Wednesday, December 11, 2019

ശിക്ഷ

പൈപ്പില്‍നിന്നു വെള്ളമെടുത്ത് മുഖമൊന്നുകഴുകിയിട്ട് ഒരു ബീഡിയും കത്തിച്ചുവലിച്ചുകൊണ്ട് രാഘവന്‍ നേരേ ഷാപ്പിലേക്കുനടന്നു. പണിയെടുത്ത് നടുവിനൊക്കെയൊരു പിടുത്തംപോലെ. അരക്കുപ്പിക്കള്ളും ഒരു പ്ലേറ്റ് കപ്പയും അകത്തുചെന്നപ്പോള്‍ ആശ്വാസമാര്‍ന്നതുപോലെ ശക്തമായൊരു ഏമ്പക്കം വിട്ടിട്ട് കാശും കൊടുത്തശേഷം അയാള്‍‍ വീട്ടിലേക്ക് നടന്നു. ഉച്ചയാകാറായതേയുള്ളൂ. ചെന്നിട്ട് നല്ലതുപോലെ ഒരുറക്കം. നാലുമണിയാകാറാകുമ്പോള്‍ എഴുന്നേറ്റു കുളിച്ചു വല്ലതും കഴിച്ചെന്നു വരുത്തീട്ട് പുറത്തേയ്ക്കിറങ്ങും. കൂട്ടുകാരോടൊക്കെ ഇച്ചിരി ബഡായിവര്‍ത്തമാനമൊക്കെപ്പറഞ്ഞിരുന്ന്‍ സന്ധ്യയാകാറാകുമ്പോള്‍ ഷാപ്പില്‍ പോയി ഒരു അരകൂടി കഴിക്കും. ഇച്ചിരി അടിച്ചാലും നേരത്തേ വീട്ടില്വരുകയും വീട്ടില്‍ യാതൊരുവിധ ശല്യവുമുണ്ടാക്കാത്തതുകൊണ്ടും വീട്ടുചിലവിനുള്ള പണമൊക്കെ കൃത്യമായി പെണ്ണുമ്പിള്ളയെ ഏല്‍പ്പിക്കാന്‍ മറക്കാത്തതുകൊണ്ടും രാഘവന്റെ ഭാര്യയ്ക്ക് വലിയ പരാതിയൊന്നുമില്ല. അതുകൊണ്ടുതന്നെ രാഘവന്റേത് ഒരു സന്തുഷ്ടകുടുംബമാണ്.

വയലുമുറിച്ചുകടന്നു വീട്ടിലേക്ക് തിരിയുന്നിടത്തെത്തിയപ്പോള്‍ അവന്റെ കാലിലെ ചെരിപ്പിന്റെ വാറിളകി. ചെറിയ ആട്ടമുണ്ടായിരുന്ന സ്വന്തംബോഡിയോട് സ്റ്റഡിയ്ക്ക് നില്ക്കാന്‍ ആജ്ഞാപിച്ചിട്ട് രാഘവന്‍‍ കുനിഞ്ഞ് ചെരിപ്പിന്റെ വാര്‍ പഴയതുപോലാക്കാന്ശ്രമിച്ചു. ഇളകിയ വാര്‍ നേരെയാക്കി ചെരിപ്പ് കാലേല്‍കേറ്റിയിട്ട് മുന്നോട്ട് നടക്കുമ്പോള്‍ അവിചാരിതമായി അയാളുടെ നോട്ടം താഴെയുള്ള വാഴപ്പണയുടെ നേര്‍ക്കൊന്നുനീണ്ടു. ആരോ ഒരാള്‍ കുനിഞ്ഞിരുന്ന്‍ എന്തോ ചെയ്യുന്നതുപോലെ. സ്റ്റഡിയ്ക്ക് നിന്നുകൊണ്ട് രാഘവന്‍ ഒരിക്കല്‍ക്കൂടി സൂക്ഷിച്ചുനോക്കി. താഴെയുണ്ടായിരുന്ന ആള്‍ മുഖമൊന്നുചരിച്ചപ്പോള്‍ രാഘവന് ആളിനെപ്പിടികിട്ടി.മനയ്ക്കലെ കുമാരനാണ്? ഇവനീ നട്ടുച്ചസമയത്ത് വാഴപ്പണയില്‍ എന്തോചെയ്യുവാണെന്നു പിറുപിറുത്തുകൊണ്ട് മുന്നോട്ട് നടക്കുവാന്‍ തുടങ്ങിയ രാഘവന്‍‍ എന്തോ ഓര്‍ത്തെന്നപോലെ പെട്ടന്നുനിന്നു. ഇക്കുറി അവിടേയ്ക്ക് സൂക്ഷിച്ചുനോക്കിയ രാഘവന്‍ ശരിക്കുംഞെട്ടി. അവിടെ തറയില്‍ ഒരു പെണ്‍കുട്ടികിടക്കുന്നുണ്ട്. ആ കൊച്ചിന്റെ പാവാട വലിച്ചുകീറുവാന്‍ ശ്രമിക്കുകയാണ് കുമാരന്‍‍. കുടിച്ച കള്ളുമുഴുവന്‍ ഒരുനിമിഷംകൊണ്ട് ആവിയായിപ്പോയതുപോലെ തോന്നിയ രാഘവന്‍‍ ഒരു ദീര്‍ഘശ്വാസമെടുത്തശേഷം ഉച്ചത്തില്‍ അലറിവിളിച്ചു.

