Monday, May 17, 2010

രമണിയുടെ ഹസ് കുമാരന്‍

"എടീ നാരായണീ നിനക്കൊരു കാര്യമറിയണൊ, ഇങ്ങടുത്തുവാ പരമ രഹസ്യമാ" കയ്യിലിരുന്ന ഗ്ലാസ്സിലെ ചൂടന്‍ ചായ ഊതിയാറ്റിക്കൊണ്ട് രമണി അയല്‍ വക്കത്തെ നാരായണിയെ വിളിച്ചു.

"എന്റെ ചേച്ചീ ദേ പുള്ളെര്‍ക്കൊള്ള കാപ്പിയൊണ്ടാക്കിക്കൊണ്ടിരിക്കുവാ. ഒരഞ്ചുമിനിട്ടേ". തലയൊന്നു പുറത്തേയ്ക്കു കാണിച്ചുകൊണ്ട് നാരായണി പറഞ്ഞു.

"ഇപ്പൊത്തന്നെ പോവാടീ. നീയിങ്ങുവന്നേ". രമണിയുടെ നിര്‍ബന്ധം മൂലം എന്തോ പിറുപിറുത്തുകൊണ്ട് നാരായണി അവരുടെയടുത്തേയ്ക്കു ചെന്നു.

"എന്തുവാ ചേച്ചി ഇത്ര വല്യ രഹസ്യം".

"ഞാനിതു പറഞ്ഞതായിട്ട് നീ ആരോടും പറയരുതു കേട്ടാ. നമ്മുടെ താഴേലെ വിജയയില്ലെ. ആ ആട്ടക്കാരിതന്നെ. അവളുടെ വീട്ടി ഇന്നലെ രാത്രി ആരോ കള്ളന്‍ കേറിയെന്നോ അവളുകെടന്ന്‍ നെലവിളിച്ചപ്പം ഓടിക്കളഞ്ഞെന്നോ ഒക്കെ പറേണ്. ചെലപ്പം അവളു വിളിച്ചിട്ടു വന്നോനായിരിക്കും. ആരെങ്കിലും കണ്ടപ്പം പതിവ്രത ചമഞ്ഞതാരിക്കും. സത്യമാണോ കള്ളമാണോന്ന്‍ ആര്‍ക്കറിയാം".

"ഒള്ളതാണോ ചേച്ചി. എന്നാലും അവളാളു കൊള്ളാമല്ലോ. പതിവ്രതേന്നും പറഞ്ഞാര്‍ന്നല്ലോ നടപ്പ്.അല്ല ആളാരാണെന്നു വല്ല പിടിം കിട്ടിയാ".

"എടീ നാരാണീ എനിക്കു തോന്നുന്നത് കള്ളനും കിള്ളനുമൊന്നുമല്ല നമ്മുടെ കറവക്കാരന്‍ നാണുനായരാണെന്നാ.അയാളെക്കാണുമ്പം അവക്ക് ഒത്തിരി എളക്കോം കുലുക്കോമൊക്കെയുള്ളതു ഞാന്‍ ശ്രദ്ധിച്ചിട്ടൊണ്ട്. രഹസ്യമായിട്ട് വിളിച്ചുകേറ്റീതായിരി‍ക്കും"

"ശരിയാ ചേച്ചീ. ഞാനും അത് കണ്ടിട്ടൊണ്ട്.ഹൊ എന്നാലും ഇതിത്തിരി കടുത്തുപോയി. മാപ്പിള നേരെത്തേ ചത്തുപോയെന്നും വച്ചു ആണുങ്ങളെ ചാക്കിട്ടുപിടിക്കാന്‍ ഓരോരുത്തികള് എറങ്ങിക്കൊള്ളും ത്ഫൂ....നമ്മടെയൊക്കെ വീട്ടിലും ആണുങ്ങളുള്ളതാണ്. എവളുമാര് ഇതേപ്പോലെ തൊടങ്ങിയാലെന്തു ചെയ്യും. ആണുങ്ങളെ വല്ലോം പറയാമ്പറ്റോ."

"അവടെ നോട്ടോം ചിരീം കണ്ട് മയങ്ങിപ്പോണ ആണുങ്ങളൊണ്ടാരിക്കും പക്ഷേ എന്റെ കുമാരന്‍ ചേട്ടനെ അതിനു കിട്ടത്തില്ല. ഞാനല്ലാതെ മറ്റൊരു പെണ്ണിന്റെ മൊകത്തു അയാള് നോക്കത്തില്ല. അതു നെനക്കറിയ്യൊ".

"അതെന്താ ചേച്ചി അങ്ങനെ പറഞ്ഞ.അപ്പം എന്റെ കെട്ടിയോന്‍ പെണ്ണുങ്ങളേം നോക്കി നടക്കുവാണെന്നാണോ. എന്നെത്തന്നെ ഫുള്ള്‍ നോക്കീട്ടില്ല അതു ചേച്ചിക്കറിയോ ".


