ഒരൊഴിഞ്ഞ കോണിലായി അയാള്‍ തന്റെ ഇരിപ്പിടം കണ്ടെത്തി. അരണ്ടവെളിച്ചത്തില്‍ അയാള്‍ ചുറ്റുപാടുമൊന്നു കണ്ണോടിച്ചു. പരിചയക്കാരാരെങ്കിലുമുണ്ടോ. പരിചയമുള്ള മുഖങ്ങളൊന്നുമയാള്‍ക്കു കണ്ടെത്താന്‍ കഴിഞ്ഞില്ല. ഒറ്റയ്ക്കിരുന്നു കഴിക്കുന്നതാണു നല്ലത്. ഇഷ്ടാനുസരണം കുടിക്കാമല്ലോ.ബെയറര്‍ കൊണ്ടുവച്ച മദ്യക്കുപ്പി കയ്യിലെടുത്തയാള്‍ ഒന്നു സൂക്ഷിച്ചുനോക്കി. എന്തോ ഒരു പേര്. അല്ലേലും പേരിലെന്തിരിക്കുന്നു. നല്ല തലക്കുപിടിക്കുന്ന സാധനമായിരിക്കണം അത്ര തന്നെ.
"ഇതു മുഴുവനുമടിച്ചാല്‍ ഞാന്‍ ബോധം കെടുമോ" ഗ്ലാസ്സും സോഡയുമായി വന്ന ബെയററോടായി അയാള്‍ ചോദിച്ചു.
"എനിക്കറിയില്ല സാറേ". ഒരു ചെറിയ ചിരിയോടെ ബെയറര്‍ അയാളെ നോക്കി പറഞ്ഞു.
"പക്ഷേ എനിക്കറിയാം ഞാന്‍ ഒറപ്പായിട്ടും ബോധം കെടുമെന്നു. നീ എനിക്കൊരു ഉപകാരം ചെയ്യണം. അഥവാ ഞാനിവിടെ വീണുപോയാല്‍ നീ എങ്ങിനെയെങ്കിലും എന്നെ എന്റെ വീട്ടിലെത്തിക്കണം. അതിനായിതാ ഇതു കയ്യില്‍ വച്ചോ" ഒരഞ്ഞൂറുരൂപാ നോട്ടെടുത്ത് അയാള്‍ ബെയറര്‍ക്കു നീട്ടി.
"സാര്‍ എനിക്കിവിടുന്ന്‍ വരാനൊന്നും പറ്റില്ല. സാറിന് ആവശ്യത്തിനു കുടിച്ചാപ്പോരെ. ബാക്കിയൊണ്ടെങ്കി വീട്ടിക്കൊണ്ട് പോകാമല്ലോ".
"എന്റെ ആവശ്യം അതു നിനക്കറിയില്ല. ഞാനിന്നു കുടിയ്ക്കും മതിവരെകുടിയ്ക്കും. ഇന്ന്‍ എന്റെ ജീവിതത്തിലെ ഏറ്റവും വലിയ സന്തോഷത്തിന്റെ ദിവസമാണു. അതുകൊണ്ട് തന്നെ ലിമിറ്റ് വയ്ക്കാനൊന്നും പറ്റില്ല. നീ ഒരു കാര്യം ചെയ്യ് ഞാന്‍ ഓവറായിപ്പോയാല്‍ എന്നെ ഒരു വണ്ടിവിളിച്ചു കേറ്റി വിട്ടുതന്നാല്‍ മതി. അതു പറ്റുമോ"
"അത്..അത് പിന്നെ..ശരി സാര്‍ അങ്ങിനെ ചെയ്യാം". നീട്ടിപ്പിടിച്ചിരുന്ന ആ നോട്ട് മേടിച്ചു പോക്കറ്റില്‍ താഴ്ത്തിക്കൊണ്ട് ബെയറര്‍ പറഞ്ഞു.
"നീ ആളു മിടുക്കനാണ്. അതൊക്കെ പോട്ടെ ആദ്യമായി കുടിക്കുന്ന ഒരാള്‍ ഇത്ര ഒഴിച്ചാല്‍ മതിയോ" ഒരു ഗ്ലാസ്സില്‍ മുക്കാല്‍ഭാഗത്തോളം മദ്യമൊഴിച്ചശേഷം അയാളതുയര്‍ത്തി ബെയററോടു ചോദിച്ചു.
"അയ്യോ സാറാദ്യമായി കഴിക്കുവാണോ. ഇത്രയും ഒഴിക്കരുതു. ഇങ്ങനെയൊഴിച്ചുകുടിച്ചാ പെട്ടന്നുതന്നെ പോകേണ്ടിവരും".
"പോട്ടെടോ പോട്ട്. ആര്‍ക്കുവേണം.എന്നെ ആര്‍ക്കും വേണ്ട. നിനക്കുകൂടി ഒന്നൊഴിക്കട്ടെ. എനിക്കൊരു കമ്പനിയാവുമല്ലോ".ഒരു ഗ്ലാസ്സെടുത്തുകൊണ്ടയാള്‍ ബെയററോടു ചോദിച്ചു.
"വേണ്ട സാര്‍ കസ്റ്റമേഴ്സിന്റെ കയ്യില്‍ നിന്നും വാങ്ങിക്കഴിക്കാന്‍ പാടില്ലെന്നാ. കഴിച്ചെന്നെങ്ങാനുമറിഞ്ഞാല്‍ എന്റെ ജോലി തെറിക്കും. വീടു പട്ടിണിയായിപ്പോവും സാറേ. മറ്റൊന്നും വിചാരിക്കരുതു".
"ശരി വേണ്ടെങ്കി വേണ്ട. ഇതും ഞാന്‍ തന്നെ കുടിക്കാം" ആദ്യമൊഴിച്ചുവച്ച മദ്യമെടുത്ത് അയാള്‍ ഒറ്റവലിക്കകത്താക്കി. ആ മുഖം ചുളിയുന്നതും കണ്ണുകളടയുന്നതും ബെയറര്‍ കാണുന്നുണ്ടായിരുന്നു.
"ഹൊ എന്റച്ഛനെ ഞാന്‍ സമ്മതിച്ചുകൊടുത്തിരിക്കുന്നു. എത്രയേറെ കഷ്ടപ്പെട്ടാണ് ഈ സാധനം കുടിച്ചിരുന്നതെന്നു എനിക്കിപ്പോ മനസ്സിലായി".ചിറി തുടച്ചുകൊണ്ടയാള്‍ ഒരു സിഗററ്റെടുത്തു കൊളുത്തി.
"സാറേ ഇനിയെന്തെങ്കിലും വേണമെങ്കി വിളിച്ചാ മതി. ഞാന്‍ പോകുന്നു".
"ഹാ നീയെവിടെ പോകുന്നു. ഞാനെന്തിനാ ഇന്നാദ്യമായിട്ട് കുടിച്ചതെന്നു നിനക്കറിയണ്ടേ".
'വേണ്ട സാറേ. എനിക്കൊരുപാടു പണിയൊണ്ട്. പിന്നീടൊരിക്കള്‍ കേള്‍ക്കാം.
"പോരാ നീ അറിയണം ഇന്നു തന്നെയറിയണം ഞാന്‍ പറയാം" പോകാന്‍ തുടങ്ങിയ ബെയററെ തടഞ്ഞിട്ട് രണ്ടാമത്തെ ഗ്ലാസും കാലിയാക്കി അയാള്‍ കയ്യിലിരുന്ന സിഗററ്റ് ആഞ്ഞൊന്നു വലിച്ചു.
"നിനക്കറിയുമോ .ഇന്നലെ വരെ എനിക്കെല്ലാരുമുണ്ടായിരുന്നു. പക്ഷേ ഇന്നൊ ഒറ്റക്കൊരു ഏകാന്തപഥികന്‍ അതെ ഇന്നു ഞാന്‍ ഒറ്റയ്ക്കാണു.യാതൊരു വിധ കെട്ടുപാടുകളുമില്ല. അല്ല ഒരു കണക്കിനതാണു നല്ലത്". വീണ്ടുമൊഴിച്ചുവച്ച ഗ്ലാസ്സയാള് ചുണ്ടോടു ചേര്‍ത്തു.
'ഹൊ ഇതൊരു തലവേദനയായല്ലോ". പിറുപിറുത്തുകൊണ്ട് ബെയറര്‍ തലചൊറിഞ്ഞു നിന്നു.
"എന്റെ ഭാര്യ അവളെനിക്കെല്ലാമായിരുന്നു. അവളെ സങ്കടപ്പെടുത്തുന്ന ഒന്നും ഞാന്‍ ചെയ്തിട്ടില്ല. അവള്‍ക്കുവേണ്ടി അമ്മയെപ്പോലും ഞാന്‍ വെറുപ്പിച്ചു. അവര്‍ പിണങ്ങി പെങ്ങളുടെ വീട്ടിപ്പോയപ്പോള്‍ എനിക്കു വേണമെങ്കില്‍ തടയാമായിരുന്നു. പക്ഷേ ഞാനതു ചെയ്തില്ല. അവള്‍ക്കു വേണ്ടി എന്റമ്മയെ ഞാന്‍ ഇറക്കിവിട്ടു എന്നു പറയുന്നതായിരിക്കും ശരി. അത്രക്കു ഞാനവളെ സ്നേഹിച്ചിരുന്നു.വിശ്വസിച്ചിരുന്നു. എന്നിട്ടോ. ഹ..ഹാ..ഹ " ഒരു വിഡ്ഡിയെപ്പോലെ ഉച്ചത്തില്‍ ചിരിക്കുന്ന അയാളെ ബെയറര്‍ മിഴിച്ചുനോക്കി.
പാതിയോളം തീര്‍ന്ന കുപ്പി ഉയര്‍ത്തിനോക്കിയിട്ടയാള്‍ ഒരിക്കള്‍ കൂടി ഗ്ലാസ്സ് നിറച്ചു.
ഒന്നും മനസ്സിലാവാതെ മിഴിച്ചുനില്‍ക്കുന്ന ബെയററോടായയാള്‍ തുടര്‍ന്നു
"ഈ ലോകത്ത് ഒരിക്കലും വിശ്വസിക്കാനാവാത്തത് ആരെയാണെന്നു നിനക്കറിയാമോ. പക്ഷേ എനിക്കറിയാം. ഞാനതറിഞ്ഞപ്പോഴേക്കും വൈകിപ്പോയിരുന്നു എന്നു മാത്രം. അപ്പോള്‍ പിന്നെയെന്തുചെയ്യും. നീ പറ .നിനക്കൊരു ഭാര്യയുണ്ടോ. ഉണ്ടെങ്കില്‍ അവളെ സ്നേഹിക്കരുത്. നമ്മുടെ കണ്ണില്‍ നോക്കിയിരുന്നുകൊണ്ട് ഇരുട്ടിന്റെ പുകമറ സൃഷ്ടിക്കാനവര്‍ക്കു കഴിയും.വിഡ്ഡികളായ നമ്മള്‍..ഹ ഹ ഹ്ഹ എന്തറിയുന്നു. "
"എന്റെ പൊന്നു സാറെ എനിക്കവിടെ ഒരുപാട് പണിയൊണ്ട്.സാര്‍ വീട്ടിപ്പോവാന്‍ നോക്ക്" അയാളില്‍ നിന്നും എങ്ങിനെയെങ്കിലും രക്ഷപ്പെടുവാന്നെന്നപോലെ ബെയറര്‍ മുമ്പോട്ടു നടന്നു.
"നീ ഇതുകൂടി മാത്രം കേട്ടിട്ടു പൊയ്ക്കോ". അവന്റെ കയ്യില്‍പിടിച്ചുകൊണ്ട് അയാള്‍ തുടര്‍ന്നു.
"ഒരാളെ കൊല്ലാനുള്ള എളുപ്പവഴിയെന്താണ്. തൂക്കിക്കൊല്ലുന്നതാണോ വെഷം കൊടുത്തുകൊല്ലുന്നതാണോ അതോ കഴുത്തു ഞെരിച്ചുകൊല്ലുന്നതാണോ.എനിക്കിന്നൊരാളെ കൊല്ലാനാ".
ബെയറര്‍ അയാളെ തെല്ലു ഭയപ്പാടോടുകൂടി നോക്കി.
"തെറ്റു ചെയ്തവര്‍ ശിക്ഷിക്കപ്പെടണം. ഇല്ലെങ്കില്‍ അവര്‍ വീണ്ടും തെറ്റുകള്‍ ആവര്‍ത്തിച്ചുകൊണ്ടിരിക്കും.ഞാന്‍ തെറ്റു ചെയ്തു. ഇന്നു തന്നെ ശിക്ഷ നടപ്പാക്കണം" പിറുപിറുത്ത് പറഞ്ഞുകൊണ്ട് ഗ്ലാസ്സ് കാലിയാക്കി അയാളെഴുന്നേറ്റു. കുറച്ചുകാശെടുത്ത് മേശപ്പുറത്തിട്ടിട്ട് ബാക്കിയുണ്ടായിരുന്ന മദ്യക്കുപ്പി കയ്യിലെടുത്തയാള്‍ ആടിയാടി പുറത്തേയ്ക്കു നടന്നു. പോകുന്ന പോക്കില്‍ അടുത്തുണ്ടായിരുന്ന മേശമേല്‍ തട്ടി മറിഞ്ഞ് രണ്ടുമൂന്നു ഗ്ലാസ്സുകള്‍ നിലത്തുവീണു തകര്‍ന്നു.
..................
രണ്ടാം ദിവസം വൈകുന്നേരം ബാറിലെ തിരക്കൊന്നു ശമിച്ചപ്പോള്‍ അന്നത്തെ പത്രമെടുത്തു വായിച്ചുകൊണ്ടിരുന്ന ബെയറര്‍ ആ ഫോട്ടോയും വാര്‍ത്തയും കണ്ടു ഒന്നു ഞെട്ടി. അതിപ്രകാരമായിരുന്നു.
നഗരത്തിലെ പ്രമുഖവ്യവസായിയായിരുന്ന ....ഇന്നലെ സ്വവസതിയില്‍ മരണമടഞ്ഞനിലയില്‍ കണ്ടെത്തി. ആത്മഹത്യയാണെന്നാണു പോലീസിന്റെ അനുമാനം. ശക്തിയേറിയ വിഷം മദ്യത്തില്‍ കലര്‍ത്തി കഴിച്ചിരുന്നതായും കൈത്തണ്ടയിലെ ഞരമ്പ് മുറിച്ചിരുന്നതായും പോലീസ് പറഞ്ഞു. മുറിയില്‍ തന്നെ തൂങ്ങിമരിക്കുവാനായി ഒരു ശ്രമം നടത്തിയതായും അതു ഫലിക്കാതെ വന്നപ്പോഴായിരിക്കാം വിഷം കഴിച്ചതെന്നുമാണ് അന്യോഷണോദ്യോസ്ഥന്‍ പറഞ്ഞത്. ക്ലബ്ബില്‍ പോയിരുന്ന ഭാര്യ മടങ്ങിവന്നപ്പോഴാണു സംഭവം കണ്ടതു. ഉടന്‍ തന്നെ തൊട്ടടുത്തുള്ള ആശുപത്രിയിലെത്തിച്ചെങ്കിലും വളരെമുമ്പു തന്നെ മരണം സംഭവിച്ചിരുന്നു...
പിന്നേയും കുറേയേറേയുണ്ടായിരുന്നു വാര്‍ത്ത. അതു മുഴുവന്‍ വായിക്കാന്‍ നില്‍ക്കാതെ ബെയറര്‍ തന്നെ വിളിച്ച കസ്റ്റമറുടെ അടുത്തേയ്ക്കു നടന്നു. അയാളിരിന്നിരുന്ന ആ മേശയുടെ അടുത്ത് നിന്ന്‍ ഓര്‍ഡറെടുക്കുമ്പോള്‍ ഒഴിഞ്ഞകോണിലെ കസേരയിലിരുന്നു തന്നോട് ആരൊ വര്‍ത്തമാനം പറയുന്നതായി അവനനുഭവപ്പെടുന്നുണ്ടായിരുന്നു.
ശ്രീക്കുട്ടന്‍
this one have good structure. But lack of good theme...
ReplyDeleteTry more
:-)
Upasana
കൂതറ കഥ, എനിക്കിഷ്ട്ടായില്ലാ
ReplyDeleteകഥ എഴുതാനുള്ള കഴിവുണ്ട്. തുടരുക.
ReplyDeleteകൊള്ളാം , നന്നായിട്ടുണ്ട്
ReplyDelete