Tuesday, December 24, 2019

ബുദ്ധിമാനായ മുക്കുവന്‍

പേര്‍ഷ്യയിലെ രാജാവായി ഖുസ്രു ഭരിച്ചിരുന്ന കാലഘട്ടമായിരുന്നു അത്. അങ്ങേയറ്റം ഭക്ഷണപ്രീയനായിരുന്നു അദ്ദേഹം ഏറ്റവും ഇഷ്ടപ്പെട്ടിരുന്നത് മത്സ്യത്തെയായിരുന്നു. രാജാവിന്റെ മീനിനോടുള്ള ഇഷ്ടക്കൂടുതലറിയാവുന്നതുകൊണ്ടുതന്നെ പലരും വലിയ മത്സ്യങ്ങളെപ്പിടിച്ചാല്‍ അതു രാജാവിനു സമ്മാനിക്കുക പതിവായിരുന്നു.അത്തരത്തില്‍ മത്സ്യങ്ങള്‍ കൊണ്ടുവരുന്നവര്‍ക്ക് രാജാവ് ധാരാളം പണവും നല്‍കാറുണ്ടായിരുന്നു. ഒരു ദിവസം അദ്ദേഹം തന്റെ പത്നിയായ ഷിരിനുമൊത്ത് കൊട്ടാരമട്ടുപ്പാവില്‍ വിശ്രമിക്കവേ താഴെയുള്ള നടപ്പാതവഴി ഒരു മുക്കുവന്‍ വലിയൊരു മത്സ്യത്തേയും ചുമന്നുകൊണ്ടുപോകുന്നതുകണ്ടു. മത്സ്യക്കൊതിയനായ രാജാവിനെ ഉടനേ ആ മത്സ്യത്തെ വാങ്ങണമെന്ന ആഗ്രഹം തോന്നുകയും മുക്കവനെ വിളിപ്പിച്ച് ആ മത്സ്യം വിലകൊടുത്തുവാങ്ങുകയും ചെയ്തു. വിലയായി മുക്കുവന് രാജാവ് നാലായിരം പണമാണ് നല്‍കിയത്.

രാജാവ് ഇത്രയധികം പണം നല്‍കി ഒരു മീനിനെ വാങ്ങിയത് ഷിരിന് അല്‍പ്പവും ഇഷ്ടമായില്ല. അവള്‍ അതിലുള്ള പരിഭവം ഭര്‍ത്താവിനെ അറിയിക്കുകയും താങ്കള്‍ ഇപ്രകാരം കാശു വാരിക്കോരിനല്‍കിയാല്‍ സകലമുക്കുവരും മീനുകളുമായി കൊട്ടാരത്തില്‍ വരുമെന്നും അതുകൊണ്ട് മുക്കുവനെ തിരിച്ചുവിളിച്ച് ആ നല്‍കിയ പണം തിരിച്ചുവാങ്ങാനും ആവശ്യപ്പെട്ടു. എന്നാല്‍ താനൊരു രാജാവാണെന്നും ഒരിക്കല്‍ ദാനമായി നല്‍കിയത് തിരിച്ചുവാങ്ങുന്നതു രാജാവിനു യോജിച്ചതല്ല എന്നും ഖുസ്രു മറുപടി നല്‍കി. എന്നാല്‍ ഷിരിന്‍ പിന്തിരിയാന്‍ ഒരുക്കമല്ലായിരുന്നു. അവള്‍ ആ പണം തിരിച്ചുവാങ്ങാനായി ഒരു സൂത്രപ്പണിയുണ്ടെന്നും മുക്കുവനെ അടുത്തുവിളിച്ച് ഈ മീന്‍ ആണാണോ എന്നു ചോദിക്കണമെന്നും ആണെന്നു മുക്കുവന്‍ പറയുകയാണെങ്കില്‍ പെണ്‍ മീനിനെയായിരുന്നു എനിക്കു വേണ്ടിയിരുന്നതെന്നും ഇനി പെണ്ണാണെന്ന്‍ മുക്കുവന്‍ പറയുകയാണെങ്കില്‍ തനിക്ക് ആണ്‍മീനിനെയാണു വേണ്ടതെന്നും പറഞ്ഞ് കാശു മടക്കി വാങ്ങാമെന്നായിരുന്നു അവളുടെ സൂത്രപ്പണി. തന്റെ പ്രീയപത്നിയുടെ മുഖമൊന്നു വാടുന്നതുപോലും ഇഷ്ടമില്ലാതിരുന്ന രാജാവ് മുക്കുവനെ അടുത്തുവിളിച്ച് തനിക്കു നല്‍കിയ മീന്‍ ആണാണോ എന്നു ചോദിച്ചു. ആ മുക്കുവന്‍ ഒരു ബുദ്ധിമാനായിരുന്നു. പണം നല്‍കിയപ്പോള്‍ രാജ്ഞിയുടെ മുഖമിരുളുന്നതു ശ്രദ്ധിച്ചിരുന്ന മുക്കുവന്‍ തന്നെ തിരിച്ചുവിളിപ്പിച്ചപ്പോള്‍ത്തന്നെ എന്തെങ്കിലും സൂത്രം പറഞ്ഞ് കാശുതിരിച്ചുവാങ്ങിക്കാനായിരിക്കും എന്ന്‍ മനസ്സിലോര്‍ത്തിരുന്നു. രാജാവിന്റെ ചോദ്യം കേട്ടപ്പോല്‍ത്തന്നെ അതില്‍ ഒളിച്ചിരുന്ന അപകടസൂചന വ്യക്തമായി മനസ്സിലാക്കിയ മുക്കുവന്‍ രാജാവിനോട് ഇപ്രകാരം പറഞ്ഞു.

