Thursday, January 12, 2012

ആഗ്രഹങ്ങള്‍

എന്തായിരുന്നു ജീവിതത്തിലെ ഏറ്റവും വലിയ ആഗ്രഹം...തിരിച്ചറിവുണ്ടായ കാലം മുതലേ ആഗ്രഹങ്ങളുടെ ഒരു കൂമ്പാരം തന്നെ മനസ്സിലുണ്ടായിരുന്നു.പലതും നിര്‍ദ്ദോഷവും വലിയ ബുദ്ധിമുട്ടില്ലാത്തതുമായ ആഗ്രഹങ്ങള്‍ തന്നെയായിരുന്നു. എന്നിരുന്നിട്ടും അതിലേതെങ്കിലുമൊന്ന്‍ ഫലവത്തായോ...ഇല്ല..ഒരിക്കലുമില്ല..എന്നിട്ടും ഞാന്‍ വീണ്ടും ആഗ്രഹിക്കുന്നു...എത്ര തന്നെ ആഗ്രഹിച്ചാലും അതൊന്നും സാധ്യമാകാന്‍ പോകുന്നില്ല എന്ന ഉത്തമബോധ്യത്തോടെ...

എനിക്ക് നാലുവയസ്സൊ മറ്റോ ഉള്ളപ്പോളായിരുന്നുവത്. കൈനിറയെ മധുരപലഹാരങ്ങളും കേക്കും മറ്റുമായി വന്ന അച്ഛന്‍ ഞങ്ങള്‍ക്ക് മൂന്നുപേര്‍ക്കുമായി(ഞാന്‍,അനുജന്‍,അനുജത്തി)അതു മുഴുവന്‍ തരികയും നിര്‍ബന്ധിച്ചു തീറ്റിപ്പിക്കുകയും ചെയ്തു.എത്ര മധുരമുള്ളതായിരുന്നുവത്.അത്രയും കാലത്തിനിടയ്ക്ക് ഒരിക്കല്‍പ്പോലും അമ്മ ഞങ്ങള്‍ക്കത്തരം മധുരപലഹാരങ്ങളൊന്നും വാങ്ങിത്തന്നിട്ടുണ്ടായിരുന്നില്ല.എന്നും ആ കേക്ക് തിന്നണമെന്ന്‍ മനസ്സ് നിര്‍ബന്ധം പിടിച്ചു.പിന്നീടെത്രയെങ്കിലും ദിവസം ആ മധുരമുള്ള കേക്ക് വാങ്ങിത്തരണമെന്ന്‍ പറഞ്ഞ് അമ്മയെ ശല്യപ്പെടുത്തിയിരിക്കുന്നു.അത് വാങ്ങിത്തരുവാന്‍ അമ്മയ്ക്ക് കഴിയില്ല എന്നൊന്നുമറിയുവാനുള്ള പ്രായമല്ലായിരുന്നല്ലോ..വലുതാവുമ്പോള്‍ എന്നും ആ കേക്ക് വാങ്ങിതിന്നണം എന്ന്‍ ഞാന്‍ മനസ്സിലുറപ്പിച്ചു..ആഗ്രഹങ്ങള്‍..

വൈകുന്നേരങ്ങളില്‍ അച്ഛന്‍ കുടിക്കാതെവരണേ എന്നായിരുന്നു പിന്നീടുള്ള ഏറ്റവും വലിയ പ്രാര്‍ത്ഥനയും ആഗ്രഹവും..അമ്മയുടെ കരച്ചിലും വലിയ വഴക്കുകളും മറ്റും എന്നും നിത്യസംഭവമായ ജീവിതത്തില്‍ സമാധാനം എന്നൊന്നുണ്ടാകണമെന്ന്‍ കൊതിച്ചിരുന്നു. ഒരു ദിവസം അച്ഛമ്മയുമച്ഛനും പിന്നെ കുറേയേറെ ബന്ധുക്കളും ഒക്കെ വന്ന്‍ വലിയ സംസാരമൊക്കെയായി പിന്നീട് അവരെല്ലാം പോയതോടെ ജീവിതത്തിലെ ഒരാഗ്രഹം കുറച്ചുനാള്‍ സഫലമായി എന്നു പറയാം.വഴക്കും ബഹളവും അച്ഛനുമില്ലാത്ത ദിനങ്ങള്‍... .... ....

മിക്ക ദിവസങ്ങളിലും അമ്മയിരുന്ന്‍ കണ്ണുതുടയ്ക്കുന്നത് കാണാം.മക്കളേയും തന്നേയുമുപേക്ഷിച്ച്മറ്റൊരു ജീവിതം തുടങ്ങിയ ഭര്‍ത്താവിനെയോര്‍ത്താണാ സങ്കടമെന്ന്‍ തിരിച്ചറിയാനുള്ള പ്രായമായിരുന്നില്ലല്ലോ..വലുതായാല്‍ അമ്മയുടെ കണ്ണു നിറയാന്‍ ഒരിക്കലുമനുവദിക്കില്ലെന്ന്‍ അന്നേ ശപഥം ചെയ്തു...പക്ഷേ.....

പാട്ട് പഠിക്കണമെന്നത് ജീവിതത്തിലെ ഏറ്റവും വലിയ ഒരാഗ്രഹമായിരുന്നു..നല്ല വാസനയുമുണ്ടായിരുന്നു.പക്ഷേ പറ്റിയില്ല.അന്നന്ന്‍ കൂലിപ്പണിക്കിറങ്ങിപ്പോയില്ലെങ്കില്‍ വയറുപട്ടിണിയായിപ്പോകുന്ന മൂന്നുമക്കളും പിന്നെയൊരു വയസ്സിത്തള്ളയുമുള്ളപ്പോള്‍ ചെക്കനെ പാട്ടുപഠിപ്പിക്കാനാകുന്നതെങ്ങിനെ...റേഡിയോവിലും മറ്റും പാട്ടുകള്‍ കേള്‍ക്കുമ്പോള്‍ കൂടെപ്പാടി ആ വാശിമുഴുവന്‍ തീര്‍ക്കുമായിരുന്നു.

സ്കൂള്‍ തുറക്കുമ്പോള്‍ പുതിയ പാന്റും ഷര്‍ട്ടും മറ്റുള്ളവരെപ്പോലെ ധരിച്ച് മോടിയില്‍ പോകണമെന്നത് മറ്റൊരു കടുത്ത ആഗ്രഹമായിരുന്നു.ആദ്യമായി ഞാന്‍ ഒരു പാന്റിടുന്നത് സത്യത്തില്‍ പത്താം ക്ലാസ്സില്‍ പഠിക്കുമ്പോളാണ്.അതും ഒരു സുഹൃത്ത് തന്ന പാകമല്ലാത്ത പഴയ പാന്റ്.കൈകൊണ്ട് പിടിച്ചില്ലെങ്കില്‍ ഊര്‍ന്നിറങ്ങിപ്പോകുന്ന ടൈപ്പ്.അന്നു മറ്റു കുട്ടികളുടെ മുഖത്ത് നിറഞ്ഞ പരിഹാസദ്യോതകമായ ചിരിയില്‍ മനസ്സ് നീറിയിട്ട് വീണ്ടും ഒറ്റമുണ്ട് തന്നെയാക്കി...

എസ് എസ് എല്‍ സിക്ക് പഠിക്കുമ്പോഴാണ് ഒരു ശാസ്ത്രജ്ഞനാകണമെന്ന ആഗ്രഹം മനസ്സില്‍ ഉടലെടുത്തത്..പലപല പുതിയ കണ്ടുപിടുത്തങ്ങള്‍ നടത്തി ആള്‍ക്കാരുടെയെല്ലാം മുമ്പില്‍ തലയുയര്‍ത്തിപ്പിടിച്ച് വെള്ളിവെളിച്ചത്തില്‍ പ്രസംഗിച്ചുകൊണ്ട് നില്‍ക്കുന്ന മധുരസ്വപ്നം എത്രയെത്രപ്രാവശ്യമാണ് കണ്ടിട്ടുള്ളത്...അതുപോലെ തന്നെയായിരുന്നു ഒരു പത്രപ്രവര്‍ത്തകനാവുകയെന്ന സ്വപ്നവും..മുഖം നോക്കാതെ പക്ഷം പിടിക്കാതെ നിശിതമായി വിമര്‍ശിച്ചുകൊണ്ട് സ്ഫോടനാത്മകമായ ഭാഷയില്‍ എഴുതുന്ന ഒരു ചങ്കൂറ്റമുള്ള പത്രക്കാരന്‍. ...ആ ആഗ്രഹവും എന്റെ മനസ്സെന്ന ശവപ്പറമ്പില്‍ ഇപ്പോഴും വിശ്രമിക്കുന്നു.അന്ത്യകര്‍മ്മങ്ങള്‍ ശരിയായി ചെയ്യാത്തതുകൊണ്ടായിരിക്കാം ഇപ്പോഴും ഇടയ്ക്കിടയ്ക്ക് അത് തലയുയര്‍ത്തിപ്പിടിക്കുന്നുണ്ട്..

ആദ്യമായി ഒരു പെണ്‍കുട്ടി ഇങ്ങോട്ട് ഇഷ്ടമാണെന്ന്‍ പറഞ്ഞപ്പോള്‍ സത്യത്തില്‍ ലോകം കീഴടക്കിയ പോരാളിയുടെ ഭാവമായിരുന്നു.അവള്‍ എന്നെ പ്രണയിക്കണേ എന്ന പ്രാര്‍ഥനയുമായി എത്രയെത്ര രാവുകളും പകലുകളും ഞാന്‍ തള്ളിനീക്കിയിട്ടുണ്ട്.ജീവിതമെന്നൊന്നുണ്ടെങ്കില്‍ അവളുമൊരുമിച്ച് സന്തോഷത്തോടെ ജീവിച്ചുതീര്‍ക്കണമെന്ന്‍ എത്രവട്ടം പ്രതിജ്ഞയെടുത്തു...അനുജത്തിയെ നല്ലൊരു ജീവിതപാതയിലെത്തിച്ച് ശേഷം എന്റെ ജീവിതം കരുപ്പിടിപ്പിക്കണമെന്ന്‍ കൊതിച്ചു...എന്നിട്ടെന്തായി..നാമാഗ്രഹിക്കുന്നതൊന്ന്‍ സംഭവിക്കുന്നതൊന്ന്‍....
ആഗ്രഹങ്ങള്‍ എന്നത് ശവപ്പറമ്പുകളാണ്...ഒരാളെ ജീവനോടെ കുഴിച്ചുമൂടുന്ന കുഴിമാടങ്ങള്‍ ...പ്രാണന്‍ കിട്ടാതെ പിടഞ്ഞു പിടഞ്ഞ് മണ്ണോട് ചേരുന്നിടം....

പഠിച്ചു വലിയ ആളാവണമെന്ന ആഗ്രഹമൊക്കെ ഞാന്‍ എപ്പോഴേ ഉപേക്ഷിച്ചുകഴിഞ്ഞിരുന്നു.ഐ ടി ഐ ല്‍ നിന്നും പാസ്സായശേഷം പഠിത്തം ഞാന്‍ നിര്‍ത്തി.അമ്മ പോലുമറിയാതെ. രാവിലെ കൂലിപ്പണിക്ക് പോകാനായിറങ്ങിയ അമ്മയുടെ കയ്യില്‍ 200 രൂപാ കൊടുത്തപ്പോള്‍ എന്നെ ചോദ്യഭാവത്തില്‍ ഒന്നു നോക്കി. ഞാന്‍ മേസ്തിരിപ്പണിക്ക് പോവുകയാണ് എന്നു പറഞ്ഞപ്പോള്‍ ആ കണ്ണുകള്‍ നിറഞ്ഞത് ഇന്നും എന്റെ ചങ്കിലിരുന്ന്‍ പൊള്ളുന്നുണ്ട്.പഠിപ്പിക്കുവാന്‍ കഴിവില്ലാതിരുന്ന ഒരമ്മയുടെ മകനായിപ്പോയതില്‍ നിനക്ക് സങ്കടമുണ്ടോ എന്ന അമ്മയുടെ ചോദ്യം ഞാനെങ്ങിനെ മറക്കാനാണ്...

കുട്ടിക്കാലം മുതലേ അനുഭവിച്ച,കണ്ടുപരിചയിച്ച ദുരിതങ്ങള്‍ ഒരിക്കലും എന്റെ ജീവിതത്തില്‍ ഞാന്‍ പിന്തുടരില്ല എന്ന്‍ ശപഥമെടുത്തിരുന്നിട്ടും എല്ലാ ദുശ്ശീലങ്ങളിലേയ്ക്കും ഞാന്‍ കൂപ്പുകുത്തി.മിയ്ക്കദിവസങ്ങളിലും പണം വച്ചുള്ള ചീട്ടുകളിയും മദ്യപാനവും പുകവലിയും...എന്റമ്മയുടെ കണ്ണുകള്‍ ഞാന്‍ വലുതായിട്ടും ഒരിക്കലും തോര്‍ന്നില്ല...എന്തുകൊണ്ടായിരിക്കാം ഞാനിങ്ങിനെയായത്...എന്റെ നശിച്ച ആഗ്രഹങ്ങള്‍ ഒന്നും തന്നെ നടക്കാതെ വന്നപ്പോള്‍ ഞാന്‍ എന്നെത്തന്നെ ശിക്ഷിക്കുകയായിരുന്നോ..അറിയില്ല....

ആകെയുള്ള ആശ്വാസം പുസ്തകങ്ങളായിരുന്നു. ഇടയ്ക്ക് നിര്‍ത്തിവച്ചിരുന്ന ആ ശീലം വീണ്ടും ഞാനാരംഭിച്ചു..വായനയുടെ ലഹരിയില്‍ ഒരു എഴുത്തുകാരനാവുക എന്ന ആഗ്രഹം പതിയെപ്പതിയെ തലപൊക്കാനാരംഭിച്ചു.ഉറക്കം വരാത്ത രാത്രികളില്‍ ചുമ്മാ പെപ്പറുകളില്‍ അതുമിതുമൊക്കെ എഴുതി വായിച്ചു നോക്കി ചുരുട്ടിക്കൂട്ടിക്കളഞ്ഞുകൊണ്ടിരുന്നതുതന്നെ മിച്ചം...അത്താഴപ്പട്ടിണിക്കാരനെവിടെയെഴുവാന്‍..എന്തെഴുതുവാന്‍..

കുടുംബത്തിന്റെ ദാരിദ്ര്യം എന്ന നശിച്ച അവസ്ഥയ്ക്കൊരു ശമനമുണ്ടാക്കുക എന്ന കഠിനവ്രതത്തോടമ്യാണ് ഒരിക്കലുമിഷ്ടമില്ലാതിരുന്നിട്ടുകൂടി സ്വന്തം നാടിനെ ഉപേക്ഷിച്ച് പലായനം ചെയ്യുക എന്ന ശ്രമത്തില്‍ ഞാനുമെത്തിച്ചേര്‍ത്ത്.കണ്ണെത്താ ദൂരത്തോളം നീണ്ടുനിവര്‍ന്നുകിടക്കുന്ന മണല്‍ഭൂമിയില്‍ കണ്ണു നിറഞ്ഞ് നില്‍ക്കവേ എന്റെയീയാഗ്രഹമെങ്കിലും സഫലമാകണേ എന്നായിരുന്നു പ്രാര്‍ഥന...അതൊരളവുവരെ പരിഹരിക്കപ്പെട്ടെങ്കിലും എനിക്കെന്താണ് ബാക്കിയായത്..ഒരിക്കലുമവസാനമില്ലാത്തതെന്നു തോന്നിക്കുന്ന പ്രശ്നങ്ങള്‍...എന്നു തീരുവാനാണീ ദുരിതങ്ങള്‍...

ഞാന്‍ ഒരിക്കലും ആഗ്രഹിക്കാതിരുന്ന പലതുമാണിപ്പോള്‍ എന്റെ ജീവിതത്തില്‍ നടന്നുകൊണ്ടിരിക്കുന്നത്...ചിലപ്പോള്‍ എന്നെ കരുണാമയനായ നാഥന്‍ അനുഗ്രഹിക്കുന്നതാവാം..അല്ലെങ്കില്‍ വീണ്ടും വീണ്ടും പരീക്ഷിക്കുന്നതാവാം...എല്ലാത്തിനേയും അതിജീവിക്കുവാന്‍ എനിക്ക് കഴിയുമായിരിക്കാം....ഇല്ലായിരിക്കാം...

ഇപ്പോഴുള്ള ഒരേയൊരഗ്രഹം ബാധ്യതകളില്‍ നിന്നും രക്ഷപ്പെട്ടൊന്നു നടുനിവര്‍ക്കാനായെങ്കിലെന്നാണ്..അതല്ലെങ്കില്‍ ഒന്നുമൊന്നുമറിയാതെ ഉറങ്ങിക്കിടക്കവേ നിത്യമായ ഉറക്കത്തിലേയ്ക്കാണ്ടുപോകണേയെന്ന്‍....... ...

ശ്രീക്കുട്ടന്‍

Thursday, December 1, 2011

അങ്ങിനെ ഒരവവധിക്കാലത്ത്‌ ...

നാട്ടിന്‍പുറത്തിന്റെ സകലനന്മയും നിറഞ്ഞു നില്‍ക്കുന്ന അതിസുന്ദരവും പ്രകൃതിരമണീയവുമായ ഒരു ഭൂപ്രദേശമാണ് ഏലാപ്പുറം എന്ന ഗ്രാമം.അതെ പറഞ്ഞുവരുന്നത് ഞാന്‍ ജനിച്ച പുണ്യഭൂമിയെക്കുറിച്ചുതന്നെ..കണ്ണെത്താത്ത ദൂരത്തോളം നീണ്ടുപരന്നുകിടക്കുന്ന വയലേലകളും അതിനിരുവശങ്ങളിലുമായുള്ള പണകളില്‍ നിറയെ കവുങ്ങും വാഴയും പിന്നെ നിറയെ കായ്ഫലമുള്ള കല്‍പ്പവൃക്ഷങ്ങളും നിറഞ്ഞ സ്ഥലം..

സ്നേഹിക്കാന്‍ മാത്രമറിയാവുന്ന ഏലാപ്പുറംകാരുടെ പ്രധാനതൊഴില്‍ കാര്‍ഷികവൃത്തിയായിരുന്നു.കൃഷിചെയ്യുന്നതിനുള്ള ചിലവ് അധികരിച്ചതിനാലും വിളവെടുപ്പിനാളെക്കിട്ടാത്തതിനാലും വലിയൊരു ശതമാനം വയലുകള്‍ നികത്തി കപ്പയും വാഴയുമെല്ലാം നട്ട് ഇന്ന്‍ നാടിന്റെ മുഖച്ഛായതന്നെ മാറിയിരിക്കുന്നു.വയലിനെ കീറിമുറിച്ചുകൊണ്ട് ഒരു ചെറുതോടൊഴുകുന്നുണ്ട്.മഴക്കാലത്ത് നിറഞ്ഞൊഴുകുന്ന ഈ തോട്ടിലാണു നാട്ടുകാരുടെ കുളിയും നനയുമെല്ലാം.കൃഷിക്കാവശ്യമായ വെള്ളം കിട്ടുന്നതും ഇതില്‍ നിന്നു തന്നെ.

പ്രാധനജംഗ്ഷനില്‍ ബ്രിട്ടീഷുകാരുടെ കാലത്തുപണിതതുപോലുള്ള മൂന്നുനാലുമുറിക്കടകളുണ്ട്.മണ്‍കട്ടകള്‍ കൊണ്ടുണ്ടാക്കിയതാണ്.എപ്പോഴാണതു നിലം പൊത്തുന്നതെന്നു പറയാനാകില്ല.ഒന്നാമത്‍ അശോകണ്ണന്റെ ചായക്കടയാണു.പുള്ളിക്ക് ഇതിന്റെയൊന്നും ആവശ്യമില്ല.വെറുതെ ഒരു രസത്തിനും സമയമ്പോക്കിനുമായിട്ടാണ് നടത്തുന്നതെന്നാണ് പുള്ളിയുടെ പറച്ചില്‍.പിന്നെയുള്ളത് ബാര്‍ബര്‍ ഷോപ്പ്.നമ്മുടെ ബാലകൃഷ്ണന്റെ പറുദീസ. പണ്ടത്തെ മദാലസ നടിമാരുടെ അര്‍ദ്ധനഗ്നചിത്രങ്ങളുമായി ബാര്‍ബര്‍ഷോപ്പിനെ അലങ്കരിക്കുന്ന മാറാലപിടിച്ച ചുമരുകള്‍.ഒരു കണ്ണാടിയും പിന്നെ കുറച്ചു സാധനങ്ങളും തീര്‍ന്നു.അത്ര തന്നെ.ബാര്‍ബര്‍ ബാലനെ പോലെ കറങ്ങുന്ന ഒരു കസേരയും ആധുനികതയുമൊന്നും വേണമെന്ന്‍ ബാലകൃഷ്ണനാഗ്രഹമില്ല.ഒള്ളതുകൊണ്ടോണം പോലെ.അതണിഷ്ടന്റെ ലൈന്‍.അടുത്തകട ശശിയണ്ണന്റേതാണു.ഒരു മിനി ഫാന്‍സിസ്റ്റോര്‍.അവിടെ മോഷണം തുടര്‍ക്കഥയായപ്പോള്‍ പുള്ളിക്കാരന്‍ കട മതിയാക്കുകയും ഇപ്പോള്‍ പുതുതായി പണിത അടച്ചുറപ്പുള്ള ഷോറൂമിലേക്കു കട മാറ്റുകയും ചെയ്തു. പിന്നെ ആകെ നല്ല കച്ചവടമുള്ളതു വിക്രമന്‍ ചേട്ടന്റെ റ്റീ സ്റ്റാളിലാണു.വീട്ടില്‍ നിന്നും രാവിലെ ചായകുടിച്ചിട്ടിറങ്ങുന്നവരും പുള്ളിക്കാരന്റെ ഒരു ചായ കുടിക്കുവാന്‍ മറക്കാറില്ല. അല്‍പ്പം മാറി ആനന്ദന മാമന്റെ മുറുക്കാന്‍ കട, സരോജിനിഅമ്മയുടെ സ്റ്റേഷനറിക്കട, ഒരു റേഷന്‍ കട, മില്‍മയുടെ ഒരു ബൂത്ത് എന്നിവയുണ്ട്.മറന്നുപോയി.പുതുതായി ഒരു സര്‍വീസ് സഹകരണ സംഘവും തുറന്നിട്ടുണ്ട്.

റോഡിനെതിര്‍വശത്തായി പഴമയുടെ സ്മാരകമെന്നതുപോലെ നില്‍ക്കുന്ന എല്‍.പി സ്കൂള്‍. നാലോ അഞ്ചൊ ക്ലാസ്സുകളുള്ളതില്‍ വളരെകുറച്ചു മാത്രം കുട്ടികള്‍. യാതൊരുവിധ വികസനവുമില്ലാതെ അതങ്ങുനടന്നുപോകുന്നു എന്നു പറഞ്ഞാല്‍ മതിയല്ലോ. ഇപ്പോള്‍ സ്കൂള്‍ അല്‍പ്പം ഡെവലപ്പ്ഡായിട്ടുണ്ട്..ചുറ്റുമതിലൊക്കെക്കെട്ടി പൊട്ടിയ ഓടൊക്കെ മാറ്റി പെയിന്റൊക്കെയടിച്ച് കുട്ടപ്പനാക്കി പേരും മാറ്റി. വൈ.എല്‍.എം.യു.പി.സ്കൂള്‍..ഇംഗ്ലീഷ്മീഡിയം...

ഏലാപ്പുറത്തിന്റെ ഏറ്റവും പ്രധാനപ്പെട്ട ഒരു ഭാഗമാണു പഞ്ചായത്തുവെയിറ്റിംഗ് ഷെഡ്.മുമ്പിവിടെ നാട്ടുകാര്‍ ഓലയും മറ്റുമൊക്കെക്കൊണ്ട് കെട്ടിമറച്ച ഒരു ഷേഡ്ഡ് മാത്രമായിരുന്നു.കാലങ്ങള്‍ക്കുശേഷം പഞ്ചായത്ത് ഒരു വെയിറ്റിംഗ് ഷെഡ് കെട്ടി.രാവിലെ മുതല്‍ സ്കൂളിലും കോളേജിലും പോകാന്‍ വരുന്ന എല്ലാ പെണ്‍കൊടിമാരേയും ഉത്തരവാദിത്വത്തൊടുകൂടി യാത്രയയപ്പിക്കുന്നതിനായി ചുള്ളന്മാരുടെ ഒരു പ്രത്യേക ടീം തന്നെയുണ്ട്.അവര്‍ വളരെ രാവിലെ തന്നെ താന്താങ്ങളുടെ ഏരിയയില്‍ നിലയുറപ്പിക്കും.എല്ലാ പെണ്മണിമാരെയും യാത്ര അയച്ചശേഷം വൈകുന്നേരത്തെ സ്വീകരണത്തിനുള്ള തയ്യാറെടുപ്പുകളില്‍ മുഴുകും.(അവശ കാമുകന്മാരേ നിങ്ങളെന്നോടു ക്ഷമിക്കണം കേട്ടൊ.എഴുതുമ്പോള്‍ എല്ലാമെഴുതണമല്ലോ.അതുകൊണ്ടാ.ആരെങ്കിലും ഇതു വായിച്ചിട്ട് ഞാന്‍ നാട്ടില്‍ വരുമ്പോള്‍ എനിക്കു പണി തരരുതു.പ്ലീസ്).


വയലിന്റെ മധ്യഭാഗത്തുകൂടി ഒരു റോഡ് നാട്ടുകാരുടെ ശ്രമഫലമായി ഉണ്ടാക്കിയിട്ടുണ്ട്.ജംഗ്ഷനില്‍ നിന്നും ഒരു പത്തുമിനിട്ട് ഈ റോഡേ നടന്നാല്‍ മാറുവീട് ശിവപാര്‍വ്വതിക്ഷേത്രത്തിലെത്താം.മുന്‍പ് ശോചനീയാവസ്ഥയിലായിരുന്ന ഈ അമ്പലം ഇപ്പോള്‍ കുടുംബക്കാരെല്ലാപേരും കൂടി ചേര്‍ന്നു പുതുക്കിപ്പണിതു ഒരു വലിയ അമ്പലമാക്കി മാറ്റി.ധാരാളം ആള്‍ക്കാര്‍ ഇപ്പോള്‍ ഇവിടെയെത്തുന്നുണ്ട്.കുംഭമാസത്തിലെ പുണര്‍തം നാളിലാണിവിടത്തെ ഉത്സവം.അഞ്ചുദിവസം നീണ്ടുനില്‍ക്കുന്ന ഉത്സവത്തിന് എല്ലാ ദിവസവും വിവിധങ്ങളായ പരിപാടികളുണ്ടായിരിക്കും. അഞ്ചാംദിവസം രാവിലെ സമൂഹപൊങ്കാലയും ഉച്ചക്കു സമൂഹസദ്യയുമുണ്ടായിരിക്കും. വൈകിട്ട് ഉറിയടി,ബാലികമാരുടെ താലപ്പൊലി,ആന എഴുന്നള്ളത്ത്, തെയ്യം, ചെണ്ടമേളം എന്നിവയോടുകൂടി വിപുലമായ ഘോഷയാത്രയും,പിന്നെ രാത്രി കൊടിയിറക്കവും.ഈ വര്‍ഷം മുതല്‍ ഉത്സവം ശിവരാത്രി നാളിലായിരിക്കുമെന്നറിയുന്നു.

ക്ഷേത്രം പുരോഗമിച്ചതോടുകൂടി അതിനടുത്തായി ചില കടകള്‍ ഉണ്ടായിട്ടുണ്ട്.നമ്മുടെ ഡ്രൈവര്‍ ബാബുവണ്ണന്റെ ചായക്കടയാണൊന്ന്‍.പുള്ളി ഡ്രൈവറൊന്നുമല്ല. ചിലകുരുത്തംകെട്ടപുള്ളേര്‍ ഇട്ട വട്ടപ്പേരാണത്.സംഭവം ആശാനൊരു ചീട്ടുകളി ഭ്രാന്തനാണ്.റമ്മികളിക്കുമ്പോള്‍ കയ്യില്‍ വിശറിപോലെ നിരത്തിവച്ചിരിക്കുന്ന ചീട്ട് കാറിന്റെ സ്റ്റിയറിംഗ് വളയ്ക്കുന്നതുപോലെ ഒരിടത്തുനിന്നുമെടുത്ത് മറ്റൊരിടത്തും വീണ്ടും പഴയസ്ഥാനത്തും വയ്ക്കുന്ന ശീലം മൂലം സഹകളിക്കാര്‍ നല്‍കിയപേരാണ് ഡ്രൈവര്‍ എന്ന്‍.ഇത്രയും രുചികരമായി എണ്ണപ്പലഹാരങ്ങളുണ്ടാക്കുന്ന മറ്റാരും ഏലാപ്പുറത്തില്ല. അതുകൊണ്ട് തന്നെ പുള്ളിക്കാരനു നല്ല കച്ചവടവുമുണ്ട്.

അടുത്തത് പൊടിയണ്ണന്റെ കുഞ്ഞുസ്റ്റേഷനറിക്കടയാണു.പേരുപോലെതന്നെ ആളൊരു പൊടിയാണു.കഷ്ടിച്ചു നാലടിമാത്രമേയുള്ളു പൊക്കം.അതിന്റെ ഒരു അഹംഭാവവും ആശാനില്ല.തൊടിയിലെ ഭാസ്ക്കരന്‍ മാമന്‍ പുതുതായി ഒരു സ്റ്റേഷനറിക്കട തുടങ്ങിയപ്പോള്‍ പൊടിയണ്ണന്റെ ചിറകൊടിഞ്ഞു എന്നു പറഞ്ഞാല്‍ മതിയല്ലോ.താമസംവിനാ ആശാന്‍ കടപൂട്ടി.പിന്നെയൊന്നുള്ളതു പ്രസാദണ്ണന്റെ ശില്‍പ്പശാല.ജീവന്‍ തുടിക്കുന്ന ശില്‍പ്പങ്ങളുണ്ടാക്കുന്ന കക്ഷിക്ക് എപ്പോഴും തിരക്കാണു.

വയലിനു കുറുകേയുള്ള തോട്ടില്‍ ഒരു കൊച്ചുപാലമുണ്ട്.അതിനിവിടെ പ്രധാനപ്പെട്ടസ്ഥാനമാണുള്ളത്.വൈകുന്നേരങ്ങളില്‍ ചെറുപ്പക്കാരുടെ ഇരിപ്പിടമാണവിടെ.രാത്രിയില്‍ ചിലര്‍ അവിടെ തന്നെ കിടന്നുറങ്ങും.

കഴിഞ്ഞ അവധിയ്ക്ക് നാട്ടില്‍ പോയപ്പോള്‍ എന്റെ കൂട്ടുകാരുമായി സന്ധ്യയ്ക്ക് കൊച്ചുവര്‍ത്തമാനമൊക്കെപ്പറഞ്ഞവിടെയങ്ങിനെയിരിക്കുകയാണ്.കൊച്ചനിയും ബിജുവും രാജീവുമൊക്കെയുണ്ട്.ഏഴുമണിയാകുന്നതേയുള്ളൂ.പക്ഷേ നല്ല ഇരുട്ടായി.പെട്ടന്നാണ് തൊട്ടടുത്തുള്ള പണയില്‍ നിന്നും കരിക്കുകള്‍ വീഴുന്ന ഒച്ച കേട്ടത്.ഞാന്‍ മുമ്പേ പറഞ്ഞല്ലോ പണയില്‍ ധാരാളം തെങ്ങുകള്‍ കായ്ച്ചുമറിഞ്ഞുകിടക്കുന്ന കാര്യം.ഞങ്ങള്‍ ചെറുപ്പകാലത്ത് മിയ്ക്കദിവസങ്ങളിലും ഏതെങ്കിലും പണകളില്‍ നിന്നും കരിക്കുകള്‍ മോഷ്ടിച്ച് കുടിക്കുമായിരുന്നു.രാവിലെ ആ പണയുടെ ഉടമസ്ഥന്‍ വന്ന്നിന്ന്‍ ചീത്തവിളിക്കുന്നത് ഒന്നുമറിയാത്ത നിഷ്ക്കളങ്കരെപ്പോലെ കേട്ടുകൊണ്ട് നില്‍ക്കുവാന്‍ എന്തു സുഖമാണെന്നോ.ഞങ്ങളാണത് ചെയ്തതെന്ന്‍ വിളിക്കുന്നയാള്‍ക്ക് നന്നായറിയാമെന്ന്‍ ഞങ്ങള്‍ക്കറിയാം.പക്ഷേ ആ ഭാവമൊന്നു പുറത്തുകാട്ടാതെ മര്യാദാരാമമ്മാരായി എല്ലാം കേട്ടുകൊണ്ട് നിന്നിട്ട് ചിലപ്പോള്‍ ചില അഭിപ്രായങ്ങള്‍ തട്ടിവിടുകയും ചെയ്യും...

കരിക്ക് മോഷ്ടിക്കുവാന്‍ പോകുമ്പോള്‍ പലപ്പോഴും പെട്ടിട്ടുണ്ട്.ദൈവഭാഗ്യത്തിനു പിടികൂടാതെ രക്ഷപെട്ടിട്ടുമുണ്ട്.ചിലപ്പോള്‍ ചില ഞെട്ടിയ്ക്കുന്ന കാഴ്ചകള്‍ കാണേണ്ടിയും വന്നിട്ടുണ്ട്.അതൊന്നുമിവിടെ പറയാന്‍ കൊള്ളത്തില്ല..രക്ഷപ്പെടാനുള്ള വെപ്രാളത്തിലോടി നല്ല പരിക്കുപറ്റിയ സന്ദര്‍ഭങ്ങളുമുണ്ടായിട്ടുണ്ട്..അതെന്തെങ്കിലുമാവട്ടെ.ഒച്ചകേട്ടിട്ട് സുധാകരണ്ണന്‍ കൃഷി ചെയ്യുന്ന പണയിലാണു സംഭവം നടക്കുന്നത്.ഇപ്പോഴാരാണ് ആ പണയില്‍ നിന്നും കരിക്കടക്കുന്നത്.പയ്യമ്മാരാരുമാവാന്‍ വഴിയില്ല.മെയിന്‍ കരിക്കടപ്പ് കള്ളമ്മാരൊക്കെ ഞങ്ങളോടൊപ്പമിരുന്ന്‍ കൊച്ചുവര്‍ത്തമാനം പറയുന്നുണ്ട്.പിന്നെയുള്ള രണ്ടുമൂന്നെണ്ണം ഒരു ബോട്ടിലെടുക്കാനായി നിലയ്ക്കാമുക്കിലെ ബിവറേജിലേയ്ക്കും പോയി..

"ഒന്നുപോയി നോക്ക്കിയാലോ അളിയാ"

വലിച്ചുകൊണ്ടിരുന്ന സിഗററ്റ് തോട്ടിലേയ്ക്കിട്ടിട്ട് കൊച്ചനി എഴുന്നേറ്റുകഴിഞ്ഞു.രാജീവും റെഡിയായി.എന്നാല്‍പിന്നെ നോക്കുകതന്നെ.ഞാനുമെഴുന്നേറ്റു.പെട്ടന്ന്‍ പണയിലാകെ ഒരു ടോര്‍ച്ചിന്റെ വെളിച്ചം പതിഞ്ഞു.ആരെടാ..പിടിയെടാ എന്നൊക്കെയുള്ള വിളികളും ആരൊക്കെയോ ഓടുന്ന ഒച്ചയും..കരിക്കുവീഴുന്ന ഒച്ചകേട്ട് സുധാകരന്‍ ഒരു കയ്യില്‍ ടോര്‍ച്ചും മറുകയ്യിലൊരു വെട്ടുകത്തിയുമായിയിറങ്ങിയതാണ്.എന്തൊ വരട്ടെ എന്ന മട്ടില്‍ ഞങ്ങള്‍ അവിടേയ്ക്ക് ചെന്നു..
"കണ്ടോ വെട്ടികൂട്ടിയിട്ടിരിക്കുന്നത്..#**#*#...‍മോമ്മാരെ എന്റെ കയ്യികിട്ടിയിരുന്നെങ്കി"

സുധാകരന്‍ തകര്‍ത്ത് ചീത്തവിളിക്കുന്നുണ്ട്.

രണ്ടുകുലയോളം കരിക്ക് തെങ്ങിന്റെ ചുവട്ടിലായി കിടപ്പുണ്ട്.കുലയോടെ വെട്ടി സാവധാനമിറങ്ങുമ്പോള്‍ എങ്ങിനെയോ കൈവിട്ടുപോയതാണ്.കുറേയേറെ ചീത്തയൊക്കെ വിളിച്ചിട്ട് സുധാകരന്‍ ആ കരിക്കുകള്‍ പെറുക്കിയെടുത്ത് വീടിന്റെ മുറ്റത്തുകൊണ്ടിട്ടു.ഞങ്ങളും സഹായിച്ചു.പോലീസിനെ വിളിക്കാമെന്നൊക്കെ വീട്ടുകാരത്തിയോട് പറഞ്ഞെങ്കിലും പിന്നീട് ആ തീരുമാനം മാറ്റുകയും ആ കരിക്കുകള്‍ കയ്യിലിരുന്ന വെട്ടുകത്തികൊണ്ട് വെട്ടിച്ചെത്തി എല്ലാപേര്‍ം കൂടി കഴിക്കുകയും ചെയ്തു.ഈ സമയം എവിടെനിന്നോ സുനിലും കയറിവന്നു.ആശാനും ഞങ്ങളുടെ ഗ്യാങ്ങിലുള്ള ആളാണ്..

"എനിക്കറിയാം കരിക്കടത്തതാരാണെന്ന്‍.എന്നിട്ട് ഒന്നുമറിയാത്തവരെപ്പോലെ വന്നുനിന്ന്‍ തിന്നുന്നു"

സുധാകരന്‍ ആരോടെന്നില്ലാതെ പറയുന്നത് കേട്ട് ഞാങ്ങളാകെ വല്ലാണ്ടായി..വല്ല കാര്യവുമുണ്ടായിരുന്നോ..കൊച്ചനിയും ബിജുവുമൊക്കെ അയാളുമായി അല്‍പ്പം വര്‍ത്തമാനം നടത്തീട്ട് പിന്നീടെല്ലാവരും പിരിഞ്ഞു..ഞാനും രാജീവും കൂടി ഒരു സിഗററ്റുകൂടി വലിച്ച് അല്‍പ്പനേരം നിന്നശേഷം വീട്ടിലേയ്ക്ക് നടന്നു. എന്നാലും ആരായിരിക്കാം ആ കരിക്കടത്തത്..എന്റെ ചിന്ത അതായിരുന്നു..

ചോറെല്ലാമുണ്ട് ശ്രീമതിയുടെ കണ്ണില്‍പെടാതെ ഒളിച്ചുവച്ചിരുന്ന ഒരു സിഗററ്റ് തപ്പിയെടുത്തുകൊണ്ട് പുറത്തേയ്ക്കിറങ്ങി അതൊന്നു കത്തിയക്കാന്‍ ശ്രമിച്ചതും ഒരൊച്ചയനക്കം കേട്ട് ഞാന്‍ പെട്ടന്ന്‍ സിഗററ്റും തീപ്പെട്ടിയും മറച്ചുപിടിച്ചുകൊണ്ട് തിരിഞ്ഞുനോക്കി..പിതാശ്രീയാണു..അല്‍പ്പം സേവിച്ചിട്ടുള്ള ലക്ഷണം കാണാനുണ്ട്.

"എടാ മക്കളേ നാളെ രാവിലെ എനിക്ക് ഒരു ജോഡി ചെരിപ്പ് വാങ്ങിത്തരണം കേട്ടോ.ഓടിയപ്പം ഒരെണ്ണം എവിടയോ പോയി.മറ്റേത് ഞാന്‍ തൊടിയില്‍ കളഞ്ഞു"

എന്റെയടുത്ത് വന്ന്‍ സ്വകാര്യമായിപ്പറഞ്ഞിട്ട് ചെറിയ ആട്ടത്തോടെ വീട്ടിനകത്തേയ്ക്ക് മാര്‍ച്ച് ചെയ്യുന്ന ഫാദറിനെ ഞാന്‍ അല്‍പ്പസമയം അന്തിച്ചുനോക്കിനിന്നു...അവ്യക്തമായിരുന്ന ഒരു സംഭവത്തിന്റെ തെളിഞ്ഞ ചിത്രം എന്റെ മനസ്സില്‍ പ്രദര്‍ശനമാരംഭിച്ചു...

വാല്‍: പിതാശ്രീയും ഉദയന്‍ എന്ന ഏലാപ്പുറത്തെ സ്റ്റാറും പിന്നെ സുനിലുമായിരുന്നു കരിക്ക് മോഷണം നടത്താന്‍ ശ്രമിച്ച് ദയനീയമായി പരാജയപ്പെട്ടത്.ഉദയന്‍ വാങ്ങിക്കൊണ്ടുവന്ന നാടനില്‍ പിതാശ്രീയുടേ നിര്‍ദ്ദേശപ്രകാരം മേമ്പൊടിയ്ക്കായി ചേര്‍ക്കുവാന്‍ ഇളനീര്‍ അടക്കുവാന്‍ സുനില്‍ ശ്രമിച്ചതിന്റെ ബാക്കിസംഭവങ്ങളായിരുന്നു തലേരാത്രിയില്‍ സംഭവിച്ചത്െനിക്കോ സുധാകരന്റെ തെറിവിളി കേള്‍ക്കേണ്ടിയും വന്നു ഒരു ജോഡി ചെരുപ്പിന്റെ കാശും പോയി. അതു തന്നെ അതുകൊണ്ടുണ്ടായ മിച്ചം....

ശ്രീക്കുട്ടന്‍