Sunday, October 30, 2011

എക്സ്ക്ലൂസ്സീവ് അഭിമുഖം

"നമസ്ക്കാരം,ഈ അഭിമുഖത്തിനു സമ്മതിച്ച താങ്കള്‍ക്ക് ബൂലോകത്തിന്റെ പേരില്‍ ആദ്യമേ നന്ദി അറിയിക്കുന്നു. പിന്നെ ആയിരക്കണക്കിനു വായനക്കാര്‍ താങ്കളുടെ വാക്കുകള്‍ക്ക് ചെവിയോര്‍ത്ത് അക്ഷമരായി കാത്തിരിക്കുന്നുമുണ്ട്.അവരെയാരെയും താങ്കള്‍ നിരാശരാക്കില്ല എന്ന്‍ പ്രതീക്ഷിക്കട്ടെ"

"തീര്‍ച്ചയായും.ഞാന്‍ ഒരിക്കലും ഒരഹങ്കാരിയല്ല.എല്ലാവരേയും സ്നേഹത്തോടെ കാണുവാന്‍ സംസാരിക്കുവാന്‍ അടുത്തറിയുവാന്‍ ആഗ്രഹിക്കുന്ന ഒരാളാണ്.ഞാന്‍ ഒരു തുറന്ന പുസ്തകമാണ്.ഞാന്‍ വലിയവാനാണെന്ന്‍ കരുതുന്നില്ല.ബാക്കിയെല്ലാവരും ചെറിയവരാണെന്നും..ഹാ..ഹാ​‍"

"താങ്കള്‍ എങ്ങിനെയാണ് ബൂലോകത്തേയ്ക്ക് എത്തപ്പെട്ടത്"

"അതിനെക്കുറിച്ച് പറയുവാണെങ്കില്‍ വളരെപ്പറയാനുണ്ട്.പണ്ട് മുതലേ തന്നെ ഞാന്‍ പുസ്തകങ്ങളോടും കഥകളോടും എല്ലാം താല്‍പ്പര്യപ്പെട്ടിരുന്നു.അച്ഛന്‍ എനിക്ക് മിഠായികള്‍ക്കുപകരം ബാലരമയും ബാലമംഗളവും പൂമ്പാറ്റയുമൊക്കെ വാങ്ങിക്കൊണ്ട് തരും.കുട്ടൂസനും ഡാകിനിയും ഡിങ്കനും മായാവീം..ഹൊ എന്നാ രസമായിരുന്നു.ഒറ്റയിരുപ്പിനാ കഥകളൊക്കെ വായിച്ച് രസിച്ചിരുന്ന ഞാന്‍ അതിന്റെ അടുത്ത ലക്കത്തിനായി വിജനതയിലേയ്ക്ക് നോക്കി കണ്ണും നട്ട് നില്‍ക്കാറുണ്ടായിരുന്നെന്ന്‍ അമ്മയും മറ്റും ഇപ്പോഴും പറയാറുണ്ട്.വലുതാകുമ്പോള്‍ ആള്‍ക്കാരെ പിടിച്ചിരുത്തുന്ന ആകാംഷാഭരിതരാക്കുന്ന കഥകളും മറ്റുമൊക്കെയെഴുതണമെന്ന്‍ കുട്ടിയിലേ ഞാന്‍ തീരുമാനിച്ചിരുന്നു.വലുതായപ്പോള്‍ ഞാന്‍ എഴുതിതുടങ്ങി.നിരവധി കഥകളും ലേഖനങ്ങളും ഞാനെഴുതി.നൂറുകണക്കിനു കവിതകള്‍. ഞാനവയെല്ലാം പത്രമാപ്പീസുകളിലയച്ച് കണ്ണിലെണ്ണയൊഴിച്ച് കാത്തിരുന്നു.പക്ഷേ ആരുമെന്നെ തിരിച്ചറിഞ്ഞില്ല.നല്ലതൊന്നും അവര്‍ക്ക് പറഞ്ഞിട്ടില്ലല്ലോ.അങ്ങിനെ ഭഗ്നാശനായിക്കഴിയവേയാണ് ഒരു സുഹൃത്ത് ബ്ലോഗിനെക്കുറിച്ച് എന്നോട് പറയുന്നത്.തപ്പിപ്പിടിച്ച് എത്തിയപ്പോള്‍ സംഗതി ശരിയാണ്. എന്നെപ്പോലെ എത്രയെത്ര എഴുത്തുകാര്‍.പിന്നീട് എനിക്ക് തിരിഞ്ഞുനോക്കേണ്ടിവന്നിട്ടില്ല.ഇപ്പോള്‍ ആയിരക്കണക്കിനാരാധകരും ദിനേന നൂറുകണക്കിനു മെയിലുകളും.ശ്ശൊ..നിന്നു തിരിയാന്‍ സമയമില്ലന്നേ"

"ഏതുതരം കഥകളാണ് താങ്കള്‍ എഴുതുന്നത്"

"കഥകള്‍ ഹൃദയത്തെ തൊട്ടുണര്‍ത്തുന്നതാവണം.കഥാപാത്രങ്ങള്‍ നമ്മെ സങ്കടപ്പെടുത്തണം.വായനക്കാരന്‍ വായിച്ചുകഴിഞ്ഞ് കണ്ണീര്‍വാര്‍ക്കുകയോ പൊട്ടിച്ചിരിക്കുകയോ ചെയ്യുമ്പോള്‍ മാത്രമാണ് നല്ല കഥയാവുന്നതാണെന്നാണ് എന്റെ അഭിപ്രായം.ഞാനെഴുതിയ പലകഥകളും വായിച്ച് ഞാന്‍ മനസ്സറിയാതെ പൊട്ടിച്ചിരിച്ചുപോയിട്ടുണ്ട്.അപ്പോള്‍ ഞാന്‍ എഴുത്തുകാരനല്ല വായനക്കാരനാണു.അതൊന്നും വായിച്ച് നല്ല അഭിപ്രായം പറയാന്‍ കഴിയാത്തവര്‍ കൂപമണ്ഡൂകങ്ങള്‍ മാത്രമാണ്"

"താങ്കള്‍ വായിച്ചിട്ടുള്ളതില്‍ ഏറ്റവും മികച്ച ബ്ലോഗ്ഗേതാണ്.ഏറ്റവും മികച്ച ബ്ലോഗ്ഗെഴുത്തുകാരന്‍ ആരാണ്"

"ഇത്തരം ഒരു ചോദ്യം ഞാന്‍ പ്രതീക്ഷിച്ചിരുന്നു.എല്ലാവരും കരുതും തങ്ങളുടേതാണ് മികച്ച ബ്ലോഗെന്ന്‍.എന്തെങ്കിലും ചുക്കോ ചുണ്ണാമ്പോ അതിലുണ്ടെങ്കിലും വേണ്ടൂല.ഒരു സെലിബ്ബ്രിറ്റി ഇന്ന ബ്ലോഗ്ഗ് വായിച്ചു താനാകെ കോള്‍മയിര്‍ കൊണ്ടുവെന്നെങ്ങാനും പറയുന്നത് കേള്‍ക്കുവാനായി വായും പൊളിച്ചിരിക്കുന്ന മറ്റ് എഴുത്തുകാര്‍. സാംസ്ക്കാരികാപചയമാണിത്.മൂല്യച്യുതി എന്നു വേണമെങ്കില്‍ പറയാം.സത്യത്തില്‍ ഞാന്‍ ഒരു ബ്ലോഗുപോലും ഇതേവരെ മുഴുവനും നോക്കീട്ടുമില്ല ഒരുത്തന്റേം പോസ്റ്റു മുഴുവന്‍ വായിച്ചിട്ടുമില്ല"

"അപ്പോള്‍ പല പോസ്റ്റിലും താങ്കള്‍ അതിഗംഭീരമായിരിക്കുന്നു , മന‍സ്സിനെ പിടിച്ചുകുലുക്കി എന്നൊക്കെ കമ്ന്റിടുന്നതോ"

"ഹ..ഹാ..അതാണതിന്റെ ഗുട്ടന്‍സ്..ചെലവമ്മാരെഴുതിവച്ചിരിക്കുന്നത് വായിച്ചാ പെറ്റ തള്ള സഹിക്കൂല്ല.ഇനിയത് വായിച്ചേച്ച് പൊളിയെന്നെങ്ങാനുമെഴുതിയാപ്പിന്നെ അവനെന്റെ ബ്ലോഗിലോട്ട് തിരിഞ്ഞു നോക്കുമോ..ഇത് ചുമ്മാ നമ്മള്‍ എന്റെ മനസ്സു നിറഞ്ഞു, അതിഗംഭീരമായിരിക്കുന്നു എന്നൊക്കെ റെഡിമെയ്ഡ് ഒണ്ടാക്കിവച്ചിട്ടൊണ്ട്.കോപ്പി പേസ്റ്റ്..അത്ര തന്നെ...പക്ഷേ ആദ്യത്തെ ഒരു രണ്ടുവരിയെങ്കിലും മിനിമം വായിച്ചുനോക്കണം.ചെലപ്പം വല്ല ചരമമറിയിപ്പുമാണ് പോസ്റ്റിലെങ്കില്‍ ഊ...."

"ബ്ലോഗില്‍ പുലികളായിട്ടുള്ളവര്‍ പുതുമുഖങ്ങളെ ഒരു വിധത്തിലും സഹായിക്കുന്നില്ല എന്നൊരാരോപണം നിലവിലുണ്ട്"

"എന്റെ പൊന്നു ചങ്ങാതീ..എന്തു പുലികള്‍ ..എന്തുപുതുമുഖം..ബ്ലോഗ് തുടങ്ങിയ സമയം എഴുതിതുടങ്ങുമ്പം എല്ലാപേരും പുതുമുഖങ്ങളല്ലായിരുന്നോ..കൊറച്ചു നാളുകഴിഞ്ഞപ്പം അവരെങ്ങിനെ പുലികളായി.ഞാന്‍ എഴുതിതുടങ്ങീട്ട് രണ്ടുകൊല്ലമായി.അങ്ങിനെയാണെങ്കില്‍ ഞാന്‍ മിനിമമൊരു പുള്ളിപ്പുലിയെങ്കിലുമാവണ്ടേ...ചിലര്‍ സൂപ്പര്‍സ്റ്റാറുകളെപ്പോലെ ഫാന്‍സുകളെയുണ്ടാക്കിവച്ചിട്ടുണ്ട്.അവര് ഇന്നു ചെലപ്പം പുലീന്നും രണ്ടുദിവസം കഴിഞ്ഞ് കഴുതപ്പുലീന്നും ഒക്കെ വിളിക്കും..നമ്മളിതെത്ര കേട്ടതാ..എല്ലാവരോടും ഒരു സാ മട്ടില്‍ നിന്നാല്‍ ഇവിടെ ജീവിച്ചു പോവാം.ഇല്ലെങ്കി നാറ്റി നാമാവശേഷമാക്കിക്കളയും..നമ്മുടെ സിനിമാനടന്റെ അനുഭവമറിയാമല്ലോ."

"എഴുതുവാന്‍ ഏറ്റവും എളുപ്പം എന്താണ്.കഥകളാണോ കവിതകളാണോ അതോ ലേഖനങ്ങളോ"

"ഏതു സാധനമെഴുതണമെങ്കിലും പാട് തന്നെ.കഥയാണെങ്കില്‍ വായിച്ച് നൂറുനൂറു കുറ്റം പറയാന്‍ ആള്‍ക്കാരുണ്ടാവും.കവിതയാണെങ്കിലോ നമ്മള്‍ സ്വപ്നം പോലും കാണാത്ത അര്‍ഥവിന്യാസങ്ങളുമായി ആള്‍ക്കാരെത്തും.ഇവരെയെല്ലാപേരേം തൃപ്തിപ്പെടുത്തുക അസാധ്യമാണ്.പിന്നെയൊരു സൂത്രപ്പണിയുള്ളത് മിടുക്കമ്മാരെഴുതിവച്ചിരിക്കുന്നതിന്റെ അവിടേം ഇവിടേം നിന്നൊക്കെ ചൊരണ്ടി ഒരു ആധുനികനെ സൃഷ്ടിക്കുക.ബുജികള്‍ക്ക് പോലും മനസ്സിലാവാത്ത ആ സംഭവം സൂപ്പര്‍ഹിറ്റായിരിക്കുമെന്ന്‍ നൂറുശതമാനമുറപ്പാണ്"

"അപ്പോള്‍ താങ്കള്‍ ഈ രീതിയാണു പിന്തുടരുന്നതല്ലേ"

"പൊന്നുടയതേ. ഈ കോലത്തില്‍ ഞാനിരിക്കുന്നതില്‍ അല്‍പ്പവും സഹിക്കുന്നില്ലല്ലേ.എങ്ങിനെയെങ്കിലും ഒന്നു ജീവിച്ചുപൊയ്ക്കോട്ടേ"


"ബുജികള്‍ എന്നു വിളിക്കുന്നതാരെയാണു"

"സാധാരണ ഊശാന്താടിയും വളര്‍ത്തി കഴുകാത്ത കുപ്പായോമിട്ട് ഒരു നാറികീറിയ സഞ്ചിയും തൂക്കി ചുമ്മാ എവിടേം കേറി എന്തും അഭിപ്രായിക്കുന്ന സാഹിത്യവിശാരധമ്മാര്‍ ആകുന്നു ബുജികള്‍"

"ബൂലോകത്ത് താങ്കളുടെ ഏറ്റവും ജനപ്രീതിനേടിയ കൃതി ഏതായിരുന്നു"

"ഞാനെഴുതിയ പത്തുനൂറ്റിനാല്‍പ്പത് കഥകളില്‍ മിക്കതും അങ്ങേയറ്റം നിരൂപകപ്രശംസ പിടിച്ചുപറ്റിയതായിരുന്നു.ചില കഥകള്‍ വായിച്ചിട്ട് എന്റെ ഫോണ്‍ നമ്പര്‍ തപ്പിപ്പിടിച്ച് ചിലരെന്നെ വിളിച്ചിട്ടുണ്ട്..ഹോ ഓര്‍ക്കുമ്പോള്‍ തന്നെ..ദേ കൈ കണ്ടോ..രോമാഞ്ചമുണ്ടാകുന്നത്..തീവ്രവാദിയുടെ വാതരോഗം എന്ന എന്റെ കഥ എത്രപേര്‍ ഫോര്‍വേട് ചെയ്തിട്ടുണ്ടെന്ന്‍ ദൈവം തമ്പുരാനുപോലുമറിയില്ല.അതേപോലെതന്നെ ആലീസിന്റെ ആട്ടിങ്കുട്ടി, മലഞ്ചെരുവിലെ കൊന്നത്തെങ്ങ്...പറയുവാനാണെങ്കില്‍ ഏറെയുണ്ട്"

"താങ്കള്‍ക്ക് ഏതെങ്കിലും അവാര്‍ഡോ മറ്റോ കിട്ടിയിട്ടുണ്ടോ"

"ഈ ഒരു കാര്യത്തില്‍ എനിക്ക് മാത്രമല്ല പലര്‍ക്കും കടുത്ത പ്രതിഷേധമുണ്ട്.അല്ലെങ്കിലും അര്‍ഹതയുള്ളവരെ എപ്പൊഴും തഴഞ്ഞ ചരിത്രമേയുണ്ടായിട്ടുള്ളൂ.അവാര്‍ഡിന്റെ തിളക്കത്തിലൊന്നും ഞാന്‍ മയങ്ങാറില്ല എന്നതാണു സത്യം"

"താങ്കളുടെ കഥകളേതെങ്കിലും സിനിമയായാള്‍"

"ഇപ്പൊള്‍ എനിക്ക് കുറച്ചാള്‍ക്കാരുടെ തെറിവിളി മാത്രം കേട്ടാ മതി..മൊത്തം മലയാളീസിന്റേയും കേള്‍ക്കണമെന്ന്‍ താല്‍പ്പര്യമില്ല"

"താങ്കളെ അത്ഭുതപ്പെടുത്തിയ എന്തെങ്കിലും ഒരു സംഭവം"

"അതിനെക്കുറിച്ച് വിശദമായ ഒരു പോസ്റ്റ് ഉടനിടുന്നതായിരിക്കും"

"അവസാനമായി താങ്കള്‍ക്കെന്താണു പറയാനുള്ളത്"

"അപ്പോ നീയൊക്കെക്കൂടി എന്നെ കൊല്ലാനായിട്ടുകൊണ്ടുവന്നതാണോടേ..എന്നെ ഒന്നും ചെയ്യരുതേ..ഞാന്‍ ഇനി ഒരു സ്ഥലത്തൂന്നും ഒന്നും മോട്ടിച്ചെഴുതത്തില്ല.എന്റമ്മച്ചിയാണേ സത്യം.ഈ ഒരു പ്രാവശ്യത്തേയ്ക്ക് ക്ഷമിക്കുക"

"അയ്യോ ചേട്ടാ ചുമ്മാ കരയാതെ..സമയം തീരാറായതുകൊണ്ട് ഒരു ചോദ്യം ചോദിച്ചെന്നേയുള്ളൂ.എന്താണു താങ്കള്‍ക്ക് ബൂലോകവാസികളായ എഴുത്തുകാരോട് പറയാനുള്ളത്"

"ഹൊ അതായിരുന്നോ.ഞാനാകെ പേടിച്ചുപോയെന്നേ..എല്ലാപേരും സ്വന്തമായി വല്ലോമെഴുതുവാന്‍ നോക്കുക.പരസ്പരം പാരവയ്ക്കേം ചെളിവാരിയെറിയുകയും ചെയ്യാതിരിക്കുക.നല്ല നല്ല കഥകളേം കവിതകളേം പ്രോത്സാഹിപ്പിക്കുക.എന്റെ കഥകള്‍ പരമാവധി വായിക്കുകയും പ്രചരിപ്പിക്കുകയും ചെയ്യുക...

