Monday, July 26, 2010

അവന്റെ ആദ്യത്തെ തിരുമുറിവ്

1986 ലെ ഒരു വേനല്‍ദിനം.സമയമേകദേശം വൈകിട്ടു നാലുമണികഴിഞ്ഞിരിക്കുന്നു.പരവതാനി വിരിച്ചതുപോലെ നീണ്ടുനിവര്‍ന്നു ആലസ്യം പൂണ്ടതുപോലെകിടക്കുന്ന പാടശേഖരത്തിനു നടുവിലൂടെയുള്ള ചെറിയ തോട്ടുവരമ്പേ കയ്യിലൊരു ചോറ്റുപാത്രവും തൂക്കിപ്പിടിച്ച് അവനങ്ങിനെ ആടിക്കുണുങ്ങി വരുകയാണു.മറ്റാരുമല്ല. നമ്മുടെ കഥാനായകന്‍ തന്നെ.ഇഷ്ടന്റെ ചുണ്ടത്ത് ഒരു പാട്ട് തത്തിക്കളിക്കുന്നുണ്ട്.പാട്ട് കുട്ടിയിലേ വളരെയിഷ്ടമായിരുന്നാശാന്.സംഗീതം പഠിക്കണമെന്ന കടുത്ത ആഗ്രഹം ഉണ്ടായിരുന്നെങ്കിലും അതവന്‍ പുറത്ത് പ്രകടിപ്പിച്ചിരുന്നില്ല.വീട്ടിലെ ദാരിദ്ര്യത്തിന്റെ ദയനീയത ഏകദേശം മനസ്സിലാക്കാവുന്ന പ്രായമൊക്കെ അവനുണ്ടായിരുന്നു.

ഗ്രാമത്തെ രണ്ടായിപകുത്തുമാറ്റുന്നതുപോലെയാണ് വയലേലകളുടെ കിടപ്പ്.വയലിനെ കൃത്യമായി കീറിമുറിച്ചുകൊണ്ട് ഒരു ചെറുതോടൊഴുകുന്നുണ്ട്.മഴക്കാലത്ത് ഈ തോട്ടില്‍ നിറയെ വെള്ളമുണ്ടാകും.എല്ലാപേരുടേയും കുളിയും നനയുമൊക്കെ അതില്‍ തന്നെയാണ്.മാനത്തുകണ്ണികളും സിലോപ്പി മീനും വരാലും ഒക്കെ ഇഷ്ടമ്പോലെ നീന്തിത്തുടിക്കുന്ന ആ തോട്ടിലാണ് നമ്മുടെ നായകനും അതേ കൊലയിലുള്ള അനിയന്‍ കുട്ടിയും പിന്നെ ഗ്രാമത്തിലെ മറ്റു മാക്രിപ്പിള്ളേരും ഒക്കെ അര്‍മ്മാദിക്കുന്നത്.മഴക്കാലം കഴിഞ്ഞ് വേനല്‍ തുടങ്ങുന്നതോടെ വയലുകള്‍ക്കൊപ്പം തോടും വറ്റി വരളും.സ്കൂളടച്ചുകഴിഞ്ഞാല്‍ പിന്നെ കളി മുഴുവന്‍ വയലിലായിരിക്കും.അത്രയ്ക്കു വിശാലമായ പ്ലേഗ്രൌണ്ട് വേറെവിടെകിട്ടും.

പറഞ്ഞുപറഞ്ഞ് ഞാന്‍ സംഭവത്തില്‍ നിന്നും അകന്നുപോയി.നമ്മുടെ നായകന്‍ തോട്ടുവരമ്പേ വരികയാണു.കയ്യിലുള്ള ചോറ്റുപാത്രത്തില്‍ ഉള്ളത് കൊറച്ച് പായസമാണു.ആശാന്റെ ഒരേയൊരു പുണ്യമാമാശ്രീയുടെ വീട്ടില്‍ നിന്നും കൊടുത്തയച്ചതാണത്.മാമാശ്രീയും കുടുംബവും താമസിക്കുന്നത് അല്‍പ്പം ദൂരെയാണ്.ഒരു അരമണിക്കൂര്‍ നടന്നുപോകുവാനുള്ള ദൂരമേയുള്ളു കേട്ടോ.അവിടെ നിന്നും കൊടുത്തയച്ച ആ പായസവുമായി രണ്ടുമണികഴിഞ്ഞപ്പോഴേ
തിരിച്ചതാണു.തോട്ടിലും വയലിലുമൊക്കെ മറിഞ്ഞു മറിഞ്ഞു ആശാന്‍ വീട്ടിനടുത്തെത്താറായപ്പോഴേയ്ക്കാണ് ആ ദുരന്തം സംഭവിച്ചത്. വയലിന്റെ നടുക്കായിരുന്ന ഒരു കൊക്കിനെ നോക്കിക്കൊണ്ട് നടന്ന പുള്ളിക്കാരന്‍ വര‍മ്പിനുകുറുകേയുണ്ടായിരുന്ന മട ശ്രദ്ധിച്ചില്ല.അതില്‍ കാലുമടങ്ങി ദേ കിടക്കുന്നു ഉണങ്ങിവരണ്ടു കിടക്കുന്ന തോട്ടിനുള്ളില്‍.
പാറപോലെ ഉറച്ചുകിടക്കുന്ന തറയില്‍ വീണ ആശാന്റെ ബോധം അപ്പോഴേ പോയി.

