Wednesday, October 12, 2011

കനകന്റെ ഭക്തി

"എന്റെ ഭഗവാനെ.അവിടുന്ന്‍ ഉഗ്രരൂപിയും ക്ഷിപ്രകോപിയും അതേസമയം തന്നെ ഭക്തവത്സലനും വിളിച്ചാല്‍ വിളി കേള്‍ക്കുന്നവനുമാണെന്ന്‍ എനിക്ക് അറിവുള്ളതു തന്നെ.പക്ഷേ ഞാന്‍ എത്രയോ നാളായി അവിടുത്തെ മുമ്പില്‍ തൊഴുതുകുമ്പിടുന്നു.ഒരു മേല്‍ഗ‍തിയുണ്ടാക്കിത്തരുവാനായി പ്രാര്‍ത്ഥിക്കുന്നു.അങ്ങതൊന്നും കേട്ട ഭാവം പോലും നടിച്ചില്ല.എല്ലാ ദിവസവും വൈകുന്നേരം ഞാന്‍ കുളിച്ചുതൊഴുതു വന്ന്‍ അങ്ങയുടെ മുമ്പില്‍ സാക്ഷ്ടാംഗം പ്രണമിക്കുന്നു.ദീപാരാധനയും മറ്റും കഴിഞ്ഞ് അമ്പലമടച്ചതിനുശേഷവും ഞാനൊരു കാവല്‍ക്കാരനെപ്പോലെ ഇവിടെത്തന്നെ കഴിഞ്ഞുകൂടിയിട്ടില്ലേ.അങ്ങയുടെ കൃപാകടാക്ഷം ഒരു ദിവസം എന്റെ നേരെ ചൊരിയപ്പെടും എന്ന ഉത്തമവിശ്വാസം എനിയ്ക്കുണ്ടായിരുന്നു.അതിനുവേണ്ടി അച്ഛന്റെ പോക്കറ്റില്‍ നിന്നും അടിച്ചുമാറ്റിയ രൂപകൊണ്ടു മേടിച്ച എത്രകൂട് ചന്ദനത്തിരികളാണു ഞാന്‍ അങ്ങയുടെ മുമ്പില്‍ കത്തിച്ചുവച്ചത്.ആ തിരികളെല്ലാം എന്റെ മുമ്പില്‍ കത്തിത്തീര്‍ന്ന്‍ ചാരവളയങ്ങളായ് അന്തരീക്ഷത്തില്‍ പടര്‍ന്നുമറയുന്നതുവരെ ഞാന്‍ ധ്യാനനിമഗ്നനായി നിന്നിട്ടില്ലേ.

ശരീരമിളക്കി വലിയ ജോലിയൊന്നും ചെയ്തുകൂടാത്തതുകൊണ്ട് ഞാന്‍ ഈ അമ്പലത്തിലെ പൊങ്കാലയും മറ്റു നിവേദ്യവുമൊക്കെ തിന്നല്ലേ കഴിയുന്നത്.ജോലിയ്ക്കൊന്നും പോകാതെ ഇങ്ങനെ അമ്പലച്ചോറുണ്ട് ജീവിയ്ക്കാന്‍ നാണമില്ലേന്ന്‍ ചിലരൊക്കെ എന്നോട് ചോദിക്കാറുണ്ട്. സത്യത്തില്‍ എന്റെ അച്ഛനുമമ്മയും കൂടി ചോദിച്ചിട്ടുണ്ട്.പക്ഷേ അവര്‍ക്കറിയില്ലല്ലോ എന്റെ മനസ്സില്‍ നിറഞ്ഞൊഴുകുന്ന ഭക്തി.അവിടുത്തേയ്ക്ക് എപ്പോഴാണ് എന്നില്‍ അലിവുതോന്നി പ്രസാദിക്കുന്നതെന്നറിയാത്തതുകൊണ്ടാണു ഫുള്‍‍ടൈം ഞാന്‍ അമ്പലത്തില്‍ കഴിഞ്ഞതെന്ന്‍ അവരോടൊക്കെ പറയാന്‍ പറ്റുമോ.

