Saturday, May 22, 2010

ആപത്ബാന്ധവന്‍

ആപത്ബാന്ധവന്‍ - ഒരു ക്ലീഷേ കഥ

"ഭഗവാനേ ഒരാപത്തും വരുത്താതെ കാത്തുകൊള്ളേണെ"

മായ കണ്ണുകളടച്ചു പ്രാര്‍ത്ഥിച്ചു. നാലമ്പലത്തിനുചുറ്റും തൊഴുതുവലംവച്ചു ഒരിക്കള്‍ക്കൂടി ഭഗവാനെ നോക്കിത്തൊഴുതശേഷം അവള്‍ പുറത്തേയ്ക്കിറങ്ങി. പ്രഭ അവളെക്കാത്തു ആല്‍ത്തറയ്ക്കുമുന്നില്‍ നില്‍ക്കുന്നുണ്ടായിരുന്നു.

"എന്താ മായേ ഇന്നും നീ ശരിക്കും പ്രാര്‍ത്ഥിച്ച മട്ടുണ്ടല്ലോ. പുള്ളിക്കാരനു ഒരു സ്വൈര്യവും കൊടുക്കില്ലല്ലേ.അല്ലേല്‍ത്തന്നെ ഇഷ്ടനു പിടിപ്പതു പണിയാ. നീ ഇങ്ങിനെ ദെവസോം ശല്യപ്പെടുത്തിയാല്‍...

"ദേ പ്രഭേ വേണ്ടാട്ടോ ഭഗവാനെക്കുറിച്ചു കളിയാക്കിയൊന്നും പറയണ്ട. വിളിച്ചാല്‍ വിളിപ്പുറത്തെത്തുന്നതാ ഭഗവാന്‍".

"ഹൊ സമ്മതിച്ചു മോളെ.ആട്ടെ എന്തായിരുന്നു ഇന്നത്തെ പ്രാര്‍ത്ഥന. വിഷ്ണുവിനുവേണ്ടിതന്നെയായിരുന്നോ?".

"ഞാന്‍ പിന്നെ മറ്റാര്‍ക്കുവേണ്ടിയാ പ്രഭേ പ്രാര്‍ത്ഥിക്കുക".

നിറഞ്ഞ മിഴികള്‍ ദാവണിതുമ്പുയര്‍ത്തി തുടച്ചുകൊണ്ട് മായ നടന്നു.

"എന്റെ മായേ നീ ഒരു പൊട്ടിയാ. വിഷ്ണു നിന്റെ മുറച്ചെറുക്കനാണു. സമ്മതിച്ചു പക്ഷേ അവന്റെ പോക്കൊട്ടും ശരിയല്ല. എപ്പളും കള്ളുകുടീം തല്ലും മറ്റുമൊക്കെയായി നടക്കുന്ന അവനുവേണ്ടിയിങ്ങനെ പ്രാര്‍ത്ഥിക്കാനും കാത്തിരിക്കാനും നടക്കുന്ന നിന്നെ ഞാനെന്താ വിളിക്കുക. മാത്രമല്ല പട്ടണത്തിലെ ചില തല്ലിപ്പൊളി കൂട്ടരുമായാ അവന്റെ ഇപ്പോഴത്തെ സഹവാസം എന്നാ കേള്‍ക്കുന്നേ. നീ അവനെ മറക്കുന്നതായിരിക്കും നല്ലതു. അല്ലെങ്കില്‍ നീ ഒരുപാടു സങ്കടപ്പെടുന്നതു ഞാന്‍ കാണേണ്ടിവരും. .".
"ഇല്ല പ്രഭേ എനിക്കുറപ്പൊണ്ട്. എന്റെ പ്രാര്‍ഥന ദൈവം കേള്‍ക്കും. നീ നോക്കിക്കോ എന്റെ വിഷ്ണു നല്ല ആളാവും. ഇപ്പോള്‍ സമയദോഷമായതുകൊണ്ടാ അവനിങ്ങനെ.".

ഇങ്ങിനെയൊരു പാവം. മനസ്സിലോര്‍ത്തുകൊണ്ട് പ്രഭ മായയ്ക്കൊപ്പം നടന്നു.
...............................................................................

"ഇനി നിനക്കു ഒരവസരവുംകൂടി തരത്തില്ല. നീ ഞങ്ങളെ പറഞ്ഞുപറ്റിക്കുകയായിരുന്നല്ലേ. എത്ര കാശാണു എണ്ണിമേടിച്ചതെന്നു വല്ല ഓര്‍മ്മയുമുണ്ടോ നായേ".

