Thursday, May 27, 2010

നാരായണേട്ടന്റെ ഈയാഴ്ചത്തെ വാരഫലം

നാരായണേട്ടന്റെ വാരഫലം

ആഴ്ചപ്പതിപ്പിലെ വാരഫലം പേജില്‍നിന്നു തന്റെ ആ ആഴ്ചത്തെ ഫലം വായിച്ച നാരായണേട്ടന്‍ താടിക്കു കൈയും കൊടുത്ത് ചിന്താവിഷ്ടനെപ്പോലെ ചാരുകസാലയില്‍ കുറച്ചുനേരം കിടന്നു. സുശീലേച്ചി കൊണ്ടുവച്ച ചായ തണുത്ത് പാടകെട്ടിത്തുടങ്ങിയിരുന്നു.

"എടീ സുശീലേ. നീയിങ്ങോട്ടൊന്ന്‍ വന്നേ".

നാരായണേട്ടന്‍ ഉച്ചത്തില്‍ തന്റെ മിസ്സിസ്സിനെ വിളിച്ചു.

"ഹൊ മനുഷ്യാ രാവിലെ തന്നെ നിങ്ങളിങ്ങനെ കെടന്നലറുന്നതെന്തിനാ?".

ഒച്ചയെടുത്തുകൊണ്ട് കൈയിലൊരു ചട്ടുകവുമായി മിസ്സിസ് നാരായണന്‍‍ അടുക്കളയില്‍നിന്നു പൂമുഖത്തേയ്ക്കെത്തി.

"എടിയേ നീ ഈഴാഴ്ചത്തെ എന്റെ വാരഫലം ഒന്നു നോക്ക്യേ. മൊത്തത്തില്‍ പ്രശ്നമാടീ. പൊതുവാള്‍ പ്രവചിച്ചാല്‍ അത് അച്ചട്ടാ. എന്റെ ജീവിതത്തില്‍ ഇതേവരെയുള്ള എല്ലാം നടന്നത് പൊതുവാളിന്റെ വാരഫലത്തില്‍ പറഞ്ഞിരുന്നതുപോലെയല്ലേ. ഇനിയിപ്പോ എന്തോചെയ്യുമെന്നാ ഞാനാലോചിക്കുന്നേ?".

ഒരു നെടുവീര്‍പ്പിട്ടുകൊണ്ട് നാരായണേട്ടന്‍ വീക്കിലി ശ്രീമതിയുടെ നേരേ നീട്ടി.

"ഹൊ ഇതായിരുന്നോ? മനുഷ്യനെ മെനക്കെടുത്തിക്കാനായിട്ട്. അടുക്കളേലൊരു നൂറുകൂട്ടം കാര്യം കെടക്കുമ്പോളാ അങ്ങേരുടെ ഒരു പൊതുവാളും വാരഫലവും".

മുഖം വക്രിച്ചു പറഞ്ഞിട്ട് പുറത്തേക്കുവന്നതിനേക്കാളും സ്പീഡില്‍ തന്റെ വാമഭാഗം അടുക്കളയിലേയ്ക്ക് പാഞ്ഞതുകണ്ട് എന്തെല്ലാമോ പിറുപിറുത്തുകൊണ്ട് നാരയണ്‍ ജി ഉമ്മറത്ത് രണ്ടു ചാല്‍ നടന്നു. കസാലയില്‍ വന്നിരുന്നിട്ട് മാഗസിനെടുത്ത് ചിത്തിരനക്ഷത്രത്തിന്റെ ഫലം ഒരിക്കല്‍ക്കൂടി വായിച്ചു.

"ചിത്തിരക്കാര്‍ക്ക് പൊതുവേ ഈ ആഴ്ച ഒട്ടും നന്നല്ല. ശാരീരികമായ പല വിഷമതകളും നേരിടേണ്ടി വരും.ആഴ്ചാവസാനം അപകടമുണ്ടാവാന്‍ സാധ്യതയുണ്ട്. സന്താനങ്ങള്‍ മൂലം മാനഹാനിയുണ്ടാവാനിടയുണ്ട്. തീ, വെള്ളം എന്നിവയെ സൂക്ഷിക്കുക.കളത്രവുമായി കലഹമുണ്ടാകും. അവിചാരിതമായി ധനാഗമയോഗമുണ്ടാകും".

