Tuesday, September 24, 2019

സ്മാര്‍ത്ത വിചാരം


ബ്രാഹ്മണ്യവും പൌരോഹിത്യവും അതിന്റെ ഏറ്റവും കടുത്ത തീഷ്ണത പുലര്‍ത്തിയിരുന്ന കാലത്ത് ആ തീഷ്ണതയുടെ അടിവേരറുക്കുന്നതരത്തില്‍ അവതരിച്ച് അങ്ങാകാശത്തോളം പ്രസിദ്ധമായ ഒരു നാമമാണ് കുറിയേടത്ത് താത്രിയെന്ന പേര്. സ്വയം നിഷേധിച്ചുകൊണ്ട് സ്വസമുദായത്തില്‍ അന്നേവരെ നിലനിന്നിരുന്ന പുരുഷാധിപത്യ മേല്‍ക്കോയ്മകളിലെ നീതികേടുകള്‍ക്കെതിരേ കലാപം നയിച്ച ഒരു യഥാര്‍ത്ഥ വിപ്ലവകാരി കൂടിയായിരുന്നു താത്രി എന്ന സാവിത്രി അന്തര്‍ജ്ജനം. സ്വശരീരത്തെത്തെന്ന ആയുധമാക്കിക്കൊണ്ടാണ് താത്രി ആ വിപ്ലവത്തിനിറങ്ങിപ്പുറപ്പെട്ടത്. ആ പെണ്ണുടലിനും പിന്നെ അവളുടെ കുശാഗ്രബുദ്ധിക്കും മുന്നില്‍ തകര്‍ന്നുവീണത് അറുപത്തിനാലോളം പുംഗവന്മാരായിരുന്നു. നൂറുകണക്കിനു പെണ്ണുടലുകളില്‍ യഥേഷ്ടം അഭിരമിക്കുവാന്‍ സ്വാതന്ത്ര്യമുള്ളവര്‍ തങ്ങളുടെ സ്ത്രീകളുടെ ദൃഷ്ടി അന്യപുരുഷന്റെ നേരേ വീണാല്‍പ്പോലും അവരെ പടിയടച്ചു പിണ്ഠം വയ്ക്കുവാനും നാടുകടത്താനും മടിയ്ക്കാത്ത സ്വസമുദായത്തിലെ പുരുഷമേല്‍ക്കോയ്മയ്ക്കെതിരേ താത്രി സ്വയം ബലിയാടാവാന്‍ തയ്യാറായി. അന്നേവരെ നമ്പൂതിരി സമുദായത്തില്‍ നിലനിന്നിരുന്ന പല അനാചാരങ്ങളുടേയും അടിവേരിളക്കിയത് താത്രിക്കുട്ടി എന്ന സാവിത്രി അന്തര്‍ജ്ജനത്തിന്റെ സ്മാര്‍ത്തവിചാരം എന്ന സംഭവംമൂലമായിരുന്നു. ഏതൊരുവന്‍ സര്‍വ്വസ്വാതന്ത്ര്യത്തോടും കൂടി തന്റെ മടിക്കുത്തഴിച്ചു തന്റെ ശരീരത്തെ രസിച്ചുവോ ആ ചെയ്തിയെത്തന്നെ അയാളെത്തകര്‍ക്കാനുള്ള ആയുധമായി താത്രിക്കുട്ടി കൈക്കൊണ്ടു. കുഞ്ഞുപ്രായത്തില്‍ തന്നെ പുരുഷന്മാരില്‍ നിന്നുമേല്‍‍ക്കേണ്ടിവന്ന പീഡനങ്ങള്‍ താത്രിക്കുട്ടിയുടെ മനസ്സിലേല്‍പ്പിച്ച ആഘാതങ്ങള്‍ വളരെ വലുതായിരുന്നു. ആ ആഘാതങ്ങള്‍ ഒരുവേള താത്രിയെ ഒരു മനോരോഗിയാക്കിയിരിക്കണം. തന്നെച്ചതച്ചരച്ചവരെ അക്കാലത്ത് നിലവിലുണ്ടായിരുന്ന ശിക്ഷകൊണ്ട് താത്രി നേരിട്ടു.

സംഭവബഹുലമായ താത്രിക്കുട്ടിയുടെ സ്മാര്‍ത്തവിചാരത്തെപ്പറ്റി ഒരു ചെറുവിവരണം

നമ്പൂതിരി സമുദായത്തിലെ സ്ത്രീകളില്‍ എന്തെങ്കിലും സ്വഭാവദോഷമോ നടപ്പുദൂഷ്യമോ ആരോപിക്കപ്പെടുന്നതിനെ അടുക്കളദോഷമെന്നാണ് അറിയപ്പെടുന്നത്. ഈ ആരോപണം ഉന്നയിക്കുന്നത് നമ്പൂതിരിമാരുടെ ഗ്രാമസഭായോഗത്തിലായിരിക്കും. ഏതെങ്കിലുമൊരു അന്തര്‍ജ്ജനത്തെപ്പറ്റി ഇപ്രകാരമൊരു ആരോപണം വന്നുകഴിഞ്ഞാല്‍ സ്വാഭാവികമായും ആ അന്തര്‍ജ്ജനത്തെ കുറ്റവിചാരണ നടത്തും. ഇപ്രകാരം നമ്പൂതിരിസ്ത്രീകളെ കുറ്റവിചാരണ ചെയ്യുന്ന ചടങ്ങിനെയാണ് സ്മാര്‍ത്തവിചാരം എന്നു പറയുന്നത്. സ്മാര്‍ത്തവിചാരത്തിന് ആറ് ഘട്ടങ്ങളാണുള്ളത്. അവ ദാസീ വിചാരം, അഞ്ചാം പുരയിലാക്കല്‍, സ്മാര്‍ത്ത വിചാരം, സ്വരൂപം ചൊല്ലല്‍, ഉദകവിച്ഛേദം, ശുദ്ധഭോജനം എന്നിങ്ങനെ തിരിക്കപ്പെട്ടിരിക്കുന്നു. ഈ ചടങ്ങുകളെല്ലാം പൂര്‍ത്തീകരിക്കാന്‍ മാസങ്ങളോ ചിലപ്പോള്‍ വര്‍ഷങ്ങളോതന്നെ എടുക്കാറുണ്ട്. സ്മാര്‍ത്തവിചാരത്തിന്റെ ആദ്യഘട്ടമെന്ന നിലയില്‍ ആരോപണവിധേയയായ അന്തര്‍ജ്ജനത്തെ സദാ അനുഗമിച്ചിരുന്ന ദാസിയെ വിചാരണ ചെയ്ത് ആരോപിതയായ അന്തര്‍ജ്ജനത്തെക്കുറിച്ചുള്ള ആരോപണത്തിനു തുമ്പുണ്ടാക്കാന്‍ ശ്രമിക്കുന്നു. ഇതാണ് ദാസീ വിചാരം. ഈ വിചാരണയില്‍ തന്റെ തമ്പുരാട്ടി പിഴച്ചുപോയിയെന്ന്‍ ദാസി വ്യക്തമാക്കിയാല്‍പ്പിന്നെ ഗ്രാമസഭയുടെ പ്രതിനിധി രാജാവിനെക്കണ്ട് വിവരം ധരിപ്പിക്കുകയും രാജാവ് ആരോപണവിധേയയെ വിചാരണ നടത്തി ശിക്ഷിക്കുവാന്‍ ഉള്ള അനുമതി ഗ്രാമസഭയ്ക്ക് രേഖാമൂലം നല്‍കുകയും ചെയ്യുന്നു. ഒപ്പം തന്റെ പ്രതിനിധിയായി ഒരു ഉദ്യോഗസ്ഥനെ അവര്‍ക്കൊപ്പം അയക്കുകയും ചെയ്യും.

