്ടറിഞ്ഞ് വേദനിപ്പിയ്ക്കുന്നൂ..
    നിയ്ക്ക് വേറെ ഒന്നും പറയാന്‍ കിട്ടണില്ല കുട്ടീ..
    പ്രാര്‍ത്ഥനകള്‍...!

    ReplyDelete
  39. അവസാനഭാഗം മാത്രം മാറ്റി നിര്‍ത്തിയാല്‍ ശ്രീകുട്ടന്‍ എഴുതിയ കാര്യങ്ങളൊക്കെ പലപ്പോഴായി എന്റെയും ജീവിതത്തിലെ ആഗ്രഹങ്ങളായി, മോഹങ്ങളായി, സ്വപ്നങ്ങളായി മിന്നി മറഞ്ഞിട്ടുള്ളതാണ്.. അവയെ ഖബറടക്കിയീ ജീവിതം ജീവിച്ചു തീര്‍ക്കുന്നു..

    എഴുത്ത് ഇഷ്ടപ്പെട്ടു... മനസ്സു തോടുന്നുണ്ട്‌...,...

    സ്നേഹത്തോടെ
    സന്ദീപ്‌

    ReplyDelete
  40. വെറുതെ മനസ്സില്‍ വന്നത് എഴുതിയതെന്നു വിചാരിച്ചു വായിച്ചു വന്നത്.പക്ഷെ അനുഭവക്കുറിപ്പ് എന്ന് വായിച്ചപ്പോള്‍ ഞാന്‍ ഒന്ന് പതറി.
    എല്ലാവര്ക്കും ദുഃഖത്തിന്റെ ഒരു കാലം ജീവിതത്തിലുണ്ടാകും ശ്രീക്കുട്ടന്‍റെത് അത് ജീവിതത്തിന്റെ തുടക്കത്തിലായിരുന്നു എന്നാശ്വസിക്കുക.

    ReplyDelete