ഉറുഗ്വായിലെ ഒരു റഗ്ബി ടീമായിരുന്ന ഓള്‍ഡ് ബോയ്സ് ക്ലബ്ബും ചിലിയിലെ സാന്റിയാഗോയിലുള്ള മറ്റൊരു റഗ്ബി ക്ലബ്ബുമായി ഡിസംബര്‍ മാസം 12 ആം തീയതി ഒരു റഗ്ബി മത്സരം ഷെഡ്യൂല്‍ ചെയ്തിരുന്നു. ക്ലബ് പ്രസിഡന്റായിരുന്ന ഡാനിയല്‍ യുവാന്‍ ഉറുഗ്വായ് വ്യോമസേനയുടെ ഫ്ലൈറ്റ് നമ്പര്‍ 571 ബുക്ക് ചെയ്യുകയും റഗ്ബി ടീമും 5 ക്രൂ മെമ്പേര്‍സും ഉള്‍പ്പെടെ മൊത്തം 45 യാത്രക്കാരുമായി 1972 ഒക്ടോബര്‍ 12 നു ആ ചാര്‍ട്ടേഡ് ഫ്ലൈറ്റ് ഉറുഗ്വായ് തലസ്ഥാനമായ മോണ്ടെവീഡിയോയിലെ കരാസ്കോ ഇന്റര്‍നാഷണല്‍ എയര്‍പോര്‍ട്ടില്‍നിന്നു ചിലിയിലെ സാന്റിയാഗോയിലേയ്ക്ക് പറന്നുയര്‍ന്നു. അങ്ങേയറ്റം പരിചയസമ്പന്നനായ പൈലറ്റായിരുന്ന ജൂലിയോ ഫെരദാസും കോ പൈലറ്റായിരുന്ന ഡാന്റേ ഹെക്ടറുമായിരുന്നു വിമാനം നിയന്ത്രിച്ചിരുന്നത്. ആന്‍ഡസ് പര്‍വ്വതം മുറിച്ചുകടന്നാണ് യാത്ര തുടരേണ്ടിയിരുന്നത്. എന്നാല്‍ അങ്ങേയറ്റം മോശമായ കാലാവസ്ഥമൂലവും ആന്‍ഡസിലെ അതിശക്തമായ ഹിമപാതവുംമൂലം വിമാനം അര്‍ജന്റീനയിലെ മെണ്‍ഡോസയില്‍ അടിയന്തിരമായി ലാന്‍ഡ് ചെയ്യിക്കേണ്ടിവന്നു. അന്നത്തെ രാത്രി അവര്‍ക്ക് അവിടെത്തന്നെ തുടരേണ്ടിയുംവന്നു. പിറ്റേ ദിവസം അതായത് ഒക്ടോബര്‍ 13 നു പകല്‍ വീണ്ടും അവര്‍ യാത്ര പുനരാരംഭിച്ചു.
അന്നേദിവസവും കാലാവസ്ഥ അതീവദുഷ്ക്കരമായിത്തന്നെയായിരുന്നു. മെയിന്‍ പൈലറ്റായിരുന്ന ഫെരാദാസ് മുമ്പ് 29 പ്രാവശ്യത്തോളം ആന്‍ഡസ് മുറിച്ചുകടന്ന്‍ വിമാനം പറത്തിയിട്ടുള്ള ആളായിരുന്നു. എന്നാല്‍ അന്നേദിവസം വിമാനം മെയിനായി നിയന്ത്രിച്ചിരുന്നത് സഹപൈലറ്റായ ഡാന്റേ ഹെക്ടറായിരുന്നു. അതിശക്തമായ ഹിമപാതമാണ് അന്നേദിവസം ആന്‍ഡസിലുണ്ടായിരുന്നത്. കനത്ത മഞ്ഞുവീഴ്ചയും പുകപടലവുംകൊണ്ട് കാഴ്ച അങ്ങേയറ്റം ദുഷക്കരമായ ഒരു സാഹചര്യത്തില്‍ പര്‍വ്വതങ്ങളുടെ കാഴ്ച ശരിക്കും കിട്ടുന്നുണ്ടായിരുന്നില്ല. വിമാനം ടേക്ക് ഓഫ് ചെയ്തു ഏകദേശം ഒരു മണിക്കൂര്‍ കഴിഞ്ഞപ്പോള്‍ തങ്ങളിപ്പോള്‍ പര്‍വ്വതപാത കടന്നുവെന്നും വളരെത്താമസിയാതെ തന്നെ സാന്‍ഡിയാഗോയ്ക്ക് 110 മൈല്‍ വടക്കുള്ള ക്യൂറിക്കിലെത്തുമെന്നും തങ്ങള്‍ വടക്കോട്ട് തിരിയ്ക്കുകയാണെന്നും പൈലറ്റ് എയര്‍ ട്രാഫിക്ക് കണ്ട്രോല്‍ വിഭാഗത്തെ അറിയിക്കുകയുണ്ടായി. എന്നാല്‍ കനത്ത മഞ്ഞിന്റെ ആവരണത്തില്‍പ്പെട്ടുകിടന്നിരുന്നതുകൊണ്ടുതന്നെ പൈലറ്റ് വിമാനത്തിന്റെ സ്ഥാനം കണക്കായിരുന്നത് തെറ്റായിട്ടായിരുന്നു. യഥാര്‍ത്ഥത്തില്‍ അപ്പോഴും വിമാനം ആന്‍ഡസ് പര്‍വ്വതം മുറിച്ചുകടന്നിട്ടില്ലായിരുന്നു. വിമാനം കുറച്ചു താഴ്ത്തുവാന്‍ പൈലറ്റ് എയര്‍ ട്രാഫിക്ക് കണ്ട്രോല്‍ വിഭാഗത്തിനോട് റിക്വസ്റ്റ് ചെയ്യുകയും അവര്‍ അതിനനുവദിക്കുകയും ചെയ്തു. താന്‍ ആന്‍ഡസ് മുറിച്ചുകടന്നുകഴിഞ്ഞു എന്നു വിശ്വസിച്ച പൈലറ്റ് വിമാനം താഴ്ത്താന്‍ ശ്രമിച്ചു. പതിനെട്ടായിരം അടി ഉയരത്തില്‍ പറന്നുകൊണ്ടിരുന്ന വിമാനം പതിയെ താഴ്ത്താന്‍ ശ്രമിച്ചതും ആ ദുരന്തം സംഭവിച്ചുകഴിഞ്ഞിരുന്നു. മഞ്ഞിന്റെ കനത്ത ആവരണംമൂലം ഡാന്റേയ്ക്ക് തന്റെ മുന്നിലുള്ള പര്‍വ്വതത്തിന്റെ കാഴ്ച കാണാനായില്ല.അനിവാര്യമായ ദുരന്തമെന്നതുപോലെ വിമാനം പര്‍വതത്തിലിടിച്ചു തകര്‍ന്നു. സമയമപ്പോള്‍ ഉച്ചകഴിഞ്ഞ് 3.30 ആയിരുന്നു.
പര്‍വ്വതത്തിലിടിച്ച വിമാനത്തിന്റെ ഇടതുംവലതും ചിറകുകള്‍ തകര്‍ന്നു. ചിലിയന്‍ ബോര്‍ഡറിനടുത്തായി ഒരു അര്‍ജന്റീനിയന്‍ താഴ്വരപ്രദേശത്തുവച്ചായിരുന്നു അപകടമുണ്ടായത്. അപകടസമയത്തുതന്നെ ഫ്ലൈറ്റിലുണ്ടായിരുന്ന പന്ത്രണ്ടുപേര്‍ കൊല്ലപ്പെട്ടുകഴിഞ്ഞിരുന്നു. അന്നുരാത്രി കോ പൈലറ്റുള്‍പ്പെടെ അഞ്ചുപേര്‍കൂടി മരണത്തിനു കീഴടങ്ങി. രക്ഷപ്പെട്ട പലര്‍ക്കും കനത്ത പരിക്കുകള്‍ ഉണ്ടായിരുന്നു. പലരുടേയും കൈകാലുകളിലെ എല്ലുകളൊക്കെ പൊട്ടിയിരുന്നു. ബാക്കിയുണ്ടായിരുന്ന 27 പേര്‍ തകര്‍ന്ന വിമാനത്തിനകത്തു തണുപ്പില്‍നിന്നു രക്ഷനേടാനായി ചുരുണ്ടുകൂടിയിരുന്നു. ലഗ്ഗേജുകളൊക്കെയെടുത്ത് അതിനകത്തുള്ള വസ്ത്രങ്ങളൊക്കെ വാരിച്ചുറ്റി എല്ലാവരും ഒത്തുചേര്‍ന്നിരുന്നു. പുറത്തെ താപനില മൈനസ് 32 ഡിഗ്രിയോളമായിരുന്നു അപ്പോള്‍. മഞ്ഞുമാത്രം നിറഞ്ഞ ആ പര്‍വ്വതമുകളില്‍ തങ്ങളെ ആരെങ്കിലും രക്ഷിക്കാനെത്തുമെന്ന പ്രതീക്ഷയില്‍ അവര്‍ കൊടുംശൈത്യത്തില്‍ കാത്തിരിപ്പാരംഭിച്ചു.
