Wednesday, March 9, 2011

ഓപ്പറേഷന്‍:സുനന്ദാസ് മാര്യേജ് ഇന്‍ മിഡ്നൈറ്റ്

ഒന്നു മൂത്രമൊഴിക്കാനായി പുറത്തേയ്ക്കിറങ്ങിയതായിരുന്നു ഭവാനിയമ്മ.മറപ്പുരയുടെ വശത്തായി ചെന്നിരുന്ന അവര്‍ അവിചാരിതമായി കണ്ട ആ കാഴ്ചയില്‍ ഒന്നു ഞെട്ടി ചാടിയെഴുന്നേറ്റു.സുലോചനയുടെ വീട്ടിന്റെ മുറ്റത്തു നിന്നും റോഡിലേയ്ക്കുള്ള വഴിയേ ഒരാള്‍ പമ്മിപ്പമ്മി ഇറങ്ങി വരുന്നു. നാലുപാടും സൂക്ഷിച്ചുനോക്കിക്കൊണ്ട് തോര്‍ത്തുമുണ്ട് തലയില്‍ ചുറ്റിയിട്ട് പെട്ടന്നു തന്നെ അയാള്‍ റോഡിലേയ്ക്കിറങ്ങി താഴേയ്ക്കു നടന്നു മറഞ്ഞു.വിശ്വസിക്കാനാവാതെ ഭവാനിയമ്മ സുലോചനയുടെ വീട്ടിനു നേര്‍ക്കു സൂക്ഷിച്ചുനോക്കി.അരണ്ട നിലാവെളിച്ചത്തില്‍ വീട്ടിനകത്തേയ്ക്കു കയറിപ്പോകുന്നത് സുനന്ദതന്നെയാണെന്നു അവര്‍ക്കു മനസ്സിലായി.എന്നിരുന്നാലും ഈ പെണ്ണിനെക്കുറിച്ച് ഇങ്ങിനെയൊന്നുമല്ലല്ലോ കരുതിയിരുന്നതെന്നു ചിന്തിച്ചുകൊണ്ട് അവര്‍ ഒരു നെടുനിശ്വാസമിട്ടുകൊണ്ട് വീട്ടിനുള്ളിലേയ്ക്കു കയറി.നേരമൊന്നുവെളുത്തെങ്കില്‍ എന്നവര്‍ ആത്മാര്‍ത്ഥമായും ആഗ്രഹിച്ചു.കമലയോടും വിജയമ്മയോടും സുജാതയോടും നളിനിയോടും എല്ലാം ഈകാര്യം ഒന്നു പറയാനായി അവരുടെ നാവു തരിച്ചുകൊണ്ടിരുന്നു.പായയില്‍ കിടക്കുമ്പോള്‍ തൊട്ടടുത്തു കിടന്നുറങ്ങുന്ന മകളെ അവരൊരുനിമിഷം പാളി നോക്കി.സുനന്ദയുടെ അതേ പ്രായമാണവള്‍ക്കും.ഉറക്കം വരാതെ തിരിഞ്ഞും മറിഞ്ഞും കിടന്ന അവര്‍ കോഴി കൂവുന്ന ഒച്ച കേട്ട് എഴുന്നേറ്റ് കട്ടന്‍ ചായയ്ക്കു വെള്ളം വച്ചു.

"എടീ നളിന്യേ ഒന്നിവിടം വരെ വന്നേ.ഒരു കാര്യം സംസാരിക്കാനൊണ്ട്"

രാവിലെ ജോലിയെല്ലാമൊന്നൊതുക്കിയിട്ട് ഭവാനിയമ്മ വേലിയ്ക്കല്‍ ചെന്നു നിന്നുകൊണ്ട് പാത്രം കഴുകിക്കൊണ്ടിരിയ്ക്കുകയായിരുന്ന നളിനിയെ വിളിച്ചു.തൊട്ടയല്‍പക്കമാണു.

"എന്തുവാ ചേച്ചീ..പ്രത്യേകിച്ചു"

കയ്യിലെ വെള്ളം ഉടുത്തിരുന്ന കൈലിയില്‍ തുടച്ചുകൊണ്ട് അവരെഴുന്നേറ്റ് വേലിക്കരികിലേയ്ക്കു ചെന്നു.