"അയ്യോ ഓടിവരണേ നാട്ടാരേ ദേപട്ടാപ്പകള്‍ ഒരു പെങ്കൊച്ചിനെ ബലാത്സംഗം ചെയ്തു കൊല്ലുന്നേ"

അലര്‍ച്ചകേട്ട കുമാരന്‍ തലയുയര്‍ത്തി മുകളിലേയ്ക്കുനോക്കി. വഴിയില്‍നിന്നുകൊണ്ട് വലിയവായില്‍ അലറിവിളിക്കുന്ന രാഘവനെക്കണ്ട് അയാള്‍ അന്തംവിട്ടു.

രാഘവന്റെ നിലവിളികേട്ട് കുറച്ചപ്പുറത്തായിരുന്നു‍ ചീട്ടുകളിച്ചുകൊണ്ടിരുന്ന നാലഞ്ചുപേരും വയല്‍വരമ്പേ പോവുകയായിരുന്ന പ്രസന്നനും മറ്റുമൊക്കെ ഓടിവന്നു.

"എന്താ എന്താ പ്രശ്നം?"

"ദേ അതു കണ്ടോ".

താഴെയ്ക്കു കൈചൂണ്ടിക്കൊണ്ട് രാഘവന്‍ പറഞ്ഞതുകേട്ട് നോക്കിയപ്പോള്‍ അവരും ഞെട്ടി. വാഴച്ചുവട്ടിലായിക്കിടക്കുന്ന ഒരു കൊച്ചുപെണ്‍കുട്ടി. ആകെ പരിഭ്രമിച്ചുനില്‍ക്കുന്ന കുമാരന്‍. മൂന്നാലുപേര്‍ പെട്ടന്ന്‍  താഴേയ്ക്കിറങ്ങിച്ചെന്നു. പാവാട വലിച്ചുകീറപ്പെട്ട നിലയില്‍ ബോധമില്ലാതെ കിടക്കുന്ന പെണ്‍കുട്ടിയെക്കണ്ടതും കുമാരന്‍ വായതുറക്കുന്നതിനുമുന്നേ മുഖമടച്ചുള്ള അടി വീണുകഴിഞ്ഞിരുന്നു. നിമിഷങ്ങള്‍ക്കുള്ളില്‍ അവിടെ ആളുകളെക്കൊണ്ടുനിറഞ്ഞു. ബോധരഹിതയായിരുന്ന പെണ്‍കുട്ടിയുമായി ഒന്നുരണ്ടുപേര്‍ ആശുപത്രിയിലേയ്ക്കു കുതിച്ചു. മറ്റുള്ളവര്‍ എല്ലാം കുമാരനു നേരെതിരിഞ്ഞു. അടികൊണ്ടവശനായ കുമാരന്‍‍ ഒരു വാക്കും ശബ്ദിക്കാനാവാതെ നിലത്തു കുഴഞ്ഞുവീണു.

"വേണ്ട നായീന്റെമോനെ ഇനി തല്ലണ്ട.ചത്തുപോവും.എന്തായാലും പോലീസു വരട്ടെ".

ആരോ പറഞ്ഞു.

"എന്നാലും ഇവനാളു കൊള്ളാമല്ലോ. കല്യാണോം തേങ്ങയും കഴിക്കാതെ നടന്നിട്ടിതാണിവന്റെ കൈയിലിരുപ്പ്"

"ആ കുടുംബത്തിലിതുപോലെ ഒന്നുണ്ടായല്ലോ.ഇനി അവരെങ്ങനെ പുറത്തിറങ്ങി നടക്കും."