" ഈ മീന്‍ ഒരു അത്ഭുതശ്രേണിയിലുള്ളതാണ് മഹാരാജന്‍. ഇതു ആണും പെണ്ണും ചേര്‍ന്ന ഒരു പ്രത്യേകയിനമാണ്"

ഈ മറുപടികേട്ട രാജാവ് പൊട്ടിച്ചിരിച്ചുകൊണ്ട് മുക്കുവന് നാലായിരം പണംകൂടി സമ്മാനമായി നല്‍കി അവനെ പറഞ്ഞയച്ചു. എന്നിട്ടു ചെറുചിരിയോടെ രാജ്ഞിയെ നോക്കി. ഷിരിനാകട്ടെ ആകെ വല്ലാത്തൊരവസ്ഥയിലിരിക്കുകയായിരുന്നു. മുക്കുവന്‍ പടവുകളിറങ്ങിപ്പോകവേ അവന്റെ സഞ്ചിയില്‍നിന്നുമൊരു നാണയം താഴെവീണ് ഉരുണ്ടുപോയി. മുക്കുവന്‍ വളരെ ശ്രദ്ധാപൂര്‍വ്വം അവിടെയൊക്കെപ്പരതി ആ നാണയം കണ്ടെടുത്ത് സഞ്ചിയിലാക്കിക്കൊണ്ട് നടക്കാന്‍ തുടങ്ങി. ഇതുകണ്ട രാജ്ഞി രാജാവിനോട് ഇപ്രകാരം പറഞ്ഞു.

"അല്ലയോ രാജന്‍ അങ്ങു നോക്കൂ. ആ മുക്കുവന്‍ എത്രമാത്രം അത്യാഗ്രഹിയായ ഒരുവനാണ്. അങ്ങ് മൊത്തം എണ്ണായിരം പണം അവനു സമ്മാനിച്ചു. എന്നിട്ടും അതില്‍നിന്നും വെറുമൊരു നാണയം താഴെപ്പോയിട്ടും അവനത് തിരഞ്ഞുകണ്ടുപിടിച്ച് എടുത്തുകൊണ്ടുപോകുന്നതുകണ്ടില്ലേ. ആ നാണയം മറ്റേതെങ്കിലും പാവപ്പെട്ടവര്‍ക്ക് കിട്ടിക്കോട്ടെ എന്നവന്‍ കരുതിയില്ലല്ലോ.ഇത്രയും അത്യാഗ്രഹിയായ ഒരുവനാണോ അങ്ങ് ഇത്രയും പണം നല്‍കിയത്?"

പത്നിയുടെ പറച്ചില്‍ ന്യായമാണെന്നു തോന്നിയ രാജാവ് മുക്കുവനെ തിരിച്ചുവിളിപ്പിച്ചു.

" ഹേ മുക്കുവാ ഞാന്‍ നിനക്ക് ആവശ്യത്തിലധികം പണം നല്‍കി. എന്നിട്ടും അതിലൊരു നാണയം താഴെപ്പോയത് പാവപ്പെട്ട മറ്റാര്‍ക്കെങ്കിലും കിട്ടിക്കോട്ടെ എന്നുകരുതാതെ അതും തിരഞ്ഞുപിടിച്ച് സഞ്ചിയിലാക്കിക്കൊണ്ടുപോകുന്നത്ര അത്യാഗ്രഹിയാണോ നീ?"

രാജാവിന്റെ ദേഷ്യം കലര്‍ന്ന ചോദ്യം കേട്ടപ്പോള്‍ത്തന്നെ ബുദ്ധിമാനായ മുക്കുവനു ആപത്സൂചനകിട്ടി. അവന്‍ ഒരു നിമിഷംപോലും വൈകാ​‍തെ ഇപ്രകാരം മറുപടി പറഞ്ഞു

"അല്ലയോ മഹാരാജാവേ. ഞാന്‍ ഒരിക്കലും അത്യാഗ്രഹിയല്ല. ആ നാണയം ഞാന്‍ തിരഞ്ഞുകണ്ടെത്തിയെടുത്തതില്‍ ഒരു കാരണമുണ്ട്. നാണയത്തിന്റെ ഒരു വശത്ത് അങ്ങയുടെ നാമവും മറുവശത്ത് അങ്ങയുടെ ചിത്രവുമാണ് ആലേഖനം ചെയ്തിരിക്കുന്നത്. അതു വഴിയില്‍ കിടക്കുന്നതിലും ആരെങ്കിലും വഴിപോക്കര്‍ അറിയാതെയാണെങ്കിലും അതില്‍ ചവിട്ടുന്നതും എനിക്കു ഓര്‍ക്കാന്‍പോലും വയ്യാ. അതുകൊണ്ടാണ് നാണയം ഞാന്‍ കണ്ടെടുത്തത്"


മുക്കുവന്റെ വാക്കുകള്‍ കേട്ട രാജാവ് അങ്ങേയറ്റം സന്തോഷവാനായി നാലായിരം പണംകൂടി മുക്കുവനു സമ്മാനിച്ചു അവനെ യാത്രയാക്കി. അങ്ങനെ രാജ്ഞിയുടെ അതിബുദ്ധികൊണ്ട് രാജാവിന് മൊത്തം എണ്ണായിരം പണം നഷ്ടമാകുകയും ചെയ്തു

കഥകളുടെ വിസ്മയമായ ആയിരത്തൊയൊന്നു രാവുകളില്‍നിന്നുമുള്ളതാണ് ഈക്കഥ

ശ്രീ

6 comments: