നാട്ടിന്‍പുറത്തിന്റെ സകലനന്മയും നിറഞ്ഞു നില്‍ക്കുന്ന അതിസുന്ദരവും പ്രകൃതിരമണീയവുമായ ഒരു ഭൂപ്രദേശമാണ് ഏലാപ്പുറം എന്ന ഗ്രാമം.അതെ പറഞ്ഞുവരുന്നത് ഞാന്‍ ജനിച്ച പുണ്യഭൂമിയെക്കുറിച്ചുതന്നെ..കണ്ണെത്താത്ത ദൂരത്തോളം നീണ്ടുപരന്നുകിടക്കുന്ന വയലേലകളും അതിനിരുവശങ്ങളിലുമായുള്ള പണകളില്‍ നിറയെ കവുങ്ങും വാഴയും പിന്നെ നിറയെ കായ്ഫലമുള്ള കല്‍പ്പവൃക്ഷങ്ങളും നിറഞ്ഞ സ്ഥലം..
സ്നേഹിക്കാന്‍ മാത്രമറിയാവുന്ന ഏലാപ്പുറംകാരുടെ പ്രധാനതൊഴില്‍ കാര്‍ഷികവൃത്തിയായിരുന്നു.കൃഷിചെയ്യുന്നതിനുള്ള ചിലവ് അധികരിച്ചതിനാലും വിളവെടുപ്പിനാളെക്കിട്ടാത്തതിനാലും വലിയൊരു ശതമാനം വയലുകള്‍ നികത്തി കപ്പയും വാഴയുമെല്ലാം നട്ട് ഇന്ന്‍ നാടിന്റെ മുഖച്ഛായതന്നെ മാറിയിരിക്കുന്നു.വയലിനെ കീറിമുറിച്ചുകൊണ്ട് ഒരു ചെറുതോടൊഴുകുന്നുണ്ട്.മഴക്കാലത്ത് നിറഞ്ഞൊഴുകുന്ന ഈ തോട്ടിലാണു നാട്ടുകാരുടെ കുളിയും നനയുമെല്ലാം.കൃഷിക്കാവശ്യമായ വെള്ളം കിട്ടുന്നതും ഇതില്‍ നിന്നു തന്നെ.
പ്രാധനജംഗ്ഷനില്‍ ബ്രിട്ടീഷുകാരുടെ കാലത്തുപണിതതുപോലുള്ള മൂന്നുനാലുമുറിക്കടകളുണ്ട്.മണ്‍കട്ടകള്‍ കൊണ്ടുണ്ടാക്കിയതാണ്.എപ്പോഴാണതു നിലം പൊത്തുന്നതെന്നു പറയാനാകില്ല.ഒന്നാമത്‍ അശോകണ്ണന്റെ ചായക്കടയാണു.പുള്ളിക്ക് ഇതിന്റെയൊന്നും ആവശ്യമില്ല.വെറുതെ ഒരു രസത്തിനും സമയമ്പോക്കിനുമായിട്ടാണ് നടത്തുന്നതെന്നാണ് പുള്ളിയുടെ പറച്ചില്‍.പിന്നെയുള്ളത് ബാര്‍ബര്‍ ഷോപ്പ്.നമ്മുടെ ബാലകൃഷ്ണന്റെ പറുദീസ. പണ്ടത്തെ മദാലസ നടിമാരുടെ അര്‍ദ്ധനഗ്നചിത്രങ്ങളുമായി ബാര്‍ബര്‍ഷോപ്പിനെ അലങ്കരിക്കുന്ന മാറാലപിടിച്ച ചുമരുകള്‍.ഒരു കണ്ണാടിയും പിന്നെ കുറച്ചു സാധനങ്ങളും തീര്‍ന്നു.അത്ര തന്നെ.ബാര്‍ബര്‍ ബാലനെ പോലെ കറങ്ങുന്ന ഒരു കസേരയും ആധുനികതയുമൊന്നും വേണമെന്ന്‍ ബാലകൃഷ്ണനാഗ്രഹമില്ല.ഒള്ളതുകൊണ്ടോണം പോലെ.അതണിഷ്ടന്റെ ലൈന്‍.അടുത്തകട ശശിയണ്ണന്റേതാണു.ഒരു മിനി ഫാന്‍സിസ്റ്റോര്‍.