ആരോപിതയായ സ്ത്രീയെ വിചാരണ ചെയ്യുന്ന ആളിനെ സ്മാര്‍ത്തന്‍ എന്നാണു വിളിക്കുക. വിചാരണ തുടങ്ങുന്നതിനുമുന്നേ കുറ്റാരോപിതയായ സ്ത്രീയെ നല്ല ബന്തവസ്സുള്ള ഒരു സ്ഥലത്തേയ്ക്ക് മാറ്റിപ്പാര്‍പ്പിക്കുന്നു. ഈ സ്ഥലത്തിനെ പറയുന്നത് അഞ്ചാംപുര എന്നാണ്. അഞ്ചാംപുരയിലേയ്ക്ക് മാറ്റപ്പെട്ട സ്ത്രീക്ക് പിന്നീട് പേരില്ലാതായിത്തീരുന്നു. പിന്നീടവര്‍ അറിയപ്പെടുന്നത് സാധനമെന്ന വിളിപ്പേരിലായിരിക്കും. ചോദ്യം ചെയ്യുമ്പോള്‍ സ്മാര്‍ത്തന്‍ സാധനത്തിനോട് നേരിട്ടല്ല ചോദ്യങ്ങള്‍ ചോദിക്കുക മറിച്ച് ദാസിയോട് ചൊദ്യം ചോദിക്കുകയും ആ ചോദ്യം ദാസി സാധനത്തിനെ അറിയിക്കുകയും സാധനം പറയുന്ന മറുപടി ദാസിമുഖേന സ്മാര്‍ത്തനിലെത്തുകയുമാണ് ചെയ്യുന്നത്. വിചാരണയ്ക്കിടയില്‍ സാധനം തെറ്റുചെയ്തതായി സമ്മതിച്ചാല്‍പ്പിന്നെ സ്മാര്‍ത്തന്‍ സാധനത്തിനോട് നേരിട്ടാവും ചോദ്യങ്ങള്‍ ചോദിക്കുക. വിചാരണ പൂര്‍ത്തിയായിക്കഴിഞ്ഞ് കുറ്റം തെളിഞ്ഞാല്‍ സ്വരൂപം ചൊല്ലല്‍ എന്ന വിധിന്യായപ്പറച്ചിലാണ്. ആരോപണവിധേയയായ സാധനവുമായി സംസര്‍ഗ്ഗമുണ്ടായിരുന്ന പുരുഷന്മാരും ഒപ്പം ആ സ്ത്രീയും സമുദായത്തില്‍നിന്നും സമൂഹത്തില്‍നിന്നും ഭ്രഷ്ടരാകുകയും ഒപ്പം നാടുകടത്തപ്പെടുകയും ചെയ്യും. ഭ്രഷ്ട് കല്‍പ്പിക്കപ്പെട്ട സാധനം മരിച്ചുപോയതായി കണക്കാക്കി പിന്നീട് ഉദകക്രീയ ചെയ്യും. ഈ ചടങ്ങില്‍ സാധനത്തിന്റെ ബന്ധുക്കള്‍ എല്ലാവരും പങ്കെടുക്കും.പത്ത് ഉദകക്രിയയും കൊട്ടുബലിയും ഇട്ടതിനുശേഷമാണ് സാധനത്തെ കൈകൊട്ടി പുറത്താക്കുന്ന ചടങ്ങ് നടക്കുന്നത്. സാധനത്തെ പുറത്താക്കിയിട്ട് അവര്‍ നടന്ന വഴിമുഴുവന്‍ ചാണകവെള്ളം തളിച്ചു ശുദ്ധമാക്കുകയും ചെയ്യും. ഉദകക്രീയക്ക് ശേഷമാണ് ശുദ്ധഭോജനം എന്ന ചടങ്ങ്. സ്മാര്‍ത്ത വിചാരത്തിന്റെ അവസാനഘട്ടമാണിത്. ഉദകക്രീയ നടത്തുന്ന ദിവസം ചടങ്ങു തീരുന്നതുവരെ പട്ടിണി അനുഷ്ഠിക്കുന്ന ഇല്ലത്തെ അംഗങ്ങള്‍ ചടങ്ങെല്ലാം തീര്‍ന്നതിനുശേഷം വലിയ സദ്യയൊരുക്കും. സ്മാര്‍ത്തവിചാരത്തില്‍ പങ്കെടുക്കുവാന്‍ വന്ന എല്ലാവരും ചേര്‍ന്ന്‍ പന്തിഭോജനം നടത്തിപ്പിരിയുന്നതോടെ ചടങ്ങുകള്‍ അവസാനിക്കുന്നു.

