Tuesday, July 13, 2010

കൂട്ടിക്കൊടുപ്പുകാരന്‍

"എടാ രഘുവേ നിന്നെക്കണ്ടിട്ട് എത്ര നാളായി.എവിടെയാണിപ്പോള്‍.നമ്മളെയൊക്കെ മറന്നോ"

കടുത്ത ആലോചനയില്‍ മുഴുകി പരിസരബോധമില്ലാതെ ഫുട്പാത്തിലൂടെ നടക്കുകയായിരുന്ന രഘു ആ വാക്കുകള്‍ കേട്ട് നിന്നു.തന്റെ മുമ്പില്‍ ബീഡിയും വലിച്ചുകൊണ്ട് നില്‍ക്കുന്ന ആളിനെ കണ്ട അവന്‍ ആദ്യമൊന്ന്‍ ഞെട്ടി.കണക്റ്റിംഗ് കുഞ്ഞുമോനാണ്.നഗരത്തിലെ അറിയപ്പെടുന്ന കൂട്ടിക്കൊടുപ്പുകാരന്‍.ആര്‍ക്ക് എപ്പോള്‍ എതുതരക്കാരെവേണമെന്നു പറഞ്ഞാലും കുഞ്ഞുമോന്റെ കയ്യില്‍ റെഡിയായിരിക്കും.പറയുന്ന സ്ഥലത്ത് ആളിനെയെത്തിച്ചിരിക്കും.നാലഞ്ചുകൊല്ലം മുമ്പ് താന്‍ ജോലിതേടി ഈ നഗരത്തില്‍ വന്നപ്പോള്‍ എങ്ങിനേയോ ഇവന്റെ കൂടെകൂടിപ്പോയി.ആദ്യമൊന്നും ഇവന്റെ പരിപാടി എന്തായിരുന്നെന്നു തനിക്കൊരു പിടിയുമില്ലായിരുന്നു.കയ്യിലൊരു പൈസയുമില്ലാതെ തെണ്ടിത്തിരിഞ്ഞ് ജോലിക്കായി അലഞ്ഞുകൊണ്ടിരുന്ന തനിക്ക് ഭക്ഷണവും താമസവുമൊക്കെ ഒരുക്കിത്തന്ന കുഞ്ഞുമോനെക്കുറിച്ച് താന്‍ മറ്റൊന്നും തിരക്കിയില്ല.പിന്നെ കുറേ നാള്‍ കഴിഞ്ഞാണ് കുഞ്ഞുമോന്റെ ഇടപാടെന്താണെന്നൊക്കെ മനസ്സിലായത്. അന്ന്‍ അവനുമൊത്തുള്ള സഹവാസം മതിയാക്കണമെന്നു കരുതിയതാണു.

പത്താം ക്ലാസ്സ് പരീക്ഷയെഴുതി നില്‍ക്കുന്ന രജനിയുടെ തുടര്‍പഠനവും വയ്യാത്ത അമ്മയുടെ കാര്യവുമെല്ലാമാലോചിച്ചപ്പോള്‍ അതിനു തോന്നിയില്ല.തന്റെ ദാരിദ്ര്യവും കുടുംബകാര്യവുമൊന്നും അവനോടു പറഞ്ഞിട്ടില്ല. ആദ്യമൊക്കെ മടിച്ചെങ്കിലും പിന്നെ താനും കുഞ്ഞുമോനോടുകൂടിചേര്‍ന്നു.എത്തിപ്പെട്ട പുതിയലോകവുമായി ഒന്നു പരിചയപ്പെടാന്‍ കുറച്ചു ദിവസമെടുത്തു. ഒരു വല്ലാത്ത ലോകം തന്നെ.നമ്മള്‍ കാണുന്ന എത്രയെത്ര പൊയ്മുഖങ്ങള്‍.അറിയാവുന്ന ആരെയും ഒരിയ്ക്കലും കണ്ടുമുട്ടരുതേയെന്നു മാത്രമായിരുന്നു പ്രാര്‍ഥന. എന്തായാലും കിട്ടുന്ന കാശില്‍ പകുതി കുഞ്ഞുമോന്‍ തനിയ്ക്കും കൃത്യമായി തന്നിട്ടൊണ്ട്.പട്ടണത്തിലെ കോളേജില്‍ ചേര്‍ത്തപ്പോള്‍ രജനിയുടെ മുഖത്ത് തെളിഞ്ഞ സന്തോഷം ഇപ്പോഴുമോര്‍മ്മയുണ്ട്.പിന്നെ തനിയ്ക്കൊരു ജോലി തരപ്പെട്ടപ്പോള്‍ താന്‍ പതിയെ കുഞ്ഞുമോനില്‍ നിന്നും അകന്നു.ഇപ്പോള്‍ അവനെ കണ്ടിട്ട് ഒന്നുരണ്ടുകൊല്ലമായിക്കാണും.ഇടയ്ക്കൊക്കെ വിളിയ്ക്കും അത്ര തന്നെ.അല്ലേലും ഇപ്പോഴത്തെ സ്ഥിതിയില്‍ കുഞ്ഞുമോനെപ്പോലൊരാളുമായി അടുപ്പമുണ്ടെന്ന്‍ മറ്റാരുമറിയുന്നത് താനിഷ്ടപ്പെട്ടിരുന്നില്ല എന്നതാണു സത്യം.

"എന്താടാ അളിയാ ഒന്നും മിണ്ടാത്തത്"

കുഞ്ഞുമോന്റെ ശബ്ദം രഘുവിനെ ഓര്‍മ്മകളില്‍ നിന്നുമുണര്‍ത്തി.അവന്‍ പാതയുടെ ഓരം ചേര്‍ന്നു നിന്നു.

"ഹേയ് ഒന്നുമില്ല.നിനക്കു സുഖമാണോ.വരൂ നമുക്ക് മാറിനിന്നു സംസാരിക്കാം".പരിചയക്കാരാരെങ്കിലുമുണ്ടോയെന്നു ചുറ്റുപാടും കണ്ണോടിച്ചുകൊണ്ട് രഘു പറഞ്ഞു.

"പിന്നല്ലാതെ.എല്ലാ ദെവസോം ഹാപ്പിയായി പോകുന്നു" നടന്നുകൊണ്ട് കുഞ്ഞുമോന്‍ മറുപടി പറഞ്ഞു.

"നീയിപ്പഴും......" രഘു അര്‍ദ്ധോക്തിയില്‍ നിര്‍ത്തി

കുഞ്ഞുമോന്‍ രഘുവിന്റെ മുഖത്തെയ്ക്കൊരുനിമിഷം സൂക്ഷിച്ചുനോക്കി.


കോഫീഷോപ്പിലെ ഒഴിഞ്ഞ മൂലയ്ക്കായി കസേരയിലിരുന്നുകൊണ്ട് കുഞ്ഞുമോന്‍ രഘുവിനോടു സംസാരിക്കാനാരംഭിച്ചു.

"സംശയിക്കണ്ട രഘു പഴയജോലി തന്നെ.അത്രപെട്ടന്നൊന്നും അതില്‍ നിന്നും മാറാന്‍ പറ്റില്ല.എന്റെ കാര്യങ്ങളൊന്നും നിന്നോടു പറഞ്ഞിട്ടില്ലല്ലോ.ഇപ്പം കൊറച്ച് ടൈറ്റിലാ.കഴിഞ്ഞ മാസമായിരുന്നു രണ്ടാമത്തെ പെങ്ങളുടെ കല്യാണം.ഇനിയുമൊരെണ്ണം കൂടിയൊണ്ട്.അതും കൂടൊന്നു കഴിയട്ടെ. ദിവസവും എത്രയെങ്കിലും പേരുടെ കണ്ണീരും പ്രാക്കും കിട്ടുന്ന ഈ ജോലിയില്‍ നിന്നും ഒഴിഞ്ഞ് മറ്റെന്തെങ്കിലും നോക്കണം.എനിയ്ക്കും മടുത്തു രഘു."

"ഞാന്‍ കുഞ്ഞുമോനെ ഒന്നു കാണണമെന്നു കരുതിയിരിക്കുകയായിരുന്നു.നിനക്കറിയില്ല.ഞാനും ശരിയ്ക്കു പ്രശ്നങ്ങളുടെ നടുവിലാ.രജനിയ്ക്ക് ഫീസിനായി തന്നെ നല്ലൊരുതുക വേണം.പിന്നെ അമ്മയുടെ അസുഖം ചികിത്സ പിന്നെന്റെ ചിലവ്.കിട്ടുന്ന നക്കാപ്പിച്ച ഒന്നിനും തികയത്തില്ലെന്റെ കുഞ്ഞുമോനേ".

"അപ്പോള്‍ നീ വീണ്ടും ഈ ഫീല്‍ഡിലേയ്ക്കു വരാന്‍ തീരുമാനിച്ചോ"

"ഹേയ് അതൊന്നുമല്ല.എന്റെ ബോസ്സ് പെണ്ണുകേസില്‍ അല്‍പ്പം വീക്ക്നെസ്സ് ഉള്ളയാളാണ്.നല്ല ഒരു സാധനത്തെ അയാള്‍ക്കൊന്നു എര്‍പ്പെടുത്തിക്കൊടുത്താല്‍ എന്റെ ശമ്പളം ഒന്നു കൂട്ടിത്തരും.അയാളെ ഒന്നു കയ്യിലെടുക്കാന്‍ ഇതല്ലാതെ മറ്റൊരു മാര്‍ഗ്ഗവുമില്ല.അതിനു നീ എന്നെയൊന്നു സഹായിക്കണം.ഞാന്‍ ബോസ്സുമായി ഒന്നു സംസാരിച്ചു ഓകെയാക്കി വച്ചിട്ടൊണ്ട്. ഒക്കുമെങ്കില്‍ ഈ ഞായറാഴ്ചതന്നെ കാര്യം നടത്തണം.നിന്റെ അറിവില്‍ നല്ല കൊച്ചുപുള്ളേരൊക്കെയുള്ളതല്ലേ.എന്നെ ഒന്നു സഹായിക്കു.എനിക്ക് നേരിട്ട് ഇത് അറേഞ്ച് ചെയ്യാന്‍ പറ്റില്ലെന്നു നിനക്കറിയാമല്ലോ"

പറഞ്ഞു നിര്‍ത്തിയിട്ട് രഘു തന്റെ കോഫി കയ്യിലെടുത്തു ഒരു കവിള്‍ കുടിച്ചിറക്കി.

"സാധനമൊക്കെ ധാരാളമൊണ്ട്.കോളെജില്‍ പഠിച്ചുകൊണ്ടിരിയ്ക്കുന്ന നല്ല മണിമണിപോലുള്ള പെമ്പിള്ളേര് റെഡിയാണ്.കറങ്ങാനും അടിച്ചുപൊളിയ്ക്കാനുമുള്ള കാശൊപ്പിക്കുവാനായി എന്തുചെയ്യുവാനും തയ്യാറൊള്ള പുള്ളേരെത്രവേണമെങ്കിലുമൊണ്ട്. നിനക്കു വേണമെങ്കില്‍ ഫോട്ടൊകള്‍ കാണിച്ചുതരാം.എല്ലാം വലിയ ഡെവലപ്പായിപ്പോയളിയാ"

കയ്യിലിരുന്ന ചെറിയ ബാഗ് തൊറന്ന്‍ കുഞ്ഞുമോന്‍ ഒരുപിടി ഫോട്ടോകള്‍ പുറത്തെടുത്തു.

"ഇതങ്ങിനെ എല്ലാപേരെയുമൊന്നും കാട്ടാറില്ല.ചെലപ്പോള്‍ പാരയാകും.അളിയന്‍ ഇതേലേതിനെ അറേഞ്ചു ചെയ്യണമെന്നു പറ"

ഫോട്ടോകള്‍ ചീട്ടുപിടിച്ചിരിക്കുന്നതുപോലെ വിടര്‍ത്തിക്കാണിച്ചിട്ട് കുഞ്ഞുമോന്‍ രഘുവിനെ നോക്കി.മിക്കതും നല്ല സുന്ദരികുട്ടികള്‍ തന്നെ.

"ഇതൊന്നും എനിയ്ക്കു കാണണ്ട. നീ ഏറ്റവും നന്നായിട്ടൊള്ള ഒന്നിനെ ഞായറാഴ്ചത്തേയ്ക്ക് അറേഞ്ച് ചെയ്യ്.പിന്നെ അവളോടു പ്രത്യേകം പറയണം ബോസ്സിനെ പിണക്കരുതെന്നു.നല്ല പൂത്ത കാശൊള്ളയാളാ.അവള്‍ക്കും നല്ലത് തടയും.അവളുടെ കയ്യിലാണെന്റെ ഭാവി.നിന്റെ ചിലവ് ഞാന്‍ പിന്നെ തീര്‍ക്കാം".

"അതൊക്കെ ഞാനേറ്റു.നീ ധൈര്യമായിപൊയ്ക്കോ.നിന്റെ ശമ്പളം എപ്പോള്‍ കൂടിയെന്നു ചോദിച്ചാല്‍ മതി.പിന്നെ ഇതിനു നീ എനിക്ക് ഒരു ചിലവും നടത്തണ്ട.എന്റെ സുഹൃത്തിനെ ഞാനൊന്നു സഹായിക്കുന്നു.അത്രമാത്രം".

"എങ്കില്‍ പറഞ്ഞതുപോലെ.ഞാന്‍ വിളിയ്ക്കാം.അപ്പോള്‍ പിന്നെക്കാണാം".കുഞ്ഞുമോനോടു വിടപറഞ്ഞിട്ട് രഘു തന്റെ റൂമിലേയ്ക്കു നടന്നു.മനസ്സിലൊരു കുറ്റബോധം ഉദിക്കുന്നതായി രഘുവിനു തോന്നി.പക്ഷേ മറ്റുകാര്യങ്ങളോര്‍മ്മിച്ചപ്പോള്‍ അത് പതിയെ അലിഞ്ഞലിഞ്ഞില്ലാതാവുന്നത് അവനറിഞ്ഞു.

.................................................................................

"ഹലോ കുഞ്ഞുമോനേ. ഞാന്‍ രക്ഷപ്പെട്ടടാ.ഒറ്റയടിയ്ക്ക് 2000 രൂപയാ എനിയ്ക്കു ശമ്പളത്തില്‍ ബോസ്സ് കൂട്ടിതന്നത്.എന്തായാലും നീ അയച്ച പെണ്ണ്‍ ഒരു മുതല്‍ക്കൂട്ട് തന്നെയാണ്.ബോസ്സ് അവള്‍ക്കും നല്ല കാശ് കൊടുത്ത ലക്ഷണമുണ്ട്.അവളെ പെട്ടന്നൊന്നും നീ കൈവിട്ടുകളയണ്ട കേട്ടോ.അവളെ വരുന്ന ഞായറാഴ്ച ഒന്നുകൂടി സെറ്റപ്പ് ചെയ്യാന്‍ ബോസ്സ് പറഞ്ഞിട്ടൊണ്ട്.നീ അറേഞ്ച് ചെയ്യ് .നാളെത്തന്നെ ഞാന്‍ ഒരു തകര്‍പ്പന്‍ പാര്‍ട്ടി നിനക്കു തരുന്നുണ്ട്.നാളെ വൈകിട്ട് നമുക്ക് കാണാം".

ഫോണ്‍ വച്ചിട്ട് രഘു തൊട്ടടുത്തുള്ള പോസ്റ്റാഫീസില്‍ കയറി കയ്യിലൊണ്ടായിരുന്ന കാശ് രജനിയുടെ പേരില്‍ അയച്ചിട്ട് പുറത്തേയ്ക്കിറങ്ങി.പാവം തന്റെ അനുജത്തി.സമയത്ത് ഹോസ്റ്റല്‍ ഫീസൊന്നും കൊടുക്കാനാവാതെ അവള്‍ ശരിക്കും വിഷമിക്കുന്നുണ്ട്.തന്നെയൊന്നുമറിയിക്കുന്നില്ലയെന്നേയുള്ളു.എന്തായാലും ഇനി അവള്‍ വിഷമിക്കാനിടവരില്ല.കാശയച്ച കാര്യം പറയുന്നതിനായി രഘു രജനിയെ ഫോണില്‍ വിളിച്ചു. നമ്പര്‍ ബിസിയാണ്.അവന്‍ അല്‍പ്പസമയം കാത്തുനിന്നിട്ട് ഒരിക്കള്‍ക്കൂടി അവളുടെ നമ്പര്‍ ഡയല്‍ ചെയ്തു.കുഞ്ഞുമോനുമായി ഞായറാഴ്ചത്തെ കാര്യമുറപ്പിച്ചുകൊണ്ടിരുന്ന രജനിയുടെ ഫോണപ്പോഴും ബിസിയായിരുന്നു.


ശ്രീക്കുട്ടന്‍

6 comments:

  1. :(
    അവസാനം ഇത് തന്നെയായിരിക്കുമെന്ന് ഉറപ്പായിരുന്നു.

    ReplyDelete
  2. തുടക്കത്തിലെ മനസ്സിലായി, അവസാനം ഇതുതന്നെ ആയിരിക്കുമെന്ന്!!!!!!!!!!!!!

    ReplyDelete
  3. ഏന്‍ഡ് ഇതായിരിക്കും എന്ന് ഊഹിച്ചു

    ReplyDelete
  4. അപ്പോൾ ഇനി അവൾക്ക് ഒരു വിഷമവും കാണില്ല, കഥ നന്നായി.

    ReplyDelete
  5. ഇപ്പോള്‍ ഇങ്ങനൊക്കെ തന്നെ ആണല്ലോ

    ReplyDelete
  6. വളരെ നല്ല ഒരു ത്രെഡ് ആയിരുന്നു. എന്നാല്‍ ഇടയ്ക്ക് വച്ച് സസ്പെന്‍സ് ചോര്‍ന്നു പോയി. അതൊന്നു കൂടി ശ്രദ്ധിച്ച് എഴുതിയിരുന്നെങ്കില്‍ വളരെ മികച്ച ഒരു സൃഷ്ടി ആയേനെ ഇത്.
    ഇനിയും എഴുതുക.

    ReplyDelete