Monday, May 24, 2010

പാരലല്‍ കോളേജിലെ പ്രണയലേഖനം

നഗരത്തിന്റെ ഹൃദയഭാഗത്തായാണ് വിശ്വപ്രഭാ പാരലല്‍ കോളേജ് എന്ന ആ മഹനീയസ്ഥാപനം നിലകൊള്ളുന്നതു. സംശയിക്കണ്ട ഫൌണ്ടറുടെ പേരു തന്നെയാണു സ്ഥാപനത്തിനും. ആളിപ്പോഴും ജീവിച്ചിരിപ്പൊണ്ട്. ആ പാരലല്‍ കോളേജിന്റെ ബഹുമാന്യനായ (?) പ്രിന്‍സിപ്പാള്‍ എന്ന പദവി വഹിക്കുന്നതു ശ്രീമാന്‍ തന്നെയാണെന്നതു സന്തോഷത്തോടെ ഞാനറിയിച്ചുകൊള്ളുന്നു. അവിടെ പഠിക്കുന്നതില്‍ ഭൂരിപക്ഷവും പെണ്‍കുട്ടികളായിരുന്നു. പെണ്‍കുട്ടികള്‍ക്ക് പ്രത്യേക പരിഗണനയായിരുന്നവിടെ. ആണ്‍കുട്ടികളുമായി സംസാരിക്കുന്നതിനും ഇടപഴകുന്നതിനും കര്‍ശന നിയന്ത്രണങ്ങളാണുണ്ടായിരുന്നത്. മാത്രമല്ല നല്ല റിസള്‍ട്ടും ഉണ്ടായിരുന്നു. അതുകൊണ്ട്തന്നെ രക്ഷിതാക്കള്‍ മറ്റൊരു ചോയ്സ് തപ്പാന്‍ മെനക്കെടാറില്ല. മുരളി എന്ന ചാരന്‍ (പ്യൂണ്‍)അവിടെ നടക്കുന്ന എല്ലാ ചലനങ്ങളും അപ്പോഴപ്പോള്‍ പ്രിന്‍സിയെ അറിയിച്ചുകൊണ്ടിരിക്കുമായിരുന്നു. നിയന്ത്രണങ്ങള്‍ തെറ്റിച്ചു പഞ്ചാരയാവാന്‍ ശ്രമിക്കുന്ന യുവഹൃദയങ്ങളെ യാതൊരു ദയയുമില്ലാതെ പ്രിന്‍സി എന്ന ആ കഠിനഹൃദയന്‍ ശിക്ഷിക്കുമായിരുന്നു. അവസാനമായി ലവ് ജിഹാദില്‍ പെട്ട പ്രീഡിഗ്രീ ഒന്നാം വര്‍ഷക്കാരന്‍ വിജേഷിനുണ്ടായ അനുഭവം ശിലാഹൃദയക്കാരെപ്പോലും കരയിക്കുന്നതായിരുന്നു.‍ ചുരുണ്ടമുടിക്കാരി സൈറയുമായി കണ്ണുകളിടഞ്ഞുതുടങ്ങിയപ്പോള്‍ തന്നെ കൂട്ടുകാര്‍ ഉപദേശിച്ചതാണു പൊന്നുമോനേ വേണ്ടെന്നു. ആരു കേള്‍ക്കാന്‍. നൂറായിരം ചുംബനങ്ങളാല്‍ മൂടിയ ആ കത്ത് അവള്‍ക്കു കൊടുക്കുമ്പോള്‍ മുരളി എന്ന ഐ.എസ്.ഐ മാര്‍ക്കു ചാരനെ അവന്‍ ശ്രദ്ധിച്ചതേയില്ലായിരുന്നു. ഫലമോ എല്ലാ ക്ലാസ്സുകളിലും അവന്‍ ആ കത്ത്കൊണ്ടുപോയി ഉച്ചത്തില്‍ വായിച്ചുകേള്‍പ്പിക്കേണ്ടിവന്നു. സൈറ ആദ്യമേ തന്നെ സ്കൂട്ടായതിനാല്‍ അവള്‍ ഒഴിവാക്കപ്പെട്ടു. പാവം വിജേഷ്മോന്‍ തുടര്‍ച്ചയായ രണ്ടാഴ്ചയാണു നാണക്കേടുമൂലം ക്ലാസ്സില്‍ വരാതിരുന്നത്. അപ്പോ ഒരുവിധം പുടികിട്ടിയല്ലോ അല്ലേ. ചുരുക്കത്തില്‍ ഒരു വകുപ്പിനും സ്കോപ്പില്ലാത്ത ആ സംരംഭത്തിലേയ്ക്കാണു എസ് എസ് എല്‍സി പരീക്ഷ ആദ്യ വട്ടം കമ്പ്ലീറ്റ് എഴുതാന്‍ കഴിയാതിരുന്നതുമൂലം മനോഹരമായി തോറ്റ സതീഷിനെ അവന്റെ ക്രൂരനായ അച്ഛന്‍ വീണ്ടും എസ് എസ് എല്‍സി എഴുതിയെടുക്കുന്നതിനായി കൊണ്ടു വന്നത്.
.