അവിടെ മോഷണം തുടര്‍ക്കഥയായപ്പോള്‍ പുള്ളിക്കാരന്‍ കട മതിയാക്കുകയും ഇപ്പോള്‍ പുതുതായി പണിത അടച്ചുറപ്പുള്ള ഷോറൂമിലേക്കു കട മാറ്റുകയും ചെയ്തു. പിന്നെ ആകെ നല്ല കച്ചവടമുള്ളതു വിക്രമന്‍ ചേട്ടന്റെ റ്റീ സ്റ്റാളിലാണു.വീട്ടില്‍ നിന്നും രാവിലെ ചായകുടിച്ചിട്ടിറങ്ങുന്നവരും പുള്ളിക്കാരന്റെ ഒരു ചായ കുടിക്കുവാന്‍ മറക്കാറില്ല. അല്‍പ്പം മാറി ആനന്ദന മാമന്റെ മുറുക്കാന്‍ കട, സരോജിനിഅമ്മയുടെ സ്റ്റേഷനറിക്കട, ഒരു റേഷന്‍ കട, മില്‍മയുടെ ഒരു ബൂത്ത് എന്നിവയുണ്ട്.മറന്നുപോയി.പുതുതായി ഒരു സര്‍വീസ് സഹകരണ സംഘവും തുറന്നിട്ടുണ്ട്.
റോഡിനെതിര്‍വശത്തായി പഴമയുടെ സ്മാരകമെന്നതുപോലെ നില്‍ക്കുന്ന എല്‍.പി സ്കൂള്‍. നാലോ അഞ്ചൊ ക്ലാസ്സുകളുള്ളതില്‍ വളരെകുറച്ചു മാത്രം കുട്ടികള്‍. യാതൊരുവിധ വികസനവുമില്ലാതെ അതങ്ങുനടന്നുപോകുന്നു എന്നു പറഞ്ഞാല്‍ മതിയല്ലോ. ഇപ്പോള്‍ സ്കൂള്‍ അല്‍പ്പം ഡെവലപ്പ്ഡായിട്ടുണ്ട്..ചുറ്റുമതിലൊക്കെക്കെട്ടി പൊട്ടിയ ഓടൊക്കെ മാറ്റി പെയിന്റൊക്കെയടിച്ച് കുട്ടപ്പനാക്കി പേരും മാറ്റി. വൈ.എല്‍.എം.യു.പി.സ്കൂള്‍..ഇംഗ്ലീഷ്മീഡിയം...
ഏലാപ്പുറത്തിന്റെ ഏറ്റവും പ്രധാനപ്പെട്ട ഒരു ഭാഗമാണു പഞ്ചായത്തുവെയിറ്റിംഗ് ഷെഡ്.മുമ്പിവിടെ നാട്ടുകാര്‍ ഓലയും മറ്റുമൊക്കെക്കൊണ്ട് കെട്ടിമറച്ച ഒരു ഷേഡ്ഡ് മാത്രമായിരുന്നു.കാലങ്ങള്‍ക്കുശേഷം പഞ്ചായത്ത് ഒരു വെയിറ്റിംഗ് ഷെഡ് കെട്ടി.രാവിലെ മുതല്‍ സ്കൂളിലും കോളേജിലും പോകാന്‍ വരുന്ന എല്ലാ പെണ്‍കൊടിമാരേയും ഉത്തരവാദിത്വത്തൊടുകൂടി യാത്രയയപ്പിക്കുന്നതിനായി ചുള്ളന്മാരുടെ ഒരു പ്രത്യേക ടീം തന്നെയുണ്ട്.അവര്‍ വളരെ രാവിലെ തന്നെ താന്താങ്ങളുടെ ഏരിയയില്‍ നിലയുറപ്പിക്കും.എല്ലാ പെണ്മണിമാരെയും യാത്ര അയച്ചശേഷം വൈകുന്നേരത്തെ സ്വീകരണത്തിനുള്ള തയ്യാറെടുപ്പുകളില്‍ മുഴുകും.(അവശ കാമുകന്മാരേ നിങ്ങളെന്നോടു ക്ഷമിക്കണം കേട്ടൊ.എഴുതുമ്പോള്‍ എല്ലാമെഴുതണമല്ലോ.അതുകൊണ്ടാ.ആരെങ്കിലും ഇതു വായിച്ചിട്ട് ഞാന്‍ നാട്ടില്‍ വരുമ്പോള്‍ എനിക്കു പണി തരരുതു.പ്ലീസ്).