ഇന്നത്തെ തൃശൂര്‍ ജില്ലയിലെ തലപ്പള്ളി താലൂക്കില്‍ തിരുമുറ്റിക്കോട് കല്പകശ്ശേരിഇല്ലത്തെ അഷ്ടമൂര്‍ത്തിനമ്പൂതിരിക്ക് ജനിച്ച മകളായിരുന്നു സാവിത്രി എന്ന താത്രിക്കുട്ടി. താത്രിക്ക് പത്ത് വയസാകാറായപ്പോള്‍ (9 വയസ്സും 10 മാസവും) ഇന്നത്തെ തൃശൂര്‍ ജില്ലയിലെ പഴയ തലപ്പള്ളി താലൂക്കിലുള്ള കുറിയേടത്തില്ലത്തെ അപ്ഫന്‍ നമ്പൂതിരിയായ രാമന്‍ നമ്പൂതിരിക്ക് വേളികഴിച്ചുനല്‍കി. അങ്ങനെയാണ് താത്രി കുറിയേടത്തു താത്രിയായത്. അക്കാലത്ത് നമ്പൂതിരി സമുദായത്തില്‍ നിലവിലിരുന്ന ആചാരമനുസരിച്ച് തറവാട്ടിലെ മൂത്തനമ്പൂതിരിക്കു മാത്രമേ സ്വസമുദായത്തില്‍ നിന്നും(നമ്പൂതിരി സമുദായം) വേളികഴിക്കുവാന്‍ അനുവാദമുണ്ടായിരുന്നുള്ളൂ. താഴെയുള്ള നമ്പൂതിരിമാര്‍ക്ക്(അപ്ഫന്‍) മറ്റു ജാതികളില്‍നിന്നു സംബന്ധം മാത്രമേ അനുവദിക്കപ്പെട്ടിരുന്നുള്ളൂ. എന്നാല്‍ മൂത്തനമ്പൂതിരിക്കു വിവാഹം കഴിക്കുവാന്‍ പാടില്ലാത്തവിധം രോഗങ്ങളോ സന്താനശേഷിയില്ലാതിരിക്കുകയോ തുടങ്ങിയ കുഴപ്പങ്ങളുണ്ടായാല്‍ തറവാടിന്റെ പിന്തുടര്‍ച്ച നിലനിര്‍ത്തുവാനായി മൂത്തനമ്പൂതിരിയുടെ അനുവാദത്തോടെ വിധിപ്രകാരമുള്ള പ്രായശ്ചിത്തങ്ങള്‍ ചെയ്തുകൊണ്ട് അപ്ഫന്‍ നമ്പൂതിരിക്ക് സ്വസമുദായത്തില്‍നിന്നു വിവാഹം കഴിക്കാന്‍ അനുവാദമുണ്ടായിരുന്നു. കുറിയേടത്തെ മൂത്ത നമ്പൂതിരി മാറാരോഗബാധിതനായിരുന്നതിനാല്‍ അദ്ദേഹത്തിന്റെ അനുവാദത്തോടെ അനുജനായ രാമന്‍ നമ്പൂതിരി താത്രിയെ വേളികഴിച്ചു. വൈവാഹിക ജീവിതത്തിന്റെ പാഠങ്ങളൊന്നുമറിയാതിരുന്ന, ബാല്യം വിട്ടുമാറാതിരുന്ന താത്രിയുടെ മുന്നിലേക്ക് രാത്രിയായപ്പോള്‍ എത്തിച്ചേര്‍ന്നത് മൂത്തനമ്പൂതിരിയായിരുന്നു. ഒന്നുറക്കെ ശബ്ദമുയര്‍ത്തുവാനോ എതിര്‍ക്കുവാനോ ഒന്നും അവകാശമില്ലാതിരുന്ന ആ ബാല്യം അന്നു തച്ചുടയ്ക്കപ്പെട്ടു. അതും പിതൃതുല്യനായിക്കരുതേണ്ടവനില്‍നിന്നു. തനിക്കുണ്ടായ ക്രൂരമായ അനുഭവം താത്രിയെ ആകെയുലച്ചുകളഞ്ഞു. അതേപോലെ പിന്നീട് പലപ്പോഴും ആവര്‍ത്തിക്കപ്പെട്ടു. ഒരു വ്യാഴവട്ടക്കാലത്തോളം സമാനമായ പലപല ശാരീരികാതിക്രമങ്ങളും താത്രിക്ക് നേരിടേണ്ടി വന്നു. തന്റെ മനസ്സിലും ശരീരത്തിലുമുണ്ടായ ആഘാതം താത്രിയെ വല്ലാത്തൊരു മാനസികാവസ്ഥയിലെത്തിച്ചു. അതോടെ തന്റെ ഭര്‍ത്താവിനോടും തന്നെ നശിപ്പിച്ചവരോടും ഒക്കെയുള്ള പക തീര്‍ക്കുവാനെന്നവണ്ണം താത്രി പലരേയും വശീകരിച്ചു വശംവദയാക്കി അവരുമായെല്ലാം ശരീരം പങ്കിട്ടു. അതെല്ലാംതന്നെ പില്‍ക്കാ​‍ലത്തിലേയ്ക്ക് അവള്‍ കരുതിവച്ച ആയുധങ്ങളായിരുന്നു.

