Monday, March 7, 2011

അയാളുടെ മകള്‍

"എടീ നിര്‍മ്മലേ.നീയിതെന്തോ ചെയ്യുവാണവടി.ദേ ഇവളു കാട്ടുന്നതു നീ കാണുന്നുണ്ടോ"

രമേശ് അകത്തേയ്ക്കു നോക്കി ഉറക്കെ വിളിച്ചുപറഞ്ഞു.

"ഒരഞ്ചുമിനിട്ട്കൂടി.ഈ പാത്രങ്ങളും കൂടി ഒന്നു കഴുകിവയ്ക്കട്ടെ.പ്ലീസ്"

പുറത്തേയ്ക്കൊഴുകി വന്ന ശബ്ദം കേട്ട് രമേശിനു ദേക്ഷ്യം വന്നു.മുറിയിലാകെ ഓടിനടക്കുകയാണു മീനാക്ഷി.തെറിച്ചു തെറിച്ചുള്ള ആ ഓട്ടം നോക്കിയിരുന്നപ്പോള്‍ രമേശിനു പേടി തോന്നി.എവിടെയെങ്കിലും തട്ടിത്തടഞ്ഞുവീഴുമോ.എങ്കില്‍ ഇന്നിനി ഉറങ്ങുകയും വേണ്ട.തറയിലാണെങ്കില്‍ താനെഴുതിയതുമുഴുവന്‍ ചിതറിക്കിടക്കുന്നു.മേശവലിപ്പില്‍ പിടിച്ചു വലിച്ചു മീനാക്ഷി തള്ളിതാഴെയിട്ടതാണു.ഒന്നു ബാത് റൂമില്‍ പോയിട്ട് വന്ന സമയത്തിനുള്ളില്‍ മകള്‍ ചെയ്ത പണി.തറയില്‍ കിടന്ന പെപ്പറുകള്‍ അടുക്കിപ്പെറുക്കി വച്ചിട്ട് രമേശന്‍ കസേരയിലേയ്ക്കു വീണ്ടുമമര്‍ന്നു.

"ച്ചാ..."

രമേശ് തലതിരിച്ചുനോക്കി. മീനാക്ഷി ഷര്‍ട്ടില്‍പിടിച്ചുവലിച്ചിട്ട് ചിരിച്ചുകൊണ്ട് ഓടിപ്പോയി കട്ടിലിന്റെ വശത്ത് ഒളിച്ചു.ഇന്നെങ്കിലും കഥ പൂര്‍ത്തിയാക്കാമെന്നുവച്ചതാണ്.നടക്കില്ല.എഴുത്തു മാറ്റിവച്ചു പേപ്പറുകള്‍ ഒതുക്കിവച്ചുകൊണ്ട് അവന്‍ മകളുടെ നേരെ കൈനീട്ടി. മീനാക്ഷി അവനെ നോക്കി മുഖമൊന്നു വക്രിച്ചുകാട്ടിയിട്ട് ഇടുപ്പില്‍ കൈകുത്തി ഒരു പ്രത്യേക പോസില്‍ നിന്നു.

"മോളു വന്നേ"

വാത്സല്യം കിനിയുന്ന ശബ്ദത്തില്‍ അയാള്‍ വിളിച്ചു.അവള്‍ ചിരിച്ചുകൊണ്ട് തല വിലങ്ങനെയാട്ടി.കസേരയില്‍ നിന്നുമെഴുന്നേറ്റ രമേശന്‍ അവളുടെ നേരെ ചെന്നു.