വിമാവുമായുള്ള ബന്ധം നഷ്ടപ്പെട്ടപ്പോള്‍ത്തന്നെ അപകടം മണത്ത ചിലിയും ഒപ്പം അര്‍ജന്റീനയും സംയുക്തമായി ആന്‍ഡസ് പര്‍വ്വതനിരകളില്‍ തിരച്ചിലാരംഭിച്ചുതുടങ്ങി. അവരുടെ ഹെലികോപ്ടറുകള്‍ ആന്‍ഡസിനുമുകളില്‍ നിരവധിയാവര്‍ത്തി തിരച്ചില്‍ നടത്തിയെങ്കിലും കനത്ത ഹിമപാതത്തില്‍ മുങ്ങിക്കിടക്കുന്ന ആന്‍ഡസില്‍ അവര്‍ക്ക് വെളുത്തനിറത്തിലുള്ള ആ വിമാനം കണ്ടെത്താനായില്ല. എട്ടുദിവസത്തെ തിരച്ചിലിനുശേഷം തിരച്ചില്‍ അവസാനിപ്പിക്കുവാന്‍ അവര്‍ തീരുമാനിച്ചു. എന്നാല്‍ ഈ സമയമെല്ലാം തങ്ങളെ രക്ഷിക്കുവാന്‍ ആരെങ്കിലും വരുമെന്ന ധാരണയില്‍ കൊടുംശൈത്യത്തില്‍ തണുത്തുവിറച്ച് ഇരുപത്തിയേഴോളം പേര്‍ കഴിയുകയാരുന്നു. അവര്‍ക്കായി ആകെ അവശേഷിച്ചിരുന്നത് ഫ്ലൈറ്റില്‍ ഉണ്ടായിരുന്ന കുറച്ചു ഭക്ഷണം മാത്രമാണ്. കൊടും തണുപ്പില്‍ അവരില്‍പ്പലരും മരണത്തെ മുഖാമുഖം കണ്ടുതുടങ്ങി. ഉള്ള ഭക്ഷണം തീര്‍ന്നതോടെ അവരുടെ അവസ്ഥ കൂടുതല്‍ മോശമായിത്തീര്‍ന്നു. വിശപ്പിനുമുന്നില്‍ ആകെവലഞ്ഞ അവരില്‍ച്ചിലര്‍ കൊല്ലപ്പെട്ടുകിടന്ന ആളുകളുടെ ശവശരീരം കടിച്ചുപറിച്ചുതിന്ന്‍ വിശപ്പടക്കാനാരംഭിച്ചു. ഭ്രാന്തമായ ആ ചെയ്തികളില്‍ പലരും സമനിലതെറ്റിയവരെപ്പോലെയായെങ്കിലും പിന്നീട് ഒട്ടുമിക്കപേരും വിശപ്പടക്കുവാന്‍ ശവശരീരങ്ങള്‍ ഭക്ഷിക്കാനാരംഭിച്ചു. ഏകദേശം ഒരു മാസം കഴിയാറായപ്പോഴേയ്ക്കും അസഹ്യമായ തണുപ്പും വിശപ്പും സഹിക്കാനാകാതെ എട്ടുപേര്‍കൂടി മരണത്തിനു കീഴടങ്ങി.
