"എടീ സുനന്ദേ...എന്തൊരുറക്കമാടീയിത്.എത്രനെരംകൊണ്ട് വിളിക്കേണ് നിന്നെ.സമയമെത്രയായീന്ന്‍ വല്ല വിചാരോമൊണ്ടോ.ആ ചായപ്പാത്രമെടുത്ത് ഒത്തിരി വെള്ളമനത്തണോന്നോ മറ്റോ വല്ല വിചാരോമൊണ്ടോ.നാളെയേതെങ്കിലും വീട്ടീച്ചെന്നുകേറുമ്പം അവര് എന്നെയായിരിക്കുമല്ലോ ദൈവമേ തെറിവിളിക്കുക"
പതിവുപോലെതന്നെ മാധവി ഒച്ചയെടുത്തുകൊണ്ട് പാത്രം തേച്ചുകഴുകല്‍ തുടര്‍ന്നു.
പൊതച്ചിരുന്ന കൈലി എടുത്തുമാറ്റിയിട്ട് കൈകാലുകള്‍ ഒന്നു നിവര്‍ത്തിക്കൊണ്ട് സുനന്ദ പായില്‍ എഴുന്നേറ്റിരുന്നു.
"ഈ അമ്മച്ചിക്ക് എന്തിന്റെ കേടാ.ഒന്നൊറങ്ങാനും കൂടി സമ്മതിക്കുകേലല്ലോ.നേരം വെളുക്കും മുമ്പേ എണീറ്റിട്ട് കളക്ടറുദ്യോഗത്തിനൊന്നും പോകേണ്ടതല്ലല്ലോ. സുധാകരന്‍ സാറിന്റെ വീട്ടില് അടിച്ചുവാരാനും കഴുവാനായിട്ടും തന്നല്ലോ പോണത്"
ചായപ്പാത്രം കഴുകി വെള്ളമെടുക്കാനായി പുറത്തേയ്ക്കു വന്ന സുനന്ദ തലചൊറിഞ്ഞുകൊണ്ട് മാധവിയോട് പറഞ്ഞു.
"എന്താടീ ഒരു കൊറച്ചില് പോലെ. നിന്നെ ഇത്രേം വളര്‍ത്തിയതും പഠിപ്പിച്ചതുമൊക്കെ ആ വീട്ടില് തൂത്തു തൊടച്ചിട്ടു തന്നാ. അല്ലാതെ മൂന്നാം വയസ്സില് നിന്നേം കളഞ്ഞേച്ച് എന്നേം വിട്ടു പോയ നിന്റെ അച്ഛന്‍ സുകുമാരന്‍ ആണോ ചെലവിനു തന്നുകൊണ്ടിരുന്നത്.മര്യാദയ്ക്കു പോയി ചായയിടെടീ.ഒത്തിരി ചൂടുവെള്ളം കുടിച്ചേച്ചു വേണം പോകാന്‍.ഇന്ന് ഒത്തിരി നേരത്തേ ചെല്ലണമെന്ന്‍ സൌദാമിനി ചേച്ചി പറഞ്ഞിട്ടൊണ്ട്.അവിടുത്തെ കൊച്ചിനെ ഇന്നു കാണാനാരാണ്ടൊരുകൂട്ടര് വരുന്നുണ്ടത്രേ"
സുനന്ദയോടായി പറഞ്ഞിട്ട് മാധവി പാത്രം കഴുകല്‍ തുടര്‍ന്നു.
ചായ തിളപ്പിച്ചുകൊണ്ടിരിക്കുമ്പോള്‍ സുനന്ദ അവളുടെ അച്ഛനെക്കുറിച്ചോര്‍ത്തു.ഇടയ്ക്കു ചിലപ്പോഴൊക്കെ അച്ഛന്‍ തന്നെ രഹസ്യമായി സ്കൂളില്‍ വന്നു കാണാറുണ്ട്. അമ്മയോട് ഇതേവരെയത് പറഞ്ഞിട്ടില്ല.പലപ്പോഴും പോകാന്‍ നേരം കയ്യില് കൊറച്ച് കാശുവച്ചുതരും. പക്ഷേ താനത് ഇതേവരെ മേടിച്ചിട്ടില്ല.തന്നേയും അമ്മയെയും ഉപേക്ഷിച്ചുപോയതെന്തിനാണെന്നു പലവുരു താന്‍ അച്ഛനോടു ചോദിക്കണമെന്നു കരുതിയിട്ടുണ്ട്.പക്ഷെ എന്തുകൊണ്ടോ തനിക്കതിനു കഴിഞ്ഞിട്ടില്ല. അച്ഛന്റെ കണ്ണുകളില്‍ പലപ്പോഴും നീര്‍മണികള്‍ ഉരുണ്ടുകൂടുന്നത് താന്‍ കണ്ടിട്ടുണ്ട്.
