"ഏലാപ്പുറം ബോയ്സ് ആര്‍ട്ട്സ് ആന്‍ഡ് സ്പോര്‍ട്സ് ക്ലബ്ബിന്റെ ആഭിമുഖ്യത്തില്‍ നടക്കുന്ന ഇക്കൊല്ലത്തെ ഓണാഘോഷപരിപാടികള്‍ കൃത്യം 9 മണിക്ക് തന്നെ മാറുവീട് ശിവപാര്‍വ്വതീക്ഷേത്രഗ്രൌണ്ടില്‍ വച്ച് ആരംഭിക്കുന്നതാണ്. പരിപാടികള്‍ ഗംഭീരവിജയമാകുന്നതിനായി സംഭാവനകള്‍ തരാമെന്നേറ്റിട്ടുള്ളവര്‍ ദയവായി എത്രയും പെട്ടന്നു തന്നെ അത് കമ്മറ്റിയാപ്പീസിലെത്തിച്ച് രസീത് വാങ്ങേണ്ടതാകുന്നു. മത്സരങ്ങളില്‍ പങ്കെടുക്കുവാന്‍ പേരുകള്‍ നല്‍കിയിട്ടുള്ളവര്‍ ഗ്രൌണ്ടിലേയ്ക്കെത്തുക"
ഒരിക്കല്‍ക്കൂടി നല്ല മുഴക്കത്തില്‍ അനൌണ്‍സ് കര്‍മ്മം നടത്തിയിട്ട് മൈക്ക് അശോകനു കൊടുത്ത് കൊണ്ട് ഓണാഘോഷക്കമ്മറ്റി സെക്രട്ടറി മണിയന്‍ ചരുവിള ക്ലബ്ബിലേയ്ക്ക് ചെന്നിട്ട് കസേരയിലേയ്ക്കമര്‍ന്നിരുന്നു.
"മണിയണ്ണാ വടം വലിയ്ക്കുള്ള വടം ഇതേവരെ കൊണ്ടു വന്നിട്ടില്ല. ഇനിയിപ്പം എന്തോ ചെയ്യും"
തന്റെ മുമ്പില്‍ വന്നുനിന്ന്‍ തല ചൊറിഞ്ഞുകൊണ്ടു നില്‍ക്കുന്ന കുട്ടപ്പനെ നോക്കിയ മണിയന് അരിശം കയറി.
"എടാ നീയല്ലേ പറഞ്ഞത് പ്രകാശന്‍ പത്തു മണിക്കുമുമ്പേ വടോം കൊണ്ട് വരുമെന്ന്‍. എന്നിട്ട് ഇനി വലിക്കാനായി വടത്തിനു ഞാന്‍ എന്നാ ചെയ്യും. ഇന്നാ അന്റെ അരേലൊരു ചരടൊണ്ട്. അതഴിച്ചു വലിക്കെല്ലാവരും കൂടി".
മണിയന്‍ എഴുന്നേറ്റ് തന്റെ മുണ്ടിന്റെ കോന്തലയൊന്നു പൊക്കി
"അണ്ണാ അതു പിന്നെ പ്രകാശനും രാജൂമെല്ലാം കൂടി രാവിലെ തന്നെ ആ പണേലിരുന്ന്‍ അടിച്ച് വാളും വച്ചവിടെ കിടക്കുന്നു. ഞാനെന്തു ചെയ്യാനാ. ഒരു കാര്യം ചെയ്യാം. നമ്മുടെ ഒറയിറക്കുന്ന സുദേവന്റെ കയ്യില്‍ ഒരു വടമുണ്ട്. ഞാന്‍ പോയി അത് ഒപ്പിച്ചുകൊണ്ട് വരാം"
"നീ എന്തു പണ്ടാരമെങ്കിലും ചെയ്യ്"
തലയില്‍ കയ്യ് വച്ചുകൊണ്ട് മണിയന്‍ അല്‍പ്പനേരമതേയിരിപ്പിരുന്നു. തനിക്കീ പുലിവാലു പിടിക്കേണ്ട വല്ല കാര്യവുമൊണ്ടായിരുന്നോ. ചെക്കമ്മാരെല്ലാം കൂടി നിര്‍ബന്ധിച്ചപ്പോള്‍ താനൊന്നിളകിപ്പോയി. നല്ലോരോണമായി നമ്മുടെ ഗ്രാമത്തിലും അല്‍പ്പം ബഹളോം ഒച്ചേം ഒക്കെയൊണ്ടായിക്കോട്ടെയെന്നു താനും കരുതി. ആകെ പത്തായിരത്തഞ്ഞൂറു രൂപേല് എല്ലാം കൂടി തീരുമെന്ന്‍ കരുതീട്ടിപ്പം തന്നെ പൈസയെത്രയായി. ഇനി മൈക്ക് സെറ്റുകാര്‍ക്ക് കൊടുക്കണം, സമ്മാനം കൊടുക്കാനായി മേടിച്ച സാധനങ്ങളുടെ വില. വടം വലി ജേതാക്കള്‍ക്ക് കൊടുക്കാനുള്ള കുല മേടിച്ച വക. ഓര്‍ക്കുമ്പം തന്നെ തല പെരുക്കുന്നു. പിരിവു തരാമെന്നേറ്റ ഒരൊറ്റ നാറികളും അതൊട്ടു തന്നിട്ടുമില്ല. ഇനിയെന്തോ ചെയ്യും. കഴുത്തില്‍കിടക്കുന്ന മാലയില്‍ തടവിക്കൊണ്ട് മണിയനാലോചനയില്‍ മുഴുകി.