കുറിയേടത്ത് താത്രിയുടെ അടുക്കളദോഷത്തെക്കുറിച്ച് അയല്‍വായിയായ നമ്പൂതിരി നമ്പൂതിരിയോഗത്തില്‍ പരാതിപ്പെട്ടതോടെയാണ് താത്രിക്കെതിരെ അന്വേഷണമാരംഭിച്ചത്. അന്നേവരെ കേരളത്തില്‍നടന്ന സ്മാര്‍ത്തവിചാരങ്ങളില്‍ ഏറ്റവും വിവാദമായ ഒന്നായിരുന്നു കുറിയേടത്ത് താത്രിയുടെ സ്മാര്‍ത്തവിചാരം. പരാതികിട്ടിയപ്പോള്‍ രാജാവിന്റെ അനുമതിയോടെവ് 1904 അവസാനകാലഘട്ടത്തില്‍ താത്രിക്കുട്ടിയുടെ സ്മാര്‍ത്തവിചാരണ നടത്തുകയും ആചാരവിധിപ്രകാരംനടന്ന ആദ്യവിചാരത്തില്‍ താത്രിയും വിവാരത്തിലുള്‍പ്പെട്ട പുരുഷന്മാര്‍ക്കുമെല്ലാം ഭ്രഷ്ട് കല്‍പ്പിക്കുകയും ചെയ്തു. എന്നാല്‍ ഈ വിചാരണയും വിധിയും വലിയ വിമര്‍ശനങ്ങള്‍ക്കും വിവാദങ്ങള്‍ക്കും വഴിവച്ചതോടെ കൂടുതല്‍ വിപുലമായ രീതിയില്‍ അന്വേഷണം നടത്തി വിചാരണ ചെയ്യുവാന്‍ രാജതീരുമാനമുണ്ടാകുകയും ആദ്യവിചാരം നടന്ന ഇരിഞ്ഞാലക്കുടയില്‍നിന്നു കൊച്ചീരാജ്യത്തിന്റെ തലസ്ഥാനമായിരുന്ന തൃപ്പൂണിത്തുറയിലേക്ക് താത്രിയെക്കൊകൊണ്ടു വരുകയും ചെയ്തു.താത്രിക്ക് വധഭീഷണികളുണ്ടായിരുന്നതിനാല്‍ ശക്തമായ ബന്തവസ്സിലായിരുന്നു അവരെ പാര്‍പ്പിച്ചിരുന്നത്.