മുഖത്ത് തണുത്ത വെള്ളം വീണപ്പോള്‍ അവന്‍ മെല്ലെ കണ്ണുകള്‍ തുറന്നു.താഴത്തെ വീട്ടിലെ പങ്കജാക്ഷിയമ്മയാണു.ആദ്യം അവന്‍ നോക്കിയത് തൊട്ടടുത്തിരുന്ന ചോറ്റുപാത്രത്തിലേയ്ക്കായിരുന്നു.വലതുകൈകൊണ്ട് അതെത്തിയെടുത്തപ്പോള്‍ അവനു സങ്കടം സഹിക്കാനായില്ല. അതിലുണ്ടായിരുന്ന പായസംമുഴുവന്‍ ചരിഞ്ഞുപോയായിരുന്നു.പായസം തിന്നാനായി കൊതിയോടെ കാത്തിരിക്കുന്ന തന്റെ അനിയന്റേയും കുഞ്ഞനുജത്തിയുടേയും മുഖങ്ങള്‍ ഒരു നിമിഷം അവന്റെ മനസ്സിലൂടെ കടന്നുപോയി.ഇടതുകൈകുത്തിയെഴുന്നേല്‍ക്കാന്‍ ശ്രമിച്ച അവന്‍ ഒരു നിലവിളിയോടെ തറയിലേയ്ക്ക് മറിഞ്ഞു.ഇടതുകൈ മുട്ടിന്റവിടെവച്ച് ഒടിഞ്ഞിരിക്കുകയാണ്.വേലയ്ക്കു പോയിരിക്കുന്ന അമ്മ മടങ്ങിവന്നിട്ടുവേണം ആശുപത്രിയില്‍ കൊണ്ടുപോകാന്‍.ഒരു ചെറിയ തോര്‍ത്തുകൊണ്ട് കയ്യ് കഴുത്തില്‍ കെട്ടിതൂക്കിയിട്ടിട്ട് അവനെ വീട്ടിലേയ്ക്കു കൊണ്ടുപോയി.തൊട്ടടുത്ത വീട്ടിലെ പിള്ളെരുമായി കളിച്ചുകൊണ്ടിരുന്ന അനുജന്‍ ഓടി വന്നു.കൂടെ തെറിച്ച് തെറിച്ച് അനുജത്തിയും.വേദനിച്ചു കരഞ്ഞുകൊണ്ടിരിക്കുന്ന ചേട്ടനെകണ്ടപ്പോള്‍ അവരും കൂടെകൂടി.

കൂലിപ്പണി കഴിഞ്ഞ് മുഷിഞ്ഞുനാറിയ വേഷവുമായി വന്ന അവന്റെ അമ്മ ഒടിഞ്ഞുകെട്ടിതൂക്കിയിട്ടിരിക്കുന്ന കയ്യുമായി നില്‍ക്കുന്ന മകനെക്കണ്ട് ആദ്യമൊന്നമ്പരന്നു.പങ്കജാക്ഷിയമ്മ അവരെ സമാധാനിപ്പിച്ചു.ആകെ പരവശയായി തിണ്ണയില്‍ തളര്‍ന്നിരുന്ന അവര്‍ മടിയില്‍ തിരുകി വച്ചിരുന്ന രണ്ടുമൂന്ന്‍ നോട്ടുകളെടുത്ത് നോക്കിയശേഷം മൂക്കുതുടച്ചിട്ട് അയയില്‍ നിന്നും കഴുകിയിട്ടിരുന്ന ഒരു തോര്‍ത്തെടുത്ത് മാറത്തിട്ടിട്ട് അയല്‍പക്കത്തെ വീട്ടിലേയ്ക്കു നടന്നു.കുറച്ചുകഴിഞ്ഞ് അവിടെ നിന്നും മടങ്ങിവന്ന അമ്മ കയ്യും കാലുമൊക്കെ കഴുകിയിട്ട് വേഷം മാറി അനുജത്തിയേയുമെടുത്ത് അനുജനെ തൊട്ടടുത്ത വീട്ടില്‍ നിര്‍ത്തിയിട്ട് നമ്മുടെ നായകനുമായി ആശുപത്രിയിലേയ്ക്കു തിരിച്ചു.