"ആ കുട്ടപ്പനിപ്പോ എത്തും. വന്നാപ്പിന്നെ ഈ നായിന്റെമോന്റെ ശവമെടുത്താമതി. അവനത്രക്കു ഓമനിച്ചുവളര്‍ത്തുന്ന മോളെയല്ലെ ഈ.."


ആള്‍ക്കാര്‍ ഓരോന്നു പറഞ്ഞുകൊണ്ടിരുന്നു. അടികൊണ്ട് തളര്‍ന്ന്‍ ശബ്ദംനഷ്ടപ്പെട്ട് തറയില്‍ ചുരുണ്ടുകൂടികിടക്കുന്നുണ്ടായിരുന്നു കുമാരന്‍ഇതെല്ലാം അവ്യക്തമായെന്നവണ്ണം കേള്‍ക്കുന്നുണ്ടായിരുന്നു‍.

അരമണിക്കൂറിനുള്ളില്‍ പോലീസെത്തി. ജീപ്പില്‍നിന്നുമിറങ്ങിയ എസ്.ഐ ഒന്നു രംഗനിരീക്ഷണം നടത്തിയശേഷം പോലീസുകമ്രുടെ നേരേനോക്കി. അവര്‍ ഒച്ചവച്ചുകൊണ്ട് കൂടിനിന്നവരെ വിരട്ടിമാറ്റുവാന്‍ ശ്രമിച്ചപ്പോള്‍ ഭയന്ന ആളുകള്‍ ദൂരേയ്ക്ക് മാറിനിന്നു. ആള്‍ക്കൂട്ടത്തില്‍നിന്നു ഒന്നുരണ്ടുപേരെ വിളിച്ച് എസ് ഐ എന്തെല്ലാമോ ചോദിച്ചു. ഒരു പോലീസുകാരന്‍ മുന്നോട്ടുചെന്ന്‍ കുമാരന്റെ ഷര്‍ട്ടില്‍ പിടിച്ച് വലിച്ചുയര്‍ത്തി. കഷ്ടപ്പെട്ടെഴുന്നേറ്റ് അവന്‍ ഒരു തെങ്ങില്‍ ചാരിനിന്നു.അയാളുടെ മുഖമാകെ തിണര്‍ത്ത് നീരുവന്നു തുടങ്ങിയിരുന്നു. ചെന്നിയിലൂടെ ചെറുതായി ചോര കിനിഞ്ഞിറങ്ങുകയും ചെയ്യുന്നുണ്ട്.


"ആരാടാ ഇവനെ ഇങ്ങിനെ തല്ലിച്ചതയ്ക്കാന്‍ നിന്നോടൊക്കെപ്പറഞ്ഞത്.പിന്നെ ഞങ്ങളെന്തൂ..നാടാ ഒള്ളത്"

നാവില്‍വന്ന തെറി വിഴുങ്ങിക്കൊണ്ട് എസ് ഐ ഉച്ചത്തില്‍ അലറി.ആള്‍ക്കാര്‍ ഭയപ്പാടോടെ പിന്നോക്കം വലിഞ്ഞു. കുമാരനുനേരെ തിരിഞ്ഞ എസ് ഐ കൈയിലിരുന്ന ലാത്തികൊണ്ട് അവന്റെ മുഖം മെല്ലെയുയര്‍ത്താന്‍ ശ്രമിച്ചു. നിറഞ്ഞുതൂവിയ കണ്ണുകളുമായി അവന്‍ ദയനീയമായി ബദ്ധപ്പെട്ട് എസ് ഐ യെ നോക്കി.

"കൊച്ചുപിള്ളാരെത്തന്നെ പീഡിപ്പിക്കണമല്ലേടാ നായീന്റെ മോനേ.."