വര്‍ഷം 1994-95.

കാണാന്‍ സുന്ദരനാണു സതീഷ്. തെറ്റില്ലാതെ പഠിക്കുകയും ചെയ്യുമായിരുന്നു. ആശാന്റെ ഒരേയൊരു വീക്നെസ്സ് സുന്ദരികളായ തരുണീമണികള്‍ മാത്രമാണ്. ബസ്സ്സ്റ്റോപ്പില്‍ നിന്നും മിക്കപ്പോഴും മിഴിമുനകൊണ്ട് ബല്ലേ ബല്ലേ കാട്ടുന്ന ആ തരുണിയുടെ മുമ്പില്‍ ആളാവുന്നതിനായി സൈക്കളില്‍ ഒരു ചെറിയ അഭ്യാസം കാട്ടിയതുമാത്രമേ സതീഷിനോര്‍മ്മയുണ്ടായിരുന്നുള്ളു. ബോധം വന്നപ്പോള്‍ കറങ്ങുന്ന ഫാനാണു കണ്ടത്. കാലില്‍ പ്ലാസ്റ്ററുണ്ടായിരുന്നു.ഒരേകിടപ്പ് ഒന്നരമാസം കിടന്നു. അതുകൊണ്ട് ആദ്യവര്‍ഷത്തെ എസ് എസ് എല്‍സി ഭാഗ്യത്തിനു മുഴുവനുമെഴുതേണ്ടി വന്നില്ല.

"ഇവിടെ ഒരു വെളച്ചിലും നടക്കത്തില്ല കേട്ടല്ലോ.മര്യാദക്കു പഠിച്ചില്ലെങ്കില്‍ ചന്തി ഞാന്‍ പൊളിക്കും". ഒരു ചൂരലെടുത്തുയര്‍ത്തിക്കൊണ്ട് പ്രിന്‍സിപ്പാല്‍ പറഞ്ഞതുകേട്ട് സതീഷ് മിണ്ടാതെ നിന്നു.തന്റെ മുമ്പില്‍ ഒരു കസേരമുഴുവന്‍ നിറഞ്ഞിരിക്കുന്ന ആ ദേഹത്തെ നോക്കിനിന്നപ്പോള്‍ നടന്‍ ബാലകൃഷ്ണന്റെ രൂപമാണ് സതീഷിനോര്‍മ്മ വന്നത്.

"നിങ്ങള്‍ പൊയ്ക്കോളൂ. ഞാന്‍ നോക്കിക്കൊള്ളാം. പിന്നെ എല്ലാ മാസവും അഞ്ചാം തീയതിക്കു മുമ്പേ ഫീസിവിടെ കിട്ടിയിരിക്കണം".സതീഷിന്റച്ഛനോടായി പ്രിന്‍സിപ്പാള്‍ പറഞ്ഞു.

എല്ലാം തലകുലുക്കി സമ്മതിച്ചിട്ട് സതീഷിന്റച്ഛന്‍ അവനേയും കൂട്ടി പുറത്തേയ്ക്കു നടന്നു.

ക്ലാസ്സിലേക്കു മുരളിയുടെ ഒപ്പം നടക്കുമ്പോള്‍ സതീഷിന്റെ കണ്ണുകള്‍ ചുറ്റുപാടും ഓടിനടക്കുകയായിരുന്നു. സുന്ദരിമാരുടെ സംസ്ഥാനസമ്മേളനത്തിനിടയില്‍ ഏതിനെ നോക്കണമെന്നറിയാതെ അവന്റെ മിഴികള്‍ കുഴങ്ങി.

ഏതിനെയൊക്കെ നോക്കുമെന്റെ ഭഗവാനേ.എന്തായാലും തന്നെ ഇവിടെ തന്നെ ചേര്‍ത്ത അച്ഛനു മനസ്സാ അവന്‍ നന്ദി പറഞ്ഞു.