വയലിന്റെ മധ്യഭാഗത്തുകൂടി ഒരു റോഡ് നാട്ടുകാരുടെ ശ്രമഫലമായി ഉണ്ടാക്കിയിട്ടുണ്ട്.ജംഗ്ഷനില്‍ നിന്നും ഒരു പത്തുമിനിട്ട് ഈ റോഡേ നടന്നാല്‍ മാറുവീട് ശിവപാര്‍വ്വതിക്ഷേത്രത്തിലെത്താം.മുന്‍പ് ശോചനീയാവസ്ഥയിലായിരുന്ന ഈ അമ്പലം ഇപ്പോള്‍ കുടുംബക്കാരെല്ലാപേരും കൂടി ചേര്‍ന്നു പുതുക്കിപ്പണിതു ഒരു വലിയ അമ്പലമാക്കി മാറ്റി.ധാരാളം ആള്‍ക്കാര്‍ ഇപ്പോള്‍ ഇവിടെയെത്തുന്നുണ്ട്.കുംഭമാസത്തിലെ പുണര്‍തം നാളിലാണിവിടത്തെ ഉത്സവം.അഞ്ചുദിവസം നീണ്ടുനില്‍ക്കുന്ന ഉത്സവത്തിന് എല്ലാ ദിവസവും വിവിധങ്ങളായ പരിപാടികളുണ്ടായിരിക്കും. അഞ്ചാംദിവസം രാവിലെ സമൂഹപൊങ്കാലയും ഉച്ചക്കു സമൂഹസദ്യയുമുണ്ടായിരിക്കും. വൈകിട്ട് ഉറിയടി,ബാലികമാരുടെ താലപ്പൊലി,ആന എഴുന്നള്ളത്ത്, തെയ്യം, ചെണ്ടമേളം എന്നിവയോടുകൂടി വിപുലമായ ഘോഷയാത്രയും,പിന്നെ രാത്രി കൊടിയിറക്കവും.ഈ വര്‍ഷം മുതല്‍ ഉത്സവം ശിവരാത്രി നാളിലായിരിക്കുമെന്നറിയുന്നു.
ക്ഷേത്രം പുരോഗമിച്ചതോടുകൂടി അതിനടുത്തായി ചില കടകള്‍ ഉണ്ടായിട്ടുണ്ട്.നമ്മുടെ ഡ്രൈവര്‍ ബാബുവണ്ണന്റെ ചായക്കടയാണൊന്ന്‍.പുള്ളി ഡ്രൈവറൊന്നുമല്ല. ചിലകുരുത്തംകെട്ടപുള്ളേര്‍ ഇട്ട വട്ടപ്പേരാണത്.സംഭവം ആശാനൊരു ചീട്ടുകളി ഭ്രാന്തനാണ്.റമ്മികളിക്കുമ്പോള്‍ കയ്യില്‍ വിശറിപോലെ നിരത്തിവച്ചിരിക്കുന്ന ചീട്ട് കാറിന്റെ സ്റ്റിയറിംഗ് വളയ്ക്കുന്നതുപോലെ ഒരിടത്തുനിന്നുമെടുത്ത് മറ്റൊരിടത്തും വീണ്ടും പഴയസ്ഥാനത്തും വയ്ക്കുന്ന ശീലം മൂലം സഹകളിക്കാര്‍ നല്‍കിയപേരാണ് ഡ്രൈവര്‍ എന്ന്‍.ഇത്രയും രുചികരമായി എണ്ണപ്പലഹാരങ്ങളുണ്ടാക്കുന്ന മറ്റാരും ഏലാപ്പുറത്തില്ല. അതുകൊണ്ട് തന്നെ പുള്ളിക്കാരനു നല്ല കച്ചവടവുമുണ്ട്.