ശരിയാവൂല്ല. തന്റെ ഈ ആഴ്ച മിക്കവാറും പ്രശ്നബാധിതമായിരിക്കും. കസാലയില്‍നിന്നു വീണ്ടുമെഴുന്നേറ്റ് ഒരു വെരുകിനെപ്പോലെ അങ്ങോട്ടുമിങ്ങോട്ടും നടന്ന നാരായണേട്ടന്‍ തണുത്തുപാടകെട്ടിയ ചായയുമെടുത്ത് അടുക്കളയിലേയ്ക്കു നടന്നു. സുശീലേച്ചി ദോശയുണ്ടാക്കുന്ന തിരക്കിലാണ്. ചായപ്പാത്രത്തില്‍ ഇട്ടു വച്ചിരുന്ന ചായ ചൂടാക്കുന്നതിനായി സ്റ്റൌവില്‍ വച്ചിട്ട് നാരായണേട്ടന്‍ മിസ്സിസ്സിനോടായി പറഞ്ഞു.

"എന്നാലും എന്റെ ഈ ആഴ്ചയിലെ ഫലം വളരെ മോശമാണല്ലോടീ. നമുക്ക് ആ വാസുക്കണിയാന്റെയടുത്ത് പോയൊന്നു നോക്കിച്ചാലോ?".

"എന്റെ പൊന്നു മനുഷ്യാ. നിങ്ങളിത്രയ്ക്ക് അന്ധവിശ്വാസിയായിപ്പോയല്ലോ. വാരഫലമെന്നൊക്കെ പറഞ്ഞെഴുതിവിടുന്നത് അപ്പടി കള്ളമാണെന്നേ. കഴിഞ്ഞയാഴ്ച ഉത്രത്തിനെഴുതിയത് ഈയാഴ്ച അല്‍പ്പം മാറ്റം വരുത്തി പൂരത്തിനിടും. അടുത്തയാഴ്ച അത് ചിത്തിരയ്ക്കാവും. ഇത്രയേയുള്ളു. നിങ്ങളല്ലാതെ ആരെങ്കിലും ഇതെല്ലാം കാര്യമായിട്ടെടുക്കുമോ?".

ദോശ മറിച്ചിട്ടുകൊണ്ട് സുശീലേച്ചി പറഞ്ഞു.

"വേണ്ട വേണ്ട പൊതുവാളിന്റെ വാരഫലത്തെ കുറിച്ചു നീ കുറ്റം പറയണ്ട. അതേ പൊതുവാള്‍ ഒന്നു പറഞ്ഞാല്‍ അത് അച്ചട്ടാ. അല്ലെങ്കില്‍ തന്നെ ഏതാ നടക്കാതിരുന്നിട്ടൊള്ളത്. എനിക്കു ലോട്ടറിയടിക്കുമെന്ന്‍ വാരഫലത്തിലൊണ്ടായിരുന്നത് സംഭവിച്ചില്ലേ. വസ്തു വാങ്ങുമെന്നു പ്രവചിച്ചതും നടന്നില്ലേ. പിന്നെന്താ നിനക്കൊരു വിശ്വാസക്കുറവ്".

"പിന്നേ കൊട്ടക്കണക്കിനല്ലേ ലോട്ടറിയടിച്ചത്. ആകെ 500 കുലുവ അതും  അവസാനത്തെ മൂന്നക്കത്തിനു . അതിനുവേണ്ടി എത്ര രൂപേടെ ലോട്ടറിയാണെടുത്തതെന്ന്‍ നിങ്ങക്ക് വല്ല ഓര്‍മ്മയുമുണ്ടോ.  പിന്നെ പൊരയിടം സ്വന്തമാക്കിയത്. അത് എന്റെ അച്ഛന്‍ നിങ്ങള്‍ക്ക് സ്ത്രീധനമായിത്തരാമെന്ന്‍ പറഞ്ഞ വസ്തു എഴുതി തന്നതല്ലേ".

"അതെന്താടീ നീ അങ്ങനെ പറഞ്ഞേ. നിന്റച്ഛന്‍ എന്തോ തന്നെന്നാ. കല്യാണസമയത്ത് ഒരേക്കര്‍ നല്ല തെങ്ങുംപറമ്പ് തരാമെന്ന്‍ പറഞ്ഞിട്ട് 50 സെന്റ് കാട്ടുമ്പുറം തന്നല്ലേ തന്നത്. ആര്‍ക്കു വേണമാ ഓണം കേറാമൂലേല പൊരയിടം. പിന്നെ അതിങ്ങ് മേടിച്ചില്ലേ അതുംകൂടി പോകുമെന്നുള്ളോണ്ട് ഞാനങ്ങ് സമ്മതിച്ചതല്ലേ. മര്യാദയ്ക്ക് ബാക്കീം കൂടി തരാന്‍ പറയെടീ. ഒന്നുമില്ലേലും നിന്നേം നിന്റെ പുന്നാരമോനേം തീറ്റിപോറ്റണതിനുള്ള കൂലിയാവട്ടേ".