"നീയിങ്ങ് വാടീ.കാര്യം രഹസ്യമാ"

ആകാംഷയോടെ വേലികടന്ന്‍ നളിനി ഭവാനിയമ്മയുടെ അടുത്തേയ്ക്കു ചെന്നു.തന്റെ ചെവിയില്‍ രഹസ്യമായി ഭവാനിയമ്മ പറഞ്ഞ കാര്യം കേട്ട് നളിനി വാപൊളിച്ചുനിന്നു.

"ഒള്ളതാന്നോ ചേച്ചീ.എവളാളുകൊള്ളാമല്ലോ"

"ഞാനെന്റെ കണ്ണുകൊണ്ട് കണ്ടതല്ലേ.അല്ലെങ്കിത്തന്നെ ഞാനെന്തിനാ കള്ളം പറേണത്.പക്ഷേ ആളാരാണെന്നറിയില്ല."

ഭവാനിയമ്മ ഇടുപ്പില്‍ കൈകുത്തിക്കൊണ്ട് തിണ്ണയിലേയ്ക്കു സാവധാനമിരുന്നു.

"ഞാന്‍ പോയി പിള്ളാര്‍ക്ക് കൊണ്ടുപോവാനായിട്ടെന്തേലുമൊണ്ടാക്കട്ടെ.പിന്നീട് നമുക്ക് സംസാരിക്കാം"

ഋതിപ്പെട്ട് നളിനി വീട്ടിലേയ്ക്കുപോയി.അല്‍പ്പനേരമായിരുപ്പിരുന്നിട്ട് ഭവാനിയമ്മ അടുക്കളയിലേയ്ക്കു കയറിപ്പോയി.

അന്നു ഉച്ചകഴിഞ്ഞ് ഭവാനിയമ്മയുടെ വീട്ടില്‍ ഒരു ആലോചനായോഗം കൂടി.അതില്‍ പങ്കെടുത്ത ഭൂരിഭാഗം പേരും സുനന്ദയുടെ ഈ എടവാട് അവസാനിപ്പിക്കണമെന്നു ഒന്നിയൂന്നിപ്പറഞ്ഞു.ആളാരായിരിക്കമെന്നതിനെക്കുറിച്ച് ആര്‍ക്കും ഒരൂഹവുമില്ലാതിരുന്നതുകൊണ്ട് പെണ്ണുങ്ങള്‍ പലരേം കുറിച്ചു പറഞ്ഞുകൊണ്ടിരുന്നു.ചര്‍ച്ചയാകെ ബഹളമയമാകുന്നുവെന്നുകണ്ടപ്പോള്‍ കൂട്ടത്തില്‍ അല്‍പ്പം കാര്യവിവരമുള്ള സുജാത എല്ലാവരോടുമായി ഇങ്ങിനെ പറഞ്ഞു.

"നമ്മള് കിടന്ന്‍ ചുമ്മാതെ സംസാരിച്ചുകൊണ്ടിരുന്നിട്ട് ഒരു കാര്യവുമില്ല.എന്തായാലും ഈപ്പരിപാടി ഈ തടത്തില്‍പ്പറമ്പ് ഏരിയായില്‍ നടക്കാന്‍ നമ്മള്‍ സമ്മതിക്കേല.നമ്മുടേം പെമ്മക്കള് വളര്‍ന്നുവരുവല്ലേ.ആണുങ്ങളാരെങ്കിലുമറിഞ്ഞാപ്പിന്നെ പറയേം വേണ്ട.അതുകൊണ്ട് സുനന്ദയെ വിളിച്ച് സംസാരിച്ച് ഇതിനൊരു തീരുമാനമൊണ്ടാക്കണം.ഒന്നാമത് തന്തേം തള്ളേമില്ലാത്ത പെണ്ണ്‍.ആ അമ്മുമ്മത്തള്ളേണെങ്കി ഇന്നോ നാളേന്നും പറഞ്ഞിരിക്കുന്നു."