നന്ദി നമസ്ക്കാരം...

ശ്രീക്കുട്ടന്‍

Thursday, October 27, 2011

മനുവിന്റെ ആദ്യചുംബനം

ബീച്ചിലെ ഒഴിഞ്ഞകോണിലായിരിക്കുമ്പോഴും മനു ചുറ്റുപാടും ശ്രദ്ധിക്കുന്നുണ്ടായിരുന്നു.ആരെങ്കിലും കണ്ടാല്‍ പിന്നെ..ഹൊ ഓര്‍ക്കുമ്പോല്‍ തന്നെ ശരീരമാകെ വിറയ്ക്കുന്നു.തന്നേയും ഒരു പെണ്‍കുട്ടിയേയും ഇവിടെ കണ്ടെന്നെങ്ങാനും വീട്ടിലറിഞ്ഞാല്‍.അച്ഛനെ പിന്നും സഹിക്കാം.ചേട്ടന്‍ തന്നെ തല്ലിക്കൊല്ലും.ഇപ്പോല്‍ തന്നെ താന്‍ ഒന്നും പഠിക്കാതെ കറങ്ങിനടക്കുകയാണെന്നും പറഞ്ഞു കൊല്ലാതെ കൊല്ലുന്നുണ്ട്.

"മനുവെന്താ ഒന്നും മിണ്ടാതിരിയ്ക്കുന്നതു".നിഷയുടെ ചോദ്യമാണു മനുവിനെ ചിന്തകളില്‍ നിന്നുമുണര്‍ത്തിയതു.

"ഹെയ് ഒന്നുമില്ല.ഞാന്‍ വെറുതേ എന്തൊക്കെയോ ആലോചിച്ചിരുന്നുപോയി".

"മനുവിനു പേടിയുണ്ടോ".

"എന്തിനു"
"അല്ല ഒരു പെണ്‍കുട്ടിയുമായി ബീച്ചിലും മറ്റും കറങ്ങിനടക്കുന്നതിനു"

"അങ്ങിനെയൊന്നുമില്ല.ചേട്ടനറിഞ്ഞാല്‍ കുഴപ്പമാ.അതോര്‍ക്കുമ്പം ഒരു ടെന്‍ഷന്‍.അത്രേയുള്ളു".

"മനു ഇത്ര പാവമായിപ്പോയല്ലോ.ഇങ്ങനെ പേടിയ്ക്കാമോ.എന്നെ നോക്കു.ഞാന്‍ എത്ര കൂളായിരിക്കുന്നു"

"അതു പിന്നെ ഞാനാദ്യമായിട്ടാണിങ്ങനെ.അതിന്റെ ഒരു...

"മനു എന്തെങ്കിലും പറയൂ.നിന്റെ സംസാരം കേള്‍ക്കാന്‍ എന്തു രസമാണെന്നോ"

"അത്രയ്ക്കിഷ്ടമാണോ എന്റെ സംസാരം "

"ങ്ഹും..ശരിക്കും..ഞാനൊരു കാര്യം ചോദിച്ചോട്ടെ..എന്നെ എപ്പോഴാണു മനു ഇഷ്ടപ്പെട്ടുതുടങ്ങിയത്"

ഒരു നിമിഷം ആലോചനാഭാവത്തിലിരുന്ന ശേഷം മനു പറഞ്ഞു.

"കൂട്ടുകാരികള്‍ക്കൊപ്പം ഒരു ഇളം മഞ്ഞ ചുരിദാറും ധരിച്ചുകൊണ്ട് പടവുകളിറങ്ങി വരവേ എന്റെ കയ്യിലൊന്നു മുട്ടിയില്ലേ.സത്യത്തില്‍ ഞാന്‍ ആ നിമിഷം തന്നെ കൊതിച്ചുപോയി.അന്നെന്റെ സ്വപ്നത്തില്‍ മുഴുവന്‍ ഒരു വെള്ളമാലാഖയെപ്പോലെ നിഷയായിരുന്നു.പിന്നെ പിന്നെ ഞാന്‍ കോളേജില്‍ വരുന്നതുപോലും തന്നെകാണുവാന്‍ വേണ്ടി മാത്രമായിരുന്നു.നിഷക്കെന്നോട് എപ്പോഴാണിഷ്ടം തോന്നിയത്."

"എനിക്കറിയില്ല മനു.എന്നെ തന്നെ ശ്രദ്ധിക്കുന്ന ഒരു ജോഡി കണ്ണുകളെ ഞാന്‍ തിറിച്ചറിഞ്ഞപ്പോള്‍ എനിക്കെന്തോ പോലെതോന്നി.ആദ്യമവഗണിച്ചെങ്കിലും പിന്നെ പിന്നെ ആ കണ്ണുകള്‍ക്കുടമയെ ഞാനും നോക്കുവാനാരംഭിച്ചു.എപ്പോഴോ എന്റെ മനസ്സിലും ആ രൂപം പതിഞ്ഞുപോയി.ഒടുവില്‍ ദേ ഇപ്പോള്‍ ഈ വിശാലമായ മണല്‍പ്പരപ്പില്‍ ഞാനാ കണ്ണുകള്‍ക്കുടമയുമായി സല്ലപിക്കുന്നു."

"താന്‍ മനോഹരമായി സംസാരിക്കുന്നു".

"മനുവും"

എന്തെല്ലാമോ പറയണമെന്നുണ്ട്.പക്ഷേ ഒന്നും പുറത്തേയ്ക്കു വരുന്നില്ല. മനു ആകെ അസ്വസ്ഥതയോടെ ചുറ്റും നോക്കി.തങ്ങളിരിക്കുന്നതിനടുത്തൊന്നുമാരുമില്ല.അവന്‍ തിരിഞ്ഞു നിഷയെ നോക്കി.കാറ്റത്തുപാറിപ്പറക്കുന്ന മുടിയിഴകള്‍ മാടിയൊതുക്കുന്ന അവളെ അവന്‍ സാകൂതത്തോടെ നോക്കി.ഈ ലോകത്തുള്ള ഏറ്റവും സുന്ദരി നിഷയാണെന്നവനു തോന്നി.അവളുടെ അടുത്തു ചേര്‍ന്നിരിയ്ക്കുമ്പോള്‍ ഒരു വല്ലാത്ത അനുഭൂതിയുടെ ലോകത്തേയ്ക്കുയര്‍ത്തപ്പെടുന്നതായി മനുവിനനുഭവപ്പെട്ടു.

നിഷ നോക്കുമ്പോള്‍ തന്നെ തന്നെ നോക്കിയിരിക്കുന്ന മനുവിനെയാണു കണ്ടതു.അവന്റെ വലതുകൈ മണലിലൂടെ അരിച്ചരിച്ചെത്തി തന്റെ കൈകളില്‍ മുറുകെപിടിച്ചപ്പോല്‍ ശരീരത്തിലൂടെ ഒരു വൈദ്യുതതരംഗം കടന്നുപോയതുപോലെ അവളൊന്നു വിറച്ചു. നാണത്തില്‍ കുതിര്‍ന്ന അവളുടെ മുഖം തന്റെ നേരെ തിരിച്ചുകൊണ്ട് അവനവളുടെ മിഴികളിലേയ്ക്കു സൂക്ഷിച്ചുനോക്കി.ആ നോട്ടം നേരിടാനാവാതെ നിഷ തന്റെ കണ്ണുകള്‍ ഇറുക്കെയടച്ചു.പെട്ടന്നു മനു നിഷയുടെ വിറയാര്‍ന്ന ചുണ്ടുകളില്‍ അമര്‍ത്തിയൊരുമ്മ വച്ചുകൊണ്ടവളെ തന്റെ ശരീരത്തോടു ചേര്‍ത്തുകെട്ടിപ്പിടിച്ചു.ആകെ തളര്‍ന്ന നിഷ ആ ചുംബനമേറ്റുവാങ്ങിക്കൊണ്ട് ഒന്നു കുതറുകപോലും ചെയ്യാതെ അവന്റെ ദേഹത്തോടൊട്ടിചേര്‍ന്നിരുന്നു.ആ സുഖലഹരിയില്‍ മനു തന്റെ കണ്ണുകള്‍ ഇറുക്കെയടച്ചു.

........................................................................................................................................................................

വല്ലാത്ത ബഹളം കേട്ട് മനു കണ്ണുതുറന്നുനോക്കി.ക്രൂദ്ധമായ മിഴികളുമായി വളരെ വലിയ ഒച്ചയില്‍ സംസാരിക്കുന്ന ചേട്ടനെകണ്ടവന്‍ ഒന്നു ഞെട്ടി.

"ആദ്യം എന്തെല്ലാമോ വര്‍ത്തമാനം പറഞ്ഞുകൊണ്ടവനെന്റെ കൈകള്‍പിടിച്ചുഞെരിച്ചു.പിന്നെ.ഞാനെങ്ങനെ അമ്മയോടുപറയും.കണ്ട പെണ്ണുങ്ങളേയുമോര്‍മ്മിച്ചുകിടന്നു അവനിന്നെന്റെ ചുണ്ടു കടിച്ചുമുറിച്ചു.നാളെയിനിയെന്തുചെയ്യില്ല എന്നാരുകണ്ടു.ഞാനിനിയെങ്ങനെ ഇവന്റെ കൂടെ ഒരു കട്ടിലില്‍ കിടക്കും".

ബഹളം കേട്ടോടിവന്ന അമ്മയോടായി ചേട്ടന്‍ പറയുന്നതുകേട്ടിട്ട് തന്നെ തന്നെ തുറിച്ച്നോക്കുന്ന അമ്മയെക്കണ്ട് ആ നിമിഷം ഉടലോടുകൂടി ഭൂമിയിലേയ്ക്കാഴ്ന്നുപോയെങ്കിലെന്നു ആത്മാര്‍ഥമായും മനു ആഗ്രഹിച്ചുപോയി.

ശുഭം

ശ്രീക്കുട്ടന്‍

Tuesday, October 25, 2011

മാധവേട്ടന്റെ വിഭ്രാന്തികള്‍

ഉറക്കമുണര്‍ന്ന മാധവേട്ടന്‍ ഒരു നിമിഷം മച്ചിലേയ്ക്ക് നോക്കിക്കിടന്നു.തലയ്ക്കാകെയൊരു പെരുപ്പനുഭവപ്പെടുന്നു.പൊട്ടിപ്പൊളിയുന്നതുപോലെ.കട്ടിലില്‍ കൈകുത്തി എഴുന്നേറ്റിരുന്ന മാധവേട്ടന്‍ അഴിഞ്ഞുകിടന്നിരുന്ന ലുങ്കി എടുത്തുടുത്തപ്പോള്‍ പെട്ടന്നൊന്നു ഞെട്ടി.ഈ ലുങ്കി എങ്ങിനെയാണഴിഞ്ഞുപോയത്.സാധാരണഗതിയില്‍ താന്‍ ലുങ്കിയുടുത്തുകിടന്നാല്‍ ഉണര്‍ന്നെഴുന്നേല്‍ക്കുമ്പോള്‍ അരയില്‍ തന്നെ കാണേണ്ടതാണു.ഹൊ ഇന്നലെ ശരിക്കും കുടിച്ചിരിക്കുന്നു.കമലയുണ്ടായിരുന്നെങ്കില്‍ താനിത്രയ്ക്ക് കുടിയ്ക്കുമായിരുന്നില്ല.മേശപ്പുറത്തിരുന്ന സിഗററ്റ് പായ്ക്കറ്റില്‍ നിന്നും ഒരെണ്ണമെടുത്ത് കൊളുത്തിക്കൊണ്ട് അയാള്‍ മെല്ലെയെഴുന്നേറ്റ് ജനലിനരുകിലേയ്ക്ക് ചെന്നു.ശരീരമാകെ ഒരു വേ്യും കഴപ്പും പോലെ.പുറത്ത് മഴ തിമിര്‍ത്ത് പെയ്യുകയാണ്.കമലയില്ലാത്തതുമൂലം പതിവുള്ള ചായയും കിട്ടിയിട്ടില്ല.രാവിലത്തെ ചായ കുടിക്കാതെ ഒരു കാര്യവും ശരിയാവില്ല.സിഗററ്റ് വേഗം വലിച്ചുതീര്‍ത്ത് കുറ്റി ജനലിലൂടെ പുറത്തേയ്ക്കെറിഞ്ഞിട്ട് മാധവേട്ടന്‍ ഒരു ചായയുണ്ടാക്കാനായി അടുക്കളയിലേയ്ക്കു നടന്നു.

രാവിലെ തന്നെ അടുപ്പില്‍ നിന്നും പുകയുയരുന്നത് കണ്ട മാധവേട്ടന്‍ ഒന്നന്ധാളിച്ചു.ചുറ്റും കണ്ണോടിച്ച അയാള്‍ വീണ്ടും ഞെട്ടി.വിശ്വാസം വരാത്തതുപോലെ കണ്ണുതിരുമ്മി ഒരിക്കല്‍ക്കൂടി നോക്കി. ചിരിച്ചുകൊണ്ട് തന്റെ നേരെ ചായക്കപ്പു നീട്ടുന്ന മരുമകളെ അയാള്‍ അത്ഭുതത്തോടെ നോക്കി.ഈശ്വരാ ലോകാവസാനമെങ്ങാനും സംഭവിക്കുവാന്‍ പോവുകയാണോ.ഇന്നേവരെ തന്റെ മരുമകള്‍ പത്തുമണിയ്ക്ക് മുന്നേ ഉറക്കമുണരുന്നത് തന്നെ കണ്ടിട്ടില്ല.അടുക്കള എന്നൊരു ഭാഗം ആ വീട്ടിലുണ്ടെന്ന്‍ തന്നെ അവളറിഞ്ഞിട്ടില്ല.താനും കമലയും എന്നിട്ടും അവളോട് യാതൊരിഷ്ടക്കേടും കാട്ടിയിട്ടില്ല.പട്ടണത്തില്‍ ജനിച്ചു വളര്‍ന്ന വല്യ കുടുംബത്തിലെ പെണ്ണല്ലേ.ജോലിയൊന്നും ചെയ്ത് ഒരു ശീലവും കാണത്തില്ലെന്ന്‍ കമല തന്നെയാണു പറഞ്ഞത്.കഴിഞ്ഞയാഴ്ച മകന്‍ പോകുന്നതിനു മുമ്പും പറഞ്ഞതും അതു തന്നെ.സുമിത്രയ്ക്ക് ഒരു ബുദ്ധിമുട്ടും വരാതെ നോക്കിക്കൊള്ളണമെന്ന്‍.ഇവിടെ എന്തു ബുദ്ധിമുട്ട് വരാനാണ്.