താത്രിയെ കുറ്റവിചാരണ ചെയ്യണമെന്ന്‍ കൊച്ചിമഹാരാജാവിന്റെ മുന്നില്‍ ആദ്യമായി ബോധിപ്പിച്ചത് കണ്ടഞ്ചാതമനയ്ക്കലെ കാരണവരായിരുന്ന വാസുദേവന്‍ നമ്പൂതിരിയായിരുന്നു. താത്രിയുടെ ആദ്യവിചാരം  വിവാദങ്ങളില്‍പ്പെട്ടതുകൊണ്ട് മഹാരാജാവിന്റെ ഉത്തരവുപ്രകാരം 1905 ജനുവരി 2 ന് താത്രിയുടെ സ്മാര്‍ത്തവിചാരം പുനരാരംഭിച്ചു.രാജപ്രതിനിധിയും നാലുസഹായികളേയും ഒപ്പം കൂട്ടി പട്ടച്ചോമയാരത്ത് ജാതവേദൻനമ്പൂതിരി സ്മാര്‍ത്തവിചാരത്തിന്റെ മുഖ്യനായ സ്മാർത്തൻ ആയി. സ്മാര്‍ത്തന്റെ ചോദ്യങ്ങള്‍ക്ക് താത്രിക്കുട്ടി നിര്‍ഭയം ഉത്തരങ്ങള്‍നല്‍കി. താനുമായി സംസര്‍ഗ്ഗമുണ്ടായിരുന്നു 64 പുരുഷന്മാരുടെ പേരുകള്‍ താത്രി സ്മാര്‍ത്തനുമുന്നില്‍ വെളിപ്പെടുത്തി. അക്കൂട്ടത്തില്‍ താത്രിയുടെ സ്വന്തം അച്ഛനും സഹോദരനും അമ്മാവനും ഗുരുനാഥനും ഭര്‍ത്താവും സമൂഹത്തിലെ പ്രമാണികളായ പലരുമുണ്ടായിരുന്നു. താത്രി ഓരോ പേരു വിളിച്ചു പറയുമ്പോഴും പിന്നെയാര് പിന്നെയാര് എന്നു വ്യഗ്രതപ്പെട്ട സ്മാര്‍ത്തനെപ്പോലും ഞെട്ടിപ്പിച്ചുകൊണ്ടാണ് 65 ആമന്റെ പേര് താത്രി പറഞ്ഞത്. ആ പേര് പരസ്യമാക്കുവാന്‍ സ്മാര്‍ത്തന്‍ അനുവദിക്കാതെ താത്രിക്കുട്ടിയുടെ സ്മാര്‍ത്തവിചാരം പൂര്‍ത്തിയായതായി പ്രഖ്യാപിച്ചു. വിചാരണവേളയില്‍ താത്രി പേരുവിളിച്ചുപറഞ്ഞ 64 പുരുഷന്മാരെയും വിചാരണചെയ്തു. സ്മാര്‍ത്തവിചാരത്തിന്റെ ചരിത്രത്തിലാദ്യമായി ഈ പുരുഷന്മാര്‍ക്ക് തങ്ങളുടെ ഭാഗം ന്യായീകരിക്കുവാനുള്ള അവസരം നല്‍കപ്പെട്ടെങ്കിലും വിചാരത്തിന്റെയൊടുവില്‍ ആ 64 പുരുഷന്മാരെയും അവരുടെ കുടുംബാംഗങ്ങളേയും ഒപ്പം താത്രിക്കുട്ടിയേയും സമുദായത്തില്‍നിന്നു ഭ്രഷ്ട് കല്‍പ്പിച്ചു പുറത്താക്കി. 1905 ജൂലൈ 4 നാണ് ഈ തീരുമാനമുണ്ടായത്. 30 നമ്പൂതിരിമാർ, 10 അയ്യർ, 13 അമ്പലവാസികൾ, 11 നായന്മാർ എന്നിങ്ങനെ സമൂഹത്തിന്റെ വിവിധ മേഖലകളിലുള്ള 64 പേരാണ് ഭ്രഷ്ടരായി മാറിയത്.

