Wednesday, March 23, 2011

എങ്ങിനെ ഞാന്‍ മരിയ്ക്കും ???

ആര്‍ത്തലച്ചുകൊണ്ട് താഴേയ്ക്കു പതിയ്ക്കുന്ന വെള്ളത്തിന്റെ ഹുങ്കാരശബ്ദം അയാളുടെ കാതുകളില്‍ അലയടിച്ചുകൊണ്ടിരുന്നു.എന്തായാലും തന്റെ മരണം ഇവിടെതന്നെയായിക്കോട്ടെ.പാറക്കൂട്ടങ്ങള്‍ക്കിടയിലൂടെ അലതല്ലിയൊഴുകിവരുന്ന വെള്ളത്തിനെ അയാള്‍ സാകൂതം നോക്കി നിന്നു. അനുപമസൌന്ദര്യത്തിനുടമയായൊരു നഗ്നസുന്ദരിയെപ്പോലെ കുണുങ്ങിക്കുണുങ്ങിവരുന്നവള്‍ വെള്ളച്ചാട്ടത്തിനടുത്തെത്തുമ്പോള്‍ ഭയാനകരൂപം പ്രാപിച്ച് ഒരു രക്തരക്ഷസ്സിനെപ്പോലെ ആര്‍ത്തട്ടഹസിച്ചുകൊണ്ട് അങ്ങ് താഴേയ്ക്കു പതിക്കുന്ന കാഴ്ച മനസ്സിനെ ഉലയ്ക്കുന്നില്ലേ.ജുബ്ബക്കുള്ളില്‍ നിന്നും ഒരു മദ്യക്കുപ്പി പുറത്തെടുത്ത് അടപ്പ് തുറന്ന്‍ വായിലേക്കയാള്‍ അതു കമിഴ്ത്തി.അന്നനാളമെരിച്ചുകൊണ്ടുപോയ ദ്രാവകത്തിന്റെ കാഠിന്യം കൊണ്ടാവാം അയാളുടെ മുഖമൊന്നു ചുളിഞ്ഞു. കൈക്കുമ്പിളില്‍ കുറച്ചുവെള്ളം കോരികുടിച്ചുകൊണ്ട് അയാള്‍ വെള്ളച്ചാട്ടത്തിന്റെ അടുത്തേയ്ക്കു നടന്നു.വെള്ളം താഴേയ്ക്കു പതിയ്ക്കുന്ന വല്ലാത്ത ശബ്ദം....

പാറക്കൂട്ടത്തിന്റെ വിളുമ്പിലെത്തിയ അയാളുടെ കാലുകള്‍ ഒരു നിമിഷം നിശ്ചലമായി.താഴേക്കയാള്‍ ദൃഷ്ടിപായിച്ചു.അന്തരീക്ഷത്തിലാവരണം തീര്‍ത്തുകൊണ്ട് നീരാവിപടലം.മറ്റൊന്നും തെന്നെ കാണാനില്ല.അയാള്‍ പെട്ടന്ന്‍ പുറകിലേയ്ക്കു മാറി.

ഒരു പാറയിലിരുന്നശേഷം അയാള്‍ വീണ്ടും ബാക്കിയുണ്ടായിരുന്ന മദ്യം വായിലേക്കൊഴിച്ചു.താനീ വെള്ളച്ചാട്ടത്തില്‍ ചാടി ജീവിതമവസാനിപ്പിച്ചാള്‍ ഒരു വേള ആരുമതറിയുകയില്ല.അഥവാ അറിഞ്ഞാല്‍ തന്നെ തന്റെ ശവം പോലും കണ്ടുകിട്ടിയെന്നും വരില്ല.തന്റെ മരണം എല്ലാപേരുമറിയണം.പ്രത്യേകിച്ചും അവള്‍.ആ വഞ്ചകി.തന്റെ സ്നേഹത്തെ നിഷ്ക്കരുണം പുറം കാലുകൊണ്ട് തട്ടിത്തെറിപ്പിച്ചുപോയവള്‍.തന്റെ ചേതനയറ്റ ശരീരം കണ്ടവള്‍ ഞെട്ടണം.ഇനിയുള്ള കാലം മുഴുവന്‍ അവളുടെ ഉറക്കം നഷ്ടപ്പെടണം.അതിനു കുറച്ചുകൂടി ഭയാനകമായ രീതിയില്‍ താന്‍ മരിക്കണം.അതിനു മറ്റു മാര്‍ഗ്ഗങ്ങള്‍ നോക്കുക തന്നെ വേണം.