നാരായണേട്ടന്റെ ബി പി ചെറുതായി ഉയര്‍ന്നുകൊണ്ടിരുന്നു.

"നിങ്ങക്ക് മുഴുപ്രാന്താ. രാവിലെ മനുഷ്യനെ ഒരു വേല ചെയ്യാന്‍ സമ്മതിക്കത്തില്ല. നിങ്ങളിപ്പോ തന്നെപോയി ബാക്കി 50 കൂടി മേടിക്ക്".

ദോശ തിരിച്ചിട്ടുകൊണ്ട് സുശീലേച്ചി ഹസ്സിനെ രൂക്ഷമായൊന്നു നോക്കി.

"ദേ സുശീലേ നീ ഒരു മാതിരി മറ്റേടത്തെ വര്‍ത്തമാനം പറഞ്ഞാലൊണ്ടല്ലോ. എന്റെ തനിക്കൊണം നീ കാണും."

കൈ വീശിക്കൊണ്ട് നാരായണേട്ടന്‍ പറഞ്ഞതും അടുപ്പില്‍ തിളച്ചുകൊണ്ടിരുന്ന ചായപ്പാത്രത്തില്‍ കൈ തട്ടി അത് കാലില്‍ക്കൂടി ചരിഞ്ഞതും ഒരുമിച്ചായിരുന്നു. തിളച്ചവെള്ളം കാലില്‍ വീണതും ഒരലര്‍ച്ചയോടെ നാരായണേട്ടന്‍ മുന്നോട്ടു ചാടി. അയ്യോ എന്നു വിളിച്ചുകൊണ്ട് സുശീലേച്ചി കണവനെ പിടിക്കാന്‍ ശ്രമിച്ചതും കയ്യിലിരുന്ന ചട്ടുകം ആശാന്റെ നെറ്റിയില്‍ ശക്തിയില്‍ മുട്ടിയതും എല്ലാം സെക്കന്റുകള്‍ക്കുള്ളിലായിരുന്നു.

കട്ടിലില്‍ ചാരിക്കിടന്നുകൊണ്ട് നാരായണേട്ടന്‍ ഒരു മൊന്ത വെള്ളം കുടിച്ചുതീര്‍ത്തു. തലയിലെ വച്ചുകെട്ടില്‍ മെല്ലെയൊന്നു തടവിനോക്കി. മൂന്നു സ്റ്റിച്ചുള്ളതാണ്. കാലിന്റെ ഒരു വശം നല്ല രീതിയില്‍ പൊള്ളിയിട്ടുണ്ടായിരുന്നു. ആശുപത്രിയില്‍നിന്നു നല്‍കിയ മരുന്ന്‍ അതില്‍ മെല്ലെ തേച്ചുകൊണ്ട് സുശീലേച്ചി ഭര്‍ത്താവിന്റെ അടുത്തു തന്നെയിരുന്നു.

"കണ്ടോടീ. പൊതുവാളിന്റെ പ്രവചനങ്ങള്‍ ഒരോന്നായി ഫലിക്കുന്നത്. ആദ്യദിവസമായതേയുള്ളു. ഇനിയും ആറു ദിവസം കിടക്കുന്നു. എന്തെല്ലാം അനുഭവിക്കേണ്ടി വരുമോ ആവോ".

മച്ചിലേയ്ക്കു നോക്കിക്കൊണ്ട് നാരായണേട്ടന്‍ ആവലാതിപ്പെട്ടു.

"അല്ല ഇതാരു വാസുവോ. കണ്ടിട്ട് കൊറച്ചുദെവസായല്ലോ. ഇരിക്ക്".

വാസുവിനു കസേരനീക്കിയിട്ടുകൊടുത്തിട്ട് നാരായണേട്ടന്‍ വെറ്റിലചെല്ലത്തില്‍നിന്നു ഒരു വെറ്റിലയെടുത്തു.