എല്ലാവരും അത് സമ്മതിക്കുകയും സുനന്ദയെ വിളിച്ചുകൊണ്ടുവരുവാനായി സുമ പോകുകയും ചെയ്തു.അല്‍പ്പസമയം കഴിഞ്ഞ് സുമയോടൊപ്പം സുനന്ദ പ്രത്യക്ഷപ്പെട്ടു.കൂട്ടംകൂടിയിരിക്കുന്ന സ്ഥലത്തെ പ്രധാന മഹിളാമണികളെക്കണ്ട് അവളൊന്നമ്പരന്നു.കൂട്ടത്തില്‍ പ്രായം ചെന്ന ഭവാനിയമ്മ സുനന്ദയെ മാറ്റിനിര്‍ത്തി കാര്യം ചോദിച്ചു.ആദ്യം ശക്തിയുക്തം എല്ലാം അവള്‍ നിഷേധിച്ചെങ്കിലും ഒടുവില്‍ എല്ലാം സമ്മതിച്ചെന്നമട്ടില്‍ അവള്‍ തലകുനിച്ചുനിന്നു.

"ആളാരാണെന്നു പറയെടി" വിജയമ്മ ഒച്ചയെടുത്തു.

"പറമ്പിത്തൊടീലെ ബാലന്‍ ചേട്ടന്‍".തലകുനിച്ചുനിന്നുകൊണ്ട് സുനന്ദ പറഞ്ഞു.

"നെനക്ക് മറ്റാരേം കിട്ടീല്ലേടി.ആ കള്ളും കുടിച്ചുനടക്കണോന മാത്രമേ കണ്ടൊള്ളോ".അവജ്ഞ്ഞയോടെ നളിനി ചിറികോട്ടി.

"അവന്‍ നിന്നെ കെട്ടുവോടി.അതോ കാര്യം കണ്ടേച്ചു മൂടും തട്ടിപ്പൂവ്വോ".ഭവാനിയമ്മ ചോദിച്ചു.അതിനുത്തരം പറയാതെ അവള്‍ തലകുനിച്ചുനിന്നു. അല്‍പ്പനേരം മഹിളകള്‍ കുശുകുശുത്തശേഷം അവര്‍ സുനന്ദയോടു ഇപ്രകാരം പറഞ്ഞു.

"എന്തായാലും ഈപ്പരിപാടി തൊടരണതത്ര നല്ലതല്ല.ഒരു കാര്യം ചെയ്യ് ഇനി അവന്‍ വരുന്ന ദെവസം എന്നാണെന്നു ഞങ്ങളെ നേരത്തേ അറിയിക്ക്. ബാക്കി നമ്മള് നോക്കിക്കൊള്ളാം".

അല്‍പ്പമൊന്നാലോചിച്ചിട്ട് സുനന്ദ തലയാട്ടി.

-------------------------------------------------------------------------------------

അന്നു തടത്തിപ്പറമ്പിലെ പെണ്ണുങ്ങള്‍ ശരിക്കും ആവേശത്തിലായിരുന്നു.നളിനിയില്‍ നിന്നും കാര്യമറിഞ്ഞ കുമാരനും നാണുവും പ്രകാശും വേലായുധനുമെല്ലാം തയ്യാറെടുപ്പുകള്‍ നടത്തി കാത്തിരുന്നു.ഭവാനിയമ്മയുടെ വീട്ടിനുള്ളില്‍ അവര്‍ കാത്തിരുന്നു.കുറച്ചുപേര്‍ സുലോചനയുടെ വീടിന്റെ താഴെയായി പതുങ്ങിയിരുന്നു.ആകാശത്തില്‍ എല്ലാത്തിനും സാക്ഷിയായി അമ്പിളിയമ്മാച്ചന്‍ വിളറിനില്‍പ്പുണ്ടായിരുന്നു.തനിക്കായി കാത്തിരിയ്ക്കുന്ന കെണിയറിയാതെ ബാലനവര്‍കള്‍ ഒരുതൊണ്ണൂറുമടിച്ച് തലയില്‍ തോര്‍ത്തും ചുറ്റി പമ്മിപ്പമ്മി സുനന്ദയുടെ മുറിയില്‍ മെല്ലെ രണ്ടുതട്ടുതട്ടി. അര്‍ദ്ധരാത്രി പത്രണ്ടുകഴിഞ്ഞുള്ള ആ ശുഭമുഹൂര്‍ത്തത്തില്‍ വാതില്‍തുറന്ന സുനന്ദയെ ആക്രാന്തത്തോടെ നോക്കിക്കൊണ്ട് ബാലന്‍ മുറിയിലേയ്ക്കു കയറി.വാതിലടച്ചു തഴുതിട്ടിട്ട് ലജ്ജാഭാവത്തില്‍ നില്‍ക്കുന്ന കാമുകിയുടെ കവിളില്‍ മെല്ലെയൊന്നു തോണ്ടിയിട്ട് ബാലന്‍ തന്റെ ഷര്‍‍ട്ടൂരി അയയില്‍ തൂക്കി.തുടയിലൊന്നു മാന്തിക്കൊണ്ട് അവളേയും കെട്ടിപ്പിടിച്ചവന്‍ കട്ടിലിലേയ്ക്കു മറിഞ്ഞു.