ഇന്നലെവരെ എനിക്ക് അങ്ങയില്‍‍ വലിയ വിശ്വാസമായിരുന്നു.ഒരു ദെവസം പോലും അമ്പലത്തില്‍ വരുകയോ ക്ഷേത്രസംബന്ധമായ ഏതെങ്കിലും കാര്യത്തില്‍ പങ്കുകൊള്ളുകയോ ചെയ്തിട്ടില്ലാത്ത ആ പലിശനാണുനായര്‍ക്ക് ഇന്നലെ ഒരു കോടി രൂപ ലോട്ടറിയടിച്ചിരിക്കുന്നു.ഇപ്പോള്‍ എനിക്കൊരു കാര്യം മനസ്സിലായി അങ്ങു ഒരിക്കലും എന്നെപ്പോലുള്ള ഭക്തമ്മാരെ കണ്ണുതുറന്ന്‍ നോക്കില്ല.അല്ലെങ്കില്‍ ആ നാണുനായര്‍ക്ക് ലോട്ടറിയടിക്കുമായിരുന്നോ.ഞാനെടുത്ത ലോട്ടറിടിക്കറ്റുകളുടേം മേടിച്ച ചന്ദനത്തിരികളുടേയും കാശ് ചേര്‍ത്തുവച്ചിരുന്നെങ്കില്‍ എനിക്കിപ്പം ഒരഞ്ചുസെന്റ് സ്ഥലം മേടിക്കാമായിരുന്നു.അതൊന്നും പറഞ്ഞിട്ടിനി കാര്യമില്ല.

അതുകൊണ്ട് തന്നെ അവസാനമായി ഞാനൊരു കടുത്ത തീരുമാനമെടുത്തു. അങ്ങയോടല്ലാതെ മറ്റാരോടാണെനിയ്ക്കു ആലോചിക്കുവാനുള്ളത്.ഈ പാതിരാത്രി തന്നെ ഞാന്‍ വന്നു ബുദ്ധിമുട്ടിച്ചതില്‍ ക്ഷമിക്കണം. ഈ നാട്ടില്‍ നിന്നാലിനിയൊരു രക്ഷയുമില്ലയെന്നെനിക്കു മനസ്സിലായി. നാടുവിട്ട് മറ്റേതെങ്കിലും സ്ഥലത്തേയ്ക്കു പോവുക തന്നെ.അതിലേക്കായി വഴിച്ചിലവിന് അച്ഛനോട് കൊറച്ചു കാശ് ചോദിച്ചതിന് എന്നെ തച്ചില്ലേന്നേയുള്ളു.നിന്റെ ഭഗവാനോട് ചോദിക്കാനാ അച്ഛന്‍ പറഞ്ഞത്.ആലോചിച്ചപ്പോള്‍ അതും ശരിയാ.എന്റെ ഇത്രയും കാലം ഞാന്‍ അവിടുത്തേയ്ക്കു വേണ്ടിയല്ലേ ജീവിച്ചുതീര്‍ത്തത്. അപ്പോള്‍ ഇനിയുള്ള കാലം ഒരു നല്ല നിലയിലെത്തുന്നതിനുവേണ്ടി എന്നെ സഹായിക്കേണ്ടതും അവിടുന്നു തന്നെ.എനിക്ക് യാത്രാച്ചിലവിനായി എന്തായാലും കൊറച്ച് കാശുവേണം.അങ്ങയുടെ കയ്യില്‍ കാശായിട്ടൊന്നുമില്ലെന്നെനിക്കറിയാം.ചുമ്മാ ഇവിടെയിങ്ങനെയിരിക്കുന്ന അങ്ങേയ്ക്കെന്തിനാണു സ്വര്‍ണ്ണമാലയും കിരീടവുമെല്ലാം.ഞാനിതെല്ലാമെടുക്കുന്നു.ഇതാര്‍ക്കെങ്കിലും വിറ്റുകിട്ടുന്ന കാശുകൊണ്ട് വേണം ഇനിയൊന്നു പച്ചപിടിയ്ക്കാന്‍.രക്ഷപിടിയ്ക്കുകയാണെങ്കില്‍ തീര്‍ച്ചയായും ഞാന്‍ മടങ്ങിവന്ന്‍ അവിടുത്തെ തിരുമുമ്പില്‍ നൂറുകൂട് ചന്ദനത്തിരികള്‍ കത്തിക്കുന്നതായിരിക്കും"