വേദനിക്കുന്ന കയ്യുമായി ബസ്സില്‍ അമ്മയുടെ അടുത്തായിരിക്കുമ്പോള്‍ അവന്‍ ഏറുകണ്ണിട്ട് അവരെയൊന്നു നോക്കി.ആ മുഖത്തപ്പോഴെന്തായിരുന്നു.അമ്മയുടെ മിഴികളില്‍ നിന്നും ചെറുതായി പൊടിയുന്ന കണ്ണീരില്‍ നിന്നും അമ്മ ശബ്ദമില്ലാതെ കരയുകയാണെന്നു മനസ്സിലായപ്പോള്‍ അവ്ന്റേയും കണ്ണുകള്‍ നിറഞ്ഞു.താലൂക്കാശുപത്രിയിലെ ജനറല്‍ വാര്‍ഡില്‍ കിടക്കുമ്പോള്‍ അവന്‍ വേദനയാല്‍ പുളയുന്നുണ്ടായിരുന്നു.ഓര്‍ത്തോ ഡോക്ടര്‍ രാവിലെ മാത്രമേ വരുകയൊള്ളൂ.അതിനുശേഷമേ പ്ലാസ്റ്ററിടാനാവൂ.കയ്യിലാണെങ്കില്‍ നീരു വന്നു തുടങ്ങി.ഒപ്പം വേദനയും കൂടിക്കൂടി വരുന്നു.അടുത്തുകിടത്തിയിരിക്കുന്ന അനുജത്തിയേയും തലോടിക്കൊണ്ട് ക്ഷീണിച്ചു തളര്‍ന്നിരിയ്ക്കുന്ന അമ്മയേയും നോക്കിനോക്കിയിരിന്നെപ്പോഴോ അവനുറങ്ങിപ്പോയി.

രാവിലെ ഉണര്‍ന്ന അവന്‍ കണ്ടത് കരഞ്ഞും കൊണ്ടിരിക്കുന്ന അമ്മയെയാണു.അല്‍പ്പ സമയം കഴിഞ്ഞപ്പോള്‍ അടുത്തുണ്ടായിരുന്ന മറ്റുള്ളവരുടെ സംസാരത്തില്‍ നിന്നും പ്ലാസ്റ്ററിടാനായി വച്ചിരുന്ന 150 രൂപ രാത്രി ആരോ മോഷ്ടിച്ചുകൊണ്ടുപോയി എന്നവനു മനസ്സിലായി.പലരും പലാഭിപ്രായങ്ങളും പറഞ്ഞുകൊണ്ടിരുന്നു. ഡോക്ടര്‍ വന്നപ്പോള്‍ തൊട്ടടുത്ത് ബെഡ്ഡില്‍ കിടക്കുന്നയാള്‍ കാര്യം പറഞ്ഞു.ദയനീയമായ മുഖഭാവത്തോടെയിരിക്കുന്ന അമ്മയെ നോക്കിയശേഷം ഒന്നും പറയാതെ അദ്ദേഹം അടുത്ത കട്ടിലിനരികിലേയ്ക്കു നടന്നു.അല്‍പ്പസമയത്തിനുശേഷം അടുത്ത ബെഡ്ഡില്‍കിടക്കുന്നയാളോട് തന്നെ നോക്കിക്കൊള്ളണമെന്നു പറഞ്ഞിട്ട് അമ്മ അനുജത്തിയേയുമെടുത്ത് പുറത്തേയ്ക്കിറങ്ങി.കൊറച്ചുകഴിഞ്ഞ് മടങ്ങിവന്ന അമ്മയുടെ കയ്യില്‍ പ്ലാസ്റ്ററിടാനുള്ള പൈസയുണ്ടായിരുന്നു.പക്ഷേ അനുജത്തിയുടെ കാതില്‍ കിടന്ന പൊട്ടു കമ്മല്‍ കാണാനുണ്ടായിരുന്നില്ല. പ്ലാസ്റ്ററിടുന്നതിനായുള്ള കാശ് അടച്ചശേഷം പ്ലാസ്റ്ററെല്ലാമിട്ട് അന്നു തന്നെ ഡിസ്ച്ചാര്‍ജ്ജായി വീട്ടിലേയ്ക്കു വന്നു.