അടുത്തത് പൊടിയണ്ണന്റെ കുഞ്ഞുസ്റ്റേഷനറിക്കടയാണു.പേരുപോലെതന്നെ ആളൊരു പൊടിയാണു.കഷ്ടിച്ചു നാലടിമാത്രമേയുള്ളു പൊക്കം.അതിന്റെ ഒരു അഹംഭാവവും ആശാനില്ല.തൊടിയിലെ ഭാസ്ക്കരന്‍ മാമന്‍ പുതുതായി ഒരു സ്റ്റേഷനറിക്കട തുടങ്ങിയപ്പോള്‍ പൊടിയണ്ണന്റെ ചിറകൊടിഞ്ഞു എന്നു പറഞ്ഞാല്‍ മതിയല്ലോ.താമസംവിനാ ആശാന്‍ കടപൂട്ടി.പിന്നെയൊന്നുള്ളതു പ്രസാദണ്ണന്റെ ശില്‍പ്പശാല.ജീവന്‍ തുടിക്കുന്ന ശില്‍പ്പങ്ങളുണ്ടാക്കുന്ന കക്ഷിക്ക് എപ്പോഴും തിരക്കാണു.
വയലിനു കുറുകേയുള്ള തോട്ടില്‍ ഒരു കൊച്ചുപാലമുണ്ട്.അതിനിവിടെ പ്രധാനപ്പെട്ടസ്ഥാനമാണുള്ളത്.വൈകുന്നേരങ്ങളില്‍ ചെറുപ്പക്കാരുടെ ഇരിപ്പിടമാണവിടെ.രാത്രിയില്‍ ചിലര്‍ അവിടെ തന്നെ കിടന്നുറങ്ങും.
കഴിഞ്ഞ അവധിയ്ക്ക് നാട്ടില്‍ പോയപ്പോള്‍ എന്റെ കൂട്ടുകാരുമായി സന്ധ്യയ്ക്ക് കൊച്ചുവര്‍ത്തമാനമൊക്കെപ്പറഞ്ഞവിടെയങ്ങിനെയിരിക്കുകയാണ്.കൊച്ചനിയും ബിജുവും രാജീവുമൊക്കെയുണ്ട്.ഏഴുമണിയാകുന്നതേയുള്ളൂ.പക്ഷേ നല്ല ഇരുട്ടായി.പെട്ടന്നാണ് തൊട്ടടുത്തുള്ള പണയില്‍ നിന്നും കരിക്കുകള്‍ വീഴുന്ന ഒച്ച കേട്ടത്.ഞാന്‍ മുമ്പേ പറഞ്ഞല്ലോ പണയില്‍ ധാരാളം തെങ്ങുകള്‍ കായ്ച്ചുമറിഞ്ഞുകിടക്കുന്ന കാര്യം.ഞങ്ങള്‍ ചെറുപ്പകാലത്ത് മിയ്ക്കദിവസങ്ങളിലും ഏതെങ്കിലും പണകളില്‍ നിന്നും കരിക്കുകള്‍ മോഷ്ടിച്ച് കുടിക്കുമായിരുന്നു.രാവിലെ ആ പണയുടെ ഉടമസ്ഥന്‍ വന്ന്നിന്ന്‍ ചീത്തവിളിക്കുന്നത് ഒന്നുമറിയാത്ത നിഷ്ക്കളങ്കരെപ്പോലെ കേട്ടുകൊണ്ട് നില്‍ക്കുവാന്‍ എന്തു സുഖമാണെന്നോ.ഞങ്ങളാണത് ചെയ്തതെന്ന്‍ വിളിക്കുന്നയാള്‍ക്ക് നന്നായറിയാമെന്ന്‍ ഞങ്ങള്‍ക്കറിയാം.പക്ഷേ ആ ഭാവമൊന്നു പുറത്തുകാട്ടാതെ മര്യാദാരാമമ്മാരായി എല്ലാം കേട്ടുകൊണ്ട് നിന്നിട്ട് ചിലപ്പോള്‍ ചില അഭിപ്രായങ്ങള്‍ തട്ടിവിടുകയും ചെയ്യും...