അപകടം നടന്നു രണ്ടുമാസമാകാറായപ്പോള് തങ്ങളുടെ പരിക്കുകള്‍ വകവയ്ക്കാതെ മൂന്നുപേര്‍ ഏതെങ്കിലും വഴിയില്‍ രക്ഷപ്പെടാനൊരു മാര്‍ഗ്ഗമന്വോഷിച്ച് യാത്ര തുടങ്ങി. എങ്ങനെയെങ്കിലും പര്‍വ്വതത്തിന്റെ താഴെഭാഗത്തെത്തി രക്ഷാപ്രവര്‍ത്തകരെ കണ്ടുമുട്ടി ബാക്കിയുള്ളവരെ രക്ഷപ്പെടുത്താമെന്നായിരുന്നു അവരുടെ ധാരണ. നന്ദോ പരാദോ, റോബെര്‍ട്ടൊ കനേസ, ട്വിന്റിന്‍ വിന്‍സ്റ്റിന്‍സിന്‍ എന്നീ മൂന്ന്‍ റഗ്ബി പ്ലയേര്‍സ് കിട്ടാവുന്നിടത്തോളം വസ്ത്രങ്ങളൊക്കെ വാരിച്ചുറ്റി പര്‍വതതാഴ്വരയിലേയ്ക്ക് സഞ്ചാരമാരംഭിച്ചു. 11800 അടി ഉയരത്തില്‍നിന്നു യാതൊരുവിധ സുരക്ഷാമാര്‍ഗ്ഗങ്ങളുമില്ലാതെ ജീവന്‍ കൈവിട്ടുകൊണ്ടുള്ള തികച്ചും അപകടകരമായൊരു സഞ്ചാരമായിരുന്നു അത്. മൂന്നാം ദിവസം വിന്‍സ്റ്റിന്‍സിനെ അവര്‍ ക്യാമ്പിലേയ്ക്ക് മടക്കിയയച്ചു. താഴ്വാരത്തിലേയ്ക്ക് യാത്ര തുടര്‍ന്ന അവര്‍ ഒമ്പതാംദിവസം ഏകദേശം താഴ്വരയിലെത്തുകയും നദിയുടെ മറുകരയിലൂടെ കുതിരപ്പുറത്തു യാത്രചെയ്തുകൊണ്ടിരുന്ന മൂന്നു യാത്രക്കാരെ കാണുകയുമുണ്ടായി. നദിക്കരയില്‍നിന്നു അലറിവിളിച്ച അവര്‍ ഇരുവരും ആ യാത്രക്കാരുടെ ശ്രദ്ധയാകര്‍ഷിക്കുകയും മറുകരയില്‍ക്കൂടി യാത്ര ചെയ്തിരുന്ന യാത്രികര്‍ ഇവരെ ശ്രദ്ധിക്കുകയും അപകടമെന്തോ പറ്റിയതാണെന്നുറപ്പിക്കുകയും ചെയ്തു. തങ്ങള്‍ മടങ്ങിവരുമെന്നും കാത്തിരിക്കാനും അവര്‍ പറഞ്ഞതുകേട്ട് ഭാഷ മനസ്സിലായില്ലെങ്കിലും അവര്‍ വരുമെന്നാണുപറഞ്ഞതെന്നുറപ്പിച്ച് പരാദോയും കനെസയും ഒരു രാത്രിയും പകലും ആ സ്ഥലത്തു കഴിച്ചുകൂട്ടി. അടുത്ത ദിവസം ആ മൂന്നു യാത്രികരും മടങ്ങിയെത്തി.അവര്‍ നല്‍കിയ ബ്രഡ് ആര്‍ത്തിയോടെയാണ് ഇരുവരും കഴിച്ചത്. ആ കുതിരസവാരിക്കാരിലൊരാള്‍ നല്‍കിയ പേപ്പറും പേനയുമപയോഗിച്ച് പരാദോ നടന്ന സംഭവങ്ങള്‍ കടലാസ്സിലെഴുതി യാത്രക്കാരനെ ഏല്‍പ്പിച്ചു. സെര്‍ജിയോ കറ്റലാന്‍ എന്ന ആ ചിലിയന്‍ യാത്രികന്‍ വളരെദൂരം സഞ്ചരിച്ച് ഒരു പോലീസ് സ്റ്റേഷനിലെത്തുകയും ആ എഴുത്ത് അവര്‍ക്ക് കൈമാറുകയും കാര്യങ്ങള്‍ അവരോട് വിശദീകരിക്കുകയും ചെയ്തു.