സ്കൂളടച്ച സമയമായിരുന്നതിനാല്‍ ക്ലാസ്സുകളൊന്നും നഷ്ടമായില്ല.കൂട്ടുകാരോടൊത്ത് വയലില്‍ കളിച്ചുമറിയാന്‍ പറ്റാതിരുന്ന ദു:ഖത്താല്‍ നമ്മുടെ നായകന്‍ അവരുടെ കളികളും നോക്കി പാടവര‍മ്പത്ത് തണലത്തായിട്ടിരിക്കും.കൂടെ അവന്റെ അനുജത്തിയും.കളിച്ചുകൊണ്ടിരിക്കുന്നതിനിടയില്‍ അനിയന്‍ കുട്ടി ഇടയ്ക്കിടയ്ക്ക് വന്നു നോക്കും.ഒടുവില്‍ പത്തു നാള്‍പ്പതുദിവസങ്ങള്‍ക്കു ശേഷം കയ്യിലെ പ്ലാസ്റ്ററെടുത്തപ്പോഴാണ് മനസ്സിലായത്.കൈക്ക് സാമാന്യം തെറ്റില്ലാത്ത ഒരു വളവുണ്ട്. അവന്റെ കയ്യിലേയ്ക്കു നോക്കിയ അമ്മ ഇനിയുമാശുപത്രിയില്‍ എത്ര രൂപയാകുമെന്റെ ദൈവമേ എന്നു വിലപിച്ചുകൊണ്ട് പ്ലാസറ്ററിട്ടവനേയും ഡോക്ടറേയുമെല്ലാം മനസ്സറിഞ്ഞു പ്രാകി.മഴ തുടങ്ങിയതിനാല്‍ കൂലിപ്പണിയൊക്കെ കുറവാണു.മുന്‍പ് ആസുപത്രിയില്‍ പോകാനായി മേടിച്ച കാശ് മുഴുവനും കൊടുത്തുതീര്‍ത്തിട്ടില്ല.അമ്മ വീണ്ടും അയല്‍പക്കത്തേയ്ക്കു നടന്നു.

പ്ലാസ്റ്ററിടാന്‍ വൈകിയതുമൂലം നീരുവരികയും കൈ ഇരുന്ന അതെ രീതിയില്‍ വച്ച് അശ്രദ്ധമായി പ്ലാസ്റ്ററിട്ടതും മൂലമുണ്ടായ വളവ് മാറണമെങ്കില്‍ കൈ ഒരിക്കല്‍ക്കൂടി ഒടിച്ചു പ്ലാസ്റ്ററിടണമെന്നു കൈ പരിശോധിച്ച ഡോക്ടര്‍ പറഞ്ഞതുകേട്ട് അമ്മയും അവനും ഒരേപോലെ ഭയന്നു.അതിനായിട്ടാവുന്ന കാശിനെക്കുറിച്ചായിരുന്നു അമ്മയ്ക്കു വേവലാതിയെങ്കില്‍ വീണ്ടും പ്ലാസ്റ്ററുമിട്ട് അനങ്ങാണ്ട് ഒരിടത്തു തന്നെയിരിക്കേണ്ടതോര്‍ത്തായിരുന്നു അവന്റെ വിഷമം. ആ കൈക്ക് ഒരു വളവുണ്ടെന്നല്ലാതെ മറ്റു കൊഴപ്പമൊന്നുമില്ലാതിരുന്നതിനാള്‍ രണ്ടാമതും ഒടിച്ചു പ്ലാസ്റ്ററിടാനൊന്നും പിന്നെ പോയില്ല. ഒരു പക്ഷെ അമ്മയുടെ കയ്യില്‍ കാശില്ലാതിരുന്നതിനാലാവണം.


ശ്രീക്കുട്ടന്‍

3 comments:

  1. ഈ അനുഭവത്തിലെ "അവന്‍" ഈയുള്ളവന്‍ തന്നെയാണ്.എല്ലാപേരും ബാല്യകാലത്തെ രസകരമായ അനുഭവങ്ങള്‍ പങ്കുവയ്ക്കുമ്പോള്‍ ഞാനുമൊന്നാവാമെന്നു വച്ചു.പക്ഷേ രസകരമായ ഒന്നും തന്നെ എന്റെ ബാല്യത്തിലില്ലായെന്നതാണ് സത്യം. ഒള്ളതെല്ലാം സങ്കടത്തിന്റേതു മാത്രമാണു.

    ReplyDelete
  2. Visit my blog
    http://janasamaksham.blogspot.com

    ReplyDelete
  3. നൊമ്പരപ്പെടുത്തുന്ന പോസ്റ്റ്‌....

    ReplyDelete