ഭ്രഷ്ടയാക്കപ്പെട്ട താത്രിയെ സര്‍ക്കാര്‍ അധീനതയിലുള്ള ഒരു മഠത്തിലേക്ക് കൊണ്ടുപോയതായി അവസാനമുള്ള രേഖകള്‍ കാണിക്കുന്നു. എന്നാല്‍ ക്രൈസ്തവവിശ്വാസിയായിത്തീര്‍ന്ന താത്രി അതേമതത്തില്‍പ്പെട്ട ഒരാളെ വിവാഹം കഴിച്ചു ജീവിക്കുകയുണ്ടായി എന്നും പറയപ്പെടുന്നു. പത്തുവയസ്സുമുതല്‍ ഒരുപാട് പുരുഷന്മാരുമായി ശാരീരികവേഴ്ച സംഭവിച്ചിട്ടുള്ള താത്രിക്ക് ആ ബന്ധങ്ങളില്‍ ഏതെങ്കിലും കുട്ടികള്‍ ഉണ്ടായിട്ടുള്ളതായി ഒരു രേഖകളിലും പറയുന്നില്ല. എന്നാല്‍ ഭ്രഷ്ടയാക്കപ്പെട്ടശേഷം വിവാഹിതയായ അവര്‍ക്ക് മൂന്നു കുട്ടികള്‍ ഉണ്ടായതായി പറയപ്പെടുന്നുണ്ട്. എന്നാല്‍ ഒന്നിനും കൃത്യമായ രേഖകളില്ല. മലയാളത്തിലെ ഒരു പ്രസിദ്ധസിനിമാതാരം താത്രിക്കുട്ടിയുടെ മകളുടെ മകളാണ് എന്ന്‍ ചില പറച്ചിലുകള്‍ ഇടയ്ക്കുയര്‍ന്നുകേട്ടെങ്കിലും പ്രസ്തുതതാരം അതു നിഷേധിക്കുകയാണ് ചെയ്തത്.

അക്ഷരാര്‍ത്ഥത്തില്‍ കേരളീയ സാമൂഹ്യമേഖലയെ ആകെ പിടിച്ചുകുലുക്കിയ ഒന്നായിരുന്നു താത്രിക്കുട്ടിയുടെ സ്മാര്‍ത്തവിചാരം. 65 ആമനായി വീണ്ടുമൊരു പേര് പറയാന്‍തുനിഞ്ഞ താത്രിക്കുട്ടിയെ സ്മാര്‍ത്തന്‍ തടഞ്ഞത് ആ പേര് മഹാരാജാവിന്റേതായിരുന്നതുകൊണ്ടായിരുന്നുവെന്ന്‍ പറയപ്പെടുന്നു. കുഞ്ഞുന്നാളിലെ തനിക്കേറ്റ പീഡനങ്ങള്‍ താത്രിക്കുട്ടിയുടെ ഉള്ളില്‍ പകയായി എരിഞ്ഞതുകൊണ്ട് താത്രി സ്വയം വിചാരണയ്ക്ക് തയ്യാറാവുകയായിരുന്നു എന്നു പരക്കെ വിശ്വസിക്കപ്പെടുന്നു. കണ്ടഞ്ചാതമനയ്ക്കലെ വാസുദേവന്‍ നമ്പൂതിരിയെക്കൊണ്ട് നമ്പൂതിരിസഭയില്‍ പരാതിനല്‍കിയതുപോലും താത്രിയുടെ നിര്‍ദ്ദേശപ്രകാരമാണെന്ന്‍ പറയപ്പെടുന്നു.