"എടീ മൂധേവീ.നീ ഇതെന്നാ സ്വപ്നം കാണുവാ ചായ തെളച്ചു കളയുന്നത് കണ്ടില്ലേ"
പാത്രങ്ങളുമായി അകത്തെയ്ക്കു വന്ന മാധവി സുനന്ദയെ ശകാരിച്ചിട്ട് പെട്ടന്ന്‍ ചായപ്പാത്രം വാങ്ങിവച്ചു.
"അമ്മേ ഞാനൊരു കാര്യം ചോദിച്ചാല്‍ അമ്മ മറുപടി പറയുമോ"
ഗ്ലാസ്സിലേയ്ക്കു പകര്‍ന്ന ചായയെടുത്തുകൊണ്ട് മാധവി മകളുടെ മുഖത്തേയ്ക്കു നോക്കി.
"അച്ഛന്‍ മടങ്ങിവന്നാല്‍ അമ്മ ഇനി ഈ വീട്ടില്‍ കേറ്റുമോ"
കയ്യിലെടുത്ത ചായഗ്ലാസ്സ് അതേപോലെ താഴെവച്ചിട്ട് മാധവി തന്റെ മുഷിഞ്ഞ വേഷം മാറാനാരംഭിച്ചു.
"പറയമ്മെ.വീട്ടില്‍ കേറ്റുമോ".
"നിനക്ക് പിച്ചവയ്ക്കാറാകും മുമ്പ് ഇവിടുന്ന്‍ പോയ മനുഷ്യനാണ്.ഞാനെന്തു തെറ്റു ചെയ്തിട്ടാ.ഒരു ജോലിയ്ക്കും പോകാതെ കള്ളും കുടിച്ച് ചീട്ടും കളിച്ചു മാത്രം നടന്ന അങേര് ഒരിക്കലും എന്നെ സ്നേഹത്തോടെയൊന്നു നോക്കീട്ടു കൂടിയില്ല. ഒണ്ടായിരുന്നതെല്ലാം വിറ്റുതൊലച്ച് നിന്നേം തന്നിട്ട് ഒരു ദെവസം എറങ്ങിയെങ്ങോട്ടോ പോയി. സുധാകരന്‍ സാറിന്റെ വീട്ടിലെ അടുക്കളപ്പണി കിട്ടിയത്കൊണ്ട് പട്ടിണി കിടന്നു ചത്തില്ല"
മൂക്കുപിഴിഞ്ഞുകൊണ്ട് മാധവി തുടര്‍ന്നു
"ഭര്‍ത്താവില്ലാതെ കൂട്ടിനാരുമില്ലാതെ ഒരു ചെറുപ്പക്കാരി ഒറ്റയ്ക്ക് കഴിയുന്നതില്‍ വിഷമം പൂണ്ട പല നല്ലവരും സഹായം നീട്ടിക്കൊണ്ട് വന്നിട്ടൊണ്ട്.എല്ലാം അതിജീവിച്ച് നിന്നെ പതിനഞ്ച് വയസ്സുവരെ വളര്‍ത്താന്‍ ഞാന്‍ പെട്ട പാട്.അതെനിക്കേയറിയൂ.ഇത്രേം നാളില്ലാതിരുന്ന ഒരു ഭര്‍ത്താവിനെ എനിക്കിനി വേണ്ട". തലമുടി വാരിക്കെട്ടിക്കൊണ്ട് തോര്‍ത്തെടുത്തു തോളിലിട്ടിട്ട് മാധവി പുറത്തേയ്ക്കിറങ്ങി.