അത്രയും നേരം വളരെ രസകരമായി കനകന്റെ വര്‍ത്തമാനവും കേട്ട് രസിച്ചിരുന്ന ഭഗവാനൊന്നു ഞെട്ടി.അപ്പോള്‍ ഇവന്‍ തന്റെ മുതലുകള്‍ മോഷ്ടിക്കാനായി വന്നിരിക്കുകയാണോ.ഈ നട്ടപ്പാതിരാത്രി ഒറ്റയ്ക്ക് താനെന്തുചെയ്യും. തന്റെ ഉരുപ്പടികള്‍ സംരക്ഷിക്കാനായി താനാരെവിളിച്ച് സഹായം തേടും.ഭഗവാനാകെ ചിന്താകുഴപ്പത്തിലായി.

വളരെ ദീര്‍ഘമായ പറച്ചിലിനും പ്രാര്‍ഥനയ്ക്കും ശേഷം കനകന്‍ ഭഗവാനെ ഒന്നു തൊഴുത് ദേവന്റെ കിരീടവും മറ്റു തിരുവാഭരണങ്ങളുമെല്ലാം എടുത്ത് തന്റെ തോല്‍സഞ്ചിയ്ക്കുള്ളില്‍ വച്ചശേഷം ബാഗില്‍ നിന്നും ഒരു കൂട് ചന്ദനത്തിരിയെടുത്ത് ഭഗവാന്റെ മുമ്പില്‍ കത്തിച്ചുവച്ചു.തന്റെ മുതലുകളെല്ലാം തിരിച്ചുവയ്ക്കിവിടെയെന്ന്‍ വിളിച്ചു പറയണമെന്നുണ്ടായിരുന്നു ഭഗവാനു.പക്ഷേ അദ്ദേഹത്തിന്റെ നാവുകള്‍ ബന്ധിക്കപ്പെട്ടിരിക്കുകയായിരുന്നു.പോകുന്ന പോക്കില്‍ കാണിയ്ക്കവഞ്ചിയും കൂടി കനകനെടുക്കുന്നത് കണ്ട ഭഗവാന്‍ ശ്രീകോവിലിനുള്ളില്‍ നിന്നും പുറത്തേയ്ക്കു കുതിച്ച് അവനെ തടഞ്ഞുനിര്‍ത്താന്‍ വെമ്പല്‍കൊണ്ടു.പക്ഷേ പീഠത്തില്‍ അനങ്ങാനാവാതെ ഒരു ശിലയായി ബന്ധിക്കപ്പെട്ടിരിക്കുന്ന തന്റെ അവസ്ഥയൊര്‍ത്ത് ഭഗവാനു സങ്കടം സഹിക്കാനായില്ല. തന്റെ ചങ്കില്‍ നാലഞ്ചിടിയിടിച്ചു പൊട്ടിപ്പൊട്ടിക്കരയണമെന്നുണ്ടായിരുന്ന ഭഗവാന്‍ അതിനും പാങ്ങില്ലാതെ നിശ്ചലനായി കനകന്‍ പോയ ഇരുളിലേയ്ക്കു നോക്കി വെറുതേയിരുന്നു.

ശുഭം.

ശ്രീ​ക്കുട്ടന്‍

10 comments:

  1. ഇതില്‍ തമാശയും അതോടുകൂടി
    ചില സത്യങ്ങളുമുണ്ട്, ഒരു കല്ലായി പോയതില്‍ ദൈവം വരേ നിരാശനാണ് പിന്നെ എന്തിനീ കല്‍ പ്രതിഷ്ടകള്‍

    ReplyDelete
  2. കൊള്ളാം... നന്നായിട്ടുണ്ട്

    ReplyDelete
  3. ഭക്തിയിലധിഷ്ടിതമായ മോഷണം... തെറ്റുപറയാന്‍ പറ്റില്ല... ഉസ്സാര്‍ കൂറേ.. ഉസ്സാര്‍...

    ReplyDelete
  4. വളരെ നന്നായിരിക്കുന്നു..നമ്മുടെ നാട്ടില്‍ ഒന്നും ചെയ്യാന്‍ ആകാതെ ഭഗവാനെ പോലെ കൈ കെട്ടി കക്കുന്നത്‌ നോക്കി നില്ക്കാന്‍ മാത്രമേ എല്ലാര്ക്കും കഴിയുന്നുള്ളൂ..

    ReplyDelete
  5. വായിച്ച് അഭിപ്രായമറിയിച്ച ചങ്ങാതിമാര്‍ക്ക് നന്ദീട്ടോ...നന്ദി മാത്രമേയുള്ളു...വേറൊന്നുമില്ല...

    ReplyDelete
  6. കനകന്‍ ഉള്ളത് നേരെ ചൊവ്വേ പറഞ്ഞു കൊണ്ട് പോയി ... സ്ഥിരം ഭഗവാനോട് ചേര്‍ന്ന് നിന്ന് ഭാഗവാനെയല്ല അമ്പലം വരെ വിഴുങ്ങുന്ന കനകന്റെ ഉപ്പാപ്പമാരുടെ കാലമാണിത് ശ്രീകുട്ട... അസ്സലായി എഴുതി ... എഴുത്ത് തുടരുക

    ReplyDelete
  7. മടിയന്മാരുടെ ഇത്തരം ഭക്തിക്കു മുന്‍പില്‍ ദൈവം പോലും തരിച്ചു പോകുന്നു വളരെ നന്നായിരിക്കുന്നു,
    നന്നായിരിക്കുന്നു എഴുത്ത്.
    നന്മകള്‍.

    ReplyDelete
  8. ശ്രീകുട്ടാ.. നീ വല്ലാത്തൊരു സാധനം തന്നെ :) പറയേണ്ട കാര്യം നര്‍മ്മത്തിലൂടെ കുറിക്കു കൊള്ളുന്ന രീത്യില്‍ അവതരിപ്പിച്ചു. ഹൃദയം നിറഞ്ഞ ആശംസകള്‍..

    ReplyDelete
  9. "പക്ഷേ പീഠത്തില്‍ അനങ്ങാനാവാതെ ഒരു ശിലയായി ബന്ധിക്കപ്പെട്ടിരിക്കുന്ന തന്റെ അവസ്ഥയൊര്‍ത്ത് ഭഗവാനു സങ്കടം സഹിക്കാനായില്ല."

    കാമ്പുള്ള ഹാസ്യം.

    ReplyDelete
  10. വല്ലപ്പോഴുമാണ് ഇത്തരം നല്ല കഥകള്‍ വായിക്കുന്നത്. ഭഗവാന്റെ നിസ്സഹായാവസ്ഥ മനോഹരമായി ചിത്രീകരിച്ചു.വലിയ തത്വങ്ങളുടെ ഒരു മിഠായി പ്പോതി വായനക്കാരുടെ മുമ്പില്‍ എറിഞ്ഞു തന്നു. കഴിവുള്ളവര്‍ കൂടുതല്‍ വാരിയെടുക്കട്ടെ.

    ReplyDelete