"എങ്ങിനെയുണ്ട് ഞാനിട്ട ചായ.കൊള്ളാമോ." കപ്പിലെ ചായ കുടിച്ചുകൊണ്ട് മരുമകള്‍ ചോദിച്ചപ്പോളാണ് മാധവേട്ടന്‍ ചിന്തകളില്‍ നിന്നുമുണര്‍ത്തിയത്.കാല്‍ക്കാശിനു കൊള്ളത്തില്ലെന്നാണു നാവിന്‍ തുമ്പില്‍ വന്നതെങ്കിലും അത് പുറത്തുകാട്ടാതെ നന്നായെന്ന അര്‍ഥത്തില്‍ അയാളൊന്നു തലയാട്ടിയിട്ട് ചിന്താഭാരത്തോടെ പൂമുഖത്തേയ്ക്ക് പോയി.മുറ്റത്ത്കിടന്ന പത്രമെടുത്തുകൊണ്ട് കസേരയിലിരുന്ന മാധവേട്ടന്‍ അതിലെ വാര്‍ത്തകളിലേയ്ക്ക് ഊളിയിട്ടു.

"ഇന്ന്‍ നമുക്കൊന്ന്‍ പുറത്തുപോയാലോ.ഒരു സിനിമയൊക്കെക്കണ്ട് പുറത്തുനിന്നും ആഹാരം കഴിക്കാം"

മാധവേട്ടന്‍ പത്രത്തില്‍ നിന്നും തലയുയര്‍ത്തി തന്റെ അടുത്ത് വന്നു നില്‍ക്കുന്ന മരുമകളെ നോക്കി.എന്തെങ്കിലും പറയണമെന്നുണ്ടായിരുന്നെങ്കിലും അയാള്‍ ഒന്നും മിണ്ടാതെ വീണ്ടും പത്രവായന തുടര്‍ന്നു.

അരണ്ട വെളിച്ചത്തില്‍ സ്ക്രീനില്‍ നിറയുന്ന താരങ്ങളേയും നോക്കിയിരിക്കുമ്പോള്‍ മാധവേട്ടന്റെ മനസ്സ് മറ്റെവിടെയോ ആയിരുന്നു.കമലയുമായി ഒരു പ്രാവശ്യം മാത്രമാണ് താനൊരു സിനിമയ്ക്ക് പോയിട്ടുള്ളത്.അവള്‍ക്കിഷ്ടമില്ലാതിരുന്നത്കൊണ്ടാണ് പിന്നീട് പോകാതിരുന്നത്.അതിനുശേഷം താനൊറ്റയ്ക്ക് മൂന്നോനാലോ സിനിമകള്‍ മാത്രമാണു കണ്ടിട്ടുള്ളത്.ഇപ്പോള്‍തന്നെ ശ്രീജയുടെ പ്രസവം നോക്കാനായി കമല പോയില്ലായിരുന്നുവെങ്കില്‍ താനിവിടെയിരിക്കുമായിരുന്നോ.ഒന്നു രണ്ട് പെഗ്ഗും വിട്ട് സിഗററ്റുകളും പുകച്ച് പൂമുഖത്തിരിക്കേണ്ട താനിപ്പോള്‍ ഏസിയുടെ കുളിരില്‍ ഇംഗ്ലീഷ് സിനിമയും കണ്ട്...ച്ഛേ..വേണ്ടായിരുന്നു. ഒരു സിഗററ്റ് വലിയ്ക്കണമെന്ന്‍ മാധവേട്ടനു തോന്നിയെങ്കിലും അയാള്‍ അതടക്കി സ്ക്രീനിലേയ്ക്ക് ശ്രദ്ധിക്കുവാന്‍ ശ്രമിച്ചു.തന്റെ തോളിലേയ്ക്ക് ചാഞ്ഞിരുന്ന്‍ സിനിമ കാണുന്ന സുമിത്രയെ അയാളൊന്ന്‍ പാളി നോക്കി.സിനിമയില്‍ മാത്രമാണവളുടെ ശ്രദ്ധ.ഇടയ്ക്ക് സ്ക്രീനില്‍ തെളിഞ്ഞ ചില രംഗങ്ങള്‍ മാധവേട്ടനെ അസ്വസ്ഥനാക്കി.എങ്ങിനെയെങ്കിലും പുറത്തിറങ്ങിയാള്‍ മതിയെന്നായിയയാള്‍ക്ക്.

വീട്ടിലെത്തിയയുടനേ മാധവേട്ടന്‍ ഷര്‍ട്ടൂരി അയയിലിട്ടിട്ട് അലമാരയില്‍ നിന്നും മദ്യകുപ്പിയെടുത്ത് ഒരു ലാര്‍ജ്ജൊഴിച്ച് ഒറ്റവലിയ്ക്കതകത്താക്കി.ചിറി തുടച്ചുകൊണ്ടയാള്‍ മേശവലിപ്പില്‍ നിന്നും ഒരു സിഗററ്റെടുത്ത് കൊളുത്തിയിട്ട് വീണ്ടുമൊരിക്കല്ക്കൂടി ഗ്ലാസ്സ് നിറച്ചു.‍ കമലയിനി എന്നാണു വരിക..കട്ടിലില്‍ മലര്‍ന്നുകിടക്കുമ്പോള്‍ മാധവേട്ടന്റെ മനസ്സില്‍ എന്തെല്ലാമോ അസ്വസ്ഥതകള്‍ അനുഭവപ്പെടുന്നുണ്ടായിരുന്നു.കുറച്ചുകഴിഞ്ഞപ്പോള്‍ ആരോ മുറിയില്‍ കടന്നതായി മാധവേട്ടനു തോന്നി.ചാടിയെഴുന്നേറ്റ് ലൈറ്റിടാനാഞ്ഞ അയാളെ രണ്ടു കരങ്ങള്‍ ആ ശ്രമത്തില്‍ നിന്നും തടഞ്ഞു.മുറിയിലാകെ പെര്‍ഫ്യൂമിന്റെ മാസ്മരഗന്ധം നിറയുന്നു.ശരീരം തളരുന്നത് പോലെ തോന്നിയ മാധവേട്ടന്‍ നിശ്ചലം കിടന്നു.അയാളുടെ രോമാവൃതമായ മാറിലൂടെ തണുപ്പുള്ളൊരു കൈ ഇഴഞ്ഞു നടന്നു.വിവേകം വികാരത്തിനു കീഴടങ്ങുകയാണോ...

തന്നെ പിണയുന്ന കൈകളെ തട്ടിമാറ്റിയിട്ട് മാധവേട്ടന്‍ എഴുന്നേറ്റിരുന്നു.

"എന്താ ഒരു വല്ലായ്മ..ഇന്നലെ ഇങ്ങിനെയൊന്നുമല്ലായിരുന്നല്ലോ"

കാതില്‍ വീണ ആ വാക്കുകള്‍ മാധവേട്ടന്റെ സമനില തെറ്റിച്ചു.തന്റെ കഴുത്തില്‍ കൈകള്‍ ചുറ്റി ചേര്‍ന്നിരിക്കുന്ന സുമിത്രയെ അയാള്‍ തള്ളിനീക്കി.അപ്പോള്‍ ഇന്നലെ രാത്രി...ദൈവമേ..താനാരോടൊക്കെയാണു തെറ്റു ചെയ്തത്.കമലയുടേയും മകന്റേയും മുഖങ്ങള്‍ അയാളുടെ മനസ്സില്‍ മാറിമാറി വന്നുകൊണ്ടിരുന്നു.

"ബന്ധങ്ങളൊന്നും നോക്കണ്ട.ജീവിതം ആസ്വദിക്കാനുള്ളതാണ്.മറ്റൊന്നും ഇപ്പോളാലോചിക്കേണ്ട.ഞാന്‍ മരപ്പാവയൊന്നുമല്ലല്ലോ.എന്റെ ആവശ്യങ്ങളറിയാന്‍ ശ്രമിക്കാത്ത ഭര്‍ത്താവ് കാശുണ്ടാക്കുവാനായി പുറം നാട്ടില്‍ പോയിക്കിടക്കുന്നു.കാശുമാത്രമാണോ ജീവിതം.നഷ്ടപ്പെടുത്തിക്കളയുന്നത് ജീവിതത്തില്‍ പിന്നെ തിരിച്ചുകിട്ടുമോ.അല്ലെങ്കില്‍ തന്നെ എല്ലാസമയത്തും ഇതേപോലുള്ള അവസരങ്ങളുമുണ്ടാകുമോ"

മാധവേട്ടന്റെ മുഖം കൈകളില്‍ കോരിയെടുത്തിട്ടവള്‍ അയാളുടെ നെറ്റിയില്‍ അമര്‍ത്തിയൊരുമ്മ വച്ചു.തന്റെ ശരീരം തളരുന്നത് പോലെ മാധവേട്ടനു തോന്നി.ശരീരത്തിലമരുന്ന മാര്‍ദ്ധവത്തെ അയാള്‍ കൈകൊണ്ട് ചേര്‍ത്തുപിടിച്ചു.അന്തരീക്ഷത്തിലാകെ ചൂടുപിടിച്ചത് പോലെ...പുറത്ത് മഴ ചെറുതായി പെയ്യുന്നുണ്ടായിരുന്നു.

പെട്ടന്നെഴുന്നേറ്റ മാധവേട്ടന്‍ കൈയ്യെത്തിച്ചു ലൈറ്റിട്ടു.കട്ടിലില്‍ കിടക്കുന്ന സുമിത്രയെ അയാളൊന്നു പാളി നോക്കി.ഈ രൂപം കണ്ടാല്‍ ആരാണു പാപം ചെയ്തുപോകാത്തത്.സിഗററ്റ് പുകച്ചുകൊണ്ട് നാലഞ്ച് ചുവട് നടന്ന മാധവേട്ടന്‍ ഒരു പെഗ്ഗ് കൂടിയൊഴിച്ചു കഴിച്ചു.പെട്ടന്ന്‍ തന്റെ ശരീരത്തിനൊരു തളര്‍ച്ചയനുഭവപ്പെടുന്നതായി അയാള്‍ക്ക് തോന്നി.തല കറങ്ങുന്നത് പോലെ.വയറില്‍ നിന്നും എന്തോ ഒന്നു കുതിച്ചുകയറിവരുന്നതുപോലെ. നെഞ്ചില്‍ കൈവച്ചുകൊണ്ടയാള്‍ വല്ലത്ത ഒച്ചയില്‍ ശര്‍ദ്ധിച്ചു.തറയിലേയ്ക്ക് വീണ ശര്‍ദ്ധിലിനൊപ്പം ചോരയുടെ കട്ടകള്‍ കണ്ട മാധവേട്ടന്‍ അറിയാതെയൊന്നു നിലവിളിച്ചു.പാപത്തിന്റെ ശമ്പളമെന്നോണം വീണ്ടും കുടുകുടാ ചോരക്കട്ടകള്‍ അയാള്‍ ശര്‍ദ്ധിച്ചുകൊണ്ടിരുന്നു.നിലവിളിയോടെ തറയിലേയ്ക്ക് മറിഞ്ഞുവീഴുമ്പോള്‍ അയാളുടെ മുന്നില്‍ കമലയും പിന്നെ മകനും നിര്‍വ്വികാരതയോടെ നോക്കി നില്‍പ്പുണ്ടായിരുന്നു...

"അച്ഛാ..അച്ഛാ..എന്താ പറ്റിയത്.എന്തിനാ നിലവിളിച്ചത്.."

അര്‍ദ്ധബോധാവസ്ഥയില്‍ മെല്ലെ കണ്ണുകള്‍ തുറന്ന മാധവേട്ടന്‍ കണ്ടത് പരിഭ്രമിച്ചുനില്‍ക്കുന്ന സുമിത്രയെയാണ്.തന്റെ വായില്‍ പറ്റിയിരിക്കുന്ന ശര്‍ദ്ധിലും ചോരയും കൈകൊണ്ട് തുടച്ചിട്ടയാള്‍ സ്വന്തം കയ്യിലേയ്ക്ക് നോക്കി. അതിലൊന്നുമുണ്ടായിരുന്നില്ല.അയാള്‍ അവിശ്വസനീയതയോടെ തറയിലേയ്ക്ക് പകച്ചു നോക്കി.ഒന്നും തന്നെ കാണാനില്ല.ശര്‍ദ്ധിലോ ചോരയോ ഒന്നും..അപ്പോള്‍ താന്‍ ശര്‍ദ്ധിച്ചതോ.പകപ്പോടെ അയാള്‍ മരുമകളെ നോക്കി.അവളുടെ മുഖത്താകെ സംഭ്രമമായിരുന്നു.

"അച്ഛന്റെ നിലവിളികേട്ടാ ഞാന്‍ ഓടി വന്നത്.എന്താ സ്വപ്നം വല്ലതും കണ്ടോ. നേരം പുലരാറാകുന്നതേയുള്ളൂ.ചായ വേണോ..ഞാനിട്ടുതരാം"

മരുമകളുടെ നേരെ നോക്കാതെ അയാള്‍ എഴുന്നേറ്റ് ബാത് റൂമിനുള്ളിലേയ്ക്ക് കയറി.പൈപ്പില്‍ നിന്നും വെള്ളമെടുത്ത് മുഖം കഴുകുമ്പോള്‍ അയാളുടെ മനസ്സില്‍ എന്തോ നീറുന്നുണ്ടായിരുന്നു...

നേരം പുലര്‍ന്നതും അയാള്‍ ഒരു കാറു വിളിച്ചുകൊണ്ട് വന്ന്‍ മരുമകളെ അവളുടെ വീട്ടില്‍ കൊണ്ടുചെന്നാക്കിയിട്ട് മകളുടെ വീട്ടിലേയ്ക്ക് തിരിച്ചു....


ശ്രീക്കുട്ടന്‍

Thursday, October 20, 2011

അച്ഛനെയാണെനിക്കിഷ്ടം-???

"എടാ രാജീവാ നീയറിഞ്ഞോ നമ്മുടെ സുനിലിന്റെ അച്ഛന്‍ മരിച്ചു".

ഉറക്കത്തില്‍നിന്നുമുണര്‍ന്ന രാജീവന്‍ എന്തോ വിശ്വസിക്കാനാവാത്തതുകേട്ടതുപോലെ വിജയനെ നോക്കി.

"സത്യമാടാ.അവനിപ്പോള്‍ ഫോണ്‍ വന്നതേയുള്ളു.എന്നോടു എന്റച്ഛന്‍ മരിച്ചുപോയിയെന്നു‍പറഞ്ഞിട്ടവന്‍ പുറത്തേയ്ക്കുപോയി.കുറച്ചുനേരമായി.നീ ഒന്നെണീറ്റേ.നമുക്കൊന്നുപോയിനോക്കാം".