അവളാകട്ടെ ചിരിച്ചുകൊണ്ട് കട്ടിലിന്റെ മറുപുറത്തേയ്ക്കോടി.കുസൃതിക്കുടുക്കയായ മകളെപിടികൂടി അന്തരീക്ഷത്തില്‍ ഒരു കറക്കം കറക്കിയിട്ട് അയാള്‍ അവളേയും കൊണ്ടു കട്ടിലില്‍ ചെന്നിരുന്നു.തലയിണയെടുത്ത് ചാരിവച്ചുകൊണ്ട് രമേശ് ചുമരിനോടു ചേര്‍ന്നിരുന്നു.മകളാകട്ടെ കട്ടിലില്‍ കിടന്നു കുത്തിമറിയാനും മറ്റും തുടങ്ങി.ഭംഗിയായി വിരിച്ചിട്ടിരുന്ന വിരിപ്പ് വികൃതകോലത്തിലായി.നിര്‍മ്മല വന്നു ഇനി ദേക്ഷ്യപ്പെടുകയേയുള്ളു.ശരിക്കും മനസ്സിലാകാത്ത ഭാഷയില്‍ എന്തെല്ലാമോ പറഞ്ഞുകൊണ്ട് തുള്ളിമറിയുന്ന മകളെ ഒരു കൈകൊണ്ട് ചേര്‍ത്തുപിടിച്ചുകൊണ്ട് അയാള്‍ വിരിപ്പ് നേരെയാക്കാന്‍ ശ്രമിച്ചു.പെട്ടന്ന്‍ ശരീരത്തിലൊരു നനവനുഭവപ്പെട്ട രമേശന്‍ ഒന്നു ഞെട്ടി.മകള്‍ കാര്യം സാധിച്ചിരിക്കുന്നു.തന്റെ പുറത്തുമാത്രമല്ല കിടക്കയിലും വിരിപ്പിലുമായി പുണ്യാഹം ഒഴുകിപ്പരക്കുന്നു.

"നിര്‍മ്മലേ..ദേ ഇവള്‍ കാര്യം പറ്റിച്ചിരിക്കുന്നു.നീയൊന്നുവന്നേ"

ഷര്‍ട്ടില്‍ കൈകൊണ്ടു തട്ടിയിട്ട് അയാള്‍ അകത്തേയ്ക്കു നോക്കി വീണ്ടും വിളിച്ചു.മീനാക്ഷിയാകട്ടെ വിരല്‍കടിച്ചുകൊണ്ടു നില്‍ക്കുകയാണു.അവളുടെ മുഖത്തൊരു കള്ളലക്ഷണമില്ലേ.

"മോളൂ.അച്ഛനെ നീ കുളിപ്പിച്ചോടാ"

മുറിയ്ക്കകത്തേയ്ക്കുവന്ന നിര്‍മ്മല ഒന്നു ചിരിച്ചുകൊണ്ട് മകളെ വാരിയെടുത്തു.ഷര്‍ട്ട് മാറിക്കൊണ്ടിരുന്ന രമേശിനുനേരെ അവള്‍ കുസൃതിയോടെ നോക്കി.അവനു ദേക്ഷ്യം വരുന്നുണ്ടായിരുന്നു.

"എന്താ നിമ്മിയിത്.കിടക്കുന്നതിനുമുമ്പേ മോളെക്കൊണ്ട് മൂത്രമൊഴിപ്പിക്കണം എന്നു ഞാന്‍ പറഞ്ഞിട്ടുള്ളതല്ലേ.ദേ അവള്‍ ചെയ്തതുകണ്ടോ.ഷര്‍ട്ടും ബെഡ്ഷീറ്റും എല്ലാം നാ​ശമാക്കി"

"സാരമില്ല കഥാകാരാ.ഞാന്‍ നന്നായി കഴുകിത്തരാം.അവള്‍ കൊച്ചല്ലേ.അവള്‍ക്കറിയാമോ"മകളുടെ കവിളില്‍ ഒരുമ്മ കൊടുത്തുകൊണ്ട് അവള്‍ പറഞ്ഞു

"ക്ഷമിച്ചിരിക്കുന്നു പൊന്നേ.നീ കഴുകിത്തന്നാല്‍ മതി.എന്റെ പൊന്നുമോള്‍ ഇനിയും അച്ഛന്റെ മേത്തു മുള്ളിക്കോ കേട്ടോ"

മകളുടെ കവിളില്‍ അരുമയായൊന്നു നുള്ളിക്കൊണ്ട് രമേശന്‍ നിര്‍മ്മലയുടെ ശരീരത്തിനോടു ചേര്‍ന്നു നിന്നു.