പറഞ്ഞുതീര്‍ന്നതും സണ്ണി കാലുയര്‍ത്തി ഒരു തൊഴിയായിരുന്നു. വേദനയെടുത്തു പുളഞ്ഞ വിഷ്ണു അടിവയര്‍ പൊത്തിപ്പിടിച്ചുകൊണ്ട് തറയില്‍ കുത്തിയിരുന്നു.

"ഈ സണ്ണിയെ പറ്റിക്കാമെന്നു കരുതിയോടാ. ഞാന്‍ കാശു തന്നിട്ടൊണ്ടെങ്കില്‍ അതു മുതലാക്കാനുമെനിക്കറിയാം".

വിഷ്ണുവിന്റെ തലമുടിയില്‍ കുത്തിപ്പിടിച്ചുകൊണ്ട് സണ്ണി അവന്റെ മുഖം തന്റെനേരെയുയര്‍ത്തി.

"എന്റെ പൊന്നു സണ്ണിച്ചാ എന്നെ ഇനി ഒന്നും ചെയ്യരുതു. സ്വപ്നയുടെ അച്ഛന്‍ വളരെകൂടുതലായി ഹോസ്പിറ്റലിലായതുകൊണ്ടാണ് അവളെ കൊണ്ടുവരാന്‍ പറ്റാതിരുന്നതു. മറ്റന്നാള്‍ ഞാന്‍ എങ്ങിനെയെങ്കിലും അവളെകൊണ്ടുവന്നിരിക്കും.അല്ലെങ്കില്‍ മറ്റാരെയെങ്കിലും"

തൊഴുകൈകളോടെ അവന്‍ സണ്ണിക്കു മുമ്പില്‍ നിന്നു.

"എന്റെ സണ്ണിച്ചാ ഇവനെ വെറുതേ വിടരുതു. കള്ള നായീന്റമോന്‍ എത്ര ദെവസമായി നമ്മളെ പറഞ്ഞുപറ്റിക്കുന്നു. കാശു മേടിക്കാന്‍ സമയത്ത് എന്തൊരുത്സാഹമായിരുന്നു. ഇപ്പം പറയുന്നതു കേട്ടില്ലേ".

കൈ വീശിക്കൊണ്ട് മഹേഷ് വിഷ്ണുവിനടുത്തേയ്ക്കു വന്നു.

"വേണ്ടെടാ മഹീ. നമുക്കവനു ഒരു ചാന്‍സുകൂടിക്കൊടുക്കാം. ഒന്നുമില്ലേലും മുമ്പു പലപ്പോഴും അവന്‍ നമ്മളുടെ വിശപ്പു തീര്‍ത്തവനല്ലേ".

സണ്ണി ഒരു സിഗററ്റെടുത്തു കത്തിച്ചു.

"ശരി നീ ഇപ്പോള്‍ പൊയ്ക്കോ. നിന്റെ മുമ്പില്‍ രണ്ടു ദിവസമുണ്ട്. പിന്നെ നമ്മളെ പറ്റിച്ചിട്ട് മുങ്ങിക്കളയാമെന്നെങ്ങാനും കരുതിയാല്‍ നിനക്കു ശരിക്കറിയാമല്ലോ ഞങ്ങളെ".

ഒരു താക്കീതിന്റെ സ്വരത്തില്‍ മഹി അവനെ ഓര്‍മ്മിപ്പിച്ചു.

"സണ്ണീ ഇവന്‍ വീണ്ടും നമ്മളെ പറ്റിക്കുവാന്‍ ശ്രമിക്കുകയാണെങ്കില്‍ ഞാനിവനെ തീര്‍ത്തിരിക്കും".

വേച്ചുവേച്ചു നടക്കുമ്പോള്‍ മഹിയുടെ ശബ്ദം വിഷ്ണുവിന്റെ കാതുകളില്‍ മുഴങ്ങുന്നുണ്ടായിരുന്നു.

.................................................................................

"എന്താ വിഷ്ണുവേട്ടാ ഒരു വല്ലായ്കപോലെ"

നെറ്റിയില്‍ കൈവച്ചുകൊണ്ട് മായ അവനോടു ചോദിച്ചു.

"നാശം പിടിക്കാന്‍.മനുഷ്യനിവിടെ ഭ്രാന്തു പിടിച്ചിരിക്കുമ്പോഴാണ് അവടെയൊരു കിന്നാരം".

അവളുടെ കൈതട്ടിയെറിഞ്ഞുകൊണ്ട് അവന്‍ ആക്രോശിച്ചു.

"എന്താ വിഷ്ണുവേട്ടാ. എന്നെ ഒട്ടുമിഷ്ടമില്ലല്ലേ. ഞാന്‍ ഒരു ശല്യമായിതോന്നുന്നുണ്ടോ. എന്തു പ്രശ്നമുണ്ടെങ്കിലും എന്നോട് പറഞ്ഞുകൂടെ".