"എടീ ഞാന്‍ അങ്ങനെന്നും വിജാരിച്ചു പറഞ്ഞതല്ല. അവടെയൊരു മോളൊണ്ടല്ലോ ഒരു ശൃംഗാരിക്കോത. തള്ളേപ്പോലെ അവളും തൊടങ്ങാതിരുന്നാ മതിയാര്‍ന്നു. ചെലപ്പം അവളെക്കാണാനായി ഏവനെങ്കിലും വന്നതാവും. തള്ള കണ്ട് നെലവിളിച്ചതാവാനും വഴിയൊണ്ട്. നമുക്ക് ഒറപ്പിച്ചൊന്നും പറയാന്‍ പറ്റില്ലല്ലോ".

"അതു ശരിയാ ചേച്ചി.ചെലപ്പം അങ്ങനെയാവും. അല്ല കുമാരന്‍ ചേട്ടനെണീറ്റില്ലേ ഇതേവരെ".

"ഞാനെണീറ്റപ്പം അല്‍പ്പം താമസിച്ചു പോയി. കുമാരേട്ടന്‍ രാവിലെയെണീക്കും. ചായകുടിക്കാനായി കടേപോയതാരിക്കും.എണീറ്റൊടനെ ചായ കിട്ടീല്ലെങ്കി അയാക്കു പ്രാന്താ"

"അയ്യൊ എന്റെ ചേച്ചീ അടുപ്പത്തു ദോശകെടക്കുവാര്‍ന്നു.അതെന്തായായെന്തോ. പൊക്കളയല്ലേ ഞാനിതാ വരുന്നു ". പറഞ്ഞുകൊണ്ട് നാരായണി അടുക്കളയിലേയ്ക്കോടി.

കരിഞ്ഞ ദോശ മാറ്റി പുതിയ മാവൊഴിച്ചശേഷം നാരായണി പെട്ടന്നു മടങ്ങിവന്നു. രണ്ടുംകൂടി വീണ്ടും നുണകളും പറഞ്ഞു നില്‍ക്കുന്നതിനിടയിലാണു രമണിയതു കണ്ടത്. നാലഞ്ച്പേര്‍ ചേര്‍ന്ന്‍ ഒരാളെ താങ്ങിക്കൊണ്ട് വരുന്നു.

"അതാരാടീ നാരാണീ". രമണി ചൂണ്ടിക്കാട്ടിയിടത്തേയ്ക്കു നാരായണി സൂക്ഷിച്ചുനോക്കി.അപ്പോഴേയ്ക്കും അവര്‍ അടുത്തെത്തിയിരുന്നു. തലയില്‍ വലിയ ഒരു കെട്ടുകെട്ടിയിരിക്കുന്ന ആ രൂപത്തിലേയ്ക്കു സൂക്ഷിച്ചു നോക്കിയ രമണി ഒരലര്‍ച്ചയായിരുന്നു.

"എന്റെ കുമാരേട്ടാ.ഇതെന്തോ പറ്റി"

എന്നാല്‍ വാ തുറന്ന്‍ ഒരക്ഷരം സംസാരിക്കാന്‍ പറ്റുന്ന അവസ്ഥയിലായിരുന്നില്ല മിസ്റ്റര്‍ കുമാര്‍ജി. മുഖമാകെ നീരുവന്ന്‍ ഊതിയിരുന്ന ആശാനെ അകത്തേയ്ക്കു കിടത്തിയിട്ട് വന്നവരോടായി ആകാംഷയോടെ നാരായണി ചോദിച്ചു.

"എന്താ എന്തു പറ്റിയതാ"

"അറിയില്ല നാരാണീ. ആ താഴെ പണയില്‍ വീണുകിടക്കുവായിരുന്നു. രാവിലെ വെളിക്കിരിക്കാന്‍ പോയ പരമനാ കണ്ടത്. നോക്കിയപ്പോ നമ്മുടെ കുമാരന്‍. ബോധമൊന്നുമില്ലാരു‍ന്നു.എന്തു പറ്റിയെന്നു ഇനി ബോധം ശരിയാവുമ്പോഴേ അറിയാമ്പറ്റൂ.എന്തായാലും ഫ്രണ്ടിലെ മൂന്നു പല്ലു പോയിട്ടൊണ്ട്. അതിലൊരു സംശയവുമില്ല. സാധനം അവിടെ തന്നെ കെടപ്പൊണ്ട്".കൂട്ടത്തിലൊണ്ടായിരുന്ന ശിവന്‍ പറഞ്ഞു. അപ്പോഴും അകത്തു നിന്നും രമണിയുടെ അലമുറ മുഴങ്ങുന്നുണ്ടായിരുന്നു. കരച്ചില്‍കേട്ട് ഓരോരുത്തരായി അവിടേയ്ക്കു വന്നുകൊണ്ടിരുന്നു.