ക്ലാസ്സിലേയ്ക്കു കയറിയ സതീഷ് ശരിക്കുമൊന്നു ഞെട്ടി. ക്ലാസ്സു മുഴുവന്‍ ലേഡീസ് നിറഞ്ഞിരിക്കുന്നു. ഒരു ബെഞ്ചില്‍ മാത്രം മരുന്നിനായി എട്ടുപത്ത് തരുണമ്മാരും. നിറഞ്ഞ ഹൃദയത്തോടെ അവന്‍ ആണ്‍കുട്ടികളിരിക്കുന്ന ബെഞ്ചില്‍ ഒരറ്റത്തായിരുന്നു. ക്ലാസ്സെടുത്തുകൊണ്ടിരിക്കുന്ന ഇംഗ്ലീഷ് സാറിനെ അവന്‍ മൈന്‍ഡ് ചെയ്തതേയില്ല. ക്ലാസ്സിലാകെ ഒരു വിഹഗവീക്ഷണം നടത്തിയ അവന്‍ തൃപ്തനായി. എന്തായാലും തന്റെ ടൈം. മുമ്പിലിരിക്കുന്ന പെണ്‍കുട്ടി ഒന്നു തിരിഞ്ഞുനോക്കി ഒരു പാല്‍ചിരി ചിരിച്ചപ്പോള്‍ അവന്റെ മുഖം ഹൈവോള്‍ട്ടേജില്‍ പ്രകാശിക്കുന്ന ബള്‍ബുപോലെ തിളങ്ങി.

ദിവസങ്ങള്‍ കടന്നുപോയപ്പോള്‍ വിചാരിച്ചതുപോലെ അത്ര നല്ല സുഖകരമായ അന്തരീക്ഷമല്ല വിശ്വപ്രഭയിലേതെന്നു സതീഷിനു മനസ്സിലായി. തന്റെ മുമ്പിലായിരിക്കുന്ന വെളുത്ത സുന്ദരി സിന്ധുവിന്റെ കയ്യില്‍ നിന്നും ഒരു പേന വാങ്ങിയതിനു ഹിസ്റ്ററി ടീച്ചര്‍ തന്നെ ശരിക്കും വഴക്കു പറഞ്ഞതും തൊട്ടടുത്ത പ്രീഡിഗ്രീ ക്ലാസ്സിലെ ചേച്ചിയെ ഒന്നു നോക്കിപ്പോയതിനു അന്നു ഉച്ചവരെ അവരുടെ മുമ്പില്‍ ഒരു പ്രദര്‍ശനവസ്തുവിനെയെന്നതുപോലെ ഒരു ബെഞ്ചിലിരുത്തിയിരുന്നതും അവനെ ഇരുത്തിചിന്തിക്കുവാന്‍ പ്രേരിപ്പിച്ചു. പലപ്പോഴും ഓഫീസ് മുറിക്കുമുമ്പില്‍ കുറ്റവാളികളെപ്പോലെ തലയും കുനിച്ചു നില്‍ക്കുന്ന യുവകാമുകമ്മാരെക്കാണുന്തോറും മറ്റൊരു പാരലല്‍ കോളേജിലേയ്ക്കു മാറിയാലോയെന്ന്‍ അവന്‍ അലോചിക്കാതിരുന്നില്ല. പക്ഷേ സിന്ധുവിന്റെ ആ പാല്‍പ്പുഞ്ചിരിയും പിന്നെ ബാക്ക് ബെഞ്ചിലിരിക്കുന്ന നിമ്മിയുടെ കണ്ണേറും അവനില്‍ പ്രതീക്ഷയുടെ തിരിനാളം തെളിയിക്കാന്‍ പര്യാപ്തമായിരുന്നു.

അങ്ങനെയിരിക്കേ ഒരു വെള്ളിയാഴ്ച ക്ലാസ്സു കട്ട് ചെയ്ത് സിനിമക്കു പോയ കുറ്റത്തിനു സതീഷിനും കൂട്ടുകാര്‍ക്കും (ഗോപാലകൃഷ്ണന്‍, വിനു പിന്നെ സുജനും) പ്രിന്‍സിപ്പാളിന്റെ കയ്യില്‍ നിന്നും ശരിക്കും കിട്ടി. മുരളിയെന്ന ചാരന്‍ നല്ല ഭംഗിയായി എല്ലാ പേരുകളും പ്രിന്‍സിക്കു കൈമാറിയിരുന്നു. കയ്യില്‍ കരുവാളിച്ചുകിടക്കുന്ന ചൂരല്‍പ്പാട് നോക്കുന്തോറും അവന് പ്രിന്‍സിയോടുള്ള ദേക്ഷ്യം വര്‍ദ്ധിച്ചുകൊണ്ടിരുന്നു. എന്തായാലും ഇതിനു പകരം വീട്ടണമെന്നു അവര്‍ ഒറ്റക്കെട്ടായി തീരുമാനിച്ചു. ഉച്ചയ്ക്കുള്ള ഇന്റര്‍വെല്‍ ടൈമില്‍ പല പ്ലാനുകളും അവര്‍ ചര്‍ച്ച ചെയ്തെങ്കിലും ഒടുവില്‍ ഗോപാലകൃഷ്ണന്റെ ഐഡിയ അംഗീകരിക്കപ്പെട്ടു. പ്രിന്‍സിക്ക് ഒരു മുട്ടന്‍ തെറിക്കത്തയക്കുക. അത് വായിച്ച് പ്രിന്‍സിപ്പാള്‍ നാറണം. മുരളിയുടെ കാര്യം പിന്നെ നോക്കാം. തിങ്കളാഴ്ചതന്നെ സംഗതി പോസ്റ്റ് ചെയ്യുവാന്‍ അവര്‍ ഉറപ്പിച്ചു. കത്ത് തയ്യാറാക്കുവാന്‍ വിനുവിനെ ചുമതലപ്പെടുത്തി. നല്ല കട്ടതെറികള്‍ക്ക് ഹോല്‍സെയില്‍ ഡീലറാണാശാന്‍. മാത്രമല്ല നിരവധി സ്റ്റൈലില്‍ എഴുതുകയും ചെയ്യും.ഒരു കാരണവശാലും കയ്യക്ഷരം നോക്കി ആളെ പിടിക്കില്ല.

ഉച്ചക്കുശേഷമുള്ള ഹിസ്റ്ററി ക്ലാസ്സില്‍ മയങ്ങി മയങ്ങിയിരിക്കുമ്പോള്‍ എപ്പോഴോ ആണ് അവനതു ശ്രദ്ധിച്ചത്. തന്നെ തന്നെ നോക്കിയിരിക്കുന്ന നിമ്മി. പെട്ടന്നു തന്നെ അവന്റെ ഉറക്കമെല്ലാം പമ്പകടന്നു. കണ്ണുകള്‍ തമ്മില്‍ തമ്മില്‍ കഥ പറഞ്ഞുകൊണ്ടിരിക്കുമ്പോള്‍ സാറവിടെ തകര്‍ത്തു ക്ലാസ്സെടുക്കുകയായിരുന്നു. തന്നെ ഇടക്കിടയ്ക്കു നോക്കി ചിരിക്കുകയും നോട്ട്ബുക്കില്‍ എന്തൊക്കെയോ കുത്തിക്കുറിച്ചുകൊണ്ടിരിക്കുകയും ചെയ്യുന്ന നിമ്മിയില്‍ മാത്രമായിരുന്നു സതീഷിന്റെ ശ്രദ്ധ. അതുകൊണ്ട് തന്നെ പ്രസന്നന്‍ സാറിന്റെ ചോദ്യം അവന്‍ കേട്ടതേയില്ല. ഫലമോ വീണ്ടും ചൂരല്‍ക്കഷായം.കടുത്ത വേദന തോന്നിയെങ്കിലും അവന്‍ ഇതെല്ലാം തനിക്കു പുല്ലാണെന്ന മട്ടില്‍ നിമ്മിയെ നോക്കി മറ്റാരും കാണാതെ ഒരു ചിരി ചിരിച്ചു. വൈകിട്ട് ക്ലാസ്സ് കഴിഞ്ഞു പോകാന്‍ നേരം നിമ്മി രഹസ്യമായി ചുരുട്ടികൂട്ടിയ ഒരു കടലാസുകഷണം അവനു നല്‍കി. വീട്ടിലെത്തിയപാടേ പുസ്തകമെല്ലാം ഒരു മൂലയ്ക്കു വലിച്ചെറിഞ്ഞിട്ട് മിടിക്കുന്ന ഹൃദയത്തോടെ അവന്‍ പോക്കറ്റില്‍ നിന്നും ആ കടലാസെടുത്ത് നിവര്‍ത്തി വായിച്ചു.

"എന്റെ ഹൃദയം എപ്പോഴും മന്ത്രിക്കുന്നതു നിന്റെ പേരാണു"

തനിക്കാദ്യമായി ഒരു പെണ്‍കുട്ടി നല്‍കിയ പ്രണയലേഖനം. നൂറാവര്‍ത്തി അവന്‍ ആ വരികള്‍ വായിച്ചു. അപ്പോള്‍ തന്നെ നിമ്മിയെക്കാണണമെന്ന്‍ അവനു കലശലായ ആഗ്രഹമുണ്ടായിരുന്നെങ്കിലും തിങ്കളാഴ്ചയാവാന്‍ അവന്‍ കാത്തിരുന്നു.ഉറക്കം വരാത്ത രാത്രിയില്‍ അവന്‍ അവള്‍ക്കായി അതിമനോഹരമായ ഒരു മറുപടി തയ്യാറാക്കി. നൂറാവര്‍ത്തി വായിച്ചും എഡിറ്റു ചെയ്തും മനോഹരമാക്കിയ ആ കത്ത് അവന്‍ തന്റെ നോട്ടുബുക്കിനുള്ളില്‍ ഭദ്രമായി വച്ചു. തിങ്കളാഴ്ച തന്നെ അതവള്‍ക്കു കൊടുക്കണം.

തിങ്കളാഴ്ച അവന്‍ നിറഞ്ഞ മനസ്സോടെയാണ് ക്ലാസ്സിലെത്തിയത്. തന്റെ കൂട്ടുകാരോടെല്ലാം അക്കാര്യം പറയാനവന്റെ മനസ്സു വെമ്പി. മലയാളം ക്ലാസ്സിലിരിക്കുമ്പോള്‍ അവന്റെ മനസ്സു പിടയ്ക്കുകയായിരുന്നു. ഏറുകണ്ണിട്ടവന്‍ നിമ്മിയെ നോക്കി. കത്തെടുത്ത് മറ്റാരും കാണാതെ അവളെ കാട്ടി. അവളുടെ മുഖത്ത് ചെറിയ നാണമുണ്ടോ. സൌകര്യം കിട്ടുമ്പോള്‍ അവള്‍ക്കു നല്‍കണം.

"അളിയാ ദാ സാധനം. ഇതു മതിയോ എന്നു നോക്കിയേ"

ഉച്ചയ്ക്കു ഉണ്ണാനിരിക്കുമ്പോള്‍ ഒരു മടക്കിയ പേപ്പര്‍ മറ്റാരും കാണാതെ എടുത്തുനീട്ടിക്കൊണ്ട് വിനു പറഞ്ഞു. തുറന്ന്‍ അതു വായിച്ച സതീഷിനെ തന്റെ കണ്ണു പൊടിഞ്ഞുപോകുന്നതുപോലെ തോന്നി. അവന്‍ അവിശ്വസനീയതയോടെ വിനുവിനെ നോക്കി. ആശാന്‍ ഒന്നും സംഭവിക്കാത്തതുപോലെയിരിക്കുവാണു. ആ കത്തുവായിച്ച മറ്റു കൂട്ടുകാരും ഒരേസ്വരത്തില്‍ പറഞ്ഞു.

"ഒത്തിരി കടുത്തുപോയളിയാ. ഇതു വായിച്ചാ പിന്നെ അയാള് കുറച്ചുനാളത്തേയ്ക്കു അടങ്ങിയിരുന്നുകൊള്ളും".

"ദേ ഇതുകൂടി അതിനകത്തു വച്ചയച്ചോ. ഒരു ഭംഗിക്കായിട്ടാ". ഏതോ മസാലമാസികയിലെ ഒരു ഭീകരപെണ്‍രൂപത്തിന്റെ നഗ്നചിത്രമായിരുന്നത്.

ആ ചിത്രം കത്തിനുള്ളില്‍ വച്ച് ഭദ്രമായിട്ടത് സതീഷ് തന്റെ നോട്ട് ബുക്കിനുള്ളില്‍ വച്ചു. വൈകുന്നേരം പോസ്റ്റാഫീസില്‍ കൊണ്ടുപോയി പോസ്റ്റ് ചെയ്യണം.

അവസാനപിരീഡ് മലയാളമായിരുന്നു. എല്ലാപെരും "തുമ്പി" എന്നു ബഹുമാനപുരസ്സരം വിളിക്കുന്ന സദാശിവന്‍ സാര്‍ മേഘസന്ദേശം കാവ്യത്തെ വര്‍ണ്ണിച്ചുകൊണ്ട് തകര്‍ത്തുക്ലാസ്സെടുക്കുന്നു. ഒരു കൊല്ലമായി ആ ക്ലാസ്സിലിരിക്കുന്നതുപോലെ ചത്തതിനൊക്കുമേ ജീവിച്ചിരിക്കിലും എന്ന അവസ്ഥയില്‍ ബാക്കിയുള്ളവര്‍ കേട്ടിരിക്കുന്നു. സതീഷ് നിമ്മിയെനോക്കിക്കൊണ്ട് മറ്റാരും ശ്രദ്ധിക്കുന്നില്ലായെന്നുറപ്പു വരുത്തിയിട്ട് മെല്ലെ നോട്ട്ബുക്ക് തുറന്ന്‍ അവള്‍ക്കായി ഉറക്കമിളച്ച് തയ്യാറാക്കിയ പ്രണയലേഖനമെടുത്ത് ചുരുട്ടി അവളുടെ നേര്‍ക്കിട്ടുകൊടുത്തു. സതീഷിന്റെ നല്ല സമയമായിരുന്നതുകൊണ്ട് കൃത്യം ആ പേപ്പര്‍ നിമ്മിയുടെ തൊട്ടടുത്തിരുന്ന ബീനയുടെ മടിയിലാണു വീണതു. അവള്‍ അതെടുത്ത് നിവര്‍ത്തിനോക്കിയിട്ട് വായിക്കുന്നതും ആ മുഖം തേനീച്ച കുത്തിയതുപോലെ ഇരുളുന്നതും കണ്ട സതീഷിന്റെ പാതി ഉയിര്‍ പോയി. തന്നെ തന്നെ തറപ്പിച്ചു നോക്കിയ അവളുടെ നോട്ടം നേരിടാനാവാതെ സതീഷ് തലകുനിച്ചു.

പിന്നെ സംഭവിച്ചതെല്ലാം വിധിയുടെ വിളയാട്ടം മാത്രമായിരുന്നു.

നിമ്മിക്കെന്നും പറഞ്ഞ് ഇട്ടുകൊടുത്ത് കത്ത് സത്യത്തില്‍ പ്രിന്‍സിപ്പാളിനയക്കാന്‍ വേണ്ടിയെഴുതിയ പ്രണയലേഖനമായിപ്പോയതും ബീന കരഞ്ഞുംകൊണ്ട് ആ കത്ത് തുമ്പിയെ ഏല്‍പ്പിച്ചതും ആ കത്തു വായിച്ച് തുമ്പി കുറച്ചുനേരം അസ്ത്രപ്രജ്ഞനായി നിന്നതും പിന്നെ പ്രിന്‍സിപ്പാളിന്റെ മുമ്പില്‍ ഒരു കൊടിയ കുറ്റവാളിയെപ്പോലെ നിന്നതും തന്നെ അവിടെ നിന്നും പുറത്താക്കിയതും വീട്ടിലെത്തിയപ്പോള്‍ അച്ഛന്‍ തന്റെ ചന്തിയിലെ തോലുമുഴുവന്‍ പൊളിച്ചതും പിന്നെ കുറച്ചുദിവസത്തേയ്ക്കു മുറിവിട്ടു പുറത്തേയ്ക്കിറങ്ങാതിരുന്നതുമെല്ലാം അതിന്റെ ബാക്കി പത്രം മാത്രമായിരുന്നു.

4 comments:

  1. 999.99 ശതമാനം കാരറ്റ് സത്യമായ ഒരു അനുഭവക്കുറിപ്പ്. ശത്രുക്കള്‍ക്കുപോലും ഇതേപോലുള്ള അമളികള്‍ പറ്റരുതേയെന്നാണു ഈയുള്ളവന്റെ പ്രാര്‍ത്ഥന.

    ReplyDelete
  2. അളിയാ.....
    കത്തി വെച്ച് കൊല്ലളിയാ കൊല്ല്

    ReplyDelete
  3. പകുതി വഴിയില്‍ ക്ലൈമാക്സ്‌ മനസിലായി എന്നാലും തകര്‍പ്പന്‍ പിന്നെ ആത്മ കഥാംശം ഉള്ളതിനാല്‍ വളരെ നന്നായി

    ReplyDelete