Sunday, January 24, 2010

ഗുരുര്‍ ദേവോ ഭവ:

"12 മണിക്കു പുള്ളേര്‍ക്ക് കഞ്ഞി കൊടുക്കാനുള്ളതാ.ഈ നാശം പിടിച്ച തള്ള എവിടെപോയി കിടക്കുന്നു.കൊറച്ച് വെള്ളമെടുത്തുകൊണ്ടുവരാന്‍ പറഞ്ഞിട്ടെത്ര സമയമായി.ഇനി അതിനും ഞാന്‍ തന്നെ പോണമായിരിക്കും".കുറച്ചുറക്കെ പിറുപിറുത്തുകൊണ്ട് രാഘവന്‍ അടുപ്പിലെ തീ അല്‍പ്പം കുറച്ചു.

"ഹൊ വരുന്നുണ്ടല്ലോ തള്ള.നിങ്ങളിതെവിടെപോയി പണ്ടാരമടങ്ങിക്കിടക്കുവായിരുന്നിത്രനേരം.എനിക്കേ രണ്ടു കയ്യേയുള്ളു.12 മണിക്കു മുമ്പേ കഞ്ഞിയും പയറും റെഡിയായില്ലെങ്കില്‍ ആ തള്ള എന്റെ ഉയിരെടുക്കും.ആ വെള്ളം കൊറച്ചീ കഞ്ഞിയിലോട്ടൊഴിച്ചേ".

"നീ ഒന്നു ക്ഷമിക്കെന്റെ രാഘവാ.വെള്ളമെടുത്തുകൊണ്ട് നിന്നപ്പോള്‍ ആപ്പീസിനുമുമ്പില്‍ ഭയങ്കര ഒച്ചേം ബഹളോം.ഞാനതെന്താണെന്നൊന്നു നോക്കാന്‍ പോയി.അതാ താമസിച്ചത്".

"നിങ്ങളെന്തിനാണാവശ്യമില്ലാത്തിടത്തൊക്കെ നോക്കാന്‍ പോണത്.കഞ്ഞി വക്കാന്‍ വന്നവര് ആ പണി ചെയ്താല്‍ പോരെ. അല്ല എന്തായിരുന്നു പ്രശ്നം".

"ഒന്നും പറയണ്ടെടാ. കണ്ണീച്ചോരയില്ലാത്ത പരിപാടിയായിപ്പോയി.നമ്മുടെ പഞ്ചായത്താപ്പീസില്‍ പണിയെടുക്കണ സുകുമാരന്‍ സാറിനെ നിനക്കറിയില്ലേ.അയാളുടെ മോള് ഇന്നു കോം വര്‍ക്കോ മറ്റൊ ചെയ്തുകൊണ്ട് വന്നില്ലെന്നും പറഞ്ഞ് ആ താടക സുനന്ദ ടീച്ചര്‍ ആ കൊച്ചിനെ പിടിച്ചു പൊരിവെയിലത്തു നിര്‍ത്തി.കൊച്ച് കൊച്ചല്ലിയ്യൊ അത് കൊറച്ചുനേരം വെയിലുകൊണ്ടപ്പോ തലകറങ്ങിതാഴെവീണു. ടീച്ചറാണുപോലും ടീച്ചര്‍.ത്ഫൂ...എന്റെ കൊച്ചിനോടെങാനുമാണിങ്ങനെ ചെയ്തതെങ്കി അവടെ മോന്തക്കു ഞാന്‍ തെളച്ചവെള്ളം ഒഴിച്ചുകൊടുത്തേനെ."

"നിങ്ങളൊന്നടങ് തള്ളേ. അവരൊക്കെ വലിയ പഠിപ്പും വെവരവുമൊള്ള ആള്‍ക്കാരാ.നമ്മളാവശ്യമില്ലാത്ത കാര്യത്തില്‍ വല്ലതും പറഞ്ഞ് എന്തിനാ ഒള്ള കഞ്ഞികുടി മുട്ടിക്കുന്നത്.നമ്മളൊന്നും കാണുന്നില്ല കേള്‍ക്കുന്നില്ല. അത്ര തന്നെ.ആ പയറിനു ഉപ്പ് മതിയോയെന്നൊന്ന്‍ നോക്കിയേ".

അയാള്‍ അടുപ്പിലെ തീ വീണ്ടും കുറച്ചുകൊണ്ട് ഒരു ബീഡിയെടുത്തു കത്തിച്ചു.മച്ചിലേക്കു നോക്കി പുകയൂതിവിട്ടപ്പോല്‍ അതില്‍ പൊരിവെയിലത്തു വിയര്‍ത്തുകുളിച്ച് തളര്‍ന്നു നില്‍ക്കുന്ന ഒരു എട്ടുവയസ്സുകാരിയുടെ ദയനീയമുഖം തെളിഞ്ഞുവരുന്നതായി അയാള്‍ക്കു തോന്നി. ആ നോട്ടം നേരിടാനാവാത്തതുപോലെ അയാള്‍ തന്റെ കണ്ണുകള്‍ ഇറുക്കെയടച്ചു.



പിന്‍ കുറിപ്പ്: മാലാഖമാരെപ്പോലുള്ള എല്ലാ ടീച്ചര്‍‍മാരും എന്നോടു ക്ഷമിക്കുക.ഇതു വെറുമൊരു കഥയാണ്. ആരോടെങ്കിലും സാദൃശ്യം തോന്നുന്നുവെങ്കില്‍ അതെന്റെ കുറ്റമല്ല.

5 comments:

  1. രണ്ടു തരത്തില്‍ പെട്ടവരും എല്ലാ ഫീല്‍ഡിലും കാണുമല്ലോ. എങ്കിലും ഭൂരിഭാഗം വരുന്ന അദ്ധ്യാപകരും കുട്ടികളെ സ്നേഹിയ്ക്കുന്നവരാണ് എന്നാണ് അനുഭവം :)

    ReplyDelete
  2. ശ്രീ പറഞ്ഞത് പോലെ , ഭൂരിഭാഗം ടീച്ചര്‍മാരും കുട്ടികളെ സ്നേഹിക്കുനവരാണ് എന്നാണ് അനുഭവം. ഇടക്കൊകെ ഓരോനു തല്ലുനത് എന്തെങ്കിലും കാരണം ഉള്ളത് കൊണ്ട് മാത്രം ( വീടിലെ അച്ഛനും അമ്മയും ഒക്കെ മക്കളെ തല്ലുനത് സാധാരണം അല്ലെ )
    ഒരു ചൊല്ലില്ലേ, കുലയിലെ ഒന്ന് പേടായാലും എല്ലാം പേടായാലും ഒരു പോലെ ചീത്തപേരു എന്ന്

    ReplyDelete