പെട്ടന്നുതന്നെ രാജീവന്‍ മുഖമൊന്നു കഴുകിയശേഷം വിജയനൊപ്പം പുറത്തേയ്ക്കിറങ്ങി.

ആ മുറിയില്‍ ഇപ്പോള്‍ അവര്‍ മൂന്നുപേര്‍ മാത്രമേയുള്ളു.മുമ്പുണ്ടായിരുന്ന മൂന്നുപേര്‍ കഷ്ടപ്പാടുതാങ്ങാനാവാതെ മറ്റുജോലിയന്യോഷിച്ചുപോയി.ഇപ്പോള്‍ എവിടെയാണെന്നുപോലുമറിയില്ല.രാജീവനും സുനിലും വിജയനും എന്തുകൊണ്ടോ ആ കാലാവസ്ഥയുമായിപൊരുത്തപ്പെട്ടുപോയി.ഉള്ളതുകൊണ്ടവര്‍ തൃപ്തിപ്പെടുന്നു.അടുത്ത കൂട്ടുകാരാണെങ്കിലും മൂവര്‍ക്കും പരസ്പരം കൂടുതലായൊന്നുമറിയില്ല.മരുഭൂമിയിലെ ദുരിതം നിറഞ്ഞ ജീവിതത്തില്‍ സ്വന്തം പ്രയാസങ്ങള്‍ അറിയിച്ചു എന്തിനു ഒരാളെക്കൂടി വിഷമിപ്പിക്കണം എന്നു കരുതിക്കാണുമവര്‍.എന്നിരുന്നാലും അവര്‍ പുറമേ എന്നും സന്തോഷം നിറഞ്ഞ മുഖത്തോടെയാണു ജീവിച്ചിരുന്നതു.

പതിവായി തങ്ങള്‍ പോവാറുള്ള എല്ലാ സ്ഥലങ്ങളിലും അവര്‍ സുനിലിനെ തിരഞ്ഞു നടന്നു.

"ഇവനിതെവിടെപോയി.ഫോണാണെങ്കില്‍ സ്വിച്ചോഫും.ഒരുവേള അവന്‍ ബഷീറിക്കായുടെ അടുത്തുകാണുമോ.എന്തായാലും നീ വാ നമുക്കവിടെയൊന്നു നോക്കാം".നെറ്റിയില്‍ പൊടിഞ്ഞ വിയര്‍പ്പുകണങ്ങള്‍ വടിച്ചുകളഞ്ഞുകൊണ്ട് വിജയന്‍ രാജീവനോടായി പറഞ്ഞു.

എന്നാല്‍ ബഷീറിക്കായുടെ അടുത്തും സുനില്‍ എത്തിയിട്ടില്ലെന്നറിഞ്ഞപ്പോള്‍ എന്തോ ഒരു വല്ലായ്മ അവരെ ബാധിക്കുവാന്‍ തുടങ്ങി.സമയം കടന്നുപോകുന്തോറും അതു കൂടിക്കൂടിവന്നു.

പെട്ടന്ന്‍ വിജയന്റെ ഫോണടിയ്ക്കുവാ​ന്‍ തുടങ്ങി.

"ദേ സുനിലാടാ രാജീവാ.ഹലോ നീയിതെവിടെയാ ങ്ഹേ റൂമിലുണ്ടെന്നൊ.ച്ഛേയ് നീയിതെന്തുപണിയാ കാട്ടിയതു.ഞങ്ങളിനി നിന്നെ തിരക്കാന്‍ സ്ഥലം ബാക്കിയില്ല.ഞങ്ങളിതാ വരുന്നു".

പെട്ടന്നു തന്നെ രാജീവനും വിജയനും റൂമിലേയ്ക്കു തിരിച്ചു.


റൂമിന്റെ വാതിക്കല്‍ തന്നെ സുനില്‍ കാത്തുനില്‍പ്പുണ്ടായിരുന്നു.

"നിങ്ങളെന്തിനാ എന്നെ തിരഞ്ഞുപോയതു.ഞാന്‍ സാധനം വാങ്ങാന്‍ പോയതല്ലായിരുന്നൊ.അവിടെയാണെങ്കി മൊബൈലിനു റെയിഞ്ചില്ല.അതുകൊണ്ടാ വിളിക്കാന്‍ പറ്റാതിരുന്നതു.
ശരി വന്നേ വന്നേ പെട്ടന്നാവട്ടേ.ഇന്നു ആഘോഷത്തിന്റെ ദിവസമാണെനിയ്ക്കു.നമുക്കിന്നടിച്ചുപൊളിയ്ക്കണം".നിറഞ്ഞ സന്തോഷത്തോടെ തങ്ങളോടു സംസാരിക്കുന്ന സുനിലിനെ ഒരത്ഭുതവസ്തുവിനെ കാണുന്നതുപോലെ അവര്‍ മിഴിച്ചുനോക്കി.

മുറിയ്ക്കകത്തേയ്ക്കു കയറിയ അവര്‍ ആകെ അന്തംവിട്ടുപോയി.രണ്ടു ഫുല്‍ബോട്ടില്‍ മദ്യവും ഒരു കെയ്സ് ബിയറും പിന്നെ കുറെ ആഹാര സാധന‍ങ്ങളും.

ഒന്നുമൊന്നും മനസ്സിലാകാതെ വിജയനും സുനിലും പരസ്സ്പരം നോക്കിനിന്നു.

സ്വന്തം അച്ഛന്‍ മരിച്ചുവെന്നിവന്‍ പറഞ്ഞതു കള്ളമാണോ.

മൂന്നു ഗ്ലാസ്സുകളിലായി മദ്യമൊഴിച്ച് ഓരോന്നെടുത്തവര്‍ക്കു നല്‍കിയ ശേഷം തന്റെ ഗ്ലാസ്സ് ഒറ്റവലിയ്ക്കു കലിയാക്കിവച്ച സുനിലിനെ അവര്‍ ഒരിക്കല്‍കൂടിനോക്കിയശേഷം തങ്ങളുടെ ഗ്ലാസ്സുകള്‍ ചുണ്ടോടു ചേര്‍ത്തു.

ഗ്ലാസ്സുകള്‍ വീണ്ടും വീണ്ടും നിറയുകയും ഒഴിയുകയും ചെയ്തുകൊണ്ടിരുന്നു.

"രാജീവാ.നീയറിഞ്ഞോ എന്റെ അച്ഛന്‍ മരിച്ചു.ഇന്നു രാവിലെ.ഞാന്‍ എന്റെ ജീവിതത്തില്‍ ഏറ്റവും കൂടുതല്‍ സന്തോഷിക്കുന്ന ദിവസമാണിന്നു.എനിയ്ക്കിന്നാഘോഷിക്കണം".നിറഞ്ഞ ഗ്ലാസ്സെടുത്തുയര്‍ത്തിക്കൊണ്ട്.സുനില്‍ പറഞ്ഞു.

"എന്താടാ സുനിലേയിത്.നിന്റച്ഛനല്ലേ.അങ്ങിനെയൊന്നും പറയാന്‍ പാടില്ല.നീ നാട്ടില്‍ പോകുന്നുണ്ടോ.നമുക്കു സുഗുണേട്ടനെ കാണാം.അങ്ങേരു മാനേജരുമായി സംസാരിക്കും".ഗ്ലാസ്സു താഴെവച്ചുകൊണ്ട് വിജയന്‍ പറഞ്ഞു.

തന്റെ ഗ്ലാസ്സിലേയ്ക്ക് വീണ്ടും മദ്യമൊഴിച്ച് അതെടുത്ത് വായിലേയ്ക്ക് കമിഴ്ത്തിയിട്ട് സുനില്‍ ഒരു ചിരി ചിരിച്ചു..

"നാട്ടിലോ ഞാനോ എന്തിനു. അതിന്റെയൊന്നുമാവശ്യമില്ല.ഒരു മകനെന്ന നിലയില്‍ ഞാന്‍ ചെയ്യേണ്ട കര്‍മ്മങ്ങള്‍. അതു കിട്ടാതെ ആ ആത്മാവ് അലഞ്ഞു തിരിഞ്ഞു ഗതിപിടിയ്ക്കാതെ നടക്കണം.ഹും അച്ഛന്‍.ആ വാക്കിനോടുപോലും വെറുപ്പാണെനിയ്ക്കു.രണ്ടു മക്കളെയുണ്ടാക്കിയതുകൊണ്ടുമാത്രം ഒരാളെ അച്ഛനെന്നു വിളിക്കാമോടാ.എന്റെ അച്ഛന്‍ സ്നേഹത്തോടെ എന്നെ കെട്ടിപ്പിടിയ്ക്കുന്നതും ഉമ്മവയ്ക്കുന്നതുമെല്ലാം ഞാന്‍ കൊതിച്ചുപോയിട്ടുള്ളതാ.എന്റെ പാവം അമ്മയും പെങ്ങളും.ആ ദുഷ്ടനെ അങ്ങു കൊന്നുകളഞ്ഞാലോ എന്നു നിരവധിപ്രാവശ്യം ചിന്തിച്ചിട്ടൊള്ളതാ ഞാന്‍.നിങ്ങളോടൊന്നും ഞാനിതുവരെ പറഞ്ഞിട്ടില്ലെന്റെ സ്വകാര്യദുഃഖങ്ങള്‍.ആ മരണം ഏറ്റവും കൂടുതല്‍ സന്തോഷിപ്പിക്കുന്നതെന്റെ പാവം അമ്മയെയായിരിക്കും.ഒരു മനുഷ്യായുസ്സുമുഴുവനനുഭവിയ്ക്കേണ്ടതെന്റെയമ്മ ഈ പ്രായത്തിനുള്ളില്‍ അനുഭവിച്ചുകഴിഞ്ഞു.ജീവിതത്തില്‍ ഇന്നേവരെ സമാധാനവും സന്തോഷവുമവരെന്താണെന്നറിഞ്ഞിട്ടില്ല".

നിറഞ്ഞ കണ്ണുകള്‍ ഒന്നു തുടച്ചുകൊണ്ട് ഒന്നും മനസ്സിലാവാതെ മുഖത്തോടുമുഖം നോക്കിയിരിയ്ക്കുന്ന തന്റെ കൂട്ടുകാരെ നോക്കി സുനില്‍ തുടര്‍ന്നു.

"എനിയ്ക്കു ഓര്‍മ്മവച്ച നാള്‍ മുതല്‍ ഇന്നുവരെ എന്റെ അമ്മയുടെ കണ്ണുകള്‍ തോര്‍ന്നതു ഞാന്‍ കണ്ടിട്ടില്ല.എന്നും കള്ളുകുടിച്ചുവന്നു അമ്മയെ ക്രൂരമായി മര്‍ദ്ദിക്കുന്ന എന്നെയും എന്റെ കുഞ്ഞുപെങ്ങളേയും നികൃഷ്ടമായികാണുന്ന ഒരാളെ ഞാന്‍ എങ്ങിനെ അച്ഛന്‍ എന്നു വിളിച്ചു ബഹുമാനിയ്ക്കും.മുതിര്‍ന്നപ്പോള്‍ പലപ്പോഴും എതിര്‍ക്കണമെന്നു തോന്നിയിട്ടുണ്ട്.പക്ഷേ എന്റമ്മ.ഒരിയ്ക്കല്‍ അമ്മയെ അടിയ്ക്കുന്നതിനു തടസ്സം പിടിയ്ക്കാന്‍ ചെന്ന എന്റെ പെങ്ങളെ ആ മനുഷ്യന്‍ തൊഴിച്ചെറിഞ്ഞതുമൂലം ഇന്നും അവള്‍ ഒരേ കിടപ്പിലാണു.അത്രയ്ക്കു ക്രൂരനായ ആ മനുഷ്യന്റെ മരണം എത്രവട്ടം ഞാനാഗ്രഹിച്ചിരുന്നുവെന്നോ.എന്റെ പാവം അമ്മയ്ക്കും പെങ്ങള്‍ക്കും മറ്റാരുമില്ലല്ലോ എന്ന ചിന്തയാണ് ആ മനുഷ്യന് ആയുസ്സിത്ര നീട്ടിക്കൊടുത്തത്.ഇനിയെന്റെ അമ്മയുടെ കണ്ണുകള്‍ ഒരിയ്ക്കലും നിറയാന്‍ ഞാനനുവദിയ്ക്കില്ല.ഞാന്‍ ഇപ്പോള്‍ ഈ ലോകത്തിലേറ്റവും സന്തോഷിക്കുന്ന വ്യക്തിയാണെടാ...".നിറഞ്ഞ ഗ്ലാസ്സെടുത്തുകൊണ്ട് ഒരു സിഗററ്റും കത്തിച്ച് സുനില്‍ ആടിയാടി പുറത്തേയ്ക്കു നടന്നു.

ഇത്രയും കാലം ഇത്രയേറെ സങ്കടങ്ങളുള്ളിലൊതുക്കിക്കൊണ്ടാണു തങ്ങളോടൊപ്പം സുനില്‍ കഴിഞ്ഞിരുന്നതെന്നവര്‍ മനസ്സിലാക്കിയിരുന്നില്ല.ആ പോക്ക് നോക്കിയിരിയ്ക്കുമ്പോള്‍ സ്വന്തം അച്ഛനാരാണെന്നു ഉറപ്പിച്ചുപറയുവാന്‍ കഴിയാത്ത ഒരമ്മയുടെ മകനായിജനിച്ചുപോയ ദുഃഖമൊരുനിമിഷം വിജയന്‍ മറന്നു.

താന്‍‍ വീടുവിട്ടുവരുമ്പോള്‍ എത്രയും പെട്ടന്നുമടങ്ങിവരണമെന്നു പറഞ്ഞുകൊണ്ട് തന്നെ കെട്ടിപ്പിടിച്ചു കണ്ണീര്‍വാര്‍ത്ത തന്റെ സ്നേഹനിധിയായ അച്ഛനെ മനസ്സിലോര്‍ത്തുകൊണ്ട് രാജീവന്‍ തറയിലേയ്ക്കു മലര്‍ന്നുകിടന്നു തന്റെ കണ്ണുകളുമടച്ചു.‍

ശ്രീക്കുട്ടന്‍

Monday, October 17, 2011

അസംതൃപ്തന്‍

അയാള്‍ ശ്രദ്ധാപൂര്‍വ്വം തന്റെ മോബൈലിലെ വീഡിയോ വീക്ഷിച്ചുകൊണ്ടിരുന്നു. ആ വീഡിയോ തീര്‍ന്നതും ഇയര്‍ഫോണ്‍ ശരിക്കും ചെവിയിലുറപ്പിച്ചുവച്ചിട്ട് അയാള്‍ ഒരിക്കള്‍ക്കൂടി അത് പ്ലേ ചെയ്തു.എത്ര കണ്ടിട്ടും മതിവരാത്തതുപോലെ.ഏതോ രാജ്യത്ത് ഒരുകൂട്ടമാള്‍ക്കാര്‍ ഒരു സ്ത്രീയെ കല്ലെറിഞ്ഞുകൊല്ലുന്ന വീഡിയോ ആയിരുന്നുവത്.ചോരയില്‍ കുളിച്ച് ദയനീയതയോടെ ജീവനുവേണ്ടിയാചിക്കുന്ന ആ സ്ത്രീയുടെ അവസ്ഥ അയാളുടെ മനസ്സില്‍ ആനന്ദം നിറച്ചു. അയാളുടെ ചുണ്ടില്‍ വിരിഞ്ഞൊരു പുഞ്ചിരി ഒരു വലിയ ചിരിയായി മാറാന്‍ അധിക സമയം വേണ്ടിവന്നില്ല.അല്‍പ്പസമയത്തിനുശേഷം ചിരിയടക്കിക്കൊണ്ടയാള്‍ ചുറ്റുമൊന്നു കണ്ണോടിച്ചു.ബസ്സിലുള്ള യാത്രക്കാരില്‍ മിക്കപേരും തന്നെ തന്നെ ശ്രദ്ധിക്കുന്നു.ഇവര്‍ക്കാര്‍ക്കും വേറൊരു ജോലിയുമില്ലേ. തന്റെയടുത്തിരിയ്ക്കുന്ന ചെറുപ്പക്കാരന്‍ അത്ഭുതത്തോടെ തന്നെ നോക്കുന്നത് കണ്ട ഭാവം നടിയ്ക്കാതെ അയാള്‍ മൊബൈല്‍ ഓഫ് ചെയ്ത് പോക്കറ്റില്‍ വച്ചിട്ട് വീണ്ടും ചിന്തയില്‍ മുഴുകി.ആ ആള്‍ക്കൂട്ടത്തിലൊരാളാവാന്‍ താനവിടെയുണ്ടായില്ലല്ലോ എന്നോര്‍ത്ത് അയാളുടെ മനസ്സൊന്നു വേദനിച്ചു.