എസ് ഐ ലാത്തിവച്ച് രാഘവ്ന്റെ വാരിയെല്ലില്‍ ശക്തിയായൊരു കുത്തുകൊടുത്തു.അലറിക്കരഞ്ഞുകൊണ്ട് കുത്തിയിരുന്ന കുമാരനെ രണ്ടുപോലീസുകാര്‍ ചേര്‍ന്ന്‍ തൂക്കിയെടുത്ത് ജീപ്പിനുള്ളിലേയ്ക്കെറിഞ്ഞു. ശബ്ദം നഷ്ടപ്പെട്ട അയാള്‍ അതിനുള്ളില്‍ ശവത്തെപ്പോലെചുരുണ്ടുകൂടിക്കിടന്നു.പോലീസ് ജീപ്പ് പുകപറത്തി പാഞ്ഞകന്നപ്പോള്‍ കൂട്ടംകൂടിനിന്ന ആള്‍ക്കാര്‍ പലതരം അഭിപ്രായങ്ങള്‍ പറഞ്ഞുകൊണ്ട് പലവഴിയ്ക്കായി പിരിഞ്ഞു.....

പറമ്പുകിളച്ചുകൊണ്ട് നില്‍ക്കുകയായിരുന്ന കുട്ടപ്പന്‍ കേട്ടവിവരം വിശ്വസിക്കാനാവാത്തവണ്ണം ഒരുനിമിഷം തന്റെ മുമ്പില്‍നില്‍ക്കുന്ന രാഘവനെ മിഴിച്ചുനോക്കി.അടുത്തനിമിഷം തൂമ്പാ വലിച്ചെറിഞ്ഞിട്ട് ഒരു നിലവിളിയോടെ അയാള്‍ മുന്നോട്ടുകുതിച്ചു.കൂടെ രാഘവനും.വഴിയില്‍വച്ച് മകളെ ആശുപത്രിയില്‍ കൊണ്ടോയിരിക്കുവാണെന്നറിഞ്ഞ് കുട്ടപ്പന്‍ ജംഗ്ഷനില്‍നിന്നൊരോട്ടോപിടിച്ച് ആശുപത്രിയിലേയ്ക്ക് കുതിച്ചു.വണ്ടിയിലിരിക്കുമ്പോള്‍ കുട്ടപ്പന്‍ ഒരു കൊച്ചുകുഞ്ഞിനെക്കണക്കെ കരയുന്നുണ്ടായിരുന്നു.രാഘവനാകട്ടെ അയാളെ ആശ്വസിപ്പിച്ചുകൊണ്ടിരുന്നു.ആശുപത്രിമുമ്പില്‍ ആട്ടോയില്‍നിന്നു ചാടിയിറങ്ങിയ കുട്ടപ്പന്‍ അകത്തേയ്ക്കോടുകയായിരുന്നു. ഇടനാഴിയില്‍ കരഞ്ഞുകൊണ്ടുനില്‍ക്കുന്ന ഭാര്യയെക്കണ്ട് അയാള്‍ കുഴഞ്ഞവിടെയിരുന്നു.കുട്ടപ്പനെക്കണ്ട അവര്‍ ഉച്ചത്തില്‍ നിലവിളിക്കാനാരംഭിച്ചു.കൂടെയുണ്ടായിരുന്ന ഒന്നുരണ്ടുപേര്‍ അവരെ ആശ്വസിപ്പിക്കാന്‍ ശ്രമിക്കുന്നുണ്ടായിരുന്നു.ആ‍ പരിശോധനാമുറിക്കുമുമ്പില്‍ എല്ലാം നഷ്ടപ്പെട്ടവനെപ്പോലെ അയാളിരുന്നു.തന്റെ മകള്‍ക്കെന്തെങ്കിലും സംഭവിച്ചാല്‍...അയാളുടെ മനസ്സില്‍ എന്തെല്ലാമോ വികാരവിചാരങ്ങള്‍ അലയടിച്ചുകൊണ്ടിരുന്നു.

പെട്ടന്ന്‍ വാതില്‍തുറന്ന്‍ ഒരു സിസ്റ്റര്‍ പുറത്തുവന്നു.

"ഇപ്പോള്‍ കൊണ്ടുവന്ന കുട്ടിയുടെ ബന്ധുക്കളാരെങ്കിലും അകത്തേയ്ക്കു വരു. ഡോക്ടര്‍ വിളിക്കുന്നു".

വേച്ചുവേച്ചു കുട്ടപ്പന്‍ അകത്തേയ്ക്കു കടന്നു.