ഈ വാര്‍ത്ത പുറത്തുവന്നതോടെ മഞ്ഞിന്മുകളില്‍ക്കുടുങ്ങിക്കിടക്കുന്ന 16 പേരെ രക്ഷപ്പെടുത്താനായി അടിയന്തിരമായ രക്ഷാപ്രവര്‍ത്തനത്തിനുള്ള ശ്രമങ്ങളാരംഭിച്ചു. ചിലിയന്‍ ആര്‍മ്മിയുടെ മൂന്നു ഹെലികോപ്ടറുകള്‍ ഉടന്‍ പറന്നുയര്‍ന്നു. പരാദോയായിരുന്നു അവരെ അപകടസ്ഥലത്തേയ്ക്ക് വഴികാട്ടിയത്.അങ്ങനെ ഡിസംബര്‍ 22 നു അതായത് അപകടം നടന്ന്‍ 72 ദിവസങ്ങള്‍ക്കുശേഷം ആ പതിനാറുപേരെ ജീവനോടെ രക്ഷപ്പെടുത്തി സാന്റിയാഗോയിലെ മികച്ച ആശുപത്രികളിലെത്തിച്ചു. പലര്‍ക്കും പലതരത്തിലുള്ള അസുഖങ്ങള്‍ ബാധിച്ചിരുന്നു. ശാരീരികവും മാനസികവുമായ തരത്തില്‍. അപകടത്തില്‍ കൊല്ലപ്പെട്ട എല്ലാവരേയും അവിടെത്തന്നെ ഒരു പൊതു കല്ലറയുണ്ടാക്കി അടക്കുകയാണ് ചെയ്തത്. 72 ദിവസത്തോളം എങ്ങനെയാണ് അത്രയും കൊടും ശൈത്യത്തില്‍ പതിനാറോളം പേരുടെ ജീവന്‍ നിലനിന്നതെന്ന ചോദ്യം എക്കാലത്തേയും വലിയ അത്ഭുതമായിത്തന്നെ നിലകൊള്ളും. ഈ സംഭവം ആന്‍ഡസിലെ അത്ഭുതം എന്ന പേരിലും അറിയപ്പെടുന്നു.
ലോകത്തെ അത്ഭുതപ്പെടുത്തിയ ഈ അവിശ്വസനീയമായ അതിജീവനത്തെ ആസ്പദമാക്കി 1974 ല്‍ എലൈവ്-ദ സ്റ്റോറി ഓഫ് ദ ആന്‍ഡസ് സര്‍വൈവേര്‍സ്, 2006 ല്‍ മിറക്കില്‍ ഇന്‍ ദ ആന്‍ഡസ് എന്നീ പുസ്തകങ്ങളും ഈ സംഭവത്തെ ആധാരമാക്കി 1994 ല്‍ ഫ്രാങ്ക് മാര്‍ഷല്‍ സംവിധാനം ചെയ്ത് എലൈവ് എന്ന ഒരു ഹോളിവുഡ് മൂവിയും പുറത്തിറങ്ങിയിട്ടുണ്ട്.
വിവരങ്ങള്‍ പലയിടങ്ങളില്‍ നിന്നായി ശേഖരിച്ചതാണ്.
ശ്രീ
ഹോ!ജീവൻ നിലനിർത്താൻ വേണ്ടി.....
ReplyDeleteആശംസകൾ
ലോകത്തെ അത്ഭുതപ്പെടുത്തിയ ഒരു വീമാനപകട അതിജീവനം ...!
ReplyDelete"""Perfume media reveals>> Lyon refused Gunner to buy Aouar"""
ReplyDeleteUpdate News game Swordsman Awakening
ReplyDeleteSwordsman Awakening