കരിക്ക് മോഷ്ടിക്കുവാന്‍ പോകുമ്പോള്‍ പലപ്പോഴും പെട്ടിട്ടുണ്ട്.ദൈവഭാഗ്യത്തിനു പിടികൂടാതെ രക്ഷപെട്ടിട്ടുമുണ്ട്.ചിലപ്പോള്‍ ചില ഞെട്ടിയ്ക്കുന്ന കാഴ്ചകള്‍ കാണേണ്ടിയും വന്നിട്ടുണ്ട്.അതൊന്നുമിവിടെ പറയാന്‍ കൊള്ളത്തില്ല..രക്ഷപ്പെടാനുള്ള വെപ്രാളത്തിലോടി നല്ല പരിക്കുപറ്റിയ സന്ദര്‍ഭങ്ങളുമുണ്ടായിട്ടുണ്ട്..അതെന്തെങ്കിലുമാവട്ടെ.ഒച്ചകേട്ടിട്ട് സുധാകരണ്ണന്‍ കൃഷി ചെയ്യുന്ന പണയിലാണു സംഭവം നടക്കുന്നത്.ഇപ്പോഴാരാണ് ആ പണയില്‍ നിന്നും കരിക്കടക്കുന്നത്.പയ്യമ്മാരാരുമാവാന്‍ വഴിയില്ല.മെയിന്‍ കരിക്കടപ്പ് കള്ളമ്മാരൊക്കെ ഞങ്ങളോടൊപ്പമിരുന്ന്‍ കൊച്ചുവര്‍ത്തമാനം പറയുന്നുണ്ട്.പിന്നെയുള്ള രണ്ടുമൂന്നെണ്ണം ഒരു ബോട്ടിലെടുക്കാനായി നിലയ്ക്കാമുക്കിലെ ബിവറേജിലേയ്ക്കും പോയി..
"ഒന്നുപോയി നോക്ക്കിയാലോ അളിയാ"
വലിച്ചുകൊണ്ടിരുന്ന സിഗററ്റ് തോട്ടിലേയ്ക്കിട്ടിട്ട് കൊച്ചനി എഴുന്നേറ്റുകഴിഞ്ഞു.രാജീവും റെഡിയായി.എന്നാല്‍പിന്നെ നോക്കുകതന്നെ.ഞാനുമെഴുന്നേറ്റു.പെട്ടന്ന്‍ പണയിലാകെ ഒരു ടോര്‍ച്ചിന്റെ വെളിച്ചം പതിഞ്ഞു.ആരെടാ..പിടിയെടാ എന്നൊക്കെയുള്ള വിളികളും ആരൊക്കെയോ ഓടുന്ന ഒച്ചയും..കരിക്കുവീഴുന്ന ഒച്ചകേട്ട് സുധാകരന്‍ ഒരു കയ്യില്‍ ടോര്‍ച്ചും മറുകയ്യിലൊരു വെട്ടുകത്തിയുമായിയിറങ്ങിയതാണ്.എന്തൊ വരട്ടെ എന്ന മട്ടില്‍ ഞങ്ങള്‍ അവിടേയ്ക്ക് ചെന്നു..
"കണ്ടോ വെട്ടികൂട്ടിയിട്ടിരിക്കുന്നത്..#**#*#...മോമ്മാരെ എന്റെ കയ്യികിട്ടിയിരുന്നെങ്കി"
സുധാകരന്‍ തകര്‍ത്ത് ചീത്തവിളിക്കുന്നുണ്ട്.
രണ്ടുകുലയോളം കരിക്ക് തെങ്ങിന്റെ ചുവട്ടിലായി കിടപ്പുണ്ട്.കുലയോടെ വെട്ടി സാവധാനമിറങ്ങുമ്പോള്‍ എങ്ങിനെയോ കൈവിട്ടുപോയതാണ്.കുറേയേറെ ചീത്തയൊക്കെ വിളിച്ചിട്ട് സുധാകരന്‍ ആ കരിക്കുകള്‍ പെറുക്കിയെടുത്ത് വീടിന്റെ മുറ്റത്തുകൊണ്ടിട്ടു.ഞങ്ങളും സഹായിച്ചു.പോലീസിനെ വിളിക്കാമെന്നൊക്കെ വീട്ടുകാരത്തിയോട് പറഞ്ഞെങ്കിലും പിന്നീട് ആ തീരുമാനം മാറ്റുകയും ആ കരിക്കുകള്‍ കയ്യിലിരുന്ന വെട്ടുകത്തികൊണ്ട് വെട്ടിച്ചെത്തി എല്ലാപേര്‍ം കൂടി കഴിക്കുകയും ചെയ്തു.ഈ സമയം എവിടെനിന്നോ സുനിലും കയറിവന്നു.ആശാനും ഞങ്ങളുടെ ഗ്യാങ്ങിലുള്ള ആളാണ്..