"പക്ഷേ എനിക്കൊരച്ഛനെ വേണം"
അകത്തു നിന്നും ഉറക്കെ സുനന്ദയുടെ വാക്കുകള്‍ കേട്ട മാധവി ഒരു നിമിഷം നിശ്ഛലമായി നിന്നു. നിറഞ്ഞ മിഴികള്‍ തുടച്ചുകൊണ്ട് മാധവി നടന്നു.പാവം തന്റെ മകള്‍ പല കുത്തുവാക്കുകളും കേള്‍ക്കുന്നുണ്ടായിരിക്കും.അവള്‍ വല്യ കുട്ടിയായില്ലേ.എന്നിരുന്നാലും ആ മനുഷ്യന്‍ എന്തിനാണു തന്നെയും മകളേയും പെരുവഴിയില്‍ ഉപെക്ഷിച്ചുപോയത്.ഇനി ജീവിതത്തിലൊരിക്കലും ആ മുഖം തന്റെ കണ്മുമ്പില്‍ കാണാനിടവരുത്തരുതേ. മാടന്‍ നടയുടെ മുമ്പിലെത്തിയ മാധവി മനമുരുകി പ്രാര്‍ഥിച്ചു.
.....................................................................................
തന്റെ കയ്യും പിടിച്ചു സ്നേഹത്തോടെ തന്നെ നോക്കുന്ന അച്ഛനെ സുനന്ദ ഒരു നിമിഷം ശ്രദ്ധിച്ചു.ആകെ കോലം കെട്ടപോലുണ്ട്.കഴിഞ്ഞ തവണ കണ്ടതിനെക്കാളും തളര്‍ന്നിരിക്കുന്നു.
"അച്ഛനെന്താ വീട്ടിലേയ്ക്കു വരാത്തത്"
അയാള്‍ തന്റെ മകളുടെ മുഖത്തേയ്ക്കു സൂക്ഷിച്ചുനോക്കി.
"അമ്മയ്ക്ക് സുഖമാണോ മോളേ"
ആദ്യമായി അച്ഛന്‍ അമ്മയുടെ കാര്യം ചോദിച്ചപ്പോള്‍ സുനന്ദ ഒന്നമ്പരന്നു.
"അതെയച്ഛാ"
"വെറുപ്പായിരിക്കുമല്ലേ എന്നോടിപ്പോഴും.ഞാനതര്‍ഹിക്കുന്നു.സാരമില്ല.എന്നെങ്കിലും നീ നിന്റമ്മയോടു പറയണം ഈ പാപി മാപ്പു ചോദിച്ചിരുന്നുവെന്നു.അമ്മയെ മോളൊരിക്കലും വിഷമിപ്പിക്കരുതു കേട്ടോ"
"അമ്മയ്ക്ക് വെറുപ്പൊന്നും കാണില്ലച്ഛാ.അച്ഛന്‍ വീട്ടിലേയ്ക്ക് വരണം.അമ്മ പാവമാണ്"
"മോളു ചെല്ല് ക്ലാസ്സു തൊടങ്ങാറായി."അവളുടെ തലയില്‍ സ്നേഹപൂര്‍വ്വം തലോടിയിട്ട് അയാള്‍ പറഞ്ഞു.അവള്‍ സ്കൂളിനകത്തേയ്ക്കു നടന്നുപോകുന്നത് നോക്കി കുറേനേരം നിന്നശേഷമയാള്‍ തിരിഞ്ഞു നടന്നു.
..................................................................................
പതിവുപോലെ അമ്മയുടെ ശകാരം കേട്ടാണ് സുനന്ദ അന്നുമുണര്‍ന്നത്.സമയം ആറായി.മഴ പെയ്യുന്നുണ്‍റ്റെന്നു തോന്നുന്നു.പെട്ടന്നെഴുന്നേറ്റ അവള്‍ ചായപ്പാത്രത്തില്‍ വെള്ളമെടുത്ത് അടുപ്പത്തു വച്ചു.ചായ തയ്യാറാക്കി വാങ്ങിവച്ചപ്പോഴേയ്ക്കും മാധവി പാത്രങ്ങളെല്ലാം കഴുകിപ്പെറുക്കി അടുക്കളയിലേയ്ക്കു വന്നു.ഇന്നവര്‍ക്ക് കൊറച്ചു താമസിച്ചു പോയാല്‍ മതി.സുധാകരന്‍ സാറും കുടുംബവും ഉച്ചയാകുമ്പോഴേയ്ക്കെ എത്തൂ. പുറത്ത് മഴ ചെറുതായി ശക്തിപ്രാപിച്ചുത്തുടങ്ങിയിരുന്നു.ചായകുടിച്ചുകൊണ്ടിരിയ്ക്കുമ്പോഴാണു മുറ്റത്താരുടേയോ ഒച്ച കേട്ടതുപോലെ തോന്നിയത്.
"ഒന്നു പോയി നോക്കിയേടി ആരാണെന്ന്‍" മാധവി മകളോടായി പറഞ്ഞു.