മറ്റുള്ളവരുടെ വേദന എന്തുകൊണ്ടാണ് തനിയ്ക്കു സന്തോഷം പകര്‍ന്നു തരുന്നതെന്ന്‍ അയാള്‍ക്ക് ഒട്ടും നിശ്ചയമുണ്ടായിരുന്നില്ല.എത്ര വലിയ ഭയാനകമായ രംഗം കണ്ടാലും തനിയ്ക്ക് അത് ആസ്വദിക്കുവാനാണ് തോന്നാറുള്ളത്.തന്റെ കയ്യിലിരിക്കുന്ന മാഗസിനിലെ ചിത്രങ്ങള്‍ കണ്ടാല്‍ മറ്റാരെങ്കിലുമാണെങ്കില്‍ ഭയന്നു വിറച്ചേനെ. വാഹനാപകടത്തില്‍ ചതഞ്ഞരഞ്ഞ പത്തുപന്ത്രണ്ട് പേരുടെ ശവശരീരങ്ങളുടെ മനോഹരമായ കളര്‍ ചിത്രങ്ങളടങ്ങിയ ആ ലേഖനം താന്‍ എത്രയാവര്‍ത്തി വായിച്ചുവെന്ന്‍ തനിയ്ക്കു തന്നെയറിയില്ല.

വീട്ടില്‍ കറിവയ്ക്കുന്നതിനായി കോഴികളേയും മറ്റും കൊല്ലുമ്പോള്‍ താന്‍ സാകൂതത്തോടെ നോക്കി നില്‍ക്കാറുണ്ടിപ്പോഴും.അവറ്റകളുടെ തല കണ്ടിക്കുമ്പോള്‍ പൂക്കുറ്റിപോലെ ചിതറുന്ന ചോര കാണുവാന്‍ എന്തു രസമാണു.അടുത്തെവിടെയെങ്കിലും എന്തേലും അപകടമോ മറ്റൊ ഉണ്ടായാള്‍ താനതൊന്നും മിസ്സാക്കാറില്ല.മനസ്സിനു സുഖം തരുന്ന കാഴ്ചകള്‍ എന്തിനൊഴിവാക്കണം.

"ആ വീക്കിലിയൊന്നു തരുമോ".

തൊട്ടടുത്തിരുന്ന ചെറുപ്പക്കാരന്‍ തട്ടിവിളിച്ചപ്പോളാണ് അയാള്‍ ചിന്തയില്‍ നിന്നുമുണര്‍ന്നത്.

ഈര്‍ഷ്യയോടെ അയാള്‍ മാഗസിന്‍ ചെറുപ്പക്കാരനു നല്‍കിയിട്ട് വെറുതേ ബസ്സിനുള്ളില്‍ ഒന്നു കണ്ണോടിച്ചു.മാഗസിന്‍ മറിച്ചുനോക്കിയ ചെറുപ്പക്കാരന്‍ പെട്ടന്ന്‍ അസ്വസ്ഥതയോടെ അതടച്ചിട്ട് അയാള്‍ക്ക് തന്നെ തിരിച്ചുനല്‍കി.തന്റെ സീറ്റിലേയ്ക്ക് ചാരിയിരുന്ന്‍ നെടുവീര്‍പ്പിടുന്ന യുവാവിനെ അവജ്ഞയോടെ നോക്കിയിട്ട് അയാള്‍ തന്റെ മനോരാജ്യങ്ങളില്‍ മുഴുകാനാരംഭിച്ചു.

ബസ്സില്‍ സാമാന്യം തെറ്റില്ലാത്ത തിരക്കുണ്ട്.തന്റെ രണ്ടു സീറ്റ് മുമ്പിലായി കമ്പിയില്‍ പിടിച്ചുകൊണ്ട് നില്‍ക്കുന്ന യുവതിയെ അയാള്‍ ശ്രദ്ധിച്ചതപ്പോഴാണു. എന്തോ കുഴപ്പമുള്ളതുപോലെയവള്‍ നിന്നു തിരിയുകയും മറ്റും ചെയ്യുന്നുണ്ട്.ഒന്നുകൂടി നോക്കിയപ്പോഴാണ് അസ്വസ്ഥതയുടെ കാരണക്കാരന്‍ അവളുടെ പുറകിലായി നില്‍ക്കുന്ന ചെറുപ്പക്കാരനാണെന്നയാള്‍ക്കു മനസ്സിലായതു. തിരക്കിനിടയിലും പണിയൊപ്പിക്കുകയാണവന്‍.അയാള്‍ സാകൂതം അവിടേയ്ക്കു തന്നെ ശ്രദ്ധിച്ചു നോക്കി. ആ പെണ്‍കുട്ടി സഹികെട്ട് തിരിഞ്ഞ് ആ ചെറുപ്പക്കാരന്റെ കരണത്തടിയ്ക്കുന്നതും ബസ്സിലുള്ള മറ്റുള്ളവര്‍ അവനെ കൈകാര്യം ചെയ്യുന്നതും എല്ലാം അയാള്‍ തന്റെ ഭാവനയില്‍ കണ്ടു.നല്ല ഒരു കാഴചയ്ക്കായി തന്റെ മനസ്സ് പിടയ്ക്കുന്നത് അയാളറിയുന്നുണ്ടായിരുന്നു. ഇനിയെന്തു സംഭവിക്കുമെന്ന്‍ മനസ്സിലോര്‍ത്ത് കണ്ണിമയ്ക്കാതെയവിടേയ്ക്ക് തന്നെ നോക്കിയിരുന്ന അയാളെ അങ്ങേയറ്റം നിരാശപ്പെടുത്തിക്കൊണ്ട് ബസ്സ് അടുത്ത സ്റ്റോപ്പില്‍ നിര്‍ത്തിയപ്പോള്‍ ഒന്നും സംഭവിക്കാത്തതുപോലെ ചിരിച്ചുകൊണ്ട് ആ പെണ്‍കുട്ടിയിറങ്ങിപ്പോയി.ആരെയോ മനസ്സില്‍ പ്രാകിക്കൊണ്ട് അയാള്‍ സീറ്റിലേയ്ക്ക് ചാരിക്കിടന്നു കണ്ണുകള്‍ പൂട്ടി.

"അയ്യോ എന്റെ കുഞ്ഞിന്റെ കഴുത്തിക്കിടന്ന മാല കാണുന്നില്ലേ". ഒരു സ്ത്രീയുടെ നിലവിളിശബ്ദമാണ് അയാളെ വീണ്ടും ഉണര്‍ത്തിയത്.

വലതുവശത്തെ സീറ്റിലിരിയ്ക്കുന്ന സ്ത്രീയാണു കരയുന്നത്. ഡ്രൈവര്‍ ബസ്സ് ഒരു വശത്തായി ഒതുക്കി നിര്‍ത്തി.

"ഇത്രനേരവും അത് കഴുത്തിതന്നെയുണ്ടായിരുന്നു.ഇപ്പോ ആരോ അത് പൊട്ടിച്ചെടുത്തതാ.ഞാനിനി എന്തോ ചെയ്യും" സ്ത്രീ അലമുറ തുടര്‍ന്നുകൊണ്ടിരുന്നു.
ആരൊക്കെയോ അവരെ ആശ്വസിപ്പിക്കുന്നുണ്ടായിരുന്നു.

"ബസ്സ് നേരെ പോലീസ് സ്റ്റേഷനിലേയ്ക്കു പോട്ടെ.അവിടെ ചെല്ലുമ്പം സാധനം താനെ കിട്ടും" പ്രായമായൊരാള്‍ നിര്‍ദ്ദേശിച്ചു.

"ആരെങ്കിലും ആ കുട്ടിയുടെ മാലയെടുത്തിട്ടുണ്ടെങ്കില്‍ മാന്യമായി അത് തിരിച്ചുകൊടുക്കണം.ഇല്ലെങ്കില്‍ വണ്ടി പോലീസ് സ്റ്റേഷനിലേയ്ക്കു വിടും.കണ്ടകട്ര്‍ തന്റെ നിലപാടു വ്യക്തമാക്കി.

"ദേ ഒരു തമിഴത്തി അവളായിരിക്കും എടുത്തത്".കൈചൂണ്ടിക്കൊണ്ട് മുന്നിലിരുന്ന ചെറുപ്പക്കാരന്‍ പറഞ്ഞതു കേട്ട് മറ്റുള്ളവര്‍ക്കൊപ്പം അയാളും അവിടേയ്ക്കു നോക്കി.ഒരു ആറേഴുവയസ്സുവരുന്ന പെങ്കുട്ടിയും അതിന്റെ തള്ളയുമാണെന്നു തോന്നുന്നു. കീറിപ്പറിഞ്ഞ കരിപുരണ്ട രൂപത്തില്‍ രണ്ടെണ്ണം.പിച്ചക്കാരാണെന്നു വ്യക്തം.മുമ്പത്തെ സ്റ്റോപ്പില്‍ നിന്നോ മറ്റോ കയറിയതാണു.

"മോട്ടിയ്ക്കാനായി മാത്രം വണ്ടീക്കേറിക്കൊള്ളും.മര്യാദയ്ക്കു മാലയെടുക്കടീ".ഒരു മധ്യവയസ്ക്കന്‍ ഇടപെട്ടുകഴിഞ്ഞു.

"അയ്യാ ഞാങ്കെ ഏടുക്കലൈ.നമ്മ അന്ത മാതിരിയാളല്ലൈ" തമിഴത്തി തന്നെ തുറിച്ചുനോക്കുന്ന മുഖങ്ങളെ നോക്കി ഭയപ്പാടോടെ പറഞ്ഞു.

"കള്ളം പറയുന്നോടീ നായീന്റമോളേ" പറച്ചിലും ഒറ്റ അടിയുമായിരുന്നയാള്‍.

അയ്യോയെന്നലറിക്കൊണ്ട് ആ സ്ത്രീ തന്റെ കരണം പൊത്തിപ്പിടിച്ചു.വീണ്ടും ചില കൈകള്‍ തന്റെ അമ്മയുടെ നേരെ ഉയരുന്നതുകണ്ട കൊച്ചുപെണ്‍കുട്ടി വലിയവായില്‍ നിലവിളിക്കാനാരംഭിച്ചു.

"വേണ്ട ആരുമിനി അവളെ തല്ലണ്ട.ബസ്സ് മറ്റെങ്ങും നിര്‍ത്താതെ നേരെ പോലീസ് സ്റ്റേഷനിലേയ്ക്കു പോട്ടെ.അവരു കണ്ടുപിടിച്ചുകൊള്ളും."ബസ്സിലുണ്ടായിരുന്ന ഒരു വൃദ്ധയായ സ്ത്രീ ഉറക്കെ വിളിച്ചുപറഞ്ഞു.ആള്‍ക്കാര്‍ പിറുപിറുത്തുകൊണ്ട് അവളുടെ ചുറ്റും നിന്നും മാറി.ഡ്രൈവര്‍ വണ്ടി മുമ്പോട്ടേടുത്തു.എല്ലാം നോക്കിക്കൊണ്ടിരുന്ന അയാള്‍ക്ക് രസം കയറി.അടിയേറ്റു തിണര്‍ത്ത കവിളും പൊത്തിപ്പിടിച്ച് തന്റെ മകളേയും ചേര്‍ത്തുപിടിച്ചു കരയുന്ന പിച്ചക്കാരിയെ കണ്ടപ്പോള്‍ അയാളുടെ മനസ്സില്‍ സംതൃപ്തി നുരയുകയായിരുന്നു.

ആള്‍ക്കൂട്ടത്തില്‍ നിന്നുമൊരുവന്‍ തന്റെ പോക്കറ്റില്‍ നിന്നും കയ്യെടുത്ത് സീറ്റിന്റെ അരികുവശത്ത് അമര്‍ത്തിപ്പിടിച്ചുകൊണ്ട് നില്‍ക്കുന്നത് അയാളപ്പോഴാണു ശ്രദ്ധിച്ചത്.അവന്റെ മുഖത്ത് പരിഭ്രമം നിഴലിച്ചിരുന്നു. അല്‍പ്പസമയത്തിനുശേഷം ആശ്വാസത്തോടെ അവന്‍ കയ്യെടുത്ത് മുഖം കര്‍ച്ചീഫുകൊണ്ട് തുടച്ചിട്ട് അല്‍പ്പം ആശ്വാസം പൂണ്ടവനായി നിലയുറപ്പിച്ചു.

"ദേ മാ​ലയല്ലേ ആ കിടക്കുന്നത്".

ആരോ പറയുന്നതും കുനിഞ്ഞ് സീറ്റിനടിയില്‍ നിന്നും ഒരു മാലയെടുക്കുന്നതും മാല നഷ്ടപ്പെട്ട സ്ത്രീ ആശ്വാസത്തോടെ അത് മേടിയ്ക്കുന്നതും അയാള്‍ നിര്‍വികാരതയോടെ നോക്കിക്കണ്ടു.പേടിച്ചരണ്ടു നില്‍ക്കുന്ന തമിഴത്തിയും കരഞ്ഞുകൊണ്ടിരിക്കുന്ന കുഞ്ഞിനേയും ചിലര്‍ സഹതാപത്തോടെ നോക്കുന്നുണ്ടായിരുന്നു.പോലീസുകാരുടെ ചൂരല്‍ കൊണ്ടുള്ള അടിയേറ്റുപുളയുന്ന തമിഴത്തിയുടെ രൂപം കാണാനാകാത്ത നിരാശയില്‍ അയാള്‍ തന്റെ കണ്ണുകള്‍ ആരോടൊക്കെയോയുള്ള ദേക്ഷ്യം തീര്‍ക്കാനെന്നവണ്ണം ചേര്‍ത്തടച്ചു വീണ്ടും സീറ്റിലേയ്ക്ക് ചാരിയിരുന്നു.


ശ്രീക്കുട്ടന്‍

Saturday, October 15, 2011

ഒരു കത്ത്...