"അതെ വാശിയേറിയ ഈ ഓട്ട മത്സരത്തില്‍ വിജയിച്ചത് മാധവണ്ണന്റെ പൊന്നോമനപുത്രന്‍ സുധിയാണ്. അടുത്തതായി കസേരകളി മത്സരമാണ്. ആ ഭാഗത്തു നില്‍ക്കുന്ന ആള്‍ക്കാരൊക്കെ ഒന്നു സൈഡൊതുങ്ങി നിന്നേ"
അശോകന്‍ തകര്‍ക്കുകയാണു. ക്ലബ്ബിലേയ്ക്ക് വന്ന മെമ്പര്‍ രാജേഷ് മണിയണ്ണന്റെ കാതില്‍ ഒരു സ്വകാര്യം പറഞ്ഞു. ഉടനെ തന്നെ രണ്ടുപേരും കൂടി കടയുടെ പുറകുവശത്തേയ്ക്ക് നടന്നു. ചിറിയും തുടച്ചുകൊണ്ട് ഒരു സിഗററ്റും പുകച്ച് മണിയന്‍ തിരിച്ചുവന്ന്‍ കസേരമേലിരുന്നു. കുന്നും പുറത്തെ ഗോപിയാശാന്‍ ആടിയാടിയവിടെ നില്‍പ്പുണ്ടായിരുന്നു.
"എടാ മണിയാ വടം വലിക്ക് എന്നേം കൂട്ടണം. ഇല്ലേലൊണ്ടല്ലോ എന്റെ തനിക്കൊണം ഞാന്‍ കാണിയ്ക്കും"
കൊഴയുന്ന ശബ്ദത്തില്‍ പറഞ്ഞിട്ട് പോക്കറ്റില്‍ നിന്നും ഒരമ്പതുരൂപായെടുത്ത് ആശാന്‍ മണിയ്ക്ക് നേരെ നീട്ടി. സന്തോഷത്തോടെ മണിയന്‍ ആ കാശുവാങ്ങിയിട്ട് പെട്ടന്നൊരു രസീതെഴുതി.
"ഉച്ചയാവുമ്പൊഴേയ്ക്കും പിടുത്തം വിടും. ആരെയെങ്കിലും ഒരാളിനെക്കൂടികൂട്ടി ഒരരയെടുത്ത് വച്ചേക്ക്. ഞാന്‍ പോയി വല്ലോം കഴിച്ചേച്ചു വരാം".
അഴിഞ്ഞ കൈലിയുടുക്കുവാന്‍ പണിപ്പെട്ടുകൊണ്ട് ഗോപിയാശാന്‍ മെല്ലെ നടന്നു. എഴുതിയ രസീത് ചുരുട്ടിക്കൂട്ടിക്കളഞ്ഞിട്ട് മണിയന്‍ കസേരയിലിരുന്നു.
വടവുമായി വന്ന കുട്ടപ്പന്‍ വടം മേശപ്പുറത്തുവച്ചിട്ട് ശ്വാസം വലിച്ചെടുത്തു.
"എന്റെ പൊന്നുമണിയണ്ണാ. ആ സുദേവന്റെയൊരു ജാഡ. വൈകുന്നേരം നൂറുരൂപാ സഹിതം വടം തിരിച്ചേല്‍പ്പിച്ചോളാനാ കല്‍പ്പന"
"എന്റെ കുട്ടപ്പാ എന്തായാലും സാധനം കിട്ടിയല്ലോ. നീ പോയി പ്രഭാകരന്‍ മാമന്റെ കടയില്‍ നിന്നും ഒരു രണ്ടുമൂന്നു പായ്ക്കറ്റ് ബിസ്ക്കറ്റ് മേടിച്ചോണ്ടുവാ. ബിസ്ക്കറ്റ് കടി മത്സരത്തിനു വച്ചിരുന്ന ബിസ്ക്കറ്റൊക്കെ അവമ്മാരു കള്ളുകുടിക്ക് ടച്ചിംഗ്സായിട്ടെടുത്തുകളഞ്ഞു. ഭാഗ്യത്തിനു പഴക്കുല ഞാന്‍ വീട്ടിവച്ചതു നന്നായി. അല്ലേലതും തീര്‍ത്തനെ. ആ മുളയില്‍ കയറ്റത്തിന്റെ ഒരുക്കമെവിടെ വരെയായോ ആവോ"
മണിയന്‍ മെല്ലെയെഴുന്നേറ്റ് വീണ്ടും കടയുടെ പുറകു വശത്തേയ്ക്ക് നടന്നു.