നമ്പൂതിരിസമുദായത്തിന്റെ അചാരാനുഷ്ഠാനകോട്ടകൊത്തളങ്ങളില്‍ വന്‍വിള്ളലുകള്‍ സൃഷ്ടിച്ച ഒന്നായിരുന്നു താത്രിക്കുട്ടി സംഭവം. ബ്രാഹ്മണ്യമേധാവിത്വത്തിന്റെ തകര്‍ച്ചയുടെ തുടക്കവും മറക്കുടകളില്‍ മുഖമൊളിപ്പിച്ചുനടന്നിരുന്ന അന്തര്‍ജ്ജനങ്ങള്‍ വെളിച്ചത്തിനുനേരേ നോക്കാന്‍ ധൈര്യപ്പെട്ടുതുടങ്ങിയതുമൊക്കെ ഈ സ്മാര്‍ത്തവിചാരശേഷമായിരുന്നു. താത്രിക്കുട്ടിസംഭവം അത്രമാത്രം വിസ്ഫോടനങ്ങള്‍ക്ക് വഴിതെളിച്ചുകഴിഞ്ഞിരുന്നു. താത്രിക്കുട്ടിയുടെ സ്മാര്‍ത്ത വിചാരം വിഷയമാക്കി നിരവധി രചനകള്‍ മലയാള സാഹിത്യത്തിലുണ്ടായിട്ടുണ്ട്. മാടമ്പ് കുഞ്ഞിക്കുട്ടന്റെ ഭ്രഷ്ട്, ഉണ്ണികൃഷ്ണന്‍ പുതൂരിന്റെ അമൃതമഥനം, ആലങ്കോട് ലീലാകൃഷ്ണന്റെ സ്മാര്‍ത്തവിചാരം, നന്ദന്റെ കുറിയേടത്ത് താത്രി എന്നിവ അവയില്‍ ചിലതുമാത്രമാണ്. ലളിതാംബികാ അന്തര്‍ജ്ജനം എഴുതിയ അഗ്നിസാക്ഷി എന്ന നോവലും കുറിയേടത്തു താത്രി എന്ന ധീരവനിതയുടെ വിപ്ലവം ഉള്‍കൊണ്ടു സൃഷ്ടിക്കപ്പെട്ട ഒന്നുതന്നെയായിരുന്നു. മലയാളത്തില്‍ എം ടി വാസുദേവന്‍ നായര്‍ രചന നിര്‍വഹിച്ച് ഹരിഹരന്‍ സംവിധാനം ചെയ്ത പരിണയമെന്ന സിനിമ താത്രിക്കുട്ടിയുടെ സ്മാര്‍ത്തവിചാരം ആസ്പദമാക്കി സൃഷ്ടിക്കപ്പെട്ട ഒന്നായിരുന്നു.  കുറിയേടത്ത് താത്രി എന്ന പേരില്‍ ഒരു മലയാളനാടകവും പ്രദര്‍ശിക്കപ്പെട്ടിട്ടുണ്ട്.

സാമൂഹിക അനാചാരങ്ങളുടേയും ബ്രാഹ്മണ്യമേധാവിത്വങ്ങളുടേയും അസ്ഥിവാരമിളക്കാന്‍ ഹേതുവായ വിപ്ലവകാരിയായ താത്രിക്കുട്ടിയുടെ ഒരു നൂറ്റാണ്ട് മുന്നേ നടന്ന സ്മാര്‍ത്തവിചാരവും അതിനുശേഷമുള്ള വിസ്ഫൊടനങ്ങളും ഈ ആധുനികകാലത്തും പ്രസ്ക്തിയുള്ളതായി നിലകൊള്ളുന്നു.

(വിവര‍ങ്ങള്‍ക്കും ചിത്രത്തിനും കടപ്പാട് ഗൂഗില്‍, ചില ബ്ലോഗുകള്‍, വിക്കീപ്പീഡിയ എന്നിവയാണ്)

ശ്രീ.... 

5 comments:

  1. സാമൂഹിക അനാചാരങ്ങളുടേയും ബ്രാഹ്മണ്യമേധാവിത്വങ്ങളുടേയും അസ്ഥിവാരമിളക്കാന്‍ ഹേതുവായ വിപ്ലവകാരിയായ താത്രിക്കുട്ടിയുടെ ഒരു നൂറ്റാണ്ട് മുന്നേ നടന്ന സ്മാര്‍ത്തവിചാരവും അതിനുശേഷമുള്ള വിസ്ഫൊടനങ്ങളും ഈ ആധുനികകാലത്തും പ്രസ്ക്തിയുള്ളതായി നിലകൊള്ളുന്നു.

    ReplyDelete