എന്റെ പ്രീയപ്പെട്ട കൂനാമ്പാറക്കാരെ,

ഇപ്പോള്‍ ഞാന്‍ പറയുന്ന കാര്യങ്ങള്‍ നൂറുശതമാനവും സത്യമാണ്. നിങ്ങള്‍ക്കെല്ലാപേര്‍ക്കുമറിയാമല്ലോ നമ്മുടെ ഈ കൊച്ചു ഗ്രാമത്തില്‍ കഴിഞ്ഞ ഒന്നു രണ്ടു മാസമായി മോഷണം വല്ലാതെ കൂടിയ കാര്യം. കള്ളമ്മാരെ പിടിക്കുവാനായി നമ്മളെത്ര ശ്രമിച്ചതാ. പലരാത്രിയിലും കാവല്‍ നിന്നു. എന്നിട്ടോ. ഇന്നു കാവല്‍ നില്‍ക്കുമെങ്കില്‍ നാളെ കള്ളന്‍ വരും. നാളെ നില്‍ക്കുമെങ്കില്‍ നാലുദിവസം കഴിഞ്ഞിട്ട്.നമ്മുടെ വടക്കേലെ ശാന്തചേച്ചിയുടെ വീട്ടില്‍ നിന്നും ലക്ഷണമൊത്ത മൂന്നു പൂവന്‍ കോഴികളെ മോഷ്ടിച്ചുകൊണ്ടാണല്ലോ കള്ളന്‍ തന്റെ ജൈത്രയാത്ര തുടങ്ങിയത്. പിന്നെ രാഘവേട്ടന്റെ ആട്ടിങ്കുട്ടി, പ്രഭാകര‍ന്‍ മാമന്റെ വാഴപ്പണയിലെ പാകമായ അടയ്ക്കയും ആറേഴ് നേന്ത്രക്കുലകളും, താഴെത്തൊടിയിലെ ശങ്കരന്‍ നായരുടെ പറമ്പിലുണ്ടായിരുന്ന കപ്പ, സരോജിനിയമ്മയുടെ വീട്ടിലെ ചായ്പില്‍ നിന്നും പത്ത്മുപ്പത് തേങ്ങയും ഒരു ഓട്ടുരുളിയും,ചായക്കടക്കാരന്‍ ബാലേണ്ണന്റെ കടയില്‍ നിന്നും പലപ്പോഴായി വാഴക്കുലകളും പൊരിയുണ്ടയും സിസ്സര്‍ഫില്‍ട്ടര്‍ സിഗററ്റുകളും. ഹൊ അങ്ങനെ എത്രയെത്ര മോഷണങ്ങള്‍..കള്ളന്റെ പൊടിപോലും കിട്ടിയില്ല. അല്ല എങ്ങനെ കിട്ടാന്‍..

കഴിഞ്ഞയാഴ്ച നാട്ടുകാരെല്ലാപേരും അമ്പലപ്പറമ്പില്‍ വച്ച് പൊതുയോഗം കൂടി ഒരു കടുത്ത തീരുമാനമെടുത്തല്ലോ.നാട്ടുകാരുടെ മനസ്സമാധാനം കെടുത്തിക്കൊണ്ടിരിക്കുന്ന കള്ളത്തിരുമാലിയെ എങ്ങിനെയും പിടികൂടുന്നതിനായി രണ്ടു ഖൂര്‍ഖകളെ നിയമിക്കുക എന്ന ഭീകരമായ തീരുമാനം. ഇക്കുറി കള്ളനു പിടിവീഴും എന്ന്‍ എല്ലാപേരും വിശ്വസിച്ചു.ഞാനും. ഒരെണ്ണമായിരുന്നെങ്കില്‍ എങ്ങനേയും അഡ്ജസ്റ്റ് ചെയ്യാമായിരുന്നു.ഇതിപ്പോ രണ്ടുപേരെ വലിയ പാടാ. അതുകൊണ്ട് അപ്പോഴേ ഞാന്‍ ഒരു തീരുമാനമെടുത്തു. സത്യം നിങ്ങളെയറിയിക്കുക.

അതേ പ്രീയപ്പെട്ടവരെ നിങ്ങള്‍ പിടികൂടുവാനായി കണ്ണിലെണ്ണയൊഴിച്ചുകാത്തിരുന്ന ആ കള്ളന്‍ മറ്റാരുമല്ല.അത് ഞാനായിരുന്നു.

ഞെട്ടിയല്ലേ.. എനിക്കറിയാം ഞെട്ടുമെന്ന്‍.

"എടാ കള്ളപൂ...#..#/..​മോനേ, നമ്മളെകൂടെ നിന്ന്‍ നമ്മുടെ ......ല്‍ തന്നെ വച്ചുതന്നല്ലെ"

എന്നെല്ലാമുള്ള ഭൂലോക തെറികള് ‍എന്നെ വിളിക്കുന്നത് ഞാന്‍ ഇപ്പൊഴേ കേള്‍‍ക്കുന്നു.ഇത്രയും നാളും നിങ്ങളോടൊപ്പം നിന്ന്‍ കള്ളനെ പിടിക്കുവാന്‍ ശ്രമിച്ച എന്നെ തിരിച്ചറിയുവാന്‍ കഴിയാതിരുന്ന നിന്നെയൊക്കെയോര്‍ത്ത് ഞാന്‍ ലജ്ജിക്കുന്നു.മണ്ടന്‍ കൊണാപ്പമ്മാര്‍. ഇനി ഗൂര്‍ഖകളെ വയ്ക്കാത്ത കുറവേയുള്ളു. ആ പൈസക്കു വല്ല റമ്മും മേടിച്ചുകുടിച്ച് സമാധാനമായിട്ട് പോയിക്കിടന്നുറങ്ങാന്‍ നോക്കിനെടാ കഴുതകളേ. ഞാന്‍ എന്തായാലും ഇവിടം വിട്ടു ഗൂര്‍ഖകളില്ലാത്ത ഏതെങ്കിലും ഒരു നാട്ടിലേയ്ക്കു പോകുവാന്‍ തീരുമാനിച്ചു. പിന്നെ ഒരു കാര്യം കൂടി.നാടുവിട്ട് പോകുവാന്‍ വണ്ടിക്കൂലിക്ക് കാശില്ലാത്തതിനാല്‍ നമ്മുടെ ക്ഷേത്രത്തിലെ കാണിക്കവഞ്ചി കുത്തിത്തുറന്ന്‍ അതിലുണ്ടായിരുന്ന ചില്ലറ ഞാനെടുത്തിട്ടുണ്ട്. തെണ്ടികള്‍. നൂറുരൂപ തികച്ച് കാണിക്കയില്‍ ഒരു മാസം നിനക്കൊക്കെയിട്ടുകൂടല്ലേ.

ഈ കത്ത് എല്ലാപേരും കാണുന്നതിനും വായിക്കുന്നതിനുമായി വലിയ പേപ്പറിലായെഴുതി ബാലേണ്ണന്റെ കടയിലൊട്ടിക്കുന്നു. ബാലേണ്ണാ പോട്ടേ..നിങ്ങളെ ഞാന്‍ ഒരിക്കലും മറക്കില്ല.പറ്റുകാശ് തന്നുതീര്‍ക്കാതെ പോകുന്നതുകൊണ്ട് എന്നെ ഒരു കള്ളനായി കരുതരുത്. പിന്നെ ഇവിടെയെല്ലാം നോക്കിയിട്ട് സിഗററ്റ് കാണാത്തതുകൊണ്ട് ഒരുകെട്ട് ബീഡി ഞാനെടുക്കുന്നു.തീപ്പെട്ടി എന്റെ കയ്യിലുണ്ട്.നിങ്ങളെയെല്ലാം വിട്ടുപിരിഞ്ഞ് പോകുന്നതില്‍ അതിയായ വിഷമമുണ്ട്. എന്നാലും പോയല്ലേ പറ്റൂ.....

അപ്പോള്‍ എല്ലാം പറഞ്ഞതുപോലെ.

നിറഞ്ഞകണ്ണുകളോടെ

സ്നേഹപൂര്‍വ്വം

നിങ്ങളുടെ വിശ്വസ്തനായ

...........

ഒപ്പ്.

Wednesday, October 12, 2011

കനകന്റെ ഭക്തി

"എന്റെ ഭഗവാനെ.അവിടുന്ന്‍ ഉഗ്രരൂപിയും ക്ഷിപ്രകോപിയും അതേസമയം തന്നെ ഭക്തവത്സലനും വിളിച്ചാല്‍ വിളി കേള്‍ക്കുന്നവനുമാണെന്ന്‍ എനിക്ക് അറിവുള്ളതു തന്നെ.പക്ഷേ ഞാന്‍ എത്രയോ നാളായി അവിടുത്തെ മുമ്പില്‍ തൊഴുതുകുമ്പിടുന്നു.ഒരു മേല്‍ഗ‍തിയുണ്ടാക്കിത്തരുവാനായി പ്രാര്‍ത്ഥിക്കുന്നു.അങ്ങതൊന്നും കേട്ട ഭാവം പോലും നടിച്ചില്ല.എല്ലാ ദിവസവും വൈകുന്നേരം ഞാന്‍ കുളിച്ചുതൊഴുതു വന്ന്‍ അങ്ങയുടെ മുമ്പില്‍ സാക്ഷ്ടാംഗം പ്രണമിക്കുന്നു.ദീപാരാധനയും മറ്റും കഴിഞ്ഞ് അമ്പലമടച്ചതിനുശേഷവും ഞാനൊരു കാവല്‍ക്കാരനെപ്പോലെ ഇവിടെത്തന്നെ കഴിഞ്ഞുകൂടിയിട്ടില്ലേ.അങ്ങയുടെ കൃപാകടാക്ഷം ഒരു ദിവസം എന്റെ നേരെ ചൊരിയപ്പെടും എന്ന ഉത്തമവിശ്വാസം എനിയ്ക്കുണ്ടായിരുന്നു.അതിനുവേണ്ടി അച്ഛന്റെ പോക്കറ്റില്‍ നിന്നും അടിച്ചുമാറ്റിയ രൂപകൊണ്ടു മേടിച്ച എത്രകൂട് ചന്ദനത്തിരികളാണു ഞാന്‍ അങ്ങയുടെ മുമ്പില്‍ കത്തിച്ചുവച്ചത്.ആ തിരികളെല്ലാം എന്റെ മുമ്പില്‍ കത്തിത്തീര്‍ന്ന്‍ ചാരവളയങ്ങളായ് അന്തരീക്ഷത്തില്‍ പടര്‍ന്നുമറയുന്നതുവരെ ഞാന്‍ ധ്യാനനിമഗ്നനായി നിന്നിട്ടില്ലേ.

ശരീരമിളക്കി വലിയ ജോലിയൊന്നും ചെയ്തുകൂടാത്തതുകൊണ്ട് ഞാന്‍ ഈ അമ്പലത്തിലെ പൊങ്കാലയും മറ്റു നിവേദ്യവുമൊക്കെ തിന്നല്ലേ കഴിയുന്നത്.ജോലിയ്ക്കൊന്നും പോകാതെ ഇങ്ങനെ അമ്പലച്ചോറുണ്ട് ജീവിയ്ക്കാന്‍ നാണമില്ലേന്ന്‍ ചിലരൊക്കെ എന്നോട് ചോദിക്കാറുണ്ട്. സത്യത്തില്‍ എന്റെ അച്ഛനുമമ്മയും കൂടി ചോദിച്ചിട്ടുണ്ട്.പക്ഷേ അവര്‍ക്കറിയില്ലല്ലോ എന്റെ മനസ്സില്‍ നിറഞ്ഞൊഴുകുന്ന ഭക്തി.അവിടുത്തേയ്ക്ക് എപ്പോഴാണ് എന്നില്‍ അലിവുതോന്നി പ്രസാദിക്കുന്നതെന്നറിയാത്തതുകൊണ്ടാണു ഫുള്‍‍ടൈം ഞാന്‍ അമ്പലത്തില്‍ കഴിഞ്ഞതെന്ന്‍ അവരോടൊക്കെ പറയാന്‍ പറ്റുമോ.

ഇന്നലെവരെ എനിക്ക് അങ്ങയില്‍‍ വലിയ വിശ്വാസമായിരുന്നു.ഒരു ദെവസം പോലും അമ്പലത്തില്‍ വരുകയോ ക്ഷേത്രസംബന്ധമായ ഏതെങ്കിലും കാര്യത്തില്‍ പങ്കുകൊള്ളുകയോ ചെയ്തിട്ടില്ലാത്ത ആ പലിശനാണുനായര്‍ക്ക് ഇന്നലെ ഒരു കോടി രൂപ ലോട്ടറിയടിച്ചിരിക്കുന്നു.ഇപ്പോള്‍ എനിക്കൊരു കാര്യം മനസ്സിലായി അങ്ങു ഒരിക്കലും എന്നെപ്പോലുള്ള ഭക്തമ്മാരെ കണ്ണുതുറന്ന്‍ നോക്കില്ല.അല്ലെങ്കില്‍ ആ നാണുനായര്‍ക്ക് ലോട്ടറിയടിക്കുമായിരുന്നോ.ഞാനെടുത്ത ലോട്ടറിടിക്കറ്റുകളുടേം മേടിച്ച ചന്ദനത്തിരികളുടേയും കാശ് ചേര്‍ത്തുവച്ചിരുന്നെങ്കില്‍ എനിക്കിപ്പം ഒരഞ്ചുസെന്റ് സ്ഥലം മേടിക്കാമായിരുന്നു.അതൊന്നും പറഞ്ഞിട്ടിനി കാര്യമില്ല.

അതുകൊണ്ട് തന്നെ അവസാനമായി ഞാനൊരു കടുത്ത തീരുമാനമെടുത്തു. അങ്ങയോടല്ലാതെ മറ്റാരോടാണെനിയ്ക്കു ആലോചിക്കുവാനുള്ളത്.ഈ പാതിരാത്രി തന്നെ ഞാന്‍ വന്നു ബുദ്ധിമുട്ടിച്ചതില്‍ ക്ഷമിക്കണം. ഈ നാട്ടില്‍ നിന്നാലിനിയൊരു രക്ഷയുമില്ലയെന്നെനിക്കു മനസ്സിലായി. നാടുവിട്ട് മറ്റേതെങ്കിലും സ്ഥലത്തേയ്ക്കു പോവുക തന്നെ.അതിലേക്കായി വഴിച്ചിലവിന് അച്ഛനോട് കൊറച്ചു കാശ് ചോദിച്ചതിന് എന്നെ തച്ചില്ലേന്നേയുള്ളു.നിന്റെ ഭഗവാനോട് ചോദിക്കാനാ അച്ഛന്‍ പറഞ്ഞത്.ആലോചിച്ചപ്പോള്‍ അതും ശരിയാ.എന്റെ ഇത്രയും കാലം ഞാന്‍ അവിടുത്തേയ്ക്കു വേണ്ടിയല്ലേ ജീവിച്ചുതീര്‍ത്തത്. അപ്പോള്‍ ഇനിയുള്ള കാലം ഒരു നല്ല നിലയിലെത്തുന്നതിനുവേണ്ടി എന്നെ സഹായിക്കേണ്ടതും അവിടുന്നു തന്നെ.എനിക്ക് യാത്രാച്ചിലവിനായി എന്തായാലും കൊറച്ച് കാശുവേണം.അങ്ങയുടെ കയ്യില്‍ കാശായിട്ടൊന്നുമില്ലെന്നെനിക്കറിയാം.ചുമ്മാ ഇവിടെയിങ്ങനെയിരിക്കുന്ന അങ്ങേയ്ക്കെന്തിനാണു സ്വര്‍ണ്ണമാലയും കിരീടവുമെല്ലാം.ഞാനിതെല്ലാമെടുക്കുന്നു.ഇതാര്‍ക്കെങ്കിലും വിറ്റുകിട്ടുന്ന കാശുകൊണ്ട് വേണം ഇനിയൊന്നു പച്ചപിടിയ്ക്കാന്‍.രക്ഷപിടിയ്ക്കുകയാണെങ്കില്‍ തീര്‍ച്ചയായും ഞാന്‍ മടങ്ങിവന്ന്‍ അവിടുത്തെ തിരുമുമ്പില്‍ നൂറുകൂട് ചന്ദനത്തിരികള്‍ കത്തിക്കുന്നതായിരിക്കും"

അത്രയും നേരം വളരെ രസകരമായി കനകന്റെ വര്‍ത്തമാനവും കേട്ട് രസിച്ചിരുന്ന ഭഗവാനൊന്നു ഞെട്ടി.അപ്പോള്‍ ഇവന്‍ തന്റെ മുതലുകള്‍ മോഷ്ടിക്കാനായി വന്നിരിക്കുകയാണോ.ഈ നട്ടപ്പാതിരാത്രി ഒറ്റയ്ക്ക് താനെന്തുചെയ്യും. തന്റെ ഉരുപ്പടികള്‍ സംരക്ഷിക്കാനായി താനാരെവിളിച്ച് സഹായം തേടും.ഭഗവാനാകെ ചിന്താകുഴപ്പത്തിലായി.

