Tuesday, May 11, 2010

കുടിയിറക്കപ്പെടുന്നവര്‍

"എന്താ വാസുവേട്ടാ വിഷമിച്ചിരിക്കുന്നതു.എന്തു പറ്റി".

"ഹൊ ഇനി എന്നാ പറ്റാനാ എന്റെ വിജയാ.ഒരുവിധം ഇവിടവുമായി പൊരുത്തപ്പെട്ടുവന്നതായിരുന്നു. ഇനി ഇവിടുന്നും പോകണമല്ലോ എന്നോര്‍ത്തപ്പോള്‍ ഒരു വിഷമം. അത്രയേയുള്ളു".

"പോവുകയോ. എവിടെ"

"അപ്പം നീയൊന്നുമറിഞ്ഞില്ലേ. നമ്മുടെ ആ പഴയപഞ്ചായത്തുകെട്ടിടത്തിനടുത്തു കാടുപിടിച്ചുകിടക്കുന്ന സ്ഥലത്ത് ഒരു വലിയ പട്ടിവളര്‍ത്തല്‍ കേന്ദ്രം വരാന്‍ പോണത്രേ"

"പട്ടിവളര്‍ത്തല്‍ കേന്ദ്രം വരുന്നതിനു നമുക്കെന്താ ചേട്ടാ.അതിനു ചേട്ടന്‍ വിഷമിക്കുന്നതെന്തിനാ"

"നിനക്കു മനസ്സിലാവാത്തതുകൊണ്ടാ വിജയാ. പട്ടിവളര്‍ത്തല്‍ കേന്ദ്രത്തിലേയ്ക്കു പട്ടികളെ കൊണ്ടുവരുന്നതിനായി അടിസ്ഥാനസൌകര്യങ്ങള്‍ വികസിപ്പിക്കില്ലേ.റോഡ് വീതികൂട്ടി നാലോ ആറോ വരിപ്പാതയാക്കില്ലേ. പട്ടിയെക്കുളിപ്പിക്കാന്‍ ഒരു കൊളം കുഴിക്കില്ലേ. പട്ടികളെ കാണാന്‍ വരുന്ന വിദേശവിനോദസഞ്ചാരികള്‍ക്കു താമസിക്കാനായി മിനിമം ഒരു സ്റ്റാര്‍ ഹോട്ടെലെങ്കിലും കെട്ടണ്ടേ. പിന്നെ പട്ടികള്‍ക്കു വ്യായാമം ചെയ്യാനായി മൈതാനമുണ്ടാക്കണം.അങ്ങനെയെന്തെല്ലാം.ഇതിനെല്ലാം സ്ഥലം വേണ്ടേ. അതു നമ്മളെപ്പോലുള്ളവരുടെ കയ്യില്‍ നിന്നും പിടിച്ചുവാങ്ങിയാലല്ലേ നടക്കത്തൊള്ളു.മനുഷ്യനു പട്ടികളുടെയത്ര വിലപോലുമില്ലാത്ത നാട്.കഷ്ടമെന്നല്ലാതെ എന്തു പറയാന്‍. കലികാലം അനുഭവിക്ക തന്നെ അല്ലാതെന്തു ചെയ്യും".

"എന്റെ ദൈവമേ.അങ്ങിനെയൊക്കെയുണ്ടാവുമോ. ഹെയ് ചേട്ടന്‍ ചുമ്മാ ഓരോന്നു ആലോചിച്ചുണ്ടാക്കുന്നതാ. നമ്മുടെ സ്ഥലത്തുനിന്ന്‍ ആരെങ്കിലും നമ്മളെ ബലമായിട്ടിറക്കുമോ. അല്ലെങ്കിത്തന്നെ അങ്ങിനെ എറങ്ങാന്‍ പറഞ്ഞാ ആരെങ്കിലും എറങ്ങുമോ.അഥവാ അങ്ങിനെയുണ്ടായാള്‍ സര്‍ക്കാര്‍ നമുക്കു നഷ്ടപരിഹാരവും പകരം സ്ഥലവും തരത്തില്ലേ".

"എടാ മണ്ടന്‍ വിജയാ.നിനക്കറിയുമോ മുമ്പെനിക്ക് രണ്ടരയേക്കര്‍ ഭൂമിയുണ്ടായിരുന്നു. ആദ്യം റോഡു വികസനത്തിനെന്നും പറഞ്ഞ് പത്തുസെന്റോളം അങ്ങിനെ പോയി. പിന്നെ കുറച്ചുകാലം കഴിഞ്ഞപ്പോള്‍ വിമാനത്താവളത്തിനെന്നും പറഞ്ഞു ഒള്ള സ്ഥലത്തീന്നും പുറത്താക്കി. സര്‍ക്കാര്‍ പുതിയ ഭൂമി സൌജന്യമായിത്തരും ,ഒണ്ടായിരുന്ന സ്ഥലത്തിനു പൊന്നും വിലതരും എന്നൊക്കെയായിരുന്നു ഒഴിപ്പിക്കുന്ന സമയത്ത് പറഞ്ഞത്. എട്ടുമാസം അഭയാര്‍ത്ഥികളെക്കണക്കെ ഒരു സ്കൂളിലെ ഷെഡ്ഡില്‍ കിടന്നു.പിന്നെ ഒരുപാടു പരിദേവനങ്ങള്‍ക്കും മറ്റും ശേഷം പൊന്നും വിലയും കിട്ടി പട്ടിപോലും തിരിഞ്ഞുനോക്കാത്ത ഈ കാട്ടുമ്പുറത്ത് കൊറച്ചു സ്ഥലകും കിട്ടി. അതു തന്നെ ശരിയാക്കിയെടുക്കുന്നതിനായി മോളുടെ കാതീക്കെടന്ന പൊട്ടുകമ്മലുവരെ വില്‍ക്കേണ്ടിവന്നു. ഇവിടെ വന്നു വളരെയേറെ കഷ്ടപ്പെട്ടു ദേ ഈ പരുവമാക്കി.ഇനി ഇവിടുന്നെവിടേയ്ക്കാണാവോ"

"അപ്പം ചേട്ടന്‍ പറയുന്നതു നമ്മള്‍ ഇവിടുന്നെറങ്ങിക്കൊടുക്കേണ്ടി വരുമെന്നാണോ.ഈ നാട്ടില്‍ നീതിയും നെയമവുമൊന്നുമില്ലേ"

"എല്ലാ സംഭവവുമൊണ്ട്.പക്ഷേ നമ്മളെപ്പോലുള്ള പാവപ്പെട്ടവര്‍ക്കുവേണ്ടിയുള്ളതല്ലെന്നു മാത്രം"

"എന്റെ വാസുവേട്ടാ ഈ മണ്ണീന്നു ചത്താലും ഞാനെറങ്ങത്തില്ല"

"പോഴത്തരം പറയാതെടാ. പോലീസിന്റെ തല്ലുകൊണ്ട് ചാവണോ നിനക്കു. ആയുസ്സിന്റെ ബാക്കി ഭാഗം മുഴുവനും കേസ്സിനായി കോടതി വാരാന്തകേറിയെറങ്ങണോ. അതൊന്നും വേണ്ടന്നുണ്ടെങ്കി മര്യാദക്കു ഈ നാടുവിട്ടു പോകുന്നതായിരിക്കും നല്ലത്"

"നമ്മുടെ പാര്‍ട്ടിയാണല്ലോ ഭരിക്കുന്നത്. നമുക്ക് ആ സെക്രട്ടറിയെ ഒന്നു കണ്ടാലോ".

"നമ്മുടെ പാര്‍ട്ടിയെന്നതു പണ്ടായിരുന്നു മോനെ.ഇപ്പം പാവപ്പെട്ടവരെയൊന്നും അവര്‍ക്കും വേണ്ട. അതിന്റെ ആവശ്യമില്ല. ഈ നാട്ടില്‍ സമത്വമുണ്ടാക്കി പാലും തേനുമൊഴുക്കാമെന്നുള്ള മണ്ടന്‍ സിദ്ധാന്തമെല്ലാം അവരെന്നേ ഉപേക്ഷിച്ചു കഴിഞ്ഞു. പിന്നെ ഒന്നു മനസ്സു വച്ചാല്‍ അവര്‍ രക്ഷപ്പെടും.അവരതു ചെയ്യുന്നു. അത്ര തന്നെ.അതിലവരെ കുറ്റം പറഞ്ഞിട്ടൊരു കാര്യവുമില്ല. നമ്മുടെ വിധി.അതു നമ്മള്‍ അനുഭവിച്ചു തീര്‍ക്കുക. അതിനാരെയും പഴി പറയണ്ട. പോലീസും പട്ടാളവുമൊക്കെ വന്നു തലമണ്ട അടിച്ചുപൊളിക്കുന്നതിനുമുമ്പേ ഞാന്‍ മറ്റേതെങ്കിലും കാട്ടുമ്പുറത്ത് ഒരു പത്തുസെന്റ് വാങ്ങാന്‍ പറ്റുമോയെന്നു നോക്കാന്‍ പോകുവാ. നീ വരുന്നെങ്കില്‍ വാ. ജനിച്ചുപോയില്ലേ. ഇനി എങ്ങിനെയെങ്കിലും ജീവിച്ചുതീര്‍ത്തല്ലേ പറ്റൂ".

"ഈ നാടിന്റെ പൊന്നോമനപുത്രന്‍ നാട്ടുകാരുടെ കണ്ണുലുണ്ണിയായ നമ്മുടെ പ്രീയങ്കരനായ നേതാവ് നാളെ വൈകുന്നേരം അഞ്ചുമണിക്ക് പട്ടിവളര്‍ത്തല്‍കേന്ദ്രത്തിനു തറക്കല്ലിടുന്നതിനായി ഇവിടെ എത്തിച്ചേരുന്ന വിവരം നല്ലവരായ എല്ലാ നാട്ടുകാരേയും സന്തോഷപൂര്‍വ്വം അറിയിച്ചുകൊള്ളുന്നു. രാഷ്ട്രീയ സാമൂഹ്യ സാംസ്കാരിക രംഗത്തെ മഹരതമ്മാര്‍ പങ്കെടുക്കുന്നു. ഈ നാടിന്റെ മുഖച്ഛായ തന്നെ മാറ്റുവാന്‍ പോകുന്ന നിരവധി ആളുകള്‍ക്കു തൊഴില്‍ കിട്ടുവാനുതകുന്ന ഈ മഹനീയ സംരംഭം ഒരു വമ്പിച്ച വിജയമാക്കി തീര്‍ക്കുവാന്‍'.........

അകന്നകന്നു പോകുന്ന ആ അനൌണ്‍സ്മെന്റ് വാഹനം നോക്കി നില്‍ക്കുമ്പോള്‍ വാസുവിന്റെ മുഖത്ത് നിര്‍വികരതയായിരുന്നു.

"ത്ഫൂ................"

ആഞ്ഞൊന്നു കാറിത്തുപ്പിയശേഷം അയാള്‍ എവിടേയ്ക്കെന്നില്ലാതെ നടന്നു നീങ്ങി.

1 comment:

  1. സ്വന്തമായുള്ള ഒരുതുണ്ടുഭൂമിയില്‍ നിന്നും കുടിയിറക്കപ്പെടുന്ന, സ്വന്തം നാട്ടില്‍ അഭയാര്‍ഥികളെപ്പോലെ കഴിയേണ്ടിവരുന്ന, സരക്ഷിക്കേണ്ടവര്‍ തന്നെ വേട്ടയാടിടുന്ന, യാതൊരുവിധ നിയമസംഹിതകളും രക്ഷക്കെത്താത്ത,ഈ നാട്ടില്‍ ജനിച്ചുപോയി എന്ന കുറ്റം മാത്രം ചെയ്ത നികൃഷ്ടജന്മങ്ങളെപ്പോലെ കണക്കാക്കപ്പെടുന്ന സാധാരണക്കാരായ ജനങ്ങളുടെ സങ്കടങ്ങളില്‍ ഞാനും ഒന്നു പങ്കു ചേരുന്നു.

    ReplyDelete