കസേരകളി മത്സരം, സുന്ദരിക്ക് പൊട്ടുതൊടല്‍, പുന്നയ്ക്ക പെറുക്കല്‍, ചാക്കില്‍ കയറിയോട്ടം, ഓട്ടമത്സരം എന്നിവയെല്ലാം കഴിഞ്ഞപ്പോള്‍ ഉച്ചയാവുകയും മിക്കപേരും ഉണ്ണുവാനായി അവരവരുടെ വീടുകളിലേയ്ക്ക് പോവുകയും ചെയ്തു.
ഉച്ചയ്ക്കുശേഷം സിനിമാഗാനമത്സരമായിരുന്നാദ്യം. കര്‍ണ്ണഘടോരമായ ശബ്ദത്തില്‍ ഏലാപ്പുറത്തെ യേശുദാസ്മാരും ചിത്രമാരും തമിഴ് മലയാളം പാട്ടുകള്‍ തകര്‍ത്തുപാടി. മൂന്നുമണിയോടെ മുളയില്‍ കയറ്റ മത്സരമാരംഭിച്ചു.
രാജീവ്, കൊച്ചൂട്ടന്‍,അശോകന്‍,വിനോദ്,തിലകന്‍,പ്രകാശ്,സുധിന്ദ്രന്‍,മഹേഷ് തുടങ്ങിയ പ്രജകള്‍ അരയും തലയും മുറുക്കി മത്സരരംഗത്തേയ്ക്ക് കടന്നു. 500 രൂപയും തോര്‍ത്തും ആരെടുക്കും എന്ന ആകാംഷയില്‍ കാണികള്‍ ശ്രദ്ധാപൂര്‍വ്വം മത്സരം വീക്ഷിച്ചുകൊണ്ടിരുന്നു. ഒരുവേള രാജീവ് തോര്‍ത്തില്‍ പിടിച്ചു എന്ന തോന്നലുണ്ടാക്കിയതും ആശാനുടുത്തിരുന്ന തോര്‍ത്തഴിഞ്ഞ്പോയതുമൂലം ആ ശ്രമം പരാജയപ്പെട്ടു. ആര്‍പ്പുവിളികള്‍ക്കും ബഹളങ്ങള്‍ക്കുമൊടുവില്‍ മഹേഷ് എന്ന യുവപ്രജ ആ 500രൂപയും തോര്‍ത്തും സ്വന്തമാക്കി. മുളയില്‍ നിന്നും താഴെയിറങ്ങിയ ഉടനെ ആ പണവുമായി ഒരാള്‍ ബിവറെജിലേയ്ക്ക് പുറപ്പെട്ടു.
വിവാഹിതരും അവിവാഹിതരുമായുള്ള വടം വലി മത്സരമായിരുന്നടുത്തത്. വിജയികള്‍ക്കായുള്ള കൂറ്റന്‍ പഴക്കുല മത്സരം നടക്കുന്ന സ്ഥലത്തിനടുത്തായി കെട്ടിതൂക്കിയിട്ടുണ്ടായിരുന്നു. അടിച്ചു പാമ്പായി നില്‍ക്കുന്ന വിവാഹിതമ്മാരും അവിവാഹിതമ്മാരും രണ്ടായിപ്പിരിഞ്ഞ് വടത്തിന്റെ ഓരോ തലകളില്‍ പിടിച്ചു. റഫറിയായി നിന്നത് തങ്കപ്പണ്ണനായിരുന്നു. ആശാനു വിസിലൂതാനുള്ള കെല്‍പ്പ് പോലുമുണ്ടായിരുന്നില്ല എന്നതാണു സത്യം. വയലിന്റെ കുറുകേയുള്ള റോഡിലാണു മത്സരം നടക്കുന്നത്. സ്വന്തം കണവമ്മാരുടെ പ്രകടനം കാണാന്‍ എത്തിയ ശ്രീമതിമാരും മറ്റുള്ളവരും വയല് വരമ്പുകളിലും റോഡിന്റെ വശങ്ങളിലുമായി സ്ഥാനം പിടിച്ചു. വണ്‍, ടൂ, ത്രീ എന്നാരോ ഉച്ചത്തില്‍ പറഞ്ഞതും തങ്കപ്പണ്ണന്‍ വിസില്‍ ഊതിയതും വടം വലി ആരംഭിച്ചതുമെല്ലാം ഒറ്റയടിയ്ക്കായിരുന്നു. വിവാഹിതരും അവിവാഹിതരും ഒട്ടുംതന്നെ വിട്ടുകൊടുക്കുവാന്‍ തയ്യാറായിരുന്നില്ല. എന്നിരുന്നാലും അവിവാഹിതരുടെ ശക്തി വിവാഹിതര്‍ അറിയുക തന്നെ ചെയ്തു. അതിശക്തമായൊരു വലിയില്‍ വിവാഹിതര്‍ക്കടിതെറ്റുകയും പലരും മറിഞ്ഞുവീഴുകയും ചെയ്തു. വീണവരേയും വലിച്ചെഴച്ചുകൊണ്ട് അവിവാഹിതര്‍ വടവുമായി പാഞ്ഞു. തറയിലൂടെ വലിച്ചെഴച്ചതുമൂലം മുട്ടാകെ പൊട്ടിയൊലിച്ച ഗോപിയാശാനെ അപ്പോള്‍ തന്നെ ജാനകി ക്ലിനിക്കിലേയ്ക്ക് കൊണ്ടുപോയി.
അങ്ങിനെ ഓണാഘോഷ പരിപാടികളെല്ലാം മംഗളമായവസാനിച്ചു.
കണക്കുകള്‍ കൂട്ടിനോക്കിയ മണിയന്റെ കണ്ണുതള്ളി. പത്തയ്യായിരം രൂപയ്ക്കെവിടെപ്പോകാന്‍. ആരുതരും. മൈക്കുസെറ്റും മറ്റെല്ലാം കൊടുത്തിട്ട് മടങ്ങിവന്ന പിള്ളേര്‍ തലയും ചൊറിഞ്ഞ് മണിയന്റെ മുമ്പില്‍ നിന്നു. എന്തായാലും കടം തന്നെ. മണിയന്‍ പോക്കറ്റിലിരുന്ന നാനൂറു രൂപായെടുത്തൊരുത്തനെയേല്‍പ്പിച്ചു. അവനപ്പോള്‍ തന്നെ ചരക്കുവാങ്ങാനായിപ്പോയി. ആഘോഷം പാതിരാത്രി വരെ നീണ്ടു. അടിച്ചു പാമ്പായ ചെക്കമ്മാരൊക്കെ എഴുന്നേറ്റെങ്ങോ പോയി. നല്ല പിടുത്തമായ മണിയന്‍ ക്ലബ്ബില്‍ തന്നെ കിടന്നുറങ്ങി.
ആരുടെയോ വിളി കേട്ടാണു മണിയനുണര്‍ന്നത്. കണ്മുന്നില്‍ ദേക്ഷ്യം കൊണ്ടു വിറച്ചു നില്‍ക്കുന്ന പ്രഭാകരന്‍ പിള്ളയെക്കണ്ട മണിയന്‍ ഒന്നമ്പരന്നു. അവന്‍ പെട്ടന്ന്‍ ചാടിയെഴുന്നേറ്റു.
"എടാ നീ ചെക്കമ്മാര്‍ക്ക് കള്ളുമേടിച്ചുകൊടുക്കുമല്ലേ. എന്റെ പണയിലേയ്ക്കൊന്ന്‍ വന്നുനോക്ക്. ആന കേറിയതുപോലുണ്ട്. രണ്ടു കരിക്കടത്തുകുടിക്കുന്നതു ഞാന്‍ ക്ഷമിക്കും. പക്ഷേ എന്റെ വാഴ മുഴുവന്‍ ചവിട്ടിയൊടിച്ച് മരിച്ചീനിയൊക്കെ വലിച്ചുപുഴുത് നീ തന്നെ ഇതിനു സമാധാനം പറയണം"
തന്റെ മുന്നില്‍ നിന്നുമാക്രോശിക്കുന്ന പ്രഭാകരന്‍ പിള്ളയെ മണിയന്‍ ദയനീയമായി നോക്കി. ഈ സമയം കുട്ടപ്പന്‍ എവിടുന്നോ ഓടിവന്നു മണിയനെ മാറ്റി നിര്‍ത്തി രഹസ്യം പറഞ്ഞു.
"മണിയണ്ണാ. ഇന്നലെ അവമ്മാരാകെ കൊഴപ്പമുണ്ടാക്കി. രാത്രി വാസുപിള്ളയുടെ വീടിനു കല്ലെറിഞ്ഞു. സുമതിച്ചേച്ചീടെ തട്ടുകട മറിച്ച് വയലിലിട്ടു. റോഡിന്റെ സൈഡില്‍ കിടന്ന ആ പോസ്റ്റ് പിടിച്ചു റോഡിനു കുറുകേയിട്ടു. ഏതോ വണ്ടിക്കാരെ അടിച്ചെന്നും പറയുന്നുണ്ട്. ഇപ്പോ എല്ലാം മുങ്ങിയിരിക്കുവാ. റോഡിലെല്ലാരും പറയുന്നത് അണ്ണനുമൊണ്ടായിരുന്നെന്നാ. ആ വാസുപിള്ള കേസുകൊടുത്തിട്ടൊണ്ട്. കൊഴപ്പമാവുമെന്നാ തോന്നുന്നത്"
മണിയന്‍ എന്തുചെയ്യണമെന്നറിയാതെ ദയനീയമായി കുട്ടപ്പനെയൊന്നുനോക്കി. റോഡിലൂടെ ഒരു വണ്ടി വരുന്ന ഒച്ചകേട്ട് കുട്ടപ്പന്‍ എത്തിനോക്കി.
"അണ്ണാ പോലീസ്..ഓടിക്കോ"
അലര്‍ച്ചയും കുട്ടപ്പന്റെ ഓട്ടവും ഒരുമിച്ചായിരുന്നു. കടയ്ക്കുമുമ്പില്‍ വന്നുനിന്ന ജീപ്പില്‍ നിന്നും പുറത്തിറങ്ങിയ പോലീസുകാര്‍ അകലെ എന്തോ മിന്നായം പോലെ മറയുന്നതു മാത്രം കണ്ടു. അറസ്റ്റു ചെയ്യാന്‍ പാകത്തില്‍ ഒരു ജോഡി ചെരിപ്പവിടെ കിടക്കുന്നുണ്ടായിരുന്നു...
ശ്രീക്കുട്ടന്‍.
Monday, August 27, 2012
Friday, August 17, 2012
ആറമ്മുള വലിയ ബാലകൃഷ്ണന്‍
ആറമ്മുള വലിയ ബാലകൃഷ്ണനെക്കുറിച്ചുള്ള ഈ ചെറുകുറിപ്പിനു നിദാനം ശ്രീമാന്‍ കൊട്ടാരത്തില്‍ ശങ്കുണ്ണിയുടേ ഐതീഹ്യമാല എന്ന കൃതിയാണു. ഇതിലെഴുതിയിരിക്കുന്നതിന്റെ തൊണ്ണൂറ്റൊമ്പത് ശതമാനവും അദ്ദേഹത്തിന്റെ വാചകങ്ങള്‍ തന്നെ. തലയുയര്‍ത്തിപ്പിടിച്ചുനില്‍ക്കുന്ന കരിവീരമ്മാരെ കാണുന്നതും ആസ്വദിക്കുന്നതും ഒക്കെ ഒരു ഹരമായതുകൊണ്ട് എഴുതിപ്പോയതാണ്. പലപ്പോഴും കേട്ടുകേള്‍വിയനുസരിച്ചുള്ളവ അതിശയോക്തിപരങ്ങളായിരിക്കും. എന്നിരുന്നാലും ഇതെല്ലാം സത്യമായിരുന്നു എന്നു വിശ്വസിക്കാനാണെനിക്കിഷ്ടം..
ഒരിക്കല്‍ കാര്‍ത്തിക തിരുനാള്‍ രാമവര്‍മ്മ മഹാരാജാവ് നടത്തിയ മുറജപത്തിനു സദ്യ വിളമ്പിയപ്പോള്‍ സദ്യക്കൊപ്പം വിളമ്പിയ എരിശ്ശേരി പാകം ചെയ്തത് പ്രസിദ്ധരായ ആറമ്മുള്ള സമൂഹക്കാര്‍ ആയിരുന്നു. മഹാരാജാവിന്റെ പ്രത്യേകക്ഷണപ്രകാരമാണു അവര്‍ മുറജപത്തില്‍ ദേഹണ്ഡക്കാരായെത്തിയത്. മുറജപമൊക്കെ സമംഗളം കഴിഞ്ഞപ്പോള്‍ മഹാരാജാവ് സന്തോഷിച്ച് ആറമ്മുള സമൂഹക്കാര്‍ക്ക് ധാരാളം സമ്മാനങ്ങള്‍ നല്‍കുകയുണ്ടായി. സന്തോഷവാന്മാരായ സമൂഹക്കാര്‍ മഹാരാജാവിനോട് തങ്ങള്‍ക്ക് ആറമ്മുളയപ്പന് നടയ്ക്ക് വയ്ക്കുന്നതിനായി ഒരാനയെ തന്നാല്‍ വലിയ ഉപകാരമായിരിക്കും എന്നുണര്‍ത്തിച്ചു. അപ്പോള്‍ തന്നെ മഹാരാജാവ് ലായം കാര്യക്കാരെ തിരുമുമ്പില്‍ വരുത്തുകയും ആറമ്മുളസമൂഹക്കാര്‍ക്ക് അവരാവശ്യപ്പെടുന്ന ഒരാനയെ നല്‍കണമെന്ന്‍ കല്‍പ്പിക്കുകയും ചെയ്തു. അപ്രകാരം അവരെല്ലം കൂടി ലായത്തിലെത്തുകയും അവിടെയുണ്ടായിരുന്ന ഒരാനയെ ചൂണ്ടിക്കാട്ടി അതിനെ വേണമെന്നാവശ്യപ്പെടുകയും ചെയ്തു. അങ്ങിനെ കിട്ടിയ ആനയെ അവര്‍ കൊണ്ടുപോവുകയും കരക്കാരും മറ്റു പ്രമുഖരുമെല്ലാം ചേര്‍ന്നുകൊണ്ട് ആനയെ വലിയ ബാലകൃഷ്ണന്‍ എന്ന്‍ നാമകരണം ചെയ്ത് ആഘോഷപൂര്‍വ്വം നടയ്ക്കിരുത്തുകയും ചെയ്തു.
അക്കാലത്ത് ആറമ്മുള ദേവസ്വം വകയായി കരക്കാരെല്ലാം കൂടി ചേര്‍ന്ന്‍ വിലയ്ക്ക് വാങ്ങി നടയ്ക്കിരുത്തിയ ബാലകൃഷ്ണന്‍ എന്നും പിന്നെ റാന്നി കര്‍ത്താവ് നടയ്ക്കിരുത്തിയ കുട്ടികൃഷ്ണന്‍ എന്നും പേരുള്ള രണ്ട് ആനകള്‍ കൂടിയുണ്ടായിരുന്നു. വലിയ ബാലകൃഷ്ണന്‍ ഇവരോടൊപ്പം ചേര്‍ന്നു. ഒന്നുരണ്ടുവര്‍ഷങ്ങള്‍ക്കുള്ളില്‍ വലിയ ബാലകൃഷ്ണന്‍ തടിച്ചുകൊഴുത്ത് മുമ്പ് അവനെകണ്ടിട്ടുള്ളവ്ര്‍ പോലും തിരിച്ചറിയാന്‍ വയ്യാത്ത തരത്തില്‍ ദേഹപുഷ്ടിയും തലയെടുപ്പുമുള്ളവനുമായി തീര്‍ന്നു. വലിയ ബാലകൃഷ്ണന്റെ പ്രധാനപാപ്പാന്‍ കക്കുഴി നാരായണന്‍ നായര്‍ എന്ന ഒരാളായിരുന്നു. ബാലകൃഷ്ണനെ സ്വന്തം മകനെപ്പോലെ നോക്കുകയും മറ്റും ചെയ്തിരുന്ന നാരായണന്‍ നായരെ ബാലകൃഷ്ണനും വളരെയേറെ സ്നേഹിച്ചിരുന്നു.
ആറമ്മുളക്ഷേത്രത്തിനടുള്ള ആറ്റിലെ ഒരു കയത്തിലായിരുന്നു വലിയ ബാലകൃഷ്ണന്‍ മുങ്ങിക്കിടക്കുന്നത്. ദേവന്റെ നിക്ഷേപ മുതലുകള്‍ കിടക്കുന്നതും ആ കയത്തിലായിരുന്നു. അമ്പലത്തില്‍ ശീവേലിയ്ക്ക് പാണികൊട്ടുന്നതുകേട്ടാല്‍ ആരും വിളിക്കാതെ തന്നെ ബാലകൃഷ്ണന്‍ കയത്തില്‍ നിന്നും കയറിവരും. അമ്പലത്തിലെ എഴുന്നള്ളിപ്പിന്റേയും പ്രദക്ഷിണത്തിന്റേയുമൊക്കെ ചിട്ടവട്ടങ്ങള്‍ ബാലകൃഷ്ണനു മനപ്പാഠമായിരുന്നു.
വലിയ ബാലകൃഷ്ണനെക്കുറിച്ച് ജനങ്ങള്‍ക്ക് സീമാതീതമായ സ്നേഹവും വാത്സല്യവുമൊക്കെയുണ്ടായിരുന്നതുമൂലം അവനു ധാരാളം പഴക്കുലകളും മറ്റുമൊക്കെ കിട്ടുമായിരുന്നു. അവന്‍ അതിലോരോ ഓഹരി ചെറിയ ബാലകൃഷ്ണനും കുട്ടികൃഷ്ണനും മറക്കാതെ നല്‍കുമായിരുന്നു. മാത്രമല്ല വല്യ ബാലകൃഷ്ണന്റെ പാപ്പാനായിരുന്ന നാരായണന്‍ നായര്‍ക്കും ധാരാളം സമ്മാനങ്ങളും മറ്റും കിട്ടാറുണ്ടായിരുന്നു. ഇതില്‍ അസൂയാലുവായ ചെറിയ ബാലകൃഷ്ണന്റെ പാപ്പാനായ അയ്യപ്പന്‍പിള്ള ചെറിയ ബാലകൃഷ്ണനെക്കൊണ്ട് ചില അക്രമങ്ങള്‍ കാട്ടുകയും അത് വലിയ ബാലകൃഷ്ണന്റെയും പാപ്പാനായിരുന്ന നാരായണന്‍ നായരുടേയും പിടലിക്കു വയ്ക്കുവാന്‍ നോക്കുകയും ചെയ്തു.പക്ഷേ സത്യാവ്സ്ഥ എല്ലാവര്‍ക്കും ബോധ്യപ്പെടുകയും അയ്യപ്പന്‍ പിള്ള തന്നെ നാട്ടുകാരുടെ മുന്നില്‍ ഇളിഭ്യനാകുകയും പ്രായശ്ചിത്തം ചെയ്യേണ്ടിയും വന്നു.
വലിയ ബാലകൃഷ്ണനെ അകപ്പെടുത്തുവാന്‍ പലരും പല ആഭിചാരപ്രയോഗങ്ങളും മറ്റുമൊക്കെ ചെയ്തിട്ടുണ്ട്. താമരശ്ശേരി നമ്പി ഒരിക്കല്‍ ഒരു വലിയ ഒരു കൂടോത്രം ചെയ്ത് വലിയ ബാലകൃഷ്ണന്‍ വരുന്ന വഴിയില്‍ സ്ഥാപിക്കുകയും എന്നാല്‍ ആ സ്ഥലത്തെത്തിയപ്പോള്‍ ബാലകൃഷ്ണന്‍ എന്തുകൊണ്ടോ അവിടം കടന്നുപോകാതെ നില്‍ക്കുകയും ചെയ്തു. സംഗതിയറിഞ്ഞ ക്ഷേത്രത്തിലെ വെളിച്ചപ്പാട് തുള്ളിവരുകയും കൂടോത്രം തന്റെ ശൂലത്താല്‍ കുത്തിയെടുത്ത് കത്തിച്ചുകളയുകയും ചെയ്തു. ബാലകൃഷ്ണനെ അകപ്പെടുത്തുവാന്‍ കൂടോത്രം ചെയ്ത താമരശ്ശേരി നമ്പി ആ ആണ്ടില്‍ തന്നെ വസൂരിരോഗം പിടിപെട്ട് മരിക്കുകയും ചെയ്തു.
ഒരിക്കല്‍ ഒരു മലയുടെ ചരിവിനു മുകളില്‍ നിന്നും വലിയബാലകൃഷ്ണനും താഴെനിന്നു ചെറിയ ബാലകൃഷ്ണനും കൂടി ഒരു വലിയ തടിപിടിച്ചുകൊണ്ട് നില്‍ക്കേ അയ്യപ്പന്‍പിള്ള ചെറിയ ബാലകൃഷ്ണനെ ഒന്നടിച്ചു. ദേക്ഷ്യം കൊണ്ടന്ധനായ ബാലകൃഷ്ണന്‍ അയ്യപ്പന്‍പിള്ളയുടെ കഥ അപ്പോള്‍ തന്നെ കഴിച്ചു. തടിപിടിച്ചിരുന്ന വലിയ ബാലകൃഷ്ണനു അയ്യപ്പന്‍ പിള്ളയെ രക്ഷിക്കാനുമായില്ല. അക്രമം ചെയ്യുന്നതൊന്നും വലിയ ബാലകൃഷ്ണനു ഇഷ്ടമായിരുന്നില്ല. അയ്യപ്പന്‍ പിള്ളയ്ക്ക്ശേഷം ചെറിയബാലകൃഷ്ണന്റെ പാപ്പാനായി വന്നത് അയ്യപ്പന്‍ പിള്ളയുടെ അനുജനായ പത്മനാഭന്‍ പിള്ളയായിരുന്നു. തന്റെ ജേഷ്ഠനെക്കൊന്ന ചെറിയ ബാലകൃഷ്ണനെ താമസിയാതെ വിഷമോ മറ്റോ കൊടുത്ത് അയാള്‍ കൊല്ലിച്ചു. താമസിയാതെ പ്രായാധിക്യം മൂലം വലിയ ബാലകൃഷ്ണന്റെ പാപ്പാനായ നാരായണന്‍ നായര്‍ മരിച്ചു. തുടര്‍ന്ന്‍ വലിയ ബാലകൃഷ്ണന്റെ പപ്പാനായി വന്നത് പത്മനാഭപിള്ളയായിരുന്നു. കൂടെ സഹായിയായി നാരായണന്‍ നായരുടെ അനന്തിരവനായ കൊച്ചുകൃഷ്ണനേം നിയമിച്ചു. തന്റെ പ്രീയപ്പെട്ടവരായിരുന്ന ചെറിയ ബാലകൃഷ്ണനും നാരായണന്‍ നായരും മരിച്ചുപോയതില്‍ വലിയ ബാലകൃഷ്ണന്‍ വളരെയേറെ നാള്‍ ഖിന്നനായിരുന്നു. കാലം മായ്ക്കാത്ത മുറിവുകള്‍ ഇല്ലല്ലോ.
പത്മനാഭപിള്ള അത്ര ശുദ്ധഹൃദയനൊന്നുമല്ലായിരുന്നു. വലിയബാലകൃഷ്ണനെക്കൊണ്ട് കഠിനമായി ജോലികള്‍ ചെയ്യിക്കുകയും മറ്റാരുമറിയാതെ ധാരാളം സമ്പാദിക്കുകയും ചെയ്തുകൊണ്ടിരുന്നു.ഒരിക്കള്‍ ഒരു വലിയ തടി വലിയ ബാലകൃഷ്ണനെക്കൊണ്ട് പിടിപ്പിച്ച വകയില്‍ പത്മനാഭപിള്ളയ്ക്ക് അല്‍പ്പം കൂടുതല്‍ പണവും മുണ്ടും നേര്യതുമൊക്കെ ലഭിക്കുകയുണ്ടായി. എന്നാല്‍ സഹായിയായി നിന്ന കൊച്ചുകൃഷ്ണനു ഒന്നും തന്നെ നല്‍കിയില്ല. അതില്‍ മനസ്താപം പൂണ്ട കൊച്ചുകൃഷ്ണന്‍ തന്റെ സങ്കടം ഭഗവാനോടെന്നോണം പറഞ്ഞു. ഇതുകേട്ട് സംഗതി മനസ്സിലായ ബാലകൃഷ്ണന്‍ ആ തടി വലിച്ചെടുത്ത് പഴയസ്ഥാനത്തുതന്നെ കൊണ്ടിട്ടു. പത്മനാഭപിള്ള പലതും പറഞ്ഞുനോക്കിയിട്ടും ബാലകൃഷ്ണന്‍ അനുസരിച്ചില്ല. മനസ്സില്‍ കോപം അധികരിച്ചെങ്കിലും ഒരു അവസരം കിട്ടുമ്പോള്‍ പകരം വീട്ടണമെന്ന്‍ മനസ്സിലുറപ്പിച്ച് പദ്മനാഭപിള്ള തല്‍ക്കാലമടങ്ങി.
ആറമ്മുളയ്ക്ക് സമീപം തന്നെ ആറ്റില്‍ കയ്പ്പുഴക്കയം എന്നൊരാഴമേറിയ കയമുണ്ട്. ഒരിക്കല്‍ അതിനടുത്ത് വച്ച് മലയില്‍ നിന്നും രണ്ട് വലിയ തടികള്‍ പിടിക്കുവാനായി പത്മനാഭപിള്ള വലിയബാലകൃഷ്ണനേം കൊണ്ടു പോയി. വളരെ കഷ്ടപ്പെട്ട് ഒരു തടി ബാലകൃഷ്ണന്‍ നിശ്ചിതസ്ഥാനത്തെത്തിച്ചു. രണ്ടാമത്തെ തടിപിടിക്കുന്ന സമയം പത്മനാഭപിള്ള തടിയുടെ വക്കയില്‍ കെട്ടിയിരുന്ന ചങ്ങല വലിയബാലകൃഷ്ണന്റെ കാലില്‍ ചേര്‍ത്ത് ബന്ധിച്ചു. അപ്പോള്‍ തന്നെ ഒരപകടം ബാലകൃഷ്ണനു മണത്തെങ്കിലും അവന്‍ തടിപിടിച്ച് യഥാസ്ഥാനത്തേയ്ക്ക് കൊണ്ടുപൊയ്ക്കൊണ്ടിരുന്നു. ആ കയത്തിന്റെ അടുത്തെത്തിയതും പത്മനാഭപിള്ള ബാലകൃഷ്ണന്റെ മര്‍മ്മസ്ഥാനം നോക്കി ഒരടികൊടുത്തു. അസഹ്യമായ വേദനയാല്‍ പിടഞ്ഞ വലിയ ബാലകൃഷ്ണന്‍ ഒന്നു പിടഞ്ഞ് ആ കയത്തിലേയ്ക്ക് ചാടുകയും ചെയ്തു. കൂറ്റന്‍ തടിയുടെ കൂടെ ചങ്ങല കാലില്‍ ബന്ധിച്ചിരുന്നതുകൊണ്ട് ബാലകൃഷ്ണനു കയത്തില്‍ നിന്നും കയറാനാകാതെ നിസ്സഹായനാകേണ്ടിവന്നു. ആഴമേറിയ കയത്തില്‍ അകപ്പെട്ട അവന്‍ ശ്വാസം കിട്ടാനായി ബദ്ധപ്പെടുകയും തന്റെ നീളമെറിയ തുമ്പിക്കൈ വെള്ളത്തിനുമുകളിലേയ്ക്ക് ഉയര്‍ത്തിപ്പിടിക്കുകയും ചെയ്തു.
വലിയ ബാലകൃഷ്ണന്റെ കഷ്ടസ്ഥിതി കണ്ട് രസിച്ചുകൊണ്ട് കരയ്ക്ക് നിന്ന പത്മനാഭപിള്ളയെ കാട്ടില്‍ നിന്നും പൊടുന്നനേ ഇറങ്ങിവന്ന ഒരു കാട്ടുപോത്ത് വെട്ടികുത്തി രണ്ടുകഷണമാക്കി മുറിച്ച് കയത്തിലേയ്ക്ക് തള്ളിയിട്ടിട്ട് കാട്ടിലേയ്ക്ക് തന്നെ പോയി. അധികം താമസിയാതെ തന്നെ ബാലകൃഷ്ണനു നേരിട്ട ദുര്യോഗം കരക്കാര്‍ മൊത്തമറിയുകയും അവരൊക്കെ തന്നെ കയത്തിനടുത്തേയ്ക്ക് കുതിച്ചെത്തുകയും ചെയ്തു. വലിയ ബാലകൃഷ്ണനെ കരയ്ക്ക് എങ്ങിനെയെങ്കിലും കയറ്റാനായി പലരും പല വിദ്യകളും നോക്കി. എന്നാല്‍ ആഴമേറിയ കയത്തില്‍ വളരെവലിയ തടിയോടൊപ്പം ബന്ധിക്കപ്പെട്ടുകിടന്നിരുന്ന ബാലകൃഷ്ണനെ രക്ഷിക്കുവാനുള്ള എല്ലാ ശ്രമങ്ങളും പാഴാവുകയാണുണ്ടായത്. ബാലകൃഷ്ണന്റെ അപകടവൃത്താന്തമറിഞ്ഞ് അന്ന്‍ ആറമ്മുളദേശത്ത് കണ്ണീര്‍വാര്‍ക്കാത്തവരായി ആരും തന്നെയുണ്ടായിരുന്നില്ല. സര്‍വ്വവിധയോഗ്യതകളും നിറഞ്ഞ ആ ഗജസ്രേഷ്ടന്‍ ഇന്നും എല്ലാവരുടേയും മനസ്സില്‍ ചിരപ്രതിഷ്ടപോലെ നിറഞ്ഞു നില്‍ക്കുന്നു...
ശ്രീക്കുട്ടന്‍
Subscribe to:
Posts (Atom)