"പൊന്നു നാരായണേട്ടാ എന്നോടൊന്നും തോന്നരുത്. മേടിച്ച കാശ് സമയത്ത് തരാമ്പറ്റിയില്ല. ഇപ്പോഴാണ് അതൊത്തത്. ഇതങ്ങോട്ട് മേടിക്കണം. പലിശയില്‍ ഇച്ചിരിക്കുറവുണ്ട്. അത് ഞാന്‍ വഴിയേ കൊണ്ടുത്തന്നോളാം".

മടിയില്‍നിന്നു കാശുപൊതിയെടുത്ത് നാരായണേട്ടനു മുമ്പില്‍ വച്ച വാസുവിനെ ആശാനൊന്നു നോക്കി. കൂടെ തന്റെ ശ്രീമതിയേയും. കണ്ടില്ലേ വാരഫലത്തിന്റെ ഗുണം എന്ന മട്ടില്‍. വാമഭാഗം ഒന്നും കണ്ടില്ലെന്ന മട്ടില്‍ കുനിഞ്ഞു നിന്നു.

...................................................................................


സ്കൂളിലേയ്ക്കു നടക്കുമ്പോള്‍ നാരായണേട്ടന്‍ ചുറ്റുപാടും നന്നായി കണ്ണോടിക്കുന്നുണ്ടായിരുന്നു. അപകടം ഏതു വഴിയിലൂടെയാണു വരുന്നതെന്നു പറയാന്‍ പറ്റില്ലല്ലോ. ഇനി മകന്‍ എന്തു പുലിവാലാണൊപ്പിച്ചു വച്ചിരിക്കുന്നതെന്ന്‍ സ്കൂളിലെത്തിയാലേ അറിയാന്‍ പറ്റൂ. നെറ്റിയിലെ മുറിവു വച്ചുകെട്ടാനും പോകേണ്ടതാണു. നാരായണേട്ടന്‍ ആഞ്ഞുനടന്നു.

"ഇതേപോലൊരു തലതെറിച്ച കൊച്ചിനെ ഞാന്‍ എന്റെ ജീവിതത്തില്‍ കണ്ടിട്ടില്ല. ഇങ്ങിനെയാണോ പിള്ളേരെ വളര്‍ത്തിവച്ചിരിക്കുന്നത്. ഒന്നും പഠിക്കില്ലെന്നതോ പോട്ടെ സാറമ്മാരെ പുല്ലുവിലപോലും കല്‍പ്പിക്കില്ല. മാത്രമോ ഇന്നലെ അവന്‍ കൂടെപഠിക്കുന്ന ചെക്കന്റെ മൂക്കിനിട്ടിടിച്ച് പൊട്ടിച്ചു. ഇനി ഇതാവര്‍ത്തിച്ചാല്‍ മോനിവിടെ പഠിക്കില്ല. ഇതു പറയാനാ നിങ്ങളെ വിളിച്ചു വരുത്തിയത്".

കണ്ണാടി മൂക്കിലൊന്നുകൂടി ഉറപ്പിച്ചുകൊണ്ട് ഹെഡ്മാസ്റ്റര്‍ നാണുപിള്ള പറയുന്നതുകേട്ട് നാരായണേട്ടന്‍ അരിശത്തോടെ മകനെ നോക്കി. അവനാകട്ടെ ഇതൊന്നും തനിക്കു ബാധകമല്ലെന്നമട്ടില്‍ തലകുനിച്ചു നിന്നു.

"ക്ഷമിക്കണം സാര്‍. ഇനിയിങ്ങിനെയൊന്നുമുണ്ടാവാതെ ശ്രദ്ധിച്ചുകൊള്ളാം".

വിനീതനായി ഹെഡ്മാസ്റ്ററോടു പറഞ്ഞിട്ട് പുറത്തേയ്ക്കിറങ്ങിയപ്പോള്‍ തന്നെ മാനം കെടുത്തിയ മകനെ കൊന്നു കുഴിച്ചുമൂടാനുള്ള ദേക്ഷ്യമുണ്ടായിരുന്നു നാരായണേട്ടന്. വൈകി ജനിച്ച മകനായോണ്ട് സുശീല കൊഞ്ചിച്ചുവഷളാക്കിവച്ചിരിക്കുവാണ് ചെറുക്കനെ. വൈകിട്ട് സ്കൂള്‍ വിട്ടുവരുമ്പോള്‍ ചന്തിയിലെ തോലുരിക്കുന്നുണ്ട്. മനസ്സില്‍കണക്കുകൂട്ടിക്കൊണ്ട് നാരയണേട്ടന്‍ ആശുപത്രിയിലേയ്ക്കു തിരിച്ചു

..................................................................