വളരെ ദീര്‍ഘമായ പറച്ചിലിനും പ്രാര്‍ഥനയ്ക്കും ശേഷം കനകന്‍ ഭഗവാനെ ഒന്നു തൊഴുത് ദേവന്റെ കിരീടവും മറ്റു തിരുവാഭരണങ്ങളുമെല്ലാം എടുത്ത് തന്റെ തോല്‍സഞ്ചിയ്ക്കുള്ളില്‍ വച്ചശേഷം ബാഗില്‍ നിന്നും ഒരു കൂട് ചന്ദനത്തിരിയെടുത്ത് ഭഗവാന്റെ മുമ്പില്‍ കത്തിച്ചുവച്ചു.തന്റെ മുതലുകളെല്ലാം തിരിച്ചുവയ്ക്കിവിടെയെന്ന്‍ വിളിച്ചു പറയണമെന്നുണ്ടായിരുന്നു ഭഗവാനു.പക്ഷേ അദ്ദേഹത്തിന്റെ നാവുകള്‍ ബന്ധിക്കപ്പെട്ടിരിക്കുകയായിരുന്നു.പോകുന്ന പോക്കില്‍ കാണിയ്ക്കവഞ്ചിയും കൂടി കനകനെടുക്കുന്നത് കണ്ട ഭഗവാന്‍ ശ്രീകോവിലിനുള്ളില്‍ നിന്നും പുറത്തേയ്ക്കു കുതിച്ച് അവനെ തടഞ്ഞുനിര്‍ത്താന്‍ വെമ്പല്‍കൊണ്ടു.പക്ഷേ പീഠത്തില്‍ അനങ്ങാനാവാതെ ഒരു ശിലയായി ബന്ധിക്കപ്പെട്ടിരിക്കുന്ന തന്റെ അവസ്ഥയൊര്‍ത്ത് ഭഗവാനു സങ്കടം സഹിക്കാനായില്ല. തന്റെ ചങ്കില്‍ നാലഞ്ചിടിയിടിച്ചു പൊട്ടിപ്പൊട്ടിക്കരയണമെന്നുണ്ടായിരുന്ന ഭഗവാന്‍ അതിനും പാങ്ങില്ലാതെ നിശ്ചലനായി കനകന്‍ പോയ ഇരുളിലേയ്ക്കു നോക്കി വെറുതേയിരുന്നു.

ശുഭം.

ശ്രീ​ക്കുട്ടന്‍

Saturday, October 8, 2011

പത്രത്താളുകളിലൂടെ...

1. വാളകം സംഭവം-കാര്‍ കണ്ടെത്താന്‍ ഊര്‍ജ്ജിതശ്രമം..

ഭാഗ്യം അക്രമിയെകണ്ടെത്താനായിരുന്നെങ്കില്‍ എന്തായിരുന്നേനെ സ്ഥിതി....

2. കുടുംബശ്രീ തെരഞ്ഞെടുപ്പിനെചൊല്ലി തര്‍ക്കം - കൌണ്‍സിലര്‍മാര്‍ തമ്മില്‍തല്ലി...

സാരിയായിരുന്നതിനാല്‍ മുണ്ടു പറിച്ചെടുക്കുവാന്‍ പറ്റിയില്ല.അടുത്ത അടിയില്‍ പരിഹരിക്കും...

3. അഭിനവ ഗാന്ധിയെന്നറിയപ്പെടാന്‍ എനിക്കാഗ്രഹമില്ല-അണ്ണാ ഹസാരേ..

പല വേദികളിലും ഇതു പറഞ്ഞു പറഞ്ഞു ആള്‍ക്കാര്‍ക്കൊക്കെ സംശയം തുടങ്ങി.

4. പെണ്ണുപിടുത്തക്കാര്‍ ആരെങ്കിലുമുണ്ടെങ്കില്‍ അവരെ പാര്‍ട്ടിയില്‍ നിന്നും ചവിട്ടിപ്പുറത്താക്കണം.അവരുടെ സ്ഥാനം ജയിലിലായിരിക്കണം.

കേരളത്തിലെ എല്ലാ ജയിലുകളിലും അഡീഷണല്‍ ബ്ലോക്കുടനുണ്ടാക്കണം..

5. പ്രധാന കേന്ദ്രങ്ങളില്‍ ലോഡ് ഷെഡ്ഡിംഗ് ഇല്ല....

അപ്പോള്‍ ഇലക്ട്രിസിറ്റി ആപ്പീസില്‍ കറണ്ടുണ്ടാകുമെന്ന്‍ ചുരുക്കം...

6. പനിയുടെ മരുന്നു പലനിറത്തിലായതിനാല്‍ ഡോക്ടര്‍മാര്‍ ആശയക്കുഴപ്പത്തിലെന്നു വാര്‍ത്ത

പനിയും പലതരത്തിലല്ലേ..തക്കാളി,എലി,ഡെങ്കി,തവള.....

7. സംസ്ഥാനത്തെ സ്കൂല്‍ വാഹനങ്ങളുടെ വിവരം ശേഖരിക്കുന്നു.

അടുത്ത ദുരന്തമുണ്ടാക്കാന്‍ പര്യാപ്തമായ വാഹനം കണ്ടെത്തി അവാര്‍ഡ് നല്‍കാനായിരിക്കും..

8. മോഹന്‍ ലാല്‍ ഖേദപ്രകടനം നടത്തിയാല്‍ കേസ് പിന്‍ വലിക്കാമെന്ന്‍ അഴീക്കോട് മാഷ്

എന്തെല്ലാം കാണുകയും കേള്‍ക്കുകയും വേണമെന്റെ ദൈവങ്ങളേ...


ഒടുവിലായി ഈ ചിത്രം കൂടി ചേര്‍ക്കട്ടേ..


വര്‍ഷങ്ങളായി നാം തിരഞ്ഞെടുത്ത് ജയിപ്പിച്ചുവിടുന്ന ജനപ്രതിനിധികള്‍ എന്നവകാശപ്പെടുന്ന ഒരാളെങ്കിലും-അതേത് പാര്‍ട്ടിക്കാരനുമാകട്ടെ- കാണുന്നുണ്ടോ ഒരു തുള്ളി കുടിവെള്ളത്തിനായുള്ള അസഹ്യമായ കാത്തിരിപ്പ്.അഞ്ചുവര്‍ഷത്തിലൊരിക്കല്‍ ഇളിച്ചുചിരിച്ചുകയ്യും കൂട്ടിത്തൊഴുതു വാഗ്ദാനപ്പെരുമഴയുമായി വരുന്നവമ്മാരെ വീണ്ടും ജയിപ്പിച്ചുവിടുമ്പോഴും ഇതേപോലുള്ള പാവം വൃദ്ധമാര്‍ ഇക്കുറിയെങ്കിലും എല്ലാം ശരിയാവുമെന്ന്‍ വൃഥാ പ്രതീക്ഷിക്കുന്നു...
(ചിത്രം കേരളകൌമുദി പത്രത്തില്‍ നിന്നും)

ശ്രീക്കുട്ടന്‍

Tuesday, October 4, 2011

ബെഞ്ചമിന്‍ വിളയിലെ യക്ഷി

ബെഞ്ചമിന്‍ വിളയിലെ യക്ഷി

"എന്റെ പൊന്നു ചന്ദ്രേട്ടാ എന്റെ ജീവിതത്തീ ഞാനിതേപോലെ പേടിച്ചിട്ടില്ല.ഹൊ ഓര്‍ക്കുമ്പം എന്റെ കൈയുംകാലുമിപ്പോഴും വെറയ്ക്കേണു.ദേ നോക്കിയേ".

സുന്ദരന്‍ തന്റെ കൈ ചന്ദ്രനുനേരെ നീട്ടിക്കാണിച്ചു.

"നീ വലിയ യുക്തിവാദിയൊക്കെയായിരുന്നല്ലോ. പിന്നെന്തുപറ്റി ഇപ്പം? പ്രേതവും യക്ഷിയുമൊക്കെയുണ്ടെന്ന്‍ നീയും  വിശ്വസിക്കുവാന്‍ തൊടങ്ങിയാ".

ചായ അവന്റെ നേരെ നീട്ടിക്കൊണ്ട് കുമാരന്‍ ചോദിച്ചു.

"ഇത്രേം നാളില്ലാരുന്നു. പക്ഷേ കുമാരേട്ടാ നമ്മുടെ കണ്‍മുമ്പീക്കാണുന്ന സത്യത്തെ എങ്ങിനെ വിശ്വസിക്കാതിരിക്കും. അത്തരം അനുഭവമുണ്ടാകുമ്പോ സകല യുക്തിവാദീം ദൈവത്തെ അറിയാണ്ട് വിളിച്ചുപോകും. ഞാനുമതേ ചെയ്തുള്ളൂ".

കുമാരന്‍ നീട്ടിയ ചായവാങ്ങിക്കൊണ്ട് സുന്ദരന്‍ എല്ലാപേരോടുമായി തന്റെ ഭാഗം ക്ലിയര്‍ ചെയ്തശേഷം ചായ ഒരിറക്ക് കുടിച്ചു.

"എന്നാലും ഇന്നത്തെക്കാലത്തും യക്ഷീം പ്രേതമെന്നൊക്കെപ്പറയുന്ന നിങ്ങളെ സമ്മതിക്കണം".

സുന്ദരനെക്കാളും അല്‍പ്പംകൂടി മൂത്ത യുക്തിവാദിയായ സഹദേവന്‍ ചരുവിള പുച്ഛത്തോടെ പറഞ്ഞുകൊണ്ട് ബീഡിയൊന്നാഞ്ഞുവലിച്ചു.

"അങ്ങനെ ഇല്ലന്നൊന്നും തീര്‍ത്തുപറയാന്‍ പറ്റൂല്ല സഹദേവാ. പണ്ട് ഞാനുമിതിലൊന്നും വിശ്വസിച്ചിരുന്നില്ല. പക്ഷേ കഴിഞ്ഞതിന്റെ മുമ്പത്തെ കൊല്ലത്തെ മുടിയാട്ടം കണ്ടിട്ട് നമ്മുടെ കാവിന്റടുത്തുകൂടി രാത്രി വരുമ്പോ എന്റെ മുമ്പിലായി അങ്ങനെ നിക്കുവാ. തലമുടിയൊക്കെ പിരുത്തിട്ട്. യക്ഷി തന്നെ സംശയമൊന്നും വേണ്ടാ. കാലൊന്നും നെലത്ത് തൊടുന്നുണ്ടായിരുന്നില്ല. മഠത്തിലെ പോറ്റി ജപിച്ചുതന്ന ഏലസ്സില്‍ മുറുക്കെപ്പിടിച്ചോണ്ട് കണ്ണടച്ച് ഭഗോതീന്നൊരു വിളിയാര്‍ന്നു. കൊറച്ചുനേരം കഴിഞ്ഞു കണ്ണു തൊറന്നപ്പം യക്ഷീമില്ല ഒന്നുമില്ല. അതീപിന്നെ ഞാനാവഴി രാത്രി പൊയിട്ടേയില്ല. രാവിലെപോയി കല്ലുമഠത്തിലെ പോറ്റിയെക്കൊണ്ട് ഒരു ഏലസ്സു ജപിച്ചു അരയില്‍ക്കെട്ടി. അതീപ്പിന്നെ ഇന്നേവരെ എനിക്കൊരു ദുരനുഭവമുണ്ടായിട്ടില്ല. കല്ലുമഠത്തിലെ പോറ്റീട ഏലസ്സെന്താ കളിച്ച കളിയാന്നാ കരുതണേ".

മുഷിഞ്ഞുനാറിയ ലുങ്കി ഒന്നഴിച്ചുടുത്തശേഷം അരയിലെ ഏലസ്സില്‍ ഒന്നു തെരുപ്പിടിച്ചുകൊണ്ട് നാണു നായര്‍ ദീര്‍ഘ്യനിശ്വാസമൊന്നുവിട്ടു.

"പിന്നേ ഒണങ്ങിത്തൊലിഞ്ഞ് വയസായി ചാവാറായിരിക്കണ നിങ്ങളെപ്പിടിക്കാന്‍ നടക്കേല്ലേ യക്ഷികള്. പാകരന്റെ കള്ളച്ചാരായം കുടിച്ചോണ്ട് നടന്നപ്പോ നിങ്ങക്ക് തോന്നിയതായിരിക്കും യക്ഷി നിക്കുന്നതെന്ന്‍".

നാണുനായരെ കളിയാക്കിക്കൊണ്ട് സഹദേവന്‍ തലകുലുക്കിച്ചിരിച്ചു

"സഹദേവാ നീ എന്തൊക്കെ പറഞ്ഞാലും ശരി ഇന്നലെ രാത്രി ഞാന്‍ അവിടെ പ്രേതത്തെക്കണ്ടു എന്നതു പച്ചപ്പരമാര്‍ത്ഥമാണ്. ഈ മുന്നീ നിക്കുന്ന എന്നെ നീ കാണുന്നുണ്ടോ അങ്ങിനെയാനേല്‍ ഇന്നലെ ഞാന്‍ അവിടെ യക്ഷിയെക്കണ്ടു എന്നത് വിശ്വസിച്ചേ പറ്റൂ".

മേശമേല്‍ കൈകൊണ്ടന്നടിച്ചുകൊണ്ട് സുന്ദരന്‍ അസന്നിഗ്ദമായി തന്റെ നിലപാട് വ്യക്തമാക്കി.

"പാതിരാത്രി ഒരു പത്തുപന്ത്രണ്ട് മണിയായിക്കാണും. രാത്രിതിന്ന ചക്കക്കൂട്ടാന്‍ കൊഴപ്പമുണ്ടാക്കിയതുമൂലം ഞാനൊന്നു വെളിക്കിരിക്കാനായി പറമ്പിലേക്കിറങ്ങിയതാ. തണുത്ത കാറ്റേറ്റങ്ങിനെയിരിക്കുമ്പം ഒരലര്‍ച്ചയാണാദ്യം കേട്ടത്. എന്റെ പാതിയുയിരപ്പോഴേ പോയി.മൊത്തം മൂടിപ്പൊതച്ച ഒരു രൂപം.കാലൊന്നും നിലത്തു തൊടുന്നില്ല.പറന്നു വരുവാ ഞാനിരിക്കുന്നിടത്തേയ്ക്കു.പട്ടികളൊക്കെ എന്നാ കൊരയായിരുന്നെന്നോ. ഞാന്‍ ഏതു വഴിയേയാണോടിയതെന്നു എനിക്കും ഭഗവാനും മാത്രമേയറിയൂ. പൊട്ടുഭാഗ്യത്തിനാ ജീവന്‍ തിരിച്ചുകിട്ടിയത്"

ആശ്വാസത്തോടെ സുന്ദരന്‍ നെഞ്ചില്‍ കൈവച്ചു.

"ഓട്ടത്തിനിടയില് നീ ആ പഴങ്കെണറ്റില് വീഴാതിരുന്നത് നന്നായി. എന്നാലും ബെഞ്ചമിന്‍ വിളയില്‍ ഇപ്പോളെവിടുന്നു വന്നു ഈ പ്രേതം".

ചന്ദ്രേട്ടന്റെ സംശയം തീരുന്നുണ്ടായിരുന്നില്ല.