"ഓടിവരണേ.......ഓടിവരണേ...."

രാവിന്റെ നിശ്ശബ്ദതയില്‍ മുന്‍ കൂട്ടി പറഞ്ഞുവച്ചിരുന്ന സുനന്ദയുടെ നിലവിളി ഉച്ചത്തില്‍ മുഴങ്ങി.ഓപ്പറേഷന്‍ സുനന്ദാസ് മാര്യേജില്‍ പങ്കെടുക്കാനായി കച്ചയും മുറുക്കിയിരുന്ന സോല്‍ജിയേഴ്സ് നിമിഷങ്ങള്‍ക്കുള്ളില്‍ ആ മുറിയുടെ മുമ്പില്‍ തടിച്ചുകൂടി.അടിച്ച മരുന്ന്‍ നിമിഷങ്ങള്‍ക്കുള്ളില്‍ ആവിയായിപ്പോയപ്പോള്‍ ബാലന്‍ എന്തു ചെയ്യണമെന്നറിയാതെ ആകെ ഒന്നു പരിഭ്രമിച്ചു.എന്റെ മുണ്ടെവിടേടീ വഞ്ചകീയെന്നലറണമെന്നുണ്ടായിരുന്നെങ്കിലും ആ മുറിയില്‍ നിന്നും എങ്ങിനെയെങ്കിലും ഒന്നു രക്ഷപ്പെടാനായുള്ള വെപ്രാളത്തില്‍ ബാലന്തിനു മുതിര്‍ന്നില്ല.വാതിലു തൊറക്കെടീ എന്നുള്ള അലര്‍ച്ച കൂടുതല്‍ ശക്തിപ്രാപിച്ചപ്പോള്‍ നിഷ്ക്കളങ്കയായ ഒരു ബാലികയെപ്പോലെ സുനന്ദ ചെന്നു വാതില്‍ തുറന്നു.അകത്തേയ്ക്കിരച്ചുകയറിയ പട്ടാളക്കാര്‍ മുറിയില്‍ ബാലനെക്കാണാതെ അമ്പരന്നു.ആളെവിടേടിയെന്നു ഭവാനിയമ്മ കണ്ണുകള്‍കൊണ്ട് സുനന്ദയോടുചോദിച്ചു.നാണത്തോടെ സുനന്ദ കണ്ണുകള്‍കൊണ്ടാഗ്യം കാട്ടിയ ഭാഗത്തേയ്ക്കു നോക്കിയ അവര്‍ ലജ്ജയാലൊന്നു കണ്ണുപൂട്ടി.ജട്ടീധാരിയായ ബാലന്‍ വീടിന്റെ കഴുക്കോലില്‍ കാലുകള്‍ പിണച്ചു ഒരു വവ്വാലിനെപ്പോലെ തൂങ്ങിക്കിടക്കുന്നുണ്ടായിരുന്നു.