"സമയമൊരുപാടായി"കുസൃതിച്ചിരിയോടെ മെല്ലെയവളുടെ കാതില്‍ മന്ത്രിച്ചശേഷം അയാള്‍ കട്ടിലില്‍ വന്നിരുന്നു.കൂടെ നിര്‍മ്മലയും.രമേശിന്റെ കൈകള്‍ നിര്‍മ്മലയുടെ കഴുത്തിലൂടെയിഴഞ്ഞു.അവള്‍ കണ്ണുകള്‍കൊണ്ട് അയാളെ വിലക്കിയിട്ട് മകളെ പാട്ടുപാടിയുറക്കാനാരംഭിച്ചു.മകളുടെ ശരീരത്ത് ഒരു കൈ ചുറ്റിക്കൊണ്ട് ആ പാട്ടില്‍ അയാളും ലയിച്ചിരുന്നു.അല്‍പ്പസമയത്തിനകം പാട്ടിന്റെ ഒഴുക്കു നിലയ്ക്കുകയും തന്റെ കവിളില്‍ നിര്‍മ്മലയുടെ കൈകള്‍ തഴുകുന്നതും അയാളറിഞ്ഞു. ഇന്ദ്രിയങ്ങളാകെയുണര്‍ന്നെഴുന്നേറ്റൊരനുഭൂതിയോടെ അയാള്‍ പാതിയടഞ്ഞുപോയ കണ്ണുകള്‍ തുറക്കാതെ തന്റെ പ്രിയതമയുടെ സുഗന്ധം നിറഞ്ഞ സമൃദ്ധമായ മുടിയിഴകള്‍ക്കുള്ളിലേയ്ക്ക് മുഖം പൂഴ്ത്തി.

"എന്താ ഇന്നുറക്കമൊന്നുമില്ലേ"

ശബ്ദം കേട്ട് രമേശന്‍ കണ്ണുകള്‍ തുറന്നു നോക്കി.മുന്നില്‍ നില്‍ക്കുന്ന നിര്‍മ്മലയെ അവന്‍ പകച്ചുനോക്കി.എവിടെ തന്റെ മകള്‍.ഇത്രയും നേരം താന്‍ ....ആകെ പ്രജ്ഞ്ഞ നശിച്ചതുപോലെ അയാള്‍ തലയിണയില്‍ ദേഹമമര്‍ത്തി ചുമരില്‍ ചാരിയിരുന്നു.ബോബുചെയ്ത് മുടിയിഴകള്‍ ഒന്നു മാടിയൊതുക്കിയിട്ട് കണ്ണാടിയില്‍ ഒന്നു ചാഞ്ഞും ചരിഞ്ഞും നോക്കി ശരീരഭംഗി ആസ്വദിച്ചിട്ട് മേശവലിപ്പുതുറന്ന്‍ ഏതോ ടാബ്ലറ്റെടുത്ത് വായിലിട്ട് അല്‍പ്പം വെള്ളവും കുടിച്ചിട്ട് കട്ടിലിനുനേര്‍ക്കു നടന്നുവരുന്ന രൂപമാരുടേതാണു.എപ്പോഴോ തന്റെ ശരീരത്തില്‍ തഴുകിയ കൈകളെ വെറുപ്പോടെ തട്ടിനീക്കിയിട്ട് അയാള്‍ കട്ടിലിനോരം ചേര്‍ന്നുകിടന്നു.ഉറക്കമയാളെ അനുഗ്രഹിക്കുന്നുണ്ടായിരുന്നില്ല.മുറിയിലാകെ ഒരു കുഞ്ഞിന്റെ പൊട്ടിച്ചിരിയും ബഹളവും കരച്ചിലും നിറഞ്ഞുനില്ക്കുന്നതായി അയാള്‍ക്ക് തോന്നി.അതില്‍ നിന്നും രക്ഷപ്പെടുന്നതിനായി തന്റെ കൈകള്‍‍ വച്ച് അയാള്‍ ചെവി പൊത്തിപ്പിടിച്ചു.


ശ്രീക്കുട്ടന്‍

1 comment:

  1. ക്ലൈമാക്സ് നന്നായി. നല്ല കഥ.

    ReplyDelete