തിരിഞ്ഞു നടക്കുമ്പോള്‍ അയാളുടെ മനസ്സാകെ പ്രക്ഷുബ്ദമായിരുന്നു.മുമ്പ് വിഷം കഴിക്കാന്‍ ശ്രമിച്ചതും പിന്നീട് തൂങ്ങിച്ചാവാനൊരുങ്ങിയതും എല്ലാം അയാളുടെ മനോമുകുരത്തില്‍ തെളിഞ്ഞുവന്നു.മറ്റെന്തെല്ലാം താന്‍ ശ്രമിച്ചുനോക്കിയിരിക്കുന്നു.എന്തുകൊണ്ടാണ് എല്ലാത്തവണയും താന്‍ അവസാനനിമിഷം പിന്മാറുന്നത്.മരണം തന്റെ പടിവാതില്‍ക്കലെത്തുമ്പോള്‍ അവളുടെ മുഖമോര്‍മ്മവരുന്നതുകൊണ്ടായിരിക്കുമോ. എപ്പോഴെങ്കിലും അവള്‍ തന്റെ സ്നേഹം തിരിച്ചറിയുമെന്ന്‍ താന്‍ വിശ്വസിക്കുന്നില്ലേ.പക്ഷേ ഓരോദിനം കൊഴിഞ്ഞുപോകുന്തോറും തന്റെ പ്രതീക്ഷകള്‍ അസ്ഥാനത്താവുകയാണല്ലോ.എന്തായാലും ഇനി വയ്യ.എത്രയും പെട്ടന്ന്‍ തന്റെയീ ജന്മമവസാനിപ്പിച്ചേ മതിയാകൂ.നടന്നുനടന്ന്‍ റയില്‍പാളത്തിനടുത്തെത്തിയ അയാള്‍ ഒരു നിമിഷം നിന്നു.അതേ ഒരു മാര്‍ഗ്ഗം തന്റെ മുമ്പില്‍ തെളിഞ്ഞുവന്നിരിക്കുന്നു.നാളെ താന്‍ അതു ചെയ്തിരിക്കും.പാഞ്ഞുവരുന്ന തീവണ്ടിയ്ക്കു മുമ്പില്‍ താന്‍ എടുത്തുചാടിയിരിക്കും.ആ കറുത്ത പെരുമ്പാമ്പ് തന്റെ ശരീരത്തെ ആയിരം കഷണങ്ങളായ് ചിതറിത്തെറുപ്പിക്കും.ചോരയില്‍ കുളിച്ചുചിതറിക്കിടക്കുന്ന തന്റെ ശരീരം നോക്കി പ്രജ്ഞയറ്റുനില്‍ക്കുന്നവരില്‍ അവളുമുണ്ടാകും.താനതുകണ്ട് സന്തോഷിക്കും.നാളെ വൈകുന്നതിനകം താന്‍ വടക്കുനിന്നുവരുന്ന എക്സ്പ്രസ്സിനിരയായിരിക്കും.

ആവേശത്തോടെ തന്റെ മുമ്പിലുള്ള റയില്‍ പാളങ്ങളിലേയ്ക്കു നോക്കിയിട്ട് അയാള്‍ അതുമുറിച്ചുകടന്ന്‍ മുമ്പോട്ട് നടന്നു. കട്ടിലില്‍ നീണ്ടുനിവര്‍ന്ന്‍ കിടക്കുമ്പോള്‍ അയാളുടെ മുഖം പ്രസന്നമായിരുന്നു.തന്റെ അവസാനരാത്രി.. ചിരിച്ചുകൊണ്ടയാള്‍ കണ്ണുകള്‍ പൂട്ടി.



രാവിലെ ഉണര്‍ന്നെഴുന്നേറ്റ അയാള്‍ വേഗം കുളിയും മറ്റുമൊക്കെ കഴിച്ച് പുറത്തേയ്ക്കിറങ്ങി.പതിവുപോലെ ആ ബസ്സ്റ്റോപ്പിന്റെ ഓരത്തായി പോയി മറഞ്ഞുനിന്നു.മരിയ്ക്കുന്നതിനുമുമ്പ് ആ മുഖമൊരിക്കല്‍ക്കൂടി കാണണമെന്ന ഉത്ക്കടമായ ആഗ്രഹം.അല്‍പ്പസമയം കഴിഞ്ഞ് അവള്‍ വരുന്നത് കണ്ട അയാള്‍ ഒന്നുകൂടി പതുങ്ങിനിന്നു.തന്റെ സ്നേഹം അനുഭവിക്കുവാന്‍ യോഗമില്ലാത്തവള്‍.നീ നാളെകള്‍ മുഴുവന്‍ നെടുവീര്‍പ്പിടുന്നതതിനെക്കുറിച്ചോര്‍ത്തായിരിക്കുമെന്നു മനസ്സില്‍ പറഞ്ഞുകൊണ്ടയാള്‍ അവള്‍ ബസ്സുകയറിപോകുന്നതുവരെ അവിടെ നിന്നു.പിന്നെ അലസമായി വിജനമായ റയില്വേട്രാക്കിന്റെ ഭാഗത്തേയ്ക്കു നടന്നു.പകലിനു ചൂടുപിടിച്ചുതുടങ്ങിയിരിക്കുന്നു.റയില്‍ പാളത്തിനടുത്ത് നിന്ന അയാളുടെ കണ്ണുകള്‍ ട്രയിന്‍ വരുന്ന ദിശയിലേയ്ക്കു നീങ്ങി.അല്‍പ്പസമയം കഴിഞ്ഞപ്പോള്‍ അതിന്റെ ചൂളം വിളി കേള്‍ക്കാനാരംഭിച്ചു.ചുറ്റുപാടും ഒരിക്കല്‍ക്കൂടി നോക്കിയിട്ട് ആരുമില്ലെന്നുറപ്പുവരുത്തി അയാള്‍ പാളത്തിന്റെ മധ്യഭാഗത്തായി കയറിനിന്നു.തന്നെ പുണരാനായി ഇഴഞ്ഞുവരുന്ന കറുത്ത സത്വത്തെ നേരിടാനാവാതെ അയാള്‍ തന്റെ മിഴികള്‍ പൂട്ടി.ഒരു ഹുങ്കാരശബ്ദത്തോടെ ട്രയിന്‍ അലറിപ്പാഞ്ഞു കടന്നുപോയി.ഒരലര്‍ച്ച അയാളില്‍ നിന്നുമുയര്‍ന്നു.