"സംശയിക്കാനൊന്നുമില്ല പുള്ളേ. ഇതു വസുമതിയുടെ പ്രേതം തന്നെ. മുന്‍പ് കല്ലുമഠത്തിലെ പോറ്റി ബന്ധിച്ചു പാലയില്‍ തറച്ചതാ.എങ്ങിനേയോ രക്ഷപ്പെട്ട് വീണ്ടും പൊറത്തിറങ്ങിയെന്നാ തോന്നുന്നത്. ആ വീട്ടിന്റെ പരിസരത്തുള്ളവരിനി കെടന്നൊറങ്ങത്തില്ല."

മണിയന്‍പിള്ള തന്റെ അറിവു തുറന്നുവിട്ടു.

"എണീറ്റ് പോയീന്‍ മൂപ്പീന്നേ. വസുമതിയുടെ പ്രേതം. മാങ്ങാത്തൊലി. പണ്ടെങ്ങാണ്ട് അവിടെ തൂങ്ങിമരിച്ച ഒരുത്തി ഇപ്പം പ്രേതമായി വരാന്‍ പോവേണ്.പ്രാന്ത് അല്ലാതെന്താ".

സഹദേവന്‍ ദേക്ഷ്യത്തോടെ പറഞ്ഞിട്ട് തന്റെ തൂമ്പയുമെടുത്ത് പണിയ്ക്കായി വയലിലേയ്ക്കിറങ്ങി.

"എനിക്കും തോന്നണത് അത് വസുമതി തന്നെയായിരിക്കുമെന്നാ. ഭഗവാനേ ഇനി എന്തൊക്കെ നടക്കുമോയെന്തോ?".

മിഴികളടച്ച് നാണുനായര്‍ കൈകള്‍ മുകളിലേയ്ക്കുയര്‍ത്തി.

"അവളു തന്നെങ്കി പേടിയ്ക്കണം.ചാവുമ്പം അവളു ആറേഴുമാസം ഗര്‍ഭിണിയല്ലായിരുന്നോ. ഗര്‍ഭിണികളുടെ പ്രേതത്തിന് ശൌര്യം കൂടും".

വയസ്സന്‍ മണിയന്‍പിള്ള മടിക്കുത്തില്‍നിന്നൊരു തിറുപ്പുബീഡിയെടുത്തു ചുണ്ടില്‍വച്ചു തീപ്പറ്റിച്ചു.

"മുമ്പും വെള്ളിയാഴ്ചയും മറ്റും അര്‍ദ്ധരാത്രികഴിഞ്ഞാ ബെഞ്ചമിന്‍ വിളയില്‍നിന്നു ചെല ഒച്ചയുമനക്കവും കരച്ചിലുമൊക്കെ കേള്‍ക്കാറുണ്ടായിരുന്നു. മാത്രമല്ല അതിനു ചുറ്റും നല്ല പാല പൂത്ത മണവും കാണും".

മണിയന്‍ പിള്ള പറഞ്ഞുനിര്‍ത്തി.

"ഞാനാണെങ്കി ബെഞ്ചമിന്‍ വിള വഴിയാണ് എളുപ്പത്തിന് വീട്ടീപൊക്കൊണ്ടിരുന്നത്.ഇനി കറങ്ങിച്ചുറ്റി വയലുവാരം പോണോല്ലോ".

കുമാരന്‍ ചായ ഉയര്‍ത്തിയടിച്ചുകൊണ്ട് ആരോടെന്നില്ലാതെ പറഞ്ഞു.

"ജീവന്‍ വേണോങ്കി വേറേ വഴി നോക്കിക്കോ.ഞാനെന്തായാലും പോറ്റിയെ പോയി ഒന്നു കണ്ട് നല്ല ഒരു തകിടും കൂടും ഉണ്ടാക്കിക്കാന്‍ തീരുമാനിച്ചു"

ചായക്കാശെടുത്ത് കുമാരനു നല്‍‍കിയിട്ട് സുന്ദരന്‍ പുറത്തേയ്ക്കിറങ്ങി.

"അതെ പോറ്റിയ്ക്ക് പത്തു കാശൊപ്പിക്കാനായുള്ള വഴിയായി"

വയലില്‍നിന്ന സഹദേവന്‍ വിളിച്ചു പറഞ്ഞു.

"നല്ലോരു വീടും പറമ്പുമായിരുന്നു. യക്ഷിശല്യമൊള്ളതാണെന്നറിഞ്ഞാ ആരെങ്കിലും മേടിയ്ക്കുമോ അത്. എത്ര നാളോണ്ട് അതൊന്നു വി‍ക്കാനായി ആ പണിക്കര്‍ നടക്കുന്നു. ഏതാണ്ടെല്ലാമൊന്നൊത്തുവന്നതായിരുന്നു. ഇനിയതു നടന്നതു തന്നെ"

ചന്ദ്രേട്ടന്‍ ചായ മുഴുവന്‍ കുടിച്ചശേഷം ഗ്ലാസ്സ് മേശമേല്‍ വച്ചു.

കുമാര‍ന്റെ ചായക്കടയില്‍ യക്ഷിപുരാണം ചര്‍ച്ച തകര്‍ത്തുകൊണ്ടിരുന്നപ്പോള്‍ തൊട്ടടുത്ത വിക്രമന്റെ മുറുക്കാന്‍ കടയിലെ ബെഞ്ചിലിരുന്നു പത്രം വായിച്ചുകൊണ്ടിരുന്ന യുവപഞ്ചായത്തു മെമ്പര്‍ സതീശന്‍ വേദനയാല്‍ ഒന്നു ഞരങ്ങി.തലേന്നുരാത്രി കനകമ്മയുടെ വീട്ടില്‍ ഒന്നു പോയതും പുറത്തേയ്ക്കിറങ്ങാന്‍ നേരം തൊട്ടടുത്ത വീട്ടിലെ വൃത്തികെട്ട പട്ടി കാലേല്‍ക്കടിക്കാന്‍ നോക്കിയതും അഴിഞ്ഞുപോയ മുണ്ട് രണ്ടുകൈയിലും പിടിച്ച് ജീവനും കൊണ്ടോടുന്ന വഴിയില്‍ അതിരില്‍ നാട്ടിയിരുന്ന കുറ്റിയില്‍ അടിച്ച് കാലു പിളര്‍ന്നതും പിറകേണ്ടായിരുന്ന പട്ടി തന്റെ ചന്തിയില്‍ കടിച്ചതും വേദനയെടുത്തലറിക്കൊണ്ട് പാഞ്ഞപ്പോള്‍ കപ്പ നട്ടിരിക്കുന്ന പറമ്പില്‍നിന്നു മറ്റാരോ അലറിക്കൊണ്ട് എഴുന്നേറ്റോടിയതുമെല്ലാം ഒരു ചലച്ചിത്രത്തിലെന്നവണ്ണം അവന്റെ മനസ്സിലൂടെ കടന്നു പോവുകയായിരുന്നു. ചന്തിയുടെ ഒരു വശം പട്ടിയുടെ കടികൊണ്ട് ഒരു പരുവമായതുമൂലം ഒരു വശം ചരിഞ്ഞിരുന്നുകൊണ്ട് കാലിലെ മുറിവ് ആരും കാണാതിരിക്കുവാനായി സതീശന്‍ തന്റെ മുണ്ട് നന്നായി താഴ്ത്തിയിട്ടു നിര്‍വ്വികാരനെപ്പോലെ പത്രവായന തുടര്‍ന്നു.

ശുഭം...............

ശ്രീക്കുട്ടന്‍

Saturday, October 1, 2011

ബുദ്ധിവളരാന്‍ മീന്‍തല


"എന്താടാ സുമേഷേ ഇങ്ങനെ ഒരുമാതിരി ചടഞ്ഞുകുത്തിയിരിക്കുന്നത്. നിനക്കിന്ന്‍ പള്ളിക്കൂടത്തിലൊന്നും പോണ്ടേ"

"ഹോ എന്നാ പറയാനാ ക്ലീറ്റസ്സുചേട്ടാ.ഹോംവര്‍ക്കു ചെയ്തിട്ടില്ല. അതുചെയ്യാതെ സ്കൂളിലോട്ടുചെന്നാല്‍ ആ കാലമാടന്‍ കരുണന്‍മാസ്റ്റര്‍ എന്റെ പുറം പള്ളിപ്പൊറമാക്കും. അതുകൊണ്ടുതന്നെ സ്കൂളിപ്പോണോ പോണ്ടേ എന്നാലോചിച്ചോണ്ടിരിക്കുവാ"

"എടാ ചെക്കാ മര്യാദയ്ക്ക് സ്കൂളീപ്പോവാന്‍ നോക്കെടാ. അല്ല അറിയാന്മേലാഞ്ഞിട്ടു ചോദിക്കുവാ നിനക്ക് ഈ വര്‍ക്കൊക്കെ അന്നന്ന്‍ രാത്രീലും രാത്രീല് ചെയ്തു തീര്‍ത്തൂടെ"

"ഈ കണക്ക് ഒരു മെനക്കെട്ടവിഷയമാ ചേട്ടാ. ഒന്നും തലേക്കേറണില്ലന്നേ. ചേട്ടനൊക്കെ കണക്ക് നല്ല പിടിയല്ലേ.ഈ കണക്ക് എളുപ്പത്തില്‍ പഠിക്കാനായി എന്തെങ്കിലും വഴിയുണ്ടോ. അതായത് നമ്മുടെ ബുദ്ധി കൂട്ടാനായി വല്ല മരുന്നോ ഗുളികയോ അങ്ങനവല്ലതും"

"അങ്ങിനെ ചോദിച്ചാ ഞാനെന്താ പറയുക. നീ മീന്‍ തിന്നാറുണ്ടോ. ഇല്ലെങ്കില്‍ തിന്നണം.എന്റെമ്മച്ചി പറഞ്ഞിട്ടൊള്ളത് നല്ല നെയ്മീനിന്റെ തല വേവിച്ചു തിന്നാല്‍ ബുദ്ധി കൂടുമെന്ന്‍.എനിക്ക് ചെറുപ്പത്തില്‍ അമ്മച്ചി ധാരാളം മീന്‍ തല വേവിച്ചു തന്നിട്ടുണ്ട്"

"ഞാന്‍ മീന്‍ അങ്ങനെ തിന്നില്ല. പൊരിച്ചാല്‍ ഒരെണ്ണമെങ്ങാനും തിന്നും. അപ്പം മീന്‍ തല ഒരുപാടു തിന്നുന്നതുകൊണ്ടാണല്ലേ ചേട്ടനിത്രയ്ക്ക് കണക്കെളുപ്പം"

"പിന്നല്ലാണ്ട്.നീയൊന്ന്‍ വേഗംനടന്നേ.സമയത്തെ ഈ മീന്‍ കൊണ്ട് ചെന്ന്‍ ചന്തേലെത്തിച്ചില്ലേല്‍ മൊത്തം ചീഞ്ഞു നാശകോശമാകും"

"ക്ലീറ്റസ്സുചേട്ടാ എന്നാപ്പിന്നെ എനിക്കും ദിവസോം നല്ല നെയ്മീന്റെ തല ഓരോന്നു കൊണ്ടുത്തരാമോ"

"എടാ ചെക്കാ നെയ്മീന്റെ തലയ്ക്ക് നൂറുരൂപയാ വില. ദിവസോം മേടിക്കുവാന്‍ നിന്റെ കൈയില്‍ കാശെവിടുന്നാ"

"കാശ് പ്രശ്നമല്ല ചേട്ടാ.അമ്മച്ചീടെ അടുത്തൂന്ന്‍ ഞാന്‍ ഒപ്പിച്ചോളാം. എനിക്കു ബുദ്ധികൂട്ടാനായിട്ടാണെന്നുപറഞ്ഞാല്‍ അമ്മച്ചി എത്ര പൈസ വേണേലുംതരും.ഇന്നെനിക്കൊരു മീന് തല താ.ഞാന്‍ അതുകൊണ്ടുക്കാണിച്ച് അമ്മച്ചീട കൈയീന്ന്‍ പൈസാവാങ്ങിച്ച് വൈകിട്ട് ചേട്ടനു തരാം."

നടത്തം നിര്‍ത്തിയ ക്ലീറ്റസ്സ് ഒന്നുരണ്ടുനിമിഷം ആലോചിച്ചുനിന്നശേഷം തന്റെ മീന്‍ കുട്ടയില്‍നിന്നു മുഴുത്ത ഒരു നെയ്മീനെടുത്ത് അതിന്റെ തലമുറിച്ച് ഒരു പേപ്പറില്‍ പൊതിഞ്ഞ് സുമേഷിന്റെ നേരെ നീട്ടി.അവനത് മേടിച്ചിട്ട് അപ്പോള്‍തന്നെ വീട്ടിലേക്കു നടന്നു.ക്ലീറ്റസ്സ് തന്റെ മീനുമായി ചന്തയിലേയ്ക്കും പോയി. അന്നു ക്ലീറ്റസ്സിനു നല്ല കോളായിരുന്നു. കൊണ്ടുവന്ന മീനൊക്കെ പെട്ടന്ന്‍ വിറ്റുതീര്‍ന്നു.തലമുറിച്ച് സുമേഷിനുകൊടുത്ത നെയ്മീന്‍ ക്ലീറ്റസ്സ് 100 രൂപായ്ക്ക് കച്ചവടവും നടത്തി.അന്നു വൈകിട്ട് കുളത്തില്‍ കുളിക്കാന്‍ വന്നപ്പോള്‍ സുമേഷ മീന്‍ തലയുടെ വിലയായി നൂറുരൂപായും കൊടുത്തു.

കുറച്ചുദിവസങ്ങള്‍ക്കുശേഷം......

"അല്ല ക്ലീറ്റസ്സുചേട്ടാ എല്ലാദിവസോം എനിക്ക് മീന്‍തല മുറിച്ചുതന്നിട്ട് ആ ബാക്കി മീനെന്തോ ചെയ്യും"

ക്ലീറ്റസ്സ് നടത്തം നിറു‍ത്തി സുമേഷിനെ ഒന്നുനോക്കിയിട്ട് വീണ്ടും സൈക്കില്‍ ഉരുട്ടിനീങ്ങാനാരംഭിച്ചു.കൂടെ സുമേഷും.

"ഒരു നെയ്മീനെന്താവില ക്ലീറ്റസ്സുചേട്ടാ"

"നൂറുരൂപാ.എന്താ ചോദിച്ചേ"

"ഹേയ് ഒന്നുമില്ല.ഞാന്‍ നൂറുരൂപാ തന്ന്‍ ദിവസവും വെറും മീന്‍ തലമാത്രം വാങ്ങുന്നതിനേക്കാളും നല്ലത് ആ നെയ്മീന്‍ മുഴുവനായും വാങ്ങുന്നതല്ലേ"

ബ്രേക്കിട്ടതുപോലെ ക്ലീറ്റസ് അവിടെ നിന്നു.

"ഇതാ നൂറുരൂപാ. ഇന്ന്‍ തലമാത്രമായിട്ടല്ല മുഴുവന്‍ മീന്‍തന്നെ തന്നേ"

സുമേഷ് പോക്കറ്റില്‍നിന്നു രൂപായെടുത്തു ക്ലീറ്റസ്സിനുനേരെനീട്ടി.

"ഇനി നീ മീന്തലതിന്നേണ്ട കാര്യമില്ല.നിന്റെ ബുദ്ധികൂടി".

പറഞ്ഞതും സൈക്കിളില്‍ കയറി ക്ലീറ്റസ് ചവിട്ടിനീങ്ങിയതും ഒരുമിച്ചായിരുന്നു

ശുഭം

(സഹമുറിയനായിരുന്ന ജോസ് അച്ചായനു കടപ്പാട്)

ശ്രീ