"എന്റെ നാരായണീ എന്തു പറ്റിയതാ കുമാരനു". നെലവിളികേട്ട് ഓടിവന്ന തൊട്ടടുത്ത വീട്ടിലെ രാധ ചോദിച്ചു.

"ഓ..ഒന്നുമറിയാമ്മേലെന്റെ രാധേ. എന്നാലും ആരെക്കെയോ ചേര്‍ന്ന്‍ തല്ലിയതാണെന്ന പറേണത്. മൂന്നാലു പല്ലും പോയത്രേ. എന്തായാലും വലിയ അക്രമമായിപ്പോയി" താടിക്കു കയ്യ് കൊടുത്തുകൊണ്ട് നാരായണി പറഞ്ഞു.

"കുമാരന് ഇന്നാട്ടിലാരാ ശത്രുക്കള്‍. ഇപ്പഴത്തെക്കാലമല്ലേ ഒന്നും പറയാന്‍ പറ്റില്ല" ആത്മഗതമെന്നപോലെ രാധ പറഞ്ഞു

വന്നവര്‍ വന്നവര്‍ കൂടി നിന്ന്‍ പല അഭിപ്രായങ്ങളും പറഞ്ഞുകൊണ്ടിരുന്നു. രമണി ഈ സമയം മുഴുവന്‍ നിര്‍ത്താതെ കരച്ചില്‍ പ്ലേ ചെയ്തുകൊണ്ടിരിക്കുകയായിരുന്നു. ഇതിനിടയില്‍ ആരോ പോയി സ്ഥലത്തെ പ്രധാന വൈദ്യശിരോമണിയായ കുട്ടപ്പന്‍ ചേട്ടനെ വിളിച്ചുകൊണ്ടു വന്നു. വൈദ്യന്റെ ചില പൊടിക്കൈകളും മറ്റും കൊണ്ട് അല്‍പ്പസമയം കഴിഞ്ഞപ്പോള്‍ കുമാരന്‍ മെല്ലെ കണ്ണു തുറന്നു. തലയിലെ മുറിവില്‍ വൈദ്യന്‍ ചില മരുന്നുകള്‍ വച്ചുകെട്ടി. മുഖം നീരുവന്നു വിങ്ങിയിരുന്നതിനാല്‍ കുമാരനു ഒരക്ഷരം സംസാരിക്കുവാന്‍ പറ്റുമായിരുന്നില്ല. കുറേ സമയം കഴിഞ്ഞപ്പോള്‍ ഓരോരുത്തരായി പിരിഞ്ഞുപോയി.

"എന്റെ പൊന്നേ എന്തു പറ്റിയതാ​ണിത്. ആരാണിങ്ങനെ ചെയ്തതു". മൂക്കു പിഴിഞ്ഞുകൊണ്ട് രമണി കുമാരനോടായി ചോദിച്ചു.

തലേന്ന്‍ ഒരല്‍പ്പം അകത്താക്കിയതിന്റെ ധൈര്യത്തില്‍ രാത്രി രമണിയുറങ്ങിക്കഴിഞ്ഞ് തന്നെ കൊതിപ്പിച്ചുകൊണ്ടിരിക്കുന്ന വിജയേടെ വീട്ടിലൊന്നു കേറി മുട്ടിനോക്കാമെന്നു വച്ചതും വിജയയുടെ മകളുടെ മുമ്പിലറിയാതെ ചെന്നു പെട്ടതും അവള്‍ കയ്യിലിരുന്ന കിണ്ടിവച്ച് തന്റെ തലമണ്ട പൊളിച്ചതും ആളറിയാതിരിക്കാനായി പ്രാണരക്ഷാര്‍ദ്ധം പണ വഴി ഓടിയപ്പോള്‍ മുമ്പിലുണ്ടായിരുന്ന തെങ്ങില്‍ ചെന്നടിച്ചു പല്ലുകള്‍ കൊഴിഞ്ഞതും ബോധം കെട്ട് അവിടെ തന്നെ വീണതും മറ്റും തന്റെ ഭാര്യ അറിഞ്ഞാല്‍ ബാലന്‍സുള്ള പല്ലുകളും ഒടനെ കൊഴിയുമെന്നു ഉത്തമബോധ്യമുണ്ടായിരുന്ന മിസ്റ്റര്‍ കുമാര്‍ജി അവര്‍കള്‍ കടുത്ത വേദന താങ്ങാന്‍ പറ്റുന്നില്ലെന്നതുപോലെ തന്റെ രണ്ടു കണ്ണുകളും ചേര്‍ത്തടച്ചു.

ശുഭം

No comments:

Post a Comment