എല്ലാമൊന്നു ശാന്തമായപ്പോള്‍ അയാളറിഞ്ഞു.തന്നെത്തൊടാതെ പെരുമ്പാമ്പിഴഞ്ഞുപോയിരിക്കുന്നു.രക്തമോ മാംസമോ ഒന്നും ചിതറിയിട്ടില്ല.പക്ഷേ തന്റെ അടുത്തെത്തിയ മരണത്തില്‍ നിന്നും രക്ഷ്പ്പെടാനായി വെപ്രാളത്തില്‍ പാളത്തിന്റെ മറുപുറത്തേയ്ക്കു ചാടിയപ്പോള്‍ മെറ്റലിലോ മറ്റോ കൊണ്ട് കാലുകുറച്ചു മുറിഞ്ഞിരിക്കുന്നു.അപ്പോള്‍ പതിവുപോലെ താന്‍ ഇപ്പോഴും മരണത്തെ പറ്റിച്ചിരിക്കുന്നു.അപ്പോഴിനിയടുത്തതായിട്ടെന്തുചെയ്യും.ചിന്താമഗ്നനായി റയില്‍പ്പാളത്തിനടുത്തിരുന്ന അയാള്‍ വേദനയനുഭവപ്പെട്ടപ്പോല്‍ കാലിലെ മുറിവിലേയ്ക്കു നോക്കി.അതില്‍ നിന്നും ചെറുതായി കിനിയുന്ന രക്തത്തുള്ളികള്‍ കണ്ടപ്പോള്‍ അയാള്‍ക്ക് മോഹാലസ്യം വരുന്നതുപോലെ തോന്നി. മുറിവ് പഴുക്കാതിരിക്കുന്നതിനു ഇഞ്ചക്ഷനെടുക്കാനായി ആശുപത്രി ലക്ഷ്യമാക്കി അയാള്‍ വേഗത്തില്‍ നടന്നു.


ശ്രീക്കുട്ടന്‍

9 comments:

  1. പ്ലീസ്സ്..എനിക്കൊരു മാര്‍ഗ്ഗം പറഞ്ഞുതരൂ..ഞാനൊന്നു ചത്തോട്ടെ...............

    ReplyDelete
  2. ഇവിടെ ബൂലോഗത്തിലെ വീരാംഗനമാരെ ഒന്നു ചൊറിഞ്ഞുനോക്കൂ ബാക്കി ഞങ്ങളായിക്കോളാം....പച്ചക്ക് കൊന്ന് ഉപ്പും മുളകും തേച്ച് കെട്ടിതൂക്കേണ്ട കാര്യം ഞങ്ങളേറ്റു...

    ReplyDelete
  3. ഒന്ന് വേഗമാവട്ടെ......

    ReplyDelete
  4. രമേശേട്ടാ,

    അങ്ങിനെ പറയരുത്.പാവത്തിന്റെ ശ്രമം എപ്പോഴെങ്കിലും ഫലിച്ചുകൊള്ളും.

    നികു,

    അംഗനമാരുടെ അടികൊണ്ടുചാവുന്നതിനേക്കാളും നല്ലത് കൈനരമ്പ് മുറിച്ചിട്ട് വെഷോം കുടിച്ചോണ്ട് മണ്ണെണ്ണയൊഴിച്ച് തീകൊളുത്തുന്നതല്ലേ.കൊച്ചുകള്ളാ പൂതി കൊള്ളാമല്ലോ...

    റഈസ്,

    ഇഡ്ഡലി ഒടനേതിന്നാമെന്ന പൂതി വേണ്ട മോനേ..

    ReplyDelete
  5. മരണം ഒരു തമാശയല്ലനിയാ...
    ജീവിതം ഒന്നേയുള്ളൂ.

    ReplyDelete
  6. ഇത്രേം പേടി ഉള്ള ആളാണോ ചാവാന്‍ നടക്കുന്നത്.

    ReplyDelete
  7. കഷ്ട്ടം... സ്വന്തമായി ചാവാനും അറിയില്ലേ ... ?

    ReplyDelete