"ങ്..ഹാ പേടിക്കാനൊന്നുമില്ല. കുട്ടിയെ ഒരു പാമ്പ് കടിച്ചതാ. അല്ലാതെ ആരും ഒന്നും ചെയ്തിട്ടൊന്നുമില്ല.പെട്ടന്നു കൊണ്ടുവന്നതുകൊണ്ട് രക്ഷയായി. വിഷമുള്ളയിനമാണു കടിച്ചതു.എന്തായാലും രണ്ടുദിവസമിവിടെ കിടക്കട്ടെ. പെട്ടന്നുപോയി ഈ മരുന്നുകള്‍ വാങ്ങിക്കൊണ്ടുവരണം".

ഡോകടര്‍ വച്ചുനീട്ടിയ മരുന്നുകുറിപ്പു വിറയാര്‍ന്ന കൈകള്‍കൊണ്ട് വാങ്ങിയ കുട്ടപ്പന്‍ ബെഡ്ഡില്‍ തളര്‍ന്നുമയങ്ങുന്ന തന്റെ മകളെ കണ്ണിമയ്ക്കാതെ നോക്കിനിന്നു. നിറഞ്ഞുതുളുമ്പിയ ഒരു തുള്ളി കണ്ണുനീര്‍ ‍ പിന്‍കൈകൊണ്ട് തുടച്ചശേഷമയാള്‍ മരുന്നുവാങ്ങിക്കൊണ്ടുവരാനായി മുറിക്കുപുറത്തേയ്ക്കിറങ്ങി. ആകാംഷാപൂര്‍വ്വം മുറിക്കുപുറത്തു നിന്നവരോട് അയാള്‍ കാര്യം പറഞ്ഞു.

"ഹൊ ഭഗവാന്‍ കാത്തു കൊച്ചിനെ.ഒരല്‍പ്പം താമസിച്ചുപോയിരുന്നെങ്കി എന്താകുമായിരുന്നു. ആ കുമാരന്‍ വെറുതേ തല്ലുമേടിച്ചതുതന്നെ മിച്ചം. പാമ്പുകടിച്ചതിന്റെ മുകളില്‍ മുറുക്കിക്കെട്ടാനായിട്ടായിരിക്കും അവന്‍ പാവാട വലിച്ചുകീറിയത്. പോലീസുകാരിപ്പോ അവനെ ബാക്കി വച്ചിട്ടുണ്ടാവുമോ ആവോ"

മുറിക്കുപുറത്തടക്കിപ്പിടിച്ച സംഭാഷണങ്ങള്‍ നടക്കുമ്പോള്‍ രാഘവന്‍ മെല്ലെ പുറത്തേയ്ക്കിറങ്ങി അരയില്‍നിന്നൊരു ബീഡിയെടുത്തു കൊളുത്തി പുകയാഞ്ഞൊന്നെടുത്തു.

ഈ സമയം ദുര്‍ഗന്ധപൂരിതമായ ലോക്കപ്പുമുറിയില്‍ പോലീസുകാരുടെ ചോദ്യംചെയ്യലും ക്രൂരമര്‍ദ്ദനങ്ങളുമേറ്റ് അര്‍ദ്ധബോധാവസ്ഥയില്‍ ചുരുണ്ടുകൂടികിടക്കുകയായിരുന്നു കുമാരന്‍. പാടത്തെ ജോലിക്കിടയില്‍ ഒരല്‍പ്പം വല്ലതും കഴിക്കാമെന്നുവച്ച് വീട്ടിലേയ്ക്കു മടങ്ങവേ പണയില്‍ വീണുകിടക്കുന്ന കുട്ടിയെകണ്ടതും കാലില്‍നിന്നു ചെറുതായിപൊടിയുന്ന രക്തം കണ്ടപ്പോള്‍ ഇഴജന്തുക്കളെന്തെങ്കിലും കടിച്ചതായിരിക്കുമെന്നുറപ്പിച്ചു ഒരല്‍പ്പം തുണികീറി മുറിവിനുമുകളില്‍ കെട്ടുവാന്‍ തുടങ്ങിയതും ആരോ അലറിവിളിച്ചെന്തോ പറയുന്നതും പിന്നെ നിരവധി കൈകള്‍ തന്റെ ശരീരത്തില്‍ പതിക്കുന്നതും എല്ലാം അവ്യക്തമായ ഒരു ഓര്‍മ്മപോലെ കുമാരന്റെയുള്ളില്‍ അലയടിക്കുന്നുണ്ടായിരുന്നു.

ശ്രീക്കുട്ടന്‍

1 comment:

  1. തെറ്റിദ്ധാരണകൾ ഉണ്ടാക്കുന്ന വിനകൾ ..

    ReplyDelete