വീട്ടിനുമുമ്പില്‍ കാറുവന്നു നില്‍ക്കുന്ന ഒച്ചകേട്ട് സുശീലേച്ചി അടുക്കളയില്‍നിന്ന്‍ പുറത്തേയ്ക്കു വന്നുനോക്കിയപ്പോള്‍ നാലഞ്ചുപേര്‍ നാരായണേട്ടനെ കാറില്‍നിന്ന്‍ താങ്ങിയിറക്കുന്നതാണു കണ്ടത്.

"അയ്യോ ഇതെന്തോ പറ്റി?"

അലമുറയിട്ടുകൊണ്ട് സുശീലേച്ചി കാറിനടുത്തേയ്ക്കോടിചെന്നു.

"കുഴപ്പമൊന്നുമില്ല ചേച്ചി.ചെറിയൊരപകടം. അത്രേയുള്ളു"

നാരായണേട്ടനെ കസേരയില്‍ ചാരിയിരുത്തിക്കൊണ്ട് കൂടെവന്നതിലൊരാള്‍  പറഞ്ഞു.

"എന്താ ഉണ്ടായേ?"

ടാക്സിയുടെ കൂലികൊടുത്ത് അവരെ പറഞ്ഞയച്ചശേഷം സുശീലേച്ചി നാരായണേട്ടനോടായി ചോദിച്ചു.

"ഹൊ ഒന്നും പറയണ്ടെന്റെ ഭാര്യേ. സ്കൂളീന്ന്‍ തിരിച്ചു വരുന്നവഴി ആശൂത്രീക്കേറി തലേലെ വച്ചുകെട്ട് മാറ്റാമെന്നു കരുതി നടന്നുവരുവാരുന്നു. ദൂരെനിന്ന്‍ ആ ആട്ടോറിക്ഷ വരുന്നതു കണ്ടപ്പോഴേ എനിക്കു സംശയം തോന്നി. എന്നെ അതു തവിടാക്കുമെന്ന്‍. അതുകൊണ്ട് ഞാന്‍ മാക്സിമം റോഡിന്റെ ഓരം പിടിച്ചു നടന്നു. ആട്ടോറിക്ഷനോക്കി നടന്നതുമൂലം മുമ്പിലെ പൊട്ടിപ്പൊളിഞ്ഞ സ്ലാബ് ഞാന്‍ കണ്ടില്ല. ഹൊ എന്തായാലും പൊതുവാളിന്റെ വാരഫലം അച്ചട്ടു തന്നെ. ഞാന്‍ പറഞ്ഞപ്പം നീ വിശ്വസിച്ചില്ലല്ലോ. വാരഫലത്തില്‍ പറഞ്ഞതെല്ലാമൊത്തില്ലേ. ഇപ്പോ എങ്ങിനെയുണ്ട്. ഇതിലൊതുങ്ങിയതു തന്നെ മഹാ ഭാഗ്യം".

പ്ലാസ്റ്ററിട്ടു കഴുത്തില്‍ കെട്ടിതൂക്കിയിട്ടിരിക്കുന്ന കൈ ഒന്നുകൂടി ഒതുക്കിവച്ചുകൊണ്ട് മുറിഞ്ഞുവാരിയ മറുവശം തട്ടാതെ നാരായണേട്ടന്‍ കസാലയില്‍ ഒരു വശം ചരിഞ്ഞു ചാരിക്കിടന്നു. താടിയ്ക്കു കൈകൊടുത്തുകൊണ്ട് ഇറയത്തെപ്പടിയില്‍ ചിന്താവിഷ്ടയായ ശ്യാമളയെപ്പോലെ സുശീലേച്ചിയുമിരുന്നു.


ശുഭം

ശ്രീ​ക്കുട്ടന്‍

5 comments:

  1. ആദ്യം എത്തിയതു ഞാനാണേ!!!!!!!!!!

    ReplyDelete
  2. നാരായനേട്ടന്റെ ഒരാഴ്ച്ച പ്രവചിച്ച പൊതുവാള്‍ ആള്‍ പുലി തന്നെ, പുള്ളിക്ക് ഇതൊക്കെ എങനെ അറിയും.. ‘ഇനിയെങ്ങാനും ബിരിയാണി കൊടുത്താലൊ’ എന്ന മട്ടാവും അല്ലേ..!!

    ReplyDelete
  3. എന്തായാലും ഞാനല്ല

    ReplyDelete
  4. പൊതുവാളിന്റെ മേല്‍വിലാസം തരാമോ?

    ReplyDelete