"എനിക്കു മേലാ അമ്മ പോയി നോക്ക്".മുഖം ചുളിച്ച്പറഞ്ഞുകൊണ്ട് അവള്‍ ചായഗ്ലാസ് ചുണ്ടോടടുപ്പിച്ചു.
"നീ ഇതേപ്പോലെ കേറിച്ചെല്ലുന്നേടത്ത് കാട്ടിയാ വെവരമറിയും" ദേക്ഷ്യപ്പെട്ട് പറഞ്ഞുകൊണ്ട് മാധവി ഇറയത്തെയ്ക്കു ചെന്നു.
"വാര്‍മുകിലേ വാനില്‍ നീ വന്നു നിന്നാല്‍....."
ചായകുടിച്ചശേഷം സുനന്ദ തന്റെ ഇഷ്ടഗാനം പാടിക്കൊണ്ട് ചോറുവയ്ക്കാനായിട്ട് വെള്ളമടുപ്പില്‍ വച്ചു കത്തിച്ചു.അല്‍പ്പനേരം കഴിഞ്ഞിട്ടും അമ്മയെക്കാണാത്തത് കൊണ്ട് അവള്‍ ഇറയത്തേയ്ക്കു ചെന്നു. തന്റെ മുമ്പിലെ കാഴ്ച കണ്ട സുനന്ദ അത്ഭുതസ്തബ്ധയായി ഒരു നിമിഷം നിന്നു.അവള്‍ക്കു തന്റെ കണ്ണുകളെ വിശ്വസിക്കാനായില്ല.ഇറയത്ത് ബെഞ്ചിലിരിക്കുന്ന അച്ഛന്റെ മടിയില്‍ തലവയ്ച്ച് മയങ്ങിയിരിക്കുന്ന അമ്മയെ അവള്‍ കണ്ണെടുക്കാതെ നൊക്കി നിന്നു.അമ്മയുടെ കവിളുകളില്‍ കൂടി കണ്ണുനീര്‍ ഒലിച്ചിറങ്ങുന്നുണ്ടായിരുന്നു.ശബ്ദമില്ലാതെ അമ്മ കരയുകയാണ്.അച്ഛന്റെ കൈകള്‍ അമ്മയെ ചേര്‍ത്തുപിടിച്ചിരിയ്ക്കുന്നു.അച്ഛനോടുള്ള എല്ലാ പിണക്കങ്ങളും ഒറ്റ നിമിഷം കൊണ്ട് മറന്നപോലെ അമ്മ ആ കൈകള്‍ക്കുള്ളിലേയ്ക്കു ചുരുണ്ടുകൂടിയിരിയ്ക്കുന്നു.ആ നിമിഷത്തിനു സാക്ഷിയെന്നോണം മഴ തിമിര്‍ത്തുപെയ്യുകയാണു.ആ സ്വര്‍ഗ്ഗത്തില്‍ നിന്നും ശബ്ദമുണ്ടാക്കാതെ സുനന്ദ മെല്ലെ അടുക്കളയിലേയ്ക്കു മടങ്ങി.
കെടാറായ അടുപ്പിലെ തീ അവള്‍ ഊതിക്കത്തിയ്ക്കുമ്പോള്‍ അവളുടെ കണ്ണുകള്‍ നിറഞ്ഞിരുന്നു.അത് അടുപ്പിലെ പുക കണ്ണിലടിച്ചതുകൊണ്ടായിരുന്നില്ല.
ശ്രീക്കുട്ടന്‍
ഈ കഥ വളരെ നന്നായിട്ടുണ്ട് കേട്ടോ. വളരെ ലളിതമായി ഒരു സ്നെഹത്തിന്റെ കഥ പറഞ്ഞിരിയ്ക്കുന്നു. അമ്മയെ പേര്‍ ചൊല്ലിപ്പറയുന്നതിനു പകരം മാധവിയമ്മ എന്നു പറഞ്ഞാല്‍ കുറച്ചുകൂടി നന്നായെനെ എന്നെനിയ്ക്കു തോന്നി.
ReplyDeleteആശംസകള്‍
നല്ല ചെറിയ ഒരു കഥ,എനിക്കിഷ്ടായി.
ReplyDelete..
ReplyDeleteനന്നായിട്ടുണ്ട് :)
..
കഥ കൊള്ളാം.
ReplyDeleteകൊള്ളാം.
ReplyDeleteNannaayittundu!
ReplyDelete