നനഞ്ഞ മിഴികളോടെ അവള്‍ അവനെ നോക്കി. അവളെത്തന്നെ സൂക്ഷിച്ചുനോക്കിയപ്പോള്‍ അവന്റെ മനസ്സില്‍ പെട്ടന്നൊരു വെളിച്ചം വീണു.

"ഞാനൊരു കാര്യം പറഞ്ഞാല്‍ മായക്കുട്ടി കേള്‍ക്കുമോ?"

ഒരു നിമിഷം മായ തരിച്ചുനിന്നു. എത്ര നാളുകള്‍ക്കുശേഷമാണു വിഷ്ണു തന്നെ അങ്ങനെ വിളിക്കുന്നതു. .

"എന്റെ വിഷ്ണുവേട്ടന്‍ പറയുന്നതെന്തും ഞാന്‍ അനുസരിക്കും".

ഒരു മോഹവലയത്തിലകപ്പെട്ടതുപോലെ മായ പറഞ്ഞു.

"എന്നാല്‍ നാളെ നമുക്കു രണ്ടുപേര്‍ക്കും കൂടി ഒരു സ്ഥലം വരെപോകണം.തല്‍ക്കാലം മറ്റാരുമറിയണ്ട. രാവിലെപോയാല്‍ ഉച്ചക്കുള്ളില്‍ മടങ്ങി വരാം.ഇനിയെനിക്കു ഒരു നല്ല ആളായി എന്റെ മായക്കുട്ടിയോടൊപ്പം കഴിയണം"

അവളെ തന്നിലേയ്ക്കു ചേര്‍ത്തുപിടിച്ചുകൊണ്ട് അവന്‍ പറഞ്ഞു.

"നമ്മളെവിടേയ്ക്കാ പോകുന്നത്".
0
"നീ ആ രസം കളഞ്ഞു. ഞാന്‍ നിന്നെ വിവാഹം കഴിക്കാന്‍ തീരുമാനിച്ചു. തല്‍ക്കാലം ഒരു രജിസ്റ്റര്‍ മാര്യേജ് നടത്താം. അപ്പോള്‍ പിന്നെ എനിക്കും ധൈര്യമായിരിക്കാമല്ലോ. നിന്നെ പിന്നെയെന്റെയമ്മാവന്‍ മറ്റാര്‍ക്കെങ്കിലും കെട്ടിച്ചുകൊടുക്കത്തില്ലല്ലോ"

"സത്യമാണോ ഇപ്പറയുന്നത്". വിശ്വാസം വരാത്തതുപോലെ അവള്‍ അവനെ മിഴിച്ചു നോക്കി. നാണം കൊണ്ടവളുടെ മുഖം കുതിര്‍ന്നിരുന്നു. അസ്തമയ സൂര്യനെ വെല്ലുന്ന ചുവപ്പുണ്ടായിരുന്നപ്പോള്‍ അവളുടെ മുഖത്ത്.
അവന്‍ ഒന്നും പറയാതെ അവളെ തന്നോടു കൂടുതല്‍ ചേര്‍ത്തുപിടിച്ചു ആ കവിളിലമര്‍ത്തിയൊരുമ്മ വച്ചു,തന്റെ ഇഷ്ടദേവനെ മനസ്സാ നമിച്ചുകൊണ്ട് ഒരു പൂച്ചക്കുഞ്ഞിനെപ്പോലെ അവള്‍ ആ കരവലയത്തിലൊതുങ്ങി നിന്നു.

............................................................................

"എന്താ മായേ നിന്റെ മുഖത്തിത്രയ്ക്കു സന്തോഷം".

വൈകുന്നേരം അമ്പലത്തിലേയ്ക്കു നടക്കുമ്പോള്‍ പ്രഭ അവളോടു ചോദിച്ചു.

"നീ എന്താ എന്നോടു പറഞ്ഞതു. എന്റെ വിഷ്ണു മാറില്ലന്നല്ലേ. മാറി പ്രഭേ മാറി. ഞാനാഗ്രഹിച്ചിരുന്ന എന്റെ വിഷ്ണുവിനെ ദൈവമെനിക്കിപ്പോള്‍ തന്നു. ഞാന്‍ സന്തോഷിക്കണ്ടേ അപ്പോള്‍".

ചിരിച്ചുകൊണ്ട് മായ മറുപടി നല്‍കി.

ഒന്നും മനസ്സിലാവാതെ പ്രഭ അവളെത്തന്നെനോക്കി.

