അസ്തമയസൂര്യന്‍ പടിഞ്ഞാറേ ചക്രവാളത്തിലേയ്ക്കു മെല്ലെമെല്ലെ അടുത്തുകൊണ്ടിരുന്നു. ഇളം ചുവപ്പു നിറം പടര്‍ന്ന ആകാശത്തിലേയ്ക്ക് ഒരു കൊച്ചുകുട്ടിയുടെ കൌതുകത്തോടെ അയാള്‍ കുറേനേരം നോക്കി നിന്നു. പിന്നെ തന്റെ നീണ്ട താടിയില്‍ തടവിക്കൊണ്ട് ജുബ്ബയുടെ പോക്കറ്റില്‍ നിന്നും ഒരു സിഗററ്റെടുത്ത് കത്തിച്ചുകൊണ്ട് നീണ്ടു പരന്നുകിടക്കുന്ന പാടശേഖരത്തിനു നടുവിലൂടെയുള്ള ചെറിയ പാതയില്‍ കൂടി അയാള്‍ പതിയെ നടന്നു. എത്ര വര്‍ഷങ്ങള്‍ക്കുശേഷമാണ് ഇതേപോലെ നടക്കുന്നത്. നിറഞ്ഞൊഴുകുന്ന തോട്ടിലെ വെള്ളത്തില്‍ കുത്തിമറിയുന്ന കുട്ടികളെ കണ്ടപ്പോള്‍ അയാളുടെ ഉള്ളിലെ കുസൃതിക്കാരനായ കുട്ടിയുമുണരുന്നുണ്ടായിരുന്നു.വെള്ളത്തില്‍ കിടന്നു മറിയുന്ന രണ്ടു പേരെ നോക്കി ശുണ്ഠിയെടുത്ത് ഒച്ച വയ്ക്കുകയും കയ്യിലിരിക്കുന്ന ചെറിയ കമ്പ് ഉയര്‍ത്തിക്കാണിച്ച് പേടിപ്പിക്കുകയും ചെയ്യുന്ന ഒരു സ്ത്രീയുടെ മുഖം അയാളുടെ മനോമുകുരത്തില്‍ ഒരു നിമിഷം മിന്നിത്തെളിഞ്ഞു. ആ വെള്ളത്തില്‍ അവര്‍ക്കൊപ്പം കരണം മറിയാനും നീന്തിത്തുടിയ്ക്കാനും മനസ്സാവേശം കൊണ്ടെങ്കിലും അതടക്കിക്കൊണ്ടയാള്‍ മുന്നോട്ടു നടന്നു.
"ഒന്നു തീ തരുമോ"
ആ ചോദ്യമാണ് അയാളെ ചിന്തയില്‍ നിന്നുമുണര്‍ത്തിയത്.പശുവിനേയും പിടിച്ചുകൊണ്ട് ഒരു ബീഡിയും ചുണ്ടിലാക്കി നില്‍ക്കുന്ന ആളിനെ അയാള്‍ സൂക്ഷിച്ചുനോക്കി.നാരായണേട്ടന്‍ തന്നെയത്.പ്രായത്തിന്റെ ചില്ലറ അഴിച്ചുപണികള്‍ ശരീരത്തിലുണ്ടായിട്ടുള്ളതല്ലാതെ വലിയ മാറ്റമൊന്നും വന്നിട്ടില്ല.പോക്കറ്റില്‍ നിന്നും ലൈറ്ററെടുത്ത് നീട്ടിയിട്ട് അയാള്‍ നാരായണേട്ടനെ തന്നെ നോക്കിനിന്നു.
"അല്ല മനസ്സിലായില്ലല്ലോ.എവിടെ പോകുവാനാ"
ബീഡി കത്തിച്ചിട്ട് ലൈറ്റര്‍ തിരികെകൊടുത്തുകൊണ്ട് നാരായണേട്ടന്‍ അയാളോട് ചോദിച്ചു.
"ഞാന്‍..അത്..പിന്നെ വാക്കുകള്‍ കിട്ടാതെ ഒന്നുഴറിയ അയാള്‍ തൊണ്ടയില്‍ ഒന്നു പിടിച്ചു.
"കൊറച്ചു ദൂരേന്നാ.എത്തിയപ്പോള്‍ സന്ധ്യയാവാറായി" പറഞ്ഞിട്ടയാള്‍ നടത്തമാരംഭിച്ചു.
"ഇവിടെ ആരെ കാണാനാ" പശുവിനേയും പിടിച്ച് കൂടെ നടന്നുകൊണ്ട് നാരായണേട്ടന്‍ വീണ്ടും ചോദിച്ചു.
"ഈ പാട്ട് കേള്‍ക്കുന്നതെവിടെ നിന്നാ". അന്തരീക്ഷത്തില്‍ അലയടിച്ചുകൊണ്ടിരിക്കുന്ന ഭക്തിഗാനം കേട്ടിട്ട് വിഷയം മാറ്റാനെന്നവണ്ണം അയാള്‍ നാരായണേട്ടനോടു ചോദിച്ചു.
"അതോ.അത് ശിവന്റമ്പലത്തീന്നാ. മംഗലത്തെ ശ്രീധരന്നായര് കഴിഞ്ഞ വര്‍ഷം ഒരു മൈക്ക് സെറ്റ് അമ്പലത്തിനു സംഭാവനയായി മേടിച്ചു നല്‍കി.അതോണ്ടു ഇത്തിരി പാട്ടും ഒച്ചേം കേക്കാം.അമ്പലം പുതുക്കിപ്പണിയാമ്പോവേണ്.അതിന്നായി കമ്മറ്റിയൊക്കെ ഒണ്ടാക്കിക്കഴിഞ്ഞു". ഉത്സാഹത്തോടെ പറഞ്ഞിട്ട് നാരായണേട്ടന്‍ പശുവിന്റെ കയറിമ്മേല്‍ പിടിച്ചു വലിച്ചുകൊണ്ട് നടന്നു.
"അമ്പലത്തിന്റെ അടുത്ത താമസിച്ചിരുന്ന ദേവകിയമ്മയ്ക്കിപ്പോളെങ്ങിനെയുണ്ട്".അയാള്‍ മടിച്ചുമടിച്ച് നാരായണേട്ടനോട് ചോദിച്ചു.
നടന്നുകൊണ്ടിരുന്ന നാരായണേട്ടന്‍ പെട്ടന്ന്‍ നിന്നു.
"വടക്കേലെ ദേവകിയുടെ കാര്യമാണോ നിങ്ങള്‍ ചോദിയ്ക്കുന്നത്.കഷ്ടം ആരും തിരിഞ്ഞു നോക്കാനില്ലാതെ പട്ടിണിയും രോഗോമൊക്കെയായി നരകിച്ചു നരകിച്ചാ പാവം മരിച്ചത്.ഒന്നൊന്നരകൊല്ലായി.രണ്ടു മക്കളൊണ്ടായിരുന്നെന്ന്‍ പറഞ്ഞിട്ടെന്താ കാര്യം.അനാഥപ്രേതത്തിനെപ്പോലെ കുഴിച്ചിടുകയായിരുന്നു.ഒരു ആണ്‍ചെറുക്കനൊണ്ടായിരുന്നത് പത്തുപതിനഞ്ച് കൊല്ലം മുമ്പ് നാടുവിട്ടുപോയതാ.ചത്തോ ജീവിച്ചിരിക്കുന്നോ എന്നുപോലും ആര്‍ക്കുമറിയില്ല.പിന്നെയൊള്ള മോള്.അത് പറയാതിരിക്കുകയാ ഭേദം.അല്ല ഇതൊക്കെ ചോദിക്കുവാന്‍ നിങ്ങളാരാ.അവരുടെ ബന്ധുവോ മറ്റോ ആണോ"
നടവഴിയില്‍ ഒരു പ്രതിമകണക്കേ നിശ്ചലം നിന്ന അയാളുടെ തോളില്‍ പിടിച്ചു കുലുക്കിക്കൊണ്ട് നാരായണേട്ടന്‍ ചോദിച്ചപ്പോള്‍ അയാള്‍ ഞെട്ടിയുണര്‍ന്നു.കണ്ണുകളില്‍ ഉറഞ്ഞുകൂടിയ നീര്‍മണികള്‍ നാരായണേട്ടന്‍ കാണാതെ തുടച്ചുകൊണ്ടയാള്‍ മെല്ലെ നടത്തം തുടര്‍ന്നു.
"കാര്യം ദേവകി പെഴയൊക്കെതന്നേരുന്നു.രണ്ടു മക്കളേം ഒണ്ടാക്കിയിട്ട് കള്ളുകുടിച്ച് അടിയുമൊണ്ടാക്കിനടന്ന ദിവാരന് വീട്ടുകാര്യം നോക്കാനെങ്ങാനും സമയോണ്ടാരുന്നോ.ഒടുവില്‍ പാടത്തിട്ട് ആരൊ കുത്തിക്കൊല്ലുകാര്‍ന്നു.ആറേഴു കുത്തൊണ്ടായിരുന്നു മേത്ത്.മക്കളെ വളത്താനായി മറ്റൊരു വഴീമില്ലാണ്ടായപ്പോ ദേവകി പിഴച്ചു.അതിനവളെ കുറ്റം പറയാനൊക്കോ.പത്തു പതിനാലു വയസ്സുവരെ കഷ്ടപ്പെട്ട് വളര്‍ത്തിയപ്പോ ആ ചെക്കന്‍ ഒരു ദെവസം കേറിയെടഞ്ഞേക്കണ്. തള്ളേടെ തൊഴിലുമൂലം അവനു മാനക്കേട് സഹിക്കാന്‍ പറ്റണില്ലാത്രേ. അല്ല അവനേം കുറ്റം പറഞ്ഞിട്ട് കാര്യമില്ല.ചെക്കന്‍ വലുതായപ്പോ അവനു മനസ്സിലാവൂല്ലേ എല്ലാം.ഒടുവീ ഒരീസം വീട്ടിലെ കലോം ചട്ടീമൊക്കെ വാരിവലിച്ചുപൊട്ടിച്ചിട്ട് ചെക്കനെങ്ങാണ്ടോടിപ്പോയി. പത്തു പതിനഞ്ച് വയസ്സായ അവന് വല്ല കൂലിപ്പണിയ്ക്കും പോയി അമ്മയെം പെങ്ങളേം നോക്കിക്കൂടാരുന്നോ.അതീപ്പിന്നെ ദേവകി അപ്പണി നിര്‍ത്തി. വീടുകളിലൊക്കെപ്പോയി കൊച്ചുകൊച്ചു ജോലിയൊക്കെചെയ്ത് ആ പെങ്കൊച്ചിനെ വളര്‍ത്തി.പറഞ്ഞിട്ടെന്താ കാര്യം തള്ളേടല്ലേ മോള്. ഹെയ്..ഹെ നില്ല് പശൂ. ഇതെവിടെ ഓടേണ്".പെട്ടന്ന്‍ കയറും വലിച്ചുകൊണ്ട് വയലിലെയ്ക്കോടിയെറങ്ങിയ പശൂന്റെ പിറകേ നാരായണേട്ടന്‍ വയലിലേയ്ക്കു ചാടി.
വയല്‍വരമ്പേ നടക്കുമ്പോള്‍ അയാളുടെ കാലുകള്‍ ബലം നഷ്ടപ്പെട്ടതുപൊലെ വിറയ്ക്കുന്നുണ്ടായിരുന്നു.എവിടെയെങ്കിലും ഒന്നിരിയ്ക്കാന്‍ അയാള്‍ കൊതിച്ചു.അമ്പലത്തിനടുത്തെ കൊച്ചു ചായക്കടയിലെ ബെഞ്ചിലായി തളര്‍ന്നിരുന്ന അയാള്‍ ഒരു ചായ പറഞ്ഞശേഷം മേശമേലിരുന്ന ജഗ്ഗിലെ മുഴുവന്‍ വെള്ളവും കുടിച്ചു തീര്‍ത്തു.വിറയാര്‍ന്ന കൈകളാലൊരു സിഗററ്റെടുത്ത് ചുണ്ടില്‍ വച്ചു കൊളുത്തിയശേഷം അയാള്‍ ചുറ്റുമൊന്നു നോക്കി.കടയിലിരിക്കുന്ന രണ്ടുമൂന്നുപേര്‍ തന്നെ തന്നെ ഉറ്റു നോക്കുന്നു.കടക്കാരന്‍ നീട്ടിയ ചായമേടിച്ചുകുടിച്ചുകൊണ്ടിരിക്കുമ്പോള്‍ പശുവിനെ ഒരു തെങ്ങില്‍ കെട്ടിയിട്ട് നാരായണേട്ടനുമെത്തി.ചായ കുടിച്ചുകഴിഞ്ഞ് കാശും കൊടുത്തിട്ട് അയാള്‍ പെട്ടന്ന്‍ അവിടെ നിന്നുമെഴുന്നേറ്റ് നടക്കാനാരംഭിച്ചു.
"അല്ല ആരാണെന്ന്‍ പറഞ്ഞില്ലല്ലോ".
പുറകില്‍ നിന്നും നാരായണേട്ടന്‍ വിളിച്ചു ചോദിക്കുന്നത് അയാള്‍ കേട്ട ഭാവം നടിച്ചില്ല. സന്ധ്യ മയങ്ങിത്തുടങ്ങിക്കഴിഞ്ഞിരുന്നു. വീതിയേറിയ ആ വരമ്പിന്റെ തലയ്ക്കല്‍ നിന്നുകൊണ്ട് അയാള്‍ പ്രേതഭവനം പോലെ വാഴപ്പണകള്‍ക്കിടയില്‍ നില്‍ക്കുന്ന ആ കൊച്ചുമാടത്തിലേയ്ക്കു സൂക്ഷിച്ചു നോക്കി. മെല്ലെ വരമ്പിലൂടെ നടന്നയാള്‍ ആ മുറ്റത്തെത്തി. ചിതലുകേറി ഏകദേശം നിലം പൊത്താറായിരിക്കുന്ന ആ കൂരയുടെ മുമ്പില്‍ എല്ലാം നഷ്ടപ്പെട്ടവനെപ്പോലെ അയാള്‍ നിന്നു.മുറ്റം നിറയെ കാടുപിടിച്ചുകിടക്കുന്നു. ഇരുട്ടിനു കട്ടി കൂടിക്കൂടി വരുന്നു. എല്ലാം നഷ്ടപ്പെട്ടുപോയ ഒരു സ്ത്രീയുടെ ദയനീയമായ തേങ്ങല്‍ അയാളുടെ കാതില്‍ അലയടിക്കുന്നുണ്ടായിരുന്നു.പൊട്ടിപ്പൊളിഞ്ഞ ആ തിണ്ണയില്‍ ഇരുട്ടിനെ സാക്ഷിയാക്കി അയാളിരുന്നു.
"എടാ ശിവാ മോളു വീഴാതെ പിടിച്ചോടാ"
വളരെയകലെനിന്നെങ്ങോ കേള്‍ക്കുന്നതുപോലെയുള്ള സ്വരം കേട്ട് ഒരു കുഞ്ഞിക്കയ്യില്‍ മുറുക്കെപിടിക്കാനെന്നവണ്ണം ഇരുളിലേയ്ക്ക് അയാള്‍ കൈകള്‍ നീട്ടി.
"പത്തു പതിനഞ്ച് വയസ്സായ അവന് വല്ല കൂലിപ്പണിയ്ക്കും പോയി അമ്മയെം പെങ്ങളേം നോക്കിക്കൂടാരുന്നോ".
തന്നോടു നാരായണേട്ടന്‍ പറഞ്ഞ വാചകങ്ങള്‍ അവന്റെ ഉള്ളത്തിലിരുന്നു പൊള്ളിക്കൊണ്ടിരുന്നു.ആ അഴുക്കു നിറഞ്ഞ തറയില്‍ മലര്‍ന്നുകിടന്ന അയാളുടെ കവിളുകളിലൂടെ കണ്ണീര്‍ച്ചാലുകള്‍ ഒഴുകിക്കൊണ്ടിരുന്നു.എന്തിനായിരുന്നിരിയ്ക്കാം താനന്ന്‍ ഓടിപ്പോയത്.അറിയില്ല.എന്നിട്ടു താനെന്തുനേടി.അതുമറിയില്ല.ഇപ്പോള്‍ ഇത്രയും കാലത്തിനുശേഷം താനെന്തിനായിട്ടാണ് തിരിച്ചു വന്നത്.തന്റെ പാവം അമ്മ പട്ടിണികിടന്ന്‍ ആരും നോക്കാനില്ലാതെ നരകിച്ചു മരിച്ചവാര്‍ത്ത കേള്‍ക്കാനോ.അതോ അമ്മയുടെ വഴി സ്വീകരിച്ച് ആരുടേയോകൂടെ പോയ പെങ്ങളെക്കുറിച്ചറിയാനോ.താനന്ന്‍ എന്തെലും കൂലിപ്പണിയ്ക്കൊക്കെപ്പോയി വീടു നോക്കിയിരുന്നെങ്കില്‍.....ഇരുട്ടിലിരുന്ന്‍ വിതുമ്പുന്ന ഒരു രൂപത്തിനുനേരെ കൈകളുയര്‍ത്തി കൂപ്പിക്കൊണ്ടയാള്‍ ഉറക്കെയുറക്കെ കരഞ്ഞു.അതിനൊട്ടും ശബ്ദമില്ലായിരുന്നു.നെഞ്ചിന്‍ കൂടിനകത്ത് അതിശക്തമായൊരു വേദന ഉടലെടുത്തുവൊ.അയാള്‍ തന്റെ കണ്ണുകള്‍ മെല്ലെപൂട്ടി.ശുഷ്കിച്ച രണ്ടു കൈത്തലങ്ങള്‍ തന്റെ കവിളില്‍ തലോടി തന്നെയാശ്വസിപ്പിക്കുന്നതായി അയാള്‍ക്കു തോന്നി.കണ്ണുതുറക്കാതെ ആ തലോടലിന്റെ സുഖവും പേറി അയാള്‍ തന്റെ ഉറക്കമാരംഭിച്ചു.ഒരിക്കലും ഉണരാത്ത ഉറക്കം......
ശ്രീക്കുട്ടന്‍
വിഷയത്തിനു പുതുമയില്ല എങ്കിലും അവതരണശൈലി മികച്ചു നില്‍ക്കുന്നു.
ReplyDelete-------------------------
"ഇവിടെ ആരെ കാണാനാ" പശുവിനേയും പിടിച്ച് കൂടെ നടന്നുകൊണ്ട് നാരായണേട്ടന്‍ വീണ്ടും ചോദിച്ചു.
ഈ വരി രണ്ട് പ്രാവശ്യം എഴുതിയിട്ടുണ്ടല്ലോ....
ഹംസാക്കാ,
ReplyDeleteഅഭിപ്രായത്തിനു നന്ദി.കറക്ട് ചെയ്തിട്ടുണ്ട്.
വിഷയത്തിനു തകരാറൊന്നുമില്ല. എഴുത്തും മോശമില്ല. എങ്കിലും ഒരല്പം കൂടി തീവ്രത വരുത്തണം. നാരായണെട്ടന്റെ കഥ പറച്ചില്‍ ഒറ്റയടിയ്ക്കാക്കാതെ കുറച്ചുകൂടി സ്വാഭാവികമാക്കാമായിരുന്നു. കഥയെഴുമ്പോള്‍ അത് നമ്മുടെ കണ്മുന്നില്‍ സംഭവിയ്ക്കുന്നതായി കാണുക. അപ്പോള്‍ സ്വാഭാവികത വരും.
ReplyDeleteശ്രീക്കുട്ടന്റെ ഉള്ളില്‍ നല്ലൊരെഴുത്തുകാരന്‍ ഉണ്ട്. ക്രമേണ അത് തെളിഞ്ഞുകൊള്ളും.
ആശംസകള്‍
nannai ezhuthiyirikkunnu..eniyum ezhuthoo..nalla nalla kadhakal eniyum piravi edukkatte.
ReplyDeleteശ്രീക്കുട്ടാ. ഒരുപാട് വൈകിയാ വരുന്നത്. ക്ഷമിക്കുക.
ReplyDeleteബിജു പറഞ്ഞ പോലെ. വിഷയത്തില്‍ പുതുമ ഇല്ലെങ്കിലും ഇത്തിരി കൂടെ വികാരം ഉള്‍കൊണ്ട് തീവ്രത വരുത്താമായിരുന്നു.
ഒഴുക്കന്‍ മട്ടില്‍ പറഞ്ഞു പോയ പോലെ തോന്നി. ഇത്തിരി എങ്കിലും അത് വന്നത് അവസാന പാരഗ്രാഫില്‍ മാത്രം.
എന്നാലും എഴുതിയത് നന്നായി എഴുതി. (പറഞ്ഞു വന്നപ്പോള്‍ ഞാന്‍ ഐഡിയ സ്റ്റാര്‍ സിങ്ങേറിലെ ജഡ്ജ് ആയി പോയോ?)