"എനിക്കറിയാം കരിക്കടത്തതാരാണെന്ന്‍.എന്നിട്ട് ഒന്നുമറിയാത്തവരെപ്പോലെ വന്നുനിന്ന്‍ തിന്നുന്നു"
സുധാകരന്‍ ആരോടെന്നില്ലാതെ പറയുന്നത് കേട്ട് ഞാങ്ങളാകെ വല്ലാണ്ടായി..വല്ല കാര്യവുമുണ്ടായിരുന്നോ..കൊച്ചനിയും ബിജുവുമൊക്കെ അയാളുമായി അല്‍പ്പം വര്‍ത്തമാനം നടത്തീട്ട് പിന്നീടെല്ലാവരും പിരിഞ്ഞു..ഞാനും രാജീവും കൂടി ഒരു സിഗററ്റുകൂടി വലിച്ച് അല്‍പ്പനേരം നിന്നശേഷം വീട്ടിലേയ്ക്ക് നടന്നു. എന്നാലും ആരായിരിക്കാം ആ കരിക്കടത്തത്..എന്റെ ചിന്ത അതായിരുന്നു..
ചോറെല്ലാമുണ്ട് ശ്രീമതിയുടെ കണ്ണില്‍പെടാതെ ഒളിച്ചുവച്ചിരുന്ന ഒരു സിഗററ്റ് തപ്പിയെടുത്തുകൊണ്ട് പുറത്തേയ്ക്കിറങ്ങി അതൊന്നു കത്തിയക്കാന്‍ ശ്രമിച്ചതും ഒരൊച്ചയനക്കം കേട്ട് ഞാന്‍ പെട്ടന്ന്‍ സിഗററ്റും തീപ്പെട്ടിയും മറച്ചുപിടിച്ചുകൊണ്ട് തിരിഞ്ഞുനോക്കി..പിതാശ്രീയാണു..അല്‍പ്പം സേവിച്ചിട്ടുള്ള ലക്ഷണം കാണാനുണ്ട്.
"എടാ മക്കളേ നാളെ രാവിലെ എനിക്ക് ഒരു ജോഡി ചെരിപ്പ് വാങ്ങിത്തരണം കേട്ടോ.ഓടിയപ്പം ഒരെണ്ണം എവിടയോ പോയി.മറ്റേത് ഞാന്‍ തൊടിയില്‍ കളഞ്ഞു"
എന്റെയടുത്ത് വന്ന്‍ സ്വകാര്യമായിപ്പറഞ്ഞിട്ട് ചെറിയ ആട്ടത്തോടെ വീട്ടിനകത്തേയ്ക്ക് മാര്‍ച്ച് ചെയ്യുന്ന ഫാദറിനെ ഞാന്‍ അല്‍പ്പസമയം അന്തിച്ചുനോക്കിനിന്നു...അവ്യക്തമായിരുന്ന ഒരു സംഭവത്തിന്റെ തെളിഞ്ഞ ചിത്രം എന്റെ മനസ്സില്‍ പ്രദര്‍ശനമാരംഭിച്ചു...
വാല്‍: പിതാശ്രീയും ഉദയന്‍ എന്ന ഏലാപ്പുറത്തെ സ്റ്റാറും പിന്നെ സുനിലുമായിരുന്നു കരിക്ക് മോഷണം നടത്താന്‍ ശ്രമിച്ച് ദയനീയമായി പരാജയപ്പെട്ടത്.ഉദയന്‍ വാങ്ങിക്കൊണ്ടുവന്ന നാടനില്‍ പിതാശ്രീയുടേ നിര്‍ദ്ദേശപ്രകാരം മേമ്പൊടിയ്ക്കായി ചേര്‍ക്കുവാന്‍ ഇളനീര്‍ അടക്കുവാന്‍ സുനില്‍ ശ്രമിച്ചതിന്റെ ബാക്കിസംഭവങ്ങളായിരുന്നു തലേരാത്രിയില്‍ സംഭവിച്ചത്െനിക്കോ സുധാകരന്റെ തെറിവിളി കേള്‍ക്കേണ്ടിയും വന്നു ഒരു ജോഡി ചെരുപ്പിന്റെ കാശും പോയി. അതു തന്നെ അതുകൊണ്ടുണ്ടായ മിച്ചം....
ശ്രീക്കുട്ടന്‍
ഈ മാസത്തിലിനി എഴുതിത്തൊടങ്ങിയില്ലെന്നുള്ള പരാതി വേണ്ട..ദേ കിടക്കണൂ..നല്ല ഒന്നാന്തരം പുളൂസ്..
ReplyDeleteപുളൂസു തന്നെയാണല്ലോ , അല്ലെ?
ReplyDeleteഞാന്‍ പറഞ്ഞു കൊടുക്കും..സുധാകരണ്ണനോട് ....
ഹ...ഹ...
ReplyDeleteനല്ല രസമായിരുന്നു. നിങ്ങളുടെ ത്രില്ലും നിരാശയും ഭംഗിയായി വായനക്കാരില്‍ എത്തിച്ചു.
ഇതുപോലെ ഒരു കേസില്‍ പങ്കാളിയായതിനാല്‍ കൂടുതല്‍ ഉള്‍ക്കൊള്ളാനായി.
അമ്പട പുളുസൂ..
ReplyDeleteഇതേതായാലും കൊള്ളാം മോന് ചേരുന്ന പിതാശ്രീ! ഛെ പിതാശ്രീക്ക് ചേരുന്ന മോന്‍! ശ്രീക്കുട്ടാ കലക്കി ഈ ഗ്രാമത്തിന്റെ വിശേഷങ്ങള്‍ കേട്ടപ്പോള്‍ ഞങ്ങളുടെ പ്രദേശം പോലെ തന്നെ അവിടെ ഉള്ള 'വമ്പന്‍ സംരംഭങ്ങള്‍' ഞങ്ങളുടെ ഗ്രാമത്തെ ഓര്‍മിപ്പിക്കുന്നു....
ReplyDeleteമാസം പിറക്കാന്‍ നോക്കി ഇരിക്ക്യാ... പുളൂസ് പടച്ചു വിടാന്‍ ...
ReplyDeleteഈ ഗ്രാമം സത്യത്തില്‍ എന്റെ നാടിനെയും ഓര്‍മിപ്പിച്ചു .. ഏതാണ്ട് സമാനമായ ബിംബങ്ങളും കഥാപാത്രങ്ങളും ... നന്നായി
അമ്പട പുളുസൂ..
ReplyDeleteഹ ഹ ഹ ഹമ്പടാ പുളുസു......തെറിയും ചെരിപ്പിന്റെ പൈസയുംപോയാലെന്താ നല്ല ഒന്നാന്തരം ചെന്തെങ്ങിന്റെ കരിക്ക് തിന്നില്ലേ :-)
ReplyDeleteഎന്നാലും ഇതൊക്കെ ശരിയാണോ
ReplyDeleteസ്നേഹപൂര്‍വ്വം
പഞ്ചാരക്കുട്ടന്‍
നല്ല പുളുസു ..... :)
ReplyDeleteഹമ്പടാ നാട് മൊത്തം ഇണ്ടല്ലൊ
ReplyDeleteനാട്ടില്‍ ഇറങ്ങുമ്പോള്‍ സൂക്ഷിക്കണം, ആരെങ്കിലും ബ്ലോഗ് വായിചിടുണ്ടെങ്കില്‍ ഹിഹിഹീഹി കിട്ടും
ഇതൊരു ഒന്നന്നര പുളൂസ് ആയി ശ്രീകുട്ടാ
ReplyDeleteവിത്ത് കൊണം പത്തു കൊണം
അപ്പന്റെ അല്ലെ മോന്‍ ഹഹഹ
ശ്രീകുട്ടാ. അസ്സലായി. ലളിതമായി അവതരിപ്പിച്ചു. തനി നാടന്‍ കാഴ്ചകള്‍.. പാതിരാക്കള്ളന്മാര്‍ സകല സ്ഥലത്തും ഒരേ പോലെയാ..കിടുന്ന പണിയും ഏകദേശം ഒന്ന് തന്നേയ്..
ReplyDeleteഇതുപോലെ എത്ര കരിക്ക് കട്ട് കുടിച്ചിരിക്കുന്നു... പുളുസ് കൊള്ളാം മോനേ...
ReplyDeleteതകര്‍ക്കുവാണല്ലോ :) ആശംസകള്‍ !
ReplyDeleteപുളൂസ് ആണെങ്കിലും അല്ലെങ്കിലും
ReplyDeleteസംഗതി ഭേഷ്..!!
ആശംസകളോടെ..പുലരി
ആദ്യമായാണ് ഈ വഴി,
ReplyDeleteശ്രീക്കുട്ടന്‌റെ നാട്ടിലുള്ളവര്‍ക്ക് ഈ ലേഖനം സമര്‍പ്പിക്കൂ, മറ്റ് വായനക്കാരേക്കാള്‍ അവര്‍ക്ക് ഇത് തീര്‍ച്ചയായും ഇഷ്ടപ്പെടും.. നാടിന്‌റെ ഒരു രേഖാ ചിത്രം നല്‍കാന്‍ കഴിഞ്ഞു എന്നുള്ളതും എഴുത്തില്‍ വീഴ്ച വരുത്തിരില്ല എന്നതും പ്രത്യേകം പരാമറ്‍ശിക്കുന്നു. ഒഴിവ് കിട്ടുമ്പോള്‍ എന്‌റെ ബ്ളോഗ് വീട്ടിലേക്കും വിളിക്കുന്നു.. ഇരിക്കാന്‍ നല്ല ഒരു കസേരയോ ഇട്ട് തരാന്‍ നല്ല ഒരു പുല്‍പായയോ ഇല്ല.. ന്നാലും വരണം.. :)
http://njanorupavampravasi.blogspot.com/2011/12/blog-post.html
മാസത്തിലെ ആദ്യത്തേത് കൊള്ളാം..
ReplyDeleteഅടുത്തത് എന്നാണാവോ ?
എല്ലാ കൂട്ടുകാര്‍ക്കും പെരുത്ത് നന്ദി രേഖപ്പെടുത്തിക്കൊള്ളുന്നു..ഇനിയും വരികയും വായിക്കുകയും സത്യസന്ധമായ അഭിപ്രായങ്ങള്‍ അറിയിക്കുകയും ചെയ്യണം..
ReplyDeleteഒരുവിധം എല്ലാ ഗ്രാമങ്ങളും ഇതുപോലൊക്കെ തന്നെയായിരിക്കും അല്ലെ ശ്രീക്കുട്ടന്‍. എന്റെ നാടിന്റെ ഛായും ഇതുപോലെ തന്നെ.
ReplyDeleteഞങ്ങള്‍ ചെറുപ്പകാലത്ത് മിയ്ക്കദിവസങ്ങളിലും ഏതെങ്കിലും പണകളില്‍ നിന്നും കരിക്കുകള്‍ മോഷ്ടിച്ച് കുടിക്കുമായിരുന്നു.രാവിലെ ആ പണയുടെ ഉടമസ്ഥന്‍ വന്ന്നിന്ന്‍ ചീത്തവിളിക്കുന്നത് ഒന്നുമറിയാത്ത നിഷ്ക്കളങ്കരെപ്പോലെ കേട്ടുകൊണ്ട് നില്‍ക്കുവാന്‍ എന്തു സുഖമാണെന്നോ.ഞങ്ങളാണത് ചെയ്തതെന്ന്‍ വിളിക്കുന്നയാള്‍ക്ക് നന്നായറിയാമെന്ന്‍ ഞങ്ങള്‍ക്കറിയാം.പക്ഷേ ആ ഭാവമൊന്നു പുറത്തുകാട്ടാതെ മര്യാദാരാമമ്മാരായി എല്ലാം കേട്ടുകൊണ്ട് നിന്നിട്ട് ചിലപ്പോള്‍ ചില അഭിപ്രായങ്ങള്‍ തട്ടിവിടുകയും ചെയ്യും...
ReplyDeleteഈയടുത്തുകൂടി ഞങ്ങൾ നടത്തിയ സംഭവങ്ങൾ ഓർത്തുപോയി, കുറെ ചിരിച്ച് കുട്ടേട്ടാ. പേരിൽ പുളൂസുണ്ടെങ്കിലും ഇത് മുഴുവനും പുളൂസാ ന്ന് യ്ക്ക് തോന്ന്ണില്ല. എന്തായാലും കൊള്ളാം. അച്ഛൻ പറമ്പിലും കൂടി ഇല്ല്യ ന്ന് പരയേണ്ട സ്ഥിതി വന്നേനേ.