സ്ത്രീകള്‍ ചിരിച്ചുകൊണ്ട് പുറത്തേയ്ക്കിറങ്ങുകയും ബാലനു കഴുക്കോലില്‍ നിന്നും പിടിവിട്ട് താഴേക്കിറങ്ങുവാനും മുണ്ടും ഷര്‍ട്ടും ധരിയ്ക്കുവാനും ആണുങ്ങള്‍ സഹായം ചെയ്തുകൊടുക്കകയും ചെയ്തതോടെ ഓപ്പറേഷന്‍ അതിന്റെ ക്ലൈമാക്സിനെ സമീപിച്ചു.ആള്‍ക്കൂട്ടത്തിനു നടുവില്‍ മറ്റു ഗത്യന്തരമില്ലാതെ ആ അര്‍ദ്ധരാത്രിയില്‍ മുന്‍ കൂട്ടി റെഡിയാക്കിവച്ചിരുന്ന തുളസിമാല സുനന്ദയുടെ കഴുത്തിലണിയിക്കാന്‍ ബാലന്‍ തയ്യാറായി.സുനന്ദയുടെ തന്നെ കഴുത്തില്‍ ഉണ്ടായിരുന്ന ഒരു പവന്റെ മാലയെടുത്ത് ബാലന്‍ അവളുടെ കഴുത്തില്‍ ഒന്നുകൂടികെട്ടി.ഭവാനിയമ്മയും വിജയമ്മയും കൂടി‍ ചെറുതായി കുരവയിട്ടു. ചുറ്റും കൂടി നിന്നവര്‍ മുറ്റത്തുനിന്ന പൂക്കളേതൊക്കൊയോ പറിച്ച് അവരുടെ നേരെയെറിഞ്ഞു.വിവാഹശേഷം ഭവാനിയമ്മയുടെ വീട്ടില്‍ നിന്നും എല്ലാപേര്‍ക്കും കട്ടന്‍ ചായയും ബ്രിട്ടാനിയ ബിസ്ക്കറ്റ് ഈരണ്ട് പീസും വിതരണം ചെയ്യപ്പെട്ടു.നവദമ്പതികളെ മണിയറയ്ക്കുള്ളില്‍ കയട്ടി വാതിലടപ്പിച്ചിട്ട് ഓപ്പറേഷന്‍ സക്സസ്സായ സന്തോഷത്തോടെ എല്ലാവരും പിരിഞ്ഞുപോയി.നവവധുവിന്റെ ലജ്ജയോടെ കട്ടിലിലിരിയ്ക്കുന്ന സുനന്ദയെ ഒന്നു മാടിനോക്കിയിട്ട് ഒരു നെടുവീര്‍പ്പിട്ടുകൊണ്ട് ബാലന്‍ തന്റെ ആദ്യ(?)രാത്രിയെ വരവേള്‍ക്കുവാന്‍ തയ്യാറായി.

ശുഭം

ശ്രീക്കുട്ടന്‍

7 comments:

 1. മിസ്സിസ് ബാലനു ഇപ്പോള്‍ മക്കള്‍ രണ്ടെണ്ണമുണ്ട്. വിനീതവിധേയനായ മിസ്റ്റര്‍ ബാലന്‍ അവര്‍കള്‍ അല്‍പ്പ സൊല്‍പ്പം കണ്ട്രാക്ക് പണിയുമായൊക്കെ കഴിഞ്ഞുകൂടുന്നു.സന്തുഷ്ട(?) ജീവിതം...............

  ReplyDelete
 2. ബാലന്‍ വധം ബാലെ അഥവാ ഒരു പാതിരാക്കല്യാണം .എന്നാലും ന്റെ ശ്രീക്കുട്ടാ നാലുമക്കള്‍ ഉള്ള ആ ബാലന്‍ ചേട്ടനെ ക്കുറിച്ച് ഇങ്ങനെയൊക്കെ ....!!

  ReplyDelete
 3. ബെസ്റ്റ് ഐഡിയ :)

  ReplyDelete
 4. ഓപ്പറേഷന്‍ സുനന്ദാസ് മാര്യേജ്ജ് അടിപൊളി

  ReplyDelete