"നീ ആരോടും പറയരുതു. ഞാന്‍ നാളെ വൈകുന്നേരം നിന്നോടെല്ലാം പറയാം. അതുവരെ ഒരു സസ്പെന്‍സ്".

പടിയില്‍ തൊട്ടുതൊഴുതുകൊണ്ടവള്‍ അമ്പലത്തിനുള്ളിലേയ്ക്കു കയറി.കൂടെ പ്രഭയും. രണ്ടുപേരും ശ്രീകോവിലിനുള്ളിലേയ്ക്കു നോക്കി ഭക്തിപൂര്‍വ്വം കണ്ണുകളടച്ചു നിന്നു.

ഈ സമയം വിഷ്ണു തന്റെ മൊബൈലെടുത്ത് ഒരു നമ്പര്‍ ഡയല്‍ ചെയ്യുകയായിരുന്നു

...................................................................................

"എന്തിനാ വിഷ്ണു നമ്മളിവിടെ വന്നതു. ഇതാരുടെ വീടാ?".

കൈയിലിരുന്ന പുസ്തകങ്ങള്‍ ടീപ്പോയില്‍ വച്ചുകൊണ്ട് മായ അവനോടു ചോദിച്ചു.

"ഇതെന്റെ കൂട്ടുകാരന്റെയാണു മോളേ. നമ്മുടെയൊരു കഷ്ടകാലം നോക്കണേ. ഇന്നു രജിസ്റ്റാര്‍‍ ഉച്ചക്കുശേഷമേ വരത്തൊള്ളൂ. ഇനിയിപ്പോല്‍ എന്തു ചെയ്യാനാ. എന്തായാലും ഇന്നു രജിസ്റ്റര്‍ ചെയ്തിട്ടേ നമ്മള്‍ പോകുന്നുള്ളു. നീ വേണമെങ്കില്‍ ആ റൂമില്‍ പോയി ഒന്നു ഫ്രെഷായിക്കോ. ബാത് റൂമുണ്ട്".

ഫാനിന്റെ സ്പീഡ് കൂട്ടിക്കൊണ്ട് വിഷ്ണു പറഞ്ഞു.

ഒരു നിമിഷം സംശയിച്ചുനിന്നിട്ട് മായ ആ മുറിയിലേയ്ക്കു കയറി വാതില്‍ചാരിയശേഷം ബാത്റൂമിനുള്ളില്‍ കയറി വാതിലടച്ചു. മുഖം കഴുകിയിട്ട് തലമുടി മാടിയൊതുക്കി ബാത്റൂമില്‍നിന്ന്‍ പുറത്തിറങ്ങിവള്‍ അടഞ്ഞ മുറിക്കുള്ളില്‍ തന്നെയും കാത്തെന്നവണ്ണം നിന്നിരുന്ന അപരിചിതമുഖം കണ്ടമ്പരന്നു. തന്റെ നേരെ നടന്നടുക്കുന്ന ആ രൂപത്തിനുമുമ്പില്‍ സ്ഥലകാലബോധം നഷ്ടപ്പെട്ടവളെപ്പോലെ അവള്‍ പകച്ചു നിന്നു.

മഹി നല്‍കിയ നോട്ടുകെട്ടെടുത്ത് പാന്റിന്റെ പോക്കറ്റില്‍ താഴ്ത്തിയിട്ട് ഗ്ലാസ്സിലുണ്ടായിരുന്ന മദ്യം വിഷ്ണു തന്റെ ചുണ്ടോടു ചേര്‍ത്തു. മുറിയില്‍ മുഴങ്ങിക്കൊണ്ടിരുന്ന വെസ്റ്റേര്‍ണ്‍ മ്യൂസിക്കിന്റെ ഭ്രാന്തതാളത്തില്‍ മറ്റൊരു ശബ്ദവും കേള്‍ക്കാനുണ്ടായിരുന്നില്ല. മായയുടെ ദയനീയമായ നിലവിളിപോലും.

ആപത്ബാന്ധവനായ ദൈവമപ്പോള്‍ പൂജാരി പൂജാരി ബന്ധിച്ചിട്ടുപോയ ശ്രീകോവിലിനുള്ളില്‍ എപ്പോഴാണീ വാതിലുകള്‍ തുറക്കപ്പെടുന്നതെന്നോര്‍ത്തു നിസ്സഹായനായിരിക്കുന്നുണ്ടായിരുന്നു.

ശ്രീ...

1 comment:

  1. പാവം മായ വരാനുള്ളത് വഴിയില്‍ തങ്ങില്ല ഭഗവാന്‍ വിചാരിച്ചാലും രക്ഷയില്ല അല്ലെ